എന്റെ തുറിച്ചുനോട്ടം കണ്ടിട്ട് ആകണം അവൾ പതിയെ ഓരോ കാര്യങ്ങൾ ആയി പറഞ്ഞു തുടങ്ങിയത്…

രചന: അപ്പു

:::::::::::::::::::::::

” ശരിക്കും എന്റെ ഈ ജീവിതത്തിൽ എന്തെങ്കിലും ഒന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ടോ എന്ന് അറിയാൻ വയ്യ.. എന്റെ കാര്യങ്ങളും എന്റെ കുടുംബത്തിലെ കാര്യങ്ങളും ഒക്കെ മറ്റൊരാൾ കേട്ട് വിലയിരുത്തി അഭിപ്രായം പറയുക എന്ന് പറഞ്ഞാൽ… അത് എത്ര മോശം ആണ്..? അഭിപ്രായ പ്രകടനം മാത്രം ആണെങ്കിൽ പോട്ടെന്നു വെയ്ക്കാം. ഇത് അങ്ങനല്ല.. അവർ പറയുന്നത് മാത്രമേ നടക്കാവൂ എന്ന് വാശി പിടിക്കുന്നത് കഷ്ടമല്ലേ മാഡം..? “

എന്റെ മുന്നിലിരുന്നു കിതച്ചു കൊണ്ട് ആ പെൺകുട്ടി ചോദിച്ചപ്പോൾ ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു. 20 21 വയസ്സ് മാത്രം പ്രായം വരുന്ന ഒരു പെൺകുട്ടി. ക്ഷീണിച്ച് അസ്ഥികൂടമായ പോലെ ഒരു രൂപമാണ് ആ പെൺകുട്ടിയുടെ..!

പക്ഷേ അതിനേക്കാൾ ഏറെ അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നത് ആരോടൊക്കെയോ ഉള്ള അമർഷമായിരുന്നു.

ഒരു വക്കീലായ തന്റെ മുന്നിലേക്ക് പലതരത്തിലുള്ള ആളുകളും ദിവസവും കടന്നു വരാറുണ്ട്. ഇന്ന് രാവിലെ ഈ പെൺകുട്ടി ഞാൻ വരുന്നതിനും മണിക്കൂറുകൾക്കു മുൻപ് എന്റെ ഓഫീസിനു മുന്നിൽ കാവൽ നിന്നത് എന്നെ കണ്ട് സംസാരിക്കാൻ വേണ്ടി മാത്രമാണ് എന്ന് കേട്ടപ്പോൾ അതിശയം തോന്നി.

ഇന്ന് പതിവിലും അധികം തിരക്കുള്ള ദിവസമായത് കൊണ്ട് തന്നെ കേസുകൾ ഒന്നും എടുക്കണ്ട എന്നുള്ള തീരുമാനമായിരുന്നു എന്റേത്. പക്ഷേ എന്റെ ആ തീരുമാനം മാറ്റാൻ അവളുടെ ദയനീയത നിറഞ്ഞ മുഖം തന്നെ മതിയായിരുന്നു.

ഒരുപക്ഷേ ഇന്ന് അവളെ കേൾക്കാതെ പറഞ്ഞയച്ചാൽ നാളെ ആ ത്മ ഹത്യ ചെയ്തു എന്നൊരു വാർത്ത കേൾക്കുമ്പോൾ എന്റെ മനസ്സിന് അത് ഒരു സമാധാനക്കേടായിരിക്കും. ഒരുപക്ഷേ ഇന്ന് അവൾക്ക് കേൾക്കാൻ ഒരാളിനെ ആയിരിക്കണം ആവശ്യം.

അത് ചിന്തിച്ചപ്പോൾ കൂടെയുള്ള ജൂനിയേഴ്സിനെ ജോലി ഏൽപ്പിച്ച് കോടതിയിലേക്ക് വിട്ടു. അവൾക്കു വേണ്ടി ആ ദിവസം മുഴുവനും കൊടുക്കാനും ഞാൻ തയ്യാറായിരുന്നു.

ഞാൻ അവസരം കൊടുത്തപ്പോൾ ആവേശത്തോടെയാണ് അവൾ സംസാരിച്ചു തുടങ്ങിയത്. തുടക്കത്തിൽ അവൾ പറഞ്ഞ വാചകം ആരെക്കുറിച്ചാണെന്നോ എന്തിനെക്കുറിച്ചാണെന്നോ എനിക്ക് പോലും മനസ്സിലായില്ല.

