ഖാദർക്കാടെ, വർത്തമാനം കേട്ട് അടുത്ത് നിന്ന ശാന്തേച്ചി വാ പൊത്തിച്ചിരിക്കുന്നത് കണ്ടപ്പോൾ രമേശന് നാണം വന്നു…

രചന: സജി തൈപറമ്പ്

:::::::::::::::::::::::

“എന്താ രമേശാ, നിന്റെ കെട്ടിയോള് ദുബായീന്ന് വരുന്നുണ്ടെന്ന് കേട്ടല്ലോ? നേരാണോ”

രാവിലെ പാല് വാങ്ങാൻ വന്ന രമേശനോട് കടക്കാരൻ ഖാദർക്കാ കുശലം ചോദിച്ചു.

“അതെ ഖാദർക്കാ, ഇന്ന് ഉച്ചക്കത്തെ ഫ്ലൈറ്റില് ,വരുമെന്നാ പറഞ്ഞത് ,ഞാനും പിള്ളേരും വിളിക്കാൻ പോണുണ്ട്”

“ഓഹ് അത് ശരി അപ്പോൾ, ഇന്ന് അടിച്ച് പൊളിക്കുന്ന ദിവസമാണല്ലേ..ഉം.. നടക്കട്ടെ, നടക്കട്ടെ”

“ഒന്ന് പോ ഖാദർക്കാ ഇക്കാടെ ഒരു കാര്യം”

ഖാദർക്കാടെ, വർത്തമാനം കേട്ട് അടുത്ത് നിന്ന ശാന്തേച്ചി വാ പൊത്തിച്ചിരിക്കുന്നത് കണ്ടപ്പോൾ രമേശന് നാണം വന്നു.

നേരത്തെ പറഞ്ഞതനുസരിച്ച് ടാക്സി കാറിലാണ് രമേശനും മക്കളും കൂടി ,ഇന്ദുമതിയെ വിളിക്കാൻ പോയത്.

എയർപോർട്ടിലെത്തി അര മണിക്കൂർ കഴിഞ്ഞിട്ടാണ് ആൾക്കൂട്ടത്തിനിടയിലൂടെ നടന്ന് വരുന്ന ഇന്ദു മതിയെ രമേശൻ കാണുന്നത്.

ചുവന്ന പട്ട് സാരിയുടുത്ത് ,പഴയ ചുരുളൻമുടി സ്ട്രെയ്റ്റ് ചെയ്ത് വെളുത്ത് ചുമന്നിരിക്കുന്ന ഇന്ദുവിനെ കണ്ടപ്പോൾ രമേശൻ ഒരു നിമിഷം ഞെട്ടിപ്പോയി.

സമയത്ത് കുളിക്കാതെയും നനക്കാതെയും പുഴുത്ത വേഷത്തിൽ, എണ്ണ തേക്കാത്ത പാറി പറന്ന തലമുടിയുമായി രണ്ട് വർഷം മുമ്പ് തന്റെ വീട്ടിലുണ്ടായിരുന്ന ആ പഴയ ഇന്ദുമതിയാണോ ഇതെന്ന് രമേശൻ ഒരു നിമിഷം സംശയിച്ച് പോയി.

“നിങ്ങളെന്താ മനുഷ്യാ, വായും പൊളിച്ച് നില്ക്കുന്നത്, പിള്ളേരേം വിളിച്ചോണ്ട് വന്ന് വണ്ടിയിൽ കയറ് വീട്ടിൽ ചെന്നിട്ട് എനിക്കൊന്ന് കിടക്കണം വല്ലാത്ത യാത്രാ ക്ഷീണം”

തന്റെ ഇരു വശവും നില്ക്കുന്നവരെ ഇറങ്ങിവരുന്നവർ സന്തോഷത്തോടെ കെട്ടിപ്പിടിക്കുകയും ,ഉമ്മ വെക്കുകയും ചെയ്യുന്നത് കണ്ട് തന്റെ ഊഴം കാത്ത് നിന്ന രമേശൻ ,ഇന്ദുവിന്റെ പരുക്കൻ സംസാരം കേട്ടപ്പോൾ നിരാശനായി.

കാറിന്റെ അടുത്തെത്തിയതും ,ഫ്രെണ്ട് ഡോർ തുറന്ന് ഇന്ദു മുന്നിൽ കയറി ഇരുന്നു.

രമേശൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് അവൾ ഡോർ ‘വലിച്ചടച്ചു.

