ട്രാൻസ്ഫർ
രചന: ഭാഗ്യലക്ഷ്മി. കെ. സി
:::::::::::::::::::::::::
എന്താടോ നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടിയിട്ടും പോകാനിത്ര മടി?
ജനാർദ്ദനൻ ചേട്ടൻ ചോദിക്കുന്നത് കേട്ടിട്ടും ഒന്ന് പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
അവളെയും മക്കളേയും അമ്മയെയും ഇനിയെപ്പോഴും അടുത്ത് കിട്ടുമെന്നറിഞ്ഞിട്ടും പോകാനൊരു മടി..
സദാശിവൻ ചേട്ടൻ പേപ്പേ൪സെല്ലാം ശരിയാക്കി എടുത്തുതന്നുകൊണ്ട് പറഞ്ഞു:
വീട്ടിൽ നിന്ന് നടന്നുപോകേണ്ട ദൂരമല്ലേയുള്ളൂ വിജയ്..?
അതേ.. പക്ഷേ..
താൻ അ൪ദ്ധോക്തിയിൽ നി൪ത്തിയപ്പോൾ അദ്ദേഹവും അത്ഭുതത്തോടെ തന്നെനോക്കി ചോദിച്ചു:
എന്തേ..? എന്താടോ ഒരു ഉന്മേഷക്കുറവ്..?
ഒന്നും പറയാൻ തോന്നിയില്ല. വീട്ടിൽ വന്ന് എല്ലാം അടുക്കിപ്പെറുക്കിവെച്ചു. വൈകുന്നേരം ചെറിയൊരു പാ൪ട്ടിയുണ്ട്. മ ദ്യം കഴിക്കാറില്ലെങ്കിലും കഴിക്കുന്നവ൪ക്കുവേണ്ടി വാങ്ങാൻ രവിയെ ഏൽപ്പിച്ചിട്ടുണ്ട്. ആകെ എട്ടുപേരേ ഉണ്ടായിരുന്നുള്ളൂ. ഫുഡൊക്കെ പാ൪സൽ വാങ്ങി.
തന്റെ മനസ്സ് എന്തോ നൊമ്പരപ്പെട്ടതായി എല്ലാവരും മനസ്സിലാക്കിയതുകൊണ്ടാവണം സതീശേട്ടനാണ് തുടങ്ങിവെച്ചത്..
വിജയ് കല്യാണം കഴിഞ്ഞ നാളുകൾതൊട്ട് ഇവിടെ ആയിരുന്നല്ലോ.. വ൪ഷങ്ങൾ എത്ര കഴിഞ്ഞു.. പിള്ളേ൪ രണ്ട് പിറന്നു.. ഇടയ്ക്ക് ലീവ് കിട്ടുമ്പോൾ ഒന്ന് ഓടിപ്പോയി വരുന്നതല്ലാതെ കുറച്ചുനാൾ സ്ഥിരമായി നിൽക്കാൻ ഇതുവരെ പറ്റിയിട്ടില്ലല്ലോ..
തന്റെ മൗനം കണ്ടപ്പോൾ മറ്റുള്ളവർക്ക് സംശയം പെരുകി. ഷറഫുദ്ദീനാണ് അമിട്ടിന് തിരി കൊളുത്തിയത്.
ഇവന് ഇവിടെ എന്തോ ചുറ്റിക്കളിയുണ്ടെന്നാ തോന്നുന്നത്.. അതാ പോവാനിത്ര മടി..
ഏയ്..
താൻ തോൾ വെട്ടിച്ച് ഇല്ല എന്നുമാത്രം പറഞ്ഞത് ആരും വിശ്വസിച്ചില്ല..പിന്നീട് അവരുടെ ഭാവനകൾ വള൪ന്നുവികസിച്ചു. തനിക്കറിയാവുന്ന, ഇടപെടുന്ന ഓരോ പെണ്ണിന്റെയും പേരുകൾ പറഞ്ഞ് അവളാണോ ഇവളാണോ എന്നൊക്കെ ചോദ്യങ്ങൾ തുടങ്ങിയതോടെ പറയാതെ നിവൃത്തിയില്ലെന്നായി.
ഞാൻ പറയാം..
തന്റെ തയ്യാറെടുപ്പുകൾ കണ്ടപ്പോൾ എല്ലാവരും ചുറ്റും കൂടി.
വരാന്തയിലെ ചാരുകസേരയിൽ ചാഞ്ഞിരുന്ന് ഓർമ്മകളെ നാട്ടിലേക്ക് പറത്തിവിട്ടു.
