മടക്കയാത്ര
രചന: സിയാദ് ചിലങ്ക
:::::::::::::::::::::::::::::::::
രാത്രി ഏറെ വൈകി അവർ രണ്ടാളും കിടന്നപ്പോൾ…
“ദിവസങ്ങൾ എത്ര വേഗമാണ് പോയത് അല്ലെ…. തിരിച്ച് പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വല്ലാത്ത ഭാരം കയറ്റി വെച്ച പോലെ…”
ഒരു ദീർഘ നിശ്വാസത്തോടെയുള്ള സുധിയുടെ വാക്കുകൾ കേട്ട് സരിത അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു.
“നമ്മൾ എന്ത് ചെയ്യാനാ പോകാതിരിക്കാൻ കഴിയില്ലല്ലൊ സുധിയേട്ടാ… നമ്മുടെ കടങ്ങൾ എല്ലാം വീടി ഈ വാടക വീട്ടിൽ നിന്ന് മാറി ഒരു കൊച്ചുവീട് സ്വന്തം ആകുന്നത് വരെ സുധിയേട്ടൻ എങ്ങനെ എങ്കിലും പിടിച്ച് നിൽക്കു,സുധിയേട്ടൻ ഇല്ലാതെ എനിക്കും പറ്റുന്നില്ല…എങ്കിലും..”
ശാന്തമായി ഉറങ്ങുന്ന അനുമോളുടെ കവിളിൽ സുധി ചുംബിച്ചു. നാല് വയസ്സായ അനുമോളുടെ കൂടെ വർഷത്തിൽ ഒരു മാസം മാത്രമാണ് ചിലവഴിക്കുന്നത്.
ആ രാത്രി സുധി ഉറങ്ങിയില്ല….
കിഴക്ക് വെള്ള കീറി തുടങ്ങി,സുധി കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനലിലൂടെ നോക്കിയപ്പോൾ പടിഞ്ഞാറെ മാവിൽ അനുമോൾക്ക് കെട്ടി കൊടുത്ത ഊഞ്ഞാൽ ഇളം മഞ്ഞ് മൂടി കിടക്കുന്നു.
“സുധിയേട്ടാ….”
ഉറക്കിൽ നിന്ന് എഴുന്നേറ്റ സരിതാ പിറകിലൂടെ അവനെ കെട്ടിപിടിച്ചു…
“ഇത്തവണ വന്നപ്പോഴാണ് അനുമോളുമായി വല്ലാതെ അടുത്തത്…. മുഴുവൻ സമയവും ഒരുമിച്ച് കയ്യിൽ നിന്ന് വിടുന്നുണ്ടായില്ല അവൾ….. ഇന്നത്തെ പകൽ മാത്രമല്ലെ എനിക്ക് നിങ്ങളെ രണ്ടാളെയും ഇങ്ങനെ ചേർത്ത് പിടിച്ചിരിക്കാൻ കഴിയുള്ളു..”
ഒരു തേങ്ങൽ മാത്രമായിരുന്നു സരിതയുടെ മറുപടി…
ഉമ്മറത്ത് ഇരുന്ന് കട്ടൻചായ കുടിച്ച് ഇരിക്കുമ്പോഴാണ്… “അച്ഛാ…”എന്ന് വിളിച്ച് അനുമോൾ ഉറക്കിൽ നിന്ന് ഓടി വരുന്നത്…
ഓടി വന്ന് സുധിയുടെ മടിയിൽ കയറി ഇരുന്നു…
എല്ലാ ദിവസവും രാവിലെ ഉറങ്ങി എഴുന്നേറ്റ് സുധിയുടെ മടിയിൽ കൊഞ്ചി കിടക്കലാണ് അവളുടെ പണി…
സുധിയുടെ അച്ഛനും അമ്മയും നേരത്തെ തന്നെ എത്തി… അവർ സുധിയുടെ അനിയന്റെ കൂടെയാണ് താമസം.. അവന് സർക്കാർ ജോലിയാണ്.. കൂടുതൽ പഠിപ്പും കഴിവും സുധിക്കാണെങ്കിലും ജോലി കിട്ടിയത് അവനാണ്.
സുധിയുടെ ഇഷ്ട്ട പ്രകാരമാണ് സരിതയെ വിവാഹം കഴിച്ചത്, അച്ഛനും അമ്മയും ഇല്ലാത്ത പാവപ്പെട്ട അവളെ വിവാഹം കഴിക്കാൻ സുധിയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു.
