സമ്മാനം
രചന: RJ Sajin
::::::::::::::::::::::
വളരെ വേഗത്തിൽ ഹോൺ മുഴക്കി വണ്ടിയോടിക്കുമ്പോൾ രജിത്തിന്റെ മനസ്സ് അത്രത്തോളം അസ്വസ്ഥമായിരുന്നു .
“നിങ്ങടെ നാള് മോശം നാൾ ആണ് …ഈ നാളുകാരൻ ഉണ്ടേൽ കൂടെ ജോലി ചെയ്യുന്നൊർക്ക് പോലും സമാധാനം കിട്ടൂല ….ഹഹഹ “
“യ്യോ ഇനി എന്റെ സൈഡിലൊന്നും വന്നിരിക്കല്ലു …എനിക്ക് വയ്യ അനുഭവിക്കാൻ …”
“ചുമ്മാതല്ല ഞാനെടുത്ത ലോട്ടറി അടിക്കാത്തത് …..ഹഹഹ “
കാർ ഓടിക്കുമ്പോഴും അവന്റെ ചെവിയിൽ മുഴങ്ങിയിരുന്നത് പരിഹാസ ചിരികളായിരുന്നു
തൊഴിലിടത്തെ ചില സഹപ്രവർത്തകരുടെ കുത്തിനോവിക്കലുകൾ അന്നും രജിത്തിനെ അത്രമേൽ തളർത്തിയിരുന്നു .
വ്യക്തിപരമായ ഇടത്തിൽ പോലും വന്ന് വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുമ്പോൾ കേട്ട് നിൽക്കുകയെന്നല്ലാതെ തിരിച്ചൊന്നും പറയാറില്ല ..
അവർക്ക് അതൊരു വളമായി മാറിയപ്പോൾ രജിത്ത് അവരുടെ നേരമ്പോക്കിനുള്ള സ്ഥിരം ഇരയുമായി .
നിറം ഉയരം വണ്ണം നാൾ മതം ജാതി വിശ്വാസം എന്നിങ്ങനെ ഏതൊക്കെ രീതിയിൽ ഒരാളെ ചൊറിയാം ആ രീതിയിലൊക്കെ അവരുടെ നാവിന്റെ അമ്പുകൾ രജിത്തിന്റെ ഉടലിൽ തറപ്പിച്ചിരുന്നു
തിരിച്ചു മറുപടികൾ പറയാൻ പറ്റാതെപോയതിന്റെ അമർഷം അവൻ ഹോണിൽ തീർത്തുകൊണ്ടുതന്നെയിരുന്നു .
കാലുകൾ ബ്രേക്കിൽ അമർന്നപ്പോഴാണ് മുന്നിൽ വന്നു ചാടിയ ആ വയസായ സ്ത്രീയെ രജിത്ത് കണ്ടത് …
നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനസികമായി പ്രശ്നമുള്ള സ്ത്രീ .
നന്നായി അമർത്തി ഗ്ലാസ് താഴ്ത്തിയശേഷം തന്റെ ദേഷ്യമെല്ലാം അവരിൽ തന്നങ്ങു തീർത്തു .
വാതോരാതെ ശകാരിച്ചു .
എന്നാൽ ചെറുപുഞ്ചിരിയോടെയാണ് ആ സ്ത്രീ അത് നിന്ന് കേട്ടത് ..
തന്റെ തെ റികൾ പോലും ഒരാളിൽ ചിരിയേ വിടർത്തിയുള്ളൂ എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു രജിത് വീണ്ടും യാത്ര തുടർന്നു .
ഇച്ചിരി വൈകി വീട്ടിലെത്തി.
മനസ്സ് അസ്വസ്ഥമായിരുന്നു അപ്പോഴും .
മുന്നിലിരുന്ന ഭാര്യയെയും കുഞ്ഞിനേയും ഒന്ന് നോക്കാൻപോലുമുള്ള മനസ്സലിവ് അപ്പോഴേക്കും അവനിൽ നഷ്ടപ്പെട്ടിരുന്നു .
മുറിയ്ക്കുള്ളിൽ ഇരിക്കാൻ മടിച്ച രജിത്ത് പിൻവശത്തുള്ള വിറകുപുരയിൽ തിടുക്കത്തിൽ ചെന്നു .
