ഞാനൊരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ല..എനിക്ക് അതിനു കഴിയുകയുമില്ല..എന്റെ സ്നേഹം..അത് നിന്റെ ശരീരത്തോട്….

രചന: അപ്പു

=================

” ഞാനൊരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ല.. എനിക്ക് അതിനു കഴിയുകയുമില്ല.. എന്റെ സ്നേഹം.. അത് നിന്റെ ശരീരത്തോട് മാത്രമായിരുന്നു.. അത് എനിക്ക് ആവോളം ആസ്വദിക്കാനും പറ്റി.. ഇനി എനിക്ക് നിന്റെ ആവശ്യം ഇല്ല.. “

അവൾക്ക് മുന്നിൽ നിന്ന് ചിരിച്ചു കൊണ്ട് അവൻ ക്രൂരമായി പറഞ്ഞു. അവൾക്ക് ഹൃദയം നിലച്ചു പോകും പോലെ തോന്നി.

” ഒരു കാര്യം കൂടി.. ഇനി മേലിൽ എന്നെ കാണാനോ അടുക്കാനോ ശ്രമിക്കരുത്.. “

ഒരു താക്കീത് പോലെ പറഞ്ഞു അവൻ തിരിഞ്ഞ് നടക്കുമ്പോൾ നിശ്ചലയായി നിൽക്കുകയായിരുന്നു അവൾ..

അവന്റെ വാക്കുകൾ അവളെ വല്ലാതെ നോവിക്കും പോലെ..!!!

” എന്തായാലും അറിയാനുള്ളതും പറയാനുള്ളതും എല്ലാം പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് നിന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന സാധനം അത് എനിക്ക് വേണം.. ഞാൻ അണിയിച്ച് തന്നതാണല്ലോ അതും.. ഞാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുമ്പോൾ എന്റെ ഒരു ഓർമ്മകളും നിന്നിൽ അവശേഷിക്കാൻ പാടില്ല. ഞാൻ കെട്ടിയ താലി… അത് എനിക്ക് തിരികെ വേണം..”

അവളെ രൂക്ഷമായി നോക്കിക്കൊണ്ട് അവൻ പറയുമ്പോൾ, അവളുടെ കൈകൾ താലിമാലയിൽ പിടിമുറുക്കി.

“ഇല്ല.. ഇതുമാത്രം എന്നോട് ചോദിക്കരുത്.. ഞാൻ തരില്ല.. നിങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനും, ഇനി കാണാതിരിക്കാനും ഒക്കെ എനിക്ക് സമ്മതമാണ്.പക്ഷേ ഇത്.. ഇത് എന്റെ പ്രാണൻ പകുത്ത് എടുക്കുന്നതു പോലെയാണ്.. സമ്മതിക്കില്ല ഞാൻ..”

ഒരു ഭ്രാന്തിയെ പോലെ അവൾ പുലമ്പി തുടങ്ങി. അവൾ അങ്ങനെയൊക്കെ പറഞ്ഞിട്ടും അവനിൽ യാതൊരു ദയാ ദാക്ഷിണ്യങ്ങളും ഉണ്ടായിരുന്നില്ല.

” ഞാനുമായുള്ള ബന്ധം അവസാനിക്കുമ്പോൾ ഈ താലിമാലയിൽ നീയുമായുള്ള ബന്ധവും അവസാനിക്കുകയാണ്. ഇനിയും അത് നിന്റെ കഴുത്തിൽ കിടക്കുന്നത് എനിക്കിഷ്ടമല്ല. എന്റെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി കടന്നു വന്നാൽ, അതിനിടയിൽ നിന്റെ കഴുത്തിൽ കിടക്കുന്ന താലിമാല എനിക്കൊരു പ്രശ്നം തന്നെയാണ്.. “

അവന്റെ ശബ്ദത്തിന് കൂടുതൽ ഗൗരവം കൈവന്നു കഴിഞ്ഞിരുന്നു.

” ഇല്ല ദേവേട്ടൻ എന്തൊക്കെ പറഞ്ഞാലും ഇത് ഞാൻ തരില്ല.. ഇത് എന്നിൽ നിന്ന് അഴിച്ചെടുക്കുന്നതിന് പകരം എന്നെ കൊന്നു കളയാൻ പാടില്ലായിരുന്നോ..? “

പൊട്ടിക്കരഞ്ഞു കൊണ്ട് ആ പെണ്ണ് ചോദിച്ചിട്ടും അവന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. താലിമാല ഊരി കൊടുക്കാൻ അവൾ തയ്യാറല്ല എന്ന് കണ്ടതോടെ അവൻ തന്നെ അത് മുൻകൈയെടുത്ത് വലിച്ചു പൊട്ടിച്ചു.

