രചന : അപ്പു
::::::::::::::::::::::::
” അതേയ്.. ജീവിതം ആകെ ഒന്നേയുള്ളൂ.. അത് ആഘോഷിച്ചു തന്നെ തീർക്കണം.. “
അജയൻ പറഞ്ഞപ്പോൾ ബിനു അവനെ ഒന്ന് നോക്കി.
” എടാ.. നീ പറയുന്നത് പോലെ ജീവിതം എല്ലാ തരത്തിലും ആഘോഷം മാത്രമാക്കി മാറ്റാൻ നമുക്ക് പറ്റില്ലല്ലോ.. ഇപ്പോൾ തന്നെ എത്ര രൂപയാ നീ ഇങ്ങനെ ഓരോ കാര്യത്തിന് വേണ്ടി നശിപ്പിച്ചു കളഞ്ഞത്..? “
സങ്കടത്തോടെ ബിനു ചോദിച്ചു. അപ്പോഴും അജയൻ പുഞ്ചിരിച്ചു.
” ഞാൻ എങ്ങനെ നശിപ്പിച്ചു എന്നാണ് നീ പറഞ്ഞു വരുന്നത്..? എനിക്ക് ഇഷ്ടമുള്ള ബൈക്ക് വാങ്ങിയതു കൊണ്ടോ..? അതോ എന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചുള്ള ഒരു വീട് പണി കഴിപ്പിച്ചത് കൊണ്ടോ..? എങ്ങനെയാണ് ഞാൻ എല്ലാം നശിപ്പിക്കുന്നു എന്ന് നീ പറയുന്നത്..? “
അജയൻ ചോദിച്ചപ്പോൾ ബിനു മൗനം പാലിച്ചു.
അല്ലെങ്കിലും അവന്റെ ഈ ചോദ്യത്തിന് എന്തു മറുപടിയാണ് കൊടുക്കാൻ കഴിയുക.. അവൻ ചോദിക്കുന്നത് കേട്ടാൽ എല്ലാം നിസ്സാരമാണ്.
അവന് ഇഷ്ടമുള്ള ബൈക്ക് വാങ്ങുന്നതും അവന്റെ വീട് അവന്റെ ഇഷ്ടത്തിന് പണിയുന്നതും ഒക്കെ അവന്റെ താൽപര്യങ്ങളാണ്. അവന്റെ സന്തോഷങ്ങളാണ്. അതിൽ കൈകടത്താൻ തനിക്ക് എന്നല്ല ഈ ഭൂമിയിൽ മറ്റ് ആർക്കും അവകാശമില്ല. എങ്കിൽപോലും അവന്റെ കയ്യിൽ വന്നുചേരുന്ന പണം മുഴുവൻ അവൻ പല വഴിക്കായി ചെലവഴിക്കുമ്പോൾ അവന് എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ കയ്യിൽ ഒന്നും ഉണ്ടാകില്ല എന്നുള്ള ചിന്ത ബിനുവിനെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.
” എടാ നീ ചെയ്യുന്നതെല്ലാം തെറ്റാണ് എന്നൊന്നും ഞാൻ പറയില്ല. നിനക്ക് ഇഷ്ടമുള്ള ബൈക്ക് നിന്റെ വീട് ഇതൊക്കെ നിന്റെ താൽപര്യങ്ങളാണ്. പക്ഷേ അതുപോലെ അല്ല എല്ലാ കാര്യങ്ങളും. നിന്റെ ഒപ്പം നിൽക്കുന്നവർക്കും നിന്റെ കൂട്ടുകാരാണ് എന്ന് നീ വിശ്വസിക്കുന്നവർക്കും നീ സഹായം ചെയ്യാറുണ്ട്. പക്ഷേ അവരൊക്കെ പണത്തിനു വേണ്ടി മാത്രം നിന്നോടൊപ്പം കൂടുന്നവരാണ് എന്ന് പറഞ്ഞാൽ നിനക്ക് അതൊന്നും മനസ്സിലാവുകയുമില്ല. എന്നെങ്കിലും ഒരിക്കൽ നിന്റെ കയ്യിൽ പണമില്ലാതെ വരുമ്പോൾ അവരൊക്കെയും നിന്നെ ഉപേക്ഷിച്ചു പോകുമോ എന്നുള്ള കാര്യത്തിൽ എനിക്ക് നല്ല ഭയമുണ്ട്. അതിനെക്കാളേറെ എന്നെ ഭയപ്പെടുത്തുന്നത് അങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ നീയത് എങ്ങനെ എടുക്കും എന്നുള്ളതാണ്.”
