രചന : അപ്പു
:::::::::::::::::::::::::
” പ്രിയ.. കൺഗ്രാറ്സ്.. താൻ ഒരു അമ്മയാവാൻ പോകുന്നു.. “
ടെസ്റ്റ് റിസൾട്ട് നോക്കി ഡോക്ടർ ധന്യ പറഞ്ഞത് ഞെട്ടലോടെ ആണ് പ്രിയ കേട്ടത്. അവൾക്ക് എന്ത് പറയണമെന്നോ ചോദിക്കണമെന്നോ പോലും അറിയാതെ ആയി.
” ഇപ്പോൾ തനിക്ക് പറയത്തക്ക പ്രശ്നം ഒന്നുമില്ല. ഞാൻ കുറച്ചു വിറ്റാമിൻ ടാബ്ലറ്റ്സ് എഴുതുന്നുണ്ട്. തല്ക്കാലം അത് മതി. ഒരു മൂന്നാഴ്‌ച കഴിയുമ്പോ നമുക്ക് ഒന്ന് സ്കാൻ ചെയ്ത് നോക്കാം. “
ഡോക്ടർ പറഞ്ഞപ്പോൾ അവൾ യാന്ത്രികമായി തലയാട്ടി.
” അപ്പോൾ പിന്നെ മെഡിസിൻസ് വാങ്ങി വീട്ടിലേക്ക് പൊക്കോളൂ..”
ഡോക്ടർ പറഞ്ഞപ്പോൾ നന്ദിയും പറഞ്ഞു പ്രിയ പുറത്തേക്കിറങ്ങി.
കോർഡോറിലൂടെ നടക്കുമ്പോൾ അവളുടെ ഉള്ളിൽ മുഴങ്ങിക്കേട്ടത് ഡോക്ടർ പറഞ്ഞ വാക്കുകൾ തന്നെയായിരുന്നു.
താൻ പ്രഗ്നന്റ് ആണ്..!!
അവൾക്ക് വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു. അടുത്ത് കണ്ട ഒരു ചെയറിലേക്ക് ഇരിക്കുമ്പോൾ, ഇനിയെന്ത് എന്നൊരു ചിന്തയായിരുന്നു അവളുടെ ഉള്ളിൽ ഉണ്ടായിരുന്നത്.
പ്രിയ.. പ്രിയ തോമസ്.. കോളേജിലെ ഏറ്റവും സുന്ദരി എന്ന് തന്നെ പറയാം. കോളേജിലെ റപ്രസന്റ് ചെയ്ത് ബ്യൂട്ടി കോമ്പറ്റീഷനിൽ ഒക്കെ പങ്കെടുക്കുന്നത് പ്രിയയാണ്.
അതി സുന്ദരിയായ പെൺകുട്ടി ആയതു കൊണ്ട് തന്നെ അവൾക്ക് പിന്നാലെയുള്ള കാമുകന്മാരുടെ എണ്ണവും കുറവൊന്നുമില്ല. പക്ഷേ അവൾക്ക് അവരോട് ആരോടും ഒരു താൽപര്യവും തോന്നിയില്ല.
എല്ലാവരെയും ഒരു സുഹൃത്തായി കണക്കാക്കിയിരുന്ന അവൾക്ക് കാമുകനായി ആ കോളേജിൽ തന്നെ ആരും ഉണ്ടായിരുന്നില്ല.
പക്ഷേ പെട്ടെന്നൊരു ദിവസം അവളുടെ ജീവിതത്തിലേക്ക് ആ കോളേജിലേക്കും ഒരുവൻ ഇടിച്ചു കയറി വന്നു.അരുൺ..!
ഒറ്റനോട്ടത്തിൽ തന്നെ പ്രിയയുടെ മനസ്സ് കവർന്നവൻ ആയിരുന്നു അരുൺ.മറ്റ് ആൺകുട്ടികൾക്ക് ഇല്ലാതെ എന്ത് പ്രത്യേകതയാണ് അവനുള്ളത് എന്ന് ചോദിച്ചാൽ പ്രിയയ്ക്കും ഉത്തരം അറിയില്ല.
പക്ഷേ എന്തുകൊണ്ടോ അവൻ അവളുടെ മനസ്സിൽ വല്ലാത്തൊരു സ്ഥാനം നേടിയെടുത്തു.