അവളെക്കൊണ്ട് കഴിയുന്ന തരത്തിൽ ഒക്കെ അവനെ അകറ്റിനിർത്താൻ അവൾ ശ്രമിച്ചെങ്കിലും അവന്റെ ആ പ്രവർത്തിയെ തടയാൻ അവൾക്ക് കഴിഞ്ഞില്ല. മനസ്സു കൊണ്ടും ശരീരം കൊണ്ടും അവൾ ഒരുപാട് തളർന്നു കഴിഞ്ഞിരുന്നു.

” ഇതോടെ ഞാനും നീയും തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.. ഇനി ഇവിടെ കടിച്ചു തൂങ്ങി നിൽക്കരുത്. ഇവിടെ നിന്ന് ഇറങ്ങണം.”

അവൻ പറഞ്ഞതൊക്കെ മനസ്സിനെ കല്ലാക്കി കൊണ്ടാണ് അവൾ കേട്ടു നിന്നത്.

അവൻ പറഞ്ഞതു പോലെ അവന്റെ താലിമാല കഴുത്തിൽ ഇല്ലാതെ, അവനും അവളും തമ്മിലുള്ള ബന്ധങ്ങൾ എല്ലാം അവസാനിപ്പിച്ചു കൊണ്ട് അവൾ ആ വീടിന്റെ പടിയിറങ്ങി.

തിരികെ സ്വന്തം വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ ഇനിയെന്ത് എന്നൊരു ചോദ്യം അവളുടെ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പലതരത്തിലുള്ള അഭിപ്രായങ്ങളും പ്രകടനങ്ങളും അവൾ കണ്ടു കഴിഞ്ഞിരുന്നു. ചിലർ അവളെ കുറ്റപ്പെടുത്തുമ്പോൾ ചിലർ സഹതാപം നടിക്കുന്നു. ഇതിൽ ഏതാണെങ്കിലും അവളെ കുത്തി നോവിക്കുക തന്നെയാണ് ചെയ്തു കൊണ്ടിരുന്നത്.

ദിവസങ്ങൾ കടന്നു പോകവേ അവൾ ഒരു മുറിയിലേക്ക് മാത്രമായി ഒതുങ്ങി പോകുന്നത് അവളുടെ ഏട്ടനും ഏട്ടത്തിയമ്മയും ഒക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളെ ഒരു മകളെപ്പോലെ സ്നേഹിക്കുന്ന അവർക്ക് അവളുടെ ഈ അവസ്ഥ വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെയായിരുന്നു.

അതുകൊണ്ടു തന്നെയാണ് അവർ നിർബന്ധിച്ചു അവളെ പഠിക്കാൻ അയച്ചു തുടങ്ങിയത്. ആദ്യമൊക്കെ അവരുടെ നിർബന്ധം കൊണ്ട് മാത്രം ക്ലാസിലേക്ക് പോയിരുന്ന അവൾ പിന്നെ പിന്നെ അതിൽ ഉത്സാഹം കാണിക്കാൻ തുടങ്ങി.

സ്വയം എന്തെങ്കിലും ചെയ്യണം എന്നൊരു തോന്നൽ അവളുടെ ഉള്ളിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. അതിന്റെ പരിണിതഫലമായി രണ്ടു വർഷങ്ങൾക്കിപ്പുറം നല്ലൊരു ഗവൺമെന്റ് സർവീസിൽ അവൾക്ക് പ്രവേശിക്കാൻ കഴിഞ്ഞു.

അപ്പോഴും അവളുടെ ഉള്ളിൽ ദേവൻ ഒരു കനലായി അവശേഷിച്ചു. അവളെ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് വന്ന ആലോചനയായിരുന്നു ദേവന്റേത്. അവൾക്കും ആദ്യ കാഴ്ചയിൽ തന്നെ അയാളെ ഇഷ്ടപ്പെട്ടിരുന്നു. വിവാഹത്തിന് മറ്റ് എതിർപ്പുകൾ ഒന്നുമില്ലാതെ ആയതോടെ ആഡംബരത്തോടെ തന്നെ വിവാഹം കഴിഞ്ഞു.

