എനിക്ക് അമ്മയുടെ പോലത്തെ കണ്ണാണെന്ന് അച്ഛൻ പറയുന്നത് ഇതുകൊണ്ടാണല്ലേ…

രചന : അപ്പു

:::::::::::::::::::::::

” അച്ഛാ ഈ ഫോട്ടോയിൽ ഉള്ളതാണോ എന്റെ അമ്മ..? “

മുറിയിൽ ചില്ലിട്ടു വച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി മൂന്നു വയസ്സുകാരി ചോദിക്കുന്നത് കേട്ടപ്പോൾ വൈശാഖിന്റെ കണ്ണ് നിറഞ്ഞു.

എങ്കിലും പുഞ്ചിരി അഭിനയിച്ചു കൊണ്ട് അവൻ അതേ എന്ന് തലയാട്ടി.

” അമ്മയെ കാണാൻ എന്തു സുന്ദരിയാ അല്ലേ..? എനിക്ക് അമ്മയുടെ പോലത്തെ കണ്ണാണെന്ന് അച്ഛൻ പറയുന്നത് ഇതുകൊണ്ടാണല്ലേ.. “

അവൾ കൊഞ്ചി കൊണ്ട് ഓരോന്ന് ചോദിക്കുമ്പോഴും വൈശാഖിന്റെ ചിന്തകൾ മുഴുവൻ അവന്റെ നല്ല പാതിയെക്കുറിച്ച് ആയിരുന്നു.

അവൾ… ഹിമ.. ഒരു ഹിമകണം പോലെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു പെൺകുട്ടി.

ബാംഗ്ലൂരിൽ അത്യാവശ്യം നല്ലൊരു ഐടി കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് അവളുടെ ആലോചന വരുന്നത്. വിവാഹത്തെക്കുറിച്ച് അമ്മ പറഞ്ഞപ്പോഴൊക്കെയും അതിന് തടസ്സം നിന്നത് അതിനുള്ള പ്രായം എത്തിയിട്ടില്ല എന്നുള്ള കാരണം പറഞ്ഞിട്ടായിരുന്നു.

പെണ്ണുകാണലിന് വേണ്ടി നാട്ടിലേക്ക് വരാൻ പറഞ്ഞപ്പോഴും ദേഷ്യം മാത്രമാണ് തോന്നിയത്. എത്രയും വേഗം ഇതിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് ഊരി പോകണം എന്ന് മാത്രമാണ് ആഗ്രഹിച്ചത്.

അമ്മയുടെ മാത്രം നിർബന്ധമായിരുന്നു ആ വിവാഹാലോചന. അതുകൊണ്ടു തന്നെ താല്പര്യമില്ലാതെയാണ് പെണ്ണുകാണൽ ചടങ്ങിൽ പങ്കെടുത്തത്.

അവരുടെ വീട്ടിൽ എത്തിയിട്ടും ആരോടും നല്ല രീതിയിൽ പെരുമാറാൻ എനിക്ക് കഴിഞ്ഞില്ല. ഒരുപക്ഷേ എന്റെ പെരുമാറ്റം നല്ലതായാൽ അവർ വിവാഹം ഉറപ്പിച്ചാലോ എന്ന് ഞാൻ ഭയന്നു.

ആരോടും മിണ്ടാതെ ചെന്ന ഉടനെ മൊബൈലും നോക്കി ഞാൻ സോഫയിലേക്ക് ഇരുന്നു. എന്റെ ആ പെരുമാറ്റം അമ്മയ്ക്ക് ഇഷ്ടമായിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്. എങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല.

എങ്ങനെയെങ്കിലും ഈ വിവാഹം മുടങ്ങുകയാണെങ്കിൽ മുടങ്ങിക്കോട്ടെ എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്.

പെൺകുട്ടി ചായയുമായി മുന്നിൽ വന്നു നിന്നിട്ടും അവളുടെ മുഖത്തേക്ക് നോക്കാനുള്ള മര്യാദ പോലും ഞാൻ കാണിച്ചില്ല.

