അനിലിനെ കൂടെ നിർത്തുവാനുള്ള തന്ത്രം എന്ന നിലയിലാണ് ഞാൻ വിവാഹമോചനം വേണമെന്നു ആവശ്യപ്പെട്ടത്…

രക്ഷക

രചന: സുജ അനൂപ്

::::::::::::::::::::::::::

റെയിൽവേ സ്റ്റേഷനിൽ നിറയെ ആളുകൾ ഉണ്ട്. ട്രെയിൻ വരുവാൻ ഇനിയും വൈകുമോ….

ഭാഗ്യം, ട്രെയിൻ എത്തി. സീറ്റ് കണ്ടെത്തി ഇരുന്നൂ. ആദ്യത്തെ പോസ്റ്റിങ്ങ് ആണ്, ആഗ്രഹിച്ച ജോലി കിട്ടിയതിൻ്റെ സന്തോഷമുണ്ട്. പതിയെ കണ്ണടച്ചൂ. ഇന്നലെകൾ മനസ്സിലേയ്ക്ക് ഓടി എത്തി…..

………………….

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മയുണ്ട്. അനിൽ പെണ്ണ് കാണുവാൻ വന്നത് ഒരു ഞായറാഴ്ചയായിരുന്നൂ. അന്നെനിക്ക് ഇരുപത്തൊന്നു വയസ്സ് ആയിട്ടേയുള്ളൂ…

“കുട്ടിയെ നിനക്ക് ഇഷ്ടമായോ മോനെ…?” അനിലിൻ്റെ അമ്മയുടെ ആ ചോദ്യത്തിനു അനിൽ നൽകിയ മറുപടിയാണ് എന്നെ അന്ന് ഏറ്റവും ആകർഷിച്ചത്.

“എനിക്കായിട്ടു പ്രത്യേകിച്ച് ഒരു ഇഷ്ടം ഉണ്ടോ അമ്മേ, നമ്മുടെ രീതികൾ പറഞ്ഞു മനസ്സിലാക്കണം. പഠിപ്പുള്ള കുട്ടിയാണ്. പ്രൈവറ്റ് കമ്പനിയിൽ ആണെങ്കിൽ കൂടി ഒരു ജോലി ഉണ്ട്. എനിക്ക് സമ്മതമാണ്.”

അകത്തേയ്ക്കു കയറി വന്നു അമ്മ എന്നോട് എല്ലാം പറഞ്ഞു തന്നൂ…

” ഒരു സാധാരണ കുടുംബമാണ് അവരുടേത്. കൂട്ടുകുടുംബമാണ്. അവൻ്റെ രണ്ടു ചേട്ടൻമ്മാരും ഭാര്യമാരും അവരുടെ മക്കളും കൂടാതെ അച്ഛൻ പെങ്ങളും അവരുടെ മക്കളും മുത്തച്ഛനും മുത്തശ്ശിയും കുടെയുണ്ട്. പ്രാർത്ഥനകൾ, ചടങ്ങുകൾ എല്ലാം അത് വിധി അനുസരിച്ചു പിന്തുടരുന്നൂ. വച്ചു പൂജയുള്ള തറവാടാണ് .

പിന്നെ എല്ലാവർക്കും കൃഷിയോട് പ്രത്യേക താല്പര്യം ഉണ്ട്. അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം തന്നെ പറമ്പിൽ കൃഷി ചെയ്യുന്നുണ്ട്.”

ഞാൻ കൗതുകത്തോടെ എല്ലാം കേട്ടിരുന്നു.

എൻ്റെ അമ്മയും അച്ഛനും എന്നിട്ടും സംശയം പറഞ്ഞു.

“എൻ്റെ കുട്ടിക്ക് അവിടെ ശരിയാവോ. വലിയ കുടുംബമാണ്. നിനക്കൊന്നും ശീലമില്ലല്ലോ. നമുക്കിത് വേണ്ടെന്നു വച്ചാലോ..”

എനിക്ക് എല്ലാം സമ്മതമായിരുന്നൂ. പിന്നെ എല്ലാം പെട്ടെന്നായിരുന്നൂ. വിചാരിച്ച പോലെ എല്ലാം മംഗളമായി നടന്നൂ.

