രചന: അപ്പു
::::::::::::::::::::::::
വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ തന്റെ വരനെ കാത്ത് മുറിയിൽ ഇരിക്കുകയായിരുന്നു ലക്ഷ്മി. പുറത്ത് അയാളും സുഹൃത്തുക്കളും കൂടി മദ്യപിക്കുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും ശബ്ദ കോലാഹലങ്ങൾ മുറിയിൽ കേൾക്കാമായിരുന്നു.
ജനലിന്റെ ഓരത്ത് ചെന്ന് താഴേക്ക് എത്തിനോക്കിയപ്പോൾ മുറ്റത്ത് ആരൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ബഹളം വയ്ക്കുന്നതും ഒക്കെ കേൾക്കാൻ ഉണ്ടായിരുന്നു. അവൾക്ക് ആകെപ്പാടെ ഒരു മടുപ്പ് തോന്നി.
ഈ സമയം തറവാട്ടിൽ ആയിരുന്നെങ്കിൽ എന്തൊക്കെ ആഘോഷങ്ങൾ ഉണ്ടാകുമായിരുന്നു. ചുറ്റും ആളുകൾ ആയിരുന്നേനെ. ഇവിടെ തനിക്ക് മനസ്സു തുറന്നു സംസാരിക്കാൻ പോലും ഒരാളുമില്ല.
നിരാശയോടെ അവൾ നെടുവീർപ്പെട്ടു.
അച്ഛനും അമ്മയ്ക്കും താൻ ഒരേയൊരു മകൾ ആണെങ്കിലും തറവാട്ടിലെ മറ്റുള്ള അംഗങ്ങളും കുട്ടികളും ഒക്കെ ആകുമ്പോൾ വലിയ ഒരു അംഗസംഖ്യ തന്നെ തറവാട്ടിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കൽപോലും ഒറ്റയ്ക്ക് ഇരിക്കേണ്ടതിന്റെയോ നടക്കേണ്ടതിന്റെയോ ആവശ്യം തനിക്ക് വന്നിട്ടില്ല.
എല്ലായിപ്പോഴും ചുറ്റും ആരെങ്കിലും ഒക്കെ ഉണ്ടാകുമായിരുന്നു.
ഇന്നലെ കല്യാണത്തിന്റെ തലേരാത്രിയിൽ എന്തൊക്കെ ആഘോഷങ്ങൾ ആയിരുന്നു..! ആട്ടവും പാട്ടും ബഹളവും ഒക്കെയായി ഉറങ്ങിയത് എപ്പോഴാണെന്ന് പോലും ഓർമ്മയില്ല. താൻ മാത്രമല്ല ഇന്നലെ ആ വീട്ടിൽ ആരും ഉറങ്ങിയിട്ടില്ല.
അല്ലെങ്കിലും കല്യാണത്തിന്റെ ഡേറ്റ് എടുത്തതു മുതൽ വീട്ടിൽ എല്ലാവർക്കും ഒരു സങ്കടം മുന്നിട്ട് നിൽക്കുന്നുണ്ടായിരുന്നു. ഞാനാ വീട്ടിൽ നിന്ന് അകലേക്ക് പോകുന്നു എന്നൊരു ചിന്ത എല്ലാവർക്കും ഉണ്ടായിരുന്നു.
എങ്കിലും തനിക്ക് തരാനുള്ളതും ചെയ്തു തരാൻ ഉള്ളതും ഒക്കെ അവർ കൃത്യമായി തന്നെ ചെയ്തിട്ടുണ്ട്. ഒന്നും വേണ്ടെന്ന് ഒരു 100 തവണ വാശി പിടിക്കുന്നത് പോലെ പറഞ്ഞെങ്കിലും തന്റെ വാക്കുകളെ അവർ ചെവി കൊണ്ടില്ല.ഇതൊക്കെ തങ്ങളുടെ അവകാശമാണ് എന്നൊരു രീതിയിലാണ് അവർ സംസാരിച്ചത്.
പിന്നീട് കൂടുതൽ തർക്കത്തിന് നിന്നതും ഇല്ല.
വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ആലോചിക്കുമ്പോൾ ലക്ഷ്മിക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു. അവരുടെ അടുത്തേക്ക് ഓടി എത്താനും, അവരോടൊപ്പം കളി തമാശകൾ പറയാനും ഒക്കെ അവൾക്കു കൊതി തോന്നി.
ഈ വീട്ടിൽ വന്നു കയറിയപ്പോൾ മുതൽ തനിക്ക് ഒരു അപരിചിതത്വം മാത്രമാണ് നിറഞ്ഞു നിൽക്കുന്നത് എന്ന് അവൾ ഓർത്തു. കല്യാണം കഴിഞ്ഞ് ഇവിടെ വന്ന് കയറിയതിനു ശേഷം ഭർത്താവിനെ ശരിക്ക് കണ്ടിട്ട് പോലും ഇല്ല.
വിവാഹത്തിനു മുമ്പും തമ്മിൽ കണ്ട അവസരങ്ങൾ വളരെ കുറവായിരുന്നു. ഫോണിലുള്ള സംസാരങ്ങളും ഉണ്ടായിട്ടില്ല. ആള് വല്ലാതെ ഒരു റിസർവ്ഡ് ടൈപ്പ് ആണെന്ന് ആദ്യം തന്നെ തോന്നിയിരുന്നു. എല്ലാവരും അടിച്ചു പൊളിക്കുന്ന ആളുകൾ ആയിരിക്കില്ലല്ലോ.
മിതഭാഷികളായ ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അത് ഒരു പോരായ്മയായി തോന്നിയില്ല.എങ്കിലും ഉള്ളിന്റെയുള്ളിൽ ചെറിയൊരു ഭയം ഉണ്ടായിരുന്നു.
ഈ വീട്ടിലുള്ള അംഗങ്ങൾ പോലും തന്നെ ഒരു കൈയകലത്തിൽ നിർത്താൻ ആണ് ശ്രമിച്ചത്. താൻ ഈ വീട്ടിൽ പുതിയതായി വന്നതാണ് എന്നൊരു ചിന്ത പോലും അവരിൽ ആർക്കും ഉണ്ടായിരുന്നില്ല.
ഈ വീട്ടിലുള്ളവരൊക്കെ അങ്ങനെ പ്രത്യേക സ്വഭാവം ഉള്ളവരാണ് എന്നാണ് തനിക്ക് തോന്നിയത് എന്ന് ലക്ഷ്മി ഓർത്തു. എങ്കിലും പുതുതായി വന്ന ഒരാളെ ഇങ്ങനെ മാറ്റി നിർത്തുന്നത് ശരിയാണോ എന്ന് അവൾ അവളോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു.
എപ്പോഴോ ഒരിക്കൽ മുറിയിലേക്ക് കൊണ്ടു വന്ന് ആക്കുന്ന സമയത്താണ് നാത്തൂനെ കണ്ടത്. അവളും കൂടുതൽ അടുപ്പത്തിന് ഒന്നും വന്നില്ല. പോകെ പോകെ ശരിയാകുമായിരിക്കും എന്ന് ലക്ഷ്മിയും കരുതി.
” താൻ കാത്തിരുന്നു മുഷിഞ്ഞു കാണും അല്ലേ..? “
ആ ഒരു ചോദ്യത്തോടെ ഭർത്താവ് അകത്തേക്ക് കയറി വന്നപ്പോഴാണ് ലക്ഷ്മി ചിന്തകളിൽ നിന്ന് ഉണർന്നത്. അവനെ കണ്ടപ്പോൾ അവൾ ഞെട്ടലോടെ കട്ടിലിൽ നിന്ന് എഴുന്നേറ്റു നിന്നു.
“താനിങ്ങനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്നൊന്നുമില്ല. സ്നേഹവും ബഹുമാനവും ഒക്കെ മനസ്സിൽ ഉണ്ടായിരുന്നാൽ മതി. അല്ലാതെ ഇതൊന്നും പ്രഹസനം പോലെ പുറത്തേക്ക് കാണിക്കുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ല.”
അകത്തേക്ക് കയറി വസ്ത്രം മാറുന്നതിനിടെ അവൻ പറഞ്ഞു.
