രചന: അപ്പു
::::::::::::::::::::
” എനിക്ക് നിന്നെ വേണ്ടെന്ന് എനിക്ക് അറിയുന്ന ഭാഷകളിൽ ഒക്കെ ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു.. എന്നിട്ടും ഒരു നാണവും മാനവും ഇല്ലാതെ എന്റെ പിന്നാലെ നടക്കാൻ നിനക്ക് തീരെ ഔചിത്യം ഇല്ലേ..? ഇന്നിപ്പോൾ എന്റെ വീട്ടിലേക്ക് ഇതും പറഞ്ഞ് കയറി വരാൻ തീരെ നാണം തോന്നുന്നില്ല..? “
വേദയെ നോക്കി ആദി ദേഷ്യപ്പെട്ടു.
” നീ എന്തൊക്കെയാ ആദി ഈ പറയുന്നത്..?നീ അന്ന് പറഞ്ഞത് വെറും ഒരു തമാശ മാത്രമായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോൾ എനിക്ക് പകരം മറ്റൊരാളെ നീ നിന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു എന്ന് കേട്ടപ്പോഴാണ് ഞാൻ തെറ്റിദ്ധരിച്ചതാണ് എന്ന് മനസ്സിലായത് പോലും. എന്തിനാ ആദി എന്നോട് ഇങ്ങനെയൊക്കെ..? “
കണ്ണീരോടെ അവൾ ചോദിച്ചിട്ടും അവന് പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
” ഞാനും നീയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നല്ലാതെ നിന്റെ വിരൽത്തുമ്പിൽ തൊട്ടു പോലും ഞാൻ നിന്നെ അശുദ്ധമാക്കിയിട്ടില്ലല്ലോ. അപ്പോൾ പിന്നെ നിനക്ക് ഇത്രയും ഫീലിംഗ്സ് ഉണ്ടാകേണ്ട കാര്യമൊന്നുമില്ല.”
പുച്ഛിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ ശരീരം മുഴുവൻ പൊള്ളി അടർന്നത് പോലെ അവൾക്ക് തോന്നി.
“പറഞ്ഞു പറഞ്ഞു എന്തും പറയാം എന്നൊരു വിചാരമുണ്ടോ നിനക്ക്..? എങ്കിൽ അത് എന്നോട് വേണ്ട. നീ പറഞ്ഞതു പോലെ നിന്നെ സ്നേഹിച്ചു എന്നൊരു തെറ്റു മാത്രമാണ് ഞാൻ ചെയ്തത്. അതിന് കിട്ടാവുന്നതിന്റെ പരമാവധി ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഇനി വീണ്ടും വയ്യ..”
കൈകൂപ്പി കൊണ്ട് അവൾ പറഞ്ഞപ്പോഴും അവൻ പുച്ഛിച്ചു കൊണ്ട് അവളെ നോക്കുകയായിരുന്നു.
” നിന്റെ നാടകം കഴിഞ്ഞെങ്കിൽ ദയവു ചെയ്ത് ഇറങ്ങി പോകണം. ഇവിടെ സന്തോഷമുള്ള മറ്റൊരു ചടങ്ങ് നടക്കേണ്ടതാണ്.”
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ചലിച്ചത് അവിടെ ഇരുന്ന ബോർഡിലേക്ക് ആയിരുന്നു.
” ആദിദേവ് ❤️ അനന്യ “
ഓരോ തവണയും അത് വായിക്കുമ്പോൾ തന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന വേദന എത്രത്തോളം ആണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു.
ചുറ്റും കൂടി നിൽക്കുന്നവരുടെ മുന്നിൽ പരിഹാസപാത്രമായി ഇനിയും നിൽക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല.അതുകൊണ്ടു തന്നെ, ആരുടെയും മുഖത്ത് നോക്കാതെ അവൾ അവിടെ നിന്ന് ഇറങ്ങി നടന്നു.
പിന്നിൽ പലരും തന്നെ കളിയാക്കുന്നതും ആർത്തു ചിരിക്കുന്നതും അവൾക്ക് കേൾക്കാമായിരുന്നു. അതൊന്നും അവളെ സ്പർശിക്കുന്നത് പോലും ഉണ്ടായിരുന്നില്ല.ഒരുപക്ഷേ അവളുടെ മനസ്സിന്റെ വേദന അതിനേക്കാൾ അധികമായതു കൊണ്ടായിരിക്കണം..!
“ഒന്ന് അവിടെ നിന്നേ..”
ഗേറ്റിന് പുറത്ത് എത്തിയപ്പോൾ പെട്ടെന്ന് തന്റെ വഴിക്ക് ആരോ തടസ്സം നിൽക്കുന്നത് കണ്ടപ്പോഴാണ് മുഖമുയർത്തി നോക്കിയത്. മുന്നിൽ നിൽക്കുന്ന ആളിനെ കണ്ടപ്പോൾ സങ്കടവും ദേഷ്യവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.
” നിന്നോട് പലവട്ടം ഞാൻ പറഞ്ഞതാണ്.. അപ്പോഴൊക്കെ നിനക്ക് ഞാൻ ഒരു കള്ളിയായിരുന്നു. നിന്നോട് പലതും തുറന്നു പറഞ്ഞതിന്റെ പേരിൽ നീ എന്നെ അധിക്ഷേപിച്ചത് ഞാൻ മറന്നിട്ടില്ല.”
മുന്നിൽ നിന്ന് ദേഷ്യത്തോടെ പറയുന്ന സുഹൃത്തിനെ കണ്ടപ്പോൾ വേദക്ക് സങ്കടം ഇരട്ടിയായി. അവൾ പറയുന്നത് ശരിയാണ് ഇതിനും ഒരുപാട് മുൻപ് തന്നെ ആദിയുടെ സ്വഭാവത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവൾ തന്നോട് പലവട്ടം പറഞ്ഞതാണ്. അന്നൊക്കെ അവളെ കുറ്റക്കാരിയാക്കാൻ മാത്രമാണ് ശ്രമിച്ചത്.
കോളേജ് ഹീറോയായ ആദി പെട്ടെന്ന് ഒരു ദിവസം എന്നോട് വന്ന് ഇഷ്ടം പറഞ്ഞപ്പോൾ തന്നെ അവൾ പറഞ്ഞതാണ് ഇതിന്റെ പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും എന്ന്. അല്ലാതെ ആരാലും അറിയപ്പെടാത്ത എന്നെപ്പോലെ ഒരു പെൺകുട്ടിയുടെ പിന്നാലെ കോളേജ് ഹീറോ ആയ ഒരാൾ വരേണ്ട കാര്യം എന്താണ്..? അവളുടെ ആ സംശയം എന്റെ മനസ്സിലും ഉണ്ടായിരുന്നു.
പക്ഷേ ആദി എന്നെ നോക്കുന്ന ഓരോ നോട്ടത്തിലും പ്രണയം ഞാൻ തിരിച്ചറിഞ്ഞിരുന്നു. അതിനേക്കാൾ ഏറെ, എന്നോട് അവൻ കാണിക്കുന്ന സ്നേഹ വാത്സല്യങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അവൻ എന്നെ സ്നേഹിക്കുന്നു എന്നതിനപ്പുറം മറ്റൊന്നും അറിയാൻ ഞാൻ ശ്രമിച്ചിരുന്നില്ല.
എന്റെ ഇഷ്ടം അധികകാലം മൂടി വയ്ക്കാൻ ഒന്നും കഴിഞ്ഞില്ല.അധികം വൈകാതെ തന്നെ അത് അവനോട് തുറന്നു പറയുകയും ചെയ്തു. പിന്നീട് ഞങ്ങളുടെ പ്രണയത്തിന്റെ നാളുകൾ ആയിരുന്നു.
പ്രണയത്തിൽ ഞാൻ അന്ധയായിത്തീരുന്നു എന്ന് തോന്നിയ ഒരു നിമിഷത്തിൽ ഒരിക്കൽ അവൾ എന്നെ ഉപദേശിച്ചിരുന്നു.
” പ്രണയമൊക്കെ ഈ പ്രായത്തിൽ ആർക്കും ആരോട് വേണമെങ്കിലും തോന്നാവുന്ന ഒരു വികാരമാണ്. പക്ഷേ ഒരിക്കലും പ്രണയത്തിന്റെ പേരിൽ നിന്നെ അവന് അടിയറവ് വയ്ക്കരുത്. അങ്ങനെ ചെയ്താൽ ഒരുപക്ഷേ നാളെ ഇതിനെക്കുറിച്ച് നീ വേദനിക്കേണ്ടി വരും. “
അന്ന് അവൾ പറഞ്ഞത് ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാതെ അവളെ പുച്ഛിച്ചത് ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു.
പതിയെ പതിയെ ഞങ്ങൾക്കിടയിലുള്ള സൗഹൃദത്തിന് വിള്ളൽ വീണു തുടങ്ങിയിരുന്നു. അതൊരിക്കലും മനപൂർവ്വം സൃഷ്ടിക്കപ്പെട്ടത് ആയിരുന്നില്ല. ഞാൻ അവനെന്ന മായാലോകത്തിലേക്ക് ഒതുങ്ങി പോയപ്പോൾ, അവളെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. പക്ഷേ അവൾ എപ്പോഴും എന്റെ നല്ല സുഹൃത്ത് തന്നെയായിരുന്നു എന്ന് എനിക്ക് മനസ്സിലാവാൻ പിന്നെയും സമയം വേണ്ടി വന്നു.
ഒരിക്കൽ വീട്ടിൽ പോയി വന്ന അവൾ എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു. കാരണം ചോദിച്ച എന്നോട് അവൾ ഒരു കാര്യം പറഞ്ഞു തന്നു.
” ഞാൻ ആദിയെയും മറ്റൊരു പെൺകുട്ടിയെയും കൂടി ബീച്ചിൽ വച്ച് കണ്ടിരുന്നു. ഞങ്ങൾ ഫാമിലിയിലെ എല്ലാവരും കൂടി വൈകുന്നേരം ബീച്ചിൽ കറങ്ങാൻ പോയപ്പോൾ കണ്ടതാണ്. “
അവൾ അത് പറഞ്ഞപ്പോൾ അവനോടൊപ്പം ഉണ്ടായിരുന്നത് അവന്റെ കസിൻസ് ആരെങ്കിലും ആയിരിക്കും എന്ന് അവളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ആണ് ഞാൻ ശ്രമിച്ചത്.
“അല്ലടീ.. നീ പറയുന്നതു പോലെ അത് അവന്റെ കസിനാണ് എന്നൊന്നും എനിക്ക് തോന്നുന്നില്ല. കാരണം അവർ തമ്മിലുള്ള അടുപ്പം കാമുകി കാമുകന്മാരെ പോലെ തന്നെ ഉള്ളതാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ അവർ രണ്ടാളും ഒരുപാട് സ്നേഹിക്കുന്ന കമിതാക്കളെ പോലെയാണ്.”
അതും പറഞ്ഞു കൊണ്ട് അവൾ ഒരു ഫോട്ടോ എന്നെ കാണിക്കുകയും ചെയ്തു. അത് കണ്ടപ്പോൾ അവൾ പറഞ്ഞതൊക്കെ ശരിയാണെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ അതിനെക്കുറിച്ച് ആദിയോട് അന്വേഷിച്ചപ്പോൾ അവൻ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്.
” നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ അത് പറഞ്ഞാൽ മതി. അല്ലാതെ എന്റെ സുഹൃത്തുക്കളെയും കസിൻ ഒക്കെ ചേർത്ത് ഇങ്ങനെ ഇല്ലാ കഥകൾ ഉണ്ടാക്കരുത്. നിനക്ക് നിന്റെ സുഹൃത്ത് പറയുന്നതാണ് വിശ്വാസമെങ്കിൽ അവൾ പറയുന്നതും കേട്ടിരുന്നാൽ പോരെ..? വെറുതെ എന്തിനാണ് എന്റെ പിന്നാലെ വരുന്നത്..? “
അന്ന് പിണങ്ങി ഫോൺ കട്ട് ചെയ്തിട്ട് രണ്ട് ദിവസത്തോളം അവൻ ഫോൺ ചെയ്തില്ല. അങ്ങോട്ട് വിളിച്ചിട്ട് യാതൊരു വിവരങ്ങളും കിട്ടുന്നുണ്ടായിരുന്നില്ല. ആ ദിവസങ്ങളിൽ ഞാൻ എത്രത്തോളം സങ്കടപ്പെട്ടു..!
അവനെ തെറ്റിദ്ധരിച്ചതിന് ഒരായിരം സോറി പറഞ്ഞു മെസ്സേജ് അയച്ചതിനു ശേഷമാണ് അവൻ എന്നോട് മിണ്ടാൻ തയ്യാറായത് തന്നെ.പക്ഷേ അപ്പോഴേക്കും അവൻ ഒരു നിബന്ധന വച്ചിരുന്നു. ഒരിക്കലും ഞങ്ങൾക്കിടയിലേക്ക് ഗൗരി എന്ന എന്റെ സുഹൃത്ത് കടന്നു വരാൻ പാടില്ല എന്ന്…!
അവളോട് അത് തുറന്നു പറഞ്ഞില്ലെങ്കിലും എന്റെ പെരുമാറ്റത്തിൽ നിന്ന് അവൾ അത് മനസ്സിലാക്കിയിരിക്കണം. അതുകൊണ്ടാണ് അവൾ എന്നിൽ നിന്ന് ഒരുപാട് അകന്നു പോയത്.
എന്റെയും അവന്റെയും പ്രണയത്തിനിടയിൽ അവൻ മറ്റൊരാളെ പ്രണയിക്കുന്നുണ്ടെന്നോ, അവന്റെ വിവാഹമാണെന്നോ ഞാൻ അറിഞ്ഞിരുന്നില്ല. അതറിഞ്ഞത് ഒരു വാട്സ്ആപ്പ് മെസ്സേജിലൂടെ ആയിരുന്നു. കോളേജ് ഗ്രൂപ്പിൽ വന്ന അവന്റെ വെഡിങ് ഇൻവിറ്റേഷൻ. അവന്റെ ഏതോ സുഹൃത്തുക്കളാണ് ഗ്രൂപ്പിൽ ഇട്ടത്.
അത് കണ്ടപ്പോൾ മുതൽ അവനെ വിളിക്കുന്നുണ്ടെങ്കിലും അവൻ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. എങ്ങനെയോ കിട്ടിയ ധൈര്യത്തിന്റെ പുറത്താണ് അവനെ കാണാനായി വീട്ടിലേക്ക് ചെന്ന് കയറിയത്.
“നിനക്ക് ഇവിടെ നിന്നുള്ള അനുഭവം ഒട്ടും നല്ലതാവില്ല എന്ന് തോന്നിയതു കൊണ്ടാണ് ഇന്ന് രാവിലെ മുതൽ നിന്റെ പിന്നാലെ ഞാൻ നടക്കുന്നത്.ഇങ്ങനെ ഒരു വാർത്തയറിഞ്ഞ് നീ ഷോക്കായി പോകുമെന്ന് എനിക്കറിയാം. നീയെന്ന സുഹൃത്തിനെ ഒരിക്കലും എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല..”
എനിക്ക് ആശ്വാസം പകർന്നു തന്നുകൊണ്ട് അവൾ ചേർത്തു പിടിച്ചപ്പോൾ അവളെ അകറ്റി നിർത്താൻ തോന്നിയ നിമിഷത്തെ പഴിക്കുകയായിരുന്നു ഞാൻ…!
✍️ അപ്പു