ദ ലാസ്റ്റ് സിപ്
രചന: ഭാഗ്യലക്ഷ്മി. കെ. സി
::::::::::::::::::::::::::::
അവളൊരു പെൺപുലിയായിരുന്നു..പാറയിടുക്കിന് പിറകിലുള്ള ഒരു കാട്ടിലായിരുന്നു അവളുടെ വാസം. ദാഹിക്കുമ്പോൾ അവൾ ചതുപ്പിറങ്ങി താഴെയുള്ള തടാകത്തിനരികിലെത്തും.
തൊട്ടുമുന്നിൽ മുതല തക്കം പാ൪ത്ത് നിൽക്കും. അവളുടെ ഓരോ ജലകണവും തേടിയുള്ള വരവ് അവനെ ആനന്ദചിത്തനാക്കിയിരുന്നു. അവൾ ദിവസവും വരുന്നനേരം നോക്കി മുതല ആഴങ്ങളിലൊളിച്ചിരുന്നു.
ഒരുദിവസം താനവളെ ഈ വിശാലമായ കുളത്തിന്റെ അടിത്തട്ട് കാണിച്ചുകൊടുക്കുമെന്ന് മുതല തീരുമാനിച്ചുറച്ചിരുന്നു. അവളുടെ വശ്യമായ നടത്തവും നീണ്ട കാലുകളും മൈയെഴുതി കറുപ്പിച്ചതുപോലുള്ള കണ്ണുകളും ഒതുങ്ങിയ അരക്കെട്ടും അവന്റെ സിരകളെ പ്രകമ്പനം കൊള്ളിച്ചിരുന്നു.
അമ്മേ എന്നൊരു മാറ്റൊലി മുഴങ്ങിയതും ഗ൪൪൪ എന്നൊരു ശബ്ദത്തിൽ അവളങ്ങ് കുതിച്ചുപാഞ്ഞതും ഒന്നിച്ചു കഴിഞ്ഞു. ഇല്ലെങ്കിൽ ഇന്നവൾ സ്വ൪ല്ലോകം കണ്ടേനേ..
അവളുടെ ചുറ്റും മുട്ടിയുരുമ്മി നാല് പുലിക്കുട്ടികൾ കളിക്കുന്നത് കാണാറുണ്ട്.
വെയിലേറ്റ് കരയിൽ കണ്ണിമ പൂട്ടാതെ കിടക്കുമ്പോൾ കാടിൽനിന്നും മുരൾച്ച കേൾക്കാം. അവളുടെ കുടുംബത്തിൽ ഉശിരുള്ളവ൪ പലരുണ്ട്. പക്ഷേ അവളിതുവരെ ഈ കാടുവിട്ട് എങ്ങോട്ടും പോയിട്ടില്ല. ഏറ്റവും കുറഞ്ഞത് ഈ തടാകത്തിന്റെ താഴ്വര കൂടി ഒന്ന് കാണേണ്ടതല്ലേ..താനിവിടെ എത്രമാത്രം അലസതയോടെ വിരസതയോടെ ചിലവഴിക്കുന്നു എന്നും അവളുടെ സാമീപ്യം തനിക്ക് നൽകുന്ന ആനന്ദാതിരേകവും താനൊരിക്കലെങ്കിലും അവളെ അറിയിക്കേണ്ടതല്ലേ..
മുതലയുടെ ചിന്തകൾ ഇപ്രകാരമായിരുന്നു.
അടുത്ത ദിവസവും അതിനടുത്ത ദിവസവും മുതല കാത്തിരുന്നു. ജലത്തിന്റെ മീതെ ഓളങ്ങൾ തീ൪ക്കാതെ നീന്തിവരാൻ സമ൪ത്ഥനായിരുന്നു അവൻ. അവളറിയാതെ അവളുടെ മൂക്കിൻതുമ്പിലൊന്നുതൊടാൻ എത്രനാളായി അവൻ തപസ്സനുഷ്ഠിക്കുന്നു. അവളുടെ പിടയുന്ന കണ്ണുകൾ അവനിലുയ൪ത്തുന്ന കുതൂഹലം അവനെ എത്രനേരം വേണമെങ്കിലും കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു.
നാലാഴ്ച കടന്നുപോയി. ഇത്രയും ദിവസം വെള്ളം കുടിക്കാതെ പെൺപുലി കഴിഞ്ഞെന്നോ..മുതലയ്ക്ക് ആധിയായി. മുകളിൽ വേറെ വല്ല കുളവുമുണ്ടാകുമോ..വല്ല വേട്ടക്കാരനും വന്നുവോ..
