നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ആൻവിയയെ ചോദിച്ച് ഡാഡിക്കും മമ്മക്കും ഒപ്പം മടിയോടെയാണ് ചെന്നത് ….

രചന : ഷൈനി വർഗ്ഗീസ്

:::::::::::::::::::::::::

മോളേ……… എന്ന് അലറി വിളിച്ചു കൊണ്ട് ജെസ്സി പിടഞ്ഞെഴുന്നേറ്റു…..

ജോയിച്ചാ… ജോയിച്ചാ….. ജെസ്സി ഉറങ്ങി കിടന്നിരുന്ന ജോയിയെ കുലുക്കി വിളിച്ചു…

ജോയിച്ചാ ഒന്ന് എഴുന്നേറ്റേ…

ഉറക്കച്ചടവവോടെ കണ്ണു തിരുമ്മി എഴുന്നേറ്റ ജോയി ഉറക്കം നഷ്ടപ്പെട്ടതിൻ്റെ ദേഷ്യം പുറത്ത് കാണിക്കാതെ മുറിയിലെ ലൈറ്റ് ഇട്ടു.

എന്തോ ദു:സ്വപ്നം കണ്ട് പേടിച്ചിട്ടെന്ന പോലെയുള്ള ജെസ്സിയുടെ ഇരിപ്പ് കണ്ട് ജോയി ജെസ്സിയെ തട്ടി വിളിച്ചു.

എന്താ ജെസ്സി എന്തു പറ്റി സ്വപ്നം വല്ലതും കണ്ടോ?

സ്വപ്നം അല്ല ജോയിച്ചാ ….

പിന്നെ നിനക്ക് എന്താ പറ്റിയെ എന്തെങ്കിലും വയ്യാഴിക ഉണ്ടോ…?

ഇല്ല…. എനിക്കെൻ്റെ മോളെ കാണണം ഇപ്പോ ….ജോയിച്ചൻ എഴുന്നേറ്റേ നമ്മുക്കടൻ പോകണം

നിനക്കെന്താ ഭ്രാന്ത് പിടിച്ചോ ഇപ്പോ സമയം എത്രയായി എന്ന് നിനക്ക് അറിയോ?

സമയം എത്ര ആയാലും കൊള്ളാം എനിക്കിപ്പോ എൻ്റെ മോളെ കാണണം

ഈ പാതിരാത്രിയോ ? നാളെ നേരം വെളുക്കട്ടെ….

പറ്റില്ല എൻ്റെ മോളെ എനിക്കിപ്പോ തന്നെ കാണണം…..

എന്താ ഇപ്പോ നിനക്കിത്ര വാശി അവളിന്നലെയല്ലേ അങ്ങോട്ട് പോയത്….

അറിയില്ല .. ജോയിച്ചാ നമ്മുടെ മോള് ഇങ്ങനെ പതാളത്തിലോട്ട് താഴ്ന്നിറങ്ങി പോകുന്നതു പോലെ ഞാൻ കണ്ടു പിന്നാലെ മോളെ പിടിക്കാനായി ഞാനും എന്നാൽ കുറെ ചെന്നപ്പോൾ എനിക്ക് ശ്വാസം മുട്ടി ഞാനവിടെ നിന്നു എൻ്റെ മോള് അഗാദമായ ഗർത്തത്തിലേക്ക് താഴ്ന്നിറങ്ങി പിന്നെ എനിക്ക് എൻ്റെ മോളെ കാണാൻ പറ്റിയില്ല… കുറെ ആളുകൾ ചുറ്റിനും കൂടി നിൽക്കുന്നുണ്ട് എന്നാൽ ആരും എൻ്റെ മോളെ രക്ഷിച്ചില്ല … എനിക്ക് എൻ്റെ മോളെ കാണണം.. ജോയിച്ചൻ വേഗം എഴുന്നേറ്റേ… ഏങ്ങലടിച്ച് കരഞ്ഞുകൊണ്ട് ജെസ്സി ജോയിയെ തള്ളി….