” നീ ഒന്ന് ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്ക്.. “

എന്റെ തുടയിൽ നുള്ളി കൊണ്ട് അമ്മ അത് പറഞ്ഞപ്പോൾ അമ്മയ്ക്ക് വേണ്ടിയാണ് അവളുടെ മുഖത്തേക്ക് നോക്കിയത്. അപ്പോഴും ആകാംക്ഷയോടെ അവൾ എന്റെ മുഖത്ത് നോക്കി നിൽക്കുന്നുണ്ടായിരുന്നു.

കാഴ്ചയിൽ വലിയ തെറ്റില്ലാത്ത പെൺകുട്ടി എന്നല്ലാതെ അവളെക്കുറിച്ച് വലുതായിട്ട് എനിക്ക് ഒന്നും തോന്നിയില്ല.

ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അതിനുള്ള അവസരം എന്ന് പറഞ്ഞു കാരണവൻമാർ എല്ലാവരും കൂടി എന്നെ അവളുടെ മുറിയിലേക്ക് കടത്തി വിട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്.

പിന്നെ ഓർത്തു എന്തെങ്കിലും കാരണം പറഞ്ഞ് അവളെ കൊണ്ട് തന്നെ വിവാഹം വേണ്ടെന്നുവപ്പിക്കാമെന്ന്..!

” കുട്ടിക്ക് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമേ താഴെ പറയാൻ പാടുള്ളൂ. എനിക്ക് എന്തായാലും തന്നെ ഇഷ്ടപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല ഒരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഞാൻ ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല. അതുകൊണ്ട് ഞാൻ പറഞ്ഞതായിരിക്കും നല്ലത്.. “

ആ പെൺകുട്ടിയോട് പേരെന്താണെന്ന് ചോദിക്കാനുള്ള മര്യാദ പോലും കാണിക്കാതെ ഞാൻ അത് പറയുമ്പോൾ അവൾ എന്റെ മുഖത്തേക്ക് അമ്പരന്നു നോക്കുന്നുണ്ടായിരുന്നു.

” ആക്ച്വലി ഞാൻ ചേട്ടനോട് ഇതുതന്നെയാണ് പറയാൻ വന്നത്. എനിക്ക് ഇപ്പോൾ ഒരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഒരു താല്പര്യവും ഇല്ല. പ്രത്യേകിച്ച് എന്റെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും എതിരെ നിൽക്കുന്ന ഒരാളാണെങ്കിൽ എന്നെക്കൊണ്ട് തീരെ പറ്റില്ല.. അതുകൊണ്ട് ചേട്ടനോട് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറയണം എന്നാണ് ഞാൻ കരുതിയത്.. “

അവൾ പറഞ്ഞത് കേട്ടപ്പോൾ പകുതി ആശ്വാസം തോന്നി.

ഇതിപ്പോൾ ഞാൻ മുടക്കിയില്ലെങ്കിലും അവൾ കല്യാണം മുടക്കിക്കോളും എന്ന് തോന്നി.

” ചേട്ടന് ചേട്ടന്റെ വീട്ടിൽ പറഞ്ഞുകൂടെ എന്നെ ഇഷ്ടപ്പെട്ടില്ല എന്ന്..? “

അവൾ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.

” അതിന് പറ്റുമെന്ന് തോന്നുന്നില്ല.. ഞാൻ വിവാഹം വേണ്ട എന്ന് എത്രയൊക്കെ വാശി പിടിച്ചിട്ടും അമ്മയുടെ നിർബന്ധം കൊണ്ട് മാത്രമാണ് ഇന്ന് നമ്മുടെ പെണ്ണുകാണൽ നടന്നത്. ആ സ്ഥിതിക്ക് ഞാനിനി തന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ഉറപ്പായും വിവാഹം മുടക്കാൻ വേണ്ടി പറയുന്നതാണെന്ന് കരുതും.”

എനിക്ക് നിസ്സഹായ അവസ്ഥയായിരുന്നു.

“എന്തായാലും നമുക്ക് രണ്ടാൾക്കും ഒന്നു ശ്രമിച്ചു നോക്കാം.റിസൾട്ട് എന്തു തന്നെയാണെങ്കിലും നമ്മൾ അനുഭവിച്ചാൽ അല്ലേ മതിയാകൂ..”

