ശനിയാഴ്ച രാത്രിയാണ് ചാറ്റിങ്ങ് അവസാനമായി നടന്നത് ,അതിൽ തിങ്കളാഴ്ച, അവളുടെ പിക് തിരിച്ച് കൊടുക്കാമെന്ന്…

ചാറ്റിങ്ങ് എന്ന ചീറ്റിങ്ങ്

രചന: സജിമോൻ തൈപറമ്പ്

::::::::::::::::::::::::::

“നിങ്ങൾക്കെന്നെ ബോധിക്കുന്നില്ലേ മനുഷ്യാ “

രവിയുടെ നെഞ്ചിലെ രോമക്കെട്ടിനിടയിലേക്ക് രേണുക ,കൈവിരലുകളാൽ ചിത്രം വരച്ചപ്പോൾ , അയാൾ, അസ്വസ്ഥതയോടെ കയ്യെടുത്ത് മാറ്റി.

“രേണു .. മോള് അപ്പുറത്ത് കിടപ്പുണ്ട് ,അവൾ പ്രായപൂർത്തിയായവളാ ,നീയൊന്നടങ്ങ്. “

അയാൾ അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു.

“അതിന് ഞാൻ എന്തേലും അനാവശ്യം പറഞ്ഞോ ,രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുവാ , നിങ്ങൾക്ക് എന്നോടൊരു അകൽച്ച പോലെ ,അതിന്റെ കാരണം എന്താണെന്ന് എനിക്കറിയണം”

രേണുവിന്റെ ചോദ്യത്തിൽ, അയാൾ അക്ഷമനായി .

“അതിനെ കുറിച്ചൊക്കെ നമുക്ക് നാളെ പകല് ചർച്ച ചെയ്യാം ,മോള് കോളേജിൽ പോയതിന് ശേഷം “

അയാൾ അവളോട് പറഞ്ഞു.

“അതെന്താ ,അത്ര വലിയൊരു രഹസ്യം “

അവൾ വീണ്ടും രവീന്ദ്രനെ ചൊറിഞ്ഞ് കൊണ്ടിരുന്നു.

“രേണു പ്ളീസ് ,നേരമൊന്ന് വെളുത്തോട്ടെ ?”

ഇനിയും സംസാരിച്ചാൽ ചിലപ്പോൾ രവിയേട്ടന്റെ നിയന്ത്രണം വിട്ടേക്കുമെന്ന് ആ താക്കീതിൽ അവൾക്ക് ബോധ്യമായി .

അവൾ കട്ടിലിന്റെ ഒരറ്റത്തേക്ക് മാറി തിരിഞ്ഞ് കിടന്നു.

ഉള്ളിൽ കുമിഞ്ഞ് കൂടിയ സങ്കടം കൺപീലിയെ നനച്ച് കൊണ്ട് തലയിണയിൽ വീണുടഞ്ഞു.

എത്ര ആലോചിച്ചിട്ടും രവിയേട്ടന്റ അകൽച്ചയെക്കുറിച്ച് അവൾക്ക്, ഒരു എത്തും പിടിയും കിട്ടിയില്ല.

തന്റെ പുറകീന്ന് മാറാത്ത ആളായിരുന്നു.

ജോലിക്ക് പോകാതിരിക്കുന്ന ദിവസങ്ങളിൽ, തന്നെ തൊട്ടുo, തലോടിയും എപ്പോഴുo ഭയങ്കര ജോളിയായിരുന്നു.

അടുക്കളയിലും, താൻ പാചകം ചെയ്യുമ്പോൾ വന്ന് അടുത്തിരുന്ന് ഓരോരോ കുസൃതിത്തരങ്ങൾ ഒപ്പിക്കും

“ദേ ..രവിയേട്ടാ മോളിപ്പോൾ കോളേജിൽ പോകുന്ന വലിയ കുട്ടിയായി ,അവളുടെ പ്രായത്തിൽ എന്റെ കല്യാണം കഴിഞ്ഞതാ ,ഇനി ഈ പ്രായത്തിൽ റൊമാന്റിക്കുമായി നടന്നാൽ പെൺകൊച്ച് അത് കണ്ട് പഠിക്കുമേ”

തമാശയ്ക്ക് താൻ അദ്ദേഹത്തെ ശാസിക്കുമായിരുന്നു .

“അതിനെന്താടീ.. കുട്ടികൾ അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടാണ് വളരേണ്ടത് ,എന്നാലെ അവരുടെ ദാമ്പത്യവും അത് പോലെയാകു.”

എന്തിനും ഒരു ഉത്തരമുണ്ടല്ലോ എന്ന് താൻ മനസ്സിലോർത്തു.

