അല്ലെങ്കിൽ തന്നെ ഇന്നും ഇത്തരത്തിലുള്ള ഓരോ വിശ്വാസങ്ങളുമായി നടക്കുന്ന മനുഷ്യരോട് എന്തു പറയാനാണ്…

രചന : അപ്പു

::::::::::::::::::::::::::::

“ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. പേറ്റുനോവ് അറിയേണ്ട.. യാതൊരു ബുദ്ധിമുട്ടുകളും അറിയണ്ട. ഫ്രീയായിട്ട് ഒരു കൊച്ചിനെ കിട്ടി എന്ന് പറയുന്നതു പോലെയാണ് ചിലരുടെയൊക്കെ കാര്യം.”

പരിഹസിച്ചു കൊണ്ട് അയലത്തെ രമ ചേച്ചി പറയുന്നത് കേട്ടില്ലെന്ന് നടിച്ചു.തന്നോട് കൂടുതൽ ചേർന്ന് കിടക്കുന്ന കുഞ്ഞിനെ വാത്സല്യത്തോടെ ഒന്ന് നോക്കി.

എന്റെ മകനാണ്. പ്രസവം കഴിഞ്ഞ് ഇന്നലെ വീട്ടിലേക്ക് വന്നിട്ടേയുള്ളൂ. കുഞ്ഞിനെ കാണാനായി വന്നതാണ് അയൽകാർ ഓരോരുത്തരായി. എല്ലാവർക്കും പറയാൻ ഇത്തരത്തിൽ പല തമാശകളും ഉണ്ട്.

എന്നാൽ എന്റെ അവസ്ഥ എന്താണെന്ന് എനിക്കല്ലേ അറിയൂ..!

” പണ്ടൊക്കെ പെണ്ണുങ്ങൾക്ക് പ്രസവം എന്നു പറയുന്നത് പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്തു തീർക്കാൻ പറ്റുന്ന കാര്യമായിരുന്നു. ഇന്ന് പിന്നെ ഗർഭം ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ ക്ഷീണം തളർച്ച ശർദ്ദി എന്നു പറഞ്ഞ് റസ്റ്റ് ആണ്. അന്നൊക്കെ റസ്റ്റ് എടുക്കാനുള്ള അവസരം ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ..? എത്രയൊക്കെ വയ്യ എന്ന് പറഞ്ഞാലും പണികളെല്ലാം നമ്മൾ തന്നെ ചെയ്തല്ലേ പറ്റൂ.. അഥവാ ചെയ്തില്ലെങ്കിൽ അന്ന് പട്ടിണി കിടക്കേണ്ടി വരും. അതാണ് അവസ്ഥ.”

രമ ചേച്ചി പരിതപിച്ചു.

” പണ്ട് ജോലി ചെയ്യുന്നതിന്റെ ഇടയിൽ പ്രസവിച്ച എത്രയോ സ്ത്രീകളുണ്ട്. നെല്ല് കുത്തിക്കൊണ്ടിരുന്നപ്പോൾ പ്രസവിച്ച സ്ത്രീകൾ ഞങ്ങളുടെ കുടുംബത്തിൽ തന്നെ ഉണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അന്നൊക്കെ എല്ലുമുറിയെ പണിയെടുക്കുന്നത് കൊണ്ട് സുഖപ്രസവം തന്നെയായിരുന്നു എല്ലാവർക്കും.വേദന വരുന്നതും പ്രസവിക്കുന്നതും ഒക്കെ നിമിഷ നേരം കൊണ്ട് കഴിയും. ഇവിടെ പക്ഷേ അതാണോ സ്ഥിതി..!ഇപ്പോൾ തന്നെ എന്തിനും ഏതിനും മെഷീനുകൾ ആണല്ലോ… മനുഷ്യൻ തടി അനങ്ങി വല്ല ജോലിയും ചെയ്താൽ അല്ലേ സുഖപ്രസവം ഒക്കെ ഉണ്ടാകൂ.വിശേഷം ഉണ്ടെന്നറിയുമ്പോഴേ കട്ടിലിൽ നിന്ന് അനങ്ങാതെ കിടക്കുന്ന കുട്ടികൾക്ക് എങ്ങനെയാണ് സുഖപ്രസവം കിട്ടുക..!”

രമ ചേച്ചി കത്തി കയറുകയാണ്.

അവരുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ മാളവികയ്ക്ക് വല്ലാതെ ദേഷ്യം തോന്നുന്നുണ്ടായിരുന്നു. എങ്കിലും വീട്ടിൽ കയറി വന്ന ഒരാളിനോട് മോശമായി പെരുമാറുന്നത് ശരിയല്ല എന്ന ചിന്ത മനസ്സിലുള്ളത് കൊണ്ട് തന്നെ അവൾ പ്രതികരിച്ചില്ല.

അല്ലെങ്കിൽ തന്നെ ഇന്നും ഇത്തരത്തിലുള്ള ഓരോ വിശ്വാസങ്ങളുമായി നടക്കുന്ന മനുഷ്യരോട് എന്തു പറയാനാണ്..!

കുറച്ചു നേരത്തെ അവരുടെ പ്രഹസനങ്ങൾ കഴിഞ്ഞപ്പോൾ കൂടുതൽ ഒന്നും പറയാനില്ലാത്തതു കൊണ്ടാണോ അതോ പറയാനുള്ളതൊക്കെ പിന്നീടതേക്ക് മാറ്റി വച്ചതാണോ എന്നറിയില്ല.. എന്തായാലും സംസാരം നിർത്തി യാത്ര പറഞ്ഞു അവർ തന്റെ വീട്ടിലേക്ക് പോയി.

അപ്പോഴാണ് അവൾക്ക് തന്റെ ശ്വാസം നേരെ വീണത്.

വീണ്ടും അതിഥികൾ ആരെങ്കിലും വരുന്നതിനു മുൻപ് അവൾ കുഞ്ഞിനെയും ചേർത്തു പിടിച്ച് കണ്ണുകൾ അടച്ചു.

ഇന്നലെ രാത്രി മുഴുവൻ വീട്ടിൽ വന്നതിന്റെ അസ്വസ്ഥതയിൽ കുഞ്ഞ് ആകെ ബഹളം ആയിരുന്നു. ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ക്ഷീണം കൊണ്ട് അവൾ മയക്കത്തിലേക്ക് ആണ്ട് പോയി.

മാളവികയുടെ ആദ്യ പ്രസവം ആയിരുന്നു അത്. അവൾക്ക് വിശേഷമുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ രണ്ട് വീട്ടുകാരും അവളെ കാര്യമായി തന്നെയാണ് നോക്കിയത്.

അവളുടെ ഭർത്താവ് ഹരി അച്ഛനെയും അമ്മയുടെയും പ്രിയപ്പെട്ട മകനാണ്. അതുകൊണ്ടു തന്നെ അവൻ അച്ഛനാകാൻ പോകുന്നു എന്ന വാർത്ത കേട്ട നിമിഷം മുതൽ അവന്റെ അച്ഛനും അമ്മയും വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.

സന്തോഷം കൊണ്ടാണോ ആകാംക്ഷ കൊണ്ടാണോ എന്നറിയില്ല. അവർ തറവാട്ടിലേക്ക് ജ്യോത്സനെ വിളിച്ചു വരുത്തി. എന്തൊക്കെയോ സമയവും കാലവും ഒക്കെ നോക്കി അയാൾ പ്രവചിച്ചു എനിക്ക് ഒരു പെൺകുട്ടി ആയിരിക്കുമെന്നും സുഖപ്രസവം ആയിരിക്കും എന്നൊക്കെ.

അത് കേട്ടപ്പോൾ മുതൽ അമ്മായിയമ്മയ്ക്ക് തന്നോട് വല്ലാത്ത സ്നേഹം ആയിരുന്നു എന്ന് മാളവിക ഓർത്തു.

ഹരി ആ തറവാട്ടിലെ ഒരേയൊരു മകനാണ്.ഒരു പെൺകുഞ്ഞിന് വേണ്ടി അവിടുത്തെ അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നു എന്ന് എപ്പോഴും ഹരി പറഞ്ഞു കേട്ടിട്ടുണ്ട്. എങ്കിലും ആ തരത്തിൽ ഒരു സ്നേഹം ഒരിക്കൽ പോലും ആ അച്ഛനും അമ്മയും തനിക്ക് നൽകിയിട്ടില്ല എന്ന് പലപ്പോഴും മാളവിക അവനോട് പരാതി പറയാറുണ്ട്.എങ്കിലും അവൻ അത് കാര്യമാക്കാറില്ല.