ബിനു ആകുലതയോടെ പറയുമ്പോൾ അജയന് മനസ്സിലാകുന്നുണ്ടായിരുന്നു തന്നെ ഓർത്തുള്ള അവന്റെ ഭയം.
അല്ലെങ്കിലും കുട്ടിക്കാലം മുതലേ അജയന്റെ നിഴലായി ഉള്ള ബിനുവിന് ഇങ്ങനെയല്ലാതെ ചിന്തിക്കാനാവില്ല എന്ന് ഉറപ്പുണ്ടായിരുന്നു.
” നീ ഇങ്ങനെ പേടിക്കുകയൊന്നും വേണ്ട. എന്നെ ആര് എന്ത് ചെയ്യാനാ..? നീ പറഞ്ഞതുപോലെ പണമുള്ള കാലത്ത് മാത്രമാണ് അവരൊക്കെ എന്നോടൊപ്പം ഉള്ളതെങ്കിൽ അത് എന്റെ വിധിയാണെന്ന് ഞാൻ കരുതുന്നു.”
നിസ്സാരമായി പറഞ്ഞുകൊണ്ട് അജയൻ എഴുന്നേറ്റു പോകുമ്പോൾ ബിനു ചിന്തിച്ചതു മുഴുവൻ അജയനെ കുറിച്ചായിരുന്നു.
ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് അജയൻ വളർന്നത്. അവന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു. അദ്ദേഹത്തിന്റെ വരുമാനത്തിൽ മാത്രമായിരുന്നു ആ കുടുംബം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അവന്റെ സഹോദരങ്ങൾക്കും ഒരുപാട് ആഗ്രഹങ്ങൾ ഒന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല.
അഥവാ ആഗ്രഹിച്ചാലും ഒന്നും നടക്കാൻ പോകുന്നില്ല എന്ന് അവർക്ക് തന്നെ ഉറപ്പുള്ളപ്പോൾ വെറുതെ എന്തിന് ആവശ്യമില്ലാത്ത സ്വപ്നങ്ങൾ ഉള്ളിൽ കൊണ്ടു നടക്കണം എന്ന് അവർ കരുതിയിട്ടുണ്ടാകും.
അവൻ കഷ്ടപ്പാടുകൾ സഹിച്ച് ജീവിക്കുമ്പോൾ അവൻ ചില സ്വപ്നങ്ങൾ തന്നോട് പങ്കുവെച്ചിട്ടുണ്ട്.
” വലുതാകുമ്പോൾ എനിക്ക് കുറെ പണം ഉണ്ടാക്കണം. എന്നിട്ട് ആ പണം സ്വരുക്കൂട്ടി വയ്ക്കാതെ എന്നെപ്പോലെ കഷ്ടപ്പെടുന്ന ആളുകൾക്ക് മുഴുവൻ കൊടുക്കണം.ഈ ഭൂമി മുഴുവൻ സന്തോഷിക്കണം. പിന്നെ എനിക്ക് കുറെ ആഗ്രഹങ്ങൾ ഉണ്ട്. അതൊക്കെ നടപ്പിലാക്കണം.. “
എന്നും അവൻ ഒരു സ്വപ്ന ജീവി ആയിരുന്നു. അവന് ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉണ്ടായിരുന്നു.
അവൻ പറയുന്നതൊക്കെ കേൾക്കുമ്പോൾ തനിക്ക് അന്ന് ആശ്ചര്യം ആയിരുന്നു. എങ്ങനെയാണ് അവൻ ഈ സ്വപ്നങ്ങളൊക്കെ നടത്തിയെടുക്കാൻ പോകുന്നത് എന്ന് ഓർത്തിട്ട്. എങ്കിലും ഒരു നല്ല സുഹൃത്ത് എന്ന നിലയിൽ അവനു വേണ്ടുന്ന പ്രോത്സാഹനം മുഴുവൻ താൻ നൽകിയിരുന്നു.
” നീ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം നിനക്ക് കിട്ടാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. “
അവനോട് അങ്ങനെ ഒരു വാക്ക് പറയാനാണ് അപ്പോൾ തോന്നിയത്.