രാത്രിയുടെ യാമങ്ങളിലെപ്പോഴോ ,രേണുകയും, രവീന്ദ്രനും നിദ്രയുടെ തടവിലായി.

പിറ്റേന്ന് മോളെ കോളേജിലയക്കാൻ ധൃതിയായിരുന്നു , രേണുകയ്ക്ക് .

കാരണം രവിയേട്ടൻ പുറത്തേക്ക് പോകുന്നതിന് മുമ്പ് ,അദ്ദേഹത്തിന്റെ പ്രശ്നമെന്താണെന്ന് ചികഞ്ഞെടുക്കണം.

മോള്, ഗേറ്റ് കടന്ന് പോകുന്നത് കണ്ട ഉടനെ രേണുക, ബെഡ് റൂമിലേക്ക് വന്നു.

മേശപ്പുറത്ത് വച്ചിരിക്കുന്ന ചായ അത് പോലെ തന്നെയിരിക്കുന്നു.

രവിയേട്ടനെ അവിടെങ്ങും കാണുന്നില്ല.

ബാത്റൂമിലും ,മുറ്റത്തും , പറമ്പിലുമൊക്കെ അന്വേഷിച്ചു.

ങ് ഹേ ,തന്നോട് പറയാതെ ഇത്ര രാവിലെ എങ്ങോട്ട് പോയി .

ഒന്ന് വിളിച്ച് നോക്കാമെന്ന് കരുതി, രേണുക, തന്റെ മൊബൈൽ എടുത്ത് ,ലോക്ക് തുറന്നു.

ശ്ശൊ, മോള്, മെസ്സഞ്ചർ ഓഫ് ചെയ്യാതെയാണോ പോയത് .

മെസഞ്ചർ പേജ്, ബാക്ക് അടിക്കാൻ ഒരുങ്ങിയ ,രേണുക, എന്തോ സംശയം തോന്നിയത് കൊണ്ട് അതിലെ ചാറ്റിങ്ങ് വായിച്ച് നോക്കി.

ഓരോന്നും വായിക്കുംതോറും, രേണുകയുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു.

തന്റെ മകൾ, ഏതോ ഒരു പുരുഷനുമായി, ചാറ്റ് ചെയ്തിരിക്കുന്നു .

ആ പുരുഷന്റെ പേര് അപൂർണ്ണമാണ്.

പ്രൊഫൈൽ പിക്ചറും ഒരു പക്ഷിയുടെതാണ്.

പക്ഷേ അയാളുടെ അർത്ഥന ഗ്നമേനിയുടെ ഒരു പിക് അതിൽ മുഖമില്ലാതെ കിടപ്പുണ്ട്.

“ഇനി തന്റെ ഇത് പോലെയുള്ള, നേവൽ കാണിക്കുന്ന, ഒരു പിക് എനിക്ക് തരു “

എന്നുള്ള കമൻറ് അതിന്റെ താഴെയുണ്ട് .

അതിന് മോളുടെ മറുപടി , നാണം പുരണ്ട ചിരിയുടെ ഇമോജി മാത്രമേയുള്ളു.

ഈശ്വരാ … ഭാഗ്യം അവൾ തിരിച്ച് ഒന്നും അയച്ചില്ലല്ലോ എന്ന് സമാധാനിച്ചിരിക്കുമ്പോൾ, താഴെ അവൾ മറുപടി എഴുതിയിരിക്കുന്നു.

“അടുത്ത് ആൾ, ഉണ്ട് ഉറങ്ങിയിട്ടില്ല ,തിങ്കളാഴ്ച ഞാൻ , മുറിയിൽ ഒറ്റക്കായിരിക്കുo ,നാളെ തരാം കെട്ടോ?”

എന്റെ ഭഗവതീ, ഇവളെന്തിനുള്ള പുറപ്പാടാ ,മോൾക്ക് മൊബൈൽ വാങ്ങിക്കൊടുത്താൽ അവളുടെ പഠിത്തം ഇല്ലാതാകും എന്ന് കരുതി രവിയേട്ടനാ, പറഞ്ഞത് കൂട്ടുകാരികളെ വിളിക്കാനും മറ്റും നിന്റെ ഫോൺ കൊടുത്താൽ മതിയെന്ന്.

താനാണെങ്കിൽ, നെറ്റ് ഓൺ ചെയ്യുന്നത്, കഥകൾ വായിക്കാൻ മാത്രമാണ്, അല്ലാതെ ഈ മെസ്സഞ്ചറും, വാട്ട്സ് ആപ്പുമൊന്നും താൻ തുറക്കാറേയില്ല .

