രചന: അപ്പു
:::::::::::::::::::::::
ഇന്ന് അവളുടെ കല്യാണ രാത്രിയാണ്. ഒരുപാട് ആഗ്രഹിച്ചു മോഹിച്ചു കാത്തിരുന്ന കല്യാണം .. ഇന്ന് രാവിലെ തന്നെ അവന്റെ വധുവായി ഈ വീട്ടിലേക്ക് വന്നു കയറുമ്പോൾ വല്ലാത്ത ഒരു സന്തോഷമായിരുന്നു
ആറുമാസങ്ങൾക്ക് മുൻപാണ് അഖിൽ അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ആദ്യമായി അവൾക്ക് വന്ന കല്യാണ ആലോചന അഖിലിന്റെ തന്നെയായിരുന്നു. നല്ല സ്വഭാവമുള്ള ഗവൺമെന്റ് ജോലിക്കാരനായ അഖിലിനെ വേണ്ടെന്നു വയ്ക്കാൻ അവളുടെ വീട്ടുകാർക്ക് കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
പെട്ടെന്ന് തന്നെ വിവാഹം ഉറപ്പിച്ചെങ്കിലും വിവാഹത്തിന് ഉടനെ ഒന്നും ഡേറ്റ് കിട്ടാത്തതു കൊണ്ട് ആറുമാസം കഴിഞ്ഞിട്ടുള്ള ഒരു മുഹൂർത്തമാണ് അവർ വിവാഹത്തിനായി തീരുമാനിച്ചത്.
കഴിഞ്ഞുപോയ ആറുമാസങ്ങൾ കൊണ്ട് അഖിലും അവളും പരസ്പരം ഒരുപാട് സ്നേഹിച്ചിരുന്നു. കമിതാക്കളെ പോലെ തന്നെയായിരുന്നു അവരുടെ പ്രവർത്തികൾ.
അവളുടെ സ്വപ്നനായകന് അഖിലിന്റെ മുഖം തന്നെയായിരുന്നു.
കല്യാണത്തിന്റെ ഡേറ്റ് എടുത്തപ്പോൾ രണ്ടുപേർക്കും ഒരുപോലെ സന്തോഷമായിരുന്നു. എത്രയും വേഗം ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ ആകും എന്നൊരു സന്തോഷമായിരുന്നു അവരിൽ പ്രകടമായിരുന്നത്.
പല കഥകളിലും സിനിമകളിലും കണ്ടിട്ടുള്ളതു പോലെ, മനോഹരമായ ഒരു ആദ്യ രാത്രി അവളും സ്വപ്നം കണ്ടിരുന്നു. അതൊക്കെ ഓർത്തു നാണത്തോടെയാണ് അവൾ ആ മുറിയിൽ അവനെയും കാത്തിരുന്നത്.
അധികം വൈകാതെ അവൻ മുറിയിലേക്ക് കയറി വന്നു. അത് കണ്ടതും അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റ് അവനെ നോക്കി പുഞ്ചിരിച്ചു.
“എന്റെ കൂട്ടുകാരൊക്കെ ഉണ്ടായിരുന്നല്ലോ.. അവർ പോയപ്പോൾ ലേറ്റ് ആയി.അതാണ് ഞാൻ വൈകിയത്. തനിക്ക് കാത്തിരുന്നു ബോറടിച്ചോ..? “
അതിയായ സ്നേഹത്തോടെ അവൻ ചോദിച്ചപ്പോൾ ഇത്രയും സ്നേഹ സമ്പന്നനായ ഒരു ഭർത്താവിനെ കിട്ടിയതിന് അവൾ ദൈവത്തോട് നന്ദി പറയുകയായിരുന്നു.
“ഏയ് അങ്ങനെയൊന്നുമില്ല..”
അവൾ പുഞ്ചിരി കൈവിടാതെ മറുപടി പറഞ്ഞു.
” ഞാനൊന്ന് ഫ്രഷ് ആയിട്ട് ഇപ്പൊ വരാം.. “
അതും പറഞ്ഞു അവൻ വാഷ് റൂമിലേക്ക് കയറി പോയപ്പോൾ, അവൾ സന്തോഷത്തോടെ ബെഡിലേക്ക് ഇരുന്നു.
തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രി ആയിരിക്കണം ആദ്യരാത്രി എന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു. കാരണം ഏതുകാലത്ത് ഓർത്താലും വിവാഹം എന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മധുരിയ്ക്കുന്ന ഒരു ഓർമ്മയാണല്ലോ ആദ്യരാത്രി..!