വിവാഹ ശേഷം വീട്ടിൽ അച്ഛനും അമ്മയും സരിതയോട് അതിന്റെ നീരസം കാണിക്കാറും ഉണ്ടായിരുന്നു.അത് കൊണ്ടാണ് വേഗം തന്നെ ഒരു വാടക വീട്ടിലേക്ക് മാറേണ്ടി വന്നത്…
ഉച്ചക്ക് എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു… അതിനിടയിൽ അച്ഛന്റെ വക ഒരു ഉപദേശം..
“നീ കിട്ടുന്ന പണമെല്ലാം ദൂർത്തടിച്ചു കളയാതെ വല്ലതും ഉണ്ടാക്കാൻ നോക്ക്…. അത് ഇപ്പോൾ എങ്ങനാ വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ ചോവില്ലെങ്കിൽ അങ്ങനെയാ…”
സുധി സരിതയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
അവൾക്ക് ആകെ അവശേഷിച്ച കമ്മലുകൾ ഊരി തന്നത് കൊണ്ടാണ് തിരിച്ച് പോകാൻ ഉള്ള കാശ് ഒപ്പിച്ചത്..
ഇറങ്ങാൻ ഉള്ള സമയമായി… സരിത റെഡിയാകാനുള്ള വസ്ത്രങ്ങൾ എടുത്ത് മുറിയിലേക്ക് വന്നു. വാതിലടച്ചു അവളെ ചേർത്ത് പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി.ആ വിടർന്ന സുന്ദരമായ വെളുത്ത കണ്ണുകൾ ചെറുതായി ചുമന്നിരുന്നു…
അവളുടെ നെറ്റിയിലേക്ക് ചുംബിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി… അവളുടെ ചുണ്ടികൾക്ക് കണ്ണീരിന്റെ രുചി ആയിരുന്നു…
മുറിയിൽ നിന്ന് പുറത്ത് വന്നപ്പോൾ അനുമോൾ ഓടി വന്നു… അവളെ എടുത്ത് പിടിച്ചു..
“ഇനി സമയം വൈകിക്കണ്ട വേഗം ഇറങ്ങാ…. കൊണ്ടാക്കാൻ പെണ്ണുങ്ങൾ ഒന്നും വരണ്ട…”
അച്ഛന്റെ വർത്താനം കേട്ട് സരിത അവനെ നോക്കി.യാത്ര അയക്കുന്നത് വിഷമം ഉള്ള കാര്യമാണെങ്കിലും, എയർപോർട്ട് വരെ ഒരുമിച്ചിരികാലൊ എന്ന് അവൾ ആഗ്രഹിച്ചിരുന്നു ..
എയർപോർട്ടിൽ വെച്ച് അകത്തേക്ക് കടക്കാൻ… സുധിയുടെ ശരീരത്തിൽ നിന്ന് അനുമോളെ പറിച്ച് എടുക്കേണ്ടി വന്നു…
ഉള്ളിലേക്ക് നടന്ന സുധിയുടെ മനസ്സ് മറ്റെവിടേയൊ ആയിരുന്നു.. കാതിൽ അനുമോളുടെ കരച്ചിൽ അലി ഞ്ഞില്ലാതായപ്പോൾ അവൻ ചില്ല് കൂട്ടിന്റെ പുറത്തേക്ക് നോക്കി… അവനെ നോക്കി അനുമോൾ കൈ കൊണ്ട് പുറത്തേക്ക് വിളിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു…
“മോളെ ഫ്ലൈറ്റ് ഇപ്പോൾ പുറപ്പെടും… അവിടെ ചെന്ന ഉടനെ വിളിക്കാം.നീ വിഷമിച്ചിരിക്കാതെ ഭക്ഷണം ഒക്കെ കഴിക്കണട്ടൊ… ഒരു കൊല്ലം എല്ലാം ദാ ന്ന് പറയുമ്പോഴേക്കും പോകും….എന്നാ ശെരി ഫോൺ എല്ലാം എടുത്ത് വെക്കാൻ പറയുന്നുണ്ട്…. അനുമോൾ പറഞ്ഞ ബാർബി ഡോൾ കൊണ്ട് വരാൻ അച്ഛൻ പോയതാന്ന് അവളോട് പറയു …..”
സുധിയുടെ ശബ്ദം ഇടരുന്നുണ്ടായിരുന്നു…
വിമാനം പറന്നുയർന്നപ്പോൾ സുധി ഒരു മാസക്കാലത്തെ തന്റെ സ്വാർഗ്ഗത്തിലേക്ക് കണ്ണുകൾ അടച്ചു…