രചന : അപ്പു
:::::::::::::::::::::
നാളെ എന്റെ വിവാഹമാണ്. അതിനെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഉള്ളിൽ വല്ലാത്ത ഒരു ഫീലിംഗ്സ് ആണ്.
പ്രധാന കാരണം എന്നെ കെട്ടാൻ തയ്യാറായി മുന്നിൽ നിൽക്കുന്നവൻ തന്നെയാണ്. എന്റെ ആത്മാർത്ഥ സുഹൃത്താണ് അവൻ. പിന്നെ എന്തിന് ഇങ്ങനെയൊരു സാഹസത്തിനു മുതിരുന്നു എന്ന് ആലോചിച്ചാൽ എനിക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.
എന്റെ ആത്മാർത്ഥ സുഹൃത്ത് ആയത് എങ്ങനെയാണെന്ന് അറിയാമോ.. ഞാൻ കോളേജിൽ ജോയിൻ ചെയ്യുമ്പോൾ അവൻ എന്റെ സീനിയർ ആയിരുന്നു. ഞാൻ കോളേജിൽ ചേർന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇഷ്ടം പറഞ്ഞ് അവൻ എന്റെ പിന്നാലെ വന്നിരുന്നു.
പക്ഷേ അന്ന് അവനെ റിജക്ട് ചെയ്യാൻ എനിക്ക് കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല.
“സോറി ബ്രദർ.. എനിക്ക് ഇങ്ങനെയുള്ള പരിപാടികളോട് താൽപര്യമില്ല. എന്റെ അച്ഛനും അമ്മയും കണ്ടെത്തുന്ന ചെക്കനെ തന്നെ കല്യാണം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം. അവർ ചൂണ്ടിക്കാണിച്ചു തരുന്നതാണ് എന്റെ ചെക്കൻ. അവർക്ക് എന്നിൽ ഒരു വിശ്വാസമുണ്ട്. അത് ഇല്ലാതാക്കി കളയാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.”
അന്ന് ഞാൻ അങ്ങനെ പറഞ്ഞതിനു ശേഷം പിന്നീട് ഒരിക്കൽ പോലും പ്രണയം പറഞ്ഞ് അവൻ എന്റെ മുന്നിലേക്ക് വന്നിട്ടില്ല. ആ ഒരു കാര്യത്തിൽ എനിക്ക് അവനോട് വല്ലാത്ത ആരാധന തോന്നി.
പിന്നീട് പലപ്പോഴും അവനെ പല സ്ഥലത്തും വെച്ച് ഞാൻ കണ്ടിരുന്നു. കാണുമ്പോഴൊക്കെയും പരസ്പരം പുഞ്ചിരിക്കുമായിരുന്നു.
പിന്നീട് തമ്മിൽ സംസാരിക്കുന്നത് ഒരു ദിവസം കോളേജിനു മുന്നിലെ കഫെയിൽ വച്ചായിരുന്നു.
അന്ന് രാവിലെ എന്തൊക്കെയോ സാധനങ്ങൾ കോപ്പിയെടുക്കാനും പ്രിന്റ് ചെയ്യാനും ഒക്കെ വേണ്ടി ഞാനും എന്റെ ഒരു സുഹൃത്തും കൂടിയാണ് അവിടേക്ക് പോയത്.
ഞാൻ സിസ്റ്റത്തിൽ ഓരോന്ന് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് അവളെ അവളുടെ ബോയ്ഫ്രണ്ട് വന്നു വിളിച്ചു. ഇപ്പോൾ വരാം എന്നു പറഞ്ഞ് അവൾ അവനോടൊപ്പം പോവുകയും ചെയ്തു.
എനിക്ക് ചെയ്യാൻ വർക്ക് ഉണ്ടായിരുന്നതു കൊണ്ട് തന്നെ ഞാൻ അത് ശ്രദ്ധിക്കാതെ എന്റെ പണി തുടർന്നു കൊണ്ടിരുന്നു.