അവർ തമ്മിൽ പെട്ടെന്ന് തന്നെ ഒരു സൗഹൃദം രൂപപ്പെടുത്തി. അതിനു മുൻകൈയെടുത്തത് അരുൺ തന്നെയായിരുന്നു. പതിയെ പതിയെ അത് മറ്റൊരു ബന്ധത്തിലേക്ക് നീങ്ങുന്നത് രണ്ടുപേരും അറിയുന്നുണ്ടായിരുന്നു.
വീട്ടിൽ നിന്ന് ഒരുപാട് അകലെ ആയതുകൊണ്ട് തന്നെ പ്രിയ ഒരു ഫ്ലാറ്റ് റെന്റിന് എടുത്തായിരുന്നു താമസം.
അധികം വൈകാതെ ഒറ്റയ്ക്ക് താമസിച്ചിരുന്ന അവൾക്ക് കൂട്ടിന് ആരോടും അവിടേക്ക് താമസം മാറ്റി. ആദ്യം ഇരുവരും രണ്ടു മുറികളിൽ ആയിരുന്നു താമസം എങ്കിലും, പതിയെ പതിയെ ഇരുവരും ഒരു മുറിയിലേക്ക് ആയി.
ശരീരം കൊണ്ട് അവർ ഇരുവരും പരസ്പരം സ്നേഹിച്ചു. മനസ്സുകൊണ്ട് ആ ഇഷ്ടം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇപ്പോഴും അതിനൊരു ഉത്തരമില്ല.
പലപ്പോഴും അരുൺ വിവാഹത്തിന് നിർബന്ധിക്കുമ്പോൾ പ്രിയയാണ് ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നത്. അവളുടെ താല്പര്യം ഇല്ലായ്മ കാണുമ്പോൾ അരുണിന് സങ്കടം തോന്നുമെങ്കിലും, പതിയെ ശരിയാകും എന്ന് ഓർത്ത് അവൻ അതൊന്നും കാര്യമാക്കാറില്ല.
ഇപ്പോൾ രണ്ടു ദിവസമായി പ്രിയയ്ക്ക് വല്ലാത്ത ക്ഷീണവും തളർച്ചയും ഒക്കെയുണ്ട്.അതുകൊണ്ടാണ് ഡോക്ടറിനെ കൺസൾട്ട് ചെയ്യാം എന്ന് തീരുമാനിച്ചത്.
ഡോക്ടറെ കണ്ടപ്പോൾ കിട്ടിയ റിസൾട്ട് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. അതായിരുന്നു പ്രിയയുടെ അമ്പരപ്പിന് കാരണവും.
എല്ലാത്തരത്തിലുള്ള മുൻകരുതലുകളും എടുക്കുന്നുണ്ടെങ്കിലും, ഇതെങ്ങനെ സംഭവിച്ചു എന്നുള്ള കാര്യത്തിൽ അവൾക്ക് ഒരു ഊഹവും കിട്ടിയില്ല.
അരുൺ അറിഞ്ഞു കൊണ്ട് തന്നെ ചതിച്ചതാണ് എന്നു പോലും അവൾ ചിന്തിച്ചു. അതുകൊണ്ടു തന്നെ ദേഷ്യത്തോടെയാണ് അവൾ ഫ്ലാറ്റിലേക്ക് ചെന്നത്.
അവൾ ചെല്ലുമ്പോൾ അരുൺ ഉറക്കമായിരുന്നു. അവന്റെ നടുവിന് ഒരു ചവിട്ടു കൊടുത്താണ് പ്രിയ അവനെ എഴുന്നേൽപ്പിച്ചത്. മുന്നിൽ ഭദ്രകാളിയെ പോലെ നിൽക്കുന്ന പ്രിയയെ കണ്ടു അവന് അമ്പരപ്പ് തോന്നി.
” എന്താ പ്രിയ..? രാവിലെ തന്നെ നീ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്..? “
സൗമ്യമായി അവൻ ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി.
” നീ എന്നെ ചതിച്ചതല്ലേ..? “
അവൾ ചോദിച്ചപ്പോൾ അവൻ ആകെ അമ്പരന്നു പോയി.
“ഞാൻ നിന്നെ ചതിച്ചെന്നോ..? അതെങ്ങനെ..?”
അമ്പരപ്പ് മാറ്റാതെ തന്നെ അവൻ അന്വേഷിച്ചു.
” നീ അറിയാതെയാണെങ്കിൽ പിന്നെ ഞാൻ എങ്ങനെ പ്രഗ്നന്റ് ആയി..? “
അവൾ ദേഷ്യത്തോടെ ചോദിച്ചപ്പോൾ ഒരു നിമിഷം അവൻ അമ്പരന്നു പോയെങ്കിലും പെട്ടെന്ന് തന്നെ അവന്റെ ചുണ്ടുകൾ വിടർന്നു.
