അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ എപ്പോഴും അവളുടെ അമ്മയെ ചുറ്റിപ്പറ്റി മാത്രമുള്ളതായിരുന്നു.

രചന : അപ്പു

:::::::::::::::::::::::::::::::

” എടീ.. നീ അറിഞ്ഞോ നമ്മുടെ കൂടെ പഠിച്ച രേഷ്മ ഇല്ലേ…? അവൾ ഒളിച്ചോടി പോയി..”

വൈകുന്നേരം ജോലി കഴിഞ്ഞു വന്നു വാട്സ്ആപ്പ് തുറന്നപ്പോൾ തന്നെ കണ്ടത് ആവണിയുടെ മെസ്സേജ് ആണ്..

ഇവൾ പറയുന്നത് ഏത് രേഷ്മയെ കുറിച്ചാണ്..? എന്റെ ക്ലാസിൽ തന്നെ പഠിച്ച രേഷ്മയെ കുറിച്ചാണോ..? അവൾ എന്റെ നാട്ടുകാരിയല്ലേ..? എന്നിട്ട് ഇങ്ങനെ ഒരു കാര്യം ഞാൻ അറിഞ്ഞില്ലല്ലോ..!

അത് ഓർത്തിരിക്കുമ്പോഴാണ് അനുവിന്റെ ഫോണ് റിങ്ങ് ചെയ്യാൻ തുടങ്ങിയത്. അമ്മയുടെ കോളാണ് എന്ന് കണ്ടപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ അവൾ ഫോൺ അറ്റൻഡ് ചെയ്തു.

” എടി നിന്റെ കൂടെ പഠിച്ച രേഷ്മയില്ലേ..? ആ കൊച്ച് ഇന്നലെ വൈകുന്നേരം ആരുടെയോ കൂടെ ഇറങ്ങിപ്പോയി.. “

വിശേഷങ്ങൾ പറയുന്നതിനിടയിൽ അമ്മ അത് പറഞ്ഞപ്പോൾ ആകെ ഒരു ഞെട്ടൽ ആയിരുന്നു.

ആവണി പറഞ്ഞപ്പോഴും അത് തനിക്ക് അറിയുന്ന രേഷ്മയെ കുറിച്ച് തന്നെയാണ് എന്ന് വിശ്വാസം ഉണ്ടായിരുന്നില്ല. അതിന് കാരണവുമുണ്ട്..

” അമ്മയ്ക്ക് ആളു മാറിയതൊന്നുമല്ലല്ലോ അല്ലേ..? “

വിശ്വസിക്കാൻ പ്രയാസമുള്ള വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ പലപ്പോഴും പറയുന്ന ആളിനു തെറ്റിപ്പോയതാണ് എന്ന് സങ്കൽപ്പിക്കാറുണ്ടല്ലോ..!

അതു തന്നെയായിരുന്നു അവളുടെ ഉദ്ദേശവും..!!

” പിന്നെ എനിക്ക് അറിയാത്തത് ആണല്ലോ ആ പെൺകൊച്ചിനെ..? “

അമ്മ പറഞ്ഞപ്പോൾ അവൾക്ക് കൂടുതലൊന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല. എങ്കിലും അമ്മയ്ക്ക് പറയാനുള്ളതൊക്കെ അമ്മ ഇങ്ങോട്ടേക്ക് പറയുന്നുണ്ടായിരുന്നു.

” ഇത് അധികകാലമായിട്ടുള്ള അടുപ്പം ഒന്നുമല്ല എന്നാണ് പറഞ്ഞു കേട്ടത്. അഞ്ചോ ആറോ മാസമേ ആയിട്ടുള്ളൂ എന്ന്. ആ കൊച്ച് പിഎസ്സി പഠിക്കാൻ പോകുന്നുണ്ടായിരുന്നു. അവിടെ പഠിപ്പിക്കാൻ വന്ന സാറോ സ്റ്റുഡന്റോ അങ്ങനെ എന്തോ ആണ്.. പക്ഷേ ആ പയ്യന്റെ നാട് ഇവിടെ ഒന്നുമല്ല.. എറണാകുളത്ത് എന്തോ ആണെന്നാണ് പറഞ്ഞു കേട്ടത്.. “

അമ്മ പറയുന്ന ഓരോ വാക്കുകളും അനുവിനെ ഞെട്ടിക്കുന്നുണ്ടായിരുന്നു.