വളർന്നു വലുതായപ്പോൾ എന്റെ ഉള്ളിൽ തോന്നിയിരുന്നു ആശങ്കകൾ മുഴുവൻ ഒഴിഞ്ഞ് ഇല്ലാതെയായി. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല. അവനെ ജീവിതത്തിൽ എങ്ങനെ മുന്നോട്ടു പോകണം എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
കോളേജിൽ പഠിക്കുമ്പോൾ തന്നെ പാർടൈം ആയി ജോലികൾ ചെയ്ത് പണം സമ്പാദിച്ചു വയ്ക്കാൻ അവൻ ശ്രമിച്ചിരുന്നു. ഡ്രൈവിംഗ് പഠിച്ചിരുന്നത് കൊണ്ടുതന്നെ രാത്രികാലങ്ങളിൽ ഓട്ടോ ഓടിക്കാനും ചിലപ്പോഴൊക്കെ ചരക്കുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനും ഒക്കെ അവൻ തയ്യാറായിരുന്നു.
പഠനത്തിനു പുറമേ ജോലികൾ ചെയ്യാനും അവൻ സമയം കണ്ടെത്തിയതോടെ അവന്റെ കയ്യിൽ വരുമാനം വന്നു ചേർന്നു തുടങ്ങി. കോളേജ് കഴിഞ്ഞപ്പോഴേക്കും അത്യാവശ്യം നല്ല സമ്പാദ്യം ഉള്ള ഒരു ജോലിയിലേക്ക് അവന് പ്രവേശിക്കാനും കഴിഞ്ഞു.
പക്ഷേ അധികകാലം അവൻ മറ്റൊരാളിന് കീഴിൽ ജോലി ചെയ്യാൻ തയ്യാറായില്ല. പകരം സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന് അവൻ ആഗ്രഹിച്ചു.
അതിനെക്കുറിച്ച് അവൻ പറഞ്ഞപ്പോൾ തനിക്ക് ഭയമായിരുന്നു ഉണ്ടായിരുന്നത്. ബിസിനസ് എന്നുപറയുന്നത് എല്ലായിപ്പോഴും റിസ്ക് ആണല്ലോ. അവന്റെ കയ്യിലുള്ള സമ്പാദ്യം മുഴുവൻ പണയപ്പെടുത്തിയാണ് അവൻ ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. അഥവാ അത് അവൻ ഉദ്ദേശിക്കുന്നത് പോലെ വിജയിച്ചില്ല എങ്കിൽ കടക്കെണിയിലാകുന്നു എന്ന് മാത്രമല്ല ചിലപ്പോൾ പെരുവഴിയിലേക്ക് ഇറങ്ങേണ്ടി കൂടി വരും.
അതുകൊണ്ടു തന്നെയാണ് അന്ന് അവനെ തടഞ്ഞത്.പക്ഷേ തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ അവൻ തയ്യാറായിരുന്നില്ല.
” റിസ്ക് എടുക്കാത്തവന് ജീവിതത്തിൽ വിജയിക്കാൻ കഴിയില്ല. എന്തായാലും എനിക്ക് ഭയമില്ല.. “
അവന് റിസ്ക്കുകൾ ഒരുപാട് ഇഷ്ടമായിരുന്നു. ബിസിനസിലേക്ക് കാലെടുത്തു വച്ചപ്പോൾ ആദ്യം ഒരു പതർച്ചയുണ്ടായിരുന്നു എങ്കിൽ പോലും അവൻ ചവിട്ടു പടികൾ ചവിട്ടി കയറിയത് പെട്ടെന്നായിരുന്നു.
ബിസിനസ് നല്ല ലാഭത്തിലേക്ക് വളർന്നപ്പോൾ അവൻ തന്റെ മനസ്സിലുള്ള പദ്ധതികൾ ഓരോന്നായി നടപ്പിലാക്കി തുടങ്ങി. അവന്റെ കയ്യിലുള്ള സമ്പാദ്യം മുഴുവൻ ചെലവഴിച്ചു കൊണ്ടായിരുന്നു അവൻ വീടിന്റെ പണി പൂർത്തിയാക്കിയത്.
ആ നാട് അന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും ആഘോഷത്തോടെയാണ് ആ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്തിയത്. അത്രയും മനോഹരമായ ഒരു വീട് നാട്ടിൽ ആർക്കും ഇല്ല എന്ന് ഓരോരുത്തരും പറഞ്ഞു. അവന്റെ വീടിന്റെ മുറ്റം നിറയെ പലതരത്തിലുള്ള വണ്ടികൾ ആയിരുന്നു.
