രചന : അപ്പു
:::::::::::::::::::
നാളെ സ്വന്തം നാട്ടിലേക്ക് മടങ്ങി പോവുകയാണ്. അത് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ. കൺമുന്നിൽ ഏതൊക്കെയോ രൂപങ്ങൾ തെളിയുന്നത് പോലെ.. ആരൊക്കെയോ തന്നോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് പോലെ..!
“ഉണ്ണിയേട്ടാ.. എന്താ ഇവിടെ വന്നു നിൽക്കുന്നത്..?”
ബാൽക്കണിയിൽ നിൽക്കുന്ന ഉണ്ണിയുടെ അടുത്തേക്ക് വന്നുകൊണ്ട് അവന്റെ ഭാര്യ സുമ അന്വേഷിച്ചു.
” ഒന്നുമില്ലടോ. കിടന്നിട്ട് ഉറക്കം വരുന്നില്ല. എന്തൊക്കെയോ സ്വപ്നങ്ങൾ.. “
അവൻ അങ്ങനെ പറഞ്ഞെങ്കിലും അവന്റെ ഉള്ളിൽ എന്താണെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
” അമ്മയെ ഓർത്തു കാണും അല്ലേ.. “
അവന്റെ തോളിൽ കൈവച്ചു കൊണ്ട് അവൾ ചോദിച്ചപ്പോൾ അവൻ വെറുതെ അവളെ ഒന്നു നോക്കി.
” നാളെ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയല്ലേ..? അതുകൊണ്ടാവും ഇങ്ങനെയൊക്കെ. ഇന്ന് കിടന്നുറങ്ങാൻ പറഞ്ഞാലും ഉണ്ണിയേട്ടന് ഉറക്കം വരില്ല എന്ന് എനിക്കറിയാം. എങ്കിലും വന്നു കിടക്കാൻ നോക്ക്.. “
സ്നേഹത്തോടെ അവൾ പറഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു.
” താൻ പോയിക്കിടന്നോ..ഞാൻ വന്നേക്കാം.. “
അവൻ പറഞ്ഞപ്പോൾ അവനെ കൂടുതൽ നിർബന്ധിച്ചിട്ടും കാര്യമൊന്നുമില്ല എന്ന് അറിയുന്നതു കൊണ്ട് ആയിരിക്കണം അവൾ കൂടുതലൊന്നും പറയാതെ മുറിയിലേക്ക് കയറി പോയത്.
അവൾ പറഞ്ഞതു പോലെ മനസ്സിൽ മുഴുവൻ അമ്മയാണ്. തനിക്കു വേണ്ടി ഒരു ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ട അമ്മ. അമ്മയുടെ രൂപം ഓർക്കവേ കണ്ണുകൾ നിറഞ്ഞൊഴുകി.
തനിക്കൊരു നല്ല സമയം വന്നപ്പോൾ അതിന്റെ സുഖസൗകര്യങ്ങൾ ആസ്വദിക്കാൻ അമ്മയ്ക്ക് അവസരം ഉണ്ടായില്ലല്ലോ എന്ന് അവൻ വേദനയോടെയാണ് ഓർത്തത്.
താൻ കാണുമ്പോൾ മുതൽ അമ്മയുടെ മുഖത്ത് എപ്പോഴും ഒരു വിഷാദഭാവമാണ്. അതിന്റെ അർത്ഥം ഒന്നും തനിക്ക് അറിയില്ലായിരുന്നു. അല്ലെങ്കിലും അഞ്ചു വയസ്സുള്ള തനിക്ക് എന്തു മനസ്സിലാവാനാണ്..
അമ്മയുടെ ആ ഭാവങ്ങളുടെ അർത്ഥം മനസ്സിലാവാൻ താൻ ഹൈസ്കൂളിലേക്ക് എത്തേണ്ടി വന്നു. ഒരിക്കലും അമ്മ തന്റെ കഥകൾ ഒന്നും എന്നോട് പറഞ്ഞിട്ടില്ല. പകരം ഒരിക്കലും ഒരു പെണ്ണും അമ്മയെപ്പോലെ കണ്ണുനീർ കുടിക്കേണ്ടി വരരുത് എന്ന് മാത്രം പറഞ്ഞിട്ടുണ്ട്.
ചെറിയ കുട്ടിയായ തനിക്ക് അതിന്റെ ഒന്നും അർത്ഥങ്ങൾ മനസ്സിലാക്കി എടുക്കാനുള്ള ബുദ്ധിയോ പ്രാപ്തിയോ അന്ന് ഉണ്ടായിരുന്നില്ല.