” താൻ ഉറങ്ങരുത് കേട്ടോ.എനിക്ക് തന്നോട് കുറച്ചു സംസാരിക്കാനുണ്ട്.ഞാനൊന്ന് ഫ്രഷായിട്ട് ഇപ്പൊ വരാം.. “
അതും പറഞ്ഞ് അവൻ ബാത്റൂമിലേക്ക് കയറി പോയപ്പോൾ ഇയാൾക്ക് ഇനി എന്താണ് പറയാനുള്ളത് എന്നൊരു ചിന്തയായിരുന്നു അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്.
ഇനി ആദ്യ പ്രണയം വല്ലതുമാണോ പറയാനുള്ള കഥ എന്ന് ഒരു നിമിഷം അവൾ ഓർത്തു. ആദ്യ പ്രണയത്തിന്റെ പരാജയം ഇങ്ങനെ ആയിപ്പോയതാണ് എന്ന് എങ്ങാനും ആണെങ്കിൽ എന്ത് ചെയ്യും..? ഇനി അഥവാ ആദ്യ പ്രണയം തിരിച്ചുവരാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് എന്നൊക്കെ പറഞ്ഞാൽ…!
അതൊക്കെ ചിന്തിക്കുമ്പോൾ അവൾക്ക് തല പെരുക്കുന്നുണ്ടായിരുന്നു. അവൻ ഒരിക്കലും അങ്ങനെയൊന്നും പറയരുത് എന്നൊരു പ്രാർത്ഥനയോടെയാണ് അവന്റെ വരവിനു വേണ്ടി അവൾ കാത്തിരുന്നത്.
അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൻ ബെഡിൽ മറു വശത്തേക്ക് ഇരുന്നു.
” തന്നോട് ഇന്ന് രാത്രി തന്നെ ഇതിനെക്കുറിച്ചൊക്കെ സംസാരിക്കണം എന്ന് തോന്നിയത് ഇന്ന് നമ്മൾ ജീവിച്ചു തുടങ്ങുന്നു എന്നുള്ളത് കൊണ്ടാണ്. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന് കേട്ടിട്ടില്ലേ..? ഈ കാര്യം അങ്ങനെ ആവരുതെന്ന് കരുതിയാണ് ഇപ്പോൾ തന്നെ എല്ലാം പറയാം എന്ന് കരുതുന്നത്.ഇതൊക്കെ പറഞ്ഞു കഴിഞ്ഞിട്ട് ഒരു ജീവിതം തുടങ്ങിയാൽ പിന്നെ വലിയ പ്രശ്നങ്ങളില്ലല്ലോ..!”
അവൻ പറഞ്ഞതൊക്കെ അവൾ വല്ലാത്തൊരു സംശയത്തോടെയാണ് കേട്ടു നിന്നത്. എന്തിനെക്കുറിച്ചാണ് അവൻ സംസാരിക്കുന്നത് എന്ന് പോലും അവൾക്ക് ആ നിമിഷം അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.
” താൻ ടെൻഷൻ ആവേണ്ട കാര്യമൊന്നുമില്ല. അതായത് നമ്മുടെ കല്യാണത്തിന് വേണ്ടി ഇപ്പോൾ തന്നെ ഒരുപാട് പണം ചെലവായിട്ടുണ്ട്. റിസപ്ഷനും കല്യാണവും മറ്റ് ചെലവുകളും ഒക്കെയായി ഏകദേശം 5 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. തനിക്കറിയാമല്ലോ എനിക്ക് അതിനുള്ള വരുമാനം ഒന്നുമില്ല. അതുകൊണ്ട് താൻ തന്റെ വീട്ടിൽ പറഞ്ഞിട്ട് ഈ പൈസ എനിക്ക് വാങ്ങിത്തരണം. ഇതു തന്നെ കൂട്ടുകാരിൽ നിന്ന് കടം വാങ്ങിയതും ലോൺ എടുത്തതും ഒക്കെ ചേർത്താണ് ഈ 5 ലക്ഷം രൂപ.നിന്റെ വീട്ടിൽ നിന്ന് ഇത് കിട്ടിയാൽ അപ്പോൾ തന്നെ കടം തീർത്ത് നമുക്ക് സ്വസ്ഥമായി ജീവിക്കാമല്ലോ..!”
