രചന: അപ്പു
::::::::::::::::::::::::::
” ഞാൻ എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയുന്നില്ല.. നിന്നെ ഒഴിവാക്കാൻ എനിക്ക് പറ്റില്ല.. പക്ഷേ നമ്മുടെ വിവാഹം നടന്നാൽ.. എന്റെ ചേച്ചിയുടെ ജീവിതമാണ് ഇല്ലാതെയാവുക.. ശരിക്കും നിങ്ങൾക്കിടയിൽ കിടന്ന് എന്ത് തീരുമാനമെടുക്കണമെന്ന് അറിയാതെ ഉഴറുകയാണ് ഞാൻ..”
കോഫി ഷോപ്പിൽ ഒരു ടേബിളിന്റെ രണ്ടു വശത്തുമായി ഇരിക്കുമ്പോൾ അവളുടെ മുഖത്തേക്ക് പോലും നോക്കാതെ അവൻ പറയുന്നുണ്ടായിരുന്നു.
അവനെ നോക്കിയിരിക്കുമ്പോൾ അവൾക്ക് വല്ലാത്ത സങ്കടം തോന്നി. സ്വന്തം ശരീരത്തിനെ കുറിച്ച് പോലും അവൻ ചിന്തിക്കുന്നില്ല എന്ന് അവൾ കരുതി.
എപ്പോഴും ക്ലീൻ ഷേവ് ആയി കണ്ണുകളിൽ പുഞ്ചിരി നിറച്ചാണ് അവനെ കണ്ടിട്ടുള്ളത്. എന്നാൽ ഇന്ന് അവന്റെ രൂപം അങ്ങനെയല്ല. ഷേവ് ചെയ്യാതെ കുറ്റിത്താടി വളർന്നിരിക്കുന്നു. കണ്ണുകളിൽ സന്തോഷത്തിനു പകരം സങ്കടം മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്.. അതിനുള്ള കാരണം താനും..!
” ഞാൻ എന്ത് ചെയ്യണം എന്നാണ്..? “
നിറഞ്ഞു നിൽക്കുന്ന മൗനത്തെ ഭേദിച്ചു കൊണ്ട് അവൾ ചോദിച്ചു.
” എനിക്കറിയില്ല കാത്തു.. നിനക്കറിയാമല്ലോ ചേച്ചിക്ക് ചൊവ്വാദോഷം കാരണം ഇതുവരെയും വിവാഹം നടക്കാതിരുന്നതാണ്. ഇപ്പോൾ ഒരെണ്ണം ഏകദേശം ശരിയായിട്ടുണ്ട്. പക്ഷേ അവർക്ക് മാറ്റ കല്യാണത്തിനോടാണ് താല്പര്യം. ഞാൻ അതിനു സമ്മതിച്ചില്ലെങ്കിൽ ചേച്ചിയുടെ വിവാഹം മുടങ്ങും. പക്ഷേ ഞാൻ അതിന് സമ്മതിച്ചാൽ നിന്നെ എനിക്ക് നഷ്ടപ്പെടും. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.. “
അവൻ തന്റെ നിസ്സഹായ അവസ്ഥ വെളിവാക്കി.ഇനി ഇതിന് ഒരു മറുപടി പറയേണ്ടത് താനാണ് എന്ന് അവൾക്കറിയാം.
പക്ഷേ എന്തു മറുപടിയാണ് തനിക്ക് നൽകാൻ കഴിയുക..? തന്നെ ഉപേക്ഷിച്ച് പൊയ്ക്കൊള്ളാൻ പറയാൻ സാധിക്കില്ല.. തന്റെ ജീവൻ തന്നെ അവനിൽ ബന്ധിച്ചിരിക്കുകയാണ്.. അങ്ങനെയുള്ളപ്പോൾ താനെങ്ങനെ അവനെ ഒഴിവാക്കും..?
ഒഴിവാക്കാതിരുന്നാൽ എങ്ങനെ അവന്റെ ചേച്ചിയുടെ വിവാഹം നടക്കും..?
എല്ലാം കൂടെ ആലോചിക്കുമ്പോൾ അവളുടെ തല പെരുക്കുന്നുണ്ടായിരുന്നു.