ഹരിക്ക് ഒരു പെൺകുഞ്ഞ് ഉണ്ടാവുന്നു എന്ന് കേട്ടപ്പോൾ മുതൽ ആ കുഞ്ഞിനെ താൻ വളർത്തുമെന്നും അതിന് എന്തൊക്കെ ചെയ്തു കൊടുക്കും എന്ന് ഒക്കെ അവന്റെ അമ്മ സ്വപ്നം കാണുന്നത് മാളവിക ശ്രദ്ധിച്ചിരുന്നു. അപ്പോഴൊക്കെയും താൻ എന്ന അമ്മയ്ക്ക് അവർ യാതൊരു പരിഗണനയും നൽകിയിരുന്നില്ല എന്ന് വിങ്ങലോടെ അവളോർത്തു.

ഗർഭകാലം മുഴുവൻ സുഖപ്രസവം ഉണ്ടാകാൻ വേണ്ടി എന്തൊക്കെയോ ആയുർവേദ കൂട്ടുകളും എണ്ണകളും ഒക്കെ തന്റെ മേൽ ആ വീട്ടുകാർ പരീക്ഷിച്ചിരുന്നു. ഒന്നും പോരാഞ്ഞ് സുഖപ്രസവം നടക്കാൻ എന്ന പേരിൽ ആ വീട്ടിലുള്ള ഒരുവിധപ്പെട്ട എല്ലാ ജോലികളും മാളവികയെ കൊണ്ട് തന്നെ അവർ ചെയ്യിച്ചിരുന്നു.

പലപ്പോഴും ഓഫീസിൽ നിന്നും ക്ഷീണിച്ചു വരുന്ന അവളെ അതുപോലും കാര്യമാക്കാതെ അടുക്കള പണിക്ക് വേണ്ടി അമ്മ നിർബന്ധിച്ചിരുന്നു. ഏഴാം മാസം ചടങ്ങ് പ്രകാരം സ്വന്തം വീട്ടിൽ വന്നപ്പോഴാണ് അവൾക്ക് ശരിക്കും ഒന്ന് ശ്വാസം എടുക്കാൻ എങ്കിലും കഴിഞ്ഞത് എന്ന് അവൾ പലപ്പോഴും പറയാറുണ്ട്.

അങ്ങനെ സംഭവ ബഹുലമായ ഗർഭകാലത്തിനു ശേഷം പ്രസവവേദനയെ തുടർന്ന് അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അത് അറിഞ്ഞപ്പോൾ തന്നെ ഹരിയും അവന്റെ വീട്ടുകാരും ഓടിയെത്തിയിരുന്നു.

പക്ഷേ മണിക്കൂറുകൾ കടന്നു പോയിട്ടും മാളവിക പ്രസവിച്ചില്ല. ആദ്യം വന്നത് ഒരു ഫാൾസ് വേദന ആയിരുന്നെങ്കിൽ പോലും അവളെ തിരികെ വീട്ടിലേക്ക് വിടാൻ ഡോക്ടർമാർ തയ്യാറായില്ല. അഥവാ വീട്ടിലേക്ക് പോകുന്ന വഴിയിലോ വീട്ടിൽ വച്ച് വീണ്ടും വേദന വന്നാൽ എന്ത് ചെയ്യും എന്നുള്ള ഡോക്ടർമാരുടെ ചോദ്യത്തിന് മുന്നിൽ വീട്ടുകാരും മൗനം പാലിച്ചു.

ഇടയ്ക്കിടയ്ക്ക് വേദന വരികയും അത് പിന്നീട് പോവുകയും ചെയ്തു കൊണ്ടിരുന്നു.സഹിക്കാനാവാതെ ഒരിക്കൽ കൂടി വേദന വന്നപ്പോൾ അവളെ ലേബർ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.

എത്രയൊക്കെ ശ്രമിച്ചിട്ടും, കുഞ്ഞു പുറത്തേക്കു വരാതായി. പക്ഷേ ആ സമയം കൊണ്ട് മാളവിക വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. സിസേറിയൻ അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും മുന്നിലില്ല എന്ന് ഡോക്ടർമാർ മനസ്സിലാക്കിയ നിമിഷത്തിൽ അവർ അത് ഹരിയോടും മറ്റുള്ള കുടുംബാംഗങ്ങളോടും ബോധിപ്പിച്ചു.