നീയൊന്ന് ശാന്തമായിക്കേ… ജോയി ജെസ്സിയെ തൻ്റെ നേഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. … നീ ഓരോന്ന് ആലോചിച്ച് കിടന്ന് സ്വപ്നം കണ്ടതാ മോൾക്ക് ഒരാപത്തും സംഭവിച്ചിട്ടില്ല….. നെറ്റിയിൽ കുരിശു വരച്ച് നീ കിടന്നുറങ്ങ് നമുക്ക് നാളെ മോളെ കാണാൻ പോകാം…..

അപ്പോ മോൾക്ക് ആപത്തൊന്നും സംഭവിച്ചിട്ടില്ലന്നാണോ ജോയിച്ചൻ പറയുന്നത് …..എന്നാൽ ജോയിച്ചൻ മോളെയൊന്ന് വിളിച്ചേ.:…

ഇല്ലന്നേ…. അവരിന്ന് മലയാറ്റൂർ പോകുവാന്ന് വിളിച്ചു പറഞ്ഞിട്ടല്ലേ പോയത്…കല്യാണം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞില്ലേ ഇനി അവർ അവരുടെ സ്വാതന്ത്ര്യത്തിന് നടക്കട്ടെ :.. ഇതിനിടയിൽ നമ്മൾ അസമയത്ത് അവരെ വിളിച്ച് ശല്യം ചെയ്യുന്നത് ശരിയാണോ…..

ജോയിച്ചൻ പറഞ്ഞതിലും ശരിയുണ്ടന്ന് തോന്നിയ ജെസ്സി ബെഡിലേക്ക് ചാഞ്ഞു. കൂടെ ജോയിച്ചനും….. ജെസ്സിയെ തൻ്റെ നെഞ്ചോട് ചേർത്തു പിടിച്ച് ആ തോളിൽ തട്ടി കൊണ്ട് …. മുറിഞ്ഞുപോയ ഉറക്കത്തിലേക്ക് ജോയിയും ജെസ്സിയും വഴുതി വീണു……..

പിറ്റേ ദിവസം രാവിലെ നഗരത്തിലെ സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലിലെ ഐസിയുവിൽ കിടക്കുന്ന ആൻവിയ തൻ്റെ കണ്ണുകൾ പതുക്കെ തുറന്നു….. കൈ വിരലുകൾ പതുക്കെ ചലിപ്പിച്ചു….. നേഴ്സിംഗ് കെയർ കൊടുത്തു കൊണ്ടിരുന്ന നേഴ്സ് ഇത് കണ്ട് വേഗം തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിനോട് പറഞ്ഞു

ആൻവിയ കണ്ണു തുറന്നു വേഗം ഡോക്ടറെ വിവരം അറിയിക്ക്…… മറ്റൊരു സ്റ്റാഫ് ഫോണെടുത്ത് ഡോക്ടറെ വിളിച്ചു.. വിവരം പറഞ്ഞു ……

ഉടൻ തന്നെ വിദഗ്ദ്ധ ഡോക്ടർമാർ ഐസിയുവിലെത്തി …..ഈ സമയം ആൻവിയ…. ഞാൻ ഇത് എവിടെയാ എനിക്ക് എന്താ പറ്റിയത്…. ആൻവിയ ചുറ്റിലും കണ്ണോടിച്ചു കൊണ്ട് ഡോക്ടറോട് ചോദിച്ചു….

എവിടെ എൻ്റെ അമ്മ…. അമ്മ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നല്ലോ എനിക്ക് എൻ്റെ അമ്മയെ കാണണം…

റിലാക്സ് റിലാക്സ് ആൻവിയ … അമ്മയെ ഉടനെ കാണിക്കാം ..താൻ ഇപ്പോ ആശുപത്രിയിലെ ഐസിയുവിലാണ്…. തനിക്ക് എന്താ പറ്റിയതെന്ന് ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ?

ആൻവിയ കണ്ണുകളടച്ച് ഓർത്തെടുക്കാൻ ശ്രമിച്ചു…..