എല്ലാത്തിനും പുറമേ തങ്ങളുടെ കഷ്ടതകൾ പറഞ്ഞുകൊണ്ട് ആരെങ്കിലും അവന്റെ വീട്ടിലേക്ക് വന്നാൽ അവരെയൊക്കെ സഹായിക്കാൻ അവൻ ശ്രമിച്ചിരുന്നു. അവന്റെ കയ്യിൽ ഉള്ളതു പോരാഞ്ഞിട്ട് മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയിട്ട് പോലും അവൻ സുഹൃത്തുക്കളെ സഹായിച്ചിരുന്നു.
ജീവിതം ആഘോഷമാക്കി മാറ്റണം എന്നുള്ള അവന്റെ തത്വം പോലെ ഓരോ ദിവസവും അവൻ ആഘോഷിക്കുകയായിരുന്നു. അതിനു വേണ്ടി എത്ര പണം ചെലവാക്കാനും അവന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.എത്രയൊക്കെ ഉപദേശിച്ചിട്ടും അവന്റെ ആ ഒരു സ്വഭാവത്തിൽ മാത്രമാണ് മാറ്റം വരാത്തത്.
ദിവസങ്ങൾ കടന്നു പോയി.
ഒരിക്കൽ അജയനെ കണ്ടപ്പോൾ അവൻ വല്ലാതെ ക്ഷീണിതനാണ് എന്ന് ബിനുവിന് തോന്നി. കാരണം അന്വേഷിച്ചപ്പോൾ അജയൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു. അവന് തന്നോട് പറയാൻ കഴിയാത്ത കാര്യമാണ് എന്ന് ഉറപ്പായതോടെ ബിനു കൂടുതൽ ഒന്നും ചോദിച്ചതുമില്ല.
പക്ഷേ കുറച്ചു ദിവസങ്ങൾക്കകം അജയൻ ആത്മഹത്യ ചെയ്തു എന്നൊരു വാർത്ത കേട്ടപ്പോൾ ബിനു ഞെട്ടിപ്പോയി. അവനു ഒരിക്കലും അങ്ങനെ ചെയ്യാനാവില്ല എന്ന് തന്നെ ബിനു വിശ്വസിച്ചു.
അത് മറ്റൊന്നും കൊണ്ടായിരുന്നില്ല.ജീവിതത്തെ ഇത്രയേറെ കൊതിയോടെ നോക്കി കാണുന്ന ഒരു ചെറുപ്പക്കാരൻ എന്തിന് ആത്മഹത്യ ചെയ്തു എന്നത് ഒരു ചോദ്യമായിരുന്നു.
ആ ചോദ്യത്തിനുള്ള ഉത്തരം ബിനുവിനു ലഭിച്ചത് അജയന്റെ ബെഡ്റൂമിൽ നിന്നായിരുന്നു.
അജയന്റെ മരണ ശേഷം അവന്റെ മുറിയിലേക്ക് വെറുതെ കയറിയതായിരുന്നു ബിനു.അവന്റെ കബോർഡ് വെറുതെ ഒന്നു തുറന്നു നോക്കിയപ്പോഴാണ് അതിൽ ഒരു പേപ്പർ ഇരിക്കുന്നത് അവൻ ശ്രദ്ധിക്കുന്നത്. ആ പേപ്പർ എടുത്ത് നിവർത്തി നോക്കിയപ്പോൾ അത് തനിക്ക് വേണ്ടിയുള്ളതായിരുന്നു എന്ന് ബിനുവിന് മനസ്സിലായി.
” പ്രിയപ്പെട്ട ബിനുവിന്…
ഞാൻ ഈ ലോകത്ത് നിന്ന് വിട്ടുപോയി എന്ന് വിശ്വസിക്കാത്ത ഒരേ ഒരാൾ നീ ആയിരിക്കും എന്ന് എനിക്കറിയാം. എന്നെയും തേടി നീ മുറിയിലേക്ക് എപ്പോഴെങ്കിലും കടന്നു വരും എന്നുള്ള ഉറപ്പു കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കത്ത് എഴുതി വയ്ക്കുന്നത്.
ജീവിക്കാൻ ഒരുപാട് കൊതിയുള്ള എന്നെ മാത്രമേ നിനക്കറിയാവൂ. പക്ഷേ മരണം എന്റെ പടിവാതിൽക്കൽ നിൽക്കുകയാണ് എന്ന സത്യം നിനക്കറിയില്ല.