ഒരിക്കൽ സ്കൂൾ വിട്ടു വരുമ്പോൾ ആണ് വഴിയിൽ ഒരു മധ്യവയസ്കനെ താൻ കണ്ടുമുട്ടുന്നത്. തന്നെ കണ്ടപ്പോൾ തന്നെ വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്റെ അടുത്തേക്ക് അയാൾ ഓടി വന്നു.
ഇതിനു മുമ്പ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രൂപമായതു കൊണ്ട് തന്നെ അയാളുടെ വരവും ഭാവവും ഒക്കെ കണ്ടപ്പോൾ ചെറിയൊരു ഭയം തോന്നി.
“മോനെ ഉണ്ണിക്കുട്ടാ…”
അയാൾ വാത്സല്യത്തോടെ വിളിച്ചപ്പോൾ ഒരു അമ്പരപ്പായിരുന്നു. തന്നെ ഇത്രയും സ്നേഹത്തോടെ വിളിക്കാൻ അയാളും താനുമായി എന്താണ് ബന്ധം എന്നാണ് ആ നിമിഷം താൻ ഓർത്തത്.
ചെറുപ്പം മുതൽക്കേ താൻ കാണുന്ന കണ്ണുകളിൽ ആകെ അമ്മയുടെ കണ്ണിൽ മാത്രമാണ് തന്നോടുള്ള വാത്സല്യം കണ്ടിട്ടുള്ളത്. മറ്റെല്ലാവരും സഹതാപത്തോടെയോ പുച്ഛത്തോടെയോ ഒക്കെയാണ് തന്നെ നോക്കിയിട്ടുള്ളത്.
അമ്മയ്ക്ക് പുറമേ മറ്റൊരാൾ ആദ്യമായിട്ടാണ് വാത്സല്യം കാണിക്കുന്നത്. ആ ഭാവത്തിൽ സന്തോഷം തോന്നിയെങ്കിലും അയാൾ ആരാണെന്ന് അറിയാത്ത ഒരു അമ്പരപ്പ് തനിക്ക് ഉണ്ടായിരുന്നു.
“മോന് എന്നെ മനസ്സിലായില്ലേ..?”
അത് ചോദിക്കുമ്പോൾ അയാളുടെ മുഖം വാടിയിരുന്നു. ഇല്ല എന്ന് തലയാട്ടാൻ ഒരു നിമിഷം പോലും തനിക്ക് ആലോചിക്കേണ്ടി വന്നില്ല. അത് കണ്ടപ്പോൾ അയാൾക്ക് കൂടുതൽ ദുഃഖം തോന്നി.
” ഞാൻ മോന്റെ അച്ഛനാണ്.. “
അയാൾ അത് പറഞ്ഞപ്പോൾ ദേഷ്യമോ സങ്കടമോ എന്നറിയാത്ത ഒരു ഭാവമാണ് തനിക്ക് ഉണ്ടായത്. അതിനേക്കാൾ ഉപരി ഒരിക്കൽ ക്ലാസിലുള്ള കുട്ടികൾ തന്റെ അച്ഛന്റെ പേര് ചോദിച്ചപ്പോൾ അത് എന്താണ് എന്നറിയാതെ പകച്ചു നിൽക്കേണ്ടി വന്ന തന്റെ മുഖം ഓർമ്മ വന്നു.
അന്ന് വൈകുന്നേരം വീട്ടിലെത്തി അമ്മയോട് അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് താൻ കണ്ടതാണ്. കുറെയേറെ നേരം തന്നെ ചേർത്തു പിടിച്ച് കണ്ണീരൊഴുക്കി അമ്മ ഇരുന്നത് തനിക്ക് ഇന്നലെ എന്നതു പോലെ ഓർമ്മയുണ്ട്. അന്ന് ആ ഒരു സംഭവത്തോടെ അമ്മയെ വേദനിപ്പിക്കുന്ന എന്തോ ആണ് അച്ഛൻ എന്ന് തനിക്ക് തോന്നിയിരുന്നു.
അതുകൊണ്ടു തന്നെ പിന്നീട് ഒരിക്കൽ പോലും അച്ഛൻ ആരാണ് അച്ഛന്റെ പേര് എന്താണ് എന്നുള്ള ചോദ്യങ്ങളൊന്നും താൻ ചോദിച്ചിട്ടില്ല. ആ തരത്തിലുള്ള ഒരു ചർച്ച തങ്ങൾക്കിടയിലേക്ക് കടന്നു വരാതിരിക്കാൻ ഞങ്ങൾ ഇരുവരും ശ്രദ്ധാലുക്കൾ ആയിരുന്നു എന്ന് വേണം പറയാൻ..!
