രചന : അപ്പു
:::::::::::::::::::::
” ഡീ.. ഉള്ള നേരത്ത് ദൈവത്തിനോട് നന്നായി പ്രാർത്ഥിച്ചോ ഉണ്ടാവുന്നത് ഒരു കറുത്ത കുട്ടി ആവരുത് എന്ന്.. നിന്നെ പോലെ തന്നെ ആയാൽ പിന്നെ എന്തിന് കൊള്ളാം അതിനെ..? “
അമ്മായിയമ്മയുടെ വാക്കുകൾ കേട്ട് സങ്കടം തോന്നിയെങ്കിലും അതിനേക്കാൾ അധികം പുച്ഛം ആയിരുന്നു.
ഞാൻ പ്രഗ്നന്റ് ആണ് എന്ന് അറിഞ്ഞിട്ട്, രണ്ട് മാസങ്ങൾ ആയിട്ടുള്ളൂ. അതിനിടയിൽ ഇത് ഒരു നൂറാമത്തെ പ്രാവശ്യമാണ് അമ്മ ഇതേ കാര്യം തന്നെ പറയുന്നത്.
അല്ലെങ്കിലും വന്നു കയറിയ നാൾ മുതൽ അമ്മയ്ക്ക് എന്നെ കുത്തി ഓരോന്ന് പറയുന്നത് ശീലമാണ്. കാരണം മറ്റൊന്നുമല്ല, ഞാൻ ഇത്തിരി കറുത്തിട്ടാണ്.
ഇത്തിരി കറുത്തിട്ടാണ് എന്ന് ഞാൻ പറഞ്ഞാലും അമ്മയുടെ കണ്ണിൽ ഞാൻ കരിക്കട്ടയാണ്.
അമ്മയുടെ മകൻ മനു എന്നെ ക്ഷേത്രത്തിൽ വച്ച് കണ്ടിട്ട് ഇഷ്ടപ്പെട്ടാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. ശരിക്കും പറഞ്ഞാൽ മനുവിന്റെ ഒരേയൊരു വാശിയിലാണ് വിവാഹം നടന്നത് എന്നും പറയാം.
എന്നെയല്ലാതെ മറ്റാരെയും വധുവിന്റെ സ്ഥാനത്തേക്ക് അവൻ കൂടെ കൂട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതു കൊണ്ടാണ് അവന്റെ അച്ഛനും അമ്മയും വിവാഹത്തിന് സമ്മതിച്ചത് എന്ന് പലപ്പോഴും അവൻ എന്നോട് പറഞ്ഞിട്ടുണ്ട്.
മനുവിന്റെ നിർബന്ധം കൊണ്ട് തന്നെയാണ് എന്റെ വീട്ടിലേക്ക് അവർ ആലോചനയും കൊണ്ടുവന്നത്. എന്റെ നിറത്തിന്റെ പേരിൽ പല ആലോചനകളും മുടങ്ങിപ്പോയ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു ആലോചന വന്നപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാൻ എന്റെ വീട്ടുകാരും തയ്യാറായില്ല.
എന്റെ പൂർണ്ണസമ്മതത്തോടെ ആയിരുന്നില്ല ആ വിവാഹം.കാരണം മറ്റൊന്നുമായിരുന്നില്ല,എന്റെ ഉള്ളിൽ വല്ലാത്തൊരു കോംപ്ലക്സ് ഉണ്ടായിരുന്നു.
തൂവെള്ള നിറമുള്ള മനുവും ഞാനും തമ്മിൽ ചേരില്ല എന്നൊരു കോംപ്ലക്സ്. എന്തെങ്കിലും സഹതാപത്തിന്റെ പേരിൽ ആയിരിക്കും മനു ഞാനുമായുള്ള വിവാഹത്തിന് സമ്മതിച്ചത് എന്ന് എനിക്ക് തോന്നി.
വിവാഹം ഉറപ്പിച്ചതിനു ശേഷം പലപ്പോഴും മനു എന്നെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു.ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും ഭാവിയെക്കുറിച്ച് ഒരു 100 സ്വപ്നങ്ങളും അയാൾ നെയ്തു കൂട്ടുന്നത് ഞാൻ കണ്ടു.