“നീ.. നീ പ്രഗ്നന്റ് ആണോ..? നമ്മുടെ കുഞ്ഞുവാവയുണ്ടോ നിന്റെ ഉള്ളിൽ..?”
സന്തോഷത്തോടെ ചോദിച്ചു കൊണ്ട് അവൻ ബെഡിൽ നിന്ന് പിടഞ്ഞു എഴുന്നേറ്റു. അതുകൂടി കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു.
” അപ്പോൾ നീ മനപൂർവ്വം ചെയ്തത് തന്നെയാണ് അല്ലേ..? നമ്മുടെ വിവാഹം നടക്കാൻ വേണ്ടി നീ കരുതിക്കൂട്ടി ഒരു ട്രാപ്പ് ആയിരുന്നില്ലേ ഇത്..? അങ്ങനെയാണെങ്കിൽ നീ ജയിച്ചു എന്ന് നീ കരുതണ്ട. എന്റെ വയറ്റിൽ കിടക്കുന്നതിനെ നശിപ്പിച്ചു കളയാൻ എനിക്ക് അധികം സമയം ഒന്നും വേണ്ട. “
ക്രൂരമായ ഭാവത്തോടെ അവൾ പറയുമ്പോൾ അവൻ പോലും അറിയാതെ അവന്റെ കൈകൾ അവളുടെ കവിളിലേക്ക് പതിഞ്ഞിരുന്നു.
“അനാവശ്യം പറയരുത്. നിന്നെ നിർബന്ധിച്ച് വിവാഹം കഴിക്കേണ്ട ആവശ്യം ഒന്നും എനിക്കില്ല. ഞാൻ വിവാഹത്തെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും നീ ഒഴിഞ്ഞു മാറുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷേ അപ്പോഴൊക്കെയും നിന്റെ മനസ്സ് ഒരു വിവാഹത്തിനു വേണ്ടി പാകപ്പെടട്ടെ എന്ന് കരുതി ഞാൻ നിന്നെ ഒന്നിനും നിർബന്ധിക്കുന്നില്ല. എന്നിട്ടും നീ ഇപ്പോൾ പറയുന്നത് നിന്നെ ട്രാപ്പിലാക്കി എന്നാണ്. ഞാൻ നിന്നെ എങ്ങനെ ട്രാപ്പിലാക്കി എന്ന് കൂടി നീ എനിക്കൊന്ന് പറഞ്ഞു താ.നമ്മൾ തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടായത് എന്റെ മാത്രം താൽപര്യം കൊണ്ടായിരുന്നില്ല. നിന്റെ കൂടി പരിപൂർണ്ണ സമ്മതത്തോടെ തന്നെയാണ് ഞാൻ ഓരോ തവണയും നിന്നെ സ്വന്തമാക്കിയിട്ടുള്ളത്. പിന്നെ നീ കരുതുന്നതു പോലെ ഒരു ഫിസിക്കൽ നീഡിനു വേണ്ടി മാത്രമായിരുന്നില്ല ഞാൻ നിന്നെ സമീപിച്ചത്. എനിക്ക് നിന്നെ അത്രയും ഇഷ്ടമായത് കൊണ്ട് തന്നെയാണ്. ആത്മാർത്ഥമായി നിന്നെ ഞാൻ സ്നേഹിക്കുന്നത് കൊണ്ടു തന്നെയാണ്.”
അത്രയും പറഞ്ഞപ്പോൾ അവൻ കിതച്ചു പോയിരുന്നു.
