രചന: അപ്പു
::::::::::::::::::::::
“എനിക്ക് നിന്നെ വേണ്ട. ഞാൻ ഒരിക്കലും സ്നേഹിച്ചത് നിന്നെ ആയിരുന്നില്ല. നിന്റെ ശരീരത്തെ മാത്രമായിരുന്നു. അത് എനിക്ക് കിട്ടിയ സ്ഥിതിക്ക് ഞാൻ ഇനി വീണ്ടും നിന്നെ എന്റെ ജീവിതത്തിലേക്ക് എടുത്തു വയ്ക്കേണ്ട കാര്യമില്ലല്ലോ..”
അവളെ നോക്കി പരിഹസിച്ച് ചിരിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ അവളിൽ ആകെപ്പാടെ ഒരു അമ്പരപ്പായിരുന്നു.
“ഇനി എന്നെ കാണാൻ ശ്രമിക്കരുത്..”
അവൻ നിർദാക്ഷിണ്യം അവളോട് പറഞ്ഞു.
” അരുണേട്ടൻ ഇത് എന്തൊക്കെയാ പറയുന്നത്.. എന്നെ പറ്റിക്കുന്നത് എപ്പോഴും അരുണേട്ടന് വലിയ ഇഷ്ടമാണ്.ഇങ്ങനത്തെ തമാശകൾ ഒന്നും വേണ്ട കേട്ടോ..”
അവൾ ചിണുങ്ങി.
” ഞാൻ പറയുന്നത് കേട്ടിട്ട് തമാശയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ അശ്വിനി..? “
അവന്റെ ആ വിളിയിൽ നിന്ന് തന്നെ അവളോടുള്ള അടുപ്പം കുറവ് വ്യക്തമായിരുന്നു. അത് അറിഞ്ഞതു പോലെ ഒരു അമ്പരപ്പ് അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.
പരിചയപ്പെട്ട് ഇന്നു വരെയും അച്ചു എന്ന് മാത്രമാണ് അരുൺ വിളിച്ചിട്ടുള്ളത്. ആദ്യമായിട്ടാണ് അശ്വിനി എന്നുള്ള വിളി..
പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അരുണിനോട് തെറ്റൊന്നും ചെയ്തത് ആയിട്ട് അശ്വിനിക്ക് ഒരു ഓർമ്മയും ഉണ്ടായിരുന്നില്ല.
“അരുണേട്ടൻ എന്താ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്..? ഞാൻ അരുണേട്ടനോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ..”
അവൾ കരഞ്ഞു.
” ഞാൻ പറഞ്ഞില്ലേ നീ തെറ്റ് ചെയ്തു എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്ക് നിന്നെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞു എന്നാണ് പറഞ്ഞത്. ഇനി നിന്നോട് കൂടുതൽ സംസാരിക്കാൻ എനിക്ക് താല്പര്യമില്ല. ദയവു ചെയ്ത് എന്റെ വഴിയിൽ തടസ്സമായി നിൽക്കരുത്.”
അത്രയും പറഞ്ഞു കൊണ്ട് അവളെ വകവയ്ക്കാതെ അവൻ മുന്നോട്ടു നടന്നു.
അവൻ പറഞ്ഞിട്ട് പോയ വാക്കുകളുടെ ആഘാതത്തിൽ നിന്ന് പുറത്തു വരാൻ അവൾക്ക് കുറെയേറെ സമയം വേണ്ടി വന്നു.
അത് മനസ്സിലാക്കി എടുത്തപ്പോഴേക്കും അവൻ അവളിൽ നിന്ന് ഒരുപാട് അകന്നു പോയി കഴിഞ്ഞിരുന്നു.
അവനെ കണ്ടു തിരികെ വീട്ടിലേക്ക് വന്ന അവൾക്ക് തന്റെ സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. സ്വന്തം മാതാപിതാക്കളെ കണ്ടപ്പോൾ അവരെ കെട്ടിപ്പിടിച്ച് അവൾ പൊട്ടി കരയുകയായിരുന്നു.
