പക്ഷേ തങ്ങളെക്കാൾ സാമ്പത്തിക സ്ഥിതി കുറഞ്ഞ, ജാതിയിലും വ്യത്യാസമുള്ള ഒരു പെൺകുട്ടിയെ….

രചന : അപ്പു

::::::::::::::::::::::

” എടാ.. ഇത് വേണോ..? “

സങ്കടത്തോടെയും നിസ്സഹായതയോടെയും അവൾ അന്വേഷിച്ചു. ആ ചോദ്യം കേട്ടപ്പോൾ അവനു ദേഷ്യം വന്നു.

” നീ ഈ അവസാന നിമിഷം വാക്ക് മാറ്റി പറയരുത്. നീ കൂടി സമ്മതിച്ചിട്ടാണ് നമ്മൾ ഓരോന്ന് ചെയ്തു തുടങ്ങിയത് എന്ന് മറക്കരുത്. “

അവൻ ഓർമ്മപ്പെടുത്തിയപ്പോൾ അവൾക്ക് പിന്നീട് എതിർക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ നിശബ്ദത കണ്ടപ്പോൾ അവൻ സംശയത്തോടെ അവളെ ഒരിക്കൽ കൂടി വിളിച്ചു.

“ഡീ… തീരുമാനത്തിൽ മാറ്റം ഒന്നുമില്ലല്ലോ അല്ലേ..?”

അവൻ പ്രതീക്ഷയോടെ ചോദിച്ചപ്പോൾ അവൾ നിശബ്ദമായിരുന്നു എങ്കിലും, അവളുടെ ഉള്ളിലും അതേ ചോദ്യം തന്നെ അലയടിക്കുകയായിരുന്നു.

” ഇല്ലടാ.. എല്ലാം നമ്മൾ തീരുമാനിച്ച പോലെ തന്നെ നടക്കും. “

അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു.അവനും സന്തോഷം തോന്നി.

” അപ്പോൾ എല്ലാം തീരുമാനിച്ച പോലെ. രാത്രി ഞാൻ വരാം.. അവിടെ എത്തിക്കഴിയുമ്പോൾ ഞാൻ വിളിക്കും. “

അവൻ ഓർമ്മപ്പെടുത്തി. അത് സമ്മതിച്ചു കൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു.

അരുണും നീലിമയും പരസ്പരം പ്രണയത്തിൽ ആയിട്ട് വർഷങ്ങളായിരിക്കുന്നു. വീട്ടിൽ തങ്ങളുടെ കാര്യം അവതരിപ്പിച്ചാൽ നേരായ രീതിയിൽ നടക്കില്ല എന്ന് ഉറപ്പായപ്പോൾ അരുൺ ആണ് ഒളിച്ചോട്ടം എന്നൊരു ഐഡിയ നീലിമയോട് പങ്കുവെച്ചത്.

അത് കേട്ടപ്പോൾ അവൾ കുറെ എതിർത്തിരുന്നു.

പക്ഷേ തങ്ങളെക്കാൾ സാമ്പത്തിക സ്ഥിതി കുറഞ്ഞ, ജാതിയിലും വ്യത്യാസമുള്ള ഒരു പെൺകുട്ടിയെ തന്റെ വീട്ടിലുള്ളവരുടെ ഇഷ്ടത്തോടെ അവിടേക്ക് കയറ്റാൻ കഴിയില്ല എന്ന് അരുൺ ഉറപ്പോടെ പറഞ്ഞപ്പോൾ അവൾക്ക് തീരുമാനം മാറ്റേണ്ടി വന്നു.

