വർഷത്തിൽ രണ്ട് തവണയെങ്കിലുംഗൾഫീന്ന് വരുന്ന കെട്ട്യോനോട് ആദ്യകാലത്തുണ്ടായിരുന്ന താത്പര്യമൊന്നും ഇപ്പോഴവൾക്കില്ല…

ഒഴിയാത്ത പെൺവയർ…

രചന: സജി തൈപ്പറമ്പ്

::::::::::::::::::::::

ഐശാ ,,,റസാഖ് വന്ന്ക്ക്,,,

ഉമ്മറത്ത് നിന്ന് കാക്കാൻ്റെ ഉമ്മ വിളിച്ച് പറഞ്ഞത് കേട്ടിട്ട്, ഐശയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല,

വർഷത്തിൽ രണ്ട് തവണയെങ്കിലും, ഗൾഫീന്ന് വരുന്ന കെട്ട്യോനോട് ആദ്യകാലത്തുണ്ടായിരുന്ന താത്പര്യമൊന്നും ഇപ്പോഴവൾക്കില്ല,കാരണം , ഇപ്പോൾ അയാൾ വരുന്നത് ,ഇളയകുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാനും തന്നെ ,അഞ്ചാമത് ഗർഭിണിയാക്കാനും വേണ്ടി മാത്രമാണെന്നവൾക്കറിയാമായിരുന്നു,,

കല്യാണം കഴിഞ്ഞിട്ട് ആറ് വർഷം തികഞ്ഞിട്ടില്ലെങ്കിലും, നാലാമത്തെ കുട്ടിയുടെ പിറന്നാളാണിന്ന്.

അടുത്ത കുട്ടിക്ക് വേണ്ടി, ഫ്ളൈറ്റ് കയറി വന്ന, പ്രവാസി ഭർത്താവ് റസാഖിൻ്റെ ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരിയും കേട്ട് കൊണ്ടാണ് ,പാല് കൊടുത്ത് കൊണ്ടിരുന്ന കുഞ്ഞിനെയെടുത്ത് തോളിലിട്ട് കൊണ്ടവൾ ഉമ്മറത്തേയ്ക്ക് നടന്നത്.

മുൻവാതിലിൻ്റെ കർട്ടൻ്റെ വിടവിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോഴാണ്,ഉമ്മയോട് സംസാരിച്ചിരിക്കുന്ന കാക്കാൻ്റെയൊപ്പമിരിക്കുന്ന പർദ്ദയിട്ട യുവതിയെ ഐശ ,ശ്രദ്ധിച്ചത്

മുൻപൊന്നും കണ്ട ,പരിചയമില്ലാത്ത അവർ, കാക്കാൻ്റെ ബന്ധുവല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായിരുന്നു.

പിന്നെ ആരാണവൾ?

തൻ്റെ ഭർത്താവിൻ്റെയൊപ്പം മുട്ടിയുരുമ്മിയിരിക്കാനും മാത്രം രക്ത ബന്ധമുള്ള ആ സ്ത്രീ ആരായിരിക്കും?

ആകാംക്ഷയോടെയാണവൾ, കർട്ടൻ വകഞ്ഞ് മാറ്റിയിട്ട് , റസാഖിൻ്റെ മുന്നിലേയ്ക്ക് വന്നത് ,

ങ്ഹാ ,ഐശാ ,,, ദേ നോക്ക് , നിൻ്റെ ആഗ്രഹം ഞാൻ സാധിച്ചിട്ടുണ്ട്,ഇനിയിപ്പോൾ എൻ്റെ കുട്ടികളെ നീ ഒറ്റയ്ക്ക് പ്രസവിച്ച് ബുദ്ധിമുട്ടുണ്ടാ ,, ൻ്റെ ബാപ്പാക്ക് ഞങ്ങള് ഏഴ് മക്കളാണ്, എന്നിട്ട് ഒരിക്കൽ പോലും ൻ്റെയീ,, പൊന്നുമ്മാ,,ബാപ്പാനോട് ഒരിക്കലും പരാതി പറഞ്ഞിട്ടില്ല ,പക്ഷേങ്കില്,, ജ്ജത് പറഞ്ഞു ,ബാപ്പാനെക്കാളും കൂടുതല് മക്കള് നമ്മക്ക് വേണമെന്നൊരു പൂതി എനക്കുള്ള കാര്യം നെനക്കറിയാല്ലോ ?അതെന്തായാലും എനക്ക് സാധിക്കണം, അയിനാണ് ഞാൻ ഓളെ ഇങ്ങട്ട് കൂട്ടീട്ട് ബന്നത് ,,,

തലയ്ക്ക് മേലെ ഒരു വെള്ളിടി വെട്ടിയത് പോലെ ഐശയ്ക്ക് തോന്നി.

