വൈകുന്നേരം മാനത്ത് നോക്കിയിരിക്കുമ്പോൾ ഭർത്താവ് ചോദിച്ചത് കേട്ട് ദേവകിക്ക് നാണം കലർന്ന ഒരു ചിരിയുണ്ടായി.

രചന : അപ്പു

:::::::::::::::::::

” എടിയേ.. നിനക്ക് നമ്മുടെ ആദ്യ രാത്രിയെക്കുറിച്ച് ഓർമ്മയുണ്ടോ..? “

വൈകുന്നേരം മാനത്ത് നോക്കിയിരിക്കുമ്പോൾ ഭർത്താവ് ചോദിച്ചത് കേട്ട് ദേവകിക്ക് നാണം കലർന്ന ഒരു ചിരിയുണ്ടായി.

” പിന്നെ ഈ വയസ്സുകാലത്താണ്.. നിങ്ങൾക്ക് എന്തിന്റെ കേടാണ് മനുഷ്യാ.. “

അവർ നാണം കൊണ്ട് പരിഭവിച്ചു.

” നീ ഇങ്ങനെ നാണിക്കാനും വേണ്ടി ഞാൻ ഒന്നും ചോദിച്ചില്ലല്ലോ ദേവൂ. നിന്നോട് ആ ദിവസം ഓർമ്മയുണ്ടോ എന്ന് മാത്രമല്ലേ ഞാൻ ചോദിച്ചുള്ളൂ..”

അശോകൻ കളിയാക്കിയപ്പോൾ ദേവുവിന് നാണവും പരിഭവവും ഒക്കെ തോന്നി.

” നിങ്ങളെന്തിനാ മനുഷ്യൻ ഇപ്പോൾ വീണ്ടും ആദ്യ ദിവസം ഓർക്കുന്നത്..? “

അവർ ചോദിച്ചപ്പോൾ അയാൾ പുഞ്ചിരിച്ചു.

” നമ്മൾ മനുഷ്യർക്ക് മറവി ഒരു അനുഗ്രഹമാണ് എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ ഒരിക്കലും മറക്കാതെ ഓർത്തു വയ്ക്കുന്ന കുറെ നിമിഷങ്ങൾ ഉണ്ട് നമ്മുടെ ജീവിതത്തിൽ. നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കുറെയേറെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന നിമിഷങ്ങൾ..എന്റെ ജീവിതത്തിൽ അങ്ങനെ പ്രാധാന്യമർഹിക്കുന്ന ഒരു നിമിഷമാണ് അന്നത്തെ ആ രാത്രി.. “

അശോകൻ പറഞ്ഞപ്പോൾ ദേവകി ചമ്മിയ ഒരു ചിരി ചിരിച്ചു.

” അന്ന് എന്തൊക്കെയാണ് നടന്നത് എന്ന് എന്തെങ്കിലും ഒരു ബോധമുണ്ടോ എന്റെ സഹധർമ്മിണിക്ക്..”

ആ ചോദ്യത്തിലേക്ക് കളിയാക്കൽ മനസ്സിലാക്കിയപ്പോൾ ദേവകിയുടെ മുഖം വീർത്തു.

” മക്കളും കൊച്ചുമക്കളും ഒക്കെയായി അപ്പോഴാണ് കിളവന്റെ ഓരോരോ ചിന്തകൾ.?”

പരിഭവിച്ചു കൊണ്ട് ദേവകി അവിടെ നിന്ന് എഴുന്നേൽക്കാൻ ഒരുങ്ങി.

“അങ്ങനെ പോവല്ലേ.. ഇങ്ങനെ പഴയ ഓർമ്മകൾ ഒക്കെ അയവിറക്കി ഇരിക്കാൻ ഇങ്ങനെയുള്ള രാത്രികൾ അല്ലേ നമുക്ക് മുന്നിലുള്ളത്.. നമ്മൾ രണ്ടാളും മാത്രമായുള്ള ഈ ജീവിതത്തിൽ ഇതല്ലാതെ നമുക്ക് എന്താണുള്ളത്..? നീ പറഞ്ഞ പോലെ മക്കളും കൊച്ചുമക്കളും ഒക്കെയുണ്ടെങ്കിലും അവരൊക്കെ അവരവരുടെ ജീവിതങ്ങളും നോക്കി ഓരോരോ നാട്ടിലാണ്. ഇവിടെ നമുക്ക് താങ്ങായും തണലായി നമ്മൾ മാത്രമേയുള്ളൂ. പരസ്പരം സ്നേഹിച്ചും കലഹിച്ചും നമുക്ക് ഇങ്ങനെ മുന്നോട്ടു പോകാം..”

