രചന : അപ്പു
:::::::::::::::::::::::::
” എനിക്ക് ഇനി ഇത് സഹിക്കാൻ പറ്റില്ല. എത്രയെന്ന് വച്ചാൽ നിങ്ങളുടെ അമ്മയെയും നോക്കി ഞാൻ ഈ വീട്ടിൽ കഴിയേണ്ടത്.. നിങ്ങളുടെ ഈ അമ്മ കാരണം ഞാൻ എന്റെ സ്വന്തം വീട്ടിലേക്ക് പോയിട്ട് എത്ര നാളായി എന്നറിയാമോ. എന്റെ അച്ഛനെയും അമ്മയെയും ഒരു നോക്ക് കാണണം എന്നുള്ള ആഗ്രഹം എനിക്കും ഉണ്ടാവില്ലേ..? “
രാത്രിയിൽ ജോലി കഴിഞ്ഞ് എത്തിയ ദിലീപിനോട് രേഷ്മ ചോദിച്ചപ്പോൾ അവൻ ദേഷ്യത്തോടെ അവളെ നോക്കി.
” എന്റെ പൊന്ന് രേഷ്മ.. രാത്രിയിലെങ്കിലും നീ എനിക്ക് ഒന്ന് സമാധാനം താ..നേരം വെളുക്കുമ്പോൾ തുടങ്ങുന്നതാണ് ഓരോ പണികൾ. എല്ലാം ചെയ്തു തീർത്ത് ജോലിക്ക് പോയി തിരികെ വീട്ടിൽ വന്നു കയറുമ്പോൾ ഇവിടത്തെ അവസ്ഥ ഇങ്ങനെയാണെങ്കിൽ പിന്നെ എനിക്ക് എങ്ങനെ സമാധാനം കിട്ടാനാണ്..? ഓരോരോ പൊല്ലാപ്പുകൾ ഒപ്പിച്ചു വച്ച് അവൾ ഇങ്ങനെ നിൽക്കും. ഞാൻ വന്നു കയറുമ്പോൾ തന്നെ എനിക്ക് പണി തരാൻ..!”
ഈർഷ്യയോടെ അവൻ പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം തോന്നി.
” അല്ലെങ്കിലും ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് അത് കുറ്റമാണ്. ഞാൻ പറയുന്നത് എന്തെങ്കിലും ശരിയുണ്ടോ എന്ന് ഓർക്കുക പോലും ഇല്ല. വല്ലാത്തൊരു ജന്മം തന്നെയാണ് ഈശ്വരാ.. “
ദേഷ്യവും പരിഭവവും ഒക്കെ കലർത്തിക്കൊണ്ട് അവൾ അത് പറയുമ്പോൾ അവൻ തലയ്ക്ക് കൈ കൊടുത്തു.
” നീ ദയവ് ചെയ്ത് രാത്രിയിൽ ബഹളം ഉണ്ടാകരുത്. ഇവിടെ നമ്മൾ മാത്രമല്ല താമസം. അയലത്തൊക്കെ ആൾക്കാർ ഉള്ളതാണ്. അതൊന്നു മനസ്സിൽ വെച്ചാൽ നിനക്ക് നല്ലതാണ്.”
അവളുടെ കാലുപിടിച്ച് യാചിക്കാനും ആ നിമിഷം അവൻ തയ്യാറായിരുന്നു. പക്ഷേ അതൊന്നും മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി അവൾക്ക് ഉണ്ടായിരുന്നതുമില്ല.
അവളോട് അതും പറഞ്ഞു കൊണ്ട് അവൻ തന്റെ അമ്മയുടെ മുറിയിലേക്ക് നടന്നു. തങ്ങളുടെ സംഭാഷണങ്ങളൊക്കെയും അമ്മ കേട്ടിട്ടുണ്ട് എന്ന് ആ നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ നിന്ന് അവന് മനസ്സിലായി.
“അമ്മ എന്തിനാ കരയുന്നത്..? ഞങ്ങൾ തമ്മിലുള്ള ഈ വഴക്കും ബഹളവും ഒക്കെ കേട്ടിട്ട് ആണെങ്കിൽ ഇത് സ്ഥിരമായിട്ട് ഉണ്ടാവുന്നതല്ലേ..?ഇങ്ങനെ വിഷമിക്കാനും മാത്രം എന്തിരിക്കുന്നു.?”
അമ്മയെ ആശ്വസിപ്പിക്കുന്ന രീതിയിലാണ് അവൻ അത് ചോദിച്ചതെങ്കിലും അവനിൽ നിറഞ്ഞു നിൽക്കുന്ന വിഷാദം അവർക്കും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
” ഞാൻ കാരണമല്ലേ മോനെ നിന്റെ ജീവിതത്തിൽ ഇപ്പോൾ ഇത്രയും പ്രശ്നങ്ങൾ.. ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം. നിന്റെ ജീവിതം നന്നായി കാണണം എന്നൊരു ആഗ്രഹം മാത്രമേ അമ്മയ്ക്കുള്ളിൽ ഉള്ളൂ. “
അവർ ദയനീയമായി പറഞ്ഞപ്പോൾ അവനും സങ്കടം വന്നു. അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ നേരത്തെ കണ്ട വഴക്കിന്റെ ബാക്കിയായി മുഖവും വീർപ്പിച്ച് അവൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
അത് കണ്ടെങ്കിലും അവൻ അത് കാര്യമാക്കിയില്ല.
” എനിക്ക് നിങ്ങളോട് ആകെ ഒരു കാര്യം മാത്രമേ പറയാനുള്ളൂ. എത്രയും പെട്ടെന്ന് നിങ്ങളുടെ അമ്മയെ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയാൽ നമുക്ക് സന്തോഷമായിട്ട് ജീവിക്കാം.അല്ലെങ്കിൽ ജീവിതാവസാനം വരെ നമ്മൾ ഇങ്ങനെ തല്ലുപിടിച്ചു ജീവിക്കേണ്ടി വരും.അവർ എന്നൊരാൾ നമ്മുടെ ജീവിതത്തിൽ ഉള്ളടത്തോളം കാലം നമുക്ക് ഒരിക്കലും സ്വസ്ഥത കിട്ടാൻ പോകുന്നില്ല.”
അവൻ വന്നത് കണ്ടപ്പോൾ അവൾ അത് പറഞ്ഞു. അവളെ ഒന്നു നോക്കിയിട്ട് അവൻ ബെഡിലേക്ക് കിടന്ന് കണ്ണുകളടച്ചു.
തലേന്ന് അവൻ കൃത്യമായ മറുപടിയൊന്നും പറയാത്തത് കൊണ്ട് തന്നെ രേഷ്മയ്ക്ക് പിറ്റേന്ന് നേരം വെളുത്തപ്പോൾ മുതൽ ആകെ ദേഷ്യം ആയിരുന്നു. അവൻ ജോലിക്ക് പോയി കഴിഞ്ഞപ്പോൾ മുതൽ അവൾ ഒളിഞ്ഞും തെളിഞ്ഞും അത് അമ്മയോട് പറയുന്നുണ്ടായിരുന്നു.
” നിങ്ങൾക്ക് ഇനിയുള്ള ജന്മത്തിൽ എനിക്ക് ചെയ്തു തരാൻ കഴിയുന്ന ഒരേ ഒരു ഉപകാരം എത്രയും പെട്ടെന്ന് ഇവിടെ നിന്ന് ഒന്നു മാറി തരിക എന്നുള്ളതാണ്. ഏതെങ്കിലും ഒരു വൃദ്ധസദനത്തിൽ കൊണ്ടാക്കാൻ ഞാൻ ചേട്ടനോട് പറയാം. അതിനു ശേഷം എങ്കിലും ഞങ്ങൾക്ക് സമാധാനമായിട്ട് ജീവിക്കാമല്ലോ..!”
അവൾ അത് പറയുമ്പോൾ അവർക്ക് ആകെ ഒരു വല്ലായ്മ തോന്നി. വന്നു കയറിയ ദിവസം മുതൽ സ്വന്തം മക്കളെ പോലെയാണ് അവളെ സ്നേഹിച്ചത്. എന്നിട്ടും ഒരു ആപത്ത് വന്നപ്പോൾ അവൾക്ക് താൻ ഒരു ഭാരമായി മാറിയിരിക്കുന്നു.
