ഫേസ്ബുക്ക് മെസേഞ്ചറിലിലേക്ക് വിരലുകൾ അരിച്ചുനീങ്ങി.രാവിലെ മുതൽക്കുള്ള പലതരം സന്ദേശങ്ങൾ…

ചാവേറുകൾ….

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

::::::::::::::::::::::::::::::

രാത്രി…..ഉമ്മറത്തെ തിണ്ണയിലേക്ക് ഒരു കാൽ കയറ്റിവച്ച് അയാളിരുന്നു…..ഗേറ്റിനിരുവശത്തേയും പൂമുഖത്തേയും വൈദ്യുതവിളക്കുകൾ അണച്ചുകൊണ്ട്….ഇരുട്ടിനെ പുതച്ച്, തനിയേ….

മതിലിന്നപ്പുറം, നീണ്ടുകിടക്കുന്ന റോഡ്, പത്തുമണിയോടടുത്തതിനാലാകാം വളരെ ശാന്തമായി കാണപ്പെട്ടു….ഇടക്കിടെ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളും, മുരണ്ട്, ഉരുണ്ട് നീങ്ങുന്ന ഓട്ടോകളും മാത്രമേയുള്ളൂ നിരത്തിലിപ്പോൾ….ആരൊക്കെയോ ഉറക്കേ സംസാരിച്ച് നടന്നുപോകുന്നു….ഏതോ അന്യസംസ്ഥാന തൊഴിലാളികൾ വീടുപിടിക്കാൻ പോകുന്ന കലപിലയാണ്.

മേടത്തിന്റെ ആദ്യദിനം.ആകാശം മുഴുവൻ വെളിച്ചം പരത്തി, പൂർണ്ണചന്ദ്രൻ പ്രശോഭിക്കുന്നു.പ്രാലേയത്തിന്റെ സമ്മോഹനമായ ദ്യുതി….വേട്ടക്കാരനെന്നും, ഓറിയോൺ എന്നുമൊക്കെ ശാസ്ത്രം പഠിപ്പിച്ചുതന്ന നക്ഷത്രരാജികൾ വിഹായസ്സിൽ തിളക്കമുള്ള വർണ്ണക്കുത്തുകളായി…..അനന്തതയിലൂടെ ഒരു യാത്രാവിമാനം ഒഴുകിനീങ്ങുന്നു….അതിന്റെ ചിറകുകളിൽ നിന്നും ചുവപ്പും പച്ചയും നിറങ്ങളിൽ പ്രകാശം മിന്നിത്തിളങ്ങുന്നു…..റോഡിന്നു മറുവശത്തേ വിശാലമായ തൊടിയിലേ നാട്ടുമാവിലിരുന്നു ഏതോ രാപ്പക്ഷി ചിലക്കുന്നു….

അയാളുടെ കൈകൾ ഷർട്ടിന്റെ പോക്കറ്റിലേക്കു നീണ്ടു.പോക്കറ്റിൽ ഒതുങ്ങാതെ ഉയർന്നുനിന്ന മൊബൈൽ ഫോണിലേക്ക് വിരലുകൾ നീണ്ടുചെന്നു.ഫോൺ എടുത്ത് തുറന്ന്, മിഴികൾരണ്ടും അതിലേക്ക് പായിച്ചു.ഉമ്മറത്തേ കൂരിരുട്ടിനെ കീറിമുറിച്ച്, ആൻഡ്രോയിഡ് മൊബൈൽ ഫോണിന്റെ ചതുരവെളിച്ചത്തിൽ അയാളുടെ മുഖം തെളിഞ്ഞുനിന്നു.