അവനോട് എന്തൊക്കെ സംസാരിക്കണം എങ്ങനെ ഇരിക്കണം എന്നുള്ളതിനെ കുറിച്ച് ഒക്കെ അവൾ ആ നിമിഷം ചിന്തിച്ചു കൂട്ടുന്നുണ്ടായിരുന്നു.
പക്ഷേ ആ ചിന്തകൾക്കൊക്കെ അവൻ വാഷ് റൂമിൽ നിന്ന് പുറത്തേക്ക് വരുന്നത് വരെയുള്ള ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
അവൻ വാഷ് റൂമിൽ നിന്ന് പുറത്തേക്ക് വന്നു പരിപൂർണ്ണ നഗ്നനായിട്ടായിരുന്നു. അങ്ങനെ ഒരു കാഴ്ച പ്രതീക്ഷിക്കാത്തതു കൊണ്ട് തന്നെ അവൾ പെട്ടെന്ന് മുഖം തിരിച്ചു.
അവൻ അവളോട് കൂടുതൽ ഒന്നും സംസാരിക്കാതെ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു ബെഡിലേക്ക് വന്നു കിടന്നു. അപ്പോഴും അവനോടൊപ്പം കിടക്കാൻ അവൾക്ക് ഒരു മടി തോന്നുന്നുണ്ടായിരുന്നു.
അവളുടെ എതിർപ്പുകളെ വകവയ്ക്കാതെ അവൻ അവളെ തന്റെ അടുത്തേക്ക് ചായ്ച്ചു കിടത്തി. പല രീതിയിലും അവനെ എതിർക്കാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും ആ എതിർപ്പുകൾ ഒക്കെയും കാറ്റിൽ പറത്തിക്കൊണ്ട് അവൻ അവന്റെ ആവശ്യം നേടിയെടുക്കുക തന്നെ ചെയ്തു.
കുറച്ചു സമയങ്ങൾക്ക് ശേഷം അവളിൽ നിന്ന് അകന്നു മാറി മറു വശത്തേക്ക് ചരിഞ്ഞു കിടന്ന് അവൻ ഉറങ്ങുമ്പോൾ ഇങ്ങനെ ഒരാളിനെ ആയിരുന്നില്ല താൻ ഇതിനു മുമ്പ് കണ്ടത് എന്ന് അവൾ ഓർത്തു.
കഥകളിലും സിനിമകളിലും ഒക്കെ കാണുന്നത് ഇങ്ങനെയല്ലല്ലോ..! അവരൊക്കെ പ്രണയം പ്രകടിപ്പിക്കുന്ന രീതി മറ്റൊന്നാണ്. സിനിമകളിലൊക്കെ കാണുന്ന എല്ലാ കാര്യങ്ങളും ജീവിതത്തിൽ നടക്കാറില്ലല്ലോ. അതുപോലെ ഒന്ന് തന്നെ ആകണം ഇതും. സിനിമയിൽ കാണുന്നവരിൽ നിന്നും ഒരുപാട് വ്യത്യസ്തമാണല്ലോ യഥാർത്ഥ ജീവിതം..!
അവൾ അങ്ങനെ ഓർത്തു കൊണ്ട് സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴും അവൻ ഏൽപ്പിച്ച പലതരത്തിലുള്ള ആഘാതങ്ങൾ അവളെ വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു.
ശരീരം മുഴുവനും ഒടിഞ്ഞു നുറുങ്ങുന്ന വേദന ഉണ്ടായിട്ടും, അവൾ ചിന്തിച്ചത് അമ്മയുടെ വാക്കുകൾ ആയിരുന്നു.
” ഇനി അഖിലിന്റെ വീടാണ് നിന്റേത്. അവിടെയുള്ളവർക്ക് ഒരിക്കലും നീ ആയിട്ട് ഒരു പ്രശ്നവും ഉണ്ടാകരുത്. അവരുമായി സന്തോഷത്തോടെ സ്നേഹത്തോടെ ജീവിച്ചു പോകണം. “
അമ്മയുടെ ഉപദേശം നടപ്പിലാക്കാനുള്ള ആദ്യപടി ഒരു പക്ഷേ ഇവിടെ ആയിരിക്കണം എന്ന് അവൾക്ക് തോന്നി.
ക്ഷീണമോ തളർച്ചയോ, വളരെ വേഗം അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
അഖിൽ തട്ടി ഉണർത്തുന്ന ശബ്ദം കേട്ടാണ് അവൾ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത്.
“താൻ എഴുന്നേൽക്കുന്നില്ലേ..? സമയം ഒരുപാട് ആയി കേട്ടോ..”
