രചന: അപ്പു
:::::::::::::::::::::::
“അല്ല.. എനിക്ക് മനസ്സിലാകാഞ്ഞിട്ട് ചോദിക്കുവാണ്.. എന്താണ് നിങ്ങളുടെ രണ്ടാളുടെയും ഉദ്ദേശം..?”
ഉച്ചയ്ക്ക് ടിവിയും കണ്ട് ചിപ്സും കൊറിച്ചു കൊണ്ടിരുന്ന എന്റെ അടുത്തേക്ക് വന്നു അമ്മ ചോദിക്കുന്നത് കേട്ട് കണ്ണുമിഴിച്ച് അമ്മയെ നോക്കി.
” നീ എന്നെ ഇങ്ങനെ തുറിച്ചു നോക്കണ്ട. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ ചോദ്യത്തിന് ഉത്തരം പറഞ്ഞു ഞാൻ മടുത്തു. എനിക്ക് വ്യക്തമായി ഒരു ഉത്തരം കിട്ടണം.. അതുകൊണ്ടാണ് ഞാൻ തന്നെ ചോദിക്കാൻ മുന്നിട്ടിറങ്ങിയത്.. “
അമ്മയുടെ മട്ടും ഭാവവും ഒക്കെ കണ്ട് ഇപ്പോൾ തന്നെ വിധിയും പറഞ്ഞു എന്നെ തൂക്കിലേറ്റുന്ന ലക്ഷണമാണ്. പക്ഷേ ഞാൻ ചെയ്ത കുറ്റം എന്താണെന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല.
” അമ്മ കുറെ നേരമായല്ലോ വായിട്ടലക്കാൻ തുടങ്ങിയിട്ട്..എന്താ സംഭവം..?”
സൗമ്യമായിട്ടാണ് ഞാൻ ചോദിച്ചതെങ്കിലും എന്റെ അനിഷ്ടം അതിൽ പ്രകടമായിരുന്നു.
” നിന്റെ കല്യാണം കഴിഞ്ഞിട്ട് ആറ് മാസം കഴിഞ്ഞില്ലേ..? ഇതുവരെ നിനക്ക് വിശേഷം ഒന്നും ആയില്ലല്ലോ..? നിന്റെ പിരീഡ്സ് ഡേറ്റ് ഒന്നും കറക്റ്റ് അല്ലേ..? “
വെട്ടി തുറന്നു അമ്മ ചോദിക്കുന്നത് കേട്ട് ഞാൻ ആകെ വല്ലാതെ ആയി.
” എന്റെ കല്യാണം കഴിഞ്ഞിട്ട് ആറുമാസമല്ലേ ആയിട്ടുള്ളൂ.. അല്ലാതെ ആറു വർഷം അല്ലല്ലോ..? അമ്മയുടെ ഭാവം കണ്ടാൽ തോന്നും ആറേഴു വർഷമായി കല്യാണം കഴിഞ്ഞിട്ട് ഞാൻ പ്രസവിക്കാതിരിക്കുകയാണെന്ന്.. “
അമ്മയെ പുച്ഛിച്ചു കൊണ്ട് വീണ്ടും ശ്രദ്ധ ടിവിയിലേക്ക് തിരിഞ്ഞു.
അത് കണ്ടതോടെ അമ്മ ദേഷ്യം കേറി ടിവി ഓഫ് ചെയ്തു.
“അമ്മയ്ക്ക് ഇതെന്താ..?”
അപ്പോഴേക്കും എനിക്കും ദേഷ്യം വന്നു.
” ഞാൻ സീരിയസായി ഒരു കാര്യം പറയുമ്പോൾ നീ ഇങ്ങനെ അലസമായി ഓരോ ഇടത്തു നോക്കിയിരിക്കുന്നത് ശരിയാണോ..? “
അമ്മ പഴയ അധ്യാപികയുടെ റേഞ്ചിലേക്ക് പോകുന്നത് ഞാൻ കണ്ടു.
“ഞാനെന്ത് ചെയ്തെന്നാ അമ്മ പറയുന്നത്..? അമ്മയ്ക്ക് ഇപ്പൊ എന്താ വേണ്ടത് ഞാനിപ്പോ പ്രസവിക്കണോ..?”