” നിങ്ങളെ കാണിക്കാം എന്ന വാക്ക് പറഞ്ഞിട്ടാണ് ഞാൻ പോയത്. പക്ഷേ ഇപ്പോൾ.. ഇനി ഒരിക്കലും ഞങ്ങൾ ഒന്നിക്കില്ല.. അതിനുള്ള യോഗം ഞങ്ങൾക്കില്ല.. “
അത്രയും പറഞ്ഞുകൊണ്ട് അവൾ മുറിയിൽ കയറി വാതിൽ അടച്ചു.
തന്റെ സങ്കടങ്ങൾ മുഴുവൻ കണ്ണീരിന്റെ രൂപത്തിൽ അവൾ ഒഴുക്കി വിടുമ്പോൾ,ചിന്തിച്ചത് മുഴുവൻ അവനോടൊപ്പം ഉണ്ടായിരുന്ന നല്ല ഓർമ്മകൾ മാത്രമായിരുന്നു.
കോളേജിൽ പഠിക്കുമ്പോൾ അവളെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ട് ഇഷ്ടം പറഞ്ഞതായിരുന്നു അരുൺ. കാഴ്ചയിലും സ്വഭാവത്തിലും ഒക്കെ നല്ലൊരു ചെറുപ്പക്കാരനായി തോന്നിയത് കൊണ്ട് അവൾക്കും അവനോട് ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു.
എങ്കിലും കോളേജിൽ ഉള്ള പ്രണയങ്ങൾ വിശ്വസനീയമല്ല എന്ന് പണ്ട് ആരോ പറഞ്ഞു കൊടുത്ത ഓർമ്മയിൽ അവൾ അവനോട് മറുപടി പറഞ്ഞിരുന്നില്ല.
പക്ഷേ അവന്റെ ജീവിതത്തിൽ അവൾ വേണമെന്ന് അവന് വല്ലാത്ത വാശിയുള്ളതു പോലെ ആയിരുന്നു അവന്റെ പ്രവർത്തികൾ.
അവളെക്കൊണ്ട് സമ്മതം പറയിക്കുന്നത് വരെ അവൻ അവളുടെ പിന്നാലെ നടന്നു. അപ്പോഴൊന്നും അവൻ അവന്റെ ഇഷ്ടം പറഞ്ഞിരുന്നില്ല. മറിച്ച് അവൾക്ക് നല്ലൊരു സുഹൃത്തായും താങ്ങായും തണലായും നിൽക്കാനാണ് അവൻ ശ്രമിച്ചത്.
പിന്നീട് ഒരിക്കലും അവൻ ഇഷ്ടം പറഞ്ഞ് ബുദ്ധിമുട്ടിക്കാത്തത് കൊണ്ട് തന്നെ അവൾക്ക് അവനോട് ഒരു താൽപര്യം തോന്നിയത് സ്വാഭാവികം.
അവളുടെ പ്രവർത്തികളിൽ നിന്ന് അവൻ അത് മനസ്സിലാക്കി എടുക്കുകയും ചെയ്തു. അവളെക്കൊണ്ട് തുറന്നു പറയിക്കാൻ അവൻ ശ്രമിച്ചെങ്കിലും, ആ കാര്യത്തിൽ അവൻ പരാജയപ്പെട്ടു പോയി.
പക്ഷേ പരസ്പരം രണ്ടുപേർക്കും ഇഷ്ടമാണ് എന്ന്. പിന്നീടുള്ള പ്രവർത്തികളിൽ നിന്ന് അവർ പരസ്പരം മനസ്സിലാക്കി കൊടുക്കുന്നുണ്ടായിരുന്നു.
നല്ല സുഹൃത്തുക്കൾക്ക് മാത്രമേ നല്ല ദാമ്പത്യം നയിക്കാൻ കഴിയൂ എന്നുള്ള തത്വത്തിൽ വിശ്വസിക്കുന്നത് പോലെയായിരുന്നു അരുൺ. അവൻ എല്ലായിപ്പോഴും അവൾക്ക് നല്ലൊരു സുഹൃത്തായിരുന്നു.
