രചന: അപ്പു
:::::::::::::::::::
” എടാ ഞാൻ കേട്ടതൊക്കെ ശരിയാണോ..? “
ആൽത്തറയിൽ ഇരിക്കുമ്പോൾ കൂട്ടുകാരൻ രമേഷ് ചോദിക്കുന്നത് കേട്ട്, അശോക് ഒരു നിമിഷം അവനെ നോക്കി.
വൈകുന്നേരം സംഭവിച്ച കാര്യം ഇത്ര പെട്ടെന്ന് അവന്റെ ചെവിയിൽ എത്തിയോ എന്നാണ് ആശോക് ഓർത്തത്. അത് മനസ്സിലാക്കിയത് പോലെ രമേശ് ചിരിച്ചു.
” നീ ഓർത്ത കാര്യം തന്നെയാണ് ഞാൻ പറയുന്നത്. നിനക്കറിയാമല്ലോ ഇവിടെ എന്ത് സംഭവിച്ചാലും ഞാൻ അറിയും. പ്രത്യേകിച്ച് നിന്റെ കാര്യങ്ങൾ. അപ്പോൾ പിന്നെ ഇന്ന് വൈകുന്നേരം സംഭവിച്ച കാര്യം ഞാൻ അറിഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ.. “
രമേഷ് കുസൃതിയോടെ പറഞ്ഞപ്പോൾ അശോക് ചിരിച്ചു.
“നീ അറിഞ്ഞതൊക്കെ ശരിയാ.”
പതിഞ്ഞ ശബ്ദത്തിൽ അശോക് മറുപടി പറഞ്ഞു.
” അതേതാടാ അങ്ങനെ ഒരു പെൺകുട്ടി.. നിന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറയാനും മാത്രം നിന്നോട് അത്രയ്ക്ക് ഇഷ്ടം തോന്നിയ ഒരു കുട്ടിയല്ലേ.. “
ആകാംക്ഷയോടെ രമേഷ് അന്വേഷിച്ചു.
“എടാ അതൊരു ചെറിയ കുട്ടിയാണ്.. ഇഷ്ടം തോന്നിയത് ഒന്നുമായിരിക്കില്ല.”
അശോക് എതിർത്തു.
” അപ്പോൾ നീ ആ കുട്ടിയെ ഉപദേശിച്ചു തിരിച്ചു പറഞ്ഞു വിട്ടതാണ് അല്ലേ.. “
രമേഷ് അവനെ തുറിച്ചു നോക്കി. അതിനു മറുപടിയായി അശോക് ചിരിക്കുക മാത്രം ചെയ്തു.
“അപ്പോൾ ഞാൻ ഊഹിച്ചത് തന്നെയാണ് കാര്യം. നിന്നോട് ഒരു കുട്ടി ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറയുമ്പോൾ അതിനെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് മടക്കി അയക്കാൻ നിനക്ക് തലയ്ക്ക് ഓളം ആണോ.. നിനക്ക് എന്തായാലും നല്ലൊരു ജോലിയുണ്ട്. വിവാഹ പ്രായവുമായി. ലൈഫ് സെറ്റിൽ ആവാനുള്ള സമയമൊക്കെ ആയി തുടങ്ങി. അപ്പോൾ പിന്നെ നിനക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടെങ്കിൽ ആ പ്രൊപ്പോസൽ സ്വീകരിക്കാൻ പാടില്ലായിരുന്നോ..?”
രമേഷ് കുറ്റപ്പെടുത്തിയപ്പോൾ അശോക് ഒരു നിമിഷം അവനെ നോക്കി.
” എന്നോട് ഇഷ്ടം പറഞ്ഞ കുട്ടി ഏതാണെന്ന് നിനക്കറിയാമോ..? “
അശോക് അങ്ങനെ ചോദിച്ചപ്പോൾ രമേഷ് ഒന്ന് പകച്ചു. തനിക്കറിയാവുന്ന ആരെങ്കിലും ആണോ അത് എന്നാണ് അവൻ ഒരു നിമിഷം ഓർത്തത്. പക്ഷേ അങ്ങനെ അവനോട് ഇഷ്ടം പറയാൻ പറ്റുന്ന മുഖങ്ങൾ ഒന്നും അവന്റെ ഉള്ളിൽ തെളിയാത്തതു കൊണ്ട് തന്നെ അവൻ അശോകിനെ നോക്കി.