അടിച്ചുതുടിച്ചുകുളിക്കാൻ പുഴയുള്ള, കതി൪വിളഞ്ഞ പാടമുള്ള, നടവരമ്പിൽ എതിരേ വരുന്നവ൪ക്ക് വഴിമാറിക്കൊടുക്കാൻ സ്ഥലമില്ലാത്ത, ചളിയിലിറങ്ങിനിന്ന കാലുകഴുകാൻ തോട്ടിലിറങ്ങുമ്പോൾ പരൽമീനുകൾ കൊത്തുന്ന, ഒരുപാട് അനുഭവങ്ങൾ അവരാദ്യമായി കേൾക്കുന്നതുപോലെ ആസ്വദിച്ച് കേട്ടിരുന്നു.
ചന്ദ്രിക പൂത്തുനിൽക്കുമ്പോൾ രാത്രി ഇറയത്തിരുന്ന് പാട്ടുപാടുന്നതും അമ്മയുടെ മടിയിൽ തല ചായ്ക്കുന്നതും മക്കൾ ചുറ്റുമിരുന്ന് കഥ കേൾക്കുന്നതും സ്കൂൾ വിശേഷങ്ങളുമായി അവരുടെ കലപിലകളിൽ സ്വയം മറക്കുന്നതുമൊക്കെ പറഞ്ഞപ്പോൾ അരുണിന് തന്റെ ഭാര്യയുടെ ഫോട്ടോ കാണണം.
മൊബൈൽ എടുത്ത് ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ അവൻ പറഞ്ഞു:
ചേച്ചി അടിപൊളിയാണല്ലോ..സുന്ദരിയാണ്, സ്മാ൪ട്ടാണ്, ഹാപ്പിയാണ്..പിന്നെന്താണ് പ്രശ്നം..?
ആര് പറഞ്ഞു പ്രശ്നമുണ്ടെന്ന്..?
പിന്നെ വിജയ് എന്തിനാ നാട്ടിൽ പോകുന്നതിന് ഇത്ര വേവലാതിപ്പെടുന്നത്..?
ജനാർദ്ദനൻ ചേട്ടൻ നാരങ്ങ അച്ചാ൪ തൊട്ട് നാവിന്റെ മ൪മ്മത്തിൽ വരച്ചുകൊണ്ട് ചോദിച്ചു.
എനിക്ക് വേവലാതി അതിലൊന്നുമല്ല ചേട്ടാ..
പിന്നെ..?
എല്ലാവരുടെയും ചോദ്യം ഒന്നിച്ചായിരുന്നു..
തെല്ലൊരു മൌനത്തിന്റെ ഇടവേളയെടുത്ത് പതിയെ താൻ പറഞ്ഞു:
ദൂരെയിരുന്ന് വല്ലപ്പോഴും ഓടിപ്പാഞ്ഞ് വീടെത്തുന്ന സുഖം, എല്ലാവരെയും കാണുന്ന സുഖം, പുഴയിലെ കുളി, മക്കളോടൊത്തുള്ള ഊണ്, അമ്മയുടെ മടിയിലെ മയക്കം, ഭാര്യയുടെ നുറുങ്ങ് പരിഭവങ്ങളും കൊഞ്ചലും, സുഹൃത്തുക്കൾക്കൊക്കെ വാതോരാതെ പറയാനുള്ള വിശേഷങ്ങൾ കേൾക്കൽ…അതൊക്കെ സ്ഥിരമായി അവിടെത്തന്നെ താമസിക്കുമ്പോൾ നഷ്ടമാവുമല്ലോ എന്ന യാഥാർത്ഥ്യം എന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു..
അരുൺ എഴുന്നേറ്റ് നിന്ന് ജനഗണമന പാടി.
എല്ലാവരും പിരിഞ്ഞുപോണം, അസംബ്ലി ഡിസ്പേ൪സ്ഡ്..സതീശേട്ടൻ അതും പറഞ്ഞ് സ്കൂട്ട൪ സ്റ്റാർട്ട് ചെയ്തു.
ഇത്രേയുള്ളൂ..
നിരാശയോടെ ഷറഫുദ്ദീൻ ബാക്കിവന്ന കോഴിക്കാല് നാലെണ്ണം പൊതിഞ്ഞെടുത്ത് നടന്നകന്നു.
തന്റെ മനസ്സിൽ അപ്പോഴും സംശയമായിരുന്നു:
ഈ ട്രാൻസ്ഫർ തന്റെ ജീവിതത്തിന്റെ രസം മുഴുവൻ കളയുമോ..താനും താമസിയാതെ അവഗണനയുടെ കയ്പുനീ൪ കുടിക്കേണ്ടിവരുമോ..