രചന : അപ്പു
:::::::::::::::::::::::
” എനിക്ക് നിങ്ങളോട് പ്രണയമാണ് മനുഷ്യാ…”
മുഖത്തു നോക്കി ധൈര്യത്തോടെ വിളിച്ചു പറഞ്ഞ ഒരു പെൺകുട്ടിയെ അവന് ഓർമ്മ വന്നു.
പക്ഷേ അന്ന് അവൾക്ക് അനുകൂലമായി ഒരു മറുപടിയും കൊടുത്തിരുന്നില്ല.കാരണം ഒന്നുമാത്രം.അവൾ തന്റെ അടുത്ത സുഹൃത്തിന്റെ സഹോദരിയാണ്.
അവളോടുള്ള തന്റെ പ്രണയം തീർച്ചയായും തന്റെ സൗഹൃദത്തെ ബാധിക്കും എന്ന് അവനു അറിയാമായിരുന്നു.
” നീ ഇപ്പോൾ ചെറിയ കുട്ടിയാണ്.പ്രണയത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രായമൊന്നും നിനക്ക് ആയിട്ടില്ല.ഇപ്പോൾ നിനക്ക് എന്നോട് തോന്നുന്നത് വെറും ഒരു ആകർഷണം മാത്രമാണ്. കാലങ്ങൾ കടന്നു പോകുമ്പോൾ അതിൽ മാറ്റം ഉണ്ടാകും. “
അന്ന് അവളെ ഉപദേശിക്കാൻ ശ്രമിച്ചപ്പോൾ അവൾ പരിഭവത്തോടെ തന്നെ നോക്കിയിരുന്നു.
” ഏട്ടന് എന്നെ ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ മതി. അല്ലാതെ എന്നെ ഒഴിവാക്കാൻ വേണ്ടി മറ്റു കാരണങ്ങളൊന്നും കണ്ടെത്തേണ്ട. “
അവൾ വാശിയോടെ വിളിച്ചു പറഞ്ഞപ്പോൾ പതറിപ്പോയി. കാരണം അവളെ ഇഷ്ടമല്ല എന്ന് പറയാൻ തനിക്ക് ഒരിക്കലും കഴിയില്ലായിരുന്നു.
” അതിന് പറ്റില്ല അല്ലേ..? എനിക്കറിയാം ഞാൻ ഇഷ്ടപ്പെടുന്നതിനും മുൻപേ ഏട്ടൻ എന്നെ ഇഷ്ടപ്പെട്ടിരുന്നു എന്ന്. എന്നെ നോക്കുന്ന ഓരോ നോട്ടത്തിലും ഗൗരവമാണ്.എങ്കിൽ പോലും അതിൽ ഒളിച്ചിരിക്കുന്ന സ്നേഹം കണ്ടെത്താൻ പലപ്പോഴും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്നോട് ഇഷ്ടമല്ല എന്ന് മാത്രം പറയരുത്. “
അവൾ ഉറപ്പോടെ പറയുമ്പോൾ അവൻ കണ്ണുകൾ താഴ്ത്തി.
” നീ പറഞ്ഞത് ശരിയാണ്. എനിക്ക് നിന്നോട് ഇഷ്ടമാണ്. പക്ഷേ ഒരിക്കലും ഞാൻ അത് പറയില്ല. കാരണം ഞാൻ അങ്ങനെ പറഞ്ഞാൽ തകരുന്നത് എന്റെ സുഹൃത്തിന് എന്നോടുള്ള വിശ്വാസമാണ്. അവൻ എന്നെ വിശ്വസിച്ചിട്ടാണ് നിങ്ങളുടെ വീട്ടിലേക്ക് എന്നെ വിളിക്കുന്നത്. അങ്ങനെ വന്നു കയറിയ ഞാൻ അവന്റെ അനിയത്തിയെ തന്നെ സ്നേഹിച്ചു എന്ന് പറഞ്ഞാൽ പിന്നെ സൗഹൃദത്തിന് എന്ത് അർത്ഥമാണുള്ളത്..? “
അവളോട് ചോദിച്ചപ്പോൾ ഒരു നിമിഷം അവൾ മൗനം ആയിരുന്നു എങ്കിലും പെട്ടെന്ന് തന്നെ അവൾ മറുപടി പറഞ്ഞു.
” എന്റെ ഏട്ടന് നിങ്ങളെ അത്ര വിശ്വാസമാണെങ്കിൽ, എന്നെ നിങ്ങൾ ജീവിതാവസാനം വരെ പൊന്നു പോലെ നോക്കും എന്നുള്ള കാര്യത്തിലും ഏട്ടന് വിശ്വാസം ഉണ്ടാകും. അതും സൗഹൃദം തന്നെയല്ലേ.? “
എത്രയൊക്കെ ശ്രമിച്ചിട്ടും അവൾ തന്റെ വാദത്തിൽ നിന്ന് പിന്നോട്ട് പോകുന്നില്ല എന്ന് കണ്ടപ്പോൾ അവനും അവളെ അംഗീകരിക്കേണ്ടി വന്നു.
“എത്രയും വേഗം നിന്റെ ഏട്ടനോട് ഈ കാര്യം തുറന്നു പറയാൻ തന്നെയാണ് എന്റെ തീരുമാനം. മറ്റാരെങ്കിലും പറഞ്ഞിട്ടാണ് അവൻ ഈ കാര്യം അറിയുന്നതെങ്കിൽ തകർന്നു പോകും.”
അതുമാത്രം അവൾ നിഷേധിച്ചു.
“ഏട്ടനോട് ഇപ്പോൾ ഒന്നും തുറന്നു പറയണ്ട. പഠിക്കാൻ പോകുന്ന പ്രായത്തിൽ ഞാൻ പ്രണയിച്ചു എന്നു പറഞ്ഞ് ചിലപ്പോൾ എനിക്ക് ചീത്ത കേൾക്കും. ഏട്ടന് ഒരു ജോലിയൊക്കെ ആയിക്കഴിഞ്ഞതിനു ശേഷം മാത്രം എന്റെ ഏട്ടനോട് വിവരം പറഞ്ഞാൽ മതി. അങ്ങനെയാകുമ്പോൾ ഏട്ടൻ എതിർത്താലും നമുക്ക് കല്യാണം കഴിക്കാമല്ലോ..!”
നിസ്സാരമായി അവൾ പറയുന്നത് എത്ര വലിയ കാര്യമാണെന്ന് അവൾക്ക് മനസ്സിലാക്കാൻ പോലും കഴിയുന്നില്ല എന്നുള്ളതായിരുന്നു അവനെ അമ്പരപ്പിച്ച കാര്യം.
എന്തായാലും അവളുടെ വാശിക്ക് വഴങ്ങി അവളുടെ ഏട്ടനോട് വിവരങ്ങളൊന്നും പറയുന്നില്ല എന്ന് അവൻ തീരുമാനിച്ചു.
ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെങ്കിലും ഒരിക്കൽ പോലും പരിധി വിട്ടു ഒരു ഇടപെടലുകളും പരസ്പരം നടത്തിയിരുന്നില്ല.
വർഷങ്ങൾ കടന്നു പോയി.അവൾ ഒരു ഡിഗ്രി വിദ്യാർഥിനിയായി.ആ സമയം കൊണ്ട് അവനും നല്ലൊരു ജോലി സമ്പാദിച്ചു കഴിഞ്ഞിരുന്നു.
പെട്ടെന്നൊരു ദിവസം രാത്രിയിൽ അവൾ അവനെ ഫോൺ ചെയ്തു.
“ഏട്ടാ ഇവിടെ ആകെ പ്രശ്നമാണ്.നമ്മൾ തമ്മിലുള്ള ബന്ധം ഏട്ടൻ അറിഞ്ഞിരിക്കുന്നു.അത് മറച്ചു വച്ചതിന്റെ പേരിൽ എന്നെ ഒരുപാട് തല്ലി.എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഞാൻ നാളെ തന്നെ ഏട്ടന്റെ അടുത്തേക്ക് വന്നാലോ..?”
അവൾ കണ്ണീരോടെയും പ്രതീക്ഷയോടെയും ചോദിച്ചപ്പോൾ അവന് എന്തു മറുപടി കൊടുക്കണം എന്നുപോലും അറിയാൻ കഴിഞ്ഞില്ല.
ഒരുവശത്ത് തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നതിന്റെ പേരിൽ വേദനിക്കുന്ന പെണ്ണും മറുവശത്ത് താനാൽ ചതിക്കപ്പെട്ട സുഹൃത്തും.. ഇവരിൽ ആരോടൊപ്പം നിൽക്കണമെന്ന് അവന് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.
“നീ ഇപ്പോൾ എടുത്ത് ചാടി തീരുമാനം ഒന്നും എടുക്കണ്ട.അവൻ നിന്നെ തല്ലിയെങ്കിൽ ആ സമയത്തുള്ള ദേഷ്യം കൊണ്ടായിരിക്കണം.നമ്മൾ അവനോട് ചെയ്തത് ചതി തന്നെയല്ലേ..? അവൻ ആ ദേഷ്യം പ്രകടിപ്പിച്ചു എന്ന് മാത്രമേയുള്ളൂ. ആ കൂട്ടത്തിൽ നീ ഇങ്ങനെ ഒരു എടുത്തുചാട്ടം കൂടി കാണിച്ചാൽ അവൻ പിന്നെ സഹിച്ചു എന്ന് വരില്ല. എങ്ങനെ പ്രതികരിക്കും എന്നുപോലും അറിയാൻ പറ്റില്ല.”
അവൻ അവളെ തടയാൻ ശ്രമിച്ചു.
” നിങ്ങൾക്ക് എന്നെ കൂടെ കൂടാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ..? അല്ലാതെ വെറുതെ ഓരോരോ ന്യായീകരണങ്ങൾ പറയരുത്. ഇവിടെ ഇനിയും തല്ലുകൊണ്ട് ചാവാൻ എനിക്ക് വയ്യ. “
അവൾ ദേഷ്യപ്പെട്ടു. അതുകൂടി കേട്ടപ്പോൾ അവന്റെ പിടി വിട്ടു പോയി.
അവന്റെ മൗന സമ്മതത്തോടെ അവൾ പിറ്റേന്ന് തന്നെ അവന്റെ വീട്ടിലേക്ക് എത്തി. അവരുടെ വിവാഹം നടത്താം എന്നൊരു പ്ലാനിങ്ങിലേക്ക് എത്തുന്നതിനു മുൻപ് തന്നെ അവളുടെ അച്ഛന്റെ കംപ്ലൈന്റിൽ രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
സ്റ്റേഷനിൽ എത്തിയ പാടെ അവനെ പോലീസുകാർ മർദ്ദിക്കുകയും ചെയ്തു. അച്ഛന്റെ ആളുകൾ മനപ്പൂർവം ചെയ്യുന്നതാണ് എന്ന് അവൾക്ക് മനസ്സിലാക്കാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല.
അപ്പോഴേക്കും രണ്ടു വീടുകളിൽ നിന്നും ആളുകൾ എത്തിയിരുന്നു.
” കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഞാൻ ഒരു പരിഹാരം പറയാം. ഇവർ രണ്ടുപേരും ചെറുപ്പമാണ്. വിവാഹം കഴിച്ചു ഒരു കുടുംബമായി ജീവിക്കാനുള്ള പക്വതയൊന്നും രണ്ടു പേർക്കും വന്നിട്ടില്ല. ആ സ്ഥിതിക്ക് ഇവളെ തൽക്കാലം ഞങ്ങൾ കൊണ്ടു പോകാം. ഇവളുടെ പഠിപ്പൊക്കെ കഴിയുന്ന സമയം ആകുമ്പോഴേക്കും അവനും നല്ലൊരു ജോലി കിട്ടുമല്ലോ. എന്നിട്ട് എല്ലാവരെയും ക്ഷണിച്ചു നമുക്ക് വിവാഹം നടത്താം. “
അവളുടെ അച്ഛന്റെ ആശയം നല്ലതായി പലർക്കും തോന്നി. അവൾ പോലും അത് അംഗീകരിച്ചു. അപ്പോഴും അവന്റെ ഉള്ളിൽ അവളെ നഷ്ടപ്പെടുകയാണോ എന്നൊരു ഭയം ഉണ്ടായിരുന്നു.
എങ്കിലും അതൊക്കെ അകറ്റിക്കൊണ്ട് അവൾ അവനു ധൈര്യം നൽകി.
രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ അവളെ അവളുടെ വീട്ടുകാർ തന്നെ കൊണ്ടുപോയി. അവളുടെ പഠനം മുന്നോട്ടു പോയി. രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ തന്നെ അവർ പരസ്പരം പ്രണയിച്ചു നടന്നു.
പക്ഷേ അതിനിടയിൽ കുറച്ചുകാലം അവന് ബാംഗ്ലൂരിൽ ജോലി കിട്ടി മാറി നിൽക്കേണ്ടി വന്നു.
അവൻ നാട്ടിൽ നിന്ന് പോയ സമയത്ത് അവൾക്ക് വല്ലാത്ത സങ്കടം ആയിരുന്നു. പക്ഷേ പോകെ പോകെ അവളുടെ വിളികൾ കുറഞ്ഞു. നാട്ടിലെത്തിയാലും അവളെ കാണാൻ കിട്ടാതായി.
അവൻ ജോലി ചെയ്യുന്ന കമ്പനിയിൽ അടുപ്പിച്ച് പല പ്രോജക്ടുകളും വന്നതോടെ ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് വരിക എന്നുള്ള കാര്യം അവനു മുന്നിൽ ഒരു സമസ്യയായി മാറി. അവസാനം ഒരു വർഷത്തോളം നാട്ടിലേക്ക് വരാതിരുന്നിട്ട് അവൻ വന്നത് അന്നായിരുന്നു.
പക്ഷേ അവനെ പ്രതീക്ഷിക്കാതെ അന്ന് കണ്ടതിന്റെ സന്തോഷം അച്ഛനിലോ അമ്മയിലോ അവൻ കണ്ടിരുന്നില്ല. അവനെ കാണാൻ പറ്റിയ സുഹൃത്തുക്കൾ പോലും സങ്കടത്തിലാണ് എന്ന് കണ്ടപ്പോൾ അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു.
“ഞാൻ ഒന്ന് അവളെ കണ്ടിട്ട് വരാം. കുറെ നാളായില്ലേ കണ്ടിട്ട്..”
കുളിച്ച് ഫ്രഷായി അച്ഛനോട് പറഞ്ഞിട്ട് അവൻ ഇറങ്ങുമ്പോൾ അച്ഛൻ അവനെ തടഞ്ഞു.
“നീയിപ്പോൾ അവളെ കാണാൻ പോകണ്ട..”
അച്ഛൻ പറഞ്ഞപ്പോൾ കാരണം അറിയാതെ അവൻ വിഷമിച്ചു.
“എന്താ അച്ഛ..? ഒരു വർഷത്തോളമായില്ലേ ഞാൻ അവളെ കണ്ടിട്ട്.. ഒന്നു പോയി കണ്ടിട്ട് വരട്ടെ. അല്ലെങ്കിൽ അവൾക്ക് പിണങ്ങാൻ അതുമതി..”
അവൻ പറയുന്നത് കേട്ടപ്പോൾ അമ്മയ്ക്ക് ദേഷ്യം തോന്നി.
“എന്നാൽ ചെല്ലടാ.. പോയി കണ്ണ് നിറച്ച് കണ്ടിട്ട് വാ.. ഇന്ന് അവളുടെ കല്യാണമാണ് ഇപ്പോൾ പോയാൽ കല്യാണസദ്യയും കഴിക്കാം.”
അമ്മ പറഞ്ഞത് കേട്ട് അവൻ തറഞ്ഞു നിന്നു പോയി.
“അമ്മ വെറുതെ തമാശ പറയല്ലേ.. അവൾക്ക് എന്നെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്ന് എത്രവട്ടം എന്നോട് പറഞ്ഞിരിക്കുന്നു..”
അവൻ എതിർക്കാൻ ശ്രമിച്ചു.
അതേ നിമിഷം തന്നെയാണ് അവന്റെ കൂട്ടുകാരൻ ഒരു വീഡിയോ കോൾ അവനെ കാണിച്ചത്.കല്യാണ മണ്ഡപത്തിൽ നിന്ന് അവരുടെ മറ്റൊരു സുഹൃത്ത് വിളിച്ചതായിരുന്നു അത്.
കല്യാണ മണ്ഡപത്തിൽ സന്തോഷത്തോടെ നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന് താൻ കാണുന്നത് സ്വപ്നമാണ് എന്നുപോലും തോന്നി.
കൂടുതൽ കണ്ടു നിൽക്കാൻ കഴിയാതെ ആരോടും ഒന്നും മിണ്ടാതെ അവൻ ആ വീട്ടിൽ നിന്ന് ഇറങ്ങി നടന്നു.
എവിടേക്കും ഇല്ലാത്ത ആ യാത്ര അവസാനിച്ചത് കുന്നിൻ ചെരുവിൽ ആയിരുന്നു. അവന് പിന്നാലെ അവന്റെ സുഹൃത്ത് ഓടി എത്തിയിരുന്നെങ്കിലും, അയാൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് തന്നെ അവൻ തന്റെ ജീവിതയാത്ര അവസാനിപ്പിച്ചിരുന്നു..!
അവന്റെ മരണവാർത്ത അറിഞ്ഞ് അന്ന് ആ കല്യാണ രാത്രിയിൽ അവൾ ഒരു മുഴുഭ്രാന്തിയായി മാറിയിരുന്നു. അച്ഛന്റെയും ഏട്ടന്റെയും ഭീഷണിക്ക് വഴങ്ങി മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്പോൾ ഒരിക്കലും അവൻ മരണമെന്ന വഴി സ്വീകരിക്കുമെന്ന് അവൾ കരുതിയിരുന്നില്ല.
കുറ്റബോധത്തിൽ ഉരുകി ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഭ്രാന്തി ആയി ജീവിക്കുന്നത്..ഒന്നിനെ കുറിച്ചും ഓർക്കണ്ടല്ലോ..
അവളുടെ അവസ്ഥ കണ്ട വേദനയോടെ അവളുടെ വീട്ടുകാരും നീറി നീറി ഒടുങ്ങുന്നു.
✍️ അപ്പു