പുഞ്ചിരിയോടെയും സ്നേഹത്തോടെയും മുന്നിൽ നിൽക്കുന്ന ആളിനെ കണ്ടപ്പോൾ ഇയാൾ തന്നെയാണോ ഇന്നലെ തന്നോട് ഒപ്പം ഈ മുറിയിൽ ഉണ്ടായിരുന്നത് എന്ന് അവൾക്ക് സംശയം തോന്നി.
അവൻ പറഞ്ഞ വാക്കുകൾ ഓർത്തപ്പോൾ അവൾ വേഗത്തിൽ ഫോൺ എടുത്ത് സമയം നോക്കി. ആറുമണി എന്ന് കണ്ടപ്പോൾ ഇതാണോ നേരം വൈകിയത് എന്നൊരു ഭാവം ആയിരുന്നു അവൾക്ക്.
” ഇവിടെ എല്ലാവരും അഞ്ചര മണിയൊക്കെ ആകുമ്പോൾ എഴുന്നേൽക്കാറുണ്ട്. താനും അങ്ങനെ തന്നെ ശീലിക്കണം. “
അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൻ പറയുന്നുണ്ട്. പിന്നീട് കൂടുതൽ തർക്കത്തിൽ നിൽക്കാതെ അവൾ വാഷ് റൂമിലേക്ക് നടന്നു.
പക്ഷേ പിന്നീട് അവൾ കേൾക്കുന്നത് ബാത്റൂമിന്റെ വാതിൽ ചവിട്ടി പൊളിക്കുന്നത് പോലെ ബഹളം വയ്ക്കുന്ന അഖിലിനെ ആയിരുന്നു. അവൾ കുളികഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അവളുടെ കൈപിടിച്ച് വലിച്ച് അവൻ ഹാളിലേക്കാണ് പോയത്.
” എനിക്ക് ഇവളെ വേണ്ട. നമ്മളെ എല്ലാവരെയും ഇവൾ ചതിക്കുകയായിരുന്നു. ഇവൾ മാത്രമല്ല ഇവളുടെ വീട്ടുകാർക്കും അതിൽ പങ്കുണ്ടാകും. “
അവൻ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്നൊരു സംശയം ആയിരുന്നു അവൾ ഉൾപ്പെടെ എല്ലാവർക്കും.
” ഇവൾ വെർജിനൊന്നുമല്ല. കല്യാണത്തിനു മുമ്പ് പലരോടും ഇവൾക്ക് ബന്ധം ഉണ്ടായിരുന്നു എന്ന് എനിക്ക് സംശയമുണ്ട്.”
അവൻ പറഞ്ഞത് കേട്ട് അവൾ സ്തംഭിച്ചു നിൽക്കുകയായിരുന്നു.
” പറഞ്ഞു പറഞ്ഞു എന്നു തോന്നിയാസവും പറയാം എന്ന് കരുതരുത്. താൻ എന്നെക്കുറിച്ച് എന്താ കരുതിയത്..? താൻ ഇപ്പോൾ ഇങ്ങനെ വിളിച്ചു പറയുന്നത് ആധാരം എന്താണെന്ന് പോലും എനിക്കറിയില്ല. “
അവൾ അത് പറഞ്ഞപ്പോൾ അവൻ പുച്ഛത്തോടെ അവളെ നോക്കി.
” നീ അത്ര വലിയ പുണ്യാളത്തി ആണെങ്കിൽ എന്തുകൊണ്ടാണ് ബ്ലഡ് കാണാത്തത്..?”
ഇനി അവൾക്ക് പറയാൻ മറുപടിയൊന്നും ഉണ്ടാകില്ല എന്നൊരു ആത്മവിശ്വാസത്തിൽ അവൻ അവളോട് ചോദിച്ചു. പക്ഷേ അത് കേട്ട് കഴിഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.