അപ്പോഴൊക്കെയും അവൻ പറയുമായിരുന്നു എന്റെ സ്വപ്നത്തിന്റെയും ജീവിതത്തിന്റെയും രാജകുമാരി നീയാണെന്ന്.
അതൊക്കെ പ്രണയിക്കുന്ന സമയത്ത് വെറും വചനങ്ങളായി മാത്രമാണ് എനിക്ക് തോന്നിയിരുന്നത്. പക്ഷേ അതൊക്കെ തെറ്റാണ് എന്ന് തെളിയിച്ചത് വിവാഹത്തിന് ശേഷമാണ്.
വിവാഹം കഴിഞ്ഞ് മനുവിന്റെ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറിയ നിമിഷം മുതൽ അമ്മയ്ക്ക് ഞാൻ ശത്രു തന്നെയായിരുന്നു.പുറമേ ഒന്നും കാണിച്ചില്ലെങ്കിലും,ഓരോന്ന് കുത്തി കുത്തി പറയാനും എന്നെ നോവിക്കാനും അമ്മയ്ക്ക് നല്ല മിടുക്കായിരുന്നു.
കല്യാണം കഴിഞ്ഞു പോയ നാത്തൂൻ കൂടെ വരുമ്പോൾ പിന്നെ കാര്യങ്ങൾ ജോർ ആകും.
കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ തുടങ്ങിയതാണ് അമ്മായിയമ്മ പോര്.
“എനിക്ക് കുനിഞ്ഞു നിവർന്നു പണിയൊന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ഇനി ഇവിടുത്തെ കാര്യങ്ങളൊക്കെ മോള് വേണം നോക്കാൻ.”
ചിരിച്ചു കൊണ്ട് അമ്മ അത് പറയുമ്പോൾ എനിക്കുള്ള മരണ മണി മുഴങ്ങി തുടങ്ങിയിരുന്നു എന്ന് ഞാനും അറിഞ്ഞില്ല.
ആദ്യം തന്നെ അമ്മായിയമ്മയെ വെറുപ്പിക്കേണ്ട എന്ന് കരുതി അമ്മ പറയുന്നതൊക്കെ സമ്മതിച്ചു കൊടുക്കാറുണ്ടായിരുന്നു.എന്നെക്കൊണ്ട് അന്നുമുതൽ അമ്മ വീട്ടിലെ സകല ജോലികളും ചെയ്യിച്ചു തുടങ്ങി.
നാത്തൂൻ വീട്ടിലുണ്ടെങ്കിൽ പോലും ഒരു കൈ സഹായം ചെയ്യാൻ ഒരിക്കൽ പോലും അവൾ അടുക്കളയിലേക്ക് വന്നിട്ടില്ല. സ്വന്തം കാര്യങ്ങൾ നോക്കി സ്വന്തം മുറിയിൽ ഇരിക്കാൻ ആണ് അവൾക്ക് താൽപര്യം.
അമ്മയെ കൊണ്ട് കഴിയുന്ന രീതിയിലൊക്കെ അമ്മ എന്നെ കഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് മുന്നിൽ സ്നേഹനിധിയായ അമ്മായിയമ്മയായിരുന്നു അവർ.
എന്നെക്കൊണ്ട് നിർബന്ധിച്ച് എന്തെങ്കിലുമൊക്കെ പണികൾ ചെയ്യിച്ചിട്ട് മനുവിനെ കാണുമ്പോൾ ഉടനെ അവർ പ്ലേറ്റ് മാറ്റും.
“നീ എന്തിനാ മോളെ ഇതൊക്കെ ചെയ്യാൻ പോയത്..? ഇതൊക്കെ ചെയ്യാൻ ഇവിടെ തൽക്കാലം അമ്മയുണ്ടല്ലോ..”
അത് പറഞ്ഞ് എന്നെ നിർബന്ധിച്ച് ജോലി ചെയ്യിക്കാതിരിക്കുന്ന അമ്മായിയമ്മ എനിക്ക് അത്ഭുതമായിരുന്നു. ആദ്യമൊക്കെ അത് അത്ഭുതമായി നിന്നെങ്കിലും പിന്നെ പിന്നെ ശീലമായി.