എന്റെ ചോദ്യങ്ങൾ മുഴുവൻ അമ്മയെ ദേഷ്യം പിടിപ്പിക്കുന്നതാണ് എന്ന് അറിയാതെ അല്ല. കല്യാണം കഴിഞ്ഞ് തൊട്ടടുത്ത മാസം മുതൽ തുടങ്ങിയതാണ് വിശേഷമായില്ലേ എന്ന ചോദ്യം…
സത്യം പറഞ്ഞാൽ വീട്ടുകാരെക്കാളും ഉപദ്രവം നാട്ടുകാരാണ്.. ഇവരോടൊക്കെ മറുപടി പറഞ്ഞു മനുഷ്യൻ തോൽക്കും എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.
” നിന്നോടൊപ്പം കല്യാണം കഴിഞ്ഞതല്ലേ അപ്പുറത്തെ വനജയുടെ ചേച്ചിയുടെ മോളുടെ… ആ പെൺകൊച്ചിന് രണ്ടോ മൂന്നോ മാസം ആയി എന്ന് ഇന്നലെ വനജ പറയുന്നത് കേട്ടു . നിനക്ക് ശേഷം കല്യാണം കഴിഞ്ഞവർക്കും വിശേഷമുണ്ട്. എന്നിട്ടും നിനക്ക് മാത്രം എന്താ ഇല്ലാത്തത്..? “
അമ്മയുടെ ചോദ്യം കേട്ട് എനിക്ക് ദേഷ്യമാണോ സഹതാപമാണോ തോന്നുന്നത് എന്ന് എനിക്ക് തന്നെ വേർതിരിച്ച് അറിയാൻ പറ്റാത്ത അവസ്ഥയായി പോയി.
” നിങ്ങൾക്ക് രണ്ടാൾക്കും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല എന്നാണ് എന്റെ ഒരു ധാരണ. അഥവാ എന്തെങ്കിലും പ്രശ്നങ്ങളുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു ഡോക്ടറെ പോയി കാണണം. എന്റെ മോളോട് എനിക്ക് ഇതൊക്കെ തുറന്നു സംസാരിക്കാൻ മടിയുണ്ട് എങ്കിലും ഇതൊക്കെ നിന്റെ ഭാവിയെ ബാധിക്കുന്ന കാര്യങ്ങളാണ്. അപ്പോൾ പിന്നെ പറയാതെ പറ്റില്ലല്ലോ… “
അമ്മ പറയുന്നത് കേട്ടിട്ട് തലയിൽ നിന്ന് കിളി പറന്നു പോകുന്നതു പോലെയാണ് എനിക്ക് തോന്നിയത്.
” അമ്മ ഇത് എന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്..? എനിക്കും നിതിനേട്ടനും യാതൊരു പ്രശ്നവുമില്ല. ഇപ്പോൾ ഒരു കുഞ്ഞു വേണ്ട എന്നുള്ളത് ഞങ്ങളുടെ രണ്ടാളുടെയും കൂടി ഒന്നിച്ചുള്ള തീരുമാനമാണ്. “
ശാന്തമായി ഞാൻ പറഞ്ഞപ്പോൾ അമ്മ ദേഷ്യത്തോടെ നോക്കുന്നുണ്ട്.