സാമ്പത്തികമായി കുറച്ച് ഉന്നത രീതിയിലുള്ള കുടുംബമായിരുന്നു അവളുടെത്. അവളുടെ കുടുംബത്തിനോടൊപ്പം പിടിച്ചു നിൽക്കാൻ കഴിയുന്ന ഒരു സാമ്പത്തികം അരുണിന്റെ കുടുംബത്തിന് ഉണ്ടായിരുന്നില്ല.
പക്ഷേ അതൊന്നും അവരുടെ ഇഷ്ടത്തിനു മുന്നിൽ ഒരു കാരണങ്ങളെ ആയിരുന്നില്ല. കോളേജ് കഴിഞ്ഞ് രണ്ടുപേരും രണ്ടു വഴിക്ക് പിരിഞ്ഞു പോയെങ്കിലും അവർ തമ്മിലുള്ള ഇഷ്ടം ഒരിക്കലും അവസാനിച്ചിരുന്നില്ല.
അവളുടെ വീട്ടിൽ വിവാഹം ആലോചിച്ചു തുടങ്ങി എന്നറിഞ്ഞപ്പോഴാണ് ആദ്യമായി തങ്ങളുടെ പ്രണയം വീട്ടിൽ പറയുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചത്.
തന്റെ ഇഷ്ടങ്ങൾ ഇന്നുവരെ തന്റെ വീട്ടുകാർ എതിർത്തിട്ടില്ല എന്നുള്ള അവളുടെ ആത്മവിശ്വാസം കൊണ്ടായിരുന്നു ആദ്യം തന്നെ അവൾ അവളുടെ വീട്ടിൽ കാര്യം പറഞ്ഞത്.
അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ അവൾ ഇഷ്ടം പറഞ്ഞു കഴിഞ്ഞപ്പോൾ വീട്ടുകാർ ആരും എതിർപ്പ് പറഞ്ഞില്ല. മറിച്ച് അച്ഛനും അമ്മയും അവളോട് ആവശ്യപ്പെട്ടത് അവനെ ഒന്ന് കാണണം എന്ന് മാത്രമായിരുന്നു.
തീർച്ചയായും അതിനുള്ള അവസരം ഒരുക്കാം എന്ന് അവരോട് വാക്കു പറഞ്ഞു കൊണ്ടായിരുന്നു അവൾ അരുണിനെ കാണാൻ പോയത്.അവനിൽ നിന്നുള്ള പ്രതികരണം അവളെ പക്ഷേ തളർത്തി കളഞ്ഞിരുന്നു.
അരുൺ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് പുറത്തു വരാൻ അവൾക്ക് ഒരുപാട് സമയം എടുത്തു. പുറത്തേക്കിറങ്ങാൻ പോലും അവൾക്ക് ഒരു മടിയായിരുന്നു.
അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം അവൾ വീണ്ടും പുറത്തേക്ക് ഇറങ്ങിത്തുടങ്ങി.
ഒരിക്കൽ ക്ഷേത്രത്തിൽ പോയപ്പോഴാണ് അവൾ അവളുടെ ഒരു സുഹൃത്തിനെ കണ്ടത്. അവളുടെ സുഹൃത്ത് എന്ന് പറയുന്നതിനേക്കാൾ അവന്റെയും അവളുടെയും ഒരു കോമൺ ഫ്രണ്ട് എന്ന് പറയുന്നതാണ് നല്ലത്.
പരസ്പരം കണ്ടു പലതും സംസാരിക്കുന്ന കൂട്ടത്തിൽ അവൾ വെറുതെയെങ്കിലും അവനെ കുറിച്ച് അന്വേഷിച്ചു.
“അരുണേട്ടൻ ഇപ്പൊ എവിടെയാണെന്ന് അറിയാമോ..?”
വല്ലാത്തൊരു വേദനയോടെയാണ് അവൾ ആ ചോദ്യം ചോദിക്കുന്നത് എന്ന് ആ സുഹൃത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു.
“നീ എന്തിനാ ഇനിയും അവനെ അന്വേഷിക്കുന്നത്..? അവന് നിന്നെ വേണ്ടെന്നു പറഞ്ഞതല്ലേ..?”
ആ സുഹൃത്ത് ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിച്ചു.
