പ്രണവിന്റെ അമ്മാവൻ പറഞ്ഞതു കേട്ട് നീരജ ഭയത്തോടെ അമ്മയെ നോക്കി.

രചന : അപ്പു

:::::::::::::::::::

” കുറഞ്ഞത് 50 പവൻ എങ്കിലും കിട്ടാതെ ഈ വിവാഹം നടക്കില്ല.. “

പ്രണവിന്റെ അമ്മാവൻ പറഞ്ഞതു കേട്ട് നീരജ ഭയത്തോടെ അമ്മയെ നോക്കി. അവിടെ അവൾ പ്രതീക്ഷിച്ച പോലെ ദേഷ്യം തന്നെ ആയിരുന്നു. അതിനിടയിലും തന്നിലേക്ക് വീഴുന്ന അമ്മയുടെ നോട്ടങ്ങൾ തന്നെ ചുട്ടു കരിക്കുന്നത് പോലെ..!

അവൾ ആരെയും നോക്കാതെ തല കുനിച്ചു.

” അപ്പോ അത് തന്നില്ലെങ്കിൽ..?”

അമ്മയുടെ ചോദ്യം കേട്ടപ്പോൾ അവളുടെ ഉള്ള് വിറച്ചു.

അമ്മയുടെ ആ ചോദ്യം അവളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

” 50 പവൻ തന്നില്ലെങ്കിൽ നിങ്ങൾ ഈ വിവാഹം നടത്തില്ല എന്ന് ഉറപ്പാണോ..? “

അമ്മ ചോദ്യം ആവർത്തിച്ചു.

” ഞങ്ങൾക്ക് കിട്ടേണ്ടത് ഞങ്ങൾക്ക് കിട്ടണം. അല്ലാതെ ധർമ്മ കല്യാണം കഴിക്കേണ്ട ആവശ്യമൊന്നും ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഇല്ല. “

പ്രണവിന്റെ അമ്മാവൻ തന്നെയാണ് മറുപടി പറഞ്ഞത്. പ്രണവും അവന്റെ അമ്മയും മൗനം പാലിക്കുന്നത് നീരജയും അവളുടെ അമ്മയും ശ്രദ്ധിച്ചിരുന്നു.

” പരസ്പരം സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും ഒക്കെ നിങ്ങളുടെ മകനും എന്റെ മകളുമാണ്. നമ്മുടെ അറിവോ സമ്മതം ഇല്ലാതെ അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചാലും നിങ്ങൾ ഇങ്ങനെയൊക്കെ തന്നെ പറയുമോ..? “

നീരജയുടെ അമ്മ ചോദിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു.

” നിങ്ങളുടെ കുടുംബത്തിലെ പെൺകുട്ടികളെ അങ്ങനെയായിരിക്കും വളർത്തി വച്ചിരിക്കുന്നത്.പക്ഷേ ഞങ്ങളുടെ കുട്ടി ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ അങ്ങനെ ഒരു ബന്ധത്തിലേക്ക് പോവില്ല എന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഈ വിവാഹം വേണ്ടെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞാൽ അവന്റെ തീരുമാനവും അതു തന്നെയായിരിക്കും.. നിനക്ക് അവനോടൊപ്പം ജീവിക്കണമെങ്കിൽ നിന്റെ അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ നോക്കൂ കൊച്ചേ.. “

ഇത്തവണ അയാൾ നീരജയുടെ നേർക്ക് തിരിഞ്ഞു കൊണ്ടാണ് സംസാരിച്ചത്. പക്ഷേ അയാളുടെ വാക്കുകൾ അവളെ മുറിവേൽപ്പിക്കാൻ തക്കവണ്ണം ഉള്ളതായിരുന്നു.

അയാൾ പറഞ്ഞാൽ തങ്ങളുടെ അഞ്ചുവർഷത്തെ പ്രണയം അവൻ ഉപേക്ഷിക്കും എന്ന് തന്നെയല്ലേ അയാൾ പറഞ്ഞത്..? അവളുടെ ആത്മാഭിമാനത്തിന് വ്രണം ഏറ്റത് പോലെയാണ് അവൾക്ക് തോന്നിയത്.

അവൾ പ്രണവിന്റെ മുഖത്തേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു.