” ഇന്നത്തെ കാലത്തും ഇതൊക്കെ ചിന്തിച്ചു നടക്കുന്ന മനുഷ്യർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് പുച്ഛം തോന്നുന്നു. ഉള്ളിത്തൊലിയുടെ കട്ടി പോലുമില്ലാത്ത ഒരു പാടയ്ക്ക് വേണ്ടിയാണ് താൻ ഇവിടെ ഇത്രയും കോലാഹലം നടത്തിയത് എന്ന് ഞാൻ അറിഞ്ഞില്ല. എടോ താൻ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഈ ഡാൻസിനും സ്പോർട്സിനും ഒക്കെ പോകുന്ന പെണ്ണങ്ങൾക്കും ഇതൊന്നും ഉണ്ടാകില്ല. നമ്മൾ സൈക്കിൾ ചവിട്ടുമ്പോൾ അതിൽ നിന്ന് ഒന്ന് താഴെ വീണാൽ പോലും പൊട്ടിപ്പോകാൻ പറ്റുന്ന ഒരു നേരത്തെ പാളിയാണ് താൻ ഈ പറയുന്ന ചുവപ്പ്. ഇത്രയും വിദ്യാഭ്യാസവും ജോലിയും ഒക്കെ ഉണ്ടായിട്ടും ഇതു മനസ്സിലാക്കാനുള്ള ബോധം മാത്രം തനിക്കുണ്ടായില്ല എന്ന് ഓർക്കുമ്പോൾ എനിക്ക് പുച്ഛം തോന്നുന്നു. “
അവൾ പറഞ്ഞു തീർന്നതും അവൻ ദേഷ്യത്തോടെ അവൾക്ക് നേരെ പാഞ്ഞു വന്നു.
“താൻ എങ്ങോട്ടാ..? എന്റെ ദേഹത്ത് കൈവയ്ക്കാനുള്ള വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ പിന്നെ താൻ ജയിലിൽ കിടക്കും. തനിക്ക് എന്നെ ശരിക്കും അറിയാൻ വയ്യാഞ്ഞിട്ടാണ്. എന്തായാലും തന്നോട് എന്റെ ജീവിതം നന്നായി പോകില്ല എന്ന് എനിക്ക് ഇപ്പോൾ ഉറപ്പായി. ബോധവും വിവരവുമില്ലാത്ത ഒരാളിനോടൊപ്പം കല്യാണത്തിന്റെ പിറ്റേന്ന് തന്നെ ഇങ്ങനെ പെരുമാറുന്ന ഒരാളിനോടൊപ്പം ഞാൻ എങ്ങനെ ജീവിതകാലം മുഴുവൻ ജീവിക്കും.? അതിനേക്കാളൊക്കെ നല്ലത് ഞാൻ ഇവിടെ നിന്ന് ഇറങ്ങി പോകുന്നതാണ്.”
അവൾ അത് പറഞ്ഞു തീർന്നതും അവൻ പുച്ഛത്തോടെ ചിരിച്ചു.
“നീ പോയാൽ എനിക്ക് മറ്റൊരുത്തിയെ കിട്ടും. പക്ഷേ നിന്റെ കാര്യം അങ്ങനെയല്ല. പെണ്ണിന്റെ പരിശുദ്ധി നഷ്ടപ്പെട്ടു കഴിഞ്ഞാൽ അത് പോയത് തന്നെയാണ്.”
അവൻ പറഞ്ഞപ്പോൾ അവൾക്ക് പുച്ഛം ആണ് തോന്നിയത്.
“ആണിനില്ലാത്ത എന്ത് പരിശുദ്ധിയാണ് പെണ്ണിനുള്ളത്..? അങ്ങനെ ഒരെണ്ണമുണ്ട് എന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ അത് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല. താൻ പറഞ്ഞപോലെ എനിക്ക് ഇനിയൊരു കല്യാണം നടന്നില്ല എങ്കിൽ പോലും ഞാൻ ഹാപ്പിയാണ്. കാരണം നിന്നെപ്പോലെ വിവരം കെട്ടവൻമാരോടൊപ്പം ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് സ്വന്തം ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒപ്പം ഒറ്റയ്ക്ക് ജീവിക്കുന്നത്..!”
തലയുയർത്തി പിടിച്ചുകൊണ്ട് തന്നെയാണ് അവൾ മറുപടി പറഞ്ഞത്.
“ഒരു കാര്യം കൂടി.. ഇനിയൊരു കല്യാണം കഴിക്കുമ്പോൾ അവളോടും ഇങ്ങനെ തന്നെയാണ് നിങ്ങളുടെ പെരുമാറ്റമെങ്കിൽ ചിലപ്പോൾ എന്നെപ്പോലെ ഇങ്ങനെ പറഞ്ഞിട്ട് ഇറങ്ങിപ്പോവുകയാവില്ല ആ പെൺകുട്ടി ചെയ്യുക. കയ്യിൽ കിട്ടുന്ന എന്തെങ്കിലും എടുത്ത് തന്നെ തല്ലിക്കൊല്ലാനും മടിക്കില്ല.”
അവളുടെ കഴുത്തിൽ കിടന്ന താലിയൂരി അവനെ ഏൽപ്പിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാതെ തല ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു നരകത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നൊരു ആശ്വാസത്തോടെ അവൾ തന്റെ വീട്ടിലേക്ക് നടന്നു.
✍️ അപ്പു