പക്ഷേ വിവാഹത്തിനു ശേഷം രണ്ടുമാസങ്ങൾക്കപ്പുറം താലി വലിച്ചു പൊട്ടിച്ചു കൊണ്ട് അവളെ ആ വീട്ടിൽ നിന്ന് ഇറക്കി വിടുമ്പോൾ അവന്റെ മനസ്സിൽ എന്തായിരുന്നു എന്ന് അവൾക്കും അറിയില്ലായിരുന്നു.

അവൾക്ക് ജോലി കിട്ടിയതോടെ വീണ്ടും ഒരു വിവാഹത്തിന് വേണ്ടി വീട്ടുകാർ അവളെ നിർബന്ധിച്ചു തുടങ്ങി. അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യമായിരുന്നു അത്.

“വീണ്ടും ഒരു വിവാഹം.. അതിന് എനിക്ക് ഒരു താല്പര്യവുമില്ല.. എന്റെ കഴുത്തിൽ താലികെട്ടിയ പുരുഷൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അയാളെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് കാണാൻ പോലും എനിക്ക് കഴിയില്ല.”

നിർബന്ധം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഒരിക്കൽ അവൾ വീട്ടിൽ തുറന്നു പറഞ്ഞു.

” നീ പറഞ്ഞ നിന്നെ താലികെട്ടിയ പുരുഷന് നിന്നെ ആവശ്യമായിരുന്നെങ്കിൽ ഒരിക്കലും അവൻ നിന്നെ വീട്ടിൽ നിന്ന് ഇറക്കി വിടില്ലായിരുന്നു. ആ സമയത്ത് ദേഷ്യം കൊണ്ട് അങ്ങനെ ചെയ്തതാണെങ്കിൽ പോലും പിന്നീട് എപ്പോഴെങ്കിലും അവന് നിന്നെ തേടി വരാമായിരുന്നു. ഒരിക്കലും അവൻ അങ്ങനെ ചെയ്തിട്ടില്ല.അവന് നിന്നെ വേണ്ട എന്നുള്ളത് അതിൽ നിന്നൊക്കെ തന്നെ വ്യക്തമാണല്ലോ. “

അമ്മയായിരുന്നു ആ പറഞ്ഞത്. അമ്മയുടെ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.

“അമ്മ പറയുന്നത് ശരിയായിരിക്കും. ദേവേട്ടന് എന്നെ വേണ്ടായിരിക്കും. പക്ഷേ എനിക്ക് അങ്ങനെയല്ലല്ലോ. എനിക്ക് അദ്ദേഹത്തെ വേണം. ഇനി ഒരുപക്ഷേ ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും എന്റെ മനസ്സിൽ അദ്ദേഹം അല്ലാതെ മറ്റാരും ഉണ്ടാകില്ല. നിങ്ങളൊക്കെ ഇപ്പോൾ ചിന്തിക്കുന്നുണ്ടായിരിക്കും രണ്ടുമാസത്തെ ദാമ്പത്യം കൊണ്ട് ഇങ്ങനെ പറയാനുള്ള ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടോ എന്ന്.. ഉണ്ട് എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. രണ്ടുമാസത്തെ ദാമ്പത്യത്തിന് മുൻപ് ഒരു വർഷത്തോളം ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതിനു ശേഷം ഞങ്ങൾക്ക് സമയം ഉണ്ടായിരുന്നു. ആ കാലഘട്ടം കൊണ്ട് ഞങ്ങൾ ഒരുപാട് പരസ്പരം അടുത്തതാണ്. ഞങ്ങളെ മനസ്സിലാക്കാൻ ഞങ്ങൾക്ക് വ്യക്തമായി കഴിയും. അന്ന് ദേവേട്ടൻ അങ്ങനെ പ്രതികരിച്ചിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ ഒരു കാരണം ഉണ്ടാവും. ഒരുപക്ഷേ എന്തെങ്കിലും ഒരു പ്രശ്നം കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെങ്കിൽ തീർച്ചയായും അദ്ദേഹം എന്നിലേക്ക് മടങ്ങി വരും. മടങ്ങി വരുമ്പോൾ ഞാനില്ലെങ്കിൽ അദ്ദേഹത്തിന് അത് സഹിക്കാൻ ആവില്ല. ഒരിക്കലും അദ്ദേഹത്തിന് എന്നിലേക്ക് ഒരു മടങ്ങി വരവില്ല എന്ന് എനിക്ക് ബോധ്യമാകുന്ന നിമിഷം നിങ്ങളുടെ ആവശ്യം ഞാൻ അംഗീകരിക്കാം..”