“പ്രണവ്.. എനിക്ക് തന്നോട് ഒന്നു സംസാരിക്കണം..”

അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞപ്പോൾ പ്രണവ് അവളെ തലയുയർത്തി നോക്കി. പിന്നെ തൊട്ടടുത്തിരിക്കുന്ന അമ്മാവനെയും. അവന്റെ ആ ഒരു പ്രവർത്തിയിൽ നിന്ന് തന്നെ അയാൾ പറഞ്ഞതാണ് സത്യം എന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

എങ്കിലും ആ സമയത്ത് ഒന്നും പ്രതികരിക്കാതെ അവൾ മുറ്റത്തേക്ക് ഇറങ്ങി. അവളുടെ പിന്നാലെ അവനും വന്നു കഴിഞ്ഞപ്പോൾ ഒരു വശത്തേക്ക് മാറി നിന്നുകൊണ്ട് അവൾ അവന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി.

” ഇവിടെ അരങ്ങേറുന്ന ഈ നാടകത്തിന്റെ അർത്ഥം എന്താണെന്ന് എനിക്കൊന്നു പറഞ്ഞു തരാമോ..? നിന്റെ അമ്മാവൻ പറയുന്നുണ്ടല്ലോ അയാൾ പറഞ്ഞാൽ നീ എന്നെ ഉപേക്ഷിക്കുമെന്ന്.. സത്യമാണോ..? “

അവൾ ചോദിച്ചപ്പോൾ അവൻ മറുപടിയില്ലാതെ അവളെ നോക്കി.

” നിന്റെ ഈ ഭാവത്തിൽ നിന്നു തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് അയാൾ പറഞ്ഞതൊക്കെയാണ് സത്യം എന്ന്.എന്നാലും ആത്മാർത്ഥമായി സ്നേഹിച്ച എനിക്ക് നിന്റെ ജീവിതത്തിൽ ഒരു വിലയുമില്ല എന്നറിയുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുകയാണ്. ഞാൻ എന്തിനു വേണ്ടിയാണ് നിന്നെ സ്നേഹിച്ചത്..? പണത്തിന്റെയും സ്വർണത്തിന്റെയും കാര്യം പറഞ്ഞു നമ്മുടെ ബന്ധം അവസാനിപ്പിക്കാൻ തന്നെയാണോ നിന്റെ ഭാവം..? “

അവളുടെ ചോദ്യങ്ങൾക്ക് അവനെ മുറിവേൽപ്പിക്കാനുള്ള കെൽപ്പ് ഉണ്ടായിരുന്നു.

” അമ്മാവന് വീട്ടിലുള്ള സ്ഥാനം എന്താണെന്ന് ഞാൻ തന്നോട് പറഞ്ഞിട്ടുള്ളതല്ലേ..? അച്ഛൻ മരിച്ചു അമ്മ കൈക്കുഞ്ഞായ എന്നെയും കൊണ്ട് തറവാട്ടിലേക്ക് കയറി വരുമ്പോൾ ഞങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നത് അമ്മാവൻ ആയിരുന്നു. എന്റെ പഠനവും എന്റെ എല്ലാ ആവശ്യങ്ങളും നടത്തി തന്നിരുന്നത് അമ്മാവൻ തന്നെയായിരുന്നു. അമ്മയ്ക്ക് അമ്മാവൻ ദൈവത്തിന്റെ സ്ഥാനത്താണ്. വേണ്ട എന്ന് അദ്ദേഹം ഉറപ്പിച്ച് ഒരു തീരുമാനം പറഞ്ഞാൽ അമ്മ ആ തീരുമാനം തന്നെ അംഗീകരിക്കും. അല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. “

അവൻ പറഞ്ഞപ്പോൾ അവൾ പുച്ഛത്തോടെ ചിരിച്ചു.

” എടോ നിന്റെ അമ്മ ഇത്രയും കടുംപിടുത്തം പിടിക്കാൻ നിങ്ങൾ ദാരിദ്ര്യത്തിൽ താമസിക്കുന്ന ആളുകൾ ഒന്നുമല്ലല്ലോ.. 50 എന്നല്ല 100 പവൻ ചോദിച്ചാലും തരാനുള്ള ആസ്തി നിങ്ങൾക്കൊക്കെ ഉണ്ട് എന്ന് ഞങ്ങൾക്കറിയാം. നിന്റെ അമ്മയോട് വാശി കളഞ്ഞ് അത് തരാൻ പറയൂ.ഒന്നുമില്ലെങ്കിലും നമുക്ക് ഒന്നിച്ചു ജീവിക്കാൻ വേണ്ടിയല്ലേ..? “

അവൻ ചോദിച്ചപ്പോൾ അവൾ മറുപടിയൊന്നും പറയാതെ അകത്തേക്ക് കയറിപ്പോയി.