അശോകൻ പറഞ്ഞപ്പോൾ ദേവകിയുടെ കണ്ണിൽ ഒരു നനവ് പടർന്നു.

” നീ ഇങ്ങനെ ഓരോന്ന് ആലോചിച്ച് വിഷമിക്കാൻ നിൽക്കണ്ട. മക്കളൊക്കെ എല്ലാകാലത്തും മാതാപിതാക്കളോടൊപ്പം വേണമെന്നുള്ളത് നമ്മുടെ സ്വാർത്ഥതയാണ്.അവരൊക്കെ അവരുടെ നല്ല ജീവിതം നോക്കി ഏതെങ്കിലും ഒരു നാട്ടിൽ സമാധാനമായി ജീവിക്കട്ടെ. ഇപ്പോൾ നമുക്ക് രണ്ടാൾക്കും പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ. പിന്നെ എന്തിനാണ് അവരൊക്കെ നമുക്ക് കൂട്ടിരിക്കണം എന്ന് പറഞ്ഞ് നമ്മൾ അവരെ ബുദ്ധിമുട്ടിക്കുന്നത്..? “

അശോകൻ ചോദിച്ചപ്പോൾ ദേവകി ഒന്ന് മൂളി.

എന്തൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും മാതാപിതാക്കൾക്ക് മക്കൾ കണ്ണിനു മുന്നിൽ ഉണ്ടാകണം എന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. ഒരുപക്ഷേ മക്കൾക്ക് അച്ഛനമ്മമാരോട് അങ്ങനെ ഒരു ഫീലിംഗ്സ് തോന്നിയില്ലെങ്കിലും, അച്ചനമ്മമാർക്ക് മക്കളോട് എല്ലായിപ്പോഴും ഉള്ള ഒരു തോന്നൽ അതാണ്.

മക്കൾ എത്രത്തോളം വളർന്നാലും മാതാപിതാക്കളുടെ കണ്ണിൽ അവരെന്നും ചെറിയ കുട്ടികളായിരിക്കും. അവരെ തങ്ങളിൽ നിന്ന് അകറ്റി മാറ്റുന്നത് ഒരു മാതാപിതാക്കള്‍ക്കും സഹിക്കുന്ന കാര്യമല്ല..!

” എടൊ.. ഞാൻ നേരത്തെ ചോദിച്ചത് താൻ കേട്ടിരുന്നോ..? “

അശോകൻ വീണ്ടും ചോദിച്ചപ്പോൾ ദേവകി എന്ത് എന്ന അർത്ഥത്തിൽ അയാളെ നോക്കി.

” നമ്മുടെ ആദ്യരാത്രി.. “

അയാൾ ഓർമിപ്പിച്ചു. ഇത്തവണ അവർക്ക് നല്ല ദേഷ്യം വന്നു. അത് നല്ലൊരു പിച്ചായി അയാളുടെ കയ്യിൽ അവർ തീർക്കുകയും ചെയ്തു.

” എന്നെ ഉപദ്രവിക്കാൻ ഒക്കെ ഇപ്പോൾ എന്താണ് മിടുക്ക്..? അന്ന് എന്തായിരുന്നു ഭാവം എന്ന് എന്തെങ്കിലും ഒരു ഊഹം ഉണ്ടോ..? “

അശോകൻ ചോദിച്ചപ്പോൾ ദേവകി അയാളെ നോക്കി.

” എന്നാൽ പിന്നെ നിങ്ങൾ പറയു.. നിങ്ങൾ പറയുന്നത് കേൾക്കാനാണ് രസം.. “

ദേവകി പറഞ്ഞപ്പോൾ അയാൾ പുഞ്ചിരിച്ചു. രണ്ടാളുടെയും ഓർമ്മകളും ഒരേ നിമിഷത്തിൽ ആ രാത്രിയിലേക്ക് കടന്നു.

വിവാഹത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് അശോകൻ മുറിയിലേക്ക് ചെന്നത്. ആ സമയത്ത് സ്വാഭാവികമായും ദേവകി മുറിയിൽ ഉണ്ടാകും എന്ന് അയാൾ പ്രതീക്ഷിച്ചു.