അത്രയും ഉറപ്പോടെ അവൾ അത് പറയുമ്പോൾ അവളുടെ തീരുമാനത്തെ അംഗീകരിച്ചു കൊടുക്കാൻ ആ കുടുംബം തയ്യാറായിരുന്നു.

അതിന്റെ ഫലമായിട്ട് ആയിരുന്നു അവളുടെ ഏട്ടൻ ദേവനെ അന്വേഷിച്ചു പോയത്. വളരെയധികം സന്തോഷത്തോടെ അവളുടെ ഏട്ടനെ ആ കുടുംബം സ്വീകരിച്ചു.

ആ സഹോദരന് മുന്നിൽ അവർക്ക് തുറന്നു പറയാൻ ഉണ്ടായിരുന്നത് വലിയൊരു കഥയായിരുന്നു.

” ദേവന് മോളെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ ആ ഇഷ്ടം ജീവിതകാലം മുഴുവൻ അവന്റെ കൂടെ ഉണ്ടാവാൻ ഈ കുടുംബത്തിലുള്ളവർ തന്നെയാണ് അനുവദിക്കാതിരുന്നത്. അവനെ ഈ കുടുംബത്തിലേക്ക് ദത്ത് എടുത്തതാണ്. മോളെ കണ്ടു വിവാഹം ആലോചിച്ചത് അവന്റെ അച്ഛനമ്മമാരായ ഞങ്ങൾ മാത്രമായിരുന്നു. അവനെ ഈ കുടുംബത്തിലേക്ക് ഏറ്റെടുക്കുമ്പോൾ അവന്റെ പേരിൽ ഞങ്ങളുടെ സ്വത്ത് വകകൾ എല്ലാം തന്നെ എഴുതി വച്ചിട്ടുണ്ടായിരുന്നു. അതിൽ കണ്ണു വച്ചുകൊണ്ട് ചില ബന്ധുക്കൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്ന് ഞങ്ങൾ അറിയാതെ പോയി. മോളുമായുള്ള അവന്റെ വിവാഹം നടത്തിയതിൽ അവർക്കൊക്കെ എതിർപ്പുണ്ടായിരുന്നു.ആ എതിർപ്പ് അവർ പ്രകടിപ്പിച്ചത് അവനോട് ചില കാര്യങ്ങൾ പറഞ്ഞു കൊണ്ടായിരുന്നു. മോളെ ഉപേക്ഷിക്കാനും ഈ വീടുവിട്ട് ഇറങ്ങാനും അവന്റെ അച്ഛന്റെ ബന്ധുക്കൾ അവനോട് പറഞ്ഞു. അല്ലാത്തപക്ഷം അവന്റെ അച്ഛനെ അവർ ജീവനോടെ വെച്ചേക്കില്ല എന്നുകൂടി പറഞ്ഞപ്പോൾ അവരെ അനുസരിക്കാൻ അല്ലാതെ മറ്റൊന്നിനും അവനു കഴിയില്ലായിരുന്നു. അതുകൊണ്ട് മാത്രമാണ് അവൻ അങ്ങനെ പ്രതികരിച്ചത്. ഇപ്പോഴും എന്റെ കുഞ്ഞ് നീറി നീറി കഴിയുന്നത് അവളെ ഓർത്ത് മാത്രമാണ്.”

അവന്റെ അമ്മ ഒക്കെയും തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ ആ സഹോദരന് ഒരു മരവിപ്പായിരുന്നു.

അവൾ ഇപ്പോഴും അവനെ ഓർത്തു കഴിയുന്നു എന്നൊരു വാർത്ത അമ്മയോട് പറയുമ്പോൾ ഇനിയെങ്കിലും അവർ രണ്ടാളും ഒന്നിച്ച് സുഖമായി ജീവിച്ചാൽ മതി എന്നൊരു ചിന്ത മാത്രമായിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്.

അവന്റെ നാവിൽ നിന്ന് ആ വാർത്ത കേട്ട നിമിഷം, ദേവൻ അവളെ അന്വേഷിച്ച് പുറപ്പെട്ടു കഴിഞ്ഞിരുന്നു.

ഇനി ഏതൊക്കെ ശക്തികൾ എതിരെ വന്നാലും അവളില്ലാതെ മറ്റൊരു ജീവിതം ഉണ്ടാകില്ല എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

✍️ അപ്പു