അവൻ പറഞ്ഞപ്പോൾ ഏതോ അന്യഗ്രഹ ജീവി മുന്നിൽ ഇരിക്കുന്നു എന്നാണ് അവൾക്ക് തോന്നിയത്.
ഒരു നിമിഷത്തെ സ്തംഭനാവസ്ഥയെ മറി കടന്നു കഴിഞ്ഞപ്പോൾ അവൾ അവനെ രൂക്ഷമായി നോക്കി.
“നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല..”
ഭാവമാറ്റം ഒന്നുമില്ലാതെ അവൾ പറഞ്ഞു.
“മനസ്സിലാക്കാൻ എന്താ ഉള്ളത്.? എനിക്ക് ചിലവായ പണം നീ എനിക്ക് തരണം. അല്ലെങ്കിലും കല്യാണം നടത്തേണ്ടത് പെണ്ണു വീട്ടുകാരുടെ ഉത്തരവാദിത്തമാണ്.”
അവൻ നിസ്സാരമായി പറയുന്നത് കേട്ടപ്പോൾ അവൾ അടിമുടി ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
” ഇങ്ങനെയൊക്കെ ചിന്തിക്കുന്ന വിവരദോഷികൾ ഉണ്ട് എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. ഈ ചെലവാക്കിയ 5 ലക്ഷം രൂപ ചെലവാക്കാൻ പറ്റുന്ന വരുമാനം തനിക്കില്ല എന്ന് താൻ പറയുന്നുണ്ടല്ലോ. തനിക്ക് അത് കഴിയില്ലെങ്കിൽ പിന്നെ താൻ എന്തിനാണ് അത്രയും പണം ചെലവാക്കിയത്.? അവനവന് സാധിക്കുന്നത് മാത്രം ചെലവാക്കണമായിരുന്നു. അല്ലാതെ ധാരാളിത്തം കാണിച്ചിട്ട് ആ പണം മുഴുവൻ എന്റെ വീട്ടുകാർ കൊണ്ടു വന്നു തരണമെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്..? “
അവൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
“ഇവിടെ ഇങ്ങനെയൊക്കെയാണ്. അത് പറ്റില്ലെങ്കിൽ എന്റെ ഭാര്യയായി ഇവിടെ നിൽക്കാമെന്ന് നീ കരുതേണ്ട.”
അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് ഒരു പകപ്പ് തോന്നിയെങ്കിലും അത് തന്നെയാണ് നല്ലത് എന്ന് അവളും ചിന്തിച്ചു.
” അല്ലെങ്കിലും ആദ്യരാത്രിയിൽ തന്നെ പണത്തെ ജോലി വഴക്കിടുന്ന നിന്റെ കൂടെ താമസിക്കാൻ എനിക്ക് വലിയ താല്പര്യമൊന്നുമില്ല. ഇപ്പോഴാകുമ്പോൾ എന്റെ ജീവനും മാനവും രക്ഷപ്പെട്ടു എന്ന് കരുതി ഞാൻ ഇറങ്ങി പോകും.”
അത്രയും പറഞ്ഞു ധൈര്യത്തോടെ അവൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങി പോയി. നിമിഷങ്ങൾക്കുള്ളിൽ അവൾ വീട്ടിലേക്ക് ഫോൺ ചെയ്ത് വിവരങ്ങൾ എല്ലാം അറിയിക്കുകയും ചെയ്തു.
പിന്നീട് കാര്യങ്ങളൊക്കെ വേഗത്തിലായിരുന്നു. വിവാഹദിനം തന്നെ ഇത്രയും നെറി കെട്ട പ്രവർത്തി ചെയ്ത അവനെ ഇനി അവളുടെ ജീവിതത്തിൽ വേണ്ട എന്ന് തറവാട്ടിൽ ഉള്ളവർ എല്ലാവരും കൂടി വിധിയെഴുതി.
ഡിവോഴ്സ് കിട്ടാൻ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും അത് നേടിയെടുത്ത നിമിഷം ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവളിൽ പ്രകടമായത്.
✍️ അപ്പു