രചന : അപ്പു
:::::::::::::::::::::::::::::::::
കയ്യിലിരിക്കുന്ന കത്തിന്റെ ഫ്രം അഡ്രസ്സിലേക്ക് വിനോദ് ഒരിക്കൽ കൂടി നോക്കി.
അതെ ഇത് അവളുടെ പേര് തന്നെയാണ്.അനാമിക.. വിനുവിന്റെ ആമി..!
വർഷങ്ങൾക്കു മുൻപ് ആ കല്യാണ പന്തലിൽ വച്ചാണ് അവളെ അവസാനമായി കാണുന്നത്. ഇപ്പോൾ രണ്ടുമൂന്നു വർഷങ്ങൾക്കു ശേഷം അവൾ എന്തിനാണ് ഇങ്ങനെയൊരു കത്ത് തനിക്ക് അയച്ചത് എന്ന് ഓർത്ത് വിനോദിന് ആശ്ചര്യം തോന്നി.
അവളുടെ എന്തെങ്കിലും വിശേഷം പങ്കുവയ്ക്കാൻ ആകും എന്ന് തോന്നലിൽ അവൻ കത്ത് പൊട്ടിച്ച് വായിക്കാൻ തുടങ്ങി.
“പ്രിയപ്പെട്ട വിനുവിന്..
എനിക്കറിയാം വിനു എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യവും അടുപ്പവും ഇപ്പോൾ നമുക്ക് തമ്മിൽ ഇല്ല എന്ന്.പക്ഷേ ശീലിച്ചതല്ലേ എനിക്ക് തുടർന്നു പോകാൻ പറ്റൂ.. പരിചയപ്പെട്ട നാൾ മുതൽ നീ എനിക്ക് വിനു ആയിരുന്നല്ലോ.. ഞാൻ നിന്റെ ആമിയും..!
ഞാനെന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു കത്ത് എഴുതിയത് എന്ന് ഓർത്ത് നിനക്ക് ആശ്ചര്യം തോന്നുന്നുണ്ടാവും എന്ന് എനിക്കറിയാം. അല്ലെങ്കിലും പഴയ കാമുകന് വർഷങ്ങൾക്കു ശേഷം കാമുകി കത്തായിരിക്കുമ്പോൾ അതിന്റെ പിന്നിൽ എന്തെങ്കിലും ഒരു ദുരൂഹത ഉണ്ടായിരിക്കും എന്ന് ഊഹിക്കുന്നത് ഒരു തെറ്റല്ലല്ലോ..
അയ്യോ നിന്റെ വിശേഷങ്ങൾ ചോദിക്കാൻ ഞാൻ മറന്നു.. അല്ലെങ്കിലും പണ്ടുമുതലേ എനിക്ക് പറയാനുള്ളത് മുഴുവൻ നിന്നോട് പറഞ്ഞു കഴിഞ്ഞിട്ടാണല്ലോ നിനക്ക് എന്താണ് പറയാനുള്ളത് എന്ന് ഞാൻ അന്വേഷിക്കാറുള്ളൂ..
ഇത്തവണയും അതു തന്നെയായിരുന്നു എന്ന് തോന്നുന്നു.നിനക്ക് സുഖം തന്നെയല്ലേ.. വീട്ടിൽ അച്ഛനും അമ്മയും അനിയനും ഒക്കെ സുഖമായിട്ടിരിക്കുന്നില്ലേ..?
നിന്റെ ഭാര്യ.. ആ കുട്ടിയുടെ പേര് എനിക്കറിയില്ല. പക്ഷേ നിന്റെ കല്യാണം കഴിഞ്ഞു എന്ന് ഞാൻ അറിഞ്ഞിരുന്നു. നല്ല സുന്ദരിക്കുട്ടി ആയിരിക്കും അല്ലേ. നിന്നെ നന്നായി നോക്കുന്നുണ്ടായിരിക്കും.
നിനക്ക് മോനാണോ മോളാണോ.. നിനക്ക് പണ്ടുമുതലേ മോള് വേണമെന്ന് ആയിരുന്നല്ലോ ആഗ്രഹം..