എവിടെ എൻ്റെ ജെറി …… ജെറിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ?

ജെറിക്ക് കുഴപ്പം ഒന്നും ഇല്ല തനിക്ക് ജെറിയെ കാണണോ…?

കാണണം എനിക്കെൻ്റെ ജെറിയെ കാണണം ……

സിസ്റ്റർ….. ആൻവിയയുടെ ഹസ്ബൻ്റിനോട് വരാൻ പറയു…..

ഐസിയുവിൻ്റെ വാതിൽ തുറന്ന് നേഴ്സ് പുറത്ത് കാത്തിരുന്ന ജെറിയെ വിളിച്ചു. ജെറി ഐസിയുവിൽ കയറി ആൻവിയയുടെ ബെഡിനടുത്തേക്ക് ചെന്നു.

ജെറിയെ കണ്ട് ആൻവിയ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമായി….

ജെറി ആൻവിയയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു…… ജെറി ഓക്കെ ആണല്ലോ അല്ലേ….

അതെ….. നിറഞ്ഞ കണ്ണുകളോടെ ജെറി തല കുലുക്കി

ജെറി എനിക്ക് അമ്മയെ കാണണം ദാ ഇത്രയും നേരം അമ്മ എൻ്റെ അടുത്തുണ്ടായിരുന്നു … കണ്ണു തുറന്നപ്പോൾ അമ്മയെ കാണാനില്ല…..

നമ്മൾക്ക് ആക്സിഡൻ്റായ വിവരം പപ്പയെയും അമ്മയേയും അറിയിച്ചില്ല …അവരറിഞ്ഞാൽ …. വയ്യാത്ത അമ്മ വിഷമിക്കുമല്ലോ എന്നോർത്തു…..

അമ്മ അറിയാതെ എങ്ങനാ എൻ്റെ അടുത്ത് വന്നതും എൻ്റെ അരികിൽ ഇരുന്ന് മടിയിലൊക്കെ തലോടി എനിക്ക് ഉമ്മ ഒക്കെ തന്നതും…

അതു സ്വപ്നം ആയിരുന്നു മോളെ…. നിനക്ക് ബോധം വന്നല്ലോ ഇനി ഞാൻ പപ്പയെ വിളിച്ച് വിവരം പറയാം……

പക്ഷേ ആൻവിയ വിശ്വസിച്ചില്ല …. അമ്മ തൻ്റെ അരികിൽ വന്നത് സ്വപ്നം ആണന്ന് ജെറി…. വീട്ടിലെ ഡാഡിയും മമ്മയും അറിഞ്ഞോ?

അറിഞ്ഞു അവരെല്ലാവരും പുറത്തുണ്ട്…..

ആൻവിയയുടെ കണ്ണുകളടഞ്ഞു വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.

ഡോക്ടർ….. ജെറി ഡോക്ടറുടെ നേരെ നോക്കി വിളിച്ചു.

ജെറി വരു നമുക്ക് റൂമിൽ ഇരുന്ന് സംസാരിക്കാം….. ആൻവിയയുടെ ചാർട്ട് നേഴ്സിനെ എൽപ്പിച്ചിട്ട് ഡോക്ടർ നടന്നു

ജെറി ഡോക്ടർക്ക് പിന്നാലെ ഡോക്ടറുടെ മുറിയിലേക്ക് നടന്നു….. മുറിയിലെത്തി ഡോക്ടർ തൻ്റെ ചെയറിലേക്ക് ഇരുന്നു കൊണ്ട് ജെറിയോട് ഇരിക്കാൻ പറഞ്ഞു….. ഡോക്ടറുടെ എതിർ വശത്തിത്തായുള്ള ചെയറിൽ ഇരുന്നു കൊണ്ട് ജെറി തൻ്റെ ഫോണെടുത്ത് ഡയൽ ചെയ്ത് ചെവിയോട് ചേർത്തു വെച്ചു….

ഡോക്ടർ … ഞാൻ എൻ്റെ ചേട്ടനോടും കൂടി ഇങ്ങോട്ട് വരാൻ പറയട്ടെ….