എന്റെ തുറിച്ചുനോട്ടം കണ്ടിട്ട് ആകണം അവൾ പതിയെ ഓരോ കാര്യങ്ങൾ ആയി പറഞ്ഞു തുടങ്ങിയത്.

“മാഡം എന്റെ പേര് നിഷ.എന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമായി. ഞങ്ങൾ അങ്ങനെ സാമ്പത്തികമുള്ള വീട്ടിൽ ഒന്നും ഉള്ളതല്ല. അച്ഛന് കൂലിപ്പണിയാണ്. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത അവസ്ഥ എന്നൊക്കെ പറയില്ലേ..? അങ്ങനെ ഒരു അവസ്ഥയിൽ ജീവിക്കുന്ന ആളാണ് ഞാൻ. പക്ഷേ എന്നെ എവിടെയോ വച്ച് കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിട്ടാണ് ഇങ്ങനെ ഒരു ആലോചന വന്നത്. സ്വാഭാവികമായും വളരെ മോശം ചുറ്റുപാടിൽ നിൽക്കുന്ന ഒരു വീട്ടിൽ ഒരാലോചന വരുമ്പോൾ അവർക്ക് മറുത്തൊന്നും ആലോചിക്കാൻ ഉണ്ടാവില്ലല്ലോ… എന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്.മോഹനേട്ടൻ നല്ല ആളായിരുന്നു. വിവാഹം കഴിഞ്ഞ ദിവസം മുതൽ എന്നോട് നല്ല സ്നേഹം തന്നെയായിരുന്നു ആളിന്.”

അവൾ പറയുന്നത് അവളുടെ ജീവിതമാണ് എന്ന് അറിയാവുന്നതു കൊണ്ടു തന്നെ,വളരെ ശ്രദ്ധയോടെ ഞാൻ അത് കേട്ടിരുന്നു.

” വിവാഹം കഴിഞ്ഞ സമയത്ത് ഞങ്ങൾ മോഹനേട്ടന്റെ കുടുംബത്തോടൊപ്പം തന്നെയായിരുന്നു താമസം. അവിടെ മോഹനേട്ടന്റെ അച്ഛനും അമ്മയും കൂടാതെ ചേട്ടനും ചേട്ടത്തിയും ഒക്കെയുണ്ട്. അവർക്ക് ഒരു മകനുണ്ട്. ചെറിയ കുട്ടിയാണ്. മൂന്ന് വയസ്സ് ഉള്ളൂ. ആദ്യമൊക്കെ അവർക്കൊക്കെ എന്നോട് നല്ല സ്നേഹം തന്നെയായിരുന്നു. ഇത്രയും നല്ലൊരു കുടുംബത്തെ കിട്ടിയതിൽ ഞാൻ അന്നൊക്കെ ഒരുപാട് സന്തോഷിച്ചിട്ടുണ്ട്. പക്ഷേ കല്യാണം കഴിഞ്ഞ് നാലഞ്ച് മാസം കഴിഞ്ഞിട്ടും എനിക്ക് വിശേഷം ഒന്നും ആകാതെ ആയതോടെ അമ്മയും ചേട്ടത്തിയും എന്നെ എന്തോ ഒരു ശത്രുവിനെ പോലെ നോക്കാൻ തുടങ്ങി. 20 വയസ്സുള്ള എനിക്ക് ഇതിനെക്കുറിച്ച് ഒക്കെ എങ്ങനെ അറിയാനാണ്…? അവരുടെ തുറിച്ചു നോട്ടങ്ങളും കുത്തി പറയലുകളും സഹിക്കാൻ കഴിയാതെ ആയതോടെ ഒരിക്കൽ ഞാൻ മോഹനേട്ടനോട് അതിനെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചു.”

ആ ഓർമ്മയിൽ അവൾ ഉമിനീറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“മോഹനേട്ടാ… അമ്മയും ചേട്ടത്തിയും ഒക്കെ എന്നോട് എന്തോ ഒരു ശത്രുവിനെ പോലെയാണ് പെരുമാറുന്നത്. ഇന്ന് അമ്മ എന്നോട് ചോദിക്കുകയും ചെയ്തു. ഇത്രയും നാളായിട്ടും എന്താ വിശേഷം ആകാത്തത് എന്ന്..?”

അവരുടേതായ ഒരു സ്വകാര്യ നിമിഷത്തിലാണ് അവൾ അത് അവനോട് ചോദിച്ചത്.

