വീട്ടുവിശേഷങ്ങൾ
രചന: സജി മാനന്തവാടി
::::::::::::::::::::
ഒരു ഇടിയിൽ നിന്നാണ് ഞങ്ങളുടെ പ്രണയം പൂത്തുവിടർന്നത്.പ്രണയം പിന്നീട് പരിണയത്തിന് വഴി മാറി കൊടുത്തു .അതിനർത്ഥം വിവാഹശേഷം പ്രണയം ഇല്ലായിരുന്നു എന്നല്ല .ഉണ്ടായിരുന്നു ,പക്ഷേ അതിന് പഴയ തീവ്രത ഉണ്ടായിരുന്നുവോയെന്ന് ഇപ്പോൾ എനിക്കും അവൾക്കും സംശയമുണ്ട്. നിങ്ങൾക്ക് തോന്നും ഒരു ഇടിയിൽ നിന്ന് പ്രണയം ജനിക്കുമോയെന്ന് ..തീർച്ചയായും.പ്രണയത്തിന് ജനിക്കാൻ തോന്നിയാൽ അത് ചിലപ്പോൾ ഇടിയിൽ നിന്നുമാകും.
ഇടിയുടെ ഫ്ലാഷ് ബാക്ക് .
എന്റെ ഭാര്യ അനു മരിയ ജോസഫ് (അമ്മയുടെയും അച്ഛന്റെയും പേര് ചേർത്ത് വെക്കുകയെന്നത് അക്കാലത്ത് ഒരു ഫാഷനായിരുന്നു.) BSc നെഴ്സിങ് പാസായി യു കെ യിലേക്ക് കുടിയേറാൻ കണ്ണിൽ എണ്ണയൊഴിച്ചിരുക്കുമ്പോഴാണ് അവളെ മിന്നുകെട്ടാൻ ഒരുവൻ അങ്ങ് ലണ്ടനിൽ നിന്ന് പതിനഞ്ചുദിവസത്തെ ലീവുമായി വന്നത്. ഒരു ശനിയാഴ്ച എൻഗേജ്മെന്റും അടുത്ത ശനിയാഴ്ച വിവാഹവും അതായിരുന്നു അങ്ങേരുടെ പ്ലാൻ .പക്ഷേ എൻഗേജ്മെന്റിന് മുമ്പ് അയാളുടെ പ്ലാൻ തന്നെ കണ്ടകശനിയായി മാറിയെന്ന് പറഞ്ഞാൽ മതിയല്ലോ.
ഓൺലൈനിൽ കണ്ടു ,ഓൺലൈനിലൂടെ ഇഷ്ടപ്പെട്ടു, ഓൺലൈനിൽ വിവാഹം ഉറപ്പിച്ചു .പക്ഷേ എൻഗേജ്മെന്റും വിവാഹവും ഓഫ്‌ലൈൻ ആക്കാൻ അവർ തീരുമാനിച്ചു.അയാളുടെ ഭാഗ്യമാണോ നിർഭാഗ്യമാണോ എന്നറിയില്ല എൻഗേജ്മെൻറ് നടന്നില്ല. എൻഗേജ്മെൻറിന് രണ്ടുദിവസം മുമ്പ് അനു അവളുടെ കൂട്ടുകാരി സോനയെ കാണാൻ സ്കൂട്ടറിൽ പുറപ്പെട്ടു. പ്രസ്തുത കൂട്ടുക്കാരിക്കായായിരുന്നു എൻഗേജ്മെന്റ് ദിനത്തിലെ ആങ്കറിങിന്റെ ചുമതല. ആങ്കർക്ക് ഒരാഗ്രഹം അവൾ ചെയ്യാൻ പോകുന്നത് അനുവിനെ കേൾപ്പിക്കണം.സ്കൂട്ടർ ഓടിക്കാൻ അറിയാമെന്നല്ലാതെ ,സ്കൂട്ടർ ഓടിക്കാൻ ലൈസൻസ് വേണമെന്നോ, ഓടിക്കുന്ന സമയത്ത് തലയിൽ ഹെൽമറ്റ് വെക്കണമെന്നോ തുടങ്ങിയ ചിന്തകളൊന്നും അവളുടെ തലയിൽ കയറി കൂടിയിരുന്നില്ല.എൻഗേജ്മെന്റിനെ കുറിച്ചും അങ്കറിംഗ് കുറിച്ചും ആഭരണങ്ങളെ കുറിച്ചും അങ്ങേർക്കൊപ്പം ലണ്ടനിലേക്ക് പറക്കുന്നതിനെ കുറിച്ചും അങ്ങനെ അങ്ങനെ എന്തെല്ലാം മനസ്സിൽ കുറിച്ചു വയ്ക്കാമോ അതെല്ലാം കൂട്ടിയും ഗുണിച്ചും സ്കൂട്ടറിൽ പാഞ്ഞു പോകുമ്പോഴാണ് ആ വഴിക്ക് ഞാനും എന്റെ കൂട്ടുകാരനെ കാണാൻ ബൈക്കിൽ വന്നത് .ഒരു വെളിവുമില്ലാതെ അവൾ വളവ് തിരിച്ചതും ഒരു കൂട്ടിയിടി .പിന്നെ എനിക്കും അവൾക്കും കുറച്ച് നേരത്തേക്ക് ചിന്തകളുടെ ലോകത്തിന് വിട പറയേണ്ടിവന്നു. ബോധം വന്നപ്പോൾ എന്റെ ഒരു കാലും അവളുടെ രണ്ട് കാലും ഫ്രാക്ച്ചറായി ആശുപത്രിയിൽ കിടക്കുന്നതാണ് . രണ്ടുപേർക്കും കുറച്ച് കാലത്തേക്ക് ആശുപത്രിയിൽ സുഖവാസം വിധിച്ചു ഡോക്ടർ.ഇതിനിടയിൽ അവളുടെ വീട്ടുകാർ എന്നെ കണ്ട് അവൾക്കെതിരെ കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് എൻ്റെ ഒടിഞ്ഞ കാലിൽ പിടിച്ചു.ലൈസൻസ് ഇല്ലാത്ത ആൾ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ആകെ പുലിവാലാകു മെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു.
