രചന : അപ്പു
::::::::::::::::::
” ഞാൻ ഒരു കല്യാണത്തിന് ഒട്ടും പ്രിപേയെർഡ് അല്ല അച്ഛാ.. അതുകൊണ്ടാണ്… “
അത് പറയുമ്പോൾ അച്ഛന്റെ മുഖത്തു നോക്കാതെ അവൾ മറ്റെങ്ങോ ദൃഷ്ടി പതിപ്പിച്ചു. അതിൽ ഒളിച്ചിരിക്കുന്ന സങ്കട കടൽ ആരും കാണാതിരിക്കാൻ എന്നോണം..!
മാതാപിതാക്കൾക്ക് മക്കളെ മനസ്സിലാക്കാൻ പ്രത്യേകിച്ച് കോഴ്സിന്റെ ആവശ്യമൊന്നുമില്ലല്ലോ..! അതുകൊണ്ടു തന്നെ അവൾ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലാക്കാൻ ആ അച്ഛന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
“വിവാഹത്തിന് താല്പര്യം ഇല്ലാത്തതു കൊണ്ടാണോ.. അതോ മറ്റെന്തെങ്കിലും പ്രശ്നമുള്ളതു കൊണ്ടാണോ…?”
അച്ഛൻ ചോദിച്ചപ്പോൾ അവൾ ഒന്നു വിതുമ്പി. ഇനിയും അച്ഛന്റെ മുന്നിൽ നിന്നാൽ താൻ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നതൊക്കെയും അച്ഛൻ പുറത്തെടുക്കും എന്ന് അവൾക്ക് തോന്നി. അതുകൊണ്ടുതന്നെ കൂടുതൽ സംസാരത്തിനു നിൽക്കാതെ അവൾ തന്റെ മുറിയിലേക്ക് കയറിപ്പോയി.
അവൾ പോയ വഴിയെ നോക്കി നിൽക്കുമ്പോൾ ആ പിതാവിന്റെ ഹൃദയവും വേദനിക്കുന്നുണ്ടായിരുന്നു. അവളുടെ ഉള്ളിൽ മറ്റാരും കാണാതെയും അറിയാതെയും അവൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന എന്തോ ഒരു നോവുണ്ടെന്ന് അയാൾക്ക് ഇതിനോടകം തന്നെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അതെന്തു തന്നെയാണെങ്കിലും താൻ എത്ര നിർബന്ധിച്ചാലും അവൾ പറയാൻ പോകുന്നില്ല. അവൾ അത് പറയണമെങ്കിൽ അവൾക്ക് സ്വയം ഒരു തോന്നൽ ഉണ്ടാവണം..!
അതും ഓർത്തു കൊണ്ട് അയാൾ മറ്റെവിടേക്കോ ഇറങ്ങി നടന്നു.
മുറിയിലെത്തിയ അവളും വല്ലാത്ത നിരാശയോടെ എന്തൊക്കെയോ ചിന്തിക്കുകയായിരുന്നു.
വിവാഹത്തിന് താല്പര്യമില്ലാത്തതു കൊണ്ടല്ല വരുന്ന ഓരോ ആലോചനകളും മുടക്കി വിടുന്നത്. ഒരിക്കലും സന്തോഷത്തോടെ ഒരു വിവാഹ ജീവിതം നയിക്കാൻ തനിക്ക് കഴിയില്ല എന്നൊരു ബോധ്യം ഉള്ളതു കൊണ്ടാണ്..!
വിങ്ങലോടെ അവൾ ഓർത്തു.
അന്ന് പഠിക്കാനായി നഗരത്തിലേക്ക് ചേക്കേറിയതിനു ശേഷം ആണ് തന്റെ ജീവിതം കെട്ടു പൊട്ടിയ ഒരു പട്ടം പോലെ പാറി പറന്നു തുടങ്ങിയത്.ഒരിക്കലും തെറ്റിലേക്ക് താൻ സഞ്ചരിച്ചിട്ടില്ല. വീട്ടുകാരെയും കുടുംബത്തെയും മറന്ന് ഒന്നും ചെയ്തിട്ടില്ല.
പക്ഷേ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് ആദ്യമായി എത്തിയത് കൊണ്ട് തന്നെ നഗരത്തിന്റെ ഉള്ളറകൾ കണ്ടെത്താൻ തനിക്ക് വല്ലാത്തൊരു കൊതിയായിരുന്നു. മാസത്തിലൊരിക്കൽ മാത്രമാണ് വീട്ടിലേക്ക് വന്നിരുന്നത്. അല്ലാതെയുള്ള ആഴ്ചകളിൽ അവിടെ നഗരത്തിൽ തന്നെ കൂട്ടുകാരുമൊത്ത് കറങ്ങാൻ പോകുന്നത് തന്റെ പതിവായിരുന്നു.
ആദ്യത്തെ ഒന്ന് രണ്ട് വർഷങ്ങൾ ഒരു പ്രശ്നവുമില്ലാതെ കടന്നു പോയി. മൂന്നാം വർഷത്തിൽ പ്രോജക്റ്റും സെമിനാറും ഒക്കെ ആയതു കൊണ്ട് തന്നെ അധികം ക്ലാസുകൾ ഒന്നും എടുക്കാറില്ല. അപ്പോൾ പിന്നെ കറങ്ങി നടക്കാനും ചുറ്റിയടിക്കാനും ഒരുപാട് സമയം കിട്ടിത്തുടങ്ങി. അതൊക്കെ ഞങ്ങൾ കൂട്ടുകാരുടെ സംഘം മാക്സിമം എൻജോയ് ചെയ്യുന്നുണ്ടായിരുന്നു.
കോളേജിൽ കഴിഞ്ഞാൽ ഇങ്ങനെയുള്ള അവസരങ്ങൾ ഇനി കിട്ടില്ല എന്ന് തന്നെ ഞങ്ങളൊക്കെ കരുതി. അതുകൊണ്ട് തന്നെ കിട്ടിയ അവസരം ഞങ്ങൾ മാക്സിമം മുതൽ എടുത്തു.
പലപ്പോഴും ക്ലാസ്സില്ല എന്നറിയുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി പലയിടങ്ങളിലും കറങ്ങി നടക്കുന്നത് ഞങ്ങളുടെ പതിവായിരുന്നു.
അന്ന് ഒരു ബുധനാഴ്ച.. രാവിലെ ക്ലാസിന് ചെന്നെങ്കിലും എന്തോ സ്ട്രൈക്ക് കാരണം ക്ലാസ് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ക്ലാസിലെങ്കിൽ പിന്നെ സ്വാഭാവികമായും കറങ്ങാൻ പോകണമല്ലോ..!തീരുമാനങ്ങൾ എടുക്കാൻ വേണ്ടി കൂട്ടുകാർ എല്ലാവരും കൂടി ഒത്തുചേർന്നു.
പലർക്കും പല അഭിപ്രായങ്ങൾ…! അവസാനം എല്ലാവരുടെയും കൂടെ തീരുമാനം സംയോജിപ്പിച്ചു കൊണ്ട് മാളിൽ പോകാമെന്നും അവിടെ ഒരു സിനിമയ്ക്ക് കയറാം എന്നും ഒക്കെ തീരുമാനമായി. വേണമെങ്കിൽ സിനിമ കഴിഞ്ഞ് ഇറങ്ങിയിട്ട് ഫുഡും ഷോപ്പിംഗും ഒക്കെ കഴിഞ്ഞിട്ട് ഹോസ്റ്റലിലേക്ക് തിരിച്ചു കയറിയാൽ മതി. ഒരു ഫുൾ ഡേ പ്ലാനിങ്ങോടെയാണ് എല്ലാവരും കൂടി ബസ് കയറി മാളിലേക്ക് പോയത്.
ഞങ്ങൾ അവിടെ എത്തിക്കഴിഞ്ഞപ്പോൾ, നിഷയുടെ ഒരു ബ്രദർ അവിടെയുണ്ട് എന്നറിഞ്ഞു. എന്നാൽ പിന്നെ പുള്ളിയെ ഒന്ന് പരിചയപ്പെട്ടിട്ട് പോയാൽ പോരെ എന്ന് അവൾ ചോദിച്ചപ്പോൾ ഞങ്ങളെല്ലാവരും സമ്മതിക്കുകയും ചെയ്തു. അതിനുവേണ്ടി കാത്തു നിൽക്കുമ്പോഴാണ് ചിലർ അടുത്ത് വന്ന് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങിയത്.
അവരുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടപ്പോൾ തന്നെ അവർ നോർമൽ അല്ല എന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എല്ലാവരും അത്യാവശ്യം നല്ല രീതിയിൽ തന്നെ മദ്യപിച്ചിരുന്നു. അവരുടെ ഇടപെടൽ കണ്ടപ്പോൾ ഞങ്ങൾക്ക് വല്ലാതെ സങ്കടവും ഭയമൊക്കെ തോന്നി.
അതിനിടയിൽ നിഷയുടെ ബ്രദർ വന്നപ്പോൾ അവർ ഞങ്ങളുടെ അടുത്തു നിന്ന് മാറിപ്പോവുകയും ചെയ്തു. അതോടെ അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു എന്നാണ് കരുതിയിരുന്നത്. അതൊരു വെറും തോന്നലായിരുന്നു എന്ന് മനസ്സിലായത് പിന്നീട് ഞങ്ങൾ എവിടെയൊക്കെ പോയാലും അവിടെയൊക്കെ ഞങ്ങളുടെ പിന്നാലെ വരുന്ന അവരെ കണ്ടപ്പോഴാണ്.
” നമുക്ക് എത്രയും വേഗം തിരിച്ചു പോകാം. എനിക്കെന്തോ ഇവരുടെ ഈ ആറ്റിറ്റ്യൂഡ് ഒക്കെ കണ്ടിട്ട് വല്ലാതെ പേടിയാകുന്നു.. “
അങ്ങനെ സുഹൃത്തുക്കളോട് പറയാനായിരുന്നു ആ നിമിഷം എനിക്ക് തോന്നിയത്. അവരിൽ പലർക്കും അങ്ങനെ തന്നെ ഒരു തോന്നൽ ഉണ്ടായിരുന്നതു കൊണ്ടാണ് ഞങ്ങൾ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങിയത്. അവരുടെ കണ്ണുവെട്ടിച്ച് പുറത്തേക്കിറങ്ങിയെങ്കിലും, പെട്ടെന്ന് എങ്ങനെയോ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പിന്നാലെ ഓടി വരുന്നവരെ ഞാൻ കണ്ടിരുന്നു.
അവന്മാരുടെ കൈയിൽ പെടാതിരിക്കാൻ റോഡ് ക്രോസ് ചെയ്യാനായി ശ്രദ്ധിക്കാതെ കാലെടുത്ത് റോഡിലേക്ക് വെച്ചതും എതിരെ വന്ന ഒരു വണ്ടി ഇടിച്ചു തെറിപ്പിച്ചതും എനിക്കിപ്പോഴും ഓർമ്മയുണ്ട്. പിന്നീട് ഞാൻ ബോധം തെളിയുമ്പോൾ ആശുപത്രി കിടക്കയിൽ ആയിരുന്നു.
കൈയ്ക്കും കാലിനും ഒക്കെ ഒടിവുണ്ടായിരുന്നു. അച്ഛനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അച്ഛനും അമ്മയും ആശുപത്രിയിൽ എത്തുന്നത് വരെ സങ്കടപ്പെടാതിരിക്കണം എന്നുമൊക്കെ സുഹൃത്തുക്കൾ പറഞ്ഞപ്പോൾ കണ്ണീരോടെയാണെങ്കിലും തലയാട്ടി കാണിച്ചു.
ഡോക്ടർ ഒരിക്കൽ കൂടി കാണാൻ വന്നിരുന്നു. ആ നിമിഷം ഇപ്പോഴും മറക്കാനായിട്ടില്ല.
” താൻ നല്ല ബോൾഡ് ആയ ഒരു പെൺകുട്ടിയാണ് എന്ന് എനിക്ക് തോന്നുന്നുണ്ട്. അല്ലെങ്കിൽ പിന്നെ ഗ്രാമത്തിൽ നിന്ന് ഈ നഗരത്തിലേക്ക് വരില്ലല്ലോ..നന്നായി പഠിക്കുന്ന മിടുക്കിയാണ് എന്ന് കൂട്ടുകാരികളിൽ നിന്ന് അറിയാൻ കഴിഞ്ഞു.. “
ഡോക്ടർ പറഞ്ഞപ്പോൾ പുഞ്ചിരിയോടെ കിടന്നതേയുള്ളൂ. ഡോക്ടർക്ക് എന്നോട് തനിച്ച് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് തന്നെ കൂട്ടുകാരികളൊക്കെയും പുറത്ത് നിൽക്കുകയായിരുന്നു.
“ഞാൻ പറയുന്ന കാര്യം എന്തുതന്നെയാണെങ്കിലും അത് ഉൾക്കൊള്ളാൻ തനിക്ക് കഴിയണം.വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എനിക്ക് തന്നോട് പറയാനുള്ളത്. തനിക്ക് ഒരു പ്രശ്നം പറ്റിയിട്ടുണ്ട്.”
ഡോക്ടർ പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ നെഞ്ചിടിക്കുന്ന സ്വരം എനിക്ക് തന്നെ കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു.എങ്കിലും,എന്താണ് കാര്യം എന്ന് അറിയേണ്ടത് എന്റെ ആവശ്യമാണല്ലോ..
” എടോ ആക്സിഡന്റ് പറ്റിയപ്പോൾ തന്റെ ഗർഭപാത്രത്തിന് ചതവ് സംഭവിച്ചിട്ടുണ്ട്. അത് തീരെ നിസ്സാരം എന്ന് പറഞ്ഞ് തള്ളിക്കളയാവുന്ന ഒന്നല്ല.. “
ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചതു പോലെയാണ് തോന്നിയത്.പിന്നീടും ഡോക്ടർ പലതും പറയുന്നുണ്ടായിരുന്നു.പക്ഷേ അതൊന്നും എന്റെ ചെവിയിലേക്ക് കയറിയില്ല.
“ഡോക്ടർ.. എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് ഒരിക്കലും എന്റെ അച്ഛനും അമ്മയും അറിയരുത്. അവർ അറിഞ്ഞാൽ അവർ വിഷമിക്കുകയേയുള്ളൂ..”
എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടായിരിക്കണം ഡോക്ടർ അതിനെ എതിർത്ത് ഒന്നും പറഞ്ഞില്ല. എങ്കിലും എന്റെ കാര്യത്തിൽ എന്തെങ്കിലും പ്രതീക്ഷയുണ്ടോ എന്ന് നോക്കാൻ വേണ്ടി മാത്രം അദ്ദേഹം കുറേയേറെ ടെസ്റ്റുകളും മരുന്നുകളും ഒക്കെ റെക്കമെന്റ് ചെയ്തിരുന്നു.
അന്നു മുതൽ അച്ഛനും അമ്മയും അറിയാതെ അതിന്റെ ട്രീറ്റ്മെന്റുകളും ടെസ്റ്റുകളും ഒക്കെ നടത്തുന്നുണ്ടായിരുന്നു.
ഇങ്ങനെയുള്ള താൻ എങ്ങനെ ഒരു കല്യാണത്തിന് ആഗ്രഹിക്കും..? ഗർഭപാത്രത്തിന് തകരാർ എന്നൊക്കെ പറഞ്ഞാൽ ഒരിക്കലും കുട്ടികൾ പോലും ഉണ്ടായി എന്ന് വരില്ല.. കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് വർഷം കഴിഞ്ഞു കുട്ടികൾ ഉണ്ടാകില്ല എങ്കിൽ ആർക്കാ പ്രശ്നം എന്ന് ചോദിക്കുന്ന നാട്ടിൽ സ്വാഭാവികമായും ഒരു ഡോക്ടറിന്റെ ട്രീറ്റ്മെന്റിന് വിധേയമാക്കേണ്ടി വരും. അപ്പോൾ പിന്നെ എല്ലാവരും അറിയില്ലേ എന്റെ ഗർഭപാത്രത്തിന് ഇങ്ങനെയൊരു തകരാറുള്ള വിവരം..? അത് മറച്ചുവച്ചു കൊണ്ട് കല്യാണം കഴിച്ചു എന്ന് പറഞ്ഞു അച്ഛനും അമ്മയും വരെ ചിലപ്പോൾ പ്രതികളാക്കപ്പെടും.
അങ്ങനെയൊരു അവസ്ഥയിലേക്ക് അവരെ തള്ളി വിടാൻ താൻ തയ്യാറല്ല…
തന്നെ വിവാഹം കഴിച്ചു എന്ന പേരിൽ ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങൾ ഇല്ലാതാക്കാൻ തനിക്ക് കഴിയില്ല.
തന്റെ തീരുമാനമാണ് ശരിയെന്ന് ഒരിക്കൽ കൂടി അവൾ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു