രചന: അപ്പു
:::::::::::::::::::::::::
” നഷ്ടബോധം തോന്നുന്നുണ്ടോ..? “
വിവാഹ പന്തലിലേക്ക് നോക്കി നിൽക്കുമ്പോഴാണ് തൊട്ടടുത്തു നിന്ന് ആ ചോദ്യം.. അതിന്റെ ഉടമ വിഷ്ണു ഏട്ടനാണ് എന്ന് കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്തു കാണിക്കാതെ പുഞ്ചിരിച്ചു.
“ഇല്ല ഏട്ടാ.. ഇതാണ് ശരി..”
അത് പറയുമ്പോഴും ശബ്‌ദം ഇടറാതിരിക്കാനും വാക്കുകൾ മുറിയാതിരിക്കാനും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
” എത്രയൊക്കെ ഒളിച്ചു വെയ്ക്കാൻ ശ്രമിച്ചാലും ചില നോവുകൾ അറിയാതെ പുറത്തേക്ക് വരും.. അത് ഒളിച്ചു വെയ്ക്കണ്ട.. അത് ഒഴുകിക്കോട്ടെ.. “
അനുകമ്പയാണ് ആ സ്വരം നിറയെ…!
” ഏട്ടൻ എന്തൊക്കെ പറഞ്ഞാലും ഞാൻ ചെയ്തതാണ് ശരി എന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അത് ഒരിക്കലും മാറാൻ പോകുന്നില്ല.. “
അത്യധികം ഉറപ്പോടെയാണ് ആ വാക്കുകൾ ഞാൻ പറഞ്ഞത്. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല. ആ സമയത്ത് അതല്ലാതെ മറ്റൊന്നും പറയാനോ ചോദിക്കാനോ ഇല്ലാതിരുന്നത് കൊണ്ടാണ്.
ഒരുപക്ഷേ പറഞ്ഞും ചോദിച്ചു ഒക്കെ വരുമ്പോൾ വേദനിക്കുന്നതും എനിക്ക് തന്നെയായിരിക്കും.
വിവാഹ പന്തലിൽ വരന്റെ സ്ഥാനത്ത് ഇരിക്കുന്നവൻ എന്റെ പ്രണയമാകുമ്പോൾ എങ്ങനെയാണ് വേദനിക്കാതെ ഇരിക്കുന്നത്..?
അത് വിവേകാണ്. അയാൾ എന്റെ ജീവിതത്തിലേക്ക് ഓടി കയറി വന്നത്, ഒരു പെരുമഴയത്തായിരുന്നു.
ക്ലാസ് കഴിഞ്ഞ് മടങ്ങി വരാൻ അന്ന് താൻ പതിവിലും താമസിച്ചിരുന്നു. ഭയങ്കരമായ മഴ നിമിത്തം ബസ്സുകൾ ഒക്കെയും പതിയെയാണ് ഓടിയത്. മുന്നോട്ടുള്ള വഴി കാണാൻ ആവാതെ പലയിടത്തും ബസ് നിർത്തിയിടേണ്ടി വരെ വന്നു.
വൈകിയെത്തിയത് കൊണ്ട് തന്നെ കുടയും പിടിച്ച് തിടുക്കപ്പെട്ട് വീട്ടിലേക്ക് നടക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ ഏതോ ഒരു മനുഷ്യൻ എന്റെ കുടക്കീഴിലേക്ക് ഓടിക്കയറിയത്.
ഭയത്തോടെയും ആശങ്കയോടെയും ആണ് കൂടെ വന്നവനെ നോക്കിയത്.
” കുട്ടി പേടിക്കേണ്ട. ഞാൻ തന്നെ ഉപദ്രവിക്കാൻ വന്നതൊന്നുമല്ല. എന്റെ വീട് ദേ അവിടെ വളവിലാണ്.. മഴ പെയ്യുന്ന തീരെ പ്രതീക്ഷിക്കാത്തതു കൊണ്ട് കുടയൊന്നും കഴിയില്ല. കുറെ നേരമായി ഞാൻ ഇവിടെ നോക്കി നിൽക്കുകയാണ്.ഒരാൾ പോലും കുടയും ചൂടി പോകുന്നത് ഞാൻ കണ്ടില്ല. അതുകൊണ്ടാണ് തന്റെ കുടയിലേക്ക് ഓടി കയറിയത്. വിരോധം ആവില്ലെങ്കിൽ എന്നെ ഒന്ന് വീട്ടുപടിക്കൽ വിടാമോ..? “
പ്രതീക്ഷിക്കാതെ വന്നു കയറിയ ആളിന്റെ ആവശ്യം കേട്ടപ്പോൾ ദേഷ്യം തോന്നി.
“ഓടി വന്ന് കയറിയിട്ടല്ലേ വിരോധമുണ്ടോ എന്ന് ചോദിക്കുന്നത്..”
അങ്ങനെ പിറുപിറുത്തെങ്കിലും പുറത്ത് ഒന്നും പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അയാളോടൊപ്പം അവിടേക്ക് നടക്കുമ്പോൾ, ഒരിക്കലും മോശമായ ഒരു സ്പർശം പോലും അയാളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നുള്ളത് എനിക്ക് ആശ്വാസം തരുന്ന കാര്യം തന്നെയായിരുന്നു.
“എന്നെ പരിചയപ്പെടുത്താൻ മറന്നു. ഞാൻ വിവേക്. സ്കൂളിലേക്ക് പുതിയതായി മാറ്റം കിട്ടി വന്നതാണ്.”
അയാൾ പരിചയപ്പെടുത്തി. അപ്പോഴാണ് അത് ഒരു അധ്യാപകനാണ് എന്ന് മനസ്സിലായത്.
“തന്റെ പേര് പറഞ്ഞില്ല..?”
അയാൾ സ്വയം പരിചയപ്പെടുത്തിയിട്ടും ഞാൻ ഒന്നും സംസാരിക്കുന്നില്ല എന്ന് കണ്ടപ്പോൾ ചോദിച്ചു.
” ഞാൻ ഗായത്രി. ബി എ ഹിസ്റ്ററി സ്റ്റുഡന്റ് ആണ്.. ടൗണിലെ കോളേജിലാണ് പഠിക്കുന്നത്.. “
പരിചയപ്പെടുത്തുമ്പോൾ മടിയൊന്നും തോന്നിയില്ല. ഒന്നുമില്ലെങ്കിലും കൂടെയുള്ളത് ഒരു അധ്യാപകൻ ആണല്ലോ..
” തന്റെ വീട് എവിടെയാ..? “
വീണ്ടും അടുത്ത ചോദ്യം വന്നു കഴിഞ്ഞു.
” ആ വളവ് കഴിഞ്ഞാൽ മൂന്നാമത്തെ വീടാണ് എന്റേത്.. എന്റെ അച്ഛനെ ഒരുപക്ഷേ സാറ് പരിചയപ്പെട്ടിട്ടുണ്ടാകും.. സാറിന്റെ സ്കൂളിൽ പ്യൂൺ ആണ് എന്റെ അച്ഛൻ.. “
പരിചയപ്പെടുത്തിയപ്പോൾ ആ മുഖം തിളങ്ങിയത് കണ്ടു.
” ദിവാകരേട്ടന്റെ മോളാണോ..? ആളെ ഇന്ന് രാവിലെ തന്നെ സ്കൂളിൽ വച്ച് പരിചയപ്പെട്ടിരുന്നു. പക്ഷേ ഫാമിലിയുടെ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. പരിചയപ്പെട്ടതിൽ സന്തോഷം.. “
അത് പറയുമ്പോൾ പുഞ്ചിരിക്കുക മാത്രം ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ എത്തിക്കഴിഞ്ഞിരുന്നു.
” ചെയ്തു തന്ന ഉപകാരത്തിന് ഒരുപാട് നന്ദി.. “
കുടയിൽ നിന്നും ഇറങ്ങി പടിപ്പുരയിലേക്ക് കയറിക്കൊണ്ട് അദ്ദേഹം പറഞ്ഞു. മറുപടിയായി ഒന്ന് ചിരിച്ചിട്ട് അന്ന് വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തിയപ്പോൾ തന്നെ അദ്ദേഹത്തിനെ പരിചയപ്പെട്ട കാര്യവും കുടയിൽ കൊണ്ടാക്കിയ കാര്യവും ഒക്കെ വീട്ടിൽ പറഞ്ഞിരുന്നു.
” അതേതായാലും നന്നായി മോളെ.. ഈ നാട്ടിലേക്ക് ആദ്യമായി വന്നതല്ലേ..? ഇവിടെയൊക്കെ ഒന്ന് പരിചയപ്പെടാനും പരിചയക്കാർ ഉണ്ടാകാനും ഒക്കെ സമയം എടുക്കും.. “
അച്ഛൻ പറഞ്ഞപ്പോൾ താൻ മൂളി കേട്ടു.
“ആ പയ്യൻ ഒറ്റയ്ക്കാണോ താമസം..? ഫാമിലിയെ ഒന്നും കൊണ്ടുവന്നിട്ടില്ലേ..?”
എന്റെ മനസ്സിൽ ഉണ്ടായിരുന്ന അതേ ചോദ്യം തന്നെയാണ് അമ്മയും ചോദിച്ചത്.
“ഇപ്പോൾ തൽക്കാലം ഒറ്റയ്ക്കാണ് എന്നാണ് പറഞ്ഞത്.ചിലപ്പോൾ ഉടനെ തന്നെ ഫാമിലിയെ കൊണ്ടു വരുമായിരിക്കും. പിന്നെ ഫാമിലി എന്ന് പറയാൻ ആ പയ്യൻ കല്യാണം കഴിച്ചിട്ടില്ല. അമ്മ മാത്രമേയുള്ളൂ..”
അച്ഛൻ പറഞ്ഞപ്പോൾ അതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ നിന്നില്ല.
പിന്നീട് പലപ്പോഴും പലയിടത്തും വച്ച് വിവേകിനെ കണ്ടിരുന്നു. കാണുമ്പോൾ പരിചയ ഭാവത്തിൽ പുഞ്ചിരിക്കുക പതിവായിരുന്നു.
ഒരിക്കൽ കോളേജിൽ കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് വീട്ടുപടിക്കൽ ഒരു അമ്മ നിൽക്കുന്നത് കാണുന്നത്. സാറിന്റെ അമ്മ വന്നിട്ടുണ്ടാകും എന്ന് അതിൽ നിന്ന് തന്നെ ഊഹിച്ചു. പരിചയ ഭാവത്തിൽ അമ്മയെ നോക്കി ഒന്നു പുഞ്ചിരിക്കുകയും ചെയ്തു.
അത് കണ്ടപ്പോൾ തന്നെ അമ്മ തന്നെ നോക്കി പുഞ്ചിരിച്ചു.
” ഗായത്രി.. ഒരു മിനിറ്റ്.. “
അവിടം കടന്നു പോകാൻ നിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് ഒരു വിളി വന്നത്. വിവേകായിരുന്നു അത്.
” എടോ ഇത് അമ്മയാണ്.. അമ്മേ ഇത് ഗായത്രി.. ഞാൻ പറഞ്ഞിട്ടില്ലേ..? “
ഞങ്ങളെ രണ്ടാളെയും പരസ്പരം പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. അമ്മയോട് ചില വിശേഷങ്ങളൊക്കെ ചോദിച്ചു താൻ വീട്ടിലേക്ക് നടന്നു.
പിന്നീട് പലപ്പോഴും അമ്മയെ അവിടെയൊക്കെ വച്ച് കാണാറുണ്ടായിരുന്നു. കാണുമ്പോഴൊക്കെ പരിചയ ഭാവത്തിൽ ചിരിക്കുകയും വിശേഷം പറയുകയും ഒക്കെ ചെയ്യും.
അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കൽ അമ്മ ഒരു സങ്കടം പറയുന്നത്.
” അവനോട് ഒരു വിവാഹം കഴിക്കാൻ പറഞ്ഞാൽ എന്തൊക്കെ പറഞ്ഞിട്ടും അവൻ അനുസരിക്കുന്നില്ല. എത്രയെന്ന് വച്ചാണ് ഒരു പെൺകുട്ടിയോട് കാത്തിരിക്കാൻ പറയുന്നത്..? എന്റെ ആങ്ങളയുടെ മകളുമായി അവന്റെ വിവാഹം ചെറുപ്പത്തിലെ തന്നെ പറഞ്ഞുറപ്പിച്ചതാണ്. അവന്റെ അച്ഛൻ ഉള്ള കാലത്ത് അദ്ദേഹത്തിന് ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. അത് സാധിച്ചു കൊടുക്കാൻ കഴിയാതെ കണ്ണടയ്ക്കേണ്ടി വരുമോ എന്നുള്ള ഭയമാണ് എനിക്ക് ഏത് നിമിഷവും. “
അമ്മ അങ്ങനെ പറഞ്ഞപ്പോൾ എന്തിനെന്നറിയാതെ എന്റെ ഉള്ളം വേദനിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് എപ്പോഴോ എന്റെ സ്വപ്നങ്ങളിൽ എന്റെ ഭർത്താവിന്റെ സ്ഥാനത്ത് വിവേകിന്റെ രൂപം ഞാൻ വരച്ചു ചേർത്തു പോയിരുന്നു.
പക്ഷേ അദ്ദേഹത്തിന് കാത്ത് മറ്റൊരു പെൺകുട്ടി ഉണ്ട് എന്ന് അറിയുമ്പോൾ, എന്റെ ഇഷ്ടത്തിന് യാതൊരു വിലയുമില്ല എന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു.
ആദ്യമൊക്കെ അദ്ദേഹത്തിന് അടുത്ത് കാണാനും സംസാരിക്കാൻ ഒരു അവസരം കിട്ടാനും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന ആളായിരുന്നു താൻ. പക്ഷേ ഈയൊരു വാർത്ത അമ്മയിൽ നിന്ന് കേട്ടതോടെ തന്റെ ആഗ്രഹങ്ങൾ എല്ലാം അവസാനിച്ചു.
എത്രയും വേഗം അദ്ദേഹത്തിന്റെ വിവാഹം നടക്കണമെന്നും എന്റെ കൺമുന്നിലേക്ക് അദ്ദേഹത്തിനെ കൊണ്ടുവരരുത് എന്നും മാത്രമായിരുന്നു എന്റെ പ്രാർത്ഥന.
എന്റെ പ്രാർത്ഥനയുടെ ഫലം കൊണ്ടാണോ എന്നറിയില്ല അധികം വൈകാതെ തന്നെ അമ്മ ആ സന്തോഷവാർത്ത എന്നെ അറിയിച്ചത്.
” അവൻ വിവാഹത്തിന് സമ്മതിച്ചു മോളെ. ഞാൻ തീരെ പ്രതീക്ഷിച്ചതല്ല അവൻ ഇത്ര പെട്ടെന്ന് സമ്മതിക്കുമെന്ന്. എന്തായാലും അധികം വൈകാതെ വിവാഹം ഉണ്ടാകും. ഞങ്ങൾ ഒരു മാസത്തിനകം തന്നെ ഇവിടെ നിന്ന് പോവുകയും ചെയ്യും. അവനെ ഞങ്ങളുടെ നാട്ടിലേക്ക് തന്നെ ട്രാൻസ്ഫർ ശരിയായിട്ടുണ്ട്.. “
അമ്മ സന്തോഷത്തോടെ പറഞ്ഞ വാർത്ത എന്റെ നെഞ്ച് പിളർത്താൻ പാകത്തിലുള്ളതായിരുന്നു. എങ്കിലും പുറമേ പുഞ്ചിരിയുടെ മൂടുപടമണിഞ്ഞു.
ഇന്ന് അദ്ദേഹത്തിന് വിവാഹമായിരുന്നു. അദ്ദേഹത്തെ കാത്തിരുന്ന പെൺകുട്ടി തന്നെയാണ് അദ്ദേഹത്തിന്റെ വധു.അച്ഛന് വിവാഹ ക്ഷണം ഉണ്ടായിരുന്നു.അച്ഛനോടൊപ്പം വന്നതായിരുന്നു താൻ.
ഇതിനിടയിൽ തന്റെ പ്രണയം കണ്ടുപിടിച്ചത് ഒരേ ഒരാൾ മാത്രമായിരുന്നു. വിഷ്ണുവേട്ടൻ. അച്ചൻ പെങ്ങളുടെ മകൻ.. എന്റെ ആത്മാർത്ഥ സുഹൃത്ത് എന്ന് വേണമെങ്കിൽ പറയാം..!!
അദ്ദേഹത്തിനോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹം അത് സ്വീകരിക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് ഒരു കുടുംബത്തെ മുഴുവൻ വഞ്ചിക്കുന്നതിന് തുല്യമാണ്.
അദ്ദേഹത്തിന്റെ അമ്മ ഇപ്പോൾ കാണിക്കുന്ന അടുപ്പമോ സ്വാതന്ത്ര്യമോ പോലും ഒരുപക്ഷേ അദ്ദേഹത്തിന്റെ താലി കഴുത്തിൽ വീണു കഴിഞ്ഞാൽ തന്നോട് കാണിക്കണമെന്നില്ല. അങ്ങനെയൊക്കെ ഓർക്കുമ്പോൾ ഈ തീരുമാനം തന്നെയാണ് ശരി.
ഈ ജന്മത്തിൽ ഗായത്രി വിവേകിനെ ആഗ്രഹിക്കില്ല. പക്ഷേ ഇനിയൊരു ജന്മമുണ്ടെങ്കിൽ വിവേക് ഗായത്രിയുടെ ആയിരിക്കണം…!!
അത് അവളുടെ ഒരു മൗന പ്രാർത്ഥന ആയിരുന്നു.
✍️ അപ്പു