ഒരേ കാര്യം തന്നെ രണ്ട് രീതിയിൽ അവതരിപ്പിക്കാനുള്ള അമ്മായിയമ്മയുടെ മിടുക്ക് പലപ്പോഴും ഞാൻ അമ്പരന്നു നോക്കി നിന്നിട്ടുണ്ട്.
കല്യാണം കഴിഞ്ഞ് അഞ്ചാറു മാസം കഴിഞ്ഞപ്പോഴാണ് അടുത്ത യുദ്ധം. ഞാൻ ഇതുവരെ പ്രഗ്നന്റ് ആയില്ല..!
അതിനിടയ്ക്ക് മനുവിന് വിദേശത്ത് ഒരു ജോലി ശരിയാവുകയും ചെയ്തു. പോയി രണ്ടുമൂന്നു മാസം കഴിയുമ്പോൾ എന്നെയും കൂടി ഒപ്പം കൊണ്ടുപോകാം എന്ന് മനു സമ്മതിക്കുകയും ചെയ്തു.
കാരണം വീട്ടിൽ ഒന്നും എതിർത്തു പറഞ്ഞില്ലെങ്കിലും അവിടെ എനിക്ക് എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് മനുവിന് ഇതിനോടകം തന്നെ മനസ്സിലായിരുന്നു.
ഞാൻ പ്രഗ്നന്റ് ആവാത്തത് എന്റെ എന്തൊക്കെയോ പ്രശ്നങ്ങൾ കൊണ്ടാണ് എന്ന് പറഞ്ഞ് കുറേ ദിവസം അമ്മായി അമ്മയ്ക്ക് അതുതന്നെയായിരുന്നു ബഹളം.
അവരുടെ ബഹളത്തിന്റെ ഫലമാണോ എന്നറിയില്ല അധികം വൈകാതെ ഞാൻ പ്രഗ്നന്റ് ആയി. ശരിക്കും പറഞ്ഞാൽ പെട്ടുപോയത് അതിനു ശേഷം ആണ്.
എനിക്ക് വിശേഷമായ അതേ സമയത്ത് തന്നെയാണ് മനുവിന് ഗൾഫിൽ ജോലിക്ക് ജോയിൻ ചെയ്യേണ്ടി വന്നത്. ഈയൊരു അവസ്ഥയിൽ എന്നെക്കൂടി കൊണ്ടുപോകാൻ പറ്റില്ല എന്ന് വന്നതോടെ വീട്ടിൽ നിൽക്കാൻ ഞാൻ നിർബന്ധിതയായി.
” അവളെ നോക്കിക്കോണേ അമ്മേ.. “
എന്ന് യാത്ര പറയുന്ന സമയത്ത് മനു പറഞ്ഞപ്പോൾ,
” അവളെ ഞാൻ എന്റെ സ്വന്തം മോളെ പോലെ നോക്കും. “
എന്ന് അമ്മ വാക്ക് കൊടുക്കുന്നത് കണ്ടു. അതൊക്കെ വെറും വാക്ക് ആണെന്ന് അധികം വൈകാതെ തന്നെ മനസ്സിലാവുകയും ചെയ്തു.
മനു വിമാനം കയറിയ തൊട്ടടുത്ത നിമിഷം മുതൽ ഞാൻ അവരുടെ മറ്റൊരു മുഖം കാണുകയായിരുന്നു. ഇത്രയും ദിവസം ശാന്ത രൂപത്തിൽ ആണെങ്കിലും അവർ അവർക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം പറയുമായിരുന്നു.
പക്ഷേ കാര്യങ്ങളൊക്കെ ഇപ്പോൾ നേരെ തിരിഞ്ഞ്, എന്നെ കൊല്ലും എന്നൊരു തരത്തിൽ വരെ ആയിട്ടുണ്ട്.
ഇപ്പോൾ തന്നെ അമ്മയുടെ സ്ഥിരം പറച്ചിലാണ് കുഞ്ഞിനെ എന്നെപ്പോലെ കരിക്കട്ടയാക്കി എടുക്കരുത് എന്ന്.
അതുകൊണ്ട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് എന്നറിഞ്ഞിട്ടും, ഞാൻ ദൈവത്തിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നത് ഒരേയൊരു കാര്യത്തിന് വേണ്ടി മാത്രമായിരുന്നു.