വിവാഹം കഴിക്കാൻ താടിക്ക് തീപിടിച്ചതു പോലെ ലണ്ടനിൽ നിന്ന് വന്ന നാടൻ സായിപ്പ് കാലൊടിഞ്ഞുo മേക്കപ്പില്ലാതെയും കിടക്കുന്ന അനുവിനെ പലപ്രാവശ്യം നോക്കുന്നത് കണ്ട് വീട്ടുകാർ അമ്പരന്നു.അയാൾക്കൊരു സംശയം ഓൺലൈനിൽ കണ്ട് ചാറ്റ് ചെയ്ത പെൺകുട്ടി ഈ കിടക്കുന്നത് തന്നെയാ ണോയെന്ന് .
“സിനിമ നടി എങ്ങനെയാണ് തെരുവ് കലാകാരിയായി ” ?
അയാൾ പലവട്ടം ആലോചിച്ചിട്ടും പിടികിട്ടാതെ ലണ്ടനിലേക്ക് മണ്ടി .
ആശുപത്രിയിൽ എന്നെ കാണാൻ വരുന്നവർ അവളെ കാണാൻ തുടങ്ങി. അവളെ കാണാൻ വരുന്നവർ എന്നെയും കാണാൻ തുടങ്ങി.ഇടനിലക്കാർ അറിയിക്കുന്ന വിശേഷങ്ങൾ കേട്ട് തൃപ്തരാകാത്ത ഞങ്ങൾ കാലൊടിഞ്ഞിരിക്കുന്നതിന്റെ വിരസതമാറ്റാൻ പതുക്കെ പതുക്കെ ഒന്നും രണ്ടും പറഞ്ഞു ഓൺലൈനിൽ ചാറ്റ് തുടങ്ങി.ലണ്ടനിലേക്ക് മടങ്ങിയ നാടൻ സായിപ്പിൻറെ സ്ഥാനത്ത് അവൾ എന്ന പ്രതിഷ്ഠിക്കാനും തുടങ്ങി.സുഖവിവരം തിരക്കി വരുന്ന ബന്ധുകൾ പലപ്പോഴും ഞങ്ങളുടെ ഓൺലൈൻ ചാറ്റുകൾ ഓഫാക്കി കൊണ്ടിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയപ്പോഴേക്കും ഞങ്ങളുടെ പ്രണയം ഫുൾ ചാർജിലായി..കാലക്കേടിന്റെ കാലക്കേട് മാറിയാലുടൻ കല്യാണം എന്നതായിരുന്നു ഞങ്ങളുടെ ഒരു ലൈൻ . ലൈൻ ഫുൾ ചാർജ്ജായ സ്ഥിതിക്ക് ഇനിയെന്തിന് വെച്ച് താമസിപ്പിക്കണം ? ശുഭസ്യ ശീഘ്രസ്യ എന്നാണല്ലോ പ്രമാണം.
വിവാഹത്തിന് ശേഷം വറ്റി വരണ്ട ഭാരതപുഴ പോലെയായി ഞങ്ങളുടെ പ്രണയം . ലണ്ടൻ യാത്ര മുടക്കിയ മഹാൻ എന്ന സ്ഥാനപേര് ഇടയ്ക്കിടെ എനിക്ക് ചാർത്തി തരാൻ അവൾ മടിച്ചിരുന്നില്ല. അവൾക്കെതിരെ അന്ന് കൊടുക്കാത്ത കേസ് ഇനിയും കൊടുക്കാമെന്ന് പറയുമ്പോൾ അവൾ പറയുമായിരുന്നു ,
“ന്നാ താൻ പോയി കേസ് കൊട്. “
ഒരു മിനിറ്റ് ദേഷ്യപ്പെട്ടാൽ അറുപത് സെക്കന്റ് സന്തോഷത്തെയാണല്ലോ നാം കളയുന്നതെന്ന് ഓർത്ത് ഞാനതങ്ങ് ക്ഷമിച്ചു.