അവനെയല്ലാതെ മറ്റാരെയും ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ പോലും കഴിയാതെ അത്രത്തോളം ആത്മാർത്ഥമായി അവൾ അവനെ സ്നേഹിച്ചിരുന്നു.തന്നോടുള്ള സ്നേഹം കൊണ്ടാണല്ലോ വീട്ടുകാരെ എതിർത്ത് തന്നോടൊപ്പം ഒരു ജീവിതത്തിന് അവൻ തയ്യാറാവുന്നത് എന്നൊരു ചിന്ത കൂടി അവളുടെ മനസ്സിലേക്ക് വന്നപ്പോൾ അരുൺ അവളുടെ മനസ്സിൽ വലിയൊരു സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.

രണ്ടാളുടെയും കണക്കുകൂട്ടൽ പ്രകാരം ഇന്ന് രാത്രിയിലാണ് അവർ ഒളിച്ചോടുന്നത്.

അമ്മയുടെയും അച്ഛന്റെയും അനിയത്തിമാരുടെയും കണ്ണുവെട്ടിച്ച് തനിക്ക് വേണ്ടുന്ന കുറച്ച് സാധനങ്ങൾ അവൾ ഒരു ബാഗിലേക്ക് മാറ്റിവെച്ചു.

” പോകുന്ന സമയത്ത് ഇത് എടുക്കാൻ മറന്നു പോകാതിരുന്നാൽ മതിയായിരുന്നു. “

അവൾ ആത്മഗതം പറഞ്ഞു.

പിന്നീടാണ് അവൾക്ക് അരുണിന്റെ ചില വാക്കുകൾ ഓർമ്മ വന്നത്.

” നിനക്ക് അധികം ഒന്നും ഉണ്ടാവില്ല എന്ന് എനിക്കറിയാം. എങ്കിലും കയ്യിലുള്ള അത്രയും സ്വർണവും പണവും ഒക്കെ എടുത്തിട്ട് വേണം വരാൻ. അറിയാലോ നമ്മൾ പുതിയൊരു ജീവിതം തുടങ്ങുന്നത് പുതിയൊരു നാട്ടിൽ പുതിയൊരു വീട്ടിൽ ഒക്കെയാണ്. അപ്പോൾ അതിന്റേതായ ചെലവുകൾ ഒരുപാടുണ്ടാവും. എല്ലാം കൂടി ഞാൻ കൂട്ടിയാൽ കൂടില്ല. അതുകൊണ്ട് നിന്റെ കയ്യിലുള്ളതൊക്കെ നീ എടുത്തു കൊണ്ടു വരണം.”

അത് കേട്ടപ്പോൾ മുതൽ മനസ്സിൽ വല്ലാത്തൊരു കുത്തൽ ആണ്.

താൻ അങ്ങനെ ചെയ്യുന്നത് അച്ഛനോടും അമ്മയോടും ചെയ്യുന്ന ചതിയല്ലേ..? അവർ ഓരോ സ്വർണ്ണവും വാങ്ങിക്കൂട്ടിയപ്പോൾ അതിനു പിന്നിൽ ഉണ്ടായിരുന്ന അധ്വാനം എത്രത്തോളം വലുതായിരുന്നു..? അവർ ഇത് വാങ്ങി വെച്ചത് ഞങ്ങൾ മൂന്നു പെൺകുട്ടികൾക്ക് വേണ്ടി തന്നെയായിരുന്നു. തന്നെപ്പോലെ തന്നെ തന്റെ അനിയത്തിമാരും അതിൽ തുല്യ പങ്കാളികളാണ്.

ഞാൻ അതെടുത്തു പോയാൽ, അച്ഛനും അമ്മയ്ക്കും അതിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റില്ലേ..? എന്റെ കല്യാണ ആവശ്യത്തിനു വേണ്ടി എടുക്കാം എന്ന് അവർ പറഞ്ഞിട്ടുള്ള ആ സ്വർണ്ണം ഞാൻ ഇവിടെ നിന്ന് ഇറങ്ങി പോകുന്നതോടു കൂടി എന്റെ അനിയത്തിമാർക്ക് അവകാശപ്പെട്ടതാകും. അത്രയും അവരുടെ കയ്യിൽ ഉണ്ടെങ്കിൽ അതിൽ കുറച്ച് ഉണ്ടാക്കാൻ വേണ്ടി മാത്രം അച്ഛനും അമ്മയും കഷ്ടപ്പെട്ടാൽ മതിയല്ലോ..