എന്തുപറ്റിയെന്ന ഭാവത്തിൽ ഭാര്യ വീണ രജിത്തിനെ തന്നെ നോക്കിനിന്നു .
രജിത്ത് തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റു എടുത്തു പുകയ്‌ക്കാൻ തുടങ്ങി .
ഓരോ പുകയെടുക്കുമ്പോഴും തന്റെ നിസ്സഹായത കണ്ണുകളിലൂടെ അവനറിയുന്നുണ്ടായിരുന്നു .
ചെളിപറ്റിയ ഒരു ചാക്ക് അവന്റെ ശ്രദ്ധയിൽപ്പെട്ടത് അപ്പോഴാണ് .
ആഞ്ഞുവലിക്കുന്നിനിടയിൽ വെറുതെ ചാക്കിലോന്നു പരതി ..
ഒരുപാട് സർട്ടിഫിക്കറ്റുകളും ട്രോഫികളും …
തലോടലിൽ കയ്യിൽ കട്ടിയുള്ളോരു ബുക്ക് തടഞ്ഞു ….
മെല്ലെ അത് പുറത്തെടുത്തു .
ബുക്ക് കണ്ടപ്പോൾ തന്നെ അവന്റെ മനസ്സ് മന്ത്രിച്ചു .
“ഡയറി “
വേഗം സിഗരറ്റ് എടുത്തു ദൂരെയെറിഞ്ഞു .
മറ്റുബുക്കുകൾ ചിതലരിച്ചെങ്കിലും തന്റെ ഡയറിക്ക് മാത്രം കാര്യമായൊന്നും സംഭവിച്ചില്ല .
പത്താം വയസ്സിലെഴുതിയ ആ ഡയറിയെയും നെഞ്ചോടു ചേർത്ത് അവൻ മുറിയിലേക്ക് നടന്നു ..
വല്ലാത്തൊരു ഹൃദയമിടുപ്പ് അവനിൽ വന്നുചേർന്നു .
കട്ടിലിൽ ചെന്നിരുന്നു ഡയറി തുറന്നു .
ആകാംക്ഷയോടെ പേജുകൾ മറിച്ചു .
എന്തെന്നില്ലാത്തൊരു സന്തോഷം ഉള്ളിൽ അലയടിച്ചു ..
ആ പഴയ നാലാം ക്ലാസ്സിന്റെ ഓർമ്മകളും അന്നത്തെ നിഷ്കളങ്കരായ കൂട്ടുകാരും സുഷമ ടീച്ചറും വീട്ടിൽ വന്നു കാണുന്ന ജ്വാലയായ് സീരിയലുമെല്ലാം വായിക്കാതെ തന്നെ അവന്റെ മനസ്സിൽ ഓടിയെത്തി .
അവൻ ജിജ്ഞാസയോടെ വായിക്കാൻ തുടങ്ങി ….
ഓർമ്മകൾ വിരിഞ്ഞുമുറുക്കുംതോറും കണ്ണുകൾ ഈറനണിയിച്ചുകൊണ്ടിരുന്നു ..
ഈ ഡയറി വായിച്ചു തീരുമ്പോളേക്കും ഞാൻ ഇന്നിന്റെ തിരക്കിൻറെ ലോകത്തേക്കാണല്ലോ എന്ന ചിന്ത അവന്റെ മനസ്സിനെ കാർന്നു തിന്നു .
എന്ത് രസമായിരുന്നു ആ കുട്ടിക്കാലം .
കളികളും കളിയാക്കലുകളും എല്ലാം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന ഉള്ളിൽ കപടമില്ലാത്ത ആ കാലം
ഒരു വേർതിരിവുകളും ഞങ്ങൾക്കിടയിലില്ലായിരുന്നു .
അന്ന് രജിത്ത് രജിത്ത് തന്നെയായിരുന്നു …ഇന്ന് മറ്റാർക്കൊക്കെയോ വേണ്ടി ഒതുങ്ങിക്കൂടി …
വായനയുടെ ഇടയിൽ രജിത്ത് സ്വയം ഓർത്തു .