എന്നും അവന്റെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കുമാണ് അവൾ പ്രാധാന്യം നൽകിയിട്ടുള്ളത്.അവനോടൊപ്പം അവന്റെ കുടുംബത്തെയും അവൾ ചേർത്ത് പിടിച്ചിരുന്നു. ഇന്ന് ആ കുടുംബം മൊത്തത്തിൽ ഒരു പ്രതിസന്ധി നേരിടുകയാണ്.
എന്ത് തീരുമാനമെടുക്കും..?
ചിന്താഭാരം കൊണ്ട് അവൾ തലകുനിച്ചു.
അവളുടെ ഓരോ രൂപ ഭാവങ്ങളും അളന്നെടുക്കുകയായിരുന്നു അവൻ. ഈ സമയം അവളുടെ ചിന്തകളിലൂടെ കടന്നു പോകുന്നത് എന്തൊക്കെയായിരിക്കും എന്ന് അവന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.എങ്കിലും അവൾ അവസാനമായി എന്ത് തീരുമാനമാണ് എടുക്കുക എന്ന് ഓർത്ത് അവന് ചെറിയൊരു ആശങ്കയുണ്ടായിരുന്നു.
“കാത്തു.. താനെന്താ ഒന്നും പറയാത്തത്..?”
മൗനം അസഹ്യമായി കടന്നു പോയപ്പോൾ അവൻ അന്വേഷിച്ചു.
” ഞാൻ എന്തു പറയാനാണ് കിച്ചേട്ടാ.. ചേട്ടൻ പറഞ്ഞത് എന്താണെന്ന് ചേട്ടന് തന്നെ അറിയാമല്ലോ. ഞാൻ പ്രാണനെ പോലെ സ്നേഹിക്കുന്നതല്ലേ നിങ്ങളെ..? ഇപ്പോൾ ഒരു പ്രതിസന്ധിഘട്ടം തന്നെയാണ്. എനിക്ക് ചേട്ടനെ ഒഴിവാക്കാനാവില്ല. പക്ഷേ ചേച്ചിയുടെ കാര്യം ആലോചിക്കുമ്പോൾ.. “
അവളുടെ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു.
“തന്നെ വിഷമിപ്പിച്ചു കൊണ്ട് എനിക്കൊന്നും വേണ്ട.പക്ഷേ ചേച്ചിയുടെ കാര്യത്തിൽ.. അവിടെയാണ് ഞാൻ തോറ്റു പോകുന്നത്. ഇപ്പോൾ താൻ കാരണം ചേച്ചിയുടെ വിവാഹം തുടങ്ങിയാൽ നാളെ നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാൻ പോലും എനിക്ക് കഴിയാതെ വരും. കാരണം അവളുടെ നല്ല ജീവിതം തട്ടിത്തെറിപ്പിച്ചത് താൻ ആയിരിക്കും എന്നൊരു തോന്നൽ അമ്മയിലും അവളിലും വേരുറച്ചാൽ എന്ത് ചെയ്യാനാകും..?”
അതും പറഞ്ഞു അവൻ അവളെ ഇടംകണ്ണിട്ട് നോക്കി. അവളുടെ മുഖത്ത് സങ്കടം മാറിയിട്ടില്ല എന്ന് കണ്ടപ്പോൾ അവന് ഒരു വല്ലായ്മ തോന്നി.
” ചേച്ചി വീട്ടിൽ നിൽക്കുമ്പോൾ എന്തായാലും എനിക്ക് വിവാഹം കഴിക്കാൻ ആവില്ല. ഇപ്പോൾ ഈ അലയൻസ് വേണ്ടെന്ന് വയ്ക്കാം. പിന്നീട് നല്ലൊരു അലയൻസ് ചേച്ചിക്ക് വരുന്നത് വരെയും താൻ കാത്തിരിക്കേണ്ടി വരും. അത് എത്ര നാളത്തേക്ക് ആണെന്ന് എനിക്ക് പറയാൻ ആവില്ല. “
അവൻ പറഞ്ഞപ്പോൾ അവൾ തകർന്നു പോയി.
