സങ്കടത്തോടെയും ദേഷ്യത്തോടെയും മീനു പറയുമ്പോൾ നവീന്റെ പ്രവർത്തി ഓർത്തു എനിക്കും വല്ലായ്മ തോന്നി….

രചന : അപ്പു

:::::::::::::::::::::

” നവീൻ.. അവൻ ഇന്ന് അവിടെ നിന്നിറങ്ങി പോയി ഏട്ടാ.. “

സങ്കടത്തോടെ ഭാര്യ പറയുമ്പോൾ മനസിലാവാതെ ഞാൻ അവളെ തുറിച്ചു നോക്കി.

” എന്നത്തേയും പോലെ ഇന്നലെയും നവീനും ഹേമയും തമ്മിൽ അവിടെ വഴക്ക് ഉണ്ടായി. ഇന്നലെ അവനു ബോധം ഉണ്ടായില്ല. ഇന്ന് രാവിലെ തന്നെ വീണ്ടും എന്തൊക്കെയോ ബഹളങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അതിനു പിന്നാലെ അവൻ ഇറങ്ങി പോവുകയും ചെയ്തു. ഇനി വരില്ലെന്നൊക്കെയാ പറയണേ.. “

സങ്കടത്തോടെയും ദേഷ്യത്തോടെയും മീനു പറയുമ്പോൾ നവീന്റെ പ്രവർത്തി ഓർത്തു എനിക്കും വല്ലായ്മ തോന്നി.

“തന്നോട് ആരാ ഇതൊക്കെ പറഞ്ഞത്..”

അവളോട് ചോദിക്കാതിരിക്കാൻ ആയില്ല.

“ഇന്ന് ഹേമയുടെ അമ്മ ഇവിടേക്ക് വന്നിട്ടുണ്ടായിരുന്നു. ആകെ വിഷമിച്ചാണ് ആള് വന്നത്. അപ്പോൾ അവർ തന്നെയാണ് കാര്യങ്ങളൊക്കെ പറഞ്ഞത്.”

ഭാര്യയുടെ നാവിൽ നിന്ന് അതൊക്കെ കേട്ടപ്പോൾ എനിക്ക് നവീനോട് വല്ലാത്തൊരു ദേഷ്യം തോന്നി.

ആഹാരം കഴിച്ചു കഴിഞ്ഞ് ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ, അറിയാതെ തൊട്ടടുത്ത വീട്ടിലേക്ക് നോട്ടം പാളി പോയി.

ഞങ്ങൾ ഈ നഗരത്തിൽ താമസത്തിന് എത്തിയിട്ട് വളരെ ചെറിയ നാളുകളെ ആയുള്ളൂ. തൊട്ടടുത്ത വീട്ടിൽ താമസത്തിന് ഉണ്ടായിരുന്നത് നവീനും ഹേമയും ഹേമയുടെയും നവീന്റെയും അമ്മമാരും ആയിരുന്നു.

നവീനും ഹേമയ്ക്കും ജോലിയുണ്ട്. രണ്ടുപേരും രണ്ടു സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത് എങ്കിലും, ഏകദേശം ഒരേ സമയത്ത് തന്നെയാണ് അവർ വീട്ടിൽ നിന്ന് ജോലിക്ക് പോകാറ്.

നാട്ടിലെ വീട്ടിൽ അമ്മമാർ രണ്ടുപേരും ഒറ്റയ്ക്ക് ആയതുകൊണ്ടാണ് അവരെ രണ്ടുപേരെയും അവർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

ഒറ്റുനോട്ടത്തിൽ എത്ര നല്ല വീട് എന്നും എത്ര നല്ല വീട്ടുകാർ എന്നും നമുക്ക് തോന്നുന്ന തരത്തിൽ ആയിരുന്നു ആ വീട്.

അല്ലെങ്കിലും അമ്മയെയും അമ്മായിയമ്മയെയും ഒരുപോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മരുമക്കൾ ഈ നാട്ടിൽ അപൂർവ്വം ആണല്ലോ..! ആ സ്ഥിതിക്ക് അവരെ രണ്ടുപേരെയും ഒരുപോലെ ഒരു വീട്ടിൽ നിർത്തിയിരിക്കുന്ന മക്കളെ കാണുമ്പോൾ സന്തോഷം തോന്നി.