ആദ്യത്തെ കുട്ടി മോള് വേണമെന്ന് അത് അമ്മയെപ്പോലെ സുന്ദരിയായിരിക്കണമെന്നും നിന്നോട് കുറുമ്പ് കാണിക്കണം എന്നുമൊക്കെ നീ എത്രയോ തവണ എന്നോട് ആഗ്രഹം പറഞ്ഞിട്ടുണ്ട്.. ഒരുപക്ഷേ ദൈവം നിന്നെ അതിനുവേണ്ടി അനുഗ്രഹിച്ചിട്ടുണ്ടായിരിക്കും.
എന്റെ വിശേഷം… എന്റെ കല്യാണം നീ ഒരിക്കലും മറക്കില്ല എന്ന് എനിക്കറിയാം. നീയും ഞാനും ഒരുപോലെ വേദനിച്ച ഒരു ദിവസമായിരുന്നല്ലോ അത്..
വീട്ടുകാരോട് എത്രയൊക്കെ കരഞ്ഞു പറഞ്ഞിട്ടും കാലു പിടിച്ചിട്ടും നിന്നെ എനിക്ക് തരാൻ അവർ ആരും നമ്മളെ സഹായിച്ചില്ലല്ലോ.. ജീവിതം തന്നെ മടുത്തത് പോലെയാണ് അന്ന് ആ താലിക്ക് വേണ്ടി തലകുനിച്ചു കൊടുത്തത്.
ഒരു കണക്കിൽ പറഞ്ഞാൽ, എനിക്ക് കൊലക്കയർ തന്നെയായിരുന്നു ആ താലി. മനസ്സിൽ ഒരാളെ വെച്ച് മറ്റൊരാളുടെ താലിയും അണിഞ്ഞ് എത്രകാലമാണ് ഒരാളെ വഞ്ചിക്കാൻ കഴിയുക..
ഞാൻ എന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ അത് മറക്കാൻ സമയം അനുവദിക്കാൻ അയാൾ തയ്യാറായിരുന്നു കേട്ടോ. കുറെ നാളുകൾ ഞാൻ അയാളെ സ്നേഹിക്കാൻ വേണ്ടി അയാൾ കാത്തിരിക്കുകയും ചെയ്തു.
പക്ഷേ എന്ത് ചെയ്യാം.. എന്റെ മനസ്സ് അയാളോട് അടുക്കാൻ എന്നെ സമ്മതിക്കുന്നുണ്ടായിരുന്നില്ല. പതിയെ പതിയെ അയാൾക്കും മടുപ്പ് തോന്നി തുടങ്ങിയിട്ടുണ്ടായിരിക്കും. അത് സ്വാഭാവികം അല്ലേ..!
അതേ സമയത്ത് തന്നെ അയാളുടെ പഴയ കാമുകി തിരിച്ചു വന്നത് ഒരു ദൈവനിശ്ചയമായിരിക്കാം. എന്നിൽ നിന്നുള്ള അവഗണനകളും അവളിൽ നിന്നുള്ള സ്നേഹവും സ്വാഭാവികമായും അയാളെ അവളിലേക്ക് അടുപ്പിച്ചു.
വളരെ മാന്യമായി അയാൾ അത് എന്നോട് തുറന്നു പറയുകയും ചെയ്തു. അയാളുടെ ജീവിതം നശിപ്പിക്കാൻ പിന്നീട് ഒരു നിമിഷം പോലും അവിടെ കടിച്ചു തൂങ്ങി നിൽക്കാൻ എനിക്ക് തോന്നിയില്ല.
വളരെ സൗഹൃദപരമായി തന്നെയാണ് ഞങ്ങൾ ഞങ്ങളുടെ ബന്ധം വേർപെടുത്തിയത്. എന്റെ ജീവിതം ഇങ്ങനെ ആയിപ്പോയതിനും ഒരിക്കലും അയാളെ തെറ്റ് പറയാൻ എനിക്ക് കഴിയില്ല. എനിക്കു വേണ്ടി അയാൾ കുറെ ഏറെ സഹിച്ചതാണ്..!
