അയാൾക്ക് എന്താണ് ആവശ്യമെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു…

രചന: അപ്പു

::::::::::::::::::::::::::::

” അതെ… ബുദ്ധിമുട്ടില്ലെങ്കിൽ ഒരു സഹായം ചെയ്ത് തരാമോ..? എന്നെ ഇഷ്ടപ്പെട്ടില്ലെന്ന് പറയാമോ..? “

മുഖത്തേക്ക് പോലും നോക്കാതെ ചോദിക്കുന്ന പെണ്ണിൽ തന്നെ ആയിരുന്നു അവന്റെ കണ്ണുകൾ.

” അതെന്താടോ..? താൻ എന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ലല്ലോ..? “

അവൻ ചോദിച്ചു. അതിന് മറുപടി ആയി അവൾ ഒന്ന് പുഞ്ചിരിച്ചു. നോവ് കലർന്ന ഒരു ചിരി.

” എവിടെയോ ഒരു തേപ്പ് മണക്കുന്നുണ്ടല്ലോ… “

അവൻ കുസൃതിയോടെ പറഞ്ഞു.

“അയ്യോ തേപ്പ് ഒന്നുമല്ല.. എന്നെ ഒരിക്കലും വേണ്ടെന്നു വയ്ക്കാൻ അവന് പറ്റില്ല..”

അവൾ പെട്ടെന്ന് തന്നെ തിരുത്തി.അവൻ അതിശയത്തോടെ അവളെ നോക്കി.

” തനിക്കെന്താ ഇത്ര ഉറപ്പ്..? “

അവന്റെ ചോദ്യത്തിന് മറുപടിയായി അവൾ നല്ല തെളിച്ചത്തോടെ ഒന്ന് പുഞ്ചിരിച്ചു.

” അവനെക്കുറിച്ച് എനിക്കല്ലാതെ മറ്റാർക്കാണ് അറിയാൻ കഴിയുക..? അവനെ ഞാൻ വിശ്വസിച്ചില്ലെങ്കിൽ ഈ ഭൂമിയിൽ മറ്റാരെയും ഞാൻ വിശ്വസിക്കുന്നില്ല എന്നാണ് അർത്ഥം.. “

അവൾ അവളുടെ കാമുകനെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലായപ്പോൾ അവനെ കൂടുതൽ അറിയാൻ കൊതി തോന്നി.

അതുകൊണ്ടു തന്നെയാണ് ഗിരീഷ് അങ്ങനെയൊരു ചോദ്യം ചോദിച്ചത്.

” തനിക്ക് അയാളെ ഇത്രയും വിശ്വാസമാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ നിങ്ങൾ രണ്ടാളും പിരിഞ്ഞു നിൽക്കുന്നത്..? താൻ അയാളെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അയാളെ കൂടുതൽ അറിയാൻ ഒരു മോഹം.. വിരോധമില്ലെങ്കിൽ.. “

ഗിരീഷ് ആ ചോദ്യം പകുതിക്ക് നിർത്തിയപ്പോൾ തന്നെ അയാൾക്ക് എന്താണ് ആവശ്യമെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