അങ്ങനെ രണ്ടു മക്കളെ കിട്ടിയത് ആ അമ്മമാർ അഭിമാനിക്കുന്നുണ്ടാവും എന്ന് ചിന്തിച്ചു.

അത്രയും നല്ല മൂല്യങ്ങൾ പറഞ്ഞു കൊടുത്തു മക്കളെ വളർത്തിയ ആ അമ്മമാരെ കണ്ടാൽ ഒന്ന് അഭിനന്ദിക്കണം എന്ന് വരെ പലപ്പോഴും ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട്.

ഞാൻ ട്രാൻസ്ഫറായി വന്നതായിരുന്നു ഇവിടേക്ക്.

വന്നപ്പോൾ തന്നെ ഈ നാടിനോട് ഒരു പ്രത്യേക ഇഷ്ടം എനിക്ക് തോന്നിയതാണ്. അത് ഒരുപക്ഷേ അയൽക്കാരോടുള്ള എന്റെ സ്നേഹം കൊണ്ടായിരിക്കാം.

ഞങ്ങളെ ഒരുതരത്തിലും ശല്യം ചെയ്യാതെ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന അയൽക്കാരാണ് എന്നാണ് ഞാൻ കരുതിയത്.

പക്ഷേ ആ ധാരണകൾ മാറിമറിയാൻ ഒരാഴ്ച പോലും സമയം വേണ്ടി വന്നില്ല.

ഞങ്ങൾ വന്ന് പിറ്റേദിവസം തന്നെ ആ വീട്ടിലേക്ക് ഞങ്ങൾ പോയിരുന്നു. ഏതൊരു നാട്ടിൽ നിന്നാലും അയൽക്കാരോട് സൗഹൃദം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണല്ലോ. ആ ഒരു ഉദേശത്തിൽ തന്നെയാണ് അവിടെയൊക്കെ ചെന്നതും.

ചെന്നപ്പോൾ ഞങ്ങളെ സ്വീകരിച്ചിരുത്തിയത് അവിടത്തെ അമ്മമാർ ആയിരുന്നു. അവരുമായി സംസാരിച്ചു കഴിഞ്ഞപ്പോഴാണ് അവിടെയുള്ളത് അവരുടെ മക്കളാണ് എന്നറിഞ്ഞത്.

ആ സമയം കൊണ്ട് ഹേമയും നവീനും ഒക്കെ സംസാരത്തിൽ ഏർപ്പെടാൻ തുടങ്ങിയിരുന്നു. അന്ന് അവിടെ നിന്നും മടങ്ങുമ്പോൾ നല്ലൊരു അയൽക്കാരെ കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുകയായിരുന്നു ഞാൻ.

പക്ഷേ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ അഭിപ്രായം എനിക്ക് മാറ്റി പറയേണ്ടി വന്നു. രാവിലെ സന്തോഷത്തോടെ യാത്ര പറഞ്ഞു പോകുന്ന നവീൻ വൈകുന്നേരം വീട്ടിലേക്ക് കയറി വരുന്നത് നാലു കാലിലാണ്.

കുടിച്ച് ബോധമില്ലാതെ ആരുടെയെങ്കിലും സഹായത്തോടെയാണ് നവീൻ വീട്ടിലേക്ക് മടങ്ങിയെത്തുന്നത്. ആദ്യമൊക്കെ അത് കാണുമ്പോൾ എനിക്ക് ഒരു വല്ലായികയായിരുന്നു.

നല്ലൊരു ചെറുപ്പക്കാരൻ എന്തുകൊണ്ട് കുടിച്ചു നശിക്കുന്നു എന്നോർത്ത് പലപ്പോഴും എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.

പിന്നീട് ഒരിക്കൽ ഹേമയുടെ അമ്മ പറഞ്ഞതാണ് എന്ന് പറഞ്ഞ് എന്റെ ഭാര്യ തന്നെയാണ് അവർക്കിടയിലെ വിഷയം എന്താണ് എന്ന് എന്നോട് പറഞ്ഞത്.