ദൈവം എന്നെ പരീക്ഷിച്ച് മതിയായിട്ടില്ല എന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ ഡിവോഴ്സ് കഴിഞ്ഞ് കൃത്യം ആറുമാസങ്ങൾക്ക് ശേഷം മറ്റൊരു വിധി എന്നെ തേടി വന്നത്..
ഞാൻ ഇങ്ങനെ വലിച്ചു നീട്ടി പറയുമ്പോൾ നിനക്ക് ബോറടിക്കുന്നുണ്ടാവും അല്ലേ.. അതോ നിന്റെ കണ്ണ് നിറഞ്ഞിരിക്കുകയാണോ.. പണ്ടുമുതലേ നീ ഭയങ്കര സെൻസിറ്റീവ് ആണ്.
എന്തെങ്കിലും ഒരു ചെറിയ വിഷമം വന്നാൽ പോലും മൂക്കും ചുവപ്പിച്ച് കണ്ണും ചുവന്നു നിൽക്കുന്ന ആ പയ്യനെ എനിക്കിപ്പോഴും ഓർമ്മയുണ്ട്.
എന്ത് വിധിയാണ് എന്ന് ഓർത്ത് നിനക്ക് ആശ്ചര്യമായിരിക്കും അല്ലേ. എന്നാൽ നീ ഞെട്ടാൻ തയ്യാറായിക്കോ.. എന്റെ പുതിയ വിധിയുടെ പേരാണ് ബ്ലഡ് ക്യാൻസർ..
പെട്ടെന്നൊരു സുപ്രഭാതത്തിൽ മൂക്കിൽ നിന്ന് ചോരയും വന്ന് തലകറങ്ങി വീണ ഞാൻ പിന്നീട് ബോധം വരുമ്പോൾ കേൾക്കുന്നത് എനിക്ക് ബ്ലഡ് ക്യാൻസർ ആണെന്നാണ്. കേട്ടപ്പോൾ അമ്പരപ്പും സങ്കടവും ദേഷ്യവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.
ആദ്യമൊക്കെ ചികിത്സയോട് പ്രതികരിക്കാൻ പോലും എനിക്ക് മടിയായിരുന്നു.പക്ഷേ ഇപ്പോൾ ഇത് ശീലമായി.
സ്ഥിരമായിട്ടുള്ള ആശുപത്രി വാസവും മരുന്നുകളും ഒക്കെ എന്റെ ദൈനംദിന ജീവിതത്തിൽ ഉള്ളതാണ് ഇപ്പോൾ.
നിനക്ക് നമ്മുടെ കോളേജ് കാലഘട്ടം ഓർമ്മയുണ്ടോ..? അന്ന് കോളേജ് യൂണിയന്റെ ഭാഗമായി ബ്ലഡ് കളക്ഷൻ ക്യാമ്പ് നടത്തിയപ്പോൾ നീ എന്നെ നിർബന്ധിച്ച് അവിടെ വരെ കൊണ്ടുപോയത് ഓർമ്മയുണ്ടോ.. ബ്ലഡ് എടുക്കാൻ വന്നപ്പോൾ പേടിച്ച് നിലവിളിച്ച് ട്രിപ്പിട്ട് കിടന്ന് എന്നെ നീ മറക്കില്ല എന്ന് എനിക്കറിയാം.
ആ എന്റെ ശരീരത്തിൽ നിന്ന് ഇപ്പോൾ ഇത്രയും ചോര ഒഴുകി പോകുമ്പോഴും അത് എനിക്കൊരു വിഷയമല്ലാതെ ആയി മാറിയിരിക്കുന്നു. ദൈവത്തിന്റെ ഓരോ വികൃതികളെ…!
നമ്മൾ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും അടുത്തതും ഒക്കെ വളരെ പെട്ടെന്ന് ആയിരുന്നു. ആദ്യം കണ്ട ദിവസം മുതൽ നിന്നോട് എനിക്ക് വളരെ അടുത്ത ഒരു ബന്ധം ഉണ്ടെന്ന് ഉള്ളിന്റെയുള്ളിൽ ഒരു തോന്നൽ ഉണ്ടായിരുന്നു. നിനക്കും അങ്ങനെ തന്നെയായിരുന്നു എന്നെനിക്കറിയാം.