ട്രോളിയിൽ തള്ളികൊണ്ട് വന്ന, വലിയ കാർട്ടൻബോക്സുകൾ കാറിന്റെ ഡിക്കിയിൽ വച്ചിട്ട് ,രമേശൻ മക്കളോടൊപ്പം ബാക്ക് സീറ്റിൽ കയറിയിരുന്നു.

“നിങ്ങൾക്ക് ഞാൻ എത്ര രൂപ അയച്ച് തന്നതാ ,ആ പിള്ളേർക്ക് ഓരോ ജോഡി, നല്ല വസ്ത്രങ്ങൾ വാങ്ങി കൊടുത്തുടാരുന്നോ? എയർപോർട്ടിൽ വരുമ്പോഴെങ്കിലും കുറച്ച് വൃത്തിയായിട്ട് വന്നൂടെ”

കാറ് മുന്നോട്ടെടുക്കുമ്പോൾ ,പിന്നിലേക്ക് തിരിഞ്ഞ് അവൾ, പുച്ഛ ഭാവത്തോടെ രമേശനോട് ചോദിച്ചു.

“ഓഹ് ,അപ്പോൾ അതാണല്ലേ നീ ഞങ്ങളെ മൈൻഡ് ചെയ്യാതിരിക്കുന്നത്, എടീ.. പൈസ അയച്ച് തരുമ്പോൾ നീ തന്നെയല്ലേ പറയാറുള്ളത് സൂക്ഷിച്ചും കണ്ടും ചിലവാക്കണമെന്ന് ,ഞാനത് കൊണ്ടാ കൊച്ചുങ്ങൾക്കും എനിക്കുമൊന്നും പുതിയ ഡ്രസ്സ് എടുക്കാഞ്ഞത്”

“അമ്മേ.. ഞങ്ങൾക്ക് ചോക്ളേറ്റ് കൊണ്ട് വന്നിട്ടുണ്ടോ?

അവസാനം, ക്ഷമ നശിച്ച് ഇളയവൾ അമ്മു ചോദിച്ചു.

“ഉം, എല്ലാം കൊണ്ട് വന്നിട്ടുണ്ട്, വീട്ടിലോട്ട് ഒന്ന് ചെല്ലട്ടെ”

അവൾ അനിഷ്ടത്തോടെ പറഞ്ഞു.

“എന്താ അച്ഛാ, അമ്മ ഞങ്ങളെ ഒന്ന് അടുത്തേക്ക് വിളിച്ചത് പോലുമില്ലല്ലോ? അമ്മ ഗൾഫീ പോയപ്പോ ഞങ്ങളെയൊക്കെ മറന്നോ?

വീട്ടിലെത്തി , ഇന്ദുമതി ഫ്രഷാ കാനായി പോയ നേരത്ത്‌,വിഷമം സഹിക്കാനാവാതെ, മൂത്തവൾ അശ്വതി, രമേശനോട് പരാതി പറഞ്ഞു.

“അത് അമ്മ, ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ?നല്ല ക്ഷീണം കാണും ഒന്ന് ഉറങ്ങി എഴുന്നേറ്റിട്ട് മക്കള് അമ്മേ ടടുത്ത് ചെന്നാൽ മതികെട്ടാ”

രമേശൻ, അവരെ സമാധാനിപ്പിച്ചെങ്കിലും ,ഇന്ദുവിന്റെ പെരുമാറ്റത്തിൽ അവൻ ആശങ്കാകുലനായിരുന്നു.

രാത്രി പതിവ് പോലെ രമേശൻ കുട്ടികൾക്ക് അത്താഴം കൊടുത്ത് അടുത്ത മുറിയിൽ ഉറക്കി കിടത്തിയിട്ട്, ഇന്ദുമതി കിടക്കുന്ന മുറിയിലേക്ക് വന്നു.

സിൽക്കിന്റെ നെറ്റ് ഗൗണുമിട്ട് മറു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്ന ഇന്ദു മതിയെ കണ്ടപ്പോൾ ഏതോ പാർക്കിൽ പോയപ്പോൾ കണ്ട, മത്സ്യ കന്യകയെയാണ് അയാൾക്ക് ഓർമ്മ വന്നത്.

നിന്റെ എല്ലാ ക്ഷീണവും ഞാനിപ്പോൾ മാറ്റി തരാമെടീ, എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് രമേശൻ, കട്ടിലിൽ കിടന്ന ഇന്ദുമതിയെ, പുറകിലൂടെ കെട്ടിപ്പിടിച്ചു.