” എടാ എന്റെ പെങ്ങളേക്കാൾ താഴെയുള്ള ചെറിയൊരു കുട്ടിയാണത്. എന്റെ പെങ്ങൾ ഡിഗ്രിക്ക് പഠിക്കുകയാണ്. അവളെക്കാൾ താഴെയുള്ള കുട്ടി എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ.. പ്ലസ് വണ്ണിലോ പ്ലസ് ടു ലോ ആണ് ആ കുട്ടി പഠിക്കുന്നത്. 16-ഓ 17 വയസ്സ് പ്രായമുണ്ടാകും. ഈ പ്രായത്തിൽ തോന്നുന്ന ഇഷ്ടമൊന്നും ഒരിക്കലും ആത്മാർത്ഥമായിരിക്കില്ല. “
അവൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു മുട്ടാപോക്ക് ന്യായം പറയുന്നതു പോലെയാണ് രമേശന് തോന്നിയത്.
” നിനക്ക് അതൊക്കെ വെറുതെ തോന്നുന്നതാണ്. ആ കൊച്ചിന് നിന്നോട് അത്രയും താല്പര്യമുള്ളതു കൊണ്ടല്ലേ ഇങ്ങോട്ട് വന്ന് ഇഷ്ടം പറഞ്ഞത്. സാധാരണ പെൺകുട്ടികൾക്ക് ഒരാളിനെ ഇഷ്ടപ്പെട്ടാലും അവർ അങ്ങനെ തുറന്നു പറയാറില്ലല്ലോ.”
അവൻ പറഞ്ഞപ്പോൾ അശോക് ഒന്ന് ചിരിച്ചു.
” നീ പറഞ്ഞത് ശരിയാണ്. സാധാരണ പെൺകുട്ടികൾക്ക് ഒരാളിനോട് ഇഷ്ടം തോന്നിയാലും അവർ അത് തുറന്നു പറയാതെ മറച്ചു വയ്ക്കുകയാണ് പതിവ്.അത് മറ്റൊന്നും കൊണ്ടല്ല. അവർ അത് അങ്ങനെ തുറന്നു പറയുമ്പോൾ സമൂഹം അവരെ എങ്ങനെ കാണും എന്നുള്ള അവരുടെ തെറ്റായ ചിന്ത കൊണ്ടാണ് തങ്ങളുടെ ഉള്ളിലെ സ്നേഹം അവർ മറക്കുന്നത്. പക്ഷേ ഇവിടെ അതല്ല സ്ഥിതി. ആ കുട്ടിയുടെ പ്രായം വെച്ച് നോക്കുമ്പോൾ എന്നെക്കാളും 10 വയസ്സിന് എങ്കിലും ആ കുട്ടിക്ക് പ്രായ വ്യത്യാസം ഉണ്ടാകും. ഇപ്പോഴത്തെ കാലത്ത് പ്രായവ്യത്യാസത്തിനെ കുറിച്ച് ആരും ചിന്തിക്കില്ല എന്നൊക്കെ പറഞ്ഞാലും അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു കാരണമുണ്ട്. ആ കുട്ടിയുടെ ഈ പ്രായത്തിൽ ഒരിക്കലും ആത്മാർത്ഥമായ ഒരു ഇഷ്ടം തോന്നാനുള്ള സമയം ഒന്നുമായിട്ടില്ല. അത് ഞാൻ ഉറപ്പിച്ച് പറയാനുള്ള മറ്റൊരു കാരണം, ആ കുട്ടിക്ക് എന്റെ പേര് പോലും ശരിക്കും എന്താണെന്ന് അറിയില്ല. എന്നെ ഒന്നോ രണ്ടോ തവണ കണ്ട പരിചയം വെച്ചിട്ടാണ് ഇഷ്ടമാണ് എന്ന് പറഞ്ഞ് ആ കുട്ടി ഇങ്ങോട്ടേക്ക് വന്നത്. ഇങ്ങനെ ഒന്ന് രണ്ട് തവണ കാണുന്നതു കൊണ്ട് ഇഷ്ടമാണ് എന്ന് പറയുമ്പോൾ എന്റെ ബാഹ്യ സൗന്ദര്യം മാത്രമാണ് ആ കുട്ടിയെ ആകർഷിച്ചത് എന്ന് മനസ്സിലാക്കാൻ ഒരുപാട് ബുദ്ധി ഒന്നും വേണ്ടല്ലോ.”