തുടർന്ന് വായനയിൽ മുഴുകവേയാണ് രജിത്തിന്റെ നാവിലൊരു പേര് ഉടക്കിയത് .
രേവതി ആന്റി .
സുന്ദരിയായ ആ ആന്റിയുടെ ശബ്ദം എവിടെയോ അലയടിക്കുന്നുണ്ട് .
പക്ഷെ അതാരാണ് .
ഏറെ നേരത്തെ ആലോചനയ്ക്കു ശേഷവും ഒരെട്ടും പിടിയും കിട്ടാതെ വന്നപ്പോൾ അവൻ വീണ്ടും വായനയിലേക്ക് നീങ്ങി .
ഡയറിയുടെ അവസാന പേജിൽ വീണ്ടുമുണ്ട് രേവതിയാന്റി .
സമ്മാനവുമായി വരാന്നു പറഞ്ഞിട്ട് ഇന്നേക്ക് 7 ദിവസമായി ഇതുവരെ വന്നില്ല എന്നായിരുന്നു ആ വരികൾ .
എന്തായിരുന്നു ആ സമ്മാനം ..
ആരായിരുന്നു ആ ആന്റി …
എനിക്കെന്തിനാ സമ്മാനം തരുന്നത് …
പിന്നീട് എപ്പോഴെങ്കിലും തന്ന് കാണുമോ …
തുടങ്ങിയ ചോദ്യങ്ങൾ രജിത്തിനെ വേട്ടയാടി തുടങ്ങിയിരുന്നു .
ഡയറി മടക്കിയ ശേഷം തിടുക്കത്തിൽ അമ്മയോട് ചെന്ന് രേവതിയാന്റിയെപ്പറ്റി തിരക്കി .
അമ്മയ്ക്ക് അങ്ങിനൊരാളെ പറ്റി ഓർമ്മയില്ല .
ആർക്കും ഓർമ്മയില്ലാത്ത ആ സ്ത്രീ ആരായിരുന്നു .
രജിത്തിന്റെ മനസ്സിനെ പിടിച്ചുകുലച്ചിരുന്നു ആ ചോദ്യം.
അന്ന് നടന്ന സംഭവങ്ങളുടെ ചൂട് മാറാൻ രജിത്തിന് ഇത് തന്നെ ധാരാളമായിരുന്നു .
മനസ്സൊന്നു ശാന്തമായപ്പോൾ മുറിക്കുള്ളിൽ ചെന്നു …
വീണയോട് അന്ന് നടന്നതെല്ലാം തുറന്നുപറഞ്ഞു .
ഏറെ നാളുകൾക്ക് ശേഷമാണ് ഭാര്യയോട് അത്രേം ആഴത്തിൽ സംസാരിച്ചതുപോലും .
ഉള്ളിൽ ഒളിപ്പിച്ച വിഷമങ്ങൾ മറ്റൊരാളോട് തുറന്നുപറയുമ്പോൾ തന്നെ മനസ്സൊന്ന് ശാന്തമാകും എന്ന സത്യം അവൻ പൂർണ്ണമായും മനസ്സിലാക്കിയ നേരം കൂടിയായിരുന്നു അത് .
അത് വളരെ ആശ്വാസമാണ് രജിത്തിന് നൽകിയത് .
അന്നത്തെ രാത്രി അങ്ങനെ വളരെ കഷ്ടപ്പെട്ട് ഉറങ്ങിത്തീർത്തു .
എന്നാൽ അന്നത്തെ രജിത്തിന്റെ സ്വപ്നത്തിൽ സ്വപ്നത്തിൽ രേവതി ആന്റിയും സമ്മാനവും ആയിരുന്നു .
നാളെ വരാമേ എന്നുള്ള മുഴക്കായിരുന്നു രജിത്തിന്റെ ചെവിയിൽ ..
പിറ്റേദിവസവും ജോലിസ്ഥലത്തോട്ടുള്ള യാത്ര തുടങ്ങി .
മനസ്സിലെവിടെയോ തന്റെ കുട്ടിക്കാലത്തെ ഒത്തൊരുമയും ഊർജ്ജവും കരുത്തും സന്തോഷവും ..
