അമ്മയെ കൺമുന്നിൽ കണ്ടപ്പോൾ തന്നെ ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചതാണ്

രചന: അപ്പു

::::::::::::::::::::

” എടാ അവൾ നിന്നോട് കുറച്ച് പൈസ ചോദിച്ചിട്ട് നീ എന്താ കൊടുക്കാതിരുന്നത്..? “

അമ്മയെ കൺമുന്നിൽ കണ്ടപ്പോൾ തന്നെ ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചതാണ്. ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് അവളോട് കയ്യിൽ പണമില്ല എന്ന് പറഞ്ഞയച്ചത്.

“എന്റെ കയ്യിൽ ഇല്ലാത്തതു കൊണ്ടാണ് കൊടുക്കാതിരുന്നത്. അല്ലെങ്കിൽ തന്നെ ആവശ്യമില്ലാതെ ഓരോ കാര്യത്തിനു വേണ്ടി ചെലവാക്കാൻ എന്റെ കയ്യിൽ അതിനു മാത്രം വരുമാനം ഉണ്ടോ..? “

ദേഷ്യവും സങ്കടവും ഒക്കെ കൊണ്ട് ആകെ കണ്ണു കാണാൻ വയ്യാത്ത അവസ്ഥയിലായിരുന്നു താൻ.

” നീ അങ്ങനെ പറഞ്ഞാൽ എങ്ങനെയാടാ..? അവൾ നിന്റെ ചേച്ചിയല്ലേ..? അവളുടെ ആവശ്യങ്ങൾ നിന്നോടല്ലാതെ മറ്റാരോടു പോയി പറയാനാണ്..? “

അമ്മ അത് ചോദിക്കുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

” അമ്മ പറഞ്ഞത് തന്നെയാണ് അതിന്റെ ഉത്തരം. അവൾ എന്റെ ചേച്ചി അല്ലേ..? അവളെക്കാൾ പ്രായത്തിൽ രണ്ടു വയസ്സിന് ഇളയ ഞാൻ കഷ്ടപ്പെട്ട് ഈ കുടുംബം നോക്കുമ്പോൾ ഇങ്ങനെ അനാവശ്യ ചെലവുകളും ആയി എന്റെ മുന്നിലേക്ക് വരാൻ അവൾക്ക് എങ്ങനെ തോന്നുന്നു..? ഈ കുടുംബം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ പാടുപെടുന്നത് എനിക്ക് മാത്രമേ അറിയാവൂ.. എന്റെ അവസ്ഥ എത്രയൊക്കെ പറഞ്ഞാലും നിങ്ങൾക്കാർക്കും മനസ്സിലാവില്ലല്ലോ.. പണം കായ്ക്കുന്ന ഒരു മരം മാത്രമാണ് നിങ്ങൾക്കൊക്കെ ഞാൻ..!”

അവന് വല്ലാതെ സങ്കടം തോന്നുന്നുണ്ടായിരുന്നു. അമ്മയോട് ആണെങ്കിലും ചേച്ചിയോട് ആണെങ്കിലും എത്രയൊക്കെ പറഞ്ഞാലും അവരുടെ സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല എന്ന് മറ്റാരെക്കാളും നന്നായി അവനു തന്നെ അറിയാമായിരുന്നു. അതുകൊണ്ടു തന്നെ കൂടുതൽ വാഗ്വാദങ്ങൾക്ക് നിൽക്കാതെ അവൻ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നടന്നു.

ക്ഷേത്രത്തിലെ ആൽത്തറയിൽ പോയി മലർന്നു കിടക്കുമ്പോൾ വീട്ടിലെ പ്രശ്നങ്ങളിൽ നിന്ന് കുറച്ചെങ്കിലും സമാധാനം കിട്ടണം എന്നൊരു ചിന്ത മാത്രമേ അവന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

എന്റെ വീട്ടുകാർ മാത്രം എന്താണ് ഇങ്ങനെ..? എനിക്ക് എത്രയോ സുഹൃത്തുക്കളുണ്ട്..? അവരിൽ ഒരാളിന്റെ പോലും വീട്ടിൽ ഇങ്ങനെ ഒരു അവസ്ഥയല്ലല്ലോ ഉള്ളത്..!

അറിയാതെ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.

എന്ന് മുതലാണ് തന്റെ കഷ്ടകാലം തുടങ്ങിയത്..? ആ കാര്യത്തിൽ ഇപ്പോഴും വ്യക്തമായ ഒരു ധാരണ ഇല്ല..

സുഹൃത്തുക്കളിൽ ചിലർ എങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്.. ഒരു ആണായി പിറന്നത് നന്നായി എന്ന്.. പക്ഷെ, തന്നെ സംബന്ധിച്ച് അത് വലിയൊരു ഭാരം ആണ്..!

സുഹൃത്തുക്കൾ പലരും ആൺകുട്ടി ആയതു കൊണ്ട് മാത്രം വീട്ടിൽ നിന്ന് കിട്ടുന്ന പരിഗണനയെ കുറിച്ച് പറയുമ്പോൾ, അത്ഭുതം തോന്നിയിട്ടുണ്ട്.

ജനിച്ചു വീണപ്പോൾ മുതൽ കുടുംബത്തിന്റെ ഉത്തരവാദിത്വം തലയിലേറ്റാൻ വേണ്ടി ജനിച്ചവനാണ് എന്നൊരു ഭാവമാണ് അമ്മയ്ക്ക്.. ചേച്ചി എപ്പോഴും ഫ്രീയായി കളി പറഞ്ഞു നടക്കുമ്പോൾ, മരം വെട്ടാനും അച്ഛനെ സഹായിക്കാനും ഒക്കെ അമ്മ എന്നെ പറഞ്ഞു വിടാറുണ്ട്.

വീട്ടിൽ എന്തെങ്കിലും മധുര പലഹാരങ്ങളോ മറ്റോ വാങ്ങിക്കൊണ്ടു വന്നാൽ, അതിൽ കൂടുതൽ പങ്ക് ചേച്ചിക്ക് കൊടുക്കാൻ അമ്മ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിന്റെ പേരും പറഞ്ഞ് താൻ പിണങ്ങി നടന്നാൽ അവൾ ഒരു പെൺകുട്ടിയല്ലേ ഇപ്പോൾ മാത്രമേ അവൾക്ക് ഇതൊക്കെ കഴിക്കാൻ പറ്റൂ . കല്യാണം കഴിഞ്ഞ് വല്ലവന്റെയും വീട്ടിലേക്ക് പോയാൽ അവൾക്ക് ഇതൊക്കെ കിട്ടണമെന്നുണ്ടോ..? നിനക്ക് വലുതായി പഠിച്ചു നല്ലൊരു ജോലി വാങ്ങി കഴിയുമ്പോൾ നിന്റെ ഇഷ്ടത്തിന് എന്തുവേണമെങ്കിലും വാങ്ങി കഴിക്കാമല്ലോ..!

അമ്മ ആ പറഞ്ഞ വാചകം ശരിയാണ് എന്ന് തന്നെയായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്ന തോന്നൽ.പക്ഷേ ഒരിക്കൽ ഒരു സുഹൃത്തിന്റെ വീട്ടിൽ രണ്ടു മക്കൾക്കും തുല്യമായി പലഹാരം വീതിച്ചു കൊടുക്കുന്നത് കണ്ടപ്പോഴാണ് എന്റെ വീട്ടിലുള്ള വ്യത്യാസം ഞാൻ തിരിച്ചറിഞ്ഞത്.

എന്റെ കഷ്ടകാലത്തിന് ഞാൻ പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അച്ഛൻ മരണപ്പെടുന്നത്. അന്നാണ് അനാഥത്വം എന്താണ് എന്ന് ഞാൻ തിരിച്ചറിയുന്നത്.

അച്ഛന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ജോലിക്ക് പോകുന്നതിനെക്കുറിച്ച് ചർച്ച നടക്കുമ്പോഴാണ് അമ്മ ഒരു വാചകം പറയുന്നത്.

” എനിക്ക് എവിടെയും പോയി ജോലിയെടുത്ത് കുടുംബം നോക്കാനുള്ള ആരോഗ്യം ഒന്നുമില്ല. അല്ലെങ്കിൽ തന്നെ 10 17 വയസ്സായ ഒരു ആൺകുട്ടി ഉണ്ടല്ലോ എനിക്ക്. ഇനി കുടുംബം അവൻ നോക്കിക്കോളും.. “

ഒന്നുമറിയാത്ത ഒരു പ്രായത്തിൽ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും അമ്മ എന്റെ തലയിലേക്ക് എടുത്തു വച്ചു തരികയായിരുന്നു.

കടയിൽ സാധനം വാങ്ങാൻ പോലും അമ്മ പുറത്തേക്ക് ഇറങ്ങില്ല. 17 വയസ്സുള്ള എനിക്ക് എന്ത് ജോലി കിട്ടാനാണ്..? ആരെങ്കിലും ജോലി തരാൻ തയ്യാറായാൽ തന്നെ മെലിഞ്ഞുണങ്ങി നിൽക്കുന്ന എന്നെ ജോലിക്ക് എടുക്കാൻ എല്ലാവർക്കും മടിയാണ്. എന്റെ ആരോഗ്യം തന്നെയായിരുന്നു പ്രശ്നം. എന്തെങ്കിലും ചെക്കിങ് വന്നാൽ എനിക്ക് 17 വയസ്സുണ്ട് എന്ന് പറഞ്ഞാൽ പോലും ഒരാളും വിശ്വസിക്കില്ല. അങ്ങനെയായിരുന്നു അന്ന് എന്റെ കോലം.

പക്ഷേ എന്റെ വീട്ടിലെ അവസ്ഥ കരഞ്ഞു പറഞ്ഞതു കൊണ്ടാണെന്ന് തോന്നുന്നു വർക്ക്ഷോപ്പിൽ പണി കിട്ടിയത്. രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട് പണിയെടുത്താലും എനിക്ക് മിച്ചം വയ്ക്കാൻ ഒന്നും ഉണ്ടാവില്ല.

ഞാൻ പഠനം നിർത്തി പണിക്ക് പോയി തുടങ്ങിയപ്പോഴും ചേച്ചി പഠിക്കാൻ പോകുന്നുണ്ടായിരുന്നു. അവൾക്ക് പഠിക്കാൻ പോകുന്നതിന്റെ ചിലവും അവൾക്ക് മേക്കപ്പ് സാധനങ്ങൾ വാങ്ങാനും വീട്ടു ചെലവും ഒക്കെ കൂടി എന്നെക്കൊണ്ട് നടക്കില്ല എന്നുള്ള അവസ്ഥയിലായിരുന്നു.

എന്റെ കഷ്ടപ്പാട് തിരിച്ചറിഞ്ഞതു കൊണ്ടായിരിക്കണം വർക്ക് ഷോപ്പിന്റെ മുതലാളി ഒരിക്കൽ എന്നോട് ഒരു കാര്യം പറഞ്ഞത്.

” മോനെ.. നിന്റേത് വളരെ ചെറിയ പ്രായമാണ്. ഈ പ്രായം മുതൽ തന്നെ നീ ഇങ്ങനെ കഷ്ടപ്പെടുന്നത് നിന്റെ വീട്ടിലെ അവസ്ഥ കൊണ്ടാണെന്ന് എനിക്കറിയാം. പക്ഷേ ഞാൻ ഒന്നു പറയട്ടെ.. നീ പണിയെടുത്ത് കിട്ടുന്ന പണം മുഴുവൻ അമ്മയെ കൊണ്ട് ഏൽപ്പിക്കാതെ സ്വന്തമായി എന്തെങ്കിലും ഒക്കെ സൂക്ഷിച്ചു വയ്ക്കണം. അവർക്ക് പറയാൻ ഒരുപാട് ചെലവുകൾ ഉണ്ടാകും. നാളെ ഒരു സമയത്ത് നിനക്ക് എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ നിന്റെ കയ്യിൽ ഒന്നും ഇല്ലാതെ വരും. നിന്റെ വീട്ടുകാരുടെ സ്വഭാവം അനുസരിച്ച് അവർ നിന്നെ ഒരു കാലത്തും സഹായിക്കാൻ പോകുന്നില്ല.. “

അന്ന് തന്നെ ചേർത്തു നിർത്തി അയാൾ അത് പറയുമ്പോൾ അതിന്റെ അർഥം പൂർണമായും ഉൾക്കൊള്ളാൻ തനിക്ക് കഴിയാതെ പോയി.

പക്ഷെ, ഡിഗ്രി കഴിഞ്ഞിട്ടും ചേച്ചി ജോലിക്ക് ശ്രമിക്കാതേ വീട്ടിൽ വെറുതെ ഇരിക്കുന്നത് കണ്ടപ്പോൾ ആദ്യമായി അവളോട് ദേഷ്യം തോന്നി.

” നിനക്ക് എവിടെയെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചൂടെ..? നല്ലൊരു ഡിഗ്രി കൈയിൽ ഉള്ളതല്ലേ.? “

ഒരിക്കൽ അവളോട് ചോദിച്ചു.

അന്ന് വീട്ടിൽ ഉണ്ടായ പുകിലുകൾ ഓർക്കാൻ കൂടി വയ്യ ..!

എനിക്ക് അവളെ സംരക്ഷിക്കാൻ മടി ഉള്ളതു കൊണ്ടാണ് അവളോട് ജോലിക്ക് പോകാൻ പറഞ്ഞത് എന്ന് വരെ അന്ന് അമ്മയും അവളും കൂടി പറഞ്ഞു. അതിനു ശേഷം ഇന്നുവരെയും അവളോട് നേരിട്ട് അങ്ങനെ ഒരു കാര്യം ചോദിച്ചിട്ടില്ലെങ്കിലും മനസ്സിൽ എങ്കിലും തോന്നിയിട്ടുണ്ട്.

ഒരു ഹോം ട്യൂഷൻ എങ്കിലും അവൾ തുടങ്ങിയിരുന്നെങ്കിൽ അത്യാവശ്യം ചെലവിനുള്ള പണമെങ്കിലും കിട്ടിയേനെ.അവൾ എനിക്ക് വേണ്ടി ഒന്നും സമ്പാദിച്ച് തരണ്ട.സ്വന്തം ചെലവിനുള്ള പണമെങ്കിലും അവൾ കണ്ടെത്തിയിരുന്നെങ്കിൽ..!

ഓരോ മാസവും അവൾക്ക് പുതിയ പുതിയ ഡ്രസ്സുകൾ എടുക്കണം. അതിന് ചേരുന്ന മേക്കപ്പ് സാധനങ്ങളും ആഭരണങ്ങളും ഒക്കെ വാങ്ങണം. ഇതിനു തന്നെ മാസം നല്ലൊരു തുക ചെലവാകും. ഇതൊന്നും പോരാഞ്ഞിട്ട് വീട്ടുചെലവുകൾ അവളെ പെണ്ണുകാണാൻ വരുന്നുണ്ടെങ്കിൽ അതിന്റെ ചെലവുകൾ..!

എല്ലാം കൂടി ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിലും അപ്പുറം താൻ ഇപ്പോൾ സഹിക്കുന്നുണ്ട്..!!

എന്നെങ്കിലും ഒരിക്കൽ തന്റെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കാൻ പോലും കഴിയില്ല.. കാരണം ആണുങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയാണല്ലോ…!!

✍️ അപ്പു