എന്നിട്ട് ഇപ്പോൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒരാൾ കൺമുന്നിൽ വന്നു എന്ന് അച്ഛനാണ് എന്ന് പറയുമ്പോൾ, എങ്ങനെ പ്രതികരിക്കണം എന്നുപോലും തനിക്ക് അറിയില്ലായിരുന്നു.
പക്ഷേ ആ സമയത്തെ ഒരു തോന്നലിന്റെ പുറത്ത് അയാളെ തട്ടിമാറ്റി വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു താൻ ചെയ്തത്. അവിടെ എത്തിക്കഴിഞ്ഞപ്പോൾ തൊട്ടടുത്ത വീട്ടിലെ അടുക്കള പണിയൊക്കെ കഴിഞ്ഞ് അമ്മ വീട്ടിലേക്ക് എത്തിയിരുന്നു.
തന്റെ ഭാവം കണ്ടപ്പോൾ തന്നെ ആരെങ്കിലും ഉപദ്രവിച്ചോ എന്നാണ് അമ്മയ്ക്ക് തോന്നിയത്.
” ഞാനിന്ന് വഴിയിൽ വച്ച് ഒരാളിനെ കണ്ടിരുന്നു. എന്റെ അച്ഛനാണെന്ന് പറഞ്ഞു.. “
അത്രയും മാത്രമേ അമ്മയോട് താൻ എന്ന് പറഞ്ഞിരുന്നുള്ളൂ. കുറെയേറെ നേരം അമ്മ എന്റെ മുഖത്തേക്ക് നോക്കി പകച്ചു നിൽക്കുന്നത് ഓർമ്മയുണ്ട്. പിന്നെ ധൈര്യം വീണ്ടെടുത്തു കൊണ്ട് തന്നോട് സംസാരിക്കാൻ തുടങ്ങി.
” മോനോട് ഇതുവരെ പറയാത്ത ഒരു കഥ അമ്മ പറഞ്ഞു തരാം. ഒരുപക്ഷേ മോൻ ഇന്ന് വഴിയിൽ വച്ച് കണ്ടത് മോന്റെ അച്ഛനെ തന്നെയായിരിക്കും.അച്ഛനും അമ്മയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാൽ വ്യക്തമായി പറഞ്ഞു തരാൻ അമ്മയ്ക്കും അറിയില്ല. കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലൊക്കെ വളരെയധികം സ്നേഹത്തോടെ തന്നെയാണ് നിന്റെ അച്ഛൻ എന്നെ നോക്കിയിരുന്നത്. നിന്നെ പ്രസവിച്ചു കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ ഒക്കെ നിന്നോടും എന്നോടും വളരെയധികം സ്നേഹമായിരുന്നു. പക്ഷേ എപ്പോൾ മുതലാണെന്ന് അറിയില്ല പതിയെ പതിയെ നിന്റെ അച്ഛൻ എന്നിൽ നിന്ന് അകന്നു തുടങ്ങി. അത് ഞാൻ മനസ്സിലാക്കി വരുമ്പോഴേക്കും പുതിയ ഒരു ഇഷ്ടക്കാരിയോടൊപ്പം നിന്റെ അച്ഛൻ നാടുവിട്ടു പോയിരുന്നു. അന്നുമുതൽ നാട്ടിലും വീട്ടിലും മുഴുവൻ ആളുകൾ എന്നെയാണ് കുറ്റപ്പെടുത്തിയത്. എന്റെ പിടിപ്പുകൾ കൊണ്ടാണ് നിന്റെ അച്ഛൻ മറ്റൊരാളോടൊപ്പം പോയത് എന്ന് ഞാൻ കേൾക്കുമ്പോഴും കേൾക്കാത്തപ്പോഴും ഒക്കെ മാലോകർ കൊട്ടിഘോഷിച്ചു. അയാൾ പുതിയ കൂട്ടു തേടി പോയതിന് ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. “
അമ്മ അത് പറഞ്ഞു കഴിഞ്ഞപ്പോൾ തനിക്ക് എന്തെന്നില്ലാത്ത വേദനയാണ് തോന്നിയത്. തന്റെ അമ്മയെ ഇത്രയും കാലം കണ്ണീര് കുടിപ്പിച്ച മനുഷ്യൻ അച്ഛനാണ് എന്ന പേര് പറഞ്ഞ് എന്തിന് തന്റെ മുന്നിലേക്ക് വന്നു എന്ന് ഓർക്കുമ്പോൾ വല്ലാത്ത ദേഷ്യം തോന്നി.