” ദൈവമേ എന്തൊക്കെ സംഭവിച്ചാലും കുഞ്ഞിന് എന്റെ നിറമാകരുത്. മനുവേട്ടന്റെ നിറം തന്നെ അവന് കിട്ടണം. “
എന്നും എന്റെ പ്രാർത്ഥനകളിൽ മുഴങ്ങി നിന്നത് ഈ വാക്കുകളായിരുന്നു.
എന്നെയും കൂട്ടി പുറത്ത് എവിടെയും പോകാൻ അമ്മയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. ആശുപത്രിയിൽ മാസാമാസമുള്ള സ്കാനിങ്ങിന് പോലും അമ്മ ഒപ്പം വരാറുണ്ടായിരുന്നില്ല.
പകരം എന്റെ അമ്മയെയോ അല്ലെങ്കിൽ അയൽ വീട്ടിലെ ഏതെങ്കിലും ചേച്ചിമാരെയോ കൂട്ടിയാണ് ഞാൻ പോയിരുന്നത്. എന്നിട്ടും അതൊന്നും മനു അറിയരുത് എന്ന് എനിക്ക് നിർബന്ധമായിരുന്നു.
കാരണം ഇതൊക്കെ അറിഞ്ഞാൽ മനു തകർന്നു പോകും. അമ്മയെ വിശ്വസിച്ച് ഏൽപ്പിച്ചു പോയതാണല്ലോ എന്നെ..!
ഏഴാം മാസം ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ പോകാൻ എളുപ്പം മനുവിന്റെ വീട്ടിൽ നിന്നാണ് എന്നൊരു കാരണം പറഞ്ഞു മനുവിന്റെ അച്ഛനും അമ്മയും എന്നെ തിരിച്ച് ആ വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു. യഥാർത്ഥത്തിൽ അമ്മയ്ക്ക് എന്നെ വീട്ടിലേക്ക് വിടാൻ താൽപര്യമുണ്ടായിരുന്നില്ല. അവിടുത്തെ പണികൾ ചെയ്യാൻ വേറെ ആളില്ലല്ലോ..!
ഒരു ദിവസം രാത്രിയിൽ, പ്രസവ വേദന എടുത്ത് ഞാൻ അലറി കരഞ്ഞപ്പോൾ, ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തോടെയാണ് അവർ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് പോയത്.
ആശുപത്രിയിലെത്തി ലേബർ റൂമിലേക്ക് കയറുന്നതിനു മുൻപും അവർ എന്റെ ചെവിയിൽ ആവർത്തിച്ചത് ഒരു വാക്കായിരുന്നു.
” നിന്നെപ്പോലെ കരിക്കട്ടയായ ഒരു കുട്ടിയെയും കൊണ്ടാണ് നീ പുറത്തേക്ക് വരുന്നതെങ്കിൽ, പിന്നീട് എന്റെ വീട്ടിലേക്ക് കയറാം എന്ന് പ്രതീക്ഷിക്കരുത്. “
ഒരു ഭീഷണി പോലെ അത് പറയുമ്പോൾ, ദേഷ്യത്തോടെയും അമ്പരപ്പോടെയും ആണ് അവരെ നോക്കിയത്. ഈയൊരു അവസ്ഥയിലും ഇങ്ങനെ പറയാൻ ഇവർക്ക് എങ്ങനെ കഴിയുന്നു എന്നൊരു തോന്നൽ..!
എന്റെ പ്രാർത്ഥനകൾ ഒക്കെയും വിഫലമാക്കിക്കൊണ്ട്, ഞങ്ങൾക്ക് ഒരു മകൾ ജനിച്ചു. എന്നെ കൊത്തി വെച്ചതുപോലെ..!എന്റെ അതേ നിറത്തിലും ഭാവത്തിലും ഒരു പെൺകുട്ടി..!!
നാളെ ഇവളും എന്നെപ്പോലെ വർണ്ണ വിവേചനം അനുഭവിക്കേണ്ടി വരുമോ.. അതോ ഞാൻ എന്ന തലമുറയിലൂടെ ഇതിന് ഒരു അവസാനം ഉണ്ടാകുമോ..?
✍️ അപ്പു