മിനിഞ്ഞാന്ന് മോൾക്ക്, പരീക്ഷയ്ക്ക് പാതിരാത്രി വരെ ഇരുന്ന് പഠിക്കണ്ടത് കൊണ്ട്, താൻ അവൾക്ക്, കുറച്ച് നേരം കൂട്ടിരിക്കാൻ വന്നതാണ്.

പക്ഷേ, ക്ഷീണം കാരണം കുറച്ച് കഴിഞ്ഞപ്പോൾ, താൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി. പിന്നെ എഴുന്നേല്കുന്നത് പിറ്റേന്ന് രാവിലെയാണ് .

അന്നൊരു ഞായറാഴ്ചയായിരുന്നു, രവിയേട്ടൻ സ്വന്തം മൊബൈലിൽ നെറ്റ് ചാർജ് തീർന്നെന്ന് പറഞ്ഞ്,തന്റെ മൊബൈലിൽ നിന്നും ഹോട്ട്സ് പോട്ട് കണക്ട് ചെയ്യാനായി എടുത്തോണ്ട് പോയിരുന്നു.

അതിന് ശേഷമാണ് അദ്ദേഹത്തിന് മാറ്റങ്ങൾ കണ്ട് തുടങ്ങിയതെന്ന് രേണുക ഓർത്തെടുത്തു.

ശനിയാഴ്ച രാത്രിയാണ് ചാറ്റിങ്ങ് അവസാനമായി നടന്നത് ,അതിൽ തിങ്കളാഴ്ച, അവളുടെ പിക് തിരിച്ച് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

അപ്പോൾ ഇന്ന് രാത്രിയിലായിരിക്കും അവൾ പ്ലാൻ ചെയ്തിരിക്കുന്നത്.

അതിന് മുമ്പ് കോളേജിൽ നിന്ന് വരുമ്പോഴെ അവളെ ചോദ്യം ചെയ്യണം .

ഇനിയിപ്പോൾ ഇതെങ്ങാനും കണ്ടിട്ട് രവിയേട്ടൻ, തന്നെ തെറ്റിദ്ധരിച്ചതാണോ?

അല്ലെങ്കിൽ പിന്നെ മിനിഞ്ഞാന്ന് വരെ ഒരു കുഴപ്പവുമില്ലാതിരുന്ന ആൾ ഇന്നലെ രാവിലെ മുതൽ തന്നോട് ഇത്രയധികം, അവഗണന കാണിക്കേണ്ട കാര്യമില്ലല്ലോ

അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല തന്റെ ഫോണിൽ മോളാണ് ചാറ്റ് ചെയ്തിരിക്കുന്നതെങ്കിലും, അത് അവളാന്നെന്ന് മനസ്സിലാകുന്ന ഒന്നും തന്നെ അതിലില്ല.

അപ്പോൾ പിന്നെ, രവിയേട്ടന്റെ സ്ഥാനത്ത് ,ആരായിരുന്നാലും സംശയിച്ച് പോകും.

എന്തായാലും രവിയേട്ടനെ കാര്യങ്ങൾ ബോധിപ്പിക്കുന്നതിന് മുമ്പ് മോളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിട്ടാവാം എന്ന് മനസ്സിലുറപ്പിച്ച്, രേണുക, ഫോൺ താഴെ വച്ചിട്ട് അടുക്കളയിലേക്ക് പോയി.

ഉച്ചയോട് കൂടി, കോളേജിൽ പോയ മകളും ,അച്ഛനും കൂടി ചിരിച്ച് കളിച്ച് കയറി വരുന്നത് കണ്ട് രേണുകയ്ക്ക് ജിജ്ഞാസയായി

രവിയേട്ടന്റെ വലിഞ്ഞ് മുറുകിയിരുന്ന , മുഖത്തിപ്പോൾ സന്തോഷം കളിയാടുന്നു.

“എന്താടോ ഭാര്യേ..നീ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നില്ക്കുന്നത്, എന്നോട് ക്ഷമിക്കടൊ, കുറച്ച് നേരത്തേക്ക് ഞാൻ നിന്നെ സംശയിച്ച് പോയി ,അതിന് കാരണക്കാരി നമ്മുടെ ഈ മോളായിരുന്നു, അവളാണ് കാര്യങ്ങളെല്ലാം എന്നോട് തുറന്ന് പറഞ്ഞതും ചെയ്ത തെറ്റ് തിരുത്തിയതും.”

അത് കേട്ടിട്ടും ഒന്നും മനസ്സിലാകാത്ത പോലെ രേണുക, രണ്ട് പേരെയും മാറി മാറി നോക്കി .