ഹേമയുടെയും നവീന്റെയും വിവാഹം കഴിഞ്ഞിട്ട് നാലു വർഷത്തോളമായി.പക്ഷേ ഇതുവരെയും അവർക്ക് ഒരു കുഞ്ഞിനെ കിട്ടാനുള്ള ഭാഗ്യം ഉണ്ടായില്ല. നാട്ടുകാരുടെ ചോദ്യത്തിൽ നിന്നുള്ള ഒരു രക്ഷപ്പെടൽ കൂടിയായിരുന്നു ഈ നാട്ടിലേക്കുള്ള അവരുടെ പറിച്ചു നടൽ.

പക്ഷേ ഇവിടെ വന്നതിനു ശേഷം നവീന്റെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്. ആദ്യമൊക്കെ കുഞ്ഞില്ലാത്തതിന്റെ പേരിൽ ആരെങ്കിലും ഹേമയെ അപമാനിക്കുകയും സങ്കടപ്പെടുത്തുകയോ ചെയ്താൽ നവീൻ അവളെ ആശ്വസിപ്പിക്കുകയാണ് പതിവ്. പിന്നീട് അവൻ അവരോടൊപ്പം കൂടുകയാണ് ചെയ്യുന്നത്.

ഇപ്പോൾ കുറച്ചു നാളുകളായി ഒരു കുഞ്ഞു ഇല്ലാത്തതിന്റെ പേരിൽ നവീൻ ഹേമയെ കുറ്റപ്പെടുത്തുകയും, അവളെ കളിയാക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അതൊന്നും പോരാതെ തന്റെ സങ്കടം മറക്കാൻ എന്നുള്ള രീതിയിലാണ് അവൻ മദ്യപിക്കുന്നത്.

മദ്യപിച്ച് വീട്ടിലേക്ക് വരുന്ന ദിവസങ്ങളിൽ അവൻ ഹേമയെ നല്ല രീതിയിൽ തന്നെ ഉപദ്രവിക്കാറുണ്ട്.കുറച്ചു നാളുകളായി അതൊരു സ്ഥിരം കാഴ്ചയായിരുന്നു. അവനെ ഉപദേശിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഇന്നലെ വന്നു കയറിയ ഞാൻ അവനോട് എന്തു പറയാനാണ്..?

അതിന്റെയൊക്കെ അവസാനം എന്ന രീതിയിലാണ് ഇന്ന് നടന്നത്.നവീൻ വീടുവിട്ടു പോയ സ്ഥിതിക്ക് ഹേമ അത് എങ്ങനെ സഹിക്കും എന്നോർത്ത് എനിക്ക് ഒരു വല്ലായ്മ തോന്നി.

പിറ്റേന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ ടൗണിൽ വച്ച് നവീനെ കണ്ടു. എന്നെ കണ്ടപ്പോൾ അയാൾ ഒന്നു പരുങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു.

പക്ഷേ,അയാളോട് സംസാരിക്കണം എന്ന് എനിക്ക് ആ നിമിഷം തോന്നി.അതുകൊണ്ടുതന്നെ നേരെ അയാൾക്ക് അടുത്തേക്ക് ചെല്ലുകയും ചെയ്തു. അയാളിൽ നിന്ന് വമിക്കുന്ന മദ്യത്തിന്റെ ഗന്ധം എനിക്ക് അസ്വസ്ഥത ഉണ്ടാക്കി.

“ഇന്നലെ എന്തായിരുന്നു വീട്ടിൽ പ്രശ്നം..?”

ആമുഖങ്ങൾ ഒന്നുമില്ലാതെയാണ് ഞാൻ അത് ചോദിച്ചത്. അയാളുടെ മുഖത്ത് ദേഷ്യമോ സങ്കടമോ ഒക്കെ അലയടിക്കുന്നത് ഞാൻ കണ്ടു.

” സാറിന് അറിയാമോ.. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് നാലുവർഷമായി. ഇതുവരെ ഒരു കുഞ്ഞിനെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായില്ല. ആശുപത്രികൾ തോറും കയറിയിറങ്ങി മടുത്തു ഞാൻ. അവസാനം ടെസ്റ്റുകൾ ചെയ്തപ്പോൾ അവളുടെ പ്രശ്നം കൊണ്ടാണ് കുട്ടികൾ ഉണ്ടാവാത്തത് എന്നും മനസ്സിലായി. എത്രയെന്ന് വച്ചാണ് ഒരു കുട്ടിയെ വേണമെന്ന് ഉള്ള എന്റെ ആഗ്രഹം ഞാൻ അടക്കി വയ്ക്കുന്നത്..? “

അവൻ ചോദിച്ചപ്പോൾ എനിക്ക് ദേഷ്യമാണ് തോന്നിയത്.