അശോക് പറഞ്ഞപ്പോൾ അത് ശരിയാണെന്ന് രമേഷനും തോന്നുന്നുണ്ടായിരുന്നു.
” ഇന്നത്തെ കാലത്ത് അല്ലെങ്കിലും സൗന്ദര്യത്തിന് മാത്രമാണ് വില. സ്വഭാവത്തിന് ആരും ഒരു വിലയും നൽകാറില്ല. ഒരു ജോലിക്കും പോകാതെ വെറുതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി കറങ്ങി നടക്കുന്ന ആൺകുട്ടികൾക്ക് വരെ പെൺകുട്ടികളുടെ ഇടയിൽ നല്ല ഡിമാൻഡ് ആണ്. എന്നാൽ അതേസമയം ജോലിക്ക് പോയി കുടുംബം നോക്കുന്ന ആൺകുട്ടികളെ പെൺകുട്ടികൾക്ക് ചിലപ്പോൾ കണ്ണിന് നേരെ കാണാൻ ഇഷ്ടമുണ്ടാവില്ല. പലപ്പോഴും കൂടെ കറങ്ങി നടക്കാൻ സൗന്ദര്യമുള്ള ഒരാൾ ആയിരിക്കണം ഉള്ളത് എന്നൊരു ചിന്ത മാത്രമാണ് ഈ പെൺകുട്ടികളുടെ ഉള്ളിലുള്ളത്. അല്ലാതെ,നല്ല സ്വഭാവമുള്ള ആളായിരിക്കണം എന്നോ ജീവിതാവസാനം വരെ ഒപ്പം വേണമെന്ന് ഒന്നും ആരും ചിന്തിക്കാറില്ല. “
അശോക് പറയുന്നതൊക്കെ ശരിയാണെന്ന് രമേശിനും അറിയാമായിരുന്നു.
” നമ്മൾ വേറെ പുറത്തേക്ക് ആരെ കുറിച്ചും ചിന്തിക്കേണ്ട. നമ്മുടെ രമണി ചേച്ചിയുടെ മോളില്ലേ. നിമിഷ.. ആ കുട്ടിയെ എത്ര കഷ്ടപ്പെട്ടാണ് രമണി ചേച്ചി വളർത്തി വലുതാക്കി കൊണ്ടുവന്നത് എന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ.അച്ഛനില്ലാത്ത മകളെ പഠിപ്പിക്കാൻ വേണ്ടി കൂലിപ്പണിക്ക് പോയിട്ടാണ് അവർ ഓരോ കാര്യങ്ങളും നടത്തിയിരുന്നത്. എന്നിട്ട് എന്തായി.. അവൾ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒപ്പം പഠിച്ചവനെ പ്രേമിച്ചു. അവന്റെ സ്വഭാവം എന്താണെന്ന് അവൻ എങ്ങനെയുള്ളവൻ ആണെന്ന് ഒന്നും അവൾ നോക്കിയില്ല. വീട്ടിൽ അറിഞ്ഞ് അത് നടത്തി കൊടുക്കില്ല എന്ന് രമണി ചേച്ചി വാശി പിടിച്ചപ്പോൾ അതേ വാശിക്ക് അവൾ അവനോടൊപ്പം ഇറങ്ങിപ്പോയി. അങ്ങനെ പോയ മകൾ സന്തോഷത്തോടെ ജീവിക്കുകയാണെങ്കിൽ രമണി ചേച്ചിക്ക് വീണ്ടും ഒരു സമാധാനമെങ്കിലും കിട്ടിയേനെ. പക്ഷേ അതാണോ ഉണ്ടായത്..? കൊണ്ടുപോയവന് അവളിലുള്ള ആഗ്രഹവും താൽപര്യവും ഒക്കെ തീർന്നപ്പോൾ അവളെ അവനു മടുപ്പായി. പിന്നെ നിരന്തരമായ ഉപദ്രവവും പ്രശ്നങ്ങളും ഒക്കെയായപ്പോൾ പോലീസ് സ്റ്റേഷനിൽ പരാതിയും