“ഛീ.. അങ്ങോട്ട് മാറിക്കിടക്ക് എന്തൊരു വിയർപ്പ് നാറ്റമാ നിങ്ങക്ക് ,ഒരു വൃത്തിയുമില്ല വെടിപ്പുമില്ല”

അവളുടെ ആ പെരുമാറ്റം രമേശനെ ചെറുതൊന്നുമല്ല വിഷമിപ്പിച്ചത്.

“എടീ ഇന്ദു, നീ ഇപ്പോഴും ചെത്തുകാരൻ വാസുവിന്റെ മോള് തന്നെയല്ലേ?.നീ ദുഫായീ പോയെന്ന് കരുതി അറബീ ടെ മോളൊന്നുമായിട്ടില്ലല്ലോ ,ഗൾഫിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ട് നിന്റെ കണ്ണ് മഞ്ഞളിച്ചപ്പോൾ പഴയ ഭർത്താവിനെയും മക്കളെയുമൊന്നും നിനക്ക് കണ്ടൂടാതായി അല്ലെ? ഒന്ന് ഉറങ്ങിയത് കൊണ്ട് ഒന്നും നേരം വെളുക്കില്ലെടീ നിനക്ക് വേണ്ടി കഴിഞ്ഞ രണ്ട് വർഷമായി, കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന എന്നെയും മക്കളെയും വേദനിപ്പിച്ച നീ,തൊലഞ്ഞ് പോകത്തേയുള്ളടീ..”

തലയിൽ കൈവച്ച് പ്രാകി കൊണ്ട് രമേശൻ മുറി വിട്ടിറങ്ങി.

“അച്ഛാ ..അമ്മയെ ഇവിടെങ്ങും കാണുന്നില്ല”

പിറ്റേന്ന് അടുക്കളയിൽ കട്ടൻ ചായ ഇട്ടോണ്ട് ഇരുന്ന രമേശനോട് അശ്വതി വന്ന് പറഞ്ഞു.

“ങ്ഹേ, താനിന്നലെ പറഞ്ഞതിഷ്ടപെടാതെ ബാഗും പെട്ടിയുമെടുത്തോണ്ട് താമസം മാറി പോയോ?

ആകാംക്ഷയോടെ അയാൾ മുറിയിൽ വന്ന് നോക്കിയപ്പോൾ ബാഗും പെട്ടികളും അവിടെ തന്നെയിരിപ്പുണ്ട്.

പിന്നെയിവൾ, ഇതെവിടെ പോയതായിരിക്കുമെന്ന് ചിന്തിച്ച് നില്ക്കുമ്പോഴാണ് മേശപ്പുറത്ത് തുറന്ന് വച്ച ഒരു ഡയറിയും പേനയും ഇരിക്കുന്നത് കണ്ടത്.

ജിജ്ഞാസയോടെ, അയാൾ ഡയറിയിൽ എഴുതിയിരിക്കുന്നത് വായിച്ച് നോക്കി.

ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന രമേശേട്ടനും ,എന്റെ പൊന്ന് മക്കളും എന്നോട് ക്ഷമിക്കണംഞാൻ നിങ്ങളോട് ഇന്നലെ കാണിച്ച അവഗണന മനപ്പൂർവ്വമായിരുന്നു എന്തിനാണെന്നറിയാമോ ? നിങ്ങൾക്ക് എന്നോട് വെറുപ്പ് തോന്നാൻ, എന്നാലെ നിങ്ങളെ വിട്ട് എനിക്ക് സമാധാനത്തോടെ പോകാൻ പറ്റു. അല്ലെങ്കിൽ ഞാൻ പെട്ടെന്ന് ഇല്ലാതായാൽ, അത് നിങ്ങൾക്ക് താങ്ങാൻ കഴിയില്ലെന്ന് എനിക്കറിയാം

നമുക്കിനി അധികനാൾ, ഒന്നിച്ച് ജീവിക്കാനാവില്ല രമേശേട്ടാ ,ഞാനൊരു എ യ്ഡ്സ് രോഗിയാണ്.

ഇതറിയുമ്പോൾഎന്നെ തെറ്റിദ്ധരിക്കല്ലേ രമേശേട്ടാ, ഞാനറിയാതെ എന്നിലേക്ക് ആരോ വൈറസ് കടത്തിവിട്ടതാ, എന്റെ ഊഹം ശരിയാണെങ്കിൽ ദുബായ് ഫെസ്റ്റിന് ഉണ്ടായ തിക്കിലും തിരക്കിലും എനിക്ക് മുള്ള് കൊള്ളുന്നത് പോലെ ഒരു അനുഭവമുണ്ടായിരുന്നു .അതിന് ശേഷം ഞാൻ പനിയുമായി ഹോസ്പിറ്റലിൽ ചെല്ലുമ്പോഴാണ്, പരിശോധനയിൽ പോസിറ്റീവ് ആണെന്ന് അറിയുന്നത്.

