പക്ഷേ ഒരു തരത്തിലും അവന്റെ ഇഷ്ടം അംഗീകരിക്കാൻ ആവില്ല എന്ന് അവൾ അവന്റെ….

രചന: അപ്പു

::::::::::::::::::::

രാവിലെ ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ വല്ലാത്തൊരു തണുപ്പ് ഉണ്ടായിരുന്നു എന്ന് ആമി ഓർത്തു.

ചുറ്റുപാടും വീക്ഷിച്ചു കൊണ്ടാണ് അവൾ ക്ഷേത്രത്തിലേക്ക് ചുവട് വയ്ക്കുന്നത്. വെക്കേഷന് അമ്മയുടെ നാട്ടിലേക്ക് വന്നതാണ് ആമി.

അച്ഛന്റെ ജോലി സംബന്ധമായി അവർ കുടുംബമായി മുംബൈയിൽ സെറ്റിൽഡാണ്. അതിനിടയിൽ വെക്കേഷനുകളിൽ മാത്രമാണ് അവർ നാട്ടിലേക്ക് വരിക.

സാധാരണ എല്ലാ തവണയും അച്ഛനും അമ്മയും അവളും ഒക്കെ കൂടിയാണ് വരാറ്. പക്ഷേ ഇത്തവണ പതിവ് തെറ്റിച്ചു കൊണ്ട് അച്ഛന് എന്തൊക്കെയോ ജോലിത്തിരക്കുകൾ ഉള്ളതു കൊണ്ട് ആമി ഒറ്റയ്ക്കാണ് തറവാട്ടിലേക്ക് എത്തിയത്.

എല്ലാ തവണയും തറവാട്ടിൽ എത്തിക്കഴിഞ്ഞാൽ മുടങ്ങാതെ അവൾ ക്ഷേത്രദർശനം നടത്താറുണ്ട്. തിരികെ മുംബൈ നഗരത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറി കഴിഞ്ഞാൽ, ക്ഷേത്രദർശനം കിട്ടാക്കനിയായി മാറും എന്നറിയുന്നതു കൊണ്ട് തന്നെയായിരുന്നു അത്.

ക്ഷേത്രത്തിന്റെ ആൽത്തറയുടെ മുന്നിലെത്തിയപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ കുളപ്പടവിലേക്ക് നീണ്ടു. അവളുടെ പ്രതീക്ഷ തെറ്റിക്കാതെ അന്നും ആ മനുഷ്യൻ അവിടെത്തന്നെ ഉണ്ടായിരുന്നു.

അയാളെ കാണുമ്പോൾ എന്തിനെന്നറിയാതെ അവളുടെ ഹൃദയത്തിൽ വല്ലാത്തൊരു വേദന പൊട്ടി പുറപ്പെടാറുണ്ട്.

എല്ലാ തവണയും ക്ഷേത്രത്തിൽ വരുമ്പോൾ അവളുടെ സ്ഥിരം കാഴ്ചയാണ് കുളപ്പടവിൽ മുഷിഞ്ഞ വസ്ത്രത്തോടെ കുളത്തിലേക്ക് തന്നെ കണ്ണു നട്ടിരിക്കുന്ന ഒരു മനുഷ്യൻ. ഇന്ന് വരെയും ഒരാളെ പോലും അയാൾ ഉപദ്രവിച്ചിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം.

ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ ക്ഷേത്രക്കുളത്തിലേക്ക് നോക്കി അയാൾ അങ്ങനെ ഇരിക്കും. കുറെ നേരം കഴിയുമ്പോൾ അയാൾ എഴുന്നേറ്റ് ആൽത്തറയിൽ വന്നിരിക്കും. ക്ഷേത്രം അടയ്ക്കുന്ന സമയമാകുമ്പോഴേക്കും തിരികെ അയാളുടെ വീട്ടിലേക്ക് പോകും. വൈകുനേരവും ഇങ്ങനെ തന്നെ.

പലപ്പോഴും അയാളെക്കുറിച്ച് അന്വേഷിക്കണം എന്ന് തോന്നിയിട്ടും അതിനുള്ള അവസരം ഇതുവരെയും കിട്ടിയിരുന്നില്ല. ഇന്ന് എന്തായാലും വീട്ടിലെത്തി കഴിയുമ്പോൾ ചെറിയച്ഛനോട് അയാളെ പറ്റി അന്വേഷിക്കണം എന്ന് ആമി മനസ്സിൽ ഉറപ്പിച്ചു.