“ഞാനൊന്നു ചോദിച്ചോട്ടെ.. കുഞ്ഞിനെ വേണം എന്നുള്ള തന്റെ ആഗ്രഹം കൊണ്ടാണ് താൻ തന്റെ ഭാര്യയെ ഉപദ്രവിക്കുകയും ദേഷ്യപ്പെടുകയും ഒക്കെ ചെയ്യുന്നത്..? ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ പേരിൽ താനിത്രത്തോളം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ, ഹേമ എത്രത്തോളം ബുദ്ധിമുട്ടുന്നുണ്ട് എന്ന് തനിക്ക് ഊഹിക്കാമോ..? എടോ സമൂഹം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും, ഒരു ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായില്ലെങ്കിൽ പെണ്ണിനെ മച്ചി എന്ന് വിളിക്കാൻ മാത്രമേ ആളുകൾ ഉണ്ടാവൂ. അതേസമയം ആണിനാണ് പ്രശ്നം എന്നറിഞ്ഞാലും ആരും യാതൊരു തരത്തിലുള്ള വിലക്കുകളും നിയന്ത്രണങ്ങളും അവന് കൊടുക്കാറില്ല. പെണ്ണിനെ സംബന്ധിച്ച് ഒരു കുഞ്ഞിനെ എടുക്കാൻ പോലും വിലക്ക് ആയിരിക്കും. നല്ല ചടങ്ങുകളിൽ നിന്ന് അവൾ മാറ്റി നിർത്തപ്പെടും.ആ സമയത്തൊക്കെ അവരുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കുമെന്ന് അറിയാമോ..? അങ്ങനെയുള്ളപ്പോഴൊക്കെ അവർ പ്രതീക്ഷിക്കുന്നത് തന്റെ പങ്കാളി തനിക്ക് താങ്ങായി നിന്നിരുന്നെങ്കിൽ എന്നാണ്..അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം അതാണ്.താൻ എന്നിട്ട് അതാണോ ചെയ്യുന്നത്..? ഹേമയെ കൈപിടിച്ച് കൂടെ കൂട്ടിയപ്പോൾ ജീവിതാവസാനം വരെ സംരക്ഷിച്ചു കൊള്ളാം എന്ന് വാക്ക് കൊടുത്തതല്ലേ..? എന്നിട്ട് അവൾക്ക് ഇങ്ങനെയൊരു വിധി വന്നപ്പോൾ പകുതി വഴിയിൽ ഉപേക്ഷിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ..? നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ ഒരു കുഞ്ഞിന് ആണോ പാട്.? ടെക്നോളജി ഇത്രയും വലുതായ കാലത്ത്, എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്..? ആർട്ടിഫിഷൽ ആയി കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ട്രീറ്റ്മെന്റ് വരെയുണ്ടല്ലോ.. അതൊന്നും പോരെങ്കിൽ അനാഥാലയത്തിൽ അച്ഛന്റെയും അമ്മയുടെയും വാത്സല്യം കൊതിക്കുന്ന എത്രയോ മക്കളുണ്ട്..? അവരിൽ ആർക്കെങ്കിലും അച്ഛനും അമ്മയും ആകാൻ നിങ്ങൾക്ക് ശ്രമിച്ചു കൂടെ..? പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഒന്നും ഇല്ലടോ.. “

ഞാൻ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ നവീന്റെ കണ്ണുകളിൽ ഒരു നീർത്തുള്ളി ഞാൻ കണ്ടു.

” തെറ്റുപറ്റി പോയി എനിക്ക്. ഞാനൊരിക്കലും അവളെ കുറിച്ച് ചിന്തിച്ചില്ല.. “

പതം പറഞ്ഞു കരയുന്നവനെ ആശ്വസിപ്പിക്കുമ്പോൾ, ഒരു പെൺകുട്ടിയുടെ കണ്ണീരിന് പരിഹാരം കാണാൻ കഴിഞ്ഞല്ലോ എന്നൊരു ചാരിതാർത്ഥ്യം ആയിരുന്നു എനിക്ക്…!

✍️ അപ്പു