അങ്ങനെ പറഞ്ഞു കൊണ്ടാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്.

രണ്ടു വീട്ടിലും ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തന്നെയാണ് പറഞ്ഞത്. പക്ഷേ ജാതകത്തിന്റെ പിൻബലത്തിൽ ഞങ്ങളുടെ വിവാഹം നടക്കുക തന്നെ ചെയ്തു.

രണ്ടുപേർക്കും ഒരു വിവാഹത്തിനോടും കുടുംബ ജീവിതത്തിനോടും താൽപര്യമില്ലാത്ത അതുകൊണ്ടുതന്നെ ആദ്യ ദിവസങ്ങളിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളെ പോലെ തന്നെയാണ് മുന്നോട്ടു പോയത്. പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഒരിക്കലും ഞങ്ങൾ നല്ല ഭാര്യ ഭർത്താക്കന്മാർ ആയിട്ടില്ല എന്നും എന്റെ വീട്ടിൽ കണ്ടുപിടിക്കാൻ അധികം താമസം ഒന്നും വേണ്ടി വന്നില്ല.

അതിന്റെ പേരിൽ വീട്ടിൽ ചെറിയ ചില സംസാരങ്ങളൊക്കെ ഉണ്ടാവുകയും ചെയ്തു. അങ്ങനെ ഒരു സാഹചര്യത്തിലാണ് ബാംഗ്ലൂരിലേക്ക് അവളെയും കൊണ്ട് മാറാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയത്.

അവൾക്ക് വേണമെങ്കിൽ അവിടെ ഒരു ജോലി നോക്കാം എന്നുകൂടി തീരുമാനിച്ചതോടെ, ഞങ്ങൾ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.

അവിടെ ഞങ്ങൾ മാത്രമായി ഒരു ജീവിതം ഉണ്ടാകുമ്പോൾ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നും നല്ലൊരു ദാമ്പത്യജീവിതം ഞങ്ങൾ മുന്നോട്ട് നയിക്കും എന്ന് ഞങ്ങളുടെ വീട്ടുകാർ പ്രതീക്ഷിച്ചു.

യഥാർത്ഥത്തിൽ സംഭവിച്ചത് അങ്ങനെ തന്നെയായിരുന്നു. ഞങ്ങൾ പോലും അറിയാതെ ഞങ്ങൾക്കിടയിൽ പ്രണയം മൊട്ടിടാൻ തുടങ്ങി.

വിവാഹം കഴിഞ്ഞ് ഏഴു മാസങ്ങൾ പൂർത്തിയായപ്പോൾ ഒന്നിച്ച് ജീവിക്കാൻ കഴിയും എന്നൊരു അവസ്ഥയിലേക്ക് ഞങ്ങൾ എത്തിയിരുന്നു. ഇവിടെ മുതലാണ് ഞങ്ങൾ നല്ല ഭാര്യ ഭർത്താക്കന്മാരായി ജീവിക്കാൻ തുടങ്ങിയത്.

ഇനിയുള്ള ദിവസങ്ങളെല്ലാം ഞങ്ങൾ ആസ്വദിക്കുകയായിരുന്നു എന്ന് തന്നെ പറയാം.ഇഷ്ടങ്ങൾ പരസ്പരം മനസ്സിലാക്കി അതിനു വേണ്ടി പ്രയത്നിക്കാൻ ഇരുവരും മത്സരിക്കുകയായിരുന്നു.

ഏകദേശം രണ്ടു വർഷത്തോളം ദാമ്പത്യജീവിതം പിന്നിടുമ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തുന്നുണ്ട് എന്നുള്ള വാർത്ത അവൾ എന്നെ അറിയിച്ചത്. സന്തോഷത്തിന്റെ കൊടുമുടിയിൽ എന്നു പറയുന്ന അവസ്ഥയായിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും.

അവളുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കാൻ ഞാൻ മത്സരിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

പക്ഷേ അഞ്ചാം മാസത്തിലെ സ്കാനിംഗ് കഴിഞ്ഞപ്പോൾ ഡോക്ടർ ഈ പ്രഗ്നൻസി വേണ്ട എന്ന് ഞങ്ങളോട് ഉറപ്പിച്ചു പറഞ്ഞു.