ഒരിക്കൽ കൂടി അയാളെ ഒന്നു നോക്കിയിട്ട് അവൾ ക്ഷേത്രത്തിലേക്ക് നടന്നു. പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി വരുമ്പോൾ അയാൾ പതിവു പോലെ ആൽത്തറയിൽ ഇരിപ്പുണ്ട്. അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അവൾ വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തിക്കഴിഞ്ഞാൽ ചെറിയച്ഛനെ അവിടെയൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ജോലി കാര്യവുമായി ബന്ധപ്പെട്ട ടൗണിലേക്ക് പോയതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

ചെറിയച്ഛൻ വന്നാൽ ഉടനെ അതിനെക്കുറിച്ച് ചോദിക്കണമെന്ന് തന്നെയാണ് അവൾ കരുതിയത്. കാത്തു കാത്തിരുന്ന് രാത്രിയാണ് അവൾക്ക് ചെറിയച്ഛനെ കൺമുന്നിൽ കാണാൻ കിട്ടിയത് തന്നെ.

“എനിക്ക് ചെറിയച്ഛനോട് ഒരു കാര്യം ചോദിക്കാനുണ്ട്.”

എന്തോ പറയാനുണ്ട് എന്ന് പറഞ്ഞു അയാളെ വിളിച്ചു വരുത്തി മുഖവുര ഒന്നും കൂടാതെ അവൾ ഇങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി.

“എന്താ മോളെ..? മോൾക്ക് എന്താ പറയാനുള്ളത്..?”

അയാൾ ചോദിച്ചപ്പോൾ അവൾ ഒന്ന് പരുങ്ങി. ആദ്യം അയാളെക്കുറിച്ച് അറിയണം എന്ന് തോന്നിയ ധൈര്യം ഇപ്പോൾ ചെറിയച്ഛനെ അടുത്ത് കാണുമ്പോൾ തോന്നുന്നില്ല.

ഇനി ഒരിക്കൽ കൂടി ഈ നാട്ടിൽ നിന്ന് പോയി മടങ്ങി വരുമ്പോൾ അയാളെ കാണാൻ സാധിച്ചില്ലെങ്കിലോ..! അതുകൊണ്ട് എന്തായാലും കാര്യങ്ങൾ അറിയണമെന്ന് അവൾ മനസ്സിൽ ഒരിക്കൽ കൂടി ഉറപ്പിച്ചു.

“എനിക്ക് ഒരാളിനെ കുറിച്ചാണ് അറിയേണ്ടത്.മറ്റാരുമല്ല.. നമ്മുടെ ക്ഷേത്രക്കുളത്തിൽ ഇരിക്കുന്ന ആളില്ലേ.. അയാളെ കുറിച്ച്.. “

അവൾ പറഞ്ഞപ്പോൾ അവളുടെ ചെറിയച്ഛൻ അത്ഭുതത്തോടെ അവളെ നോക്കി.

” മോൾക്ക് അവനെ പറ്റി അറിഞ്ഞിട്ടെന്തിനാ..? “

അയാൾ കൗതുകത്തോടെ ചോദിച്ചപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.

” എന്തിനാണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. പക്ഷേ അയാൾ ഇങ്ങനെ ഇരിക്കുന്നതിന് പിന്നിൽ എന്തെങ്കിലും ഒരു കഥ ഉണ്ടായിരിക്കും എന്ന് എനിക്ക് തോന്നി. അതറിയണം എന്നൊരു കൊതി മാത്രം.. “

അവൾ പറഞ്ഞപ്പോൾ അയാൾ ചിരിച്ചു.

” നീ പറഞ്ഞത് ശരിയാണ്. അവൻ അങ്ങനെ ഇരിക്കുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. മനോഹരമായ ഒരു പ്രണയകഥ..”

ചെറിയച്ഛൻ പറഞ്ഞു തുടങ്ങിയപ്പോൾ അവൾക്ക് വല്ലാത്ത ആകാംക്ഷ തോന്നി. അയാളുടെ ഓരോ വാക്കുകൾക്കും വേണ്ടി അവൾ ചെവിയോർത്തു.

” അവൻ നന്ദൻ. നന്ദ കിഷോർ.. ഈ നാട്ടുകാർക്കും മുഴുവൻ പ്രിയങ്കരനായ ഒരാളായിരുന്നു നന്ദൻ. എല്ലാവർക്കും അവൻ പ്രിയപ്പെട്ടതാണെങ്കിലും അവനെ കണ്ണിന് നേരെ കണ്ടു കൂടാത്ത ഒരാൾ കൂടി ഈ നാട്ടിൽ ഉണ്ടായിരുന്നു. ആ പേരും പറഞ്ഞ് ഞങ്ങളൊക്കെ അവനെ എത്രത്തോളം കളിയാക്കിയിട്ടുണ്ട് എന്നറിയാമോ..?”

