അത്രയും പറഞ്ഞവൾ, അകലെ ചുവന്ന ആകാശത്തിലൂടെ താഴേക്ക് ഊർന്നിറങ്ങുന്ന സൂര്യനെ നോക്കി, വെറുതെ നിന്നു…

രചന: സജി തൈപറമ്പ്

::::::::::::::::::::::::::

“ഷാജിയേട്ടാ നടക്കില്ല. നിങ്ങൾ കരുതുന്ന പോലെ അത്ര നിസ്സാരമല്ല ,എന്റെ പ്രാരാബ്ദങ്ങൾ. എനിക്ക് താഴെ രണ്ടു കുട്ടികളുണ്ട്. പിന്നെ ഒന്നിനും വയ്യാത്ത എൻറെ അമ്മ, ഇവരെയൊക്കെ ഉപേക്ഷിച്ച്, ഞാനെങ്ങനാ നിങ്ങളോടൊപ്പം വരുന്നത് “

ഷാജിയോടത് പറയുമ്പോൾ അനിത, തന്റെ നിറഞ്ഞ കണ്ണുകളും, വിതുമ്പുന്ന ചുണ്ടുകളും അവൻ കാണാതിരിക്കാനായി, തിരിഞ്ഞ് നിന്നു.

“പിന്നെ എന്തിനാണ് നീ, എന്നോട് ഇത്രയും അടുത്തത്. തുടക്കത്തിലെ പറയാമായിരുന്നില്ലേ? എങ്കിൽ ഞാൻ മാറി പോകുമായിരുന്നല്ലോ”

“അറിയില്ല ഷാജിയേട്ടാ… പ്രായപൂർത്തിയായ എന്നെയും പറക്കമുറ്റാത്ത, അനുജത്തിമാരെയും ഉപേക്ഷിച്ച്, അച്ഛൻ, വീട് വിട്ട് പോയപ്പോൾ, തളർന്നുവീണ അമ്മയെ നോക്കി പകച്ചിരിക്കാനെ ആദ്യമെനിക്ക് കഴിഞ്ഞുള്ളു.

പിന്നീടെപ്പോഴൊ ,കുടുംബം പട്ടിണിയിലേക്ക് കൂപ്പ് കുത്തുന്നത് കണ്ടപ്പോഴാണ് ,അമ്മയ്ക്കും അനുജത്തിമാർക്കും തുണയാകേണ്ട ഞാൻ, തളർന്നിരിക്കാൻ പാടില്ലന്ന ബോധ്യം വന്നത്.

തുച്ഛ വരുമാനമുള്ള സെയിൽസ് ഗേളിന്റെ ജോലിക്ക് വരുമ്പോൾ, വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്നപോലെ ആയിരുന്നു, അപ്പോഴത്തെ എന്റെ അവസ്ഥ .

വീട്ടിലിരുന്നാൽ വിശപ്പ് മാത്രം സഹിച്ചാൽ മതിയായിരുന്നു. മാനാഭിമാനത്തോടെ ജീവിക്കാമായിരുന്നു .

ആൺതുണയില്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന, ദുർബ്ബലയായ പെണ്ണിന്റെ മാ നത്തിന് തെമ്മാടികൾ വില പറഞ്ഞപ്പോൾ, അവരുടെ നാവടപ്പിച്ചത് പലപ്പോഴും, ഷാജിയേട്ടന്റെ സാന്നിദ്ധ്യമുണ്ടായിരുന്നത് കൊണ്ട് മാത്രമായിരുന്നു.

ഒറ്റയ്ക്കൊരു കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമന്ന്, തോള് കഴക്കുമ്പോൾ, ഒന്ന് താങ്ങും തണലുമായ് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ, ഷാജിയേട്ടനെ പോലെ ഒരാളുടെ സാമീപ്യം ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്.

അതിനെ പ്രണയമെന്നാണോ പറയുന്നത് എന്നെനിക്കറിയില്ല.

പക്ഷേ ഇവിടെ വന്നതിനു ശേഷം , എന്റെ ജീവിതത്തിന് ഒരു പുരുഷന്റെ കാവൽ തന്ന് എന്റെ മാനവും ,അഭിമാനവും സംരക്ഷിച്ച് പോന്നത് , “ഷാജിയുടെ പെണ്ണാണവൾ ” എന്ന പരസ്യമായ ലേബലിലൂടെയായിരുന്നു.”

അത്രയും പറഞ്ഞവൾ, അകലെ ചുവന്ന ആകാശത്തിലൂടെ താഴേക്ക് ഊർന്നിറങ്ങുന്ന സൂര്യനെ നോക്കി, വെറുതെ നിന്നു.

“ഞാനിനി എന്ത് ചെയ്യണമെന്ന് പറ, ഇത്രയും നാളും കല്യാണത്തിന് നിർബന്ധിച്ചോണ്ടിരുന്ന അമ്മയോട്, ഒരോരോ ഒഴിവ് കഴിവുകൾ പറഞ്ഞ് നിന്നു. ഇപ്പോൾ അമ്മയ്ക്ക് നല്ല പ്രായമായി ,പഴയത് പോലെ വയ്ക്കാനും വിളമ്പാനും ഒന്നുമാവുന്നില്ല. അത് കൊണ്ട് ,എത്രയും വേഗം ഞാനൊരു പെണ്ണ് കെട്ടണമെന്ന് അമ്മ വാശിപിടിച്ചോണ്ടിരിക്കുവാ “