അനിലിൻ്റെ വീട് ആദ്യം സ്വർഗ്ഗമായി തോന്നിയെങ്കിലും ഒരു അണുകുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് പതിയെ അവിടെ മടുപ്പു തോന്നി തുടങ്ങിയിരുന്നൂ.

“രാവിലെ എഴുന്നേറ്റു കുളിച്ചിട്ടു മാത്രമേ അടുക്കളയിൽ കയറാവൂ. എല്ലാവരും ഒരുമിച്ചു മാത്രമേ തീരുമാനങ്ങൾ എടുക്കൂ. പൂജകൾ മുടക്കുവാൻ പാടില്ല. പുറത്തു പോണമെങ്കിൽ ഒരുപാടു പേരുടെ സമ്മതം വേണം. ഒരു സിനിമയ്ക്ക് പോലും പോകുവാൻ വയ്യ. എന്തിനും ഏതിനും അന്വേഷിക്കുവാൻ ഒത്തിരി പേർ…”

“ഒറ്റയ്ക്ക് മാറി താമസിച്ചാലോ” എന്ന എൻ്റെ ചിന്ത അനിലുമായി ഞാൻ പങ്കു വച്ചൂ. അതിനുള്ള മറുപടി പിറ്റേന്ന് കുടുംബ സഭയിൽ നിന്നും എനിക്ക് കിട്ടി.

പിന്നീടെന്തോ എനിക്ക് അവിടെ നിൽക്കുവാൻ തോന്നിയില്ല. ഞാൻ ഇറങ്ങി പോന്നൂ, ഒരു നിമിഷത്തെ ദേഷ്യം…

അനിലിനെ കൂടെ നിർത്തുവാനുള്ള തന്ത്രം എന്ന നിലയിലാണ് ഞാൻ വിവാഹമോചനം വേണമെന്നു ആവശ്യപ്പെട്ടത്…

പിറ്റേന്ന് ഞാൻ വിചാരിച്ച പോലെ അനിലിൻ്റെ അമ്മയും എടത്തിമാരും വന്നു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കുവാൻ ശ്രമിച്ചെങ്കിലും ഞാൻ വേറെ വീട്ടിലേയ്ക്കു താമസം മാറ്റണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചു നിന്നൂ.

അനിൽ എന്നെ കാണുവാൻ വന്നുവെങ്കിലും ഞാൻ അവൻ്റെ കൂടെ പോയില്ല. അതോടെ വിവാഹമോചനം അവൻ്റെ വീട്ടുകാർ അംഗീകരിചൂ.

പിന്നീടുള്ള ദിവസ്സങ്ങൾ ഞാൻ നീക്കി വച്ചതു അവനോടുള്ള പക പോക്കുവാൻ വേണ്ടിയായിരുന്നൂ. അവനിലും നല്ല ഒരുത്തൻ എൻ്റെ ജീവിതത്തിൽ വേണം എന്ന ഉറച്ച തീരുമാനം ഞാൻ എടുത്തൂ..

ആയിടയ്ക്കാണ് ഞാൻ കമ്പനി മാറുന്നത്.കമ്പനി കുറച്ചു ദൂരെയായിരുന്നത് ആശ്വാസമായി. അച്ഛനും അമ്മയും അവരുടെ സാന്ത്വനങ്ങളും ബന്ധുക്കളുടെ കുറ്റം പറച്ചിലുകളും അത്രയ്ക്ക് മടുപ്പു തോന്നിപ്പിച്ചിരുന്നൂ…

………………………

പുതിയ ലോകവുമായി ഇഴുകി ചേർന്ന് വരുന്ന സമയത്താണ് ഹോസ്റ്റലിൽ നിന്നും ഓഫീസിലേക്കുള്ള യാത്രകളിൽ ഒന്നിൽ ഞാൻ ദീപുവിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സ്നേഹമായി.