ഫേസ്ബുക്ക് മെസേഞ്ചറിലിലേക്ക് വിരലുകൾ അരിച്ചുനീങ്ങി.രാവിലെ മുതൽക്കുള്ള പലതരം സന്ദേശങ്ങൾ വായിക്കപ്പെടാതെ കിടക്കുന്നു.സുപ്രഭാതവും, ശുഭദിനവും ഏറെ.കണിക്കൊന്നപ്പൂവിന്റെ ചിത്രങ്ങളോട് ചേർന്ന് ആലേഖനം ചെയ്യപ്പെട്ട വിഷു ആശംസകൾ.മേശപ്പൂവിന്റെയും കമ്പിത്തിരിയുടേയും പൊലിമപരത്തുന്ന ചിത്രങ്ങൾ. മൊബൈൽ ഫോണിലേക്ക് ശ്രദ്ധപതിപ്പിച്ചിരിക്കേ അപ്പുറത്തേ വീട്ടിൽനിന്നും ഒരു പടക്കം മുഴക്കത്തോടെ പൊട്ടി.തലേന്നിന്റെ ബാക്കിയായ പടക്കം ഏതോ കുറുമ്പൻ കത്തിച്ചിട്ടതാകാം.അപ്രതീക്ഷിതമായ ഉയർന്ന ശബ്ദത്തിൽ അയാളൊന്നു ഞെട്ടി.

നോട്ടം വീണ്ടും മെസേഞ്ചറിലേക്ക് നീണ്ടു.അനേകം സൗഹൃദങ്ങളുടെ നാമധേയങ്ങളിൽ നിന്നും,ആ ഒറ്റപ്പേരിലേക്ക് അയാളുടെ ദൃഷ്ടി തറഞ്ഞുനിന്നു.

പ്രതിഭാ ഹരികുമാർ…..ഒരു പത്തുവയസ്സുകാരൻ ബാലന്റെ മുഖചിത്രം.പേരിന്നു നേരെ ഒരു പച്ചക്കുത്ത് തിളങ്ങുന്നു.കുഞ്ഞുമരതകം പോലെ.പ്രതിഭയുടെ ചാറ്റ്ബോക്സ് തിരഞ്ഞെടുത്ത്, റൈറ്റിംഗ് പാഡിൽ വിരലാൽ എഴുതി.

“പ്രതിഭാ…. എന്തെടുക്കുകയാണ്…..?”

“ഞാനിവിടേയുണ്ട് ജയകൃഷ്ണൻ,മകന് ഭക്ഷണം കൊടുത്തു.അവൻ ഉറങ്ങാൻ തുടങ്ങി.ഇന്ന് തെല്ലു നേരത്തേ കിടന്നു.അമ്മയും ഇന്ന് വേഗം ഉറങ്ങാൻ പോയി.അല്ലെങ്കിൽ ഇത്തിരിനേരം കൂടി ടിവിയിൽ വാർത്താചാനലുകൾ നോക്കി ഇരിക്കാറുള്ളതാണ്.വെറുതേയിരുന്നപ്പോൾ മുഖപുസ്തകത്തിൽ ഒന്നു കയറീന്നു മാത്രം…”

പ്രതിഭയുടെ മറുപടി സ്ക്രീനിൽ തെളിഞ്ഞു….അയാളുടെ വിരലുകൾ വീണ്ടും ടച്ച്സ്ക്രീനിൽ അക്ഷരങ്ങൾ തീർത്തു….

“പ്രതിഭാ….ഇന്ന് വീട്ടിൽ ആരൊക്കെ വന്നിരുന്നു..? സംസ്ഥാന നേതാക്കൾ ആരെങ്കിലും…?”

” ഇന്ന് നേതാക്കളും പ്രവർത്തകരുമായി ഏറേപ്പേർ വന്നിരുന്നു….തിരഞ്ഞെടുപ്പ് അടുത്തുവരികയല്ലേ…പാർട്ടിയുടെ സംസ്ഥാനനേതാക്കളും ഇന്ന് വീട്ടിൽ വന്നു….അവർ അമ്മയേ നമസ്കരിച്ചു… അഭിനന്ദിനെ വാത്സല്യത്തോടെ ചേർത്തുനിർത്തി….എന്നോട് ഹരിയുടെ ഓർമ്മകൾ പങ്കിട്ടു…പ്രാദേശിക വാർത്താചാനലുകളിൽ കാണിക്കുന്നുണ്ടായിരുന്നു ജയൻ…ഹരിയുടെ സ്മൃതിമണ്ഡപത്തിൽ അവരുടെ പുഷ്പ്പാർച്ചനാ യജ്ഞം.. “