പറഞ്ഞോളു ….. പക്ഷേ താങ്കൾ ഇനി പേടിക്കേണ്ടതില്ല. ആൻ വിയ അപകടനില തരണം ചെയ്തു…….

താങ്ക്സ് ഗോഡ് ….താങ്ക്സ് ഡോക്ടർ….

എൻ്റെ കഴിവല്ല ജെറി…. എന്തോ മിറക്കിൾ സംഭവിച്ചിരിക്കുന്നു……..

ആ സമയത്താണ് ജെറിയുടെ ചേട്ടൻ റൂമിലേക്ക് പ്രവേശിച്ചത്

ഇതെൻ്റെ ചേട്ടൻ പേര് ഡോക്ടർ ജെസ്റ്റിൻ ഫിസിഷ്യനാണ്….. രാവിലെയാണ് എത്തിയത് ആൻവിയയുടെ വിവരം ഡോക്ടർ പറഞ്ഞതെല്ലാം ഞാൻ ചേട്ടനെ അറിയിച്ചു….

ജെസ്റ്റിൻ ഡോക്ടർ ഹരിലാലിന് ഷെയ്ക്ക് ഹാൻഡ് നൽകിയതിന് ശേഷം തൻ്റെ ഇരിപ്പടത്തിലേക്ക് ഇരുന്നു …..

ഡോക്ടർ ഹരിലാൽ ഫോണെടുത്ത് ആരെയോ വിളിച്ചതിന് ശേഷം ഡോക്ടർ ജെസ്റ്റിന് നേരെ തിരിഞ്ഞു….

ഡോക്ടർ ആൻവിയയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്…..?

ഡോക്ടർ ജെസ്റ്റിൻ എനിക്കൊന്നും മനസ്സിലാകുന്നില്ല…. ഇന്നലെ ആൻവിയയെ ഇവിടെ കൊണ്ടുവന്നപ്പോൾ അവസ്ഥ വളരെ മോശമായിരുന്നു. തലയോട്ടിക്ക് പൊട്ടൽ പറ്റി ഇൻ്റേണൽ ബ്ലീ ഡിംഗ് ആയിരുന്നു….. മരുന്നുകളോട് പ്രതികരിക്കുന്നില്ല…ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. … ഇന്ന് ബ്രെയിൻ ഡെത്ത് സ്ഥികരിക്കാൻ ഇരിക്കുകയായിരുന്നു…… എന്തോ മിറക്കിൾ സംഭവിച്ചിരിക്കുന്നു…..എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല…… ചിലപ്പോൾ നിങ്ങളുടെ പ്രാർത്ഥനയാകാം………

ഡോക്ടർ പറഞ്ഞതു കേട്ട് ജെറി തരിച്ചിരിക്കുകയാണ് …..

ആ സമയത്താണ് മുറിയുടെ വാതിൽ തുറന്ന് കുറെ ഫയലുകൾ തൻ്റെ മാറോട് ചേർത്തു പിടിച്ചു കൊണ്ട് ഒരു നേഴ്സ് മുറിയിലേക്ക് വന്നത് ഡോക്ടർ ഹരിലാലിൻ്റെ മേശപ്പുറത്ത് ഫയലുകൾ വെച്ച് നേഴ്സ് മടങ്ങിപ്പോയി…..

ഡോക്ടർ ജെസ്റ്റിൻ ഇതാണ് ആൻവിയയുടെ റിസൽട്ടുകൾ അടങ്ങിയ ചാർട്ട് നേഴ്സ് കൊണ്ടുവന്നു വെച്ച ഫയലുകൾ തുറന്ന് നോക്കിയതിന് ശേഷം ഡോക്ടർ ഹരിലാൽ ജസ്റ്റിൻ്റെ മുന്നിലേക്ക് ആ ഫയലുകൾ നീക്കി വെച്ചു കൊടുത്തു.