“അമ്മയെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട. ഷാജിയേട്ടൻ, അമ്മ കാണിച്ച് തരുന്ന പെണ്ണിനെ കല്യാണം കഴിക്കണം ,എന്നിട്ട് സുഖമായി ജീവിക്കണം. അല്ലെങ്കിൽ എനിക്ക് വേണ്ടി കാത്തിരുന്നിട്ട് ജീവിതത്തിന്റെ നല്ല ഭാഗം ഷാജിയേട്ടന് നഷ്ടമാകും ,ഷാജിയേട്ടന് നല്ലതേ വരൂ ഞാൻ പ്രാർത്ഥിക്കാം”

അത്രയും പറഞ്ഞവൾ, ഇടവഴിയിലേക്ക് കയറി. കൊഴിഞ്ഞ് വീണ കരിയിലകളെ ചവിട്ടിമെതിച്ച് വേഗം ,വീട്ടിലേക്ക് നടന്നു.

പിറ്റേന്ന് ,അനുജത്തിമാരെ സ്കൂളിലേക്കയച്ചിട്ട് അമ്മയ്ക്ക് കഞ്ഞി കൊടുക്കുമ്പോൾ മുറ്റത്ത് ആരുടെയോ മുരടനക്കം കേട്ടു .

അനിത, ഇറങ്ങിച്ചെന്ന് നോക്കുമ്പോൾ, ഷാജിയേട്ടന്റെ അമ്മ അതാ വാതിൽക്കൽ നില്ക്കുന്നു .

“അയ്യോ, ആരായിത് അമ്മയോ? കയറി വരു അമ്മേ”

അനിത, സ്നേഹാദരങ്ങളോടെ അവരെ അകത്തേക്ക് ക്ഷണിച്ചു.

“എന്താ അമ്മേ ഇത്ര രാവിലെ “

ജിജ്ഞാസ അടക്കാനാവാതെ അനിത ചോദിച്ചു .

“നിന്റെ അമ്മയെ ഒന്ന് കാണാനും ചില കാര്യങ്ങൾ സംസാരിക്കാനുമായിട്ടിറങ്ങിയതാ ഞാൻ. രാവിലെ നീ കടയിൽ പോകുന്നതിന് മുമ്പ് വന്നത് അത് കൊണ്ടാ “

അനിതയുടെ മനസ്സിൽ ഉത്ക്കണ്ഠ കൂടി വന്നു.

“ഇന്നലെ ഷാജി, വീട്ടിലേക്ക് വന്നത്, .ഒരുപാട് വിഷമത്തോട് കൂടിയാ ,എന്റെ നിർബന്ധം കൂടിയപ്പോൾ മടിച്ച് മടിച്ചാണ് , അവനെല്ലാം തുറന്ന് പറഞ്ഞത്. “

മോളല്ലാതെ, മറ്റൊരു പെണ്ണിനെയും ആലോചിച്ചിട്ട്, കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി .

മോളുടെ വിഷമതകളെ കുറിച്ചൊക്കെ അവൻ പറഞ്ഞു.

പണ്ട് ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് വന്നിട്ടുള്ളവളാ, അത് കൊണ്ട് മോളുടെ പ്രയസം എനിക്ക് മനസ്സിലാകും.”

അത്രയും പറഞ്ഞിട്ടും അവരെന്താ ഉദ്ദേശിക്കുന്നത് എന്ന് അനിതയ്ക്ക് മനസ്സിലായില്ല.

“അത് കൊണ്ട് അമ്മ ഒരു കാര്യം പറയാം,.മോള് ഷാജിയുടെ പെണ്ണായിട്ട് എന്റെ വീട്ടിലേക്ക് വരണം. നിന്റെ മാസ ശബ്ബളം, എത്രയാണെങ്കിലും അത് മുഴുവനും നീ നിന്റെ അമ്മയ്ക്കും അനുജത്തിമാർക്കും വേണ്ടി ചിലവഴിച്ചോളു.

പിന്നെ മോളുടെ അനുജത്തിമാരും പ്രായമാകുമ്പോൾ, അവരെയും നല്ല നിലയിൽ കെട്ടിച്ചയക്കണ്ടെ?.അതിന് മോള് ഒറ്റയ്ക്ക് ശ്രമിച്ചാൽ നടക്കില്ല. ഒപ്പം ,നിന്റെ പങ്കാളിയായി എന്റെ മോനും കൂടെയുണ്ടെങ്കിൽ, നിനക്ക് നിന്റെ പ്രാരാബ്ദങ്ങളെല്ലാം തീർക്കാൻ പറ്റും. ഇത്രയും പറയാനാ ഞാൻ വന്നത് “

ഒരു സ്വപ്നത്തിലെന്ന പോലെ എല്ലാം കേട്ട് നില്ക്കുകയായിരുന്നു അനിത .

“എങ്കിൽ ഞാനിറങ്ങട്ടെ, മോള് കടയിൽ പോകാൻ നോക്ക് “

യാത്ര പറഞ്ഞിറങ്ങിയ ഷാജിയുടെ അമ്മയെ അവൾ മുറ്റത്തെ തൊടി വരെ അനുഗമിച്ചു.

തിരിച്ച് വന്ന് , പെറ്റമ്മയുടെ അനുവാദത്തിനായി ,കാത്ത് നില്ക്കുമ്പോൾ, അവളുടെ തലയിൽ കൈവച്ച് അവർ അനുഗ്രഹിച്ചു.

“എന്റമോൾക്ക് നല്ലതേ വരൂ “