ജയകൃഷ്ണൻ, ഒന്നു മിഴിയടച്ചു തുറന്നു.പ്രതിഭയുടെ ചിന്തകളിൽ ആറുവർഷം മുന്നോട്ടുള്ള ആ വിഷുപ്രഭാതമായിരിക്കും, തീർച്ച….പതിവു പ്രഭാതനടത്തത്തിനിറങ്ങിയ ഹരിയേ,ഗ്രാമവീഥിയുടെ വിജനതയിൽ മറഞ്ഞിരുന്ന് ഇരുട്ടിന്റെ സന്തതികൾ കൊത്തിയരിഞ്ഞ അന്നത്തേ പ്രഭാതം.കുടുംബത്തേയും പ്രസ്ഥാനത്തേയും ഒരുപോലെ ഹൃദയത്തോട് ചേർത്തുവച്ചതിന്,ഹരിയ്ക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു.ചോ ര പുഴയായി ഒഴുകി.ആ ചുവന്ന കുത്തൊഴുക്കിൽ ഒലിച്ചുപോയത് ഒരു കുടുംബമായിരുന്നു.ഹരിയുടെ അമ്മയുടേയും,ഭാര്യ പ്രതിഭയുടേയും, നാലുവയസ്സുകാരൻ അഭിനന്ദിന്റെയും അസ്തിത്വത്തിന്റെ തായ് വേരുകളാണ് കടപുഴകിയത്….

“ജയകൃഷ്ണൻ…..ആറ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു.അഭിനന്ദിന് പത്തുവയസ്സായി.അഞ്ചാംക്ലാസിന്റെ മധ്യവേനലവധിയിലാണിപ്പോൾ. പ്രസ്ഥാനത്തിനു വേണ്ടി പിന്നേയും പലരും ബലിമൃ ഗങ്ങളായി.ഓരോ ചോ രക്കളവും പുതുമയുള്ളതാകുമ്പോൾ ഇന്നലേകളിലെ ഇരകൾ,പതിയേ വിസ്മൃതിയുടെ ഇരുളിലേക്ക് നീങ്ങുന്നു.പിന്നീട്, ഓരോ ഓർമ്മദിവസങ്ങളിൽ മാത്രമായി അവർ നേതൃത്വത്തിനു മുന്നിൽ പുനർജനിക്കുന്നു.

ഓരോ വിഷുദിനത്തിലും, വഴിയരികിലേ ഹരിയുടെ സ്മൃതിമണ്ഡപങ്ങൾ പുതുപൂക്കൾ ചൂടുന്നു.മേടവെയിലേറ്റ് അവ കരിഞ്ഞുണങ്ങുന്നു.എന്റേയും കുടുംബത്തിന്റേയും സ്വപ്നങ്ങൾ പോലെ.രാവിലെ ആരോ കത്തിച്ചു വച്ച നിലവിളക്ക് വഴിയോരത്തിരുന്നു എണ്ണവറ്റി കെട്ടു കരിന്തിരി കത്തിയമർന്നു.

ജയൻ,എനിക്ക് തയ്യൽ അറിയുന്നത് എത്ര ഭാഗ്യമായി.ഹരി എപ്പോഴും പറയുമായിരുന്നു.ഞാനുള്ളപ്പോൾ നിനക്ക് ഭയമെന്തിനെന്ന്.ഇപ്പോൾ, ആ തയ്യൽക്കടയിൽ പോകുന്ന കാരണം അഭിമാനത്തോടെ ജീവിക്കുന്നു.അതുകണ്ട്, ഉമ്മറത്തെ ഭിത്തിയിലെ ചില്ലുഫോട്ടോയിലിരുന്ന് ഹരി പുഞ്ചിരിക്കുന്നു.ഹരിക്ക് എപ്പോഴും ചിരിയായിരുന്നു.ആദർശങ്ങൾ മുറുകേ പിടിക്കുമ്പോഴും, പ്രണയിക്കുമ്പോഴും, ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോഴും ആ ചിരി മാറിയിരുന്നില്ല.