ഈ നിമിഷം അവനും ആഗ്രഹിക്കുന്നത് അവൾ ഒഴിവായി തരണം എന്ന് തന്നെയാണ് എന്ന് അവൾക്ക് തോന്നി.അല്ലെങ്കിലും സ്വന്തം കാര്യം വരുമ്പോൾ ഏതൊരു മനുഷ്യനും സ്വാർത്ഥനായി മാറുമല്ലോ..
അവന്റെ എല്ലാ കാലത്തെയും ദുഃഖമാണ് അവന്റെ സഹോദരി. ചൊവ്വാദോഷം കാരണം വിവാഹം നടക്കാതെ വീട്ടിലിരിക്കുന്ന സഹോദരി ആർക്കാണെങ്കിലും സങ്കടം തന്നെയാണല്ലോ. ചേച്ചിയുടെ പ്രായത്തിലുള്ള പലരും ഒന്നും രണ്ടും കുട്ടികളുമായി ജീവിതം ആഘോഷിക്കുമ്പോൾ ചേച്ചി മാത്രം വീടിന്റെ പുറത്തു പോലും ഇറങ്ങാതെ ഒരുതരം നിരാശ ബാധിച്ചത് പോലെയാണ് ജീവിതം തള്ളി നീക്കുന്നത്. അതൊക്കെ കണ്ടു നിൽക്കുമ്പോൾ ഏതൊരാളും സങ്കടം തോന്നുമല്ലോ…!
ഞാൻ ഒരാളുടെ തീരുമാനം കൊണ്ട് ഒരു കുടുംബം മുഴുവൻ സന്തോഷിക്കും എങ്കിൽ അതല്ലേ നല്ലത്.. ഞാൻ മാത്രം വിഷമിച്ചാൽ മതിയല്ലോ.. പതിയെ ആണെങ്കിലും കിച്ചുവേട്ടൻ ആ പെൺകുട്ടിയെ അംഗീകരിച്ചു തുടങ്ങും. ആൾക്ക് നല്ലൊരു ജീവിതവും ഉണ്ടാകും. അങ്ങനെ തന്നെ നടക്കട്ടെ..
അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് മുന്നിലിരിക്കുന്ന അവനെ നോക്കി. അവൻ ആകാംക്ഷയോടെ അവളെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.
” എല്ലാവരുടെയും ആഗ്രഹം പോലെ തന്നെ കാര്യങ്ങൾ നടക്കട്ടെ. ഞാൻ ഇനി ചേട്ടന്റെ ജീവിതത്തിൽ ഉണ്ടാകില്ല. കഴിഞ്ഞതെല്ലാം ഒരു കടങ്കഥ പോലെ നമുക്ക് മറന്നു കളയാം. നമ്മൾ എന്നൊരു അധ്യായം ഇതുവരെയും എഴുതിയിട്ടില്ല എന്ന് കരുതുക. എവിടെയെങ്കിലും വച്ച് കണ്ടാലും പരിചയം പോലും കാണിക്കാതെ പരസ്പരം അകന്നു നിൽക്കാം. എന്റെ ജീവിതത്തിനു വേണ്ടി വാശി പിടിച്ച് ഞാൻ ചേച്ചിയുടെ ജീവിതം ഇല്ലാതാക്കുന്നില്ല. “
അത്രയും പറഞ്ഞു കൊണ്ട് അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു. അവൻ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.
“കാത്തു.. ക്ഷമ ചോദിക്കാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയില്ല. കാരണം ചെയ്തത് അത്രയും വലിയൊരു തെറ്റാണെന്ന് എനിക്കറിയാം. തനിക്ക് സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ പകർന്നു തന്നത് ഞാനാണ്. പക്ഷേ ഇപ്പോൾ തന്നെ പാതിവഴിയിൽ ഉപേക്ഷിക്കാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയില്ല. എന്റെ സാഹചര്യം അങ്ങനെയായി പോയി.”
അവൻ പറഞ്ഞപ്പോൾ അവൾ അവനെ നോക്കി പുഞ്ചിരിച്ചു. അവളുടെ വേദനകൾ മുഴുവൻ ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ഒരു പുഞ്ചിരി.
