രചന : അപ്പു
:::::::::::::::::::::::
” എടി നീ അറിഞ്ഞോ മനു ഇവിടെയുണ്ട്.. “
റൂമിലേക്ക് കയറി വന്ന കൂട്ടുകാരി ആവേശത്തോടെ പറയുമ്പോൾ അവൾ പറഞ്ഞ വാക്കുകളിൽ തറഞ്ഞിരുന്നു പോവുകയായിരുന്നു നിമ.
” നീ വെറുതെ പറയുന്നതല്ലേ..?”
ഒരു പകപ്പു മാറിക്കഴിഞ്ഞപ്പോൾ അവളോട് ചോദിച്ചു. പക്ഷേ അവൾ നോക്കി കണ്ണുരുട്ടുകയാണ് ചെയ്തത്.
“എനിക്കെന്താ അവനെ കണ്ടാൽ തിരിച്ചറിയാൻ പറ്റില്ല..?”
ഇടുപ്പിൽ കൈകൾ ഊന്നിക്കൊണ്ട് ഗൗരവത്തോടെ അവൾ ചോദിക്കുമ്പോൾ മറുപടിയില്ലാതെ ഞാൻ തല കുനിച്ചു.
“നിന്നെ അവൻ കണ്ടിരുന്നോ..?”
പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചപ്പോൾ കൂട്ടുകാരി അത്ഭുതത്തോടെ നോക്കിക്കൊണ്ട് നിമയ്ക്ക് അടുത്തേക്ക് വന്നിരുന്നു.
“എന്നെ കണ്ടില്ല.അഥവാ കണ്ടാൽ തന്നെ നീ എന്തിനാണ് ഭയക്കുന്നത്..? നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അവനിൽ നിന്ന് ഓടി ഒളിക്കുന്നത്..?”
കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് ആ കൂട്ടുകാരി ചോദിക്കുമ്പോൾ അവളോട് പറയാൻ മറുപടിയുണ്ടായിരുന്നില്ല.
” നിങ്ങൾക്കിടയിൽ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. അല്ലെങ്കിൽ പിന്നെ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയ അവനെ കാണുമ്പോൾ നീ ഇങ്ങനെ മറഞ്ഞു നിൽക്കേണ്ട കാര്യമില്ലല്ലോ..!അതെന്താണെന്ന് ഞാൻ ചോദിക്കുന്നില്ല.നിനക്ക് നിന്റേതായ പ്രൈവസി ഉണ്ടായിരിക്കുമല്ലോ. അഥവാ നിന്നെക്കൊണ്ട് ഒറ്റയ്ക്ക് ഹാൻഡിൽ ചെയ്യാൻ പറ്റാത്ത എന്തെങ്കിലും വിഷയങ്ങൾ ആണെങ്കിൽ അത് എന്നോട് പറയാൻ നീ മടിക്കേണ്ട. എന്നിൽ നിന്ന് മറ്റൊരാളും അത് അറിയാൻ പോകുന്നില്ല. “
നിമയെ ആശ്വസിപ്പിക്കുന്നത് പോലെ പറഞ്ഞു കൊണ്ട് ആ കൂട്ടുകാരി അവിടെ നിന്ന് എഴുന്നേറ്റ് തന്റെ മുറിയിലേക്ക് നടന്നു.
അത് നോക്കിക്കൊണ്ട് നിമ ഒന്നു നെടുവീർപ്പിട്ടു.
ഹിമ അതാണ് അവളുടെ പേര്.നാട്ടിൽ നിന്ന് ഒരു ഒളിച്ചോട്ടം തന്നെയായിരുന്നു ഈ നഗരത്തിലേക്ക്. ഇവിടേക്ക് വരുമ്പോൾ ഉണ്ടായ ഒരേയൊരു പ്രതീക്ഷ ഇവൾ ആയിരുന്നു.
കോളേജിൽ പഠിക്കുന്ന സമയത്ത് ഞാനും അവളുമായി അധികം അടുപ്പം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇങ്ങനെ ഒരു ആവശ്യവുമായി അവളുടെ മുന്നിലേക്ക് വന്നപ്പോൾ ഇരുകൈയും നീട്ടി അവൾ തന്നെ സ്വീകരിച്ചു. അത് ആ സമയത്ത് വല്ലാത്തൊരു ആശ്വാസം തന്നെയായിരുന്നു.
അവൾ തന്നെയാണ് ഒരു ജോലിക്ക് വേണ്ടി സഹായിച്ചത്. ഇപ്പോൾ എല്ലാ ദിവസവും ജോലിക്ക് പോകുന്നുണ്ട്. ജോലിയും വീടും ആയി യാന്ത്രികമായ ഒരു ജീവിതമാണ് ഇപ്പോൾ തന്റേത്.