നിരാശയിൽ നടന്നിരുന്ന എനിക്ക് അവൻ ആശ്രയമായി. അവൻ്റെ വാക്കുകൾ എനിക്ക് ആശ്വാസമായി. അവനെ ഒരു ദിവസ്സം കണ്ടില്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിക്കുമെന്ന അവസ്ഥയായി. വൈകാതെ അവനെ പറ്റി കൂടുതൽ ആലോചിക്കാതെ ഞാൻ അവനെ അടുത്തുള്ള അമ്പലത്തിൽ വച്ച് ഒരു മാലയിട്ടു സ്വീകരിച്ചൂ.

എന്നെ എതിർത്ത വീട്ടുകാരെയും കൂട്ടുകാരെയും ഞാൻ മാറ്റി നിറുത്തി. പക്ഷേ.. സന്തോഷം നിറഞ്ഞ ദിവസ്സങ്ങൾ അധികം നീണ്ടു നിന്നില്ല.

ഒരു ദിവസ്സം അവൻ്റെ ഭാര്യ എന്ന് പറയുന്ന സ്ത്രീ ഒരു കൈകുഞ്ഞിനെയും കൂട്ടി എന്നെ കാണുവാൻ വന്നൂ.

“മാഡം, നിങ്ങൾ ഈ കുട്ടിയെ ഓർത്തെങ്കിലും അദ്ദേഹത്തെ വിട്ടു തരണം.”

അവരുടെ വസ്ത്രധാരണവും ആ കുട്ടിയുടെ അവസ്ഥയും കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

“ദീപു രണ്ടു വർഷം മുൻപേ വിവാഹം കഴിച്ചതാണ്…”

ആ സത്യം അറിഞ്ഞ നിമിഷം ഞാൻ തകർന്നു പോയി. അതിനു ശേഷം പിന്നെ ഞാൻ അവൻ്റെ കൂടെ കഴിഞ്ഞില്ല.

എൻ്റെ എടുത്തു ചാടിയുള്ള തീരുമാനം എന്നെ എത്തിച്ചത് എവിടെയാണ്. എരിതീയിൽ നിന്നും വറചട്ടിയിലേയ്ക്ക് …

“ഇനി സ്വപ്നങ്ങൾ വേണ്ട എന്ന തീരുമാനത്തിൽ ഞാൻ എത്തി. മരിക്കണം എന്ന തീരുമാനവുമായി ഞാൻ ഇറങ്ങി. അമ്മയെ ഒരു നോക്ക് കാണണം അതിനു ശേഷമേ മരിക്കൂ..” എന്ന് ഞാൻ തീരുമാനിച്ചൂ. ആ പാവം ഒരു ജന്മം മുഴുവൻ മാറ്റി വച്ചതു എനിക്ക് വേണ്ടിയായിരുന്നൂ.

ആ യാത്രയിലാണ് ഞാൻ തീവണ്ടിയിൽ വച്ച് അവളെ കണ്ടത്. മുഖം മുഴുവൻ വികൃതമാണ്. കൈകാലുകൾ എല്ലാം കാണുബോൾ മനസ്സിലാകും പൊള്ളൽ ഏറ്റതാണ്. എന്നിട്ടും അവൾ സന്തോഷത്തോടെ ചിരിച്ചു ഫോണിൽ വർത്തമാനം പറഞ്ഞുകൊണ്ട് ഒരു സീറ്റിൽ ഇരിക്കുന്നൂ. മറ്റുള്ളവർ നോക്കുന്നതോ അവരുടെ വാക്കുകളോ അവളെ സ്പർശിക്കുന്നേ ഉണ്ടായിരുന്നില്ല…

പെട്ടെന്ന് അവൾ എൻ്റെ അടുത്തേയ്ക്കു വന്നൂ. അവൾ നീട്ടിയ ഭക്ഷണം പക്ഷേ.. ഞാൻ സ്വീകരിച്ചില്ല..

ആദ്യത്തെ അകൽച്ച മാറിയപ്പോൾ ഞങ്ങൾ സംസാരിച്ചു തുടങ്ങി…

“പാവം കുട്ടി” എന്ന് ഞാൻ മനസ്സിലോർത്തൂ..