പരമാവധി ഒഴിഞ്ഞുമാറുക എന്നിട്ടും തലയിൽ കേറുന്നവർക്കിട്ട് കൊട്ട് കൊടുക്കുക എന്നിട്ട് മാന്തിവിടുക എന്ന തന്റെ പഴേ ശീലം തന്നെയാ നല്ലതെന്ന് ഒരുറക്കം കഴിഞ്ഞെഴുന്നേറ്റപ്പോഴേക്കും അവന്റെ മനസ്സിൽ വന്നുചേർന്നു .
അതവനെ കൂടുതൽ ശക്തനാക്കി ..
ഇന്നലെകളിൽ മിന്നിയതെല്ലാം നൂറഴകോടെ വീണ്ടും അവനിൽ ചേക്കേറുന്നപോലെ ..
അവനിൽ വല്ലാത്തൊരു ആത്മവിശ്വാസം ആയിരുന്നു …
ഓഫീസിൽഎത്തിയ രജിത്തിനിട്ട് ചൊറിയാൻ അന്നും ഒപ്പമുള്ള ചില സഹപ്രവർത്തകരെത്തി .
“നിന്റെ ഭാര്യ മെലിഞ്ഞിട്ടല്ലേ …ഈ തടിയനായ നിന്നെ എങ്ങനെ സഹിക്കുന്നെടാ ….”
കൂട്ടത്തിലെ പ്രമുഖന്റെ കമന്റ് …കേട്ടുനിന്നവരുടെ ഹഹഹ ഉടൻ തന്നെയുണ്ടായിരുന്നു …
“വണ്ണമുള്ള എന്നെ എന്റെ ഭാര്യക്കിഷ്ടമാണ് ….പക്ഷെ എന്റെ സംശയമതല്ല …..ഒപ്പമുള്ളവരെ ബോഡിഷെയിമിങ് മാത്രം ചെയ്ത് ചിരിക്കുന്ന നിന്നെയൊക്കെ എങ്ങനെയാ വീട്ടിലുള്ളോർ സഹിക്കുന്നത് …
അതോ കുടുംബത്തോടെ ഇങ്ങനെ വിഷംചീറ്റികളാണോ “
ഒരു നിശബ്ദദത പടരാൻ ഇത് തന്നെ ധാരാളമായിരുന്നു .
എല്ലാവരും രജിത്തിന്റെ മുഖത്ത് തന്നെ നോക്കി .
രജിത്തിന്റെ മുഖത്തു ചിരിയല്ലാതെ മറ്റൊന്നുമില്ല .
ആ ചിരി അതവർക്ക് താങ്ങാനാകുന്നതിലും അധികമായിരുന്നു .
ഇത്തവണ തിരിച്ചുപറയാനോ വീണ്ടും പരിഹസിക്കാനോ അവർ നിന്നില്ല .
ഇത്രേം നാളും ക്ഷമയോടെ പരിഹാസങ്ങൾ ഒന്നും മിണ്ടാതെ ഏറ്റുവാങ്ങിയ രജിത്ത് എത്രത്തോളം ശക്തനായിരുന്നു എന്ന് പുഞ്ചിരിച്ചുകൊണ്ടുള്ള രജിത്തിന്റെ വാക്കുകളിൽ നിന്ന് പ്രകടമായിരുന്നു .
ഒരൊറ്റ കൊട്ടിൽ അടപടലം വീണു .
രജിത്ത് വളരെ സന്തോഷത്തോടെ ജോലിയിൽ മുഴുകി .
ഒപ്പമുള്ള മറ്റ് സഹപ്രവർത്തകരോടോപ്പോം ഒത്തിരി മിണ്ടുകയും ചെയ്തു .
വൈകിട്ടത്തെ തിരികെയുള്ള കാർ യാത്ര അത്രമേൽ സുന്ദരമായി രജിത്തിന് തോന്നി .
“ഇന്ന് ഞാൻ ഞാനായി തന്നെ തന്നെ നിന്നു .”
ഹഹഹ …..സ്വയം പറയവേ ഒരു അട്ടഹാസം അവനിൽ വന്നു .