” ഒരിക്കലും ഒരു കുഞ്ഞിനെയും അബോട്ട് ചെയ്തു കളയാൻ ഞങ്ങൾ ആരും പ്രമോട്ട് ചെയ്യില്ല. പക്ഷേ ഇവിടെ നിങ്ങളുടെ കാര്യത്തിൽ കാര്യങ്ങൾ കുറച്ചു കോംപ്ലിക്കേറ്റഡ് ആണ്. ഒന്നുകിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ് എന്നൊരു കണ്ടീഷനിൽ ആയിരിക്കും ഒരു പക്ഷേ നിങ്ങളുടെ ഡെലിവറി നടക്കുക. അത്രയും വലിയ ഒരു റിസ്കിലേക്ക് കൊണ്ടു വന്ന് എത്തിക്കുന്നതിലും നല്ലത് ഈ കുഞ്ഞിനെ ഇനി വേണ്ടെന്ന് വയ്ക്കുന്നതാണ്. നിങ്ങൾ രണ്ടാളും ചെറുപ്പമല്ലേ..? കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകുമല്ലോ.. “

അത് പറഞ്ഞപ്പോൾ രണ്ടുപേർക്കും വല്ലാത്ത വിഷമം ആയിരുന്നു. സംസാരിച്ചു തീരുമാനം എടുക്കാം എന്നു പറഞ്ഞു കൊണ്ടാണ് അന്ന് ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തിയത്.

എനിക്ക് അവളുടെ ജീവനായിരുന്നു പ്രധാനം.അതുകൊണ്ട് ഡോക്ടറുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ തന്നെയായിരുന്നു ആഗ്രഹം. പക്ഷേ അവൾ അതിനെ എതിർത്തു.

” നീ എന്തൊക്കെ പറഞ്ഞാലും എന്റെ വയറ്റിൽ പിറന്ന കുഞ്ഞിനെ ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല. അതിനെ ഞാൻ പ്രസവിക്കുക തന്നെ ചെയ്യും. എന്റെ ജീവൻ ഇല്ലാതായാലും സാരമില്ല എന്റെ കുഞ്ഞ് ഈ ഭൂമിയിൽ പിറക്കുക തന്നെ വേണം.. “

അവളുടെ വാശിക്ക് ഒപ്പം നിൽക്കാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയില്ലായിരുന്നു.അവളുടെ വയറു വീർത്ത് വരുന്നതിനനുസരിച്ച് എനിക്ക് ടെൻഷൻ കൂടി വരികയായിരുന്നു.

പ്രസവത്തിനായി അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ രണ്ടാളെയും ഒരു കുഴപ്പവുമില്ലാതെ എനിക്ക് തരണം എന്ന് മാത്രമാണ് പ്രാർത്ഥിച്ചത്.

പക്ഷേ പ്രാർത്ഥനകളെയൊക്കെയും വിഫലമാക്കിക്കൊണ്ട് ഒരു പെൺകുഞ്ഞിനെ എനിക്ക് സമ്മാനിച്ചു അവൾ ഈ ഭൂമി വിട്ടു പോയി.

അവളുടെ വേർപാടിൽ നിന്ന് മോചനം നേടാൻ ഒരുപാട് സമയമെടുത്തെങ്കിലും കുഞ്ഞിന് വേണ്ടി താൻ അതിജീവിച്ചേ മതിയാകൂ എന്ന് അറിയാമായിരുന്നു.

അവൾക്ക് വേണ്ടി മാത്രമുള്ള ജീവിതമാണ് ഇപ്പോൾ ഉള്ളത്. കുഞ്ഞിനെ അവളുടെ അമ്മയെ കുറിച്ച് പറഞ്ഞു കൊടുക്കാനുള്ള സമയമായിരിക്കുന്നു.. അവൾ അറിയട്ടെ അവളുടെ അമ്മ ചെയ്ത ത്യാഗമാണ് അവളുടെ ജീവിതം എന്ന്…!!!

✍️ അപ്പു