കൊടുത്തു. അങ്ങനെ ഇപ്പോൾ അവളെ വീട്ടിൽ കൊണ്ടുവന്നു രമണി ചേച്ചി തന്നെയല്ലേ നോക്കുന്നത്.. അന്ന് അവൾ പഠിച്ച് കോഴ്സ് കംപ്ലീറ്റ് ചെയ്യുകയെങ്കിലും ചെയ്തിരുന്നെങ്കിൽ ഇന്ന് രമണി ചേച്ചിക്ക് ഒരു സഹായം ആയേനെ. അതിനെക്കുറിച്ച് ഒന്നും ചിന്തിക്കാതെ അവൾ സ്വന്തം സ്വാർത്ഥതയ്ക്ക് ഓരോന്ന് ചെയ്തു കൂട്ടി.. ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ നമ്മുടെ കണ്ണിനു മുന്നിൽ ഉണ്ട്.. അങ്ങനെയുള്ളപ്പോൾ നമ്മൾ ഒരിക്കലും ഒരു പെൺകുട്ടിയെയും ചതിക്കാൻ ശ്രമിക്കരുത്. വേണമെങ്കിൽ ആ പെൺകുട്ടിയോട് എനിക്ക് ഇഷ്ടമാണ് എന്ന് പറയാമായിരുന്നു. എല്ലാവരും ചെയ്യുന്ന പോലെ അവളെയും കൊണ്ട് നാട് മുഴുവൻ കറങ്ങി നടക്കാമായിരുന്നു. ചെയ്യുന്നതിലെ ശരി തെറ്റുകൾ ഒന്നും ആ പെൺകുട്ടിക്ക് ചിലപ്പോൾ മനസ്സിലാക്കാൻ പോലും കഴിഞ്ഞെന്നു വരില്ല. എന്നെ പ്രീതിപ്പെടുത്തി നിർത്തണം എന്നല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഒരുപക്ഷേ ആ കുട്ടി ചിന്തിക്കണം എന്നു പോലുമില്ല. ഒടുവിൽ ഒരു ദിവസം അവളോടൊപ്പം ഉള്ള കറക്കം എനിക്ക് മതിയാകുമ്പോൾ മടുത്തു എന്നൊരു പേരിൽ വേണമെങ്കിൽ അവളെ ഒഴിവാക്കി വിടുകയും ചെയ്യാം. പക്ഷേ അതിനുശേഷം ആ കുട്ടി അനുഭവിക്കേണ്ടി വരുന്നത് എന്തൊക്കെയായിരിക്കും എന്ന് എനിക്ക് ഊഹിക്കാം. അവളുടെ സ്ഥാനത്ത് എന്റെ പെങ്ങൾ ആണെങ്കിൽ എനിക്ക് എങ്ങനെ വേദനിക്കും.. അതുപോലെ ആരുടെയോ പെങ്ങളും മകളും ഒക്കെയല്ലേ ആ കുട്ടിയും.. അവളുടെ ഭാഗത്തു നിന്ന് വന്ന തെറ്റ് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്നല്ലാതെ ഒരിക്കലും അതിനെ ചൂഷണം ചെയ്യണമെന്ന് ആരും ചിന്തിക്കാൻ പാടില്ല. ആരെങ്കിലുമൊക്കെ അങ്ങനെ ചിന്തിച്ചാലും ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.. “
അവന്റെ ഉറച്ച വാക്കുകൾ കേട്ടപ്പോൾ നേരത്തെ അവനെ കുറ്റപ്പെടുത്തിയത് തെറ്റായിപ്പോയി എന്ന് രമേശന് തോന്നി.
മറ്റൊന്നും ചിന്തിക്കാതെ അവനെ മുറുകെ പുണരുമ്പോൾ, അവനിലെ വ്യക്തിത്വത്തിനെ അത്രയേറെ ബഹുമാനിക്കുന്നുണ്ടായിരുന്നു രമേശൻ.
✍️ അപ്പു