“മോള് വിഷമിക്കേണ്ട. അവനോട് ഞാൻ പറഞ്ഞോളാം എനിക്ക് ഇവിടെ നിന്ന് പോകാൻ സമ്മതമാണെന്ന്. ഞാൻ കാരണം നിങ്ങളുടെ ജീവിതം ഇല്ലാതെയാവണ്ട.”
അവർ പറയുന്നത് കേട്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു.
“അങ്ങനെ നിങ്ങൾക്ക് നല്ല ബുദ്ധി ഒക്കെ വന്നു തുടങ്ങി അല്ലേ..?”
അവൾ സന്തോഷത്തോടെ ചോദിച്ചപ്പോൾ നിറകണ്ണുകളോടെ ആ അമ്മ അവളെ നോക്കുകയായിരുന്നു. അത് കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ അവൾ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിപ്പോയി.
അന്ന് പതിവില്ലാത്ത വിധം സന്തോഷത്തിൽ ആയിരുന്നു അവൾ.വൈകുന്നേരം ജോലി കഴിഞ്ഞു അവൻ വരുമ്പോൾ കാണുന്നത് വളരെ ഉത്സാഹത്തോടെ ജോലികൾ ചെയ്യുന്ന രേഷ്മയെ ആയിരുന്നു.ആ കാഴ്ച അവന് സന്തോഷത്തോടൊപ്പം അമ്പരപ്പും പകർന്നു നൽകി.
അവളുടെ ഈ മാറ്റത്തിന് പിന്നിൽ എന്താണെന്ന് അറിയാതെ അവൻ ആകെ വലഞ്ഞു.
തന്റെ അമ്മയുടെ മുറിയിലേക്ക് ചെന്നപ്പോൾ അവന് അതിനുള്ള ഉത്തരവും കിട്ടി.
” എനിക്ക് സമ്മതമാണ് മോനെ.. എന്നെ ഏതെങ്കിലും വൃദ്ധസദനത്തിലേക്ക് കൊണ്ടു ചെന്നാക്ക്. ഏതൊരു അമ്മയ്ക്കും മക്കൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു കാണണം എന്നാണ് ആഗ്രഹം. എന്റെ ആഗ്രഹവും അങ്ങനെ തന്നെയാണ്.ഞാനിവിടെ നിൽക്കുന്നിടത്തോളം കാലം നിനക്ക് സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം ഒരിക്കലും കിട്ടാൻ പോകുന്നില്ല. അതുകൊണ്ട് നീ ഞാൻ പറയുന്നതു പോലെ ചെയ്യ്..”
അമ്മ അത് പറയുമ്പോൾ അവൻ മനസ്സിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്തു കഴിഞ്ഞിരുന്നു.
“എന്തായാലും അമ്മയുടെ ആഗ്രഹം തന്നെ നടക്കട്ടെ.അമ്മയെ ഞാൻ വൃദ്ധസദനത്തിൽ തന്നെ കൊണ്ടു ആക്കാം. നാളെ രാവിലെ യാത്രയ്ക്ക് തയ്യാറായിക്കോളൂ..”
അവൻ അമ്മയോട് പറയുന്നത് അവൾ ഒളിച്ചു നിന്ന് കേൾക്കുന്നുണ്ടായിരുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ ആണ് അവൾക്ക് തോന്നിയത്.കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ ഫോൺ എടുത്ത് പുറത്തേക്ക് പോകുന്നത് അവൾ കണ്ടു.
അന്ന് അവനു വേണ്ടി അവൾ നല്ല നല്ല ആഹാരങ്ങൾ പാചകം ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഫോൺ ബെൽ അടിക്കുന്നത് കേട്ട് അവൾ മുറിയിലേക്ക് വേഗത്തിൽ ചെന്നു.
വീട്ടിൽ നിന്ന് അച്ഛനാണ് വിളിക്കുന്നത് എന്ന് കണ്ടപ്പോൾ അവൾ വേഗത്തിൽ ഫോണെടുത്തു.
” നിനക്ക് ഞങ്ങൾ എന്ത് ദ്രോഹം ചെയ്തിട്ടാണ് മോളെ നീ ഞങ്ങളോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്..? ആയകാലത്ത് നിന്നെയൊക്കെ നന്നായി വളർത്താൻ വേണ്ടി പറ്റുന്നിടത്തോളം കഷ്ടപ്പെട്ടതാണ് ഞാനും നിന്റെ അച്ഛനുമൊക്കെ. എന്നിട്ടും അവസാനകാലത്ത് നിങ്ങളിൽ നിന്ന് ഞാൻ ഇതൊന്നും പ്രതീക്ഷിച്ചില്ല. “
ഫോൺ എടുത്ത് ഉടനെ അമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൾ ആകെ പകച്ചു പോയി.