പക്ഷേ,ആ വിഷുദിനത്തിൽ ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി അവർ ബാക്കിവച്ചില്ല….എത്ര വെട്ടി യാലാണ് ഒരാൾ മ രണപ്പെടുക….?തലങ്ങും വിലങ്ങും വെ ട്ടേറ്റ് ചിതറിയ മുഖം.പല്ലുകൾ പോലും മുറിഞ്ഞടർന്നിരിക്കുന്നു.

ജയൻ,നമ്മളെന്നാണ് മുഖപുസ്തകത്തിലൂടെ പരിചയപ്പെട്ടത്.അറിയില്ല..മൂന്നോ നാലോ വർഷങ്ങൾ ആയിക്കാണും, തീർച്ച..മുഖപുസ്തകത്തിൽ അംഗമായിട്ട് ഏറെ വർഷങ്ങളായിരിക്കുന്നു.ഹരിയുടെ മരണത്തോടെ ഫേസ്ബുക്കിലെ

സൗഹൃദങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി..നേരിട്ടുകാണാത്ത സൗഹൃദങ്ങളിൽ, ഞാൻ നിലനിർത്തിയത് നിന്നേ മാത്രമാണ്.

നീയൊരിക്കലും എന്നോട് സഹതാപം കാണിച്ചിട്ടില്ല.തികഞ്ഞ സൗഹൃദമേ പുലർത്തിയുള്ളൂ.പകലുകളിൽ മാന്യതയുടെ ശുഭ്രവസ്ത്രം ധരിച്ചവരിൽ ചിലർ പാതിരാക്കാലങ്ങളിൽ വേഷപ്പകർച്ചയാൽ വെറുപ്പിച്ചു.യുവതിയായ വിധവയുടെ വിരഹാർദ്രമായ രാക്കാലങ്ങളേക്കുറിച്ച് വേപഥു പൂണ്ട അനുകമ്പശാലികൾ.അവരുടെ ഉദ്ദേശങ്ങളേ അവഗണിക്കാൻ സൗഹൃദപ്പട്ടിക തീർത്തും ലഘൂകരിക്കുകയേ നിവർത്തിയുണ്ടായുള്ളൂ.

കേവലം സംസാരസുഖത്തിനും,അതിൽ നിന്നും കിട്ടുന്ന ഊർജ്ജം കിടക്ക പങ്കിടുന്ന ഭാര്യയിലേക്ക് വർഷിക്കാനും തീരുമാനമെടുത്ത് ചാറ്റ്ബോക്സിൽ വന്നവർ.കൂട്ടത്തിൽ സ്ത്രീകളുമുണ്ടായിരുന്നു.വേലിചാട്ടങ്ങളുടെ അത്ഭുതകഥകൾ പറയാൻ.

എല്ലാവരേയും ഒഴിവാക്കിയിട്ടും നീമാത്രം ബാക്കി നിന്നു.നിന്റെ ചിന്തകൾ,അക്ഷരങ്ങളിൽ നീ തീർത്ത ജാലങ്ങൾ..സൗഹൃദം….സാഹോദര്യം….ഒരേ ഗർഭപാത്രത്തിൽ ജനിക്കേണ്ടതില്ല സഹോദരനാകാൻ എന്നു നീ തെളിയിച്ചു.

നിന്റെയും എന്റെയും ജീവിതത്തിലെ സമാനതകൾ,ദുരിതക്കയങ്ങൾ….അവ നാം പിന്നിടുകയാണ്….പ്രത്യാശയുടെ തീരങ്ങൾ തേടി.

ജയൻ,ഞാനുറങ്ങട്ടേ…..മോനുറക്കമായി….കണ്ണുകളുറങ്ങുമ്പോൾ മനക്കണ്ണ് തുറക്കുന്നു.അതിൽ വ്യക്തമായിക്കാണാം..ആപ്പിൾക്കഷ്ണങ്ങൾ പോലെ അടർന്നുമാറിയ ഹരിയുടെ മുഖം….വികൃതമായ പുഞ്ചിരി…ശരി, നാളെക്കാണാം…. “

ചാറ്റ്ബോക്സിലേ പച്ചവെളിച്ചം അണഞ്ഞു.നേരം ഏറെയായിരിക്കുന്നു.നിലാവ്, മുറ്റത്തേ പേരമരച്ചില്ലകൾക്കിടയിലൂടെ കടന്നുവന്ന് മണ്ണിൽ വിരൂപചിത്രങ്ങൾ വരച്ചിരിക്കുന്നു.

മൊബൈൽ ഫോൺ ഓഫ് ചെയ്തു.ഇറയത്തേ അവസാന പ്രകാശവും അണഞ്ഞു.കട്ടപിടിച്ച ഇരുട്ടിലേക്ക് അയാൾ ഇരുകണ്ണും ഇറുക്കിയടച്ച് തെല്ലുനേരമിരുന്നു.

ഉൾക്കണ്ണിൽ ഇപ്പോൾ വ്യക്തമായി കാണാം.ആറുവർഷം മുന്നേയുള്ളൊരു വിഷുദിനം.ഉത്സവങ്ങളിലും, ആഘോഷങ്ങളിലും വിശ്വാസമുണ്ടായിരുന്നില്ല.എങ്കിലും ഉച്ചയൂണ് അമ്മയോടൊപ്പം വേണമെന്ന് ഉള്ളിൽ ആഗ്രഹിക്കാറുണ്ട്.വിഷുവിന് എന്നും അമ്മ കാത്തിരിക്കും.എന്തുകൊണ്ടോ അതിനു മുടക്കം വരുത്താൻ ഇസങ്ങളിലുള്ള വിശ്വാസം പോരായിരുന്നു.

ഹർത്താലായിരുന്നു,അന്ന്…വിഷുപ്പുലരിയിൽ, തന്റെ പ്രസ്ഥാനക്കാർ തെക്കൻ ജില്ലയിലെവിടേയോ ഒരാളെ വെ ട്ടി നു റുക്കിയിരിക്കുന്നു.ഏതോ ഒരു ഹരികുമാറിനെ…..ഗ്രാമവീഥി തിരക്കൊഴിഞ്ഞു കിടന്നു.കടകമ്പോളങ്ങൾ അടഞ്ഞും.

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോളാണ് അതുണ്ടായത്.തലക്കുനേരെ ചീറിവന്നൊരു ഇരുമ്പുവടിയുടെ സീൽക്കാരം മാത്രം ഓർമ്മയിൽ ശേഷിച്ചു.പുളഞ്ഞുതാഴ്ന്നിറങ്ങിയ വടിവാ ളുകൾ..

ആശുപത്രിയിൽ നിന്നും മടങ്ങുമ്പോൾ, പാതിചത്ത ശരീരത്തിൽ നിന്ന് ഒരു കാൽ മു ട്ടിനുതാഴെ വച്ച് മു റി ച്ചുനീക്കിയിരുന്നു.ചികിത്സകൾ,അമ്മയുടെ കണ്ണീർ പ്രാർത്ഥനകൾ,ഏറെ സാവധാനമാണ് ജീവിതത്തിലേക്കുള്ള തിരിച്ചുവരവുണ്ടായത്.പക്ഷേ,അതമ്മയുടെ സ്വന്തം മോൻ മാത്രമായിട്ടായിരുന്നു.പകയും, വിദ്വേഷവും എങ്ങോ പോയ്മറഞ്ഞിരുന്നു.ആറ് വർഷങ്ങൾ പിന്നിടുന്നു.

“മോൻ, കിടക്കുന്നില്ലേ..? നേരമെത്രയായി…”

അമ്മയുടെ ചോദ്യമാണ് ഉണർത്തിയത്.ചക്രക്കസേരക്കു ജീവൻ വച്ചു.അത് പതിയേ ഉരുണ്ടുനീങ്ങാൻ തുടങ്ങി.ഇരുട്ടു കട്ടപിടിച്ച ഉമ്മറത്തു നിന്ന് അകത്തളത്തിലെ നേർത്ത വെളിച്ചത്തിലേക്ക്..ശയനമുറിയിലേക്ക്….ഒപ്പം,…ജീവിതയാഥാർത്ഥ്യങ്ങളുടെ മഹാപ്രകാശത്തിലേക്ക്…

പതിയേ… പതിയേ….