“എനിക്ക് മനസ്സിലായി. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനെ കുറിച്ചാണ് തനിക്ക് അറിയേണ്ടത് എന്ന്.. ഞാനും അവനും തമ്മിൽ പരിചയപ്പെടുന്നത് കോളേജിൽ പഠിക്കുന്ന സമയത്താണ്. സത്യം പറയാലോ അവനെ പരിചയപ്പെടുന്നതിന് മുൻപ് ഞാൻ ആരോടും സംസാരിക്കാതെ സ്വയം എന്നിലേക്ക് മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പ്രകൃതമായിരുന്നു.. ആരോടെങ്കിലും സംസാരിക്കാനോ ഒന്ന് ശബ്ദമുയർത്താനോ പോലും എനിക്ക് ഭയമായിരുന്നു. എന്റെ ആ സ്വഭാവം മുതലെടുത്തു കൊണ്ടാണ് പലപ്പോഴും സീനിയേഴ്സ് എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നത്. അവരോട് എതിർത്തു പറയാനുള്ള പേടി നിമിത്തം അവർ പറയുന്ന എല്ലാ പണികളും ഞാൻ ചെയ്തു കൊടുക്കാറുണ്ട്. അവരുടെ അസൈൻമെന്റും സെമിനാറും എഴുതുന്നത് ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാൻ ഉണ്ടായിരുന്നു. ഒരിക്കൽ എന്റെ ക്ലാസിലെ അസൈൻമെന്റ് ഉണ്ടായിട്ട് പോലും അത് ചെയ്യാൻ സമയമില്ലാതെ സീനിയേഴ്സിനുള്ള വർക്ക് ഞാൻ ചെയ്തു കൊടുത്തു. അതിന്റെ പേരിൽ എന്നെ ക്ലാസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അന്ന് പുറത്തു നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. എനിക്ക് ആ പണികളൊക്കെ തന്ന സീനിയേഴ്സിനോട് വല്ലാത്ത ദേഷ്യം തോന്നി. ദേഷ്യവും സങ്കടവും ഒക്കെ കൂടി എന്റെ കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ നിന്നപ്പോൾ പെട്ടെന്ന് ഒരാൾ മുന്നിൽ വന്നു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു.”

അന്നത്തെ ആ ദിവസത്തിന്റെ ഓർമ്മയിൽ അവൾ ഒന്നു പുഞ്ചിരിച്ചു.

” ഇങ്ങനെ നിന്ന് കരയുന്നതു കൊണ്ട് മാത്രം കാര്യമില്ല. തന്നെ ഇപ്പോൾ ക്ലാസ്സിൽ നിന്ന് പുറത്താക്കിയത് തന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് തന്നെയല്ലേ..? തനിക്ക് ആ വർക്ക് ചെയ്തു കൊടുക്കാൻ പറ്റില്ല എങ്കിൽ അതങ്ങ് പറഞ്ഞാൽ പോരായിരുന്നോ.? തനിക്ക് വർക്കുണ്ട് എന്ന് പറഞ്ഞാൽ അവർ ഒരിക്കലും തന്റെ കയ്യിൽ അവരുടെ വർക്കുകൾ കൊണ്ടു വന്നു തരില്ല. ആരോടും വായ തുറന്ന് ഒന്ന് പറയുകയും ഇല്ല, ചുമ്മാ നിന്ന് കരയുകയാണ്.. “

മുന്നിൽ വന്നു നിന്ന് ദേഷ്യപ്പെടുന്ന ചെറുപ്പക്കാരനെ ആദ്യം കാണുന്നതു പോലെ അവൾ തുറിച്ചു നോക്കി.

” ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇന്നുമുതൽ ആരെങ്കിലും അനാവശ്യമായി നിനക്ക് എന്തെങ്കിലും വർക്കുകൾ കൊണ്ടുവന്നു തരുന്നുണ്ടെങ്കിൽ നിനക്കത് ചെയ്യാൻ പറ്റില്ല എന്ന് തന്നെ പറഞ്ഞാൽ മതി. അവർ അതിൽ എന്തെങ്കിലും ഒബ്ജക്ഷൻ പറയുന്നുണ്ടെങ്കിൽ നേരെ ടീച്ചർമാരോട് പോയി കമ്പ്ലൈന്റ് ചെയ്യണം. ഇങ്ങനെ ഒതുങ്ങിക്കൂടി നിൽക്കുന്ന പ്രകൃതം കൊണ്ടാണ് എല്ലാവർക്കും നിന്നെ ചൂഷണം ചെയ്യാൻ തോന്നുന്നത്. പറഞ്ഞത് മനസ്സിലായോ..? ഇനി അവരോട് അങ്ങനെ പറയാൻ പറ്റില്ല എന്നാണെങ്കിൽ എന്റെ സ്വഭാവം മാറും..”