അവരെ കാണാതെ ആയതോടെ അയാൾക്ക് ചെറിയൊരു പരിഭവം തോന്നി. എങ്കിലും താൻ ഒന്ന് ഫ്രഷായി വരുമ്പോഴേക്കും അവൾ മുറിയിൽ ഉണ്ടാകുമെന്ന് അയാൾ വീണ്ടും പ്രതീക്ഷിച്ചു.

അയാൾ കുളി കഴിഞ്ഞ് മുറിയിൽ എത്തിയിട്ടും അവളെ മുറിയിൽ കണ്ടില്ല. വിവാഹം കഴിഞ്ഞ് ആ വീട്ടിലേക്ക് വന്നു കയറിയതിനു ശേഷം രണ്ടുപേരും പരസ്പരം കണ്ടിട്ടില്ല എന്ന് തന്നെ പറയാം.

‘ ഇവിടെ വന്നിട്ട് നാലഞ്ചു മണിക്കൂറുകൾ ആയല്ലോ.. ഇതുവരെ അവളെ ഞാൻ കണ്ടില്ല.. എവിടെയാണോ ആവോ.. ഇനി അമ്മയുടെ അടുത്തു നിന്ന് എന്തെങ്കിലും കിട്ടിയിട്ടുണ്ടാകുമോ..’

ആ ചിന്ത തന്നെ അശോകനെ വല്ലാതെ പേടിപ്പിച്ചു. തങ്ങളുടെ അമ്മ സിനിമയിലും സീരിയലിലും ഒക്കെ കാണുന്നതു പോലെ സ്നേഹമയിയായ അമ്മയൊന്നും ആയിരുന്നില്ല. ചെറിയൊരു തെറ്റിന് പോലും കണ്ണുപൊട്ടുന്ന ചീത്ത പറയുന്ന അമ്മയായിരുന്നു തന്റേത്.

ഏട്ടത്തിയും അമ്മയും തമ്മിൽ മിക്കപ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങൾ അതിന്റെ പേരിൽ തന്നെയായിരുന്നു. ഏട്ടത്തി വന്നു കയറിയ സമയത്തൊക്കെ അമ്മ ഏട്ടത്തിയെ കൊന്നു കൊല വിളിച്ചിട്ടുണ്ട്. കരഞ്ഞുകൊണ്ട് നിൽക്കും എന്നല്ലാതെ ഏട്ടത്തി മറുത്ത് ഒരു വാക്ക് പോലും പറയാറുണ്ടായിരുന്നില്ല.

അവസാനം ഏട്ടത്തിയുടെ അവസ്ഥ തോന്നിയിട്ടാണ് ഏട്ടൻ വേറൊരു വീട് എടുത്തു മാറി താമസിക്കുന്നത്. അതോടെ ഏട്ടന് പെൺകോന്തൻ എന്നുള്ള പേരുമായി.

ഇനിയിപ്പോൾ തന്റെ കാര്യത്തിൽ എന്തൊക്കെയാണോ ആവോ സംഭവിക്കാൻ പോകുന്നത്..!

ആ ചിന്തയോടെയാണ് ആശോകൻ മുറിവിട്ട് ഇറങ്ങിയത്. എല്ലായിടത്തും കണ്ണോടിച്ചു നോക്കിയിട്ടും അവളെ കാണാതെ ആയതോടെ ഓരോ മുറികളിലായി അയാൾ കയറിയിറങ്ങാൻ തുടങ്ങി.

കുട്ടികളെല്ലാവരും കൂടി കളിച്ചു കൊണ്ടിരിക്കുന്ന ഒരു മുറിയിൽ എത്തിയപ്പോൾ അയാൾ അവളെ കണ്ടെത്തി. കുട്ടികളോടൊപ്പം എന്തൊക്കെയോ കളികളിൽ ഏർപ്പെട്ടിരിക്കുകയാണ്.

” സത്യം പറയാലോ അത് കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി. കളിച്ചു നടക്കുന്ന പ്രായം കഴിയാത്ത ഒരു പെൺകൊച്ചിനെ ആണോ ഞാൻ കല്യാണം കഴിച്ചു കൊണ്ടുവന്നത് എന്നുപോലും തോന്നിപ്പോയി.. “

അശോകൻ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്തു കൊണ്ട് അത് പറഞ്ഞപ്പോൾ ദേവകി അയാളെ ഒന്ന് നോക്കി.