” അമ്മേ എന്നാൽ പിന്നെ ഞാൻ പിന്നെ വിളിക്കാം . ഞാൻ ഓഫീസിൽ നിന്ന് വന്നു കയറിയിട്ടേയുള്ളൂ. ഒന്ന് ഫ്രഷ് ആയിട്ട് പോലും ഇല്ല.. “

അവൾ പറഞ്ഞപ്പോൾ അമ്മ ഫോൺ കട്ട് ചെയ്തു.

ഓരോ പണികളായി ചെയ്തു തീർക്കുമ്പോഴും അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നത് രേഷ്മ തന്നെയായിരുന്നു.

എത്ര പെട്ടെന്നാണ് ഓരോ മനുഷ്യനിലും മാറ്റം സംഭവിക്കുന്നത്..?

അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണം രേഷ്മ തന്നെയാണ്..

അച്ഛനില്ലാതെ അമ്മ മാത്രമായിട്ടുള്ള രണ്ട് പെൺമക്കൾ ആയിരുന്നു രേഷ്മയും അവളുടെ സഹോദരി രേവതിയും. അവരുടെ അച്ഛൻ ചെറുപ്പകാലത്ത് തന്നെ അവരെ ഇട്ടിട്ടു പോയതാണ്.

അച്ഛനും അമ്മയും സ്നേഹിച്ച വിവാഹം കഴിച്ചത് കൊണ്ട് വലിയ ബന്ധം ഒന്നും അവർക്കുണ്ടായിരുന്നില്ല. അയൽക്കാർ മാത്രമായിരുന്നു അവരുടെ ബന്ധുക്കൾ.

അച്ഛനില്ലാതെ മക്കളെ വളർത്താൻ ആ അമ്മ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. തന്നെക്കൊണ്ട് കഴിയുന്ന രീതിയിലുള്ള കൂലിപ്പണികൾക്കൊക്കെ പോയിട്ട് ആയിരുന്നു അമ്മ നിത്യ ചെലവുകൾ കണ്ടുപിടിച്ചിരുന്നത്.

ആ അമ്മയെ കുറിച്ച് പറയുമ്പോൾ എപ്പോഴും രേഷ്മയ്ക്ക് ശബ്ദം ഇടറുമായിരുന്നു.

” എന്റെ അമ്മ എന്തൊരു പാവമാണെന്നോ..സ്വന്തമായി എന്തെങ്കിലും വേണം എന്നൊരു ചിന്ത എന്റെ അമ്മയ്ക്ക് ഇപ്പോഴുമില്ല..നല്ലൊരു ഡ്രസ്സ് പോലും അമ്മ സ്വന്തമായി വാങ്ങാറില്ല. എന്തു വാങ്ങിയാലും അത് ഞങ്ങൾ മക്കൾക്കുള്ളതാണ് എന്നാണ് അമ്മ പറയാറ്. അമ്മയ്ക്ക് സ്വന്തമായി എന്തെങ്കിലും വേണം എന്നൊരു ചിന്തയുള്ളതായി എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല.. നിനക്കറിയോ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന്.. എന്റെ അമ്മയ്ക്ക് മനസ്സമാധാനത്തോടെ ഒരു വീട്ടിൽ കിടന്നുറങ്ങാൻ പറ്റണം. അത് ഞങ്ങളുടെ സ്വന്തം വീടായിരിക്കണം. അമ്മയ്ക്ക് അമ്മയുടെ ഇഷ്ടപ്പെട്ട നിറങ്ങളിൽ ഒരുപാട് വസ്ത്രങ്ങൾ വാങ്ങി കൊടുക്കാൻ എനിക്ക് പറ്റണം.. അങ്ങനെ വളരെ ചെറിയ സ്വപ്നങ്ങൾ മാത്രമേ എനിക്കുള്ളൂ. പക്ഷേ ഈ സ്വപ്നങ്ങളിലേക്ക് എത്താൻ എനിക്ക് ഒരുപാട് ദൂരം സഞ്ചരിക്കണം എന്ന് എനിക്കറിയാം. ആ ദൂരത്ത് ഞാൻ എത്തുന്നത് വരെയും എന്റെ അമ്മയ്ക്ക് ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കണം എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന.. “

രേഷ്മ അങ്ങനെയായിരുന്നു.അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ എപ്പോഴും അവളുടെ അമ്മയെ ചുറ്റിപ്പറ്റി മാത്രമുള്ളതായിരുന്നു.