ജസ്റ്റിൻ ചാർട്ട് വിശദമായി പരിശോധിച്ചും സ്കാനിംഗ് റിപ്പോർട്ടുകൾ മറിച്ചു നോക്കിയും കുറച്ചു നേരം ഇരുന്നു…….

അതെ ഡോക്ടർ….. ആൻവിയയുടെ കാര്യത്തിൽ എന്തോ മിറക്കൾ സംഭവിച്ചിരിക്കുന്നു….. ഇനി പേടിക്കേണ്ടതായി ഒന്നും ഇല്ലന്ന് തോന്നുന്നു അല്ലേ ഡോക്ടർ…..

ഇനി ട്രീറ്റ്മെൻ്റ് ആരംഭിക്കാം ഇന്നൊന്നു കൂടി സ്കാൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്….റിസൽട്ട് വന്നു കഴിയുമ്പോൾ ഞാൻ ഡോക്ടറെ അറിയിക്കാം….. അപകടനില തരണം ചെയ്തു കഴിഞ്ഞു ഇനി പേടിക്കേണ്ടതില്ല. ധൈര്യമായിരിക്ക് പ്രാർത്ഥനയോടെ….:

എന്നാൽ ശരി ഡോക്ടർ ഞങ്ങളിറങ്ങുന്നു ജസ്റ്റിനും ജെറിനും എഴുന്നേറ്റ് ഡോക്ടർക്ക് ക്ഷേയ്ക്ക് ഹാൻസ് നൽകി പുറത്തേക്ക് നടന്നു…….

ഇനി ആൻവിയയുടെ പപ്പയെ വിളിച്ച് വിവരം പറ…. അവരു വരട്ടെ ആൻവിയക്ക് സന്തോഷമാകും അവരെ കണ്ടു കഴിയുമ്പോൾ ജെസ്റ്റിൻ ജെറിനോടായി പറഞ്ഞു……

ജെറിൻ ജീൻസിൻ്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ആൻവിയയുടെ പപ്പയുടെ നമ്പർ സേർച്ച് ചെയ്തു കൊണ്ടിരിക്കുമ്പോളാണ് ജെറിൻ്റെ ഫോണിലേക്ക് സേവ് ചെയ്യാത്ത നമ്പറിൽ നന്ന് കോൾ വന്നത്…. അപകടവിവരം അറിയാൻ ആരെങ്കിലും വിളിച്ചതാവാം എന്നു കരുതി ജെറി ആ കോൾ കട്ട് ചെയ്തു…. എന്നാൽ ഉടൻ തന്നെ ആ നമ്പറിൽ നിന്നും വീണ്ടും കോൾ വന്നു. ഈർഷ്യയോടെ ജെറി ആ കോളെടുത്ത് ചെവിയോട് ചേർത്തു വച്ചു. മറുതലയ്ക്കൽ നിന്നു കേട്ട വാർത്ത കേട്ട് ജെറി നടുങ്ങി പോയി…. ഒരാശ്രയത്തിനെന്നോണം ജെറി ജെസ്റ്റിൻ്റെ തോളിൽ അമർത്തി പിടിച്ചു…..

എന്താ ജെറി എന്തു പറ്റി….. ആരാ വിളിച്ചത്….

വിയർത്തു കുളിച്ചു നിൽക്കുന്ന ജെറിയെ കണ്ട് ജെസ്റ്റിൻ ചോദിച്ചു.

വിറയാർന്ന ശബ്ദത്തിൽ ജെറി ജെസ്റ്റിനെ വിവരം ധരിപ്പിച്ചു…… ജെറി പറഞ്ഞതു കേട്ട് ജസ്റ്റിനും ഞെട്ടി …. ജെറിയെ പിടിച്ച് അടുത്ത് കണ്ട കസേരയിലേക്കിരുത്തി….