മീനു എന്നാണ് അവളുടെ പേര്…

അവൾ പലതും പറഞ്ഞു കൊണ്ടിരുന്നൂ. ഇടയിലെപ്പോഴോ ചില വാക്കുകൾ എൻ്റെ ഹൃദയത്തിൽ തറഞ്ഞു കൊണ്ടിരുന്നൂ…

” എന്നെ പോലെ ഒരു മണ്ടി ഇല്ല ചേച്ചി. പത്താം ക്ലാസ്സു മുതൽ ഒരുത്തനെ പ്രണയിച്ചൂ. ബിരുദത്തിനു പഠിക്കുമ്പോൾ വീട്ടുകാർ ബന്ധം എതിർത്തൂ. ആ ദേഷ്യത്തിൽ ഞാൻ ആത്മഹത്യക്കു ശ്രമിച്ചൂ. പക്ഷേ.. ചത്തില്ല, ഈ കോലത്തിലായി.. കുറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ഞാൻ ഈ സ്ഥിതിയിലെങ്കിലും എത്തി. പക്ഷേ.. ആ പയ്യൻ എന്നെ സ്വീകരിച്ചില്ല. ഈ എന്നെ അവനു വേണ്ടത്രേ”

“ഒരിക്കൽ പോലും അവൻ ആശുപത്രിയിൽ എന്നെ കാണുവാൻ വന്നില്ല. പക്ഷേ.. ആ ദിവസ്സങ്ങളിൽ ഞാൻ എൻ്റെ അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞു. ഇന്ന് ഞാൻ ജീവിക്കുന്നത് അമ്മയ്ക്ക് വേണ്ടിയാണ്. ഇപ്പോൾ നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചു പിടിക്കുവാനുള്ള ശ്രമത്തിലാണ്..”

പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നൂ… പക്ഷേ… ഒന്നും ഞാൻ കേട്ടില്ല..

“ഒന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നൂ. നഷ്ടപെട്ടതൊക്കെയും തിരിച്ചു പിടിക്കുവാൻ ആകില്ല. പക്ഷേ.. എനിക്കുള്ള ദുഃഖങ്ങൾ ഞാൻ വരുത്തി വച്ചതാണ്. എന്നേക്കാൾ അധികമായി ദുരന്തങ്ങൾ അനുഭവിക്കുന്ന ഒത്തിരി ആളുകൾ എൻ്റെ മുൻപിലുണ്ട്. ഞാനാണ് മാറേണ്ടത്. ഒരു ജീവിതമേ എനിക്ക് ഈ ഭൂമിയിൽ ഉള്ളൂ. അത് നഷ്ടപ്പെടുത്താതെ പൊരുതി ജയിക്കേണ്ടത് ഞാൻ തന്നെയാണ്…”

………………..

പെട്ടെന്ന് ഫോൺ അടിച്ചൂ. കൂടുതൽ ഉറങ്ങിപ്പോയോ. എത്താനുള്ള സ്റ്റേഷനിലേയ്ക്ക് ഇനിയും ദൂരമുണ്ട്.

അതേ.. ഇനിയും എനിക്ക് ഒരുപാടു ദൂരം സഞ്ചരിക്കുവാനുണ്ട്. ആഗ്രഹിച്ച പോലെ ടെസ്റ്റ് എഴുതി പോലീസിൽ കയറി. ആദ്യത്തെ പോസ്റ്റിങ്ങ് ആണ്. ഇനിയങ്ങോട്ട് പൊരുതുവാനുള്ള കരുത്തു ദൈവം തരും…..

പലപ്പോഴും തോന്നിയിട്ടുണ്ട്, അന്ന് രക്ഷകയുടെ രൂപത്തിൽ എനിക്ക് പുതിയൊരു കരുത്തു പകർന്നു തന്ന മീനുവിനെ ആ സമയത്തു ദൈവമല്ലേ എൻ്റെ അടുത്തേയ്ക്കു അയച്ചത്. നമ്മൾ പോലുമറിയാതെ ചിലർ ജീവിതത്തിൽ കടന്നു വരും, അവരുടെ വാക്കുകൾ നാമറിയാതെ തന്നെ നമ്മെ മാറ്റിയിരിക്കും. അവർ പോലുമറിയാതെ അവർ നമുക്ക് പകർന്നു തരുന്ന നന്മ ചിലപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കും…”