” അന്ന് എനിക്ക് 18 വയസ്സ് ഉണ്ടായിരുന്നുള്ളൂ. തലേന്ന് വരെ പിള്ളേരോടൊപ്പം കളിച്ചു കൊണ്ടിരുന്ന എന്റെ കല്യാണം നടത്തിയിട്ട് പിറ്റേന്ന് നേരം വെളുക്കുമ്പോൾ മുതൽ പക്വത കാണിക്കണം എന്നൊക്കെ പറഞ്ഞാൽ എന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല.. “

ദേവകി തുറന്നു പറഞ്ഞു.

” അത് ശരിയാ. ആ പേരും പറഞ്ഞ് ആണല്ലോ അമ്മായിയമ്മയും മരുമകളും തമ്മിൽ കൊമ്പ് കോർത്തു കൊണ്ടിരുന്നത്..? “

അശോകൻ കളിയാക്കിയപ്പോൾ ദേവകിയുടെ മുഖം ചുവന്നു.

” അതുകൊള്ളാം എന്റെ പ്രായം പോലും ഓർക്കാതെ എന്നെക്കൊണ്ട് ആ വീട്ടിലെ മുഴുവൻ പണിയും ചെയ്യിക്കണം എന്ന് അമ്മ വാശിപിടിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാണെന്ന്..? എന്നെക്കൊണ്ട് പറ്റുന്നത് ചെയ്യും.. പറ്റാത്തത് എന്നെക്കൊണ്ട് പറ്റില്ല എന്ന് തന്നെ പറയും. ഞാൻ ആരുടെയും അടിമ ഒന്നുമല്ലല്ലോ. “

അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് തലയാട്ടി.

“എന്നാലും അമ്മയുടെ മുഖത്ത് നോക്കി ഈ തറുതല പറയാൻ നിനക്കെങ്ങനെ ധൈര്യം കിട്ടി..? ഏട്ടത്തിക്ക് ഒക്കെ അമ്മയുടെ മുഖത്തേക്ക് നോക്കാൻ വരെ പേടിയാണ്.”

അശോകൻ പറഞ്ഞപ്പോൾ ദേവകി പൊട്ടിച്ചിരിച്ചു.

” ഏട്ടത്തിയുടെ ആ പേടി തന്നെയാണ് അമ്മ മുതലാക്കിയത്. അമ്മ അനാവശ്യമായി എന്നെ വഴക്കു പറയുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും ഒക്കെ അത് കേട്ട് നൽകാതെ ഞാനും അമ്മയോട് തിരിച്ചു പറയും. അപ്പോൾ പിന്നെ സ്വാഭാവികമായും അമ്മയ്ക്ക് എന്നോട് ദേഷ്യം തോന്നിയാലും,പതിയെ പതിയെ അമ്മയുടെ സ്വഭാവത്തിൽ മാറ്റം വരും.ശരിക്കും അങ്ങനെ തന്നെയല്ലേ ഉണ്ടായത്..? “

ദേവകി അത് ചോദിച്ചപ്പോൾ അശോകൻ ശരി വച്ചു.

” കാര്യമൊക്കെ ശരി തന്നെ.. എന്നാലും നിന്നെയും വിളിച്ചു റൂമിൽ ചെന്നപ്പോൾ എന്നോട് എന്തൊക്കെയോ പറയാനുണ്ട് എന്ന് പറഞ്ഞു കുറെ കഥയൊക്കെ പറഞ്ഞിട്ട് ഒരു ബോധവുമില്ലാതെ നീ കിടന്നുറങ്ങി. ആദ്യരാത്രിയെ കുറിച്ച് എനിക്ക് എന്തൊക്കെ സ്വപ്നങ്ങളുണ്ടായിരുന്നതാണ്.. എല്ലാം നശിപ്പിച്ചു.. “

അശോകൻ പറഞ്ഞപ്പോൾ ദേവകി അവരെ തുറിച്ചു നോക്കി.

” എങ്കിലേ കണക്കായി പോയി.. “

അതും പറഞ്ഞ് അയാളോട് പരിഭവിച്ച് ദേവകി അകത്തേക്ക് നടക്കുമ്പോൾ പിന്നിൽ അയാൾ പൊട്ടിച്ചിരിക്കുന്ന ശബ്ദം അവർക്ക് കേൾക്കാമായിരുന്നു…

✍️ അപ്പു