പക്ഷേ എന്റെ വർക്കുകൾ എല്ലാം കഴിഞ്ഞതും അവൾ തിരികെ വന്നില്ല. ഒറ്റയ്ക്ക് തന്നെ തിരികെ കോളേജിലേക്ക് പോകാൻ തീരുമാനിച്ചു.
പെയ്മെന്റ് കൊടുക്കാൻ ചെന്നപ്പോഴാണ് അടുത്ത പ്രശ്നം. എന്റെ കയ്യിൽ ഉള്ളതിനേക്കാൾ ഒരു പത്തു രൂപ കൂടി അധികം വേണമായിരുന്നു. എനിക്കാണെങ്കിൽ അവിടെ ആരെയും പരിചയവുമില്ല. എന്ത് ചെയ്യണമെന്ന് ഒരു ഊഹവും കിട്ടുന്നുണ്ടായിരുന്നില്ല.
എനിക്ക് വല്ലാതെ പേടിയായി. സങ്കടം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു. ഞാൻ അങ്ങനെ ആകെ വല്ലാതായി നിൽക്കുന്ന സമയത്താണ് അവൻ അവിടേക്ക് കയറി വരുന്നത്.
” ബിനു ചേട്ടാ… ഞാനൊന്നു സിസ്റ്റം യൂസ് ചെയ്യുന്നുണ്ട്..”
ആ കട നടത്തുന്ന ചേട്ടനോട് വിളിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് കയറാൻ നിൽക്കുമ്പോഴാണ് എന്നെ ശ്രദ്ധിക്കുന്നത്. പതിവു പോലെ എന്നെ നോക്കി പുഞ്ചിരിച്ചെങ്കിലും ആ നിമിഷം അത് തിരികെ കൊടുക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
അതുകൊണ്ടു തന്നെ അവൻ സംശയത്തോടെ എന്നെ നോക്കി.ആ കൂട്ടത്തിലാണ് നിറഞ്ഞിരിക്കുന്ന എന്റെ കണ്ണുകൾ അവൻ ശ്രദ്ധിക്കുന്നത്.
” എന്താടോ..? എന്തുപറ്റി..? “
അനുകമ്പയോടെ എന്റെ അടുത്തേക്ക് വന്നു കൊണ്ട് അവൻ ചോദിച്ചു. കുറെ നാളുകൾക്ക് ശേഷമുള്ള പരസ്പര സംസാരമാണ്.
” അത് പിന്നെ.. “
അവനെ പലപ്പോഴായി കാണുന്നുണ്ടെങ്കിലും പരസ്പരം യാതൊരു പരിചയവും ഇല്ലാത്തതു കൊണ്ട് തന്നെ തന്റെ അവസ്ഥ അവനോട് തുറന്നു പറയുന്നത് എനിക്ക് മടിയായിരുന്നു.
” എന്താ ബിനു ചേട്ടാ.. ഈ കുട്ടി എന്തിനാ ഇങ്ങനെ നിൽക്കുന്നത്..?”
ഒരുപക്ഷേ അവൻ അത് ചോദിച്ചപ്പോൾ ആയിരിക്കണം ആ ചേട്ടൻ പോലും എന്നെ ശ്രദ്ധിക്കുന്നത്.
“എനിക്കറിയില്ല..”
പെട്ടെന്ന് തന്നെ ആ ചേട്ടൻ മറുപടിയും പറഞ്ഞു. അതോടെ അവൻ വീണ്ടും എന്റെ നേരെ തിരിഞ്ഞു.
“താൻ കാര്യം എന്താണെന്ന് പറയൂ.എന്നെക്കൊണ്ട് സഹായിക്കാൻ പറ്റുമെങ്കിൽ ഞാൻ സഹായിക്കാം.”
അനുകമ്പയോടെ അവൻ പറയുമ്പോൾ അവനോട് തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.