” ഞാനെന്തു ചെയ്തെന്ന് അമ്മ പറഞ്ഞു വരുന്നത്..?”
അവൾ കാര്യം അറിയാതെ അന്വേഷിച്ചു.
” ഇത്തിരി നേരത്തെ മരുമോൻ വിളിച്ചിട്ടുണ്ടായിരുന്നു. നാളെ ഒരു യാത്രയുണ്ട് തയ്യാറായി നിൽക്കണം എന്ന് പറഞ്ഞു. എവിടേക്കാണ് എന്ന് അന്വേഷിച്ചപ്പോഴാണ് അവൻ പറയുന്നത് നാളെ ഞങ്ങളെ രണ്ടാളെയും കൂടി വൃദ്ധസദനത്തിൽ ആക്കാൻ നീ പറഞ്ഞിട്ടുണ്ടെന്ന്. ഇങ്ങനെ ഒരു ദ്രോഹം ഞങ്ങളോട് ചെയ്യാൻ നിനക്ക് എങ്ങനെ തോന്നിയെടീ..? “
അമ്മ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ടപ്പോൾ അവൾക്ക് ഞെട്ടലും ദേഷ്യവും ഒക്കെ തോന്നി.അമ്മയ്ക്ക് മറുപടി കൊടുക്കാതെ ഫോൺ കട്ട് ചെയ്തു കൊണ്ട് ഉറഞ്ഞു തുള്ളി അവൾ നേരെ അവന്റെ അടുത്തേക്ക് ചെന്നു.
അവിടെ അമ്മയുടെ മുറിയിൽ അമ്മയ്ക്ക് ആഹാരം കൊടുക്കുകയായിരുന്നു അവൻ.
” നിങ്ങൾ എന്തു ഭ്രാന്താണ് മനുഷ്യ എന്റെ അമ്മയെ വിളിച്ചു പറഞ്ഞത്..? എന്റെ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കാൻ ഞാൻ നിങ്ങളോട് പറഞ്ഞോ..? “
അവൾ ഉറഞ്ഞുതുള്ളി കൊണ്ട് ചോദിച്ചപ്പോൾ അവൻ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു.
” നിന്റെ അച്ഛനെയും അമ്മയെയും പറഞ്ഞപ്പോൾ നിനക്ക് പൊള്ളി അല്ലേ..? അതുപോലെ തന്നെയല്ലേ എന്റെ കാര്യവും..ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട എനിക്ക് ആകെ ഈ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അത്രത്തോളം കഷ്ടപ്പെട്ടാണ് അവർ എന്നെ വളർത്തി വലുതാക്കിയത്. അങ്ങനെയുള്ള അമ്മയ്ക്ക് ആപത്ത് കാലത്ത് ഉപകാരം ഉണ്ടായില്ലെങ്കിൽ പിന്നെ ഞാനെന്തിനാണ് മകനെന്നു പറഞ്ഞു നടക്കുന്നത്.. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. നീ നിന്റെ അച്ഛനെയും അമ്മയെയും എന്നാണോ വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കുന്നത് അന്ന് ഞാനും എന്റെ അമ്മയെ വൃദ്ധസദനത്തിൽ ഉപേക്ഷിക്കാൻ തയ്യാറാണ്. “
അവൻ പറഞ്ഞ വാക്കുകളുടെ അർത്ഥം ഗ്രഹിച്ചപ്പോൾ താൻ എത്രത്തോളം വലിയ പാതകമാണ് ചെയ്യാൻ ശ്രമിച്ചത് എന്ന് അവൾക്ക് ബോധ്യം വന്നു. ആ അമ്മയുടെ കാല് തൊട്ട് അവൾ മാപ്പ് പറയുമ്പോൾ, അവനും വല്ലാത്തൊരു പ്രതീക്ഷയുണ്ടായിരുന്നു ഇനിയുള്ള തന്റെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുമെന്ന്…!!
✍️ അപ്പു