രചന: സജി തൈപറമ്പ്
:::::::::::::::::::::::
ഡീ രമണീ ..നിന്റെ നീരാട്ട് ഇത് വരെ കഴിഞ്ഞില്ലേ?
ബാത്റൂമിന്റെ ഡോറിൽ തട്ടി അശോകൻ ചോദിച്ചു.
ദാ വരുന്നു, ഏട്ടാ ഒറ്റമിനുട്ടേ….
ഷവറിൽ നിന്ന് പെയ്തിറങ്ങുന്ന തണുത്ത വെള്ളത്തിൽ അവൾ ശരിക്കും ആറാടുകയായിരുന്നു.
അതിന് കാരണമുണ്ട്
ഏറെ നാളായി സ്വന്തമായി ഒരു കാറ് വാങ്ങണമെന്ന ആഗ്രഹം പൂർത്തിയായ ദിവസമാണിന്ന്.
അതിനായ് ഷോറൂമിലേക്ക് പോകാനാണ് അശോകൻ വിളിക്കുന്നത്.
കുളി മതിയാക്കി അവൾ വേഗം ബാത്റൂമിന് വെളിയിലിറങ്ങി.
അയ്യേ! ഇതെന്തോന്നാടീ..നിനക്ക് നാണോം മാനോം ഒന്നുമില്ലേ?
അപ്പോഴാണ് താൻ ഈറൻ മാറിയുടുക്കാതെ ന ഗ്ന യായിട്ടാണ് വെളിയിലിറങ്ങിയതെന്ന് അവൾക്ക് മനസ്സിലായത്.
ഛെ !സന്തോഷാ തിരേകത്താൽ, താൻ, തന്നെ തന്നെ , മറന്നു പോയല്ലോ എന്നോർത്ത് അവൾക്ക് നാണം വന്നു.
ഓട്ടോ പിടിച്ച് ഷോറൂമിലെത്തുമ്പോൾ മുറ്റത്ത് തന്നെ റിബൺ കൊണ്ടലങ്കരിച്ച ഒരു വെള്ള കാറ് കിടക്കുന്നത് കണ്ടു.
ദേ കണ്ടോ രമണീ ..അതാണ് നമ്മുടെ കാറ്
അശോകനത് പറയുമ്പോൾ രമണി ആ കാഴ്ച കണ്ട് രോമാഞ്ചപുളകിതയായി.
എത്രയും വേഗം അതിലേക്ക് കയറി അതിന്റെ ഫ്രെണ്ട് സീറ്റിലിരിക്കാൻ അവളുടെ തുള്ളിച്ചാടുന്ന മനസ്സ് വെമ്പൽ കൊണ്ടു.
സെയിൽസ് എക്സിക്യൂട്ടീവിന് 200 രൂപ ദക്ഷിണയർപ്പിച്ച് താക്കോല് കൈയ്യിൽ വാങ്ങുമ്പോൾ അശോകന്റെ കൈകൾ വിറയ്ണ്ടന്നുണ്ടായിരുന്നു.
വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ,അവരുടെ ഏകമകൾ, ഏഴ് വയസ്സുള്ള , അനാമിക ഫ്രെണ്ട് സീറ്റിലേക്ക് ചാടിക്കയറി.
ഇങ്ങോട്ടിറങ്ങടീ… കുട്ടികൾ പുറകിലെ സീറ്റിലാ ഇരിക്കുന്നത് ഇത് എന്റെ സീറ്റാ…
മോളേ പുറകിലെ സീറ്റിലേക്ക് തള്ളിയിട്ട്, രമണി ഫ്രെണ്ട് സീറ്റ് കയ്യടക്കി.
ടൗണിലെ തിരക്കിലൂടെ കാറോടിക്കുമ്പോൾ, അശോകൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
രമണീ.. നീയാ ഗ്ളാസ്സ് പൊക്കിയിടൂ, ചുമ്മാതല്ല AC ഉണ്ടായിട്ടും, ചൂടെടുക്കുന്നത്
ഓഹ്, പിന്നെ .. ഗ്ളാസ്സിട്ടാൽ നമ്മളെ ആരും കാണില്ല അശോകേട്ടാ ,അഞ്ചാറ് ലക്ഷം രൂപാ മുടക്കി കാറ് വാങ്ങിയത് തന്നെ എല്ലാവരുടെ മുന്നിലും ഒന്ന് ഞെളിഞ്ഞിരിക്കാനാ
അതും പറഞ്ഞവൾ കൈമുട്ട് മടക്കി ഡോറിന് വെളിയിലേക്കിട്ട് ഞെളിഞ്ഞങ്ങനെയിരുന്നു.
അശോകേട്ടാ…നമുക്കൊരു പോമറേനിയൻ നായ്കുട്ടിയെ കൂടി വാങ്ങണം
അതെന്തിനാടീ…നിനക്ക് പണ്ടേ,നായ്ക്കളേ ഒന്നും ഇഷ്ടമല്ലായിരുന്നല്ലോ ?
അത് തെരുവ് നാ യ്ക്കളെയല്ലേ..ഇത് നമ്മള് കാശ് കൊടുത്ത് ഒന്നിനെ വാങ്ങണം ,എന്നിട്ട് നമ്മൾ കാറിൽ പുറത്ത് പോകുമ്പോൾ അതിനെയെടുത്ത് എന്റെ മടിയിൽ വച്ച് കൊണ്ട് പോണം. അതാണ് ഫാഷൻ.സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ?
അപ്പോഴാണ് ,ഒരു തെരുവ് പ ട്ടി, കാറിന് വട്ടംചാടിയത്.
അശോകൻ സഡൻ ബ്രേക്കിട്ടതും കാറ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് ,പുഴയിലേക്ക് മറിഞ്ഞു.
ഡോറ് തുറന്ന് പുറത്തേക്ക് തെറിച്ച, രമണി കൈവരിയിൽ തൂങ്ങി കിടന്നു, അലറി വിളിച്ചു
അയ്യോ രക്ഷിക്കണേ…രക്ഷിക്കണേ….
എന്തോന്നാടീ …ഈ പാതിരാത്രീല് കെടന്ന് കാറണത്,മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ലേ?
തറയിൽ വീണ് കിടന്ന് കട്ടിലിന്റെ ക്രാസിയിൽ പിടിച്ച് വലിക്കുന്ന, രമണിയെ നോക്കി അശോകൻ ചോദിച്ചു.