വിഷമിക്കല്ലേ മോനെ….. നമുക്ക് എന്താന്നു വെച്ചാൽ ഉടൻ ചെയ്യാം…… ജെറിയെ തൻ്റെ ദേഹത്തോട് ചേർത്തു പിടിച്ചു കൊണ്ട് ജസ്റ്റിൻ പുറത്ത് തലോടികൊണ്ട് പറഞ്ഞു….. ജെറി ഏങ്ങലടിച്ച് കരഞ്ഞുകൊണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ ജസ്റ്റിനെ കെട്ടിപ്പടിച്ചു……

വിവരം അറിഞ്ഞ് ഓരോരുത്തർ ജെറിൻ്റെ അടുത്തേക്കെത്തി കൊണ്ടിരുന്നു…..

********************

ആക്സിഡൻ്റ് ഉണ്ടായതിന് ഒരു മാസങ്ങൾക്ക് ശേഷം ജെറി പൂക്കടയിൽ നിന്ന് ഒരു പൂഞ്ചെണ്ടും വാങ്ങി കൊണ്ട് യാത്ര തിരിച്ചു…… ഡ്രൈവിംഗിനിടയിൽ ഓരോന്ന് ഓർത്ത് ജെറിയുടെ കണ്ണുകൾ നിറഞ്ഞു….

പപ്പയുടെയും അമ്മയുടെയും ഏകമകളായിരുന്നു ആൻവിയ….. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ആൻവിയയെ ചോദിച്ച് ഡാഡിക്കും മമ്മക്കും ഒപ്പം മടിയോടെയാണ് ചെന്നത് ….. കാരണം ആൻവിയയുടെ വീട്ടുകാർ ഒരു സാധാരണക്കാർ ആയിരുന്നു… അതറിയുമ്പോൾ ഡാഡിയും മമ്മയും വിവാഹത്തിന് സമ്മതിക്കുമോ എന്നൊരു ഭയമുണ്ടായിരുന്നു….. ഡാഡി കോളേജ് പ്രൊഫസർ മമ്മ ഹയർ സെക്കണ്ടറി അദ്ധ്യാപിക ചേട്ടൻ ഡോക്ടർ …ഇളയ മകനായ ഞാൻ സി എ പഠിച്ച് വിദേശത്തേക്ക് പോകാൻ കാത്തിരിക്കുന്നു. പോകുന്നതിന് മുൻപ് എൻ്റെ വിവാഹം നടത്തണം എന്ന് മമ്മക്ക് വാശി…. ..ആൻവിയയെ അല്ലാതെ മറ്റൊരു പെൺകുട്ടിയെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല തനിക്ക് ‘……. മമ്മയാണങ്കിൽ ഊർജിതമായി മകന് പെണ്ണ് ആലോചനയും …. രണ്ടും കൽപ്പിച്ച് ആൻവിയയെ കുറിച്ച് മമ്മയോട് പറഞ്ഞു….. അങ്ങനെ പെണ്ണു കണ്ടു ഒറ്റ കാഴ്ചയിൽ തന്നെ മമ്മക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടു. ആൻവിയ സിഎ യ്ക്ക് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിവാഹ ശേഷം പഠിക്കാൻ പോകാം എന്ന് തീരുമാനത്തിൽ വിവാഹം നടന്നു….. …..പഠന തിരക്കിനിടയിലും ആഴ്ച്ചയിൽ ഒരിക്കൽ പപ്പയെയും അമ്മയേയും കാണാൻ പോകും ….അപകടം ഉണ്ടാകുന്നതിൻ്റെ തലേന്നും കൂടി പോയിട്ടു വന്നതാണ് മലയാറ്റൂരിലേക്ക് തീർത്ഥയാത്ര പോകണം എന്ന് ആൻവിയക്ക് ആയിരുന്നു ആഗ്രഹം പോയിട്ടു മടങ്ങും വഴിയാണ് അപകടം ഉണ്ടായത്…. എതിരെ വന്ന ലോറി വന്നിടിച്ചു……….’ ജെറി ആ ഓർമ്മയിൽ ഒന്നു നടുങ്ങി വിറച്ചു…..