“നീ എന്ത് തോന്നിവാസമാണ് ഈ പറയുന്നത്..? ഇപ്പോൾ ഒരു കുഞ്ഞു വേണ്ടെന്നോ..? ഇങ്ങനെ തീരുമാനമെടുത്ത് കറങ്ങി നടന്ന പല പരിഷ്കാരികളും നമ്മുടെ നാട്ടിലുണ്ട്. അവർക്ക് രണ്ടുവർഷം മൂന്നുവർഷമൊക്കെ ജീവിതം ആഘോഷിക്കണം എന്ന പേരും പറഞ്ഞ് കുട്ടികൾ വേണ്ട എന്ന് അവർ രണ്ടാളും കൂടി തീരുമാനമെടുത്തു. എന്നിട്ട് എന്തായി..? അറിയാതെ പ്രഗ്നന്റ് ആയി പോയപ്പോൾ വീട്ടുകാർ പോലും അറിയാതെ ഓടിപ്പോയി അബോഷൻ ചെയ്ത പെൺകുട്ടികളെ വരെ എനിക്കറിയാം. യാതൊരു മനസ്സലിവും ആ കുഞ്ഞിനോട് കാണിക്കാത്ത ജന്മങ്ങൾ. എന്നിട്ട് എന്തായി..? അവസാനം അവർക്കൊരു കുഞ്ഞിനെ വേണമെന്ന് തോന്നിയപ്പോൾ കൊടുക്കാൻ ദൈവത്തിനു സൗകര്യമില്ലാതെയായി. ദൈവം അറിഞ്ഞു കൊണ്ട് കൊടുത്ത വരദാനം വേണ്ടെന്നു വച്ച ജന്മങ്ങൾക്ക് പിന്നീട് ദൈവം കൊടുക്കും എന്ന് തോന്നുന്നുണ്ടോ..? അതുകൊണ്ട് ഇങ്ങനെ അനാവശ്യമായ തീരുമാനങ്ങൾ ഒന്നും എടുക്കാതെ എത്രയും പെട്ടെന്ന് ഒരു കുഞ്ഞു വേണമെന്ന് തന്നെ നിങ്ങൾ രണ്ടാളും ആഗ്രഹിക്കണം. ഒരു കുഞ്ഞു കൂടിയുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം പൂർണമാകും..”
അമ്മ പറയുന്നതൊക്കെ കേട്ടിട്ട് മുന്നിലിരിക്കുന്നത് ഒരു അധ്യാപിക തന്നെയാണോ എന്ന് എനിക്ക് സംശയം തോന്നി.
” ഞാനൊന്നു ചോദിച്ചോട്ടെ..? ഈ നാട്ടുകാരെയും വീട്ടുകാരെയും ബന്ധുക്കളെയും ഒക്കെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണോ ഞാൻ പ്രസവിക്കേണ്ടത്..? നിങ്ങളൊക്കെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങൾക്കൊക്കെ ഇങ്ങനെ വിശേഷമില്ലേ വിശേഷം ഇല്ലേ എന്ന് ചോദിക്കുന്ന ബുദ്ധിമുട്ട് മാത്രമാണുള്ളത്. പക്ഷേ ആ കുഞ്ഞിനെ 10 മാസം വയറ്റിൽ ചുവന്ന പ്രസവിച്ച് മുലയൂട്ടി വളർത്തേണ്ടത് ഞാനാണ്. അത് പറയുമ്പോൾ അമ്മ പറയും ഇതൊക്കെ എല്ലാ സ്ത്രീകളുടെയും ഉത്തരവാദിത്വമാണെന്ന്. ഞാനത് നിഷേധിക്കുന്നില്ല. നമ്മുടെ നാട്ടിൽ പുരുഷന്മാർക്ക് പ്രസവിക്കാൻ കഴിയാത്ത കാലത്തോളം ഇതൊക്കെ സ്ത്രീകൾ തന്നെ ചെയ്യേണ്ടതാണ്. പക്ഷേ ഇതിന് ശാരീരികമായും മാനസികമായും സ്ത്രീകൾ തയ്യാറാകുന്ന ഒരു സമയമുണ്ട്. അങ്ങനെയൊരു സമയത്ത് ഒരു കുഞ്ഞ് ഞങ്ങൾക്കിടയിലേക്ക് കടന്നു വരുന്നതാണ് നല്ലത്. അല്ലാതെ ആരുടെയെങ്കിലും വാശിയും നിർബന്ധവും നിമിത്തം ഞങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞു വന്നാൽ ഒരിക്കലും അതിന്റെ ജീവിതം സുഗമമാവില്ല.”
ഞാൻ പറഞ്ഞത് കേട്ടിട്ട് അമ്മയ്ക്ക് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല എന്ന് ഉറപ്പാണ്.
“നീ പറയുന്നതൊക്കെ കേട്ടാൽ തോന്നും ഈ നാട്ടിൽ ആദ്യമായി പ്രസവിക്കുന്നത് നീയാണെന്ന്.18 വയസ്സായപ്പോൾ കല്യാണം കഴിപ്പിച്ചു വിട്ടതാണ് അപ്പുറത്തെ കുമാരന്റെ മകളെ. ആ പെൺകുട്ടി കല്യാണം കഴിഞ്ഞ് ഒരു വർഷം ആകുന്നതിനു മുൻപ് തന്നെ ഒരു കുഞ്ഞിന്റെ അമ്മയായി. അവളും ആ കൊച്ചിനെ നന്നായി വളർത്തുന്നില്ലേ..? എന്നിട്ടാണോ പത്തിരുപത്തഞ്ച് വയസ്സായ നിനക്ക് ഒരു കൊച്ചിനെ വളർത്താൻ ബുദ്ധിമുട്ട്..?”