കാതടപ്പിക്കുന്ന ശബ്ദം കേട്ട ഐശ,പെട്ടെന്ന് കണ്ണ് തുറന്നു . ചുറ്റിലും ഇരുള് പരന്ന് കിടക്കുകയാണ്,,

താൻ കണ്ടതൊരു ദു:സ്വപ്നമാണെന്ന് തിരിച്ചറിയാൻ അവൾക്ക് കുറച്ചധികം സമയം വേണ്ടി വന്നു.

ലൈറ്റിട്ട് ക്ളോക്കിലേയ്ക്ക് നോക്കിയപ്പോൾ ,നാലര മണി ,നിലത്ത് വിരിച്ച ബ്ളാങ്കറ്റിൽ കിടക്കുന്ന മൂന്ന് മക്കളെയും കട്ടിലിൽ കിടക്കുന്ന പിഞ്ച് കുഞ്ഞിനെയും നോക്കിയിട്ട്, മേശപ്പുറത്തിരിക്കുന്ന മൊബൈൽ ഫോണെടുത്ത് ഐശ, ഗൾഫിലേയ്ക്ക് വിളിച്ചു

ങ്ഹാ നിങ്ങളീ സമയത്ത് എഴുന്നേറ്റിണ്ടാവുമെന്നറിയാം അതാ ഞാൻ വിളിച്ചത് ,,

അതെന്താ ഐശാ,, ജ്ജ് പതിവില്ലാത്തൊരു വിളി ? സാധാരണ ഞാനങ്ങോട്ട് വിളിച്ചാലും കുട്ട്യോള് ബഹളം വയ്ക്കുന്നെന്നും പറഞ്ഞ്, ജ്ജ് ബേഗം ഫോൺ വയ്ക്കാറാണല്ലോ പതിവ്?

അയാൾ അതിശയത്തോടെ ചോദിച്ചു.

അതേ, കഴിഞ്ഞോസം വിളിച്ചപ്പോൾ ഞാൻ നിങ്ങളോട് പറഞ്ഞില്ലായിരുന്നോ? നിക്കിനിയും പ്രസവിക്കാൻ വയ്യ ,ങ്ങള് വേറൊരുത്തിയെ കൂടി കൂടി മംഗലം കയിച്ചോളാൻ,

ങ്ഹാ, അത് ഞാൻ കയിച്ചോളാം ഐശാ,,നീ ബേജാറാവണ്ടാ,,

അല്ല ,അത് വേണ്ടാന്ന് പറയാനാണ് ഞാൻ വിളിച്ചത് ,ഇങ്ങടെ ആഗ്രഹം പോലെ ഞാൻ തന്നെ ഏഴ് മക്കളെയും പ്രസവിച്ചോളാം ,

**********************

അല്ല, ഇയ്യെന്തിനാ മോളേ ,, ഓനെ തിരുത്താൻ പോയെ,? ,ഇപ്പോ തന്നെ ഇയ്യൊരു കോലായി ,ഇനി മൂന്നെണ്ണം കൂടി പെറാൻ അനക്ക് കഴിയുമോ?

വിവരമറിഞ്ഞ ഐശാൻ്റെ ഉമ്മ ഉമ്മുകുൽസു, ആശങ്കയോടെ അവളോട് ചോദിച്ചു.

ഞാൻ പെറ്റോളം ഉമ്മാ ,,, പക്ഷേങ്കില്, ൻ്റെ കെട്ട്യോനെ പങ്കിടാൻ മാത്രം, നിക്ക് കയ്യൂല്ലാ ,,നിക്കെന്നല്ലാ,, ഒരു പെണ്ണിനും പൂർണ്ണമനസ്സോടെ സമ്മതിക്കാൻ കയ്യൂല്ലുമ്മാ….