അന്ന് രാത്രി അമ്മയോടൊപ്പം കിടക്കുമ്പോൾ അവൾക്കു പറയാൻ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു.

” അമ്മേ… അമ്മ എന്തിനാ ഇങ്ങനെ വാശി കാണിക്കുന്നത്..? ഞങ്ങൾക്ക് രണ്ടാൾക്കും പരസ്പരം ഒരുപാട് ഇഷ്ടമാണ്. ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് മുന്നിൽ തടസ്സം ഇപ്പോൾ 50 പവൻ എന്ന സ്ത്രീധനത്തുകയാണ്. അത് തരാൻ അമ്മയെ കൊണ്ട് നിസാരമായി സാധിക്കും എന്ന് എനിക്കും അവർക്കും ഒക്കെ അറിയുന്ന കാര്യമാണ്.അപ്പോൾ പിന്നെ വാശി പിടിക്കാതെ അത് തന്നുടെ..? “

അത് ചോദിച്ചപ്പോൾ അമ്മ അവളെ തിരിഞ്ഞു നോക്കി.

“നിനക്കു വേണ്ടി ഞാൻ കരുതി വച്ചിരിക്കുന്ന സ്വർണം അമ്പതു പവൻ അല്ല ഒരു 100 പവനെങ്കിലും ഉണ്ടാകും. പക്ഷേ ഈ വിവാഹം നടത്താൻ ഞാൻ വിസ്സമ്മതം കാണിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.അവരൊക്കെ പണം മാത്രം സ്നേഹിക്കുന്ന ആളുകളാണ്. അല്ലെങ്കിൽ ഒരു പെണ്ണ് കാണാൻ ചടങ്ങിൽ തന്നെ ഇത്ര രൂപ സ്ത്രീധനം വേണം എന്ന് അവരൊരിക്കലും പറയില്ലല്ലോ. ഇപ്പോൾ അവർ പറയുന്നതു പോലെ സ്വർണ്ണം കൊടുത്ത് നിന്നെ വിവാഹം കഴിപ്പിച്ചു വിട്ടാലും നിനക്ക് അവിടെ സന്തോഷമായ ഒരു ദാമ്പത്യം കിട്ടുമെന്ന് എന്താണ് ഉറപ്പ്..? ഇന്ന് തന്നെ നീ കണ്ടില്ലേ ആ അമ്മാവൻ പറയുന്നതിൽ നിന്ന് ഒരു വാക്കുപോലും എതിർത്ത് പറയുന്നില്ല അവന്റെ അമ്മയും അവനും. അയാൾ പറഞ്ഞു ഇതൊക്കെ അംഗീകരിച്ചു തലയും താഴ്ത്തി ഇരിക്കുകയായിരുന്നു രണ്ടാളും. നിനക്ക് അവിടെ സന്തോഷം കിട്ടില്ല എന്നൊരു തോന്നൽ..”

അമ്മ പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു.

“അമ്മ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്.പക്ഷേ ഈ തരത്തിൽ അവനു ഒന്നും ചെയ്യാൻ പറ്റില്ല.കാരണം അവർക്ക് രണ്ടാൾക്കും ആ അമ്മാവനോടുള്ള കടപ്പാടാണ്. ചെറുപ്പത്തിൽ അച്ഛനെ നഷ്ടപ്പെട്ട് അവനെയും കൊണ്ട് അവന്റെ അമ്മ തറവാട്ടിൽ ചെന്ന് കയറുമ്പോൾ മുതൽ അവരെ സംരക്ഷിച്ചത് അമ്മാവൻ ആയിരുന്നു. അതിന്റെ അധികാരം എന്തായാലും അയാൾ കാണിക്കാതിരിക്കില്ലല്ലോ. അതാണ് ഇന്ന് കണ്ടത്. അമ്മ അതോർത്ത് ടെൻഷൻ അടിക്കുകയും വേണ്ട. ജീവിക്കാൻ പോകുന്നത് ഞങ്ങൾ അല്ലേ..? അല്ലാതെ ഇതിലൊക്കെ അയാൾക്ക് എന്ത് കാര്യം..?”