” അത് പിന്നെ.. എനിക്കിവിടെ പെയ്മെന്റ് കൊടുക്കാൻ ഒരു 10 രൂപയുടെ കുറവുണ്ട്. എന്റെ ബാഗിൽ ഉണ്ടാവും. എനിക്ക് പക്ഷേ പോയി എടുത്തു വരണം. “
ഞാൻ വിക്കി വിക്കി അത്രയും പറഞ്ഞു.അപ്പോൾ തന്നെ അവനു കാര്യം മനസ്സിലായിട്ടുണ്ടാകണം.
” എടോ അത് വലിയ സീനുള്ള കേസ് ഒന്നുമല്ല. ഇവിടെ ബിനു ചേട്ടനോട് പറഞ്ഞിട്ട് തനിക്ക് പോയി പൈസ എടുത്തു വരാമായിരുന്നില്ലേ..? “
ലാഘവത്തോടെ അവൻ അത് ചോദിക്കുമ്പോൾ എനിക്ക് എന്തോ വല്ലാതെ തോന്നി. അത് മനസ്സിലാക്കിയത് പോലെ അവൻ ആ ചേട്ടന് നേരെ തിരിഞ്ഞു.
“ചേട്ടാ.. ദേ ഈ കൊച്ച് ഇങ്ങോട്ട് എടുത്തു കൊണ്ടു വന്ന പൈസ തികഞ്ഞില്ലെന്ന്. ഒരു പത്തു രൂപ കൂടി കൊണ്ടു വരാൻ ഉണ്ട്. ആ കുട്ടി പോയി എടുത്തിട്ട് വന്നാൽ മതിയോ എന്നാണ് ചോദിക്കുന്നത്..”
അവൻ അത് ചോദിച്ചപ്പോൾ ആ ചേട്ടൻ ചിരിച്ചു.
” ഇതിനാണോ താൻ ഇവിടെ നിന്ന് ഇത്രയും വിഷമിച്ചു നിന്നത്..? തനിക്ക് ഈ കാര്യം എന്നോട് പറഞ്ഞിട്ട് പോയി എടുത്തു വന്നാൽ പോരായിരുന്നോ..? എന്നോട് ഇത് പറഞ്ഞെന്ന് വച്ച് ഞാൻ തന്നെ പിടിച്ചു തിന്നുകയൊന്നുമില്ല. ഈ കോളേജിലെ എത്രയോ പിള്ളേരുടെ പറ്റു ബുക്ക് ഇപ്പോഴും എന്റെ കയ്യിൽ സുരക്ഷിതമാണ്.”
ചിരിയോടെ അയാൾ അത് പറയുമ്പോൾ, അറിയാതെ തന്നെ ഞാനും ചിരിച്ചു പോയി.
എന്റെ കയ്യിൽ ഉണ്ടായിരുന്ന പണം അയാൾക്ക് കൊടുത്ത് ഞാൻ ക്ലാസിലേക്ക് പോയി. പണവുമായി വീണ്ടും തിരികെ വരുമ്പോൾ അവിടെ അവൻ ഉണ്ടായിരുന്നില്ല.
ആ സമയത്ത് എനിക്ക് എന്തോ വല്ലാത്ത നിരാശ തോന്നി. കാരണം മറ്റൊന്നുമായിരുന്നില്ല. ആ സമയത്ത് ടെൻഷൻ കാരണം അവനോട് ഒരു നന്ദി വാക്ക് പറയാൻ പോലും കഴിഞ്ഞില്ല. ഇനി കാണുമ്പോഴാകട്ടെ എന്ന് കരുതി.
പിന്നീട് പലപ്പോഴും കോളേജിൽ വച്ച് അവനെ കണ്ടെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. എങ്കിലും അവനോട് എനിക്ക് പറയാനുള്ളത് പറയാൻ പലപ്പോഴും അവന്റെ പിന്നാലെ നടന്നു.