ഇനിയും അവിടെ തുടർന്നാൽ കരഞ്ഞു പോകും എന്നൊരു തോന്നൽ ഉണ്ടായപ്പോൾ തന്നെ അവൾ അവിടെ നിന്ന് ഇറങ്ങി നടന്നു. അവൾ തന്നിൽ നിന്ന് ഒരുപാട് അകലത്തിൽ എത്തിക്കഴിഞ്ഞു എന്ന ബോധ്യമായപ്പോൾ അവൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
‘ഹോ.. ഇത്ര പെട്ടെന്ന് അവൾ സമ്മതിക്കുമെന്ന് ഞാൻ വിചാരിച്ചതല്ല. എന്തായാലും ചേച്ചിയുടെ കാര്യത്തിൽ അവൾ ഉണ്ടായിരുന്ന സെന്റിമെന്റ്സ് ഇങ്ങനെ ഉപകാരപ്പെട്ടു.’
ആശ്വാസത്തോടെ അവൻ ചിന്തിച്ചു. അതേ നിമിഷം തന്നെയാണ് അവന്റെ ഫോൺ റിങ്ങ് ചെയ്തത്. സുഹൃത്താണ് എന്ന് കണ്ടപ്പോൾ വേഗം തന്നെ ഫോൺ എടുത്തു.
” പോയ കാര്യം എന്തായെടാ..? അവളെ ഒഴിവാക്കിയോ..?”
മറുതലക്കൽ നിന്നുള്ള ചോദ്യം കേട്ടപ്പോൾ അവൻ പുഞ്ചിരിച്ചു.
” നൈസ് ആയിട്ട്..”
അതും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു.
” എന്ത് കാരണം പറഞ്ഞിട്ടാണാവോ..?”
“ചേച്ചിയുടെ കല്യാണം..”
അവന്റെ മറുപടി കേട്ടപ്പോൾ അപ്പുറത്തുനിന്ന് സുഹൃത്ത് പൊട്ടിച്ചിരിച്ചു.
” നിന്റെ സ്ഥിരം നമ്പർ തന്നെ നീ ഇവിടെയും ഇറക്കി അല്ലേ..? “
” അല്ലാതെ പിന്നെ ഞാൻ എന്ത് ചെയ്യാനാ..? എനിക്ക് ത്രില്ല് പോയി.. അപ്പോൾ പിന്നെ എങ്ങനെയെങ്കിലും തലയിൽ നിന്ന് ഇറക്കി വിടണ്ടേ.. ഞാൻ നോക്കിയിട്ട് ഇതല്ലാതെ മറ്റു വഴിയൊന്നും കണ്ടില്ല. ഇതാകുമ്പോൾ സുഖമായി. അവൾ തന്നെ പറഞ്ഞു ഇനി വഴിയിൽ എവിടെയെങ്കിലും വച്ച് കണ്ടാൽ പോലും പരിചയം കാണിക്കില്ല എന്ന്. എനിക്കും അത് തന്നെയാണല്ലോ ആവശ്യം..!”
അതും പറഞ്ഞു അവൻ പൊട്ടിച്ചിരിക്കുമ്പോൾ മറുവശത്ത് സുഹൃത്തും ചിരിക്കുന്നുണ്ടായിരുന്നു.
“എന്നാൽ പിന്നെ ശരിയെടാ.. ഇന്ന് ജാൻസി കാണണം എന്ന് പറഞ്ഞിട്ടുണ്ട്..”
” നിന്റെയൊക്കെ ഒരു യോഗം.. ഒന്ന് പോകുന്നതിനു മുൻപേ അടുത്തത്.. സമ്മതിക്കണം കേട്ടോ.. “
സുഹൃത്ത് പറഞ്ഞപ്പോൾ അവൻ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
” അസൂയപ്പെട്ടിട്ട് കാര്യമില്ല മോനെ..”
അതും പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്യുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു. അടുത്ത ഇരയെ കണ്ടുപിടിച്ചതിന്റെ ചിരി..!
✍️ അപ്പു