അയാളുടെ സ്മരണകൾ ആ ഭൂതകാലത്തിലാണ് എന്ന് കണ്ടപ്പോൾ അവൾ അത്രയേറെ ആകാംക്ഷയോടെ അയാളെ തന്നെ നോക്കിയിരുന്നു.

“അത് നീലിമയായിരുന്നു.അവന് ഈ ലോകത്തിലെ ഏറ്റവും അധികം ഇഷ്ടം ആരെയാണ് എന്ന് ചോദിച്ചാൽ അവൻ ഒരുപക്ഷേ പറയുന്ന ഉത്തരം നീലിമ എന്നായിരിക്കും. കാരണം അത്രത്തോളം അവന്റെ ആത്മാവിൽ ചേർന്ന പ്രണയമായിരുന്നു അവൾ. എന്നാൽ അവൾക്കാണെങ്കിലോ അവനെ കണ്ണിനു നേരെ കാണുന്നതു തന്നെ ഇഷ്ടമായിരുന്നില്ല. അവൻ ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് അവളെ മാത്രമായിരിക്കും എന്ന് ഒരു ശപഥം പോലെ പലപ്പോഴും അവൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.അവൻ അങ്ങനെ വാശി പിടിക്കാനുള്ള കാരണം മറ്റൊന്നുമല്ല. കുഞ്ഞു നാളിൽ ഞങ്ങളൊക്കെ കളിക്കുന്ന ഒരു കളിയുണ്ടായിരുന്നു. ആൺകുട്ടികൾ പെൺകുട്ടികളുടെ കഴുത്തിൽ മാലയിട്ട് ഭാര്യ ഭർത്താക്കന്മാരാണ് എന്നുള്ള രീതിയിൽ ഒരു കളി. അന്നൊരിക്കൽ നന്ദൻ ഏതോ ഒരു പെൺകുട്ടിയുടെ കഴുത്തിൽ മാലയിടാൻ തുടങ്ങിയപ്പോൾ, നീലിമ ഓടി വന്ന് ആ പെൺകുട്ടിയെ പിടിച്ചു തള്ളി. ഇതെന്റെ നന്ദേട്ടനാ.. നന്ദേട്ടൻ എന്നെ മാത്രം കല്യാണം കഴിച്ചാൽ മതി.. അന്ന് അവൾ അങ്ങനെ വാശിയോടെ വിളിച്ചു പറഞ്ഞു. അന്നത്തെ ആ സംഭവം അവളുടെ ഓർമ്മകളിൽ ഒന്നുമില്ലാതെ മാഞ്ഞു പോയെങ്കിലും അവൻ അത് ഓർത്തു വച്ചു. അവളെ അല്ലാതെ മറ്റാരെയും ജീവിതത്തിലേക്ക് ക്ഷണിക്കില്ല എന്ന് അവൻ ഉറപ്പിച്ചു. പലപ്പോഴും ആ പേരും പറഞ്ഞ് ഞങ്ങളൊക്കെ അവനെ കളിയാക്കിയിട്ടും അവൻ അതിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല.അവന് പ്രായപൂർത്തിയായി കഴിഞ്ഞപ്പോൾ അവളുടെ പിന്നാലെ അവൻ ഇഷ്ടം പറഞ്ഞു ചെന്നിരുന്നു.പക്ഷേ ഒരു തരത്തിലും അവന്റെ ഇഷ്ടം അംഗീകരിക്കാൻ ആവില്ല എന്ന് അവൾ അവന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. എങ്കിലും അവൻ അത് കാര്യമാക്കാതെ പിന്നെയും പിന്നെയും അവളുടെ പിന്നാലെ അലയുകയായിരുന്നു. ആരുടെ മുന്നിലും തല കുനിക്കാത്ത അവൾക്കു വേണ്ടി ഇങ്ങനെ അലഞ്ഞു നടക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കൊക്കെ അവനോട് സഹതാപവും അവളോട് ദേഷ്യവും തോന്നിയിരുന്നു. അവളെ കുറ്റം പറയുന്ന രീതിയിൽ ഞങ്ങൾ ആരെങ്കിലും സംസാരിച്ചാൽ അവന് പിന്നെ അന്നത്തേക്ക് അതു മതിയായിരുന്നു.”

അവൻ പറയുന്ന വാക്കുകളൊക്കെ അവൾ ഒരു കഥ കേൾക്കുന്ന ലാഘവത്തോടെയാണ് കേട്ടിരുന്നത്. അതിലെ പല കാര്യങ്ങളും അവളുടെ കൺമുന്നിൽ തെളിയുന്നത് പോലെ അവൾക്ക് തോന്നി.