” നിനക്ക് എന്നെയോ എന്റെ സ്നേഹത്തെയോ ഒരു വിലയുമില്ല എന്ന് എനിക്ക് ഇതോടെ ഉറപ്പായി. അഥവാ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ നിന്റെ വയറ്റിൽ എന്റെ കുഞ്ഞു വളരുന്നു എന്നറിഞ്ഞപ്പോൾ നീ സന്തോഷിച്ചേനെ.അല്ലെങ്കിൽ,ഒരിക്കൽ പോലും നീ കുഞ്ഞിനെ നശിപ്പിക്കണമെന്ന് ചിന്തിക്കുക പോലും ഉണ്ടായിരുന്നില്ല.ഇവിടെ എന്താ ഉണ്ടായത് എന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ. ഞാൻ നിന്നെ ട്രാപ്പിലാക്കി എന്ന് പറഞ്ഞുകൊണ്ട് എന്റെ കുഞ്ഞിനെ നശിപ്പിച്ചു കളയാനാണ് നീയൊരുങ്ങുന്നത്. ഇങ്ങനെയുള്ള നിന്നോടൊപ്പം ഞാൻ എങ്ങനെയാണ് മുന്നോട്ട് ജീവിക്കുന്നത്..? നാളെ ഒരു സമയത്ത് സ്വാർത്ഥതയ്ക്ക് വേണ്ടി നീ എന്നെയും കൊന്നുകളയില്ല എന്ന് എന്താണ് ഉറപ്പ്..? “
അവൻ ചോദിച്ചപ്പോൾ അവൾ ഞെട്ടലോടെ അവനെ നോക്കി.
“അങ്ങനെയല്ല. ഒരിക്കലും ഞാൻ അങ്ങനെയൊന്നും ചിന്തിക്കുക പോലും ഇല്ല. കാരണം നിന്നെ എനിക്ക് അത്രത്തോളം ഇഷ്ടമാണ്. എന്റെ ജീവനാണ്..”
കരഞ്ഞുകൊണ്ട് അവൾ പറഞ്ഞപ്പോൾ അവളെ കേൾക്കാൻ അവൻ തയ്യാറായില്ല.ഗൗരവത്തോടെ തന്നെ നിൽക്കുകയായിരുന്നു അവൻ ആ സമയത്തും.
അത് കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ ചെറിയൊരു ഭയം തോന്നാതിരുന്നില്ല.
” അരുൺ നീ കരുതുന്നത് പോലെ നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല ഞാൻ കുഞ്ഞിനെ വേണ്ടെന്നു വെച്ചത്. നിന്നോട് എനിക്കിഷ്ട കുറവുണ്ടെങ്കിൽ നീ പറഞ്ഞതു പോലെ തന്നെ നമ്മൾ തമ്മിൽ ഒരിക്കലും ഇങ്ങനെയൊരു റിലേഷൻ ഉണ്ടാകുമായിരുന്നില്ല. എന്റെ പൂർണ്ണസമ്മതത്തോടെ തന്നെയാണ് ഇതെല്ലാം ഉണ്ടായത് എന്ന് നിന്നെപ്പോലെ തന്നെ എനിക്കും അറിയാം. പക്ഷേ ഇപ്പോൾ എന്തുകൊണ്ടാണെന്ന് അറിയില്ല ഒരു കുഞ്ഞിനെ ആക്സെപ്റ്റ് ചെയ്യാൻ എനിക്ക് പറ്റില്ല. ഒരു കുഞ്ഞു ഭൂമിയിൽ ജനിക്കുന്നതിനേക്കാൾ മുന്നേ അതിന്റെ അച്ഛന്റെയും അമ്മയുടെയും മനസ്സിൽ ജനിക്കണം എന്നാണല്ലോ പറയാറ്. പക്ഷേ എന്നെ സംബന്ധിച്ച് എന്റെ വയറ്റിലുള്ള കുഞ്ഞ് അൺഎക്സ്പെക്റ്റഡ് ആണ്. അതിന്റെ ഒരു പകപ്പിലാണ് ഞാനിവിടെ കയറി വന്നത്. പക്ഷേ പെട്ടെന്ന് എന്റെ നാവിൽ നിന്ന് വീണുപോയ വാക്ക് എത്ര വലിയ തെറ്റാണ് എന്ന് എനിക്ക് ഇപ്പോൾ അറിയാം.എന്നോട് ക്ഷമിക്ക്.. ഇനിയൊരിക്കലും ഞാൻ ഇങ്ങനെ പറയില്ല. “
അവൾ പറഞ്ഞപ്പോൾ അവനും അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
” നമ്മുടെ കല്യാണത്തിനെ കുറിച്ച് അരുൺ വീട്ടിൽ സംസാരിച്ചോളൂ.”
അവനെ ചേർന്ന് നിന്നുകൊണ്ട് പതിഞ്ഞ സ്വരത്തിൽ അവൾ പറയുമ്പോൾ, രണ്ടുപേരുടെയും ഉള്ളിൽ ഒരു കല്യാണമേളത്തോടൊപ്പം കുഞ്ഞു മാലാഖയുടെയും ചിരി ഉണ്ടായിരുന്നു.
✍️അപ്പു