അവൾ അങ്ങനെ പറഞ്ഞിട്ടും അമ്മയ്ക്ക് അത് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

” അങ്ങനെയല്ല മോളെ. ഇന്ന് ഇത്രയും അധികാരം കാണിച്ച ആളിനു ഭാവിയിൽ നിങ്ങളുടെ ജീവിതത്തിലും അതേ അധികാരം തന്നെ കാണിക്കാമല്ലോ.”

അമ്മ പറഞ്ഞപ്പോൾ അവൾ വെറുതെ പുഞ്ചിരിച്ചു.

എന്താണെങ്കിലും അവളുടെ നിർബന്ധത്തിനു വഴങ്ങി അമ്മയ്ക്ക് ആ വിവാഹം നടത്തി കൊടുക്കേണ്ടി വന്നു.വിവാഹത്തിന് നിറയെ ആഭരണങ്ങളും ഇട്ട് മണ്ഡപത്തിലേക്ക് കയറി വരുന്ന പെൺകുട്ടിയെ അമ്മാവനും അവന്റെ അമ്മയും ഒക്കെ അഭിമാനത്തോടെയാണ് നോക്കി നിന്നത്.

വിവാഹത്തിന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നുകയറിയ ആ സമയത്ത് തന്നെ അവന്റെ അമ്മ അവളുടെ മുറിയിലേക്ക് കയറി വന്നിരുന്നു.

” മോൾക്ക് അത്യാവശ്യം ഉപയോഗിക്കാനുള്ള സ്വർണം മാത്രം എടുത്ത് വച്ചിട്ട് ബാക്കിയൊക്കെ പെട്ടിയിലാക്കി അമ്മയെ ഏൽപ്പിച്ചേക്ക്.. അമ്മ സൂക്ഷിച്ചു വെച്ചോളാം.. ” പുഞ്ചിരിച്ചുകൊണ്ട് അവർ പറഞ്ഞപ്പോൾ അവളും അതേ പുഞ്ചിരിയോടെ അവരെ നോക്കി.

” അതു വേണ്ട അമ്മേ.. ഇവിടെ ഈ മുറിയിലും അലമാര ഉണ്ടല്ലോ.. എന്റെ സ്വർണം ഞാൻ തന്നെ സൂക്ഷിച്ചു വെച്ചോളാം. ഇനി ഇവിടെ വയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ലോക്കറിൽ കൊണ്ടു വെയ്ക്കാം..”

അവൾ പറഞ്ഞപ്പോൾ അവരുടെ മുഖം ഇരുണ്ടു.

“എന്റെ മോന് കിട്ടിയ സ്ത്രീധനം ആണ്. അത് സൂക്ഷിച്ചു വെക്കേണ്ടത് ഞാനാണ്. മര്യാദയ്ക്ക് അതൊക്കെ എടുത്ത് തന്നോ..”

അത് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.

“നിങ്ങളുടെ മകന് തന്ന സ്ത്രീധനം ആണെന്നോ.? ഇത് എന്റെ അമ്മ കഷ്ടപ്പെട്ട് എനിക്ക് വേണ്ടി തന്നു വിട്ട സമ്മാനമാണ്. എനിക്ക് കിട്ടുന്ന സമ്മാനം എങ്ങനെ ഉപയോഗിക്കണം എന്ന് എനിക്കറിയാം. ഞാനെന്തെങ്കിലും കേസ് കൊടുത്തു കഴിഞ്ഞാൽ നിങ്ങൾ അമ്മയും മകനും പെടും എന്നുള്ള കാര്യം കൂടി ഓർത്തോണം..”

ഒരു ഭീഷണി പോലെ അവൾ പറഞ്ഞു നിർത്തിയപ്പോൾ അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് അവർ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.

അതൊരു തുടക്കം മാത്രമായിരുന്നു… ഇനിയുള്ള നാളുകളിലെ യുദ്ധത്തിന്റെ തുടക്കം…!!

✍️ അപ്പു