ഞാൻ പലപ്പോഴും ഓരോരുത്തരെയും സഹായിക്കുമ്പോഴും എന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് ഓരോന്ന് ചെയ്തുകൂട്ടുമ്പോഴും എന്റെ സമ്പാദ്യം മുഴുവൻ തീർന്നു പോവുകയാണ് എന്നും എന്റെ അവസാനകാലത്ത് എനിക്ക് ഒന്നും ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞു എന്നെ ഉപദേശിച്ചിരുന്നത് നീയാണ്. പക്ഷേ അപ്പോഴൊന്നും എന്റെ അവസാന ഘട്ടത്തിലാണ് ഞാൻ എന്ന് നീ അറിഞ്ഞിട്ടില്ല.
എനിക്ക് ചെറുപ്പം മുതൽക്കേ ഹാർട്ടിന് പ്രശ്നമുണ്ട് എന്ന് നിനക്കറിയാമല്ലോ. അതിന്റെ ഓപ്പറേഷൻ ഒക്കെ ചെയ്തതാണ്. എന്നിട്ടും ഡോക്ടർ എനിക്ക് ഒരു കാലാവധി തന്നിട്ടുണ്ടായിരുന്നു. ആ സമയം കഴിഞ്ഞാൽ എനിക്ക് ഒരു തരത്തിലും മുന്നോട്ടു പോകാൻ ആവില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അദ്ദേഹം എനിക്കായി അനുവദിച്ചു തന്ന കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഈ കാലഘട്ടത്തിനുള്ളിൽ എനിക്ക് ചെയ്യാൻ ആവുന്നതു മുഴുവൻ ഞാൻ ചെയ്തു തീർത്തിട്ടുണ്ട്.
നാളെ ഒരുപക്ഷേ ഞാൻ ഈ ഭൂമിയിൽ നിന്ന് ഇല്ലാതെയായാലും ഞാൻ ഉണ്ടാക്കിയ ഈ വീടും ഈ മുറ്റത്തുള്ള ഓരോ വണ്ടികളും ഞാൻ സഹായിച്ച ആളുകളും ഒക്കെ എന്നെ ഓർക്കും. അജയനാണ് അത് ചെയ്തത് എന്ന് പറയാൻ അവർക്കാർക്കും ഒരു മടിയും ഉണ്ടാവില്ല.
ഞാൻ ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷനായാലും എന്നെ ഓർക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കുറേ ആളുകൾ എങ്കിലും ഇവിടെ അവശേഷിക്കും. കുറച്ചേറെ വർഷങ്ങൾ എങ്കിലും അവരുടെയൊക്കെ ഓർമ്മയിൽ ഞാൻ ജീവിക്കും.
എന്നെ സ്നേഹിക്കുന്ന കുറച്ച് അധികം ആളുകൾ ഈ ഭൂമിയിൽ ഉണ്ടാകും. ഞാൻ കാരണം ജോലി കിട്ടിയവർ ഞാൻ കാരണം രക്ഷപ്പെട്ടവർ ഞാൻ കാരണം അസുഖം ഭേദമായവർ അങ്ങനെയങ്ങനെ ഒരു കൂട്ടം ആളുകൾ.. അതിനിടയിൽ തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നിന്നെപ്പോലെയുള്ള ചില കൂട്ടുകാരും..!!
ഇതിനുവേണ്ടി ഈയൊരു നിമിഷത്തിന് വേണ്ടിയായിരുന്നു ഒരു രൂപപോലും സമ്പാദിച്ച് വയ്ക്കാതെ ഒക്കെയും ചെലവഴിച്ചുകൊണ്ട് ഞാൻ ജീവിതം മുഴുവൻ ആഘോഷമാക്കിയത്. ഒരു ജീവിതം കൊണ്ട് ആഘോഷിക്കാൻ പറ്റുന്നതിന്റെ പരമാവധി ഈ കഴിഞ്ഞ കുറെ നാളുകൾ കൊണ്ട് ഞാൻ നേടിയെടുത്തിട്ടുണ്ട്.
എനിക്ക് ഒന്നും ചെയ്യാൻ ആയില്ലല്ലോ എന്നുള്ള കുറ്റബോധം കൊണ്ടല്ല ഞാൻ ഈ ഭൂമി വിട്ടു പോകുന്നത്. എനിക്ക് കിട്ടാനുള്ളത് മുഴുവൻ കിട്ടിയല്ലോ എന്നുള്ള സന്തോഷത്തിലാണ്. ആഘോഷിക്കാൻ പറ്റുന്നതിന്റെ