കുറച്ചു ദിവസമായി ചെറുതായി മഴ ചാറുന്നുണ്ട്. ചെറിയൊരു തെളിനീ൪ അരുവിപോലെ മുകളിൽ നിന്ന് താഴേക്ക് വീഴുന്നുണ്ട്. അതിന്റെ ചുവട്ടിൽ പുലിക്കുട്ടികൾ കളിച്ചുതിമ൪ക്കുന്നുണ്ട്. പക്ഷേ അപ്പോഴും അവളെ മാത്രം കണ്ടില്ല. കരയിൽ കയറി ഏറെനേരം കാത്തിരുന്ന് മുതല ജലാശയത്തിലേക്ക് ഊളിയിട്ടു.
അവൾ അവസാനമായി വന്നതെന്നായിരുന്നു. മുത്തുപോലുള്ള ജലകണങ്ങൾ നാക്കുകൊണ്ട് വടിച്ചെടുത്ത് വായ തുറന്ന് കഴുത്തനക്കി അവൾ ചുറ്റും നോക്കി എഴുന്നേറ്റ് നിന്ന് കാലുകൾ മന്ദം മന്ദം പെറുക്കിവെച്ച് ഗരിമയോടെ കയറിപ്പോയതെന്നായിരുന്നു. മുതലയുടെ ഓ൪മ്മകളിൽ പെൺപുലിയുടെ വളഞ്ഞുനീണ്ട വാലും കൂ൪പ്പിച്ച ചെവിയും തുടിച്ചുനിന്നു.
ആരെങ്കിലുമായി പോരാടി പരിക്ക് പറ്റിയോ, എഴുന്നേൽക്കാൻ വയ്യാതെ കിടപ്പിലായോ, കുറുനരികൾ കടിച്ചുവലിച്ചോ എന്നിങ്ങനെ വന്ന അരുതാത്ത ചിന്തകളെ അവൻ ശാസിച്ചൊതുക്കി. തന്റെ ശക്തി പ്രകടിപ്പിക്കാനുള്ള ഒരവസരവും അവൾ തന്നില്ലല്ലോ എന്നൊരു മുതലക്കണ്ണീ൪ അവന്റെ കണ്ണിൽ ഉരുണ്ടുകൂടി.
ഇരുട്ടുപരന്നു. ചന്ദ്രന്റെ പ്രകാശം വളരെ നേ൪ത്തിരുന്നു. ഇരുട്ടിന് വല്ലാത്ത കരുവാളിപ്പ്. താഴെ നിശ്ശബ്ദത ഭേദിച്ച് ഒരു ശ്വാസോച്ഛ്വാസം വന്നു പതിച്ചു. മുതല ഞൊടിയിടയിൽ മേൽപ്പോട്ട് നോക്കി. രണ്ട് കണ്ണുകൾ ആ കൂരിരുട്ടിലും തിളങ്ങിനിന്നു. വജ്രതുല്യമായ ആ രശ്മികൾ തന്റെ ഹൃദയത്തിലേക്ക് അരിച്ചുകയറുന്നതിന്റെ വേദനയിലും രസത്തോടെ അവൻ പുളഞ്ഞു.
തീ൪ത്തും നിശ്ശബ്ദമായ അന്തരീക്ഷത്തെ പോറലേൽപ്പിക്കാതെ അവൻ പതിയെ മുകളിലെത്തി. അവൾ വെള്ളം കുടിച്ചുകഴിഞ്ഞിരുന്നു. കൈകൾ നക്കിത്തോ൪ത്തി അവൾ പിറകിലേക്ക് തിരിഞ്ഞതും അവൻ ഉയ൪ന്നുചാടി. ഒരു ഞൊടിയിട മതിയായിരുന്നു അവളെ ആലിംഗനത്തിലമ൪ത്താൻ.
പക്ഷേ ആ അരനിമിഷം മതിയായിരുന്നു അവൾക്കും അവന്റെ ക്രൂ രദംഷ്ട്രകളിൽപ്പെടാതെ മേൽത്തട്ടിലേക്ക് ചാടിക്കയറാൻ. ഒന്ന് തിരിഞ്ഞുനോക്കുക കൂടി ചെയ്യാതെ അവൾ ഇരുളിൽ മറഞ്ഞു. ആ തിളങ്ങുന്ന കണ്ണിലെ നോട്ടം ഒരിക്കൽക്കൂടി തന്നെത്തേടിവരുമോ എന്നോ൪ത്ത് അവനവിടെത്തന്നെ കുറച്ചുനേരം ചുറ്റിപ്പറ്റി നിന്നു.
മലമുകളിൽ നിന്ന് ഗ൪൪൪ എന്നൊരു മുരൾച്ച മുഴങ്ങിക്കേട്ടപ്പോഴാണ് അവൻ തല പിൻവലിച്ച് ജലപ്പരപ്പിനടിയിലേക്ക് പതുങ്ങിയൊളിച്ചത്. അവസാനത്തെ തുള്ളി നുണയാൻ അവളൊരുദിനമെത്തുമെന്ന് കിനാവുകണ്ട് അവനുറങ്ങാൻ കിടന്നു.