ഞാൻ അതുമായി പോയാൽ അച്ഛനും അമ്മയും അതുൾപ്പെടെ വീണ്ടും ഓരോന്ന് വാങ്ങാൻ വേണ്ടി കഷ്ടപ്പെടേണ്ടി വരും.

അച്ഛനോടും അമ്മയോടും ഞാൻ ചെയ്യുന്നത് ചതിയാണ് എന്ന് അറിയാം. ഒരു വാക്കു പോലും എന്റെ പ്രണയത്തെക്കുറിച്ച് ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല. അങ്ങനെയുള്ള ഞാൻ ഒരു സുപ്രഭാതത്തിൽ എന്റെ പ്രണയത്തോടൊപ്പം നാടുവിട്ടു എന്ന് കേൾക്കുമ്പോൾ ഈ വീട്ടുകാർക്ക് ഉണ്ടാകുന്ന ആഘാതം എത്ര വലുതായിരിക്കും എന്നും എനിക്ക് ഊഹിക്കാം. പക്ഷേ ഒന്നും ആരോടും തുറന്നു പറയാനുള്ള മനസ്സ് എനിക്ക് ഉണ്ടായില്ല. അങ്ങനെയൊരു അവസ്ഥയിലായിരുന്നില്ല ഞാൻ.

അവൾ ഓരോന്ന് ചിന്തിച്ച് കട്ടിലിൽ തന്നെ ഇരുന്നു.

രാത്രിയായപ്പോൾ അത്താഴവും കഴിച്ച് എല്ലാവർക്കും ശുഭരാത്രിയും നേർന്നു എല്ലാവരെയും കൊതി തീരെ നോക്കിക്കൊണ്ട് അവൾ കട്ടിലിൽ പോയി കിടന്നു.

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. പുറത്ത് അച്ഛനും അമ്മയും സംസാരിക്കുന്ന ശബ്ദം കേട്ടപ്പോൾ ഇവർക്ക് ഇന്ന് രാത്രി ഉറക്കമില്ലേ എന്നാണ് അവൾ ഓർത്തത്.

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവരും നിശബ്ദമായി.

അപ്പോഴും അവൾ ചിന്തിച്ചത് ആ സ്വർണത്തെ കുറിച്ചായിരുന്നു.

അത് എടുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ അവളുടെ മനസ്സ് ഒരു പിടിവലി തന്നെ നടത്തുകയായിരുന്നു. ഒടുവിൽ അത് തനിക്ക് വേണ്ട എന്നൊരു തീരുമാനത്തിൽ തന്നെ അവൾ എത്തിച്ചേർന്നു.

പറഞ്ഞിരുന്ന സമയത്ത് തന്നെ അരുൺ അവളുടെ ഫോണിലേക്ക് വിളിച്ചു.

“ഹലോ..”

പതിഞ്ഞ ശബ്ദത്തിൽ അവൾ സംസാരിക്കാൻ തുടങ്ങി.

“എടീ ഞാൻ ഇവിടെ എത്തി. നീ ഇങ്ങിറങ്ങി പോരെ..”

അവൻ പറഞ്ഞപ്പോൾ അവൾക്ക് നെഞ്ചിടിപ്പ് വർദ്ധിച്ചു.

“മം “

ഒരു മൂളലോടെ അവൾ ഫോൺ വച്ചു.

ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം. പക്ഷേ ഇപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും മുന്നിൽ ഇല്ല എന്നൊരു തോന്നൽ.

അവളെ എഴുന്നേറ്റ് ശബ്ദം ഉണ്ടാക്കാതെ നേരത്തെ തയ്യാറാക്കി വെച്ച ബാഗുമായി പതിയെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.

ഹാളിൽ ചെന്ന് അവൾ ഒന്ന് പരുങ്ങി നിന്നു. അച്ഛനും അമ്മയും ഇപ്പോഴും ഉറങ്ങിയിട്ടില്ല എന്ന് അവൾക്ക് തോന്നി.

ശബ്ദമുണ്ടാക്കാതെ പതിയെ അവൾ വീടിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. പിന്നീട് ഒരു നിമിഷം അവൾ അവിടെ നിശ്ചലമായി നിന്നു.

വീട്ടിലേക്ക് ഒരു നോട്ടം നോക്കി.ഇനി ഈ വീട്ടിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നറിയില്ല.. തന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ കണ്ടത് ഈ വീടായിരുന്നു.

തന്റെ അച്ഛനും അമ്മയും അനിയത്തിമാരും ഒക്കെയുള്ളത് ഇവിടെയാണ്. ഇപ്പോൾ ഈ നിമിഷം ഇവിടെ നിന്നിറങ്ങിപ്പോയാൽ പിന്നീട് ഒരിക്കലും അവരിലേക്ക് ഒരു തിരിച്ചുവരവ് തനിക്ക് ഉണ്ടായില്ല എന്ന് വരും.

ഇനി ഒരുപക്ഷേ കുറച്ചു നാൾ കഴിയുമ്പോൾ അരുണിനെയും തന്നെയും അംഗീകരിക്കാൻ തന്റെ വീട്ടുകാർക്ക് കഴിഞ്ഞാൽ ഒരുപക്ഷേ ഇവിടേക്ക് മടങ്ങി വരാൻ കഴിയും.

അങ്ങനെ ഒരു പ്രതീക്ഷ ഉള്ളിൽ ഉടലെടുത്തപ്പോൾ അവളുടെ ചുവടുകൾ മുന്നോട്ടു തന്നെ പോയി.

പറഞ്ഞതു പോലെ വഴിയരികിൽ അരുൺ കാത്തു നിൽക്കുന്നുണ്ടായിരുന്നു.അവനെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.

ഇനിയുള്ള നാളുകൾ തങ്ങൾ ഒന്നിച്ചാണ് എന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത ഒരു ആവേശം.

” ഞാൻ പറഞ്ഞതു പോലെ നീ സ്വർണവും പണവും ഒക്കെ എടുത്തിട്ടുണ്ടല്ലോ അല്ലേ..?”

അവളെ കണ്ടപ്പോൾ തന്നെ അവൻ ആർത്തിയോടെ അന്വേഷിച്ചു. അത് കേട്ടപ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു.

” എനിക്ക് അങ്ങനെ ഒരുപാട് സ്വർണവും പണവും ഒന്നുമില്ല എന്ന് നിനക്കറിയില്ലേ..? ആകെയുള്ളത് വളരെ കുറച്ച് സാധനങ്ങൾ ആണ്. അത് ഞാൻ എടുത്തുകൊണ്ടു വന്നാൽ എന്റെ അനിയത്തിമാരുടെ കാര്യം എങ്ങനെ നടക്കും..? എന്റെ അച്ഛനെയും അമ്മയെയും ചതിച്ചു കൊണ്ടല്ലേ ഞാൻ നിന്റെ കൂടെ വരുന്നത്..? ആ കൂട്ടത്തിൽ ഇങ്ങനെയൊരു ചതി കൂടി ഞാൻ അവരോട് എങ്ങനെ ചെയ്യും..?”

അവൾ ചോദിച്ചത് കേട്ടപ്പോൾ അവന് വല്ലാതെ ദേഷ്യം വന്നു.

” അപ്പോൾ കയ്യിൽ ഒന്നും ഇല്ലാതെ കയ്യും വീശിയാണ് വന്നിരിക്കുന്നത്.. ഇനി മുന്നോട്ട് എങ്ങനെ ജീവിക്കും എന്നാണ് നിന്റെ തീരുമാനം..? എനിക്കാണെങ്കിൽ ഒരു ജോലി പോലും ഇല്ല എന്നുള്ള കാര്യം ഞാൻ മറക്കരുത്. ഇന്ന് നീ എന്റെ കൂടെ വന്നാൽ നാളെ മുതൽ നിന്റെ സകല ചെലവും ഞാൻ നോക്കണം. എന്നിട്ടും കൈയും വീശി വന്നിരിക്കുന്നു നാണമില്ലാതെ..!”

അവൻ പറഞ്ഞ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു.

” ആ സ്വർണ്ണവും പണവും കിട്ടുമെന്ന് കരുതിയിട്ടാണോ അരുൺ നീ എന്നെ സ്നേഹിച്ചത്..? നമ്മുടെ ആത്മാർത്ഥ സ്നേഹത്തിന് ഒരു വിലയും ഇല്ല എന്നാണോ..? “

അവൾ കണ്ണീരോടെ ചോദിച്ചു.

” ഇങ്ങനെയുള്ള അവസരങ്ങളിൽ അതിന് വലിയ വിലയൊന്നുമല്ല.”

അവൻ ദേഷ്യത്തിൽ തന്നെ മറുപടി പറഞ്ഞു.

” നമ്മൾ ഒന്നിച്ചൊരു ജീവിതം തുടങ്ങുന്നതിനു മുൻപ് തന്നെ നിന്റെ ആറ്റിറ്റ്യൂഡ് ഇങ്ങനെയാണെങ്കിൽ നീ നാളെ എന്റെ കഴുത്തിൽ താലികെട്ടി കഴിയുമ്പോൾ നിന്റെ സ്വഭാവം എങ്ങനെ ആയിരിക്കും എന്ന് ഓർത്ത് എനിക്ക് ആശങ്കയുണ്ട്. നാളെ ഒരുപക്ഷേ, കയ്യിൽ പണമില്ലാതെ ആകുമ്പോൾ നീ എന്നെ കൊല്ലില്ല എന്ന് ഉറപ്പൊന്നുമില്ലല്ലോ.നിനക്ക് പണമാണ് വലുത് മനസ്സിലാക്കാൻ ഞാൻ വൈകി.. ഇനി നിന്നോടൊപ്പം ഒരു യാത്രയ്ക്ക് എനിക്ക് താല്പര്യമില്ല. “

അത്രയും പറഞ്ഞു ഉറച്ച ചുവടുകളോടെ അവൾ തിരികെ തന്റെ വീട്ടിലേക്ക് തന്നെ നടന്നു. പിന്നിൽ നിന്ന് അവൻ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാനുള്ള മാനസിക അവസ്ഥ അവൾക്കുണ്ടായിരുന്നില്ല.

തിരികെ അവൾ വീട്ടിലെത്തുമ്പോൾ ഹാളിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവരെ രണ്ടുപേരെയും കണ്ട് അവൾ ഒന്നു പകച്ചു പോയെങ്കിലും, ഒരു നിമിഷം പോലും വൈകാതെ അവരെ കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു.

” ഇന്ന് ഈ കണ്ണീരിലൂടെ നീ അവനെയും അവന്റെ ഓർമ്മകളെയും ഇറക്കി വിട്ടിരിക്കണം.നിന്നെ ഞങ്ങളുടെ മകളായി ഞങ്ങൾക്ക് എന്നും വേണം. “

അച്ഛൻ ചേർത്തു പിടിച്ചു കൊണ്ട് പറയുമ്പോൾ അത് സമ്മതിച്ചതുപോലെ അയാളിലേക്ക് കൂടുതൽ ചേർന്ന് നിൽക്കുകയായിരുന്നു അവൾ.

✍️ അപ്പു