അത് കേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്.
” അമ്മ ഇപ്പോൾ പറഞ്ഞില്ലേ 18 വയസ്സായ പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു വിട്ട് കൃത്യം ഒരു വർഷത്തിനു മുമ്പ് അവൾ ഒരു കൊച്ചിന്റെ അമ്മയായി എന്ന്. അതായത് അതിന് 19 വയസ്സ് ആകുന്നതിനു മുൻപ് തന്നെ ഒരു കുഞ്ഞിന്റെ അമ്മയാണ്. അമ്മയ്ക്ക് ഒരു കാര്യം അറിയോ 18 വയസ്സായ പെൺകുട്ടി ഒരിക്കലും പൂർണ്ണ യുവതിയല്ല.. അത് ഒരു ചെറിയ പെൺകുട്ടി തന്നെയാണ്. അതേ പ്രായത്തിൽ ഒരു കുട്ടിയുടെ അമ്മ കൂടിയാവുക എന്ന് പറഞ്ഞാൽ ആ പെൺകുട്ടിയുടെ ആരോഗ്യത്തിന് അത് എങ്ങനെ ബാധിക്കും എന്ന് പോലും ചിന്തിക്കാൻ അധ്യാപികയായ അമ്മയ്ക്ക് കഴിയുന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് പുച്ഛം തോന്നുന്നു. വിവാഹം കഴിഞ്ഞ് ഒരു വീട്ടിലേക്ക് ചെന്ന് കയറി ആ വീടും സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനു മുൻപ് തന്നെ പ്രസവിക്കുക എന്നൊക്കെ പറയുന്നത് പണ്ട് നിങ്ങളുടെയൊക്കെ കാലത്ത് നടക്കും. പക്ഷേ ഇനിയുള്ള കാലത്ത് പെൺകുട്ടികൾക്ക് സ്വന്തമായി തീരുമാനമുള്ള കാലമാണ്. അമ്മായി അമ്മ വന്നു പ്രസവിക്ക് എന്ന് പറയുമ്പോൾ ഉടനെ പ്രസവിക്കുന്ന കാലമൊന്നുമല്ല ഇത്. ദയവു ചെയ്ത് എന്റെ അമ്മ ഒരു കാര്യം മനസ്സിലാക്കണം. എനിക്കും നിതിനേട്ടനും ഞങ്ങളുടെ ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.ഒരു വർഷമെങ്കിലും കഴിഞ്ഞിട്ട് മതി കുഞ്ഞുങ്ങൾ എന്നുള്ളത് ഞങ്ങളുടെ വ്യക്തമായ തീരുമാനമാണ്. ഈ ഒരു വർഷം ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനും ഒന്നിച്ച് ജീവിക്കാൻ കഴിയുമോ എന്നറിയാനും ഉള്ള ട്രെയിനിങ് മാത്രമാണ്. ഈ ട്രെയിനിങ്ങിൽ ഞങ്ങൾ പരാജയപ്പെടുകയാണെങ്കിൽ ഒരു വർഷം കഴിയുമ്പോൾ ഞങ്ങൾ രണ്ടാളും രണ്ടു വഴിക്ക് പിരിയും. അതിനു മുൻപ് ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടായാൽ, ഈ വേർപിരിയൽ ആ കുഞ്ഞിനെ ആയിരിക്കും ബാധിക്കുക. അങ്ങനെ ഒരു അവസ്ഥയിലേക്ക് ഒരു കുഞ്ഞിനെയും ഞങ്ങൾ ജന്മം കൊടുക്കില്ല. ആദ്യം ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയുമോ എന്ന ബോധം വരട്ടെ.. “
എന്റെ ഉറച്ച നിലപാട് കൊണ്ടായിരിക്കണം അമ്മ കൂടുതലൊന്നും പറയാതെ എഴുന്നേറ്റ് പോയത്. മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ എന്റെ തീരുമാനം അമ്മയും അംഗീകരിച്ചതായി തോന്നി.