ഞങ്ങൾ ഭാവിയെക്കുറിച്ച് എന്ത് സ്വപ്നം കാണുമ്പോഴും അവൾക്ക് പറയാനുള്ളത് അവളുടെ അമ്മയെ ഒരു റാണിയായി വാഴിക്കണം എന്ന് മാത്രമാണ്. അമ്മയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നു അവളുടെ ചിന്ത. അല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനോ പ്രവർത്തിക്കാനോ അവൾക്ക് കഴിയില്ലായിരുന്നു.

പഠനം കഴിഞ്ഞ് ക്ലാസുകൾ അവസാനിപ്പിക്കുമ്പോഴേക്കും രേഷ്മയും അവളുടെ അമ്മയും ഒക്കെ ഞങ്ങളുടെ മനസ്സിൽ വല്ലാത്തൊരു സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. ഒരുപക്ഷേ അമ്മയെ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരു കുട്ടി ഈ ഭൂമുഖത്ത് ഉണ്ടാകില്ല എന്ന് ഞങ്ങൾക്കൊക്കെ ഉറപ്പായിരുന്നു.

അത്രത്തോളം ആയിരുന്നു അവർ തമ്മിലുള്ള ഇഷ്ടം.. പക്ഷേ എപ്പോഴാണ് അതിലൊക്കെ മാറ്റം വന്നത് എന്ന് അറിയില്ല..

ക്ലാസുകൾ കഴിഞ്ഞ് പലപ്പോഴും അവളെ പുറത്തു വച്ച് കാണാറുണ്ടായിരുന്നു. ഇടയ്ക്ക് കണ്ടപ്പോൾ അവൾ പുതിയൊരു കോഴ്സ് പഠിക്കാൻ പോകുന്നതിനെക്കുറിച്ചും അതിന്റെ ജോലി സാധ്യതകളെക്കുറിച്ചും ഒക്കെ വല്ലാതെ വാചാലമാകുന്നുണ്ടായിരുന്നു.

” പെട്ടെന്ന് ഒരു ജോലി കിട്ടിയാൽ അമ്മയുടെ കഷ്ടപ്പാടുകൾ അത്രത്തോളം കുറയുമല്ലോ.. ഒരു ജോലിയിൽ കയറിയതിനു ശേഷം വേണമെങ്കിൽ ഡിസ്റ്റൻസ് ആയി ഡിഗ്രി ഒക്കെ എഴുതി എടുക്കാവുന്നതല്ലേ ഉള്ളൂ.. ഞാൻ ഇപ്പോൾ ഒരു ജോലിക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നത്.. എനിക്ക് പഠിക്കാനുള്ളത് ഏത് പ്രായത്തിൽ ആണെങ്കിലും എനിക്ക് പഠിക്കാൻ കഴിയുമല്ലോ… ഇപ്പോൾ എന്തായാലും എന്റെ അമ്മയ്ക്ക് സമാധാനത്തോടെ കുറച്ച് ദിവസങ്ങൾ ഉണ്ടാകണം. അതേയുള്ളൂ ആഗ്രഹം.. “

അന്നും അവൾ പറഞ്ഞത് അവളുടെ അമ്മയെ കുറിച്ചായിരുന്നു.

അവൾ ഡിഗ്രിക്ക് പോയതും ഡിസ്റ്റന്റായി പാസായതും ഒക്കെ അറിഞ്ഞിരുന്നു. ആ ഇടയ്ക്ക് കമ്പനിയിൽ ഒരു വേക്കൻസി വന്നപ്പോൾ അതിനെക്കുറിച്ച് അവളോട് ചർച്ച ചെയ്യുകയും ചെയ്തതാണ്.

” ഇല്ലടെ അത്രയും ദൂരത്തേക്ക് ഒന്നും എന്തായാലും ഞാനില്ല.. അമ്മയെ ഇവിടെ തനിച്ചാക്കി വരാൻ ഒന്നും എനിക്ക് പറ്റില്ല.. അനിയത്തി ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അവൾക്ക് അമ്മയോട് അങ്ങനെ അധികം ഇഷ്ടമൊന്നുമില്ല. അമ്മയും പറയാറുണ്ട് ഞാനില്ലെങ്കിൽ അമ്മയ്ക്ക് ഈ ഭൂമിയിൽ ആരും ഉണ്ടാകില്ല എന്ന്.. “

അതൊക്കെ കേട്ടപ്പോൾ അവളോട് വല്ലാത്ത ബഹുമാനമാണ് തോന്നിയത്. അമ്മയ്ക്ക് വേണ്ടി എത്ര വലിയ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിക്കാൻ അവൾ തയ്യാർ ആയിരുന്നു..