“പക്ഷേ ഇതിനിടയിൽ എന്ത് മഹാത്ഭുതമാണ് സംഭവിച്ചത് എന്ന് അറിയില്ല.. ഒരു ദിവസം അവൻ അമ്പലക്കുളത്തിൽ അവൾക്കു വേണ്ടി കാത്തിരിക്കാതെ, അത്യാവശ്യമായി ഏതോ ഒരു ബന്ധുവിനെ കാണാനായി പോയിരുന്നു. സാധാരണ എല്ലാ ദിവസവും രാവിലെ അവൾ ക്ഷേത്രത്തിൽ വരുമ്പോൾ അവൻ ക്ഷേത്രക്കുളത്തിൽ ഉണ്ടാകും. അവൾ പ്രാർത്ഥന കഴിഞ്ഞ് മടങ്ങി വരുന്ന സമയത്ത് കൃത്യമായി ആൽത്തറയിൽ അവൻ സ്ഥാനം പിടിച്ചിട്ടുണ്ടാവും. ഇത് എല്ലാദിവസത്തെയും അവന്റെ ദിനചര്യ ആയതുകൊണ്ട് തന്നെ നാട്ടുകാർക്കൊക്കെ അതിനെക്കുറിച്ച് നല്ല ബോധം ഉണ്ടായിരുന്നു. പക്ഷേ അന്നത്തെ ദിവസം അവൻ അവന്റെ ചിട്ടകൾ ഒക്കെ തെറ്റിച്ചിരുന്നു. അതേ ദിവസം തന്നെയായിരുന്നു അവന്റെ ജീവിതം കൈവിട്ടു പോയതും. അന്ന് എങ്ങനെയോ കാൽ വഴുതി അവൾ കുളത്തിലേക്ക് വീണു. ആ സമയത്ത് ആ പരിസരത്ത് ഒന്നും ആരുമില്ലാത്തതു കൊണ്ട് തന്നെ അവൾ വീണതോ കുളത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നു പോയതോ ആരും അറിഞ്ഞിരുന്നില്ല. മണിക്കൂറുകൾ പിന്നിട്ട് അവളെ അന്വേഷിച്ച് വീട്ടിൽ നിന്ന് ആളെത്തിയപ്പോൾ മാത്രമാണ് അങ്ങനെ ഒരു അപകടം നടന്നതിനെ കുറിച്ച് എല്ലാവരും മനസ്സിലാക്കുന്നത്. അന്ന് വൈകുന്നേരം ബന്ധുവീട്ടിൽ നിന്നും മടങ്ങി വന്ന അവൻ കാണുന്നത് ചേതനയറ്റ അവളുടെ ശരീരമായിരുന്നു. അന്ന് അവിടെ വച്ച് അവളുടെ അച്ഛൻ പറഞ്ഞ വാചകങ്ങളാണ് അവനെ ഏറ്റവും അധികം തകർത്തു കളഞ്ഞത്. അന്ന് അവനോട് പ്രണയം തുറന്നു പറയും എന്ന് അച്ഛനോട് പറഞ്ഞിട്ടാണത്രേ അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്.. അത് കേട്ടതും അവന്റെ സമനില തെറ്റുന്നത് പോലെയാണ് അവന് തോന്നിയത്. അന്ന് കുറെയേറെ നേരം അവളുടെ ശരീരത്തെ കെട്ടിപ്പിടിച്ച് അവൻ അവിടെ ഇരുന്നിരുന്നു. പിന്നീട് ഞങ്ങൾ കാണുന്നത് സ്വബോധമില്ലാത്ത നന്ദനെയാണ്.”

അത് പറഞ്ഞു കഴിഞ്ഞപ്പോൾ ചെറിയച്ഛന്റെ കണ്ണുകൾ നിറയുന്നത് അവൾ ശ്രദ്ധിച്ചു. തന്റെ കണ്ണിലൂടെയും കണ്ണുനീർ ഒഴുകുന്നുണ്ട് എന്ന യാഥാർത്ഥ്യത്തിലേക്ക് അവൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.

ഇങ്ങനെയും പ്രണയിക്കാൻ കഴിയുമോ.. ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ അവൾ പ്രണയം പ്രകടിപ്പിച്ചിട്ടില്ലെങ്കിൽ പോലും ഇന്നും അയാൾ അവൾക്കു വേണ്ടിയാണ് ഇങ്ങനെ..അവർ തമ്മിൽ വിവാഹം കഴിച്ചിരുന്നെങ്കിൽ എത്രത്തോളം മനോഹരമായ ജീവിതമായിരുന്നേനെ അവരുടേത്..!

അവൾ വേദനയോടെ ഓർത്തു പോയി.

✍️ അപ്പു