ഒരു ഭീഷണി പോലെ പറഞ്ഞുകൊണ്ട് അവൻ അന്ന് കൺമുന്നിൽ നിന്ന് അകന്നു പോയി. അവനോടുള്ള പേടി കൊണ്ടാണോ അതോ ടീച്ചർമാർ ചീത്ത പറയും എന്നോർത്തിട്ടാണോ എന്നറിയില്ല പിന്നീട് സീനിയസ് വർക്ക് കൊണ്ടുവന്ന് തരുമ്പോൾ തനിക്ക് ചെയ്യാൻ ജോലിയുണ്ട് എന്ന് പറഞ്ഞ് ഒഴിവാക്കി വിടുകയാണ് പതിവ്.

” അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച. അതിനു ശേഷം അയാളെ കണ്ടപ്പോൾ മനസ്സറിഞ്ഞ് തന്നെ ഞാൻ അയാൾക്ക് ഒരു നന്ദി പറഞ്ഞു. ഒരുപക്ഷേ അന്ന് അയാൾ എന്നോട് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ എന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വരുമായിരുന്നില്ല. പിന്നീട് പലപ്പോഴും പരസ്പരം കണ്ടിട്ടുണ്ട്. എപ്പോഴോ ഞാൻ പോലും അറിയാതെ അവനോട് എന്റെ മനസ്സിൽ ഒരു ഇഷ്ടം ഉടലെടുക്കുകയും ചെയ്തു. എന്നാൽ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് ഞാൻ അത് തുറന്നു പറയുന്നതിന് ഒരുപാട് മുൻപ് തന്നെ അവൻ എന്നോട് ഇഷ്ടം പറഞ്ഞു. അവനോട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിൽ പോലും വീട്ടിലെ കാര്യങ്ങളും മറ്റും ആലോചിച്ചപ്പോൾ അവന്റെ ഇഷ്ടം നിരസിക്കാൻ ആണ് തോന്നിയത്.അത് മനസ്സിലാക്കിയത് പോലെ അവന് അതിനും മറുപടിയുണ്ടായിരുന്നു.’ നല്ലൊരു ജോലി വാങ്ങി നിന്റെ വീട്ടിൽ വന്ന് ഞാൻ വിവാഹം ആലോചിച്ചോളാം. ഉറപ്പായും അവർ നമ്മുടെ ഇഷ്ടം അംഗീകരിക്കും.’ അവൻ അങ്ങനെ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ പിന്നീട് എതിർക്കാൻ തോന്നിയില്ല. ഒരുപക്ഷേ അവനോടുള്ള എന്റെ ഇഷ്ടം മനസ്സിൽ അത്രത്തോളം ഉള്ളതു കൊണ്ട് ആയിരിക്കണം. അതായിരുന്നു ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കം. പിന്നീട് ഞങ്ങളുടെ പ്രണയം കോളേജും മുഴുവൻ അറിഞ്ഞു. എല്ലാവർക്കും ഞങ്ങൾ ഒരു അത്ഭുതം തന്നെയായിരുന്നു. കൈകൾ കോർത്തു പിടിച്ച് ആ കോളേജിന്റെ ഇടനാഴിയിലൂടെ നടക്കാൻ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.”

ആ ഓർമ്മകൾ അവളിൽ ഇപ്പോഴും പുഞ്ചിരി വിരിയിക്കുന്നുണ്ടായിരുന്നു.

” എക്സാം ഒക്കെ കഴിഞ്ഞ് കോളേജിൽ നിന്ന് പോയി കഴിഞ്ഞിട്ടും ഞങ്ങളുടെ അടുപ്പത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം ഒരു വർഷത്തോളം പരസ്പരം വിളിക്കുമായിരുന്നു. കാണാൻ സാധിച്ചില്ലെങ്കിലും പരസ്പരമുള്ള ഫോൺകോളിലൂടെ ഞങ്ങൾ തമ്മിലുള്ള അടുപ്പം ഒരുപാട് വർദ്ധിച്ചിരുന്നു.പക്ഷേ പെട്ടെന്നൊരു ദിവസം മുതൽ അവനെ വിളിച്ചിട്ട് കിട്ടാതെയായി.. ഫോൺ സ്വിച്ച് ഓഫ് ആണ്. അറിയാവുന്ന സോഴ്സുകൾ ഉപയോഗിച്ച് ഒരുപാട് അന്വേഷിച്ചു. അവനെക്കുറിച്ച് ഒരറിവും കിട്ടിയില്ല. എനിക്ക് ഇപ്പോഴും അറിയില്ല അവൻ എവിടെയാണെന്ന്. പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പാണ്. അവൻ ഈ ഭൂമിയിൽ എവിടെയായിരുന്നാലും എന്നെ മറന്ന് അവനൊന്നും ചെയ്യാൻ പറ്റില്ല. ഈ ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും എന്നെ അന്വേഷിച്ച് ഒരു ദിവസം അവൻ വരും.. “

അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഗിരീഷിന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷേ അവൻ മനോഹരമായി പുഞ്ചിരിച്ചു.

പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേട്ടു.

” താൻ പോയി തുറന്നോ.. തനിക്കൊരു സർപ്രൈസ് ഉണ്ട്.. “

ഗിരീഷ് പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നി. അതേ അത്ഭുതത്തോടെ തന്നെയാണ് അവൾ വാതിൽ തുറന്നത്. മുന്നിൽ നിൽക്കുന്ന ആളിനെ കണ്ടപ്പോൾ താൻ സ്വപ്നം കാണുകയാണോ എന്ന് അവൾ സംശയിച്ചു..

അത് അവനായിരുന്നു.. അവൾ പ്രാണനെ പോലെ സ്നേഹിച്ചവൻ..

അവൾ അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും രണ്ടുപേരെയും മാറിമാറി നോക്കി.

“താൻ ഇങ്ങനെ നോക്കണ്ട. ഇവൻ എന്റെ കസിനാണ്. തന്റെ കാര്യങ്ങളൊക്കെ അവൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ ഇന്ന് അവനു വേണ്ടി പെണ്ണുകാണാൻ തന്നെയാണ് ഞങ്ങൾ വന്നത്. പക്ഷേ രണ്ടുമൂന്നു വർഷമായില്ലേ നിങ്ങൾ തമ്മിലുള്ള കോൺടാക്ട് ഇല്ലാതെയായിട്ട്.. അപ്പോൾ ഇപ്പോഴും നീ അവനെ ഓർക്കുന്നുണ്ടോ എന്ന് വീട്ടിലുള്ള ചിലർക്കൊക്കെ ഒരു സംശയം.. അത് മാറ്റാൻ വേണ്ടി ഒരു പരീക്ഷണം ആയിട്ടാണ് ഞാൻ നിന്റെ മുന്നിലേക്ക് വന്നത്. നീ എന്നോട് പറഞ്ഞ കഥകൾ മുഴുവൻ ഫോണിലൂടെ ഇവരൊക്കെ കേട്ടതാണ്.. അതുകൊണ്ട് ആ സംശയം മാറി കിട്ടി.. ഇനിയിപ്പോ നിങ്ങൾക്ക് പരസ്പരം പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞു തീർത്തിട്ട് വായോ..”

രണ്ടുപേരോടും ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ഗിരീഷ് മുറിയിൽ നിന്ന് പുറത്തിറങ്ങിപ്പോയി.

അവൾ അപ്പോഴും അവനെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.

” ഞാൻ നിന്നെ പറ്റിച്ചു പോയി എന്ന് നീ കരുതിയോ..? ഒരു ദിവസം രാത്രിയിൽ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ വേണ്ടി പുറത്തേക്കിറങ്ങിയതാണ്. പക്ഷേ എതിരെ നിയന്ത്രണം വിട്ടു വന്ന കാർ ഇടിച്ച് നേരെ ഒരു പോസ്റ്റിലാണ് തലയിടിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയതാണ്. കോമ സ്റ്റേജിൽ നിന്ന് ബുദ്ധിമുട്ടിയാണ് ഇതുവരെ എത്തിയത്.”

അവൻ പറഞ്ഞപ്പോൾ ഒരു പൊട്ടിക്കരച്ചിലോടെ അവൾ അവനെ ചേർത്തു പിടിച്ചു.

ഒരിക്കലും കൈവിടില്ല എന്നപോലെ അവൻ അപ്പോഴും അവളെ ചേർത്ത് പിടിച്ചിരുന്നു.

✍️ അപ്പു