ഇതറിഞ്ഞ നിമിഷം അവിടെ വച്ച് തന്നെ എല്ലാം തീർത്താലോ എന്ന് ഞാൻ ചിന്തിച്ചതാ,പക്ഷേ, അവസാനമായി എന്റെ രമേശേട്ടന്റെയും മക്കളുടെയും മുഖമൊന്ന് കണ്ടിട്ട് മരിക്കാമെന്ന് വിചാരിച്ചു,അതിന് വേണ്ടിയാണ് ഞാൻ വന്നത്.നിങ്ങളോടൊക്കെ പരുക്കനായി പെരുമാറുമ്പോഴും ഉള്ള് കൊണ്ട് കരയുകയായിരുന്നു ഞാൻ

ഇനി ഞാൻ പൊയ്ക്കോട്ടെ എന്റെ എല്ലാ സമ്പാദ്യങ്ങളും ആ പെട്ടികൾക്കകത്തുണ്ട് ,രമേശേട്ടനം മക്കളും ഇനി സുഖമായി ജീവിക്കണം

ഇനി ഒരിക്കലും തിരിച്ച് വരാത്തയിടത്തേക്ക് ഞാൻ പോകുന്നു.

സ്വന്തം ഇന്ദു.

കത്ത് വായിച്ച് കാഞ്ഞപ്പോൾ രമേശൻ വല്ലാതെയായി.

അവൾ ആത്മഹത്യ ചെയ്യാൻ പോയതാണ്.

അത് മിക്കവാറും റെയിൽവേ ട്രാക്കിലേക്കായിരിക്കും.

മക്കളോട് പോലും പറയാതെ രമേശൻ സൈക്കിളുമെടുത്ത് ചവിട്ടി, അവൾ പോകാൻ സാധ്യതയുള്ള ആളൊഴിഞ്ഞ ഭാഗത്ത് കൂടി കടന്ന് പോകുന്ന റയിൽ പാളത്തിലേക്ക് ചെന്നു.

ട്രെയിൻ ദുരേന്ന് വരുന്നത് കണ്ട്, പാളത്തിലേക്ക് അതിവേഗം നടന്ന് നീങ്ങുന്ന ഇന്ദു മതിയെ രമേശൻ പാഞ്ഞ് ചെന്ന് വട്ടം പിടിച്ചു.

തിരിഞ്ഞ് നിന്ന അവളെ അയാൾ ഗാഡമായി പുണർന്നു.

“ഇങ്ങനെയാണോടി ,നീ എന്നെ മനസ്സിലാക്കിയിരിക്കുന്നത്, നിനക്കൊരു അസുഖം വന്നെന്ന് കരുതി ഞങ്ങളെ ഇട്ടേച്ച് നീ, ഒറ്റയ്ക്ക് മരിക്കാൻ പോകുവാണോ? നീയില്ലാതെ പിന്നെ ഞാനും മക്കളും എന്തിനാടി ജീവിക്കുന്നത്, എനിക്കൊരു അസുഖം വന്നപ്പോൾ എന്നെ ചികിത്സിക്കാനും കുടുംബം പുലർത്താനുമല്ലേ നീ മരുഭൂമിയിൽ പോയി ഇത്രനാളും കഷ്ടപ്പെട്ടത് ,അത് കൊണ്ടല്ലേ നിനക്ക് അസുഖം വന്നത് ,ഇക്കാലത്ത് ഇത് വെറുo നിസ്സാരമായ ഒരസുഖമാണ്, ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളു. അതിന് വേണ്ടി ,എന്ത് ത്യാഗവും സഹിക്കാൻ ഞാൻ തയ്യാറാണ്,നീ എന്റെ കൂടെ വാ…നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം “

“രമേശേട്ടാ… നിങ്ങളുടെയീ സ്നേഹവും സാന്ത്വനവും മാത്രം മതി, എനിക്ക് ജീവിക്കാൻ, ഞാനെത്രഭാഗ്യവതിയാണ് അല്ലേരമേശേട്ടാ ”

അവൾ പ്രണയത്തോടെ രമേശന്റെ തോളിലേക്ക് ചാഞ്ഞു.