അവരെന്തു കരുതും ….ഞാൻ മാത്രം സഹിക്കണം തുടങ്ങിയ വിചാരങ്ങളെ കാറ്റിൽപറത്തി കാറിലെ പാട്ടുകളുടെ ഒപ്പം പാടി ചിരിച്ച മുഖത്തോടെ യാത്ര തുടർന്നു .
കാർ അപ്പോഴേക്കും തന്റെ നാട്ടിലോട്ട് എത്തിയിരുന്നു …
അതാ നിൽക്കുന്നു ഇന്നലെ കണ്ട ആ സ്ത്രീ .
കയ്യിൽ പഴകിയ ഒരു സഞ്ചിയുമയാണ് നിൽപ്പ് .
ഇന്നലെ നടത്തിയ തെറി അഭിഷേകം രജിത്തിന്റെ മനസ്സിൽ ഓടി വന്നു .
പാവം …
മനസ്സിന് സുഖമില്ലാത്ത ആ സ്ത്രീയെ അങ്ങനെ വിളിക്കരുതായിരുന്നു .
എവിടെയോ ഒരു മനസ്സലിവ് ..കുറ്റബോധം ..
നടുറോഡിൽ ആണേലും വണ്ടിയൊന്ന് മെല്ലെ ചവിട്ടി .
“ക്ഷമിക്കണം “
പതിഞ്ഞ സ്വരത്തിൽ രജിത്ത് അവരുടെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു .
അപ്പോഴും ഒരു ചിരി ആ സ്ത്രീയുടെ ചുളുങ്ങിയ ചുണ്ടുകളിൽ പ്രകടമായിരുന്നു .
അപ്പോഴേക്കും പിന്നിലെ വണ്ടികളുടെ ഹോണടി മുഴങ്ങിത്തുടങ്ങി .
ആ സ്ത്രീ ഒന്ന് ചുമച്ച ശേഷം തിടുക്കത്തിൽ അഴുക്കു നിറഞ്ഞ തന്റെ സഞ്ചി തുറന്നു…
ഇവരെന്താ കാണിക്കുന്നത് എന്ന മട്ടിൽ രജിത് സൂക്ഷ്മമായി നോക്കി .
വളരെ പെട്ടെന്നായിരുന്നു നിറം മങ്ങിയ ഒരു പാവക്കുട്ടി അവർ രജിത്തിന്റെ നേരെ നീക്കിയത് .
അവരുടെ കണ്ണിൽ വെള്ളം നിറഞ്ഞതുകണ്ടപ്പോൾ രജിത് അത് അൽപ്പം മടിയോടെ വാങ്ങി .
പിറകിലെ ഡ്രൈവർ ദേഷ്യം കൊണ്ട് ഹോണടികൂട്ടി .
രജിത്ത് വണ്ടി മുന്നോട്ട് എടുക്കവേ പിന്നിലെ വണ്ടിക്കാരന്റെ വാക്കുകൾ രജിത്തിന്റെ ചെവിയിൽ തിരമാലപോലെ ആർത്തിരമ്പി .
” മറ്റുള്ളവരുടെ നേരം നശിപ്പിക്കാതെ റോഡീന്ന് മാറെഡി ..രേവതീ …..”
ഒത്തിരി വർഷം പഴക്കമുള്ള പാവക്കുട്ടിയെയും നോക്കി രജിത്ത് കാർ ഓടിക്കുമ്പോൾ അവന്റെ കണ്ണുകൾ ആകെ കലങ്ങിയിരുന്നു .
തന്റെയുള്ളിലെ ഒത്തിരി ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു പിന്നിലെ ആ വയസൻ ഡ്രൈവറുടെ വാക്കുകളിൽ നിന്ന് രജിത്തിന് ലഭിച്ചത് .
ഡയറിയിലെ സമ്മാനം എന്നത് ആ പാവ മാത്രമല്ല …പ്രതികരണശേഷിയുള്ള ആ പഴയ രജിത്തിനെ തന്നെയായിരുന്നു എന്ന് അവന്റെ ഹൃദയം അവനോട് പങ്കുവെച്ചു .
മനസ്സിൽ ഒരു ചോദ്യം മാത്രം ബാക്കി …
രേവതി ആന്റിക്കെന്താ ശരിക്കും സംഭവിച്ചത് ?
ശുഭം
ആർ ജെ സജിൻ