സിസേറിയൻ എന്ന വാക്ക് കേട്ടപ്പോൾ തന്നെ അവളുടെ അമ്മായിയമ്മയുടെ മുഖം ഇരുണ്ടു. സുഖപ്രസവം ആയിരിക്കും എന്ന് പ്രവചനം ഉള്ളതു കൊണ്ട് തന്നെ കുറച്ചു സമയം കൂടി വെയിറ്റ് ചെയ്താൽ അവൾ പ്രസവിച്ചോളും എന്ന് യാതൊരു മാനസാക്ഷിക്കുത്തും ഇല്ലാതെ അവർ ഡോക്ടർമാരുടെ മുഖത്ത് നോക്കി പറഞ്ഞു.

” ഇവിടെ കാര്യങ്ങൾ തീരുമാനിക്കാൻ പഠിച്ചു ഡിഗ്രി എടുത്ത ഞങ്ങൾ കുറച്ച് ഡോക്ടർമാർ ഉണ്ട്.ഞങ്ങൾക്കറിയാം ഓരോ സമയത്തും ഓരോ പേഷ്യന്റിനും എന്താണ് ആവശ്യമെന്ന്. അതിനിടയിൽ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളും കൊണ്ട് ഈ പടി ചവിട്ടരുത്. നിങ്ങളുടെ ഈ വാശിക്ക് വേണ്ടി വച്ചിരുന്നാൽ ഒരുപക്ഷേ ആ പെൺകുട്ടിയുടെ ജീവൻ തന്നെ രക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല. കൂടുതൽ സമയം ഇങ്ങനെ വെച്ചിരിക്കുന്നത് റിസ്കാണ്. ഇനി ആ കുട്ടിയെ ജീവനോടെ വേണ്ട എന്നാണ് നിങ്ങളുടെ തീരുമാനമെങ്കിൽ നിങ്ങളുടെ ഇഷ്ടം. “

ഡോക്ടർ പറഞ്ഞു നിർത്തിയപ്പോൾ അവരുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. അവർ എന്തെങ്കിലും പ്രതികരിക്കുന്നതിന് മുൻപ് തന്നെ ഹരി സമ്മതപത്രത്തിൽ ഒപ്പിട്ടു കൊടുത്തിരുന്നു.

സഹിക്കാവുന്നതിന്റെ അപ്പുറം വേദന സഹിക്കേണ്ടി വന്നിട്ടും ഒരു ഇഞ്ചക്ഷൻ കൊണ്ട് അരയ്ക്കു താഴേക്ക് മരവിപ്പിച്ചു കിടത്തി വയറു കീറി കുഞ്ഞിനെ പുറത്തെടുക്കേണ്ടി വന്നു മാളവികക്ക്. രണ്ടു വേദനകളും ഒരേ സമയം സഹിച്ച പെൺകുട്ടി. പ്രസവ സമയത്ത് അവൾ വേദനയൊന്നും അറിഞ്ഞിരുന്നെങ്കിൽ പോലും മരവിപ്പ് വിട്ടു മാറിയ നിമിഷം മുതൽ ചത്ത് ജീവിക്കുകയായിരുന്നു അവൾ.

ഒന്ന് എഴുന്നേറ്റിരിക്കണമെങ്കിൽ പോലും മറ്റാരുടെയെങ്കിലും സഹായം വേണ്ടി വരുന്ന അവസ്ഥ..! കുഞ്ഞിനെ സ്വതന്ത്രമായി ഒന്ന് എടുക്കാനോ പാലൂട്ടാനോ പോലും കഴിയാതെ അവൾ വേദനിച്ചു.ഒരു സ്റ്റെപ്പ് പോലും നടക്കാൻ കഴിയാതെ, ഒന്നു തുമ്മാനോ ചുമയ്ക്കാനോ കഴിയാതെ അവൾ അത്രത്തോളം വേദന അനുഭവിച്ചു കഴിഞ്ഞു.

ഇത്രയും സഹിച്ചിട്ടും ഓരോരുത്തർക്കും കളിയാക്കി പറയാനുള്ള ഒരു വാചകം ആണ് സിസേറിയൻ.

ഒന്നുമറിയാതെ ഒരു കുഞ്ഞിനെ കിട്ടിയത്രേ..!

ഗാഢമായ നിദ്രയിൽ ആയിരുന്നെങ്കിലും ആ സമയം ഈ സമൂഹത്തെ ഓർത്ത് അവളുടെ ചുണ്ടിൽ പുച്ഛത്താൽ വിടർന്ന ഒരു ചിരി ഉണ്ടായിരുന്നു.

✍️ അപ്പു