അങ്ങനെയുള്ള നടപ്പിനിടയിലാണ് ഞങ്ങൾ തമ്മിൽ നല്ല രീതിയിലുള്ള സൗഹൃദം തന്നെ ഉണ്ടായത്. കോളേജ് കഴിയുമ്പോഴേക്കും ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആയി മാറിയിരുന്നു. പരസ്പരം എന്തും തുറന്നുപറയുന്ന രീതിയിലുള്ള ആത്മാർത്ഥ സുഹൃത്തുക്കൾ..!
പക്ഷേ പിന്നീട് ഒരിക്കലും അവൻ പ്രണയം പറഞ്ഞു എന്റെ മുന്നിലേക്ക് വന്നിട്ടില്ല. കോളേജ് കാലഘട്ടം കഴിഞ്ഞപ്പോഴാണ് അവനെ ഞാൻ പ്രണയിക്കുന്നു എന്നൊരു സത്യം പോലും എനിക്ക് മനസ്സിലായത്.പക്ഷേ അവനോട് പോയി പറയാൻ എനിക്ക് വല്ലാത്ത മടി തോന്നി.
പറഞ്ഞില്ലെങ്കിൽ അവൻ കൈവിട്ടു പോയാലോ എന്നൊരു തോന്നൽ അതിനേക്കാൾ മുകളിൽ എന്നെ ആക്രമിക്കാൻ തുടങ്ങിയിരുന്നു.. എല്ലാംകൊണ്ടും വട്ടു പിടിച്ചിരുന്ന ഒരു ദിവസം, അവനും അവന്റെ കുടുംബവും എന്റെ വീട്ടിലേക്ക് കയറി വന്നു.
തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വരവ്. അവരെ വേണ്ട വിധത്തിൽ സ്വീകരിച്ച് ഇരുത്തി കഴിഞ്ഞപ്പോഴാണ് ഒരു കല്യാണ കാര്യവും ആയിട്ടാണ് അവർ വന്നത് എന്ന് പറയുന്നത്.
അത് കേട്ടപ്പോൾ തന്നെ നെഞ്ച് പട പട മിടിക്കാൻ തുടങ്ങി. അവൻ എന്റെ കൈവിട്ടു പോവുകയാണ് എന്ന് ഞാൻ ഉറപ്പിച്ചു.
പക്ഷേ എന്റെ മനസ്സിന് കുളിരു പകരുന്ന മറ്റൊരു വാക്ക് അവർ പറഞ്ഞു. എന്നെ അവനു വേണ്ടി ചോദിക്കാനാണ് അവർ വന്നത് എന്ന്. അത് കേട്ട് നിമിഷം ഭൂമിയിലും ആകാശത്തിലും അല്ല എന്നൊരു അവസ്ഥയായിരുന്നു എന്റേത്.
ഞാൻ ഇങ്ങനെ കിളി പറന്നു നിൽക്കുന്ന നേരം കൊണ്ട് അവിടെ കല്യാണം ഒക്കെ ഉറപ്പിച്ചു കഴിഞ്ഞു. എന്നോട് ആരും ഒന്നും ചോദിച്ചതുമില്ല ഞാൻ ഒന്നും പറഞ്ഞതുമില്ല.
പക്ഷേ ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്.. എപ്പോഴോ അവൻ എന്റെ മനസ്സ് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണല്ലോ ഞാൻ പോലും അറിയാതെ എനിക്കൊരു സർപ്രൈസിന്റെ രൂപത്തിൽ അവൻ തന്നെ എനിക്ക് ഒരു ഗിഫ്റ്റ് ആയി വന്നത്..!
അയ്യോ കഥ പറഞ്ഞിരുന്നു നേരം പോയി. പോയി കിടന്നു ഉറങ്ങട്ടെ. അല്ലെങ്കിൽ നാളെ മണ്ഡപത്തിൽ ഇരിക്കുമ്പോൾ ഉറക്ക ക്ഷീണം കാരണം എന്റെ മുഖം ആകെ വല്ലാതിരിക്കും.. അപ്പൊ ശരി ബൈ..
✍️ അപ്പു