“അതേ അമ്മേ.. നിങ്ങളുടെ ഇന്നലെ മുതലുള്ള പിണക്കം ഞാൻ മനസ്സിലാക്കിയിരുന്നു. അമ്മ ,ഇന്നലെ രാവിലെ അച്ഛന് ഫോൺ കൊടുത്തപ്പോഴാ, ആ ചാറ്റിങ്ങിന്റെ കാര്യം, ഞാനോർത്തത്. പിന്നെ എങ്ങനെയെങ്കിലും അച്ഛന്റെ കയ്യിൽ നിന്നും ആ ഫോൺ തിരികെ വാങ്ങാൻ ചെന്നപ്പോൾ അച്ഛൻ, മെസ്സഞ്ചറിൽ എല്ലാം കണ്ട് കഴിഞ്ഞിരുന്നു”

പിന്നെ എനിക്ക് എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ തളർന്ന് പോയിരുന്നു “.

“അപ്പോൾ നീ തെറ്റ് ചെയ്തു എന്ന് സമ്മതിച്ചല്ലോ അല്ലെ ?”

അത് വരെ എല്ലാം കേട്ട് കൊണ്ടിരുന്ന രേണുക, അരിശത്തോടെ, ചോദിച്ചു.

“അതിന് മറുപടി ഞാൻ പറയാം രേണു. നമ്മുടെ മോൾക്ക് ഒരബദ്ധം പറ്റിയതാ ,അവളുടെ കോളേജിൽ പഠിക്കുന്നവനാ,കക്ഷി. ഇവര് തമ്മിൽ കുറച്ച് ദിവസമേ ആയുള്ളു ഇഷ്ടത്തിലായിട്ട് .അവന്റെ ആത്മാർത്ഥത കണ്ടാണ്, അവന്റെ നിർബന്ധത്തിന് വഴങ്ങി പേടിച്ചിട്ടാണെങ്കിലും നിന്റെ ഫോണിൽ നിന്നവൾ ചാറ്റ് ചെയ്തത്. പക്ഷേ അവന്റെ പോക്ക് ശരിയല്ലെന്ന് കണ്ടപ്പോൾ അവനെ പിണക്കാതെ തന്നെ ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാക്കാനാണ് , അവൻ ആവശ്യപ്പെട്ട പിക് നല്കാൻ, മോള് സമയം നീട്ടി ചോദിച്ചത് .

“അതെ അമ്മേ.. ഇന്ന് അവൻ കോളേജിൽ വന്നപ്പോൾ ,സ്നേഹത്തിൽ അവനോട് പെരുമാറിയിട്ട്, സൂത്രത്തിൽ അവന്റെ ഫോൺ ഞാൻ വാങ്ങി. എന്നിട്ട് ,അന്നത്തെ ചാറ്റിങ്ങ് മുഴുവൻ ഞാൻ ഡിലിറ്റ് ചെയ്ത് കളഞ്ഞു. ഇല്ലെങ്കിൽ അത് വച്ചിട്ട് അവനെന്നെ ബ്ളാ ക്ക് മെ യിൽ ചെ യ്യുമെന്നറിയാം”

“എന്നിട്ട് പിന്നെ എന്ത് ചെയ്തു.”

ബാക്കി അറിയാനായി ,രേണുക അക്ഷമയായി.

“എന്ത് ചെയ്യാൻ ,അവൾ എന്റെ മോളല്ലെ ,ഇനി മേലാൽ അവളുടെ പുറകെ വരരുത് എന്ന് പറഞ്ഞ് അവന് ശക്തമായ താക്കീത് കൊടുത്തിട്ടാണ് ,അവൾ എന്റെ അടുത്തേക്ക് വന്നത്, “

രവീന്ദ്രൻ പറഞ്ഞ് മുഴുവനാക്കി.

“എന്നാലും.. ഇത്രനാളും കൂടെ ജീവിച്ച , എന്നെ നിങ്ങൾ സംശയിച്ചില്ലേ?”

അതും പറഞ്ഞ് രേണുക മുഖം വീർപ്പിച്ച് കൊണ്ട് ,ബെഡ് റൂമിലേക്ക് പോയി.

തൊട്ട് പുറകെ രവീന്ദ്രൻ അവളെ മയപ്പെടുത്താനായി പുറകെ പോയപ്പോൾ ,മകൾ രാഖി മനസ്സിൽ പറഞ്ഞു.

അച്ഛൻ ,അമ്മയുടെ പിണക്കം ഇപ്പോൾ പുഷ്പം പോലെ പരിഹരിക്കും , അതിനൊക്കെ അച്ഛനെ കഴിഞ്ഞിട്ടേയുള്ളു.

ഉള്ളിൽ നിറഞ്ഞ ചിരിയുമായി ,ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ ,രാഖി സ്വന്തം മുറിയിലേക്ക് പോയി.