ഇന്നുവരെ ഹിമ തന്നോടു ഒരിക്കൽ പോലും ചോദിച്ചിട്ടില്ല എന്തിനാണ് താൻ ആ നാട്ടിൽ നിന്ന് പോന്നതെന്ന്.. വീട്ടിൽ എല്ലാവരെയും വിളിച്ചു സംസാരിക്കുമ്പോഴും മനുവിനെ മാത്രം ഒഴിവാക്കിയത് എന്തിനാണെന്ന് അവൾ ഒരിക്കലും തന്നോട് അന്വേഷിച്ചിട്ടില്ല.
ആത്മാർത്ഥ സുഹൃത്തുക്കളായ ഞങ്ങൾ തമ്മിൽ സംസാരിക്കാതെ ഇരിക്കുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ എന്തെങ്കിലും കാരണം ഉണ്ടായിരിക്കും എന്ന് അവൾക്ക് അറിയാമായിരുന്നു.
മാസങ്ങൾക്ക് ശേഷം ഇപ്പോഴാണ് മനു എന്നൊരു പേര് ഞങ്ങൾക്കിടയിലേക്ക് കടന്നു വരുന്നത്. അത് ഒരു വെറും വരവല്ല എന്ന് തനിക്കറിയാം. താനീ നഗരത്തിൽ ഉണ്ടെന്നറിഞ്ഞിട്ട് തന്നെയായിരിക്കണം അവൻ ഇവിടേക്ക് വന്നത്.
അല്ലെങ്കിലും ഒരുപാട് കാലമെന്നും ഇത് അവനിൽ നിന്നും മറച്ചു വെക്കാൻ കഴിയും എന്ന് താൻ കരുതിയിട്ടില്ല.അച്ഛനോ അമ്മയോ അവനോട് പറഞ്ഞിട്ടുണ്ടാകണം.
അവൻ വന്നത് ഇനി കല്യാണത്തിന് ക്ഷണിക്കാൻ ആയിരിക്കും..!!
അതോർക്കവേ താൻ പോലും അറിയാതെ തന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് നിസ്സഹായതയോടെയാണ് നിമ കണ്ടത്.
അവൾ ഒരു നിമിഷം തന്റെ കഴിഞ്ഞ കാലത്തേക്ക് ഒന്ന് എത്തിനോക്കി.
താനും മനുവും ഇണ പിരിയാത്ത ചങ്ങാതിമാർ ആയിരുന്നു. അടുത്തടുത്ത് വീടുകളിൽ താമസമായത് കൊണ്ട് തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് യാതൊരു വിധത്തിലുള്ള അതിരുകളും ഉണ്ടായിരുന്നില്ല.
ഞങ്ങളുടെ രക്ഷിതാക്കളും തമ്മിൽ നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. രണ്ടുപേർക്കും രണ്ടു വീട്ടിലും ആവശ്യത്തിലധികം സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് തന്നെ പറയാം.പക്ഷേ അത് ഒരിക്കൽ പോലും ഞങ്ങൾ മുതലെടുത്തിട്ടില്ല.
കുട്ടിക്കാലം മുതലുള്ള സുഹൃത്ത് ആയതുകൊണ്ട് തന്നെ എന്നെക്കുറിച്ച് എല്ലാ കാര്യങ്ങളും അവന് അറിയാവുന്നതാണ്.അതുപോലെ തന്നെയാണ് തനിക്കും.
ഇരട്ടക്കുട്ടികൾ ഒന്നും സയാമീസ് ഇരട്ടകൾ എന്നും ഒക്കെയാണ് സ്കൂളിൽ ഞങ്ങളെ വിളിച്ചിരുന്നത്. അത് പരസ്യമായും രഹസ്യമായും ഞങ്ങൾ ആസ്വദിച്ചിരുന്നതാണ്.
പക്ഷേ എപ്പോഴാണ് അവനോടുള്ള എന്റെ സൗഹൃദത്തിന്റെ നിറം മാറിയത് എന്നെനിക്കറിയില്ല.അവനോട് സൗഹൃദത്തിനപ്പുറം മറ്റൊരു ഭാവം എന്നിൽ ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞത് ഞാൻ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയായ സമയത്താണ്.
അവൻ മറ്റു പെൺകുട്ടികളോട് ഇടപെടുന്നതോ അവരോട് സൗഹൃദം സ്ഥാപിക്കുന്നത് ഒന്നും എനിക്ക് സഹിക്കാൻ കഴിയാത്ത കാര്യങ്ങളായി മാറി. അവൻ എന്നോടല്ലാതെ മറ്റാരോട് അടുപ്പം കാണിച്ചാലും എന്തെന്നില്ലാതെ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വരാൻ തുടങ്ങി.