ഇങ്ങനെ ജീവിച്ച ഒരു പെൺകുട്ടി എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഒരു മാറ്റം വന്നത് എന്ന് അനുവിന് അത്ഭുതം തോന്നി.

അമ്മയോടൊപ്പം മാത്രമേ ജീവിക്കൂ. ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് തങ്ങളുടെ വീട്ടിൽ വന്ന് നിൽക്കാൻ കഴിയുന്ന ഒരു ചെറുപ്പക്കാരനെ മാത്രമായിരിക്കും എന്നൊക്കെ പലപ്പോഴും അവൾ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള പെൺകുട്ടി എന്തുകൊണ്ടാണ് അമ്മയെ ഉപേക്ഷിച്ച് ഇത്രയും അകലെ ഒരു നാട്ടിലേക്ക് പോയത്..?

അതും വെറും ആറു മാസങ്ങൾ മാത്രം പരിചയമുള്ള ഒരു ചെറുപ്പക്കാരന്റെ കൂടെ.. അവൾക്ക് അവളുടെ ജീവിതത്തിനെ കുറിച്ച് എന്ത് ഗ്യാരണ്ടിയാണ് പറയാനുണ്ടാവുക..?

അവളെ ഒപ്പം കൂട്ടിക്കൊണ്ടു പോയ ആ ചെറുപ്പക്കാരനു മറ്റൊരു കുടുംബം ഇല്ല എന്ന് ഉറപ്പു പറയാൻ കഴിയുമോ..? ഓരോ ദിവസവും ചതിയുടെ എന്തൊക്കെ കഥകളാണ് നമ്മൾ ഓരോരുത്തരും കേൾക്കുന്നത്..? എന്നിട്ടും അതൊന്നും വിശ്വസിക്കാതെ അറിയാത്ത ഒരു നാട്ടിലേക്ക് അറിയാതെ ഒരു ചെറുപ്പക്കാരന്റെ കൂടെ ഇറങ്ങിത്തിരിക്കാൻ ഇവൾക്ക് എങ്ങനെ കഴിഞ്ഞു..?

അവളുടെ അമ്മ ഇനി എങ്ങനെയായിരിക്കും എന്ന് അവൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?

സ്കൂൾ കാലഘട്ടം മുതൽ അമ്മയുടെ അഭിമാനത്തെക്കുറിച്ചും അമ്മയുടെ സ്വപ്നങ്ങളെക്കുറിച്ചും വല്ലാതെ സംസാരിക്കുമായിരുന്നു അവൾ. തങ്ങളെ ഓർത്ത് അമ്മ അഭിമാനം കൊള്ളുന്ന ദിവസം തങ്ങൾ ഉണ്ടാകുമെന്ന് ഒരുപാട് പ്രതീക്ഷയോടെ അവൾ പറഞ്ഞിരുന്നു.

അമ്മയുടെ ആ പ്രതീക്ഷകളാണ് അവൾ ഇപ്പോൾ തല്ലിക്കെടുത്തിയിരിക്കുന്നത്.ഇനി എന്നെങ്കിലും അമ്മയ്ക്ക് തലയുയർത്തി നാട്ടുകാരുടെ മുഖത്തു നോക്കാൻ കഴിയുമോ..?

ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും ചിലരെങ്കിലും മനസ്സിൽ കരുതുന്നുണ്ടാവും,

” അച്ഛനില്ലാതെ അമ്മ വളർത്തിയതിന്റെ ഗുണം കൊണ്ടാണ് മകൾ ചാടി പോയത് എന്ന്… “

ഇങ്ങനെ ഒരു പേരിൽ മാത്രമായിരിക്കും നാളെ ഒരുപക്ഷേ ആ അമ്മയെ നാട്ടുകാർ പറയുക.. ഇവൾ എന്തുകൊണ്ടാണ് അതൊന്നും ചിന്തിക്കാതെ ഇങ്ങനെ ഒരു തീരുമാനമെടുത്തത്..?

അനു ആകുലതയോടെ ചിന്തിച്ചു.

ഓരോരുത്തർക്കും ഓരോ തീരുമാനങ്ങൾക്ക് പിന്നിലും എന്തെങ്കിലും വ്യക്തമായ ഒരു കാരണമുണ്ടാകുമല്ലോ.ഒരുപക്ഷേ അവൾക്കും പറയാൻ അത്തരത്തിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും.. അത് മനസ്സിലാക്കാൻ തങ്ങൾക്ക് കഴിയാത്തതായിരിക്കാം…

ഒരു നെടുവീർപ്പോടെ അനു ചിന്തിച്ചു.

✍️ അപ്പു