അതുകൊണ്ടാണല്ലോ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് കൃത്യം ഒരു മാസത്തിനുള്ളിൽ നമ്മൾ സൗഹൃദത്തിൽ ആവുന്നതും അധികം വൈകാതെ അത് ഒരു പ്രണയത്തിലേക്ക് വഴിമാറുന്നതും.
നമുക്ക് നമ്മുടെ ഭാവിയെക്കുറിച്ച് എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടായിരുന്നതാണ്.. എന്റെ വീട്ടുകാരുടെ ദുർവാശി ഒന്നുകൊണ്ടു മാത്രം പാതിവഴിയിൽ നിന്നുപോയ കുറെയേറെ സ്വപ്നങ്ങൾ..!
പക്ഷേ ഇപ്പോൾ ഓർക്കുമ്പോൾ അവർ അന്ന് അങ്ങനെ ചെയ്തത് നന്നായി എന്ന് എനിക്ക് തോന്നുന്നു. അല്ലെങ്കിൽ ഞാൻ ഇങ്ങനെ പകുതി വഴിയിൽ യാത്ര പറഞ്ഞു പിരിയുമ്പോൾ നിനക്ക് അത് ഒരിക്കലും സഹിക്കാൻ കഴിയില്ല..
നിനക്ക് ഇത്രയും വർഷത്തിനു ശേഷം ഞാൻ ഇപ്പോൾ കത്തെഴുതിയത് എന്തിനാണെന്ന് നിനക്കറിയാമോ. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കത്തെഴുതിയത് നിനക്ക് വേണ്ടിയായിരുന്നു. അവസാനത്തെ കത്തും നിനക്ക് വേണ്ടി തന്നെ ആകണം എന്ന് എനിക്ക് നിർബന്ധമുണ്ട്.
നീ ഇങ്ങനെ തുറിച്ചു നോക്കുകയൊന്നും വേണ്ട. എന്റെ സമയം അടുത്തു എന്ന് എനിക്കറിയാം. എന്റെ ഉള്ളിലിരുന്ന് ആരോ അത് എന്നോട് പറയുന്നുണ്ട്. നിന്നോട് ഇത്രയെങ്കിലും പറയാതെ പോയാൽ എന്റെ ആത്മാവിന് പോലും ശാന്തി കിട്ടില്ല എന്ന് തോന്നി.
ഈ കത്ത് വായിച്ച് അവസാനിപ്പിക്കുന്നതിനൊപ്പം നീ എന്നെ നിന്റെ ഓർമ്മയിൽ നിന്നും എടുത്തു കളഞ്ഞിരിക്കണം.
പിന്നെ വല്ലപ്പോഴും ഓർമയിലേക്ക് തള്ളിക്കയറി വരികയാണെങ്കിൽ അന്ന് എന്റെ ആത്മാവിന്റെ ശാന്തിക്ക് വേണ്ടി നീ പ്രാർത്ഥിക്കണം..
നിന്റെ സ്വന്തം ആമി..”
ആ കത്ത് വായിച്ചു കഴിഞ്ഞപ്പോൾ അവന്റെ ഉള്ളം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.
കോളേജിലേക്ക് പുഞ്ചിരിയോടെ കയറി വന്ന ഒരു പെൺകുട്ടി അവന്റെ മനസ്സിലേക്ക് കടന്നുവന്നു. പിന്നീട് അവളോടൊപ്പം നടന്നു തീർത്ത വഴിത്താരകളും ആ കോളേജിലെ ഓരോ മുക്കും മൂലയും അവന് ഓർമ്മ വന്നു.
സങ്കടം അധികരിച്ചപ്പോൾ അവൻ ഒന്ന് ദീർഘ നിശ്വാസം ഉതിർത്തു.
പിന്നെ അവൾ പറഞ്ഞതുപോലെ ആ കത്തിനോടൊപ്പം അവളുടെ ഓർമ്മകളെയും ഹോമിച്ചു കൊണ്ട് അവൻ തന്റെ വഴിയിലേക്ക് തിരിഞ്ഞു.
✍️ അപ്പു