പക്ഷേ ആ ഒരു സംഭവത്തിന് ശേഷം ഒരിക്കൽ പോലും അയാളെ ഞാൻ കണ്ടിട്ടില്ല. കാണാൻ ആഗ്രഹിച്ചിരുന്നില്ല എന്നു പറയുന്നതാണ് ശരി.
അമ്മയോടും ഒരിക്കൽ പോലും അയാളെ കുറിച്ച് ചോദിക്കുകയോ കൂടുതൽ വിവരങ്ങൾ അറിയണമെന്ന് ആഗ്രഹിക്കുകയും ചെയ്തിട്ടില്ല. അമ്മയുടെ കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്നത് കൊണ്ട് തന്നെ വലിയ വലിയ ആഗ്രഹങ്ങളും മോഹങ്ങളും ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല.
നന്നായി പഠിക്കണമെന്നും നല്ല ജോലി വാങ്ങി അമ്മയെ സംരക്ഷിക്കണം എന്നും മാത്രമാണ് തന്റെ ആഗ്രഹം. രാപ്പകലില്ലാതെ അതിനു വേണ്ടി അധ്വാനിക്കുകയും ചെയ്തു.
ചെറിയ പ്രായത്തിൽ തന്നെക്കൊണ്ട് കഴിയുന്ന ജോലികളൊക്കെ താൻ ചെയ്തിരുന്നു. തനിക്കു വേണ്ടി എന്തെങ്കിലുമൊക്കെ സമ്പാദിച്ചു വയ്ക്കണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു.
അമ്മയുടെ ആഗ്രഹമായിരുന്നു ഐഎഎസ് എന്ന സ്വപ്നം. അമ്മയുടെ സ്വപ്നത്തിന് വേണ്ടി തന്നെയാണ് കഷ്ടപ്പെട്ടത്. പക്ഷേ താൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പെട്ടെന്ന് അമ്മയ്ക്ക് എന്തൊക്കെയോ അസുഖങ്ങൾ വന്നു തുടങ്ങി.
അത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കാൻ പിന്നെയും കാലങ്ങൾ എടുത്തു. ബ്ലഡ് കാൻസർ ആണ് എന്ന് കണ്ടുപിടിച്ചു കഴിഞ്ഞപ്പോഴേക്കും ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത അത്രയും അത് ബാധിച്ചു കഴിഞ്ഞിരുന്നു.
ഡിഗ്രി ക്ലാസുകൾ കമ്പ്ലീറ്റ് ആകുന്നതിനു മുൻപ് തന്നെ ഈ ഭൂമിയിൽ താൻ അനാഥനായി മാറി. ആദ്യമൊക്കെ അമ്മയുടെ വിയോഗം അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും അമ്മയുടെ സ്വപ്നം നടത്തി കൊടുക്കണം എന്നുള്ളത് തന്റെ വാശിയായിരുന്നു.
അതിനു വേണ്ടി തന്നെയാണ് കഷ്ടപ്പെട്ട് പഠിച്ചതും ഐഎഎസ് നേടിയതും ഒക്കെ. അവിടെ ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായിരുന്ന ഹെഡിന്റെ മകളാണ് സുമ. തന്റെ കഥകളൊക്കെ വ്യക്തമായി അറിയാവുന്ന അവൾ വാശിപിടിച്ചാണ് തന്റെ ജീവിതത്തിലേക്ക് കയറി വന്നത് എന്ന് തന്നെ പറയാം.
പക്ഷേ ഒരിക്കൽ പോലും അവളെ ജീവിതത്തിലേക്ക് കൂട്ടിയതിന്റെ പേരിൽ താൻ വേദനിക്കേണ്ടി വന്നിട്ടില്ല.
തന്റെ മറ്റൊരു സ്വപ്നം പൂവണിയുന്ന ദിവസമാണ് നാളെ..
അമ്മയുടെ പേരിൽ ഒരു ഹോസ്പിറ്റൽ. അശരണർ ആരുമില്ലാത്ത പാവങ്ങളെ ചികിത്സിക്കാൻ വേണ്ടി മാത്രമുള്ള ആശുപത്രി. ഒരു രൂപ പോലും അവിടെ നിന്ന് ലാഭം കിട്ടിയില്ലെങ്കിലും ചികിത്സ കിട്ടാതെ ഒരാൾ പോലും ബുദ്ധിമുട്ടരുത് എന്നുള്ള തന്റെ ശാഠ്യം.
അതിന് പൂർണ്ണ പിന്തുണയുമായി തന്റെ പുതിയ കുടുംബവും…!
അത് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നുന്നുണ്ടായിരുന്നു.
നാളെ വീണ്ടും ആ നാട്ടിലേക്ക്…!!
✍️അപ്പു