” വേണ്ടെന്ന് പറഞ്ഞത് അരുണേട്ടൻ അല്ലേ..? ഞാനല്ലല്ലോ.. എനിക്ക് എന്നും എപ്പോഴും അരുണേട്ടൻ തന്നെയാണ് ബെസ്റ്റ്. ഞാൻ സ്നേഹിച്ച എന്റെ അരുണേട്ടന് ഒരിക്കലും ഇങ്ങനെയൊന്നും പ്രതികരിക്കാൻ പറ്റില്ല.. അത് മറ്റാരെക്കാളും എനിക്ക് ഉറപ്പാണ്.. “
കണ്ണ് നിറച്ചുകൊണ്ട് അവൾ അത് പറഞ്ഞപ്പോൾ അധികനേരം ഒന്നും പിടിച്ചു നിൽക്കാൻ ആ സുഹൃത്തിന് കഴിഞ്ഞില്ല.
“നിന്റെ ഈ വേദനയും വിഷമവും ഒക്കെ അവനും അനുഭവിക്കുന്നുണ്ട്.നിങ്ങളെ രണ്ടാളെയും ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ആളുകൾ ഇപ്പോൾ ഉള്ളിൽ ചിരിക്കുന്നുണ്ടായിരിക്കും.”
സുഹൃത്ത് അത് പറഞ്ഞപ്പോൾ അവൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവാതെ അവൾ അവനെ അമ്പരന്നു നോക്കി.
“ഞാൻ കാര്യമായി പറഞ്ഞതാണ്. മകൾ സ്നേഹിച്ചവന് സാമ്പത്തികം ഇല്ല എന്ന് കണ്ടപ്പോൾ അച്ഛനും അമ്മയും കൂടി അവനെ ചെന്നു കണ്ടിരുന്നു. ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം അവർ രണ്ടാളും ആത്മഹത്യ ചെയ്യും എന്നുമൊക്കെ പറഞ്ഞ് അവനെ ഒരുപാട് ഭീഷണിപ്പെടുത്തി. ബന്ധങ്ങളുടെ വില നന്നായി അറിയുന്ന അവന് അവരുടെ ആത്മഹത്യ ഭീഷണി സഹിക്കാൻ കഴിഞ്ഞില്ല. അതിന്റെ ഫലമായിട്ടായിരുന്നു അന്ന് അവൻ നിന്നെ വേണ്ടെന്ന് പറഞ്ഞത്.. എന്നിട്ട് ഇപ്പോഴും മകളുടെ ഇഷ്ടങ്ങളെ അംഗീകരിക്കുന്ന മാതാപിതാക്കളായി അവർ ആടി തിമിർക്കുന്നുണ്ടായിരിക്കും.”
പുച്ഛത്തോടെ ആ സുഹൃത്ത് പറഞ്ഞു നിർത്തിയപ്പോൾ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ.
കേട്ടതൊന്നും സത്യമാവരുത് എന്നൊരു പ്രാർത്ഥനയോടെയാണ് അവൾ അച്ഛനോടും അമ്മയോടും ഇതൊക്കെയും തുറന്നു ചോദിച്ചത്. അവളുടെ മുന്നിൽ മറുപടിയില്ലാതെ അവൾ നിൽക്കുമ്പോൾ അവൾക്ക് വ്യക്തമായും മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അറിഞ്ഞത് ഒക്കെയും സത്യമാണ് എന്ന്..!
പിന്നീടുള്ള അവളുടെ ഒരേയൊരു ആഗ്രഹം അരുണിനെ കാണാൻ കഴിയണം എന്ന് മാത്രമായിരുന്നു. ആ സുഹൃത്തിന്റെ സഹായത്തോടെ തന്നെ അരുണിനെ തേടി കണ്ടുപിടിച്ചു അവന്റെ അടുത്തേക്ക് പാഞ്ഞു ചെല്ലുമ്പോൾ ഇത്രയും ദിവസത്തെ വിരഹത്തിന്റെ കഥ അവർക്ക് ഒരുപാട് പറയാനുണ്ടായിരുന്നു…!!
✍️ അപ്പു