ജെറിയുടെ കാർ പള്ളിമുറ്റത്ത് വന്നു നിന്നു വാങ്ങിയ പൂഞ്ചെണ്ടുമെടുത്ത് ഡോർ തുറന്ന് ഇറങ്ങി…… മുൻ സീറ്റിലെ ഡോർ തുറന്ന് ഇറങ്ങിയ ആളുടെ നേരെ പൂചെണ്ട് നീട്ടികൊണ്ടു പറഞ്ഞു വാ…..

സെമിത്തേരിയിലെ പുതിയതായി നിർമ്മിച്ച കല്ലറയുടെ മുന്നിലെത്തി കല്ലറക്ക് മുകളിലായി പൂച്ചെണ്ടു വെച്ചു തിരികൾ കത്തിച്ചു …. കല്ലറയിൽ എഴുതിയിരിക്കുന്ന സ്വർണ്ണ ലിപിയിലൂടെ കണ്ണോടിച്ചു…. ജെസ്സിജോയി….. ആൻവിയ തൻ്റെ കണ്ണുകൾ ഇറുകെ അടച്ച് കൈത്തലം കൊണ്ട് മുഖം പൊത്തി ഏങ്ങലടിച്ച് കരഞ്ഞു…… ജെറി ആൻവിയയെ ചേർത്തു പിടിച്ചു………

തനിക്ക് എപ്പോഴും ഇഷ്ടം പപ്പയോട് ആയിരുന്നു തൻ്റെ ഇഷ്ടങ്ങളെല്ലാം നടത്തി തരുന്നത് പപ്പയായിരുന്നു അമ്മക്ക് എപ്പോഴും ദേഷ്യം ആയിരുന്നു… അമ്മ കുറെ നാളായി ഹൃദരോഗിയായിരുന്നു അതിൻ്റെ അസ്വസ്ഥതകൾ ആയിരിക്കണം ദേഷ്യത്തിന് കാരണം….. അമ്മയുടെ ദേഷ്യം കാണുമ്പോൾ താൻ എപ്പോഴും പരാതി പറയും .: അമ്മക്ക് തന്നോട് സ്നേഹം ഇല്ലന്ന് .അന്ന് അമ്മ പറയും ഒരിക്കൽ നിനക്ക് മനസ്റ്റിലാകും ഞാൻ എത്ര മാത്രം നിന്നെ സ്നേഹിച്ചിരുന്നു എന്ന്…… ആൻവിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…..

താൻ മരണത്തോട് മല്ലടിച്ച് കിടന്നപ്പോൾ തൻ്റെ ബെഡിനരികിൽ വന്നിരുന്ന് അമ്മയുടെ ജീവൻ പകർന്നു നൽകി തനിക്കൊരു പുതുജീവനേകി… താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആ നിമിഷം അമ്മയുടെ ജീവൻ പൊലിഞ്ഞു…..പ്രാണനായി കണ്ട മകൾക്ക് സ്വന്തം ജീവൻ നൽകി ഈ ലോകത്തോട് വിട പറഞ്ഞു തൻ്റെ അമ്മ……

അമ്മേ …. അമ്മ ഇത്രമാത്രം ഈ മകളെ സ്നേഹിച്ചിരുന്നോ…. അറിഞ്ഞില്ലമ്മേ ഈ മകൾ ആ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച സ്നേഹം…..

ഒരിക്കൽ ജീവൻ പകുത്തു നൽകി ജന്മം തന്നു…. ദാ ഇപ്പോ ജീവൻ മുഴുവനായി തന്നു….. ആൻവിയ മുട്ടുകൾ മടക്കി കല്ലറയ്ക്ക് മുന്നിൽ മുട്ടുകുത്തി നിന്നു……

ആ നിമിഷം എവിടെ നിന്നോ ഒരിളം കാറ്റ് ആൻവിയയെ തഴുകി കടന്നു പോയി……

അവസാനിച്

ഇതിലെത്ര മാത്രം ലോജിക്ക് ഉണ്ടന്ന് ഒന്നും അറിയില്ല വെറുതെ മനസ്സിലേക്ക് വന്ന ആശയം എഴുതി എന്നു മാത്രം

അഭിപ്രായം പറയാൻ മറക്കരുത്