എന്റെ ഭാവമാറ്റങ്ങൾ അവന് മനസ്സിലായിരുന്നു എന്ന് പോലും എനിക്ക് ഇന്നും നിശ്ചയം ഇല്ല.
എന്തു തന്നെയായാലും എന്റെ മനസ്സ് ഞാൻ അവനു മുന്നിൽ ഒളിപ്പിച്ചു വെച്ചു. അവൻ ഒരിക്കലും എന്നിൽ നിന്ന് കാര്യങ്ങൾ ഒന്നും അറിയരുത് എന്ന് ഒരു നിർബന്ധം എനിക്കുണ്ടായിരുന്നു. എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ തുറന്നു പറയാം എന്ന് കരുതി.
അങ്ങനെ ഞങ്ങൾ ഡിഗ്രി ക്ലാസിൽ എത്തി.അവിടെയും ഞങ്ങൾ ഒന്നിച്ചു തന്നെയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ..!
ഒന്നിച്ച് തന്നെയായിരുന്നു കോളേജിൽ പോകുന്നതും വരുന്നതും ഒക്കെ. പക്ഷേ ഇത്തവണ ഒരു വ്യത്യാസമുണ്ടായിരുന്നു. അവനും ഞാനും രണ്ടു കോഴ്സുകളാണ് പഠിക്കാനായി തെരഞ്ഞെടുത്തത്.
ചിലപ്പോഴൊക്കെ ക്ലാസ് ടൈമുകളുടെ വ്യത്യാസത്തിന് അനുസരിച്ച് ഒരുമിച്ചുള്ള പോകുവരവുകളും ഇല്ലാതെയായി തുടങ്ങി. കോളേജിൽ ആയതോടെ അവൻ സ്പോർട്സിനും മറ്റും ആക്റ്റീവ് ആയി തുടങ്ങി. അതോടെ വൈകുന്നേരം കളിലും ചിലപ്പോൾ അവനെ കാണാൻ കിട്ടാറില്ല.
ഞങ്ങൾ തമ്മിലുള്ള അടുപ്പത്തിന് കുറവ് സംഭവിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ മറുപടി പറയാം.
അങ്ങനെയിരിക്കെ ഒരു അവധി ദിവസം അവന്റെ വീട്ടിലേക്ക് പോയതാണ് ഞാൻ.എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് ഒരു ധാരണ എനിക്കുണ്ടായിരുന്നു. ഞാൻ ചെല്ലുമ്പോൾ എന്തൊക്കെയോ ചിന്തിച്ചു കിടക്കുകയായിരുന്നു അവൻ.
അവനെ ചെന്ന് വിളിച്ച് എഴുന്നേൽപ്പിക്കുമ്പോൾ അവൻ അമ്പരപ്പോടെ എന്നെ നോക്കി.
” നീ എന്താടി ഈ സമയത്ത് ഇവിടെ..? “
അവൻ ചോദിച്ചപ്പോൾ കുസൃതിയോടെ ഞാൻ അവനെ നോക്കി ചിരിച്ചു.
” അല്ല നീ ഇപ്പോൾ ദിവാസ്വപ്നം ഒക്കെ കാണാൻ തുടങ്ങിയോ..? ഞാൻ വരുമ്പോൾ എന്തൊക്കെയോ സ്വപ്നം കണ്ടു ചിരിക്കുന്നുണ്ടായിരുന്നല്ലോ. “
അവനോട് അങ്ങനെ ചോദിക്കുമ്പോഴും അരുതാത്തതൊന്നും അവൻ പറയരുത് എന്നൊരു ചിന്തയായിരുന്നു എന്റെ മനസ്സിൽ.
” അങ്ങനെ ചോദിച്ചാൽ ഞാൻ നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു. എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. ഞാനിതു വരെ ആളോട് തുറന്നു പറഞ്ഞിട്ട് ഒന്നുമില്ല. നീയല്ലേ എന്റെ ബെസ്റ്റ് ഫ്രണ്ട്.. അപ്പോൾ ആദ്യം നിന്നോട് പറയാം എന്നു കരുതി. എന്നിട്ട് നിന്റെ അഭിപ്രായം അറിഞ്ഞിട്ട് ആ കുട്ടിയോട് പറയാം.”
അവൻ അത് പറയുമ്പോൾ ഒരു നിമിഷം തന്റെ ഹൃദയം നിലച്ചു പോകുന്നതു പോലെയാണ് തനിക്ക് തോന്നിയത്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ. എന്നിട്ടും തന്റെ ഭാവമാറ്റങ്ങൾ അവൻ അറിയാതിരിക്കാൻ പരമാവധി ശ്രമിച്ചു.
” നിനക്ക് ഇഷ്ടമാണെങ്കിൽ നിനക്ക് പോയി തുറന്നു പറഞ്ഞു കൂടെ..? അതിൽ ഞാൻ എന്ത് അഭിപ്രായം പറയാനാണ്. നിന്റെ ജീവിതം നിന്റെ ഇഷ്ടം ആണല്ലോ.. “
അവനോട് അതും പറഞ്ഞു അധിക സമയം പിന്നീട് അവിടെ നിൽക്കാതെ വീട്ടിലേക്ക് തിടുക്കത്തിൽ തന്നെ മടങ്ങി പോരുകയായിരുന്നു.
അവന് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് ആലോചിക്കും തോറും തല പെരുക്കുന്നത് പോലെയാണ് തോന്നിയത്. അവൻ തന്റെ മുന്നിലൂടെ മറ്റൊരു പെൺകുട്ടിയോടൊപ്പം ജീവിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ മനസ്സ് കൈവിട്ടു പോകുന്നുണ്ട്.
പരീക്ഷകൾ കഴിയുന്നതു വരെ അവന്റെ കണ്ണിൽ പെടാതെ എങ്ങനെയൊക്കെയോ ആണ് അവിടെ പിടിച്ചു നിന്നത്. ഒരു ദിവസം വൈകുന്നേരം വീട്ടിലേക്ക് കയറി വന്നു കൊണ്ട് അവൻ പറഞ്ഞു പിറ്റേന്ന് ആ പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുമെന്ന്. അവന്റെ കണ്ണിലെ തിളക്കവും സന്തോഷവും കണ്ടപ്പോൾ എനിക്ക് ആകെ വല്ലായ്മ തോന്നി.
അവന്റെ സന്തോഷം അതാണെങ്കിൽ ഞാൻ അതിനു തടസ്സം നിൽക്കുന്നത് ശരിയല്ല എന്ന് തോന്നി. അതേസമയം ആ കാഴ്ചകൾ ഒന്നും കണ്ടു നിൽക്കാനുള്ള ശക്തി തനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവിടെ നിന്ന് വിട പറഞ്ഞു ഈ നഗരത്തിലേക്ക് ചേക്കേറിയത്.
പിറ്റേന്ന് ഓഫീസ് വിട്ട് പുറത്തേക്ക് വരുമ്പോൾ എന്നെ കാത്തു എന്ന പോലെ മനു പുറത്തു നിൽക്കുന്നുണ്ടായിരുന്നു.അവനെ കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്തു കാണിക്കാതെ സൗഹൃദത്തോടെ തന്നെ അവനോട് ഇടപെട്ടു.
കോഫി ഷോപ്പിൽ ടേബിളിന്റെ രണ്ട് വശത്തുമായി ഇരിക്കുമ്പോൾ അവൻ എന്റെ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്ന് തോന്നി.
“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. കുറെ നാളായി നിന്നോട് പറയണം എന്ന് ഞാൻ ആഗ്രഹിച്ചു നടന്ന ഒരു കാര്യം. ഐ ലവ് യു.. ഇത് നിന്നോട് പറയാൻ ഞാൻ ശ്രമിക്കുന്ന ഓരോ നിമിഷവും നീ എന്നിൽ നിന്ന് അകന്നു നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. നിനക്ക് എന്നെ ഇഷ്ടമല്ലാത്തതു കൊണ്ടാണെങ്കിൽ അത് തുറന്നു പറഞ്ഞാൽ മതി. ഒരിക്കലും ഞാൻ ഒരു ശല്യമായി മുന്നിലേക്ക് വരില്ല.”
അവൻ പറയുമ്പോൾ അവൻ സ്നേഹിച്ചിരുന്ന പെൺകുട്ടി ഞാനായിരുന്നു എന്ന് അറിയുമ്പോൾ വല്ലാത്ത ഒരു കുറ്റബോധം തോന്നി. ഞാൻ അവിടെ നിന്ന് ഓടി ഒളിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ഒരുപക്ഷേ ഞങ്ങൾ കമിതാക്കളെ പോലെ നടക്കേണ്ട സമയമായിരുന്നു.
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് വേഗത്തിൽ അവൻ അടുത്തേക്ക് ചെന്ന് അവനെ കെട്ടിപ്പിടിക്കുമ്പോൾ എന്റെ ഹൃദയം അവനോട് സംസാരിക്കുന്നുണ്ടായിരുന്നു. എന്റെ ആ ഭാവത്തിൽ നിന്ന് എന്തൊക്കെയോ അവൻ ഊഹിച്ചെടുത്തതു കൊണ്ടായിരിക്കണം കൂടുതൽ ചോദ്യങ്ങൾ ഒന്നുമില്ലാതെ എന്നെ അവനിലേക്ക് ചേർത്തു പിടിച്ചത്.
✍️ അപ്പു