ബാത്ത് റൂമിൽ മണിക്കൂറുകളോളം ചിലവഴിക്കുകയെന്നതായിരുന്നു അവളുടെ ഹോബി. എനിക്കൊരു സംശയം അവൾ ജയ ജയ ജയ ഹേ ക്ക് പഠിക്കുകയാണെന്ന് . ഇടയ്ക്ക് “ഹിസ് ” എന്നൊരു ശബ്ദവും കേൾക്കാമായിരുന്നു.അങ്ങിനെയാണെങ്കിൽ അവളുമായി ഒരകലം പാലിച്ചു നിൽക്കുന്നതാണ് ബുദ്ധിയെന്ന് എന്റെ അനുഭവസമ്പത്തുള്ള സുഹൃത്ത് അറിയിച്ചു.
ഒരിക്കൽ എന്റെ അമ്മയും അവളും തമ്മിലുള്ള കലഹത്തിൽ ഞാൻ അമ്മയുടെ പക്ഷം പിടിച്ചത് അവളെ ചൊടിപ്പിച്ചു. റഫറി ഗോളടിച്ചാലുണ്ടാകുന്ന അവസ്ഥ എനിക്കുമുണ്ടായി. ഒരാഴ്ചത്തേക്ക് അവൾ അടുക്കളയിലേക്ക് പ്രവേശിക്കാതെ നിസഹകരണ സമരം പ്രഖ്യാപിച്ച് എന്നെ വെള്ളം കുടിപ്പിച്ചു. ഒടുവിൽ പഞ്ചപുച്ഛമടക്കി സാഷ്ടാഗം വീണതുകൊണ്ട് അടുക്കളയുടെ താക്കോൽ തിരികെ വാങ്ങി അവൾ വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഉർവശി ശാപം അനുഗ്രഹമായി എന്നുപറഞ്ഞതുപോലെ അടുക്കള പൂട്ടിയപ്പോൾ അമ്മ അനിയന്റെ വീട്ടിലേക്ക് ഗമിച്ചിരുന്നു. പിന്നെ ഗോദയിൽ ഞാനും അവളും മാത്രം. അമ്മ പോയതിന് ശേഷം അവൾ തന്റെ കരാട്ടെ ക്ലാസുകൾ ബാത്ത്റൂമിൽ നിന്ന് ബെഡ് റൂമിലേക്ക് മാറ്റിയെന്ന് എനിക്ക് തോന്നി.
ദിവസവും നാല് നേരം ചായ കുടിച്ചില്ലെങ്കിൽ എനിക്കൊരു വെപ്രാളമാണ്. അതാണെങ്കിൽ മധുരമിട്ട് ചൂടോടെ വേണം . മധുരമില്ലാത്ത ചായ എനിക്ക് ചിന്തിക്കാനെ കഴിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അവൾ മധുരമിടാത്ത ചൂടു ചായയുമായി വന്നു. ഒരു നിമിഷത്തേക്ക് എന്റെ കൺട്രോൾ നഷ്ടമായി. ഞാൻ ആ ചായ അവളുടെ ദേഹത്തേക്ക് ഒഴിച്ചതും അവളൊരു ഈറ്റ പുലിയായി. അവളുടെ കൈകൾ എന്റെ കഴുത്ത് വരിഞ്ഞുമുറുക്കി . ശ്വാസത്തിനായി ഞാൻ ഞെളിപിരികൊണ്ടു നിലവിളിച്ചു.
” ഇതെന്നാ ചേട്ടായി ,കൊച്ചുകുട്ടിയെ പോലെ കരയുന്നെ ?”
“സ്വപ്നമായിരുന്നോ ? ഞാൻ വിചാരിച്ചു നീ പഠിച്ചോണ്ടിരിക്കുന്ന കരാട്ടെ മുറകൾ എന്റെ മേൽ പരീക്ഷിക്കുകയാണെന്ന് . “
“അതിന് ഞാൻ കരാട്ടെ പഠിക്കുന്നണ്ടെന്ന് ആരാ പറഞ്ഞെ ?”
” അതുപിന്നെ നീയെന്താ ബെഡ്റൂം അടച്ചിട്ട് ചെയ്യുന്നേ?”
എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു
“എന്റെ മനുഷ്യാ ,ഞാൻ OET പഠിക്കുന്നതിന്റെ ഭാഗമായി യൂറ്റ്യൂബ് നോക്കി സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്നതാ. യുകെയിൽ നഴ്സായി ജോലി ചെയ്ണമെന്നാണ് എന്റെ ആഗ്രഹമെന്ന് നിങ്ങൾക്കറിയില്ലേ ? നിങ്ങൾ ഇനി എപ്പാഴാ പഠിക്ക്വാ, ഒരാളെ സ്നേഹിക്കുകയെന്നാൽ അയാളെ മനസ്സിലാക്കലും കൂടിയാണെന്ന് ?.”
അവളുടെ ചോദ്യത്തിന് മുൻപിൽ പകച്ചു പണ്ടാരടങ്ങി പോയി ഈയുള്ളവൻ.