” അങ്ങനെ ഇപ്പോൾ പ്രശ്നം ആകാനും മാത്രമുള്ള നാളുകൾ ഒന്നും ആയിട്ടില്ലല്ലോ നമ്മുടെ വിവാഹം കഴിഞ്ഞിട്ട്… പിന്നെ നീ തീരെ ചെറിയ പെൺകൊച്ച് അല്ലേ..? നിനക്കും കൂടി കുറച്ച് പ്രായവും പക്വതയും ഒക്കെ ആയിട്ട് പോരെ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നത്..? ഒരു വർഷമെങ്കിലും കഴിയട്ടെ.. അല്ലാതെ വിവാഹം കഴിച്ചാൽ ഉടനെ കുട്ടികൾ വേണം എന്ന് ചിന്തയുള്ള ആളൊന്നുമല്ല ഞാൻ.. “

അന്ന് അവളുടെ മുടിയിൽ തഴുകികൊണ്ട് അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് വല്ലാതെ സന്തോഷം തോന്നി. തന്നെ മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ ആണല്ലോ തനിക്ക് കിട്ടിയത് എന്ന് അവൾ ചിന്തിച്ചു.

ആ ഓർമ്മയിൽ നിന്ന് പുറത്തു വന്നു കൊണ്ട് അവൾ ഒന്ന് കിതച്ചു.

“പിന്നീടുള്ള ദിവസങ്ങളിൽ അമ്മയും ചേട്ടത്തിയും ഒക്കെ എന്തു പറഞ്ഞാലും അതൊന്നും ഞാൻ കാര്യമാക്കാറില്ല.കാരണം എന്നോടൊപ്പം എന്റെ ഭർത്താവ് ഉണ്ടല്ലോ..! പക്ഷേ എന്റെ ആ തോന്നലുകൾക്ക് തിരിച്ചടി കിട്ടാൻ അധികം താമസം ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വർഷം ആയപ്പോഴേക്കും പതിയെ പതിയെ എന്നെ മാത്രം കുറ്റം പറഞ്ഞിരുന്ന വീട്ടുകാർ അത് ഉച്ചത്തിൽ പറയാൻ തുടങ്ങി. പതിയെ പതിയെ അയൽവാസികളും അത് കേൾക്കാനും അത് ഏറ്റുപിടിക്കാനും തുടങ്ങിയപ്പോൾ എനിക്ക് ആ വീട്ടിലെ ജീവിതം നരകമായി മാറി തുടങ്ങി. ഒരിക്കൽ ജോലി കഴിഞ്ഞ് മടങ്ങി വന്ന മോഹനേട്ടൻ ആ കാഴ്ച നേരിൽ കാണുകയും കൂടി ചെയ്തു. ഒരുപക്ഷേ അന്നായിരിക്കണം എന്റെ അവിടുത്തെ അവസ്ഥയെക്കുറിച്ച് മോഹനേട്ടൻ മനസ്സിലാക്കുന്നത്. അന്ന് ആ പേരും പറഞ്ഞ് ആ വീട്ടിൽ മോഹനേട്ടൻ അമ്മയോടും ചേട്ടത്തിയോടും ഒരുപാട് ബഹളം വച്ചു. അതിന്റെ അവസാനമായിരുന്നു ഞങ്ങളുടെ വീട് മാറി താമസം. അവർ പറയുന്നത് കേട്ട് ആ വീട്ടിൽ താമസിക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കൊള്ളാനാണ് അച്ഛനും അമ്മയും ഒരേ സ്വരത്തിൽ പറഞ്ഞത്. അത് കേട്ടപ്പോൾ മാത്രം എനിക്ക് വല്ലാത്ത സങ്കടം തോന്നി. താൻ കാരണമാണല്ലോ ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്നൊരു തോന്നൽ..!അത്രയും പ്രശ്നമുണ്ടായിട്ടും മോഹനേട്ടന് യാതൊരു കൂസലും ഉണ്ടായിരുന്നില്ല.അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ കെയറോഫിൽ ഒരു വീട് അന്നു തന്നെ റെഡിയാക്കി രാവിലെ തന്നെ ഞങ്ങൾ അവിടേക്ക് താമസം മാറ്റി. അപ്പോഴൊക്കെയും എനിക്ക് അദ്ദേഹത്തോട് വല്ലാത്ത ഇഷ്ടം തോന്നുന്നുണ്ടായിരുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോടൊപ്പം നിൽക്കുകയും എനിക്ക് വേണ്ടി സ്വന്തം വീട്ടുകാരെ പോലും വിട്ടു ഇറങ്ങി വരികയും ഒക്കെ ചെയ്തപ്പോൾ എനിക്ക് സ്നേഹവും ബഹുമാനവും ഒക്കെ ഒരുപാട് വർദ്ധിച്ചു എന്ന് തന്നെ പറയാം..”

അത്രയും പറഞ്ഞു അവൾ ഒന്നു നിർത്തി. പിന്നീട് എന്ത് സംഭവിച്ചു എന്നറിയാൻ ഒരു ആകാംക്ഷ എനിക്കുമുണ്ടായി.

” പക്ഷേ യഥാർത്ഥ പ്രശ്നങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും അത് അദ്ദേഹത്തിന്റെ സുഹൃത്തിനോട് തുറന്നു പറയാതെ സമാധാനം ഇല്ലാത്ത അവസ്ഥ. ജോലികഴിഞ്ഞ് മടങ്ങി വരുമ്പോൾ ആ സുഹൃത്തിന്റെ വീട്ടിൽ കയറി സംസാരിച്ചു എല്ലാം കഴിഞ്ഞ് പാതിരാത്രി അല്ലാതെ വീട്ടിലേക്ക് വരില്ല. ഞാനവിടെ കാത്തിരിക്കുന്നു എന്നൊരു തോന്നൽ പോലും ആൾക്ക് അവിടെ ഉണ്ടാവാറില്ല.. നിമിഷ എന്നാണ് സുഹൃത്തിന്റെ പേര്.. സ്കൂൾ കാലം മുതലേ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളാണ് അവർ. ഇപ്പോഴും ആത്മാർത്ഥമായി തന്നെ ഞാൻ പറയട്ടെ അവരുടെ സൗഹൃദത്തിൽ എനിക്ക് യാതൊരു സംശയവുമില്ല.പക്ഷേ പ്രശ്നം അതൊന്നുമല്ല.. എന്റെ വീട്ടിൽ ഞാൻ എന്ത് ധരിക്കണം എന്ത് കഴിക്കണം ഞാൻ എന്ന് എവിടെ പോകണം എന്നുള്ള കാര്യങ്ങൾ വരെ തീരുമാനിക്കുന്നത് നിമിഷയാണ്. എന്തെങ്കിലും ഒരു കാര്യത്തിന് ഞാൻ എന്റെ ഭർത്താവിനോട് അനുവാദം ചോദിച്ചാൽ അയാൾ അത് കൃത്യമായും അവരോട് പോയി ചർച്ച ചെയ്യും. അവർ പറയുന്നതിനനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കും. ചെറിയ ചില കാര്യങ്ങളൊന്നും ഞാൻ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു. പക്ഷേ ഇന്നലെയാണ് ഞെട്ടിക്കുന്ന ഒരു വിവരം ഞാൻ അറിഞ്ഞത്.. ഇന്നലെ നിമിഷയുടെ സഹോദരി വീട്ടിൽ വന്നിരുന്നു. സംസാരിക്കുന്ന കൂട്ടത്തിൽ അവൾ പറഞ്ഞ ഒരു വാചകം ഉണ്ട്.’ ഇനി അധികം വൈകാതെ നിഷേച്ചിക്ക് വിശേഷം ഉണ്ടാകും കേട്ടോ…’ അത് പറഞ്ഞ് അവൾ കള്ള ചിരി ചിരിച്ചപ്പോൾ അതിന്റെ അർത്ഥം അറിയാതെ ഞാൻ പകച്ചു പോയി. അത് കണ്ടപ്പോഴാണ് അവൾ കാര്യങ്ങൾ വിശദമായി പറഞ്ഞത്. ‘ നിമിഷയുടെ ഭർത്താവിന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവർ ട്രീറ്റ്മെന്റ് എടുക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. ആ സമയത്ത് അവൾ ആകെ ഡിപ്രഷനിൽ ആയിരുന്നു . മോഹനേട്ടനാണ് അവളെ കുറെയൊക്കെ അതിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്. മോഹനേട്ടന്റെ കല്യാണം ആയ സമയത്ത് നിമിഷ സങ്കടത്തോടെ പറഞ്ഞിരുന്നു അത്രേ മോഹനേട്ടനും ഇനി ഉടനെ കുട്ടികൾ ഉണ്ടാകും എന്ന്. അത് കേട്ടപ്പോൾ മോഹനേട്ടൻ അവൾക്ക് ഒരു വാക്ക് കൊടുത്തിരുന്നു. നിമിഷയ്ക്ക് കുട്ടികൾ ഉണ്ടാകാതെ ഒരിക്കലും മോഹനേട്ടനു കുട്ടികളുണ്ടാകില്ല എന്ന്. നിമിഷ പ്രഗ്നന്റ് ആണ് എന്ന് ഇന്നലെ അറിഞ്ഞു അത്രേ.. അപ്പോൾ പിന്നെ സ്വാഭാവികമായും ഇനി അടുത്ത ചാൻസ് എന്റെ ആണല്ലോ… “

അതും പറഞ്ഞു അവൾ പുച്ഛത്തോടെ ചിരിച്ചപ്പോൾ പ്രജ്ഞയറ്റ് അവളെ കേട്ടിരിക്കുകയായിരുന്നു ഞാൻ. ആ പെൺകുട്ടിയെ ഓർത്ത് എനിക്ക് വല്ലാത്ത സഹതാപം തോന്നി.

” എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് ഇനി അയാളോടൊപ്പം ജീവിക്കാൻ കഴിയില്ല എന്ന് പോലും തോന്നി. മറ്റൊരാളുടെ ജീവിതത്തിനെ നോക്കി അയാളുടെ സുഖം സന്തോഷങ്ങൾ മാത്രം കണക്കിലെടുത്ത് ഒരു ജീവിതം എന്നെക്കൊണ്ട് പറ്റില്ല. ഭർത്താവിന്റെ ഒരു സുഹൃത്തിനു വേണ്ടി അയാൾ എനിക്ക് നിഷേധിച്ചത് എന്റെ മാതൃത്വമായിരുന്നു. എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും അതുമാത്രം എന്നെക്കൊണ്ട് ക്ഷമിക്കാൻ കഴിയില്ല. എനിക്ക് അയാളിൽ നിന്ന് ഡിവോഴ്സ് വേണം മാഡം. “

അവൾ പറഞ്ഞപ്പോൾ എനിക്ക് അവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല.

“മോള് പറഞ്ഞതൊക്കെ ഞാൻ കേട്ടു.പക്ഷേ അയാളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയെ. അയാൾ ഇതൊക്കെ ചെയ്യുന്നത് സുഹൃത്തിനോടുള്ള വിധേയത്വം കൊണ്ട് മാത്രമാണ്. അത് ഒരു ഭാര്യ എന്ന നിലയ്ക്ക് നിന്നെ എങ്ങനെ ബാധിക്കുന്നു എന്ന് ഈ നിമിഷവും അയാൾക്ക് അറിയില്ല. നിനക്ക് ഇതൊക്കെ അയാളോട് തുറന്നു സംസാരിച്ചുകൂടെ.? ജീവപര്യന്തം വിധിക്കുന്ന പ്രതിക്കും നമ്മൾ അവസാന അവസരം എന്ന നിലയ്ക്ക് സംസാരിക്കാനുള്ളതൊക്കെ സംസാരിക്കാനുള്ള അവസരം കൊടുക്കാറുണ്ട്. അതുപോലൊരു അവസരം അയാൾക്കും കൊടുക്ക്. നിന്റെ പ്രശ്നങ്ങൾ അയാളോട് തുറന്നു സംസാരിക്കണം. അയാൾക്ക് തെറ്റുകൾ ബോധ്യപ്പെടുകയാണെങ്കിൽ നിങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ അതൊന്നും ആവർത്തിക്കപ്പെടില്ല എന്ന് അയാൾ ഉറപ്പു തരുകയാണെങ്കിൽ,നീ നേരത്തെ പറഞ്ഞതു പോലെ സ്നേഹസമ്പന്നനായ ആ ഭർത്താവിനെ നിനക്ക് നഷ്ടപ്പെടില്ല..”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം മൗനമായിരുന്നു.

“അയാളോട് ഞാൻ സംസാരിക്കാം.പക്ഷേ തീരുമാനത്തിൽ മാറ്റം ഒന്നും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ ഞാൻ വീണ്ടും മാഡത്തെ കാണാൻ വരും.”

അതും പറഞ്ഞു യാത്ര പറഞ്ഞ് ആ പെൺകുട്ടി ഇറങ്ങി പോകുമ്പോൾ അവളുടെ ജീവിതം നന്നാക്കി കൊടുക്കണേ എന്നൊരു പ്രാർത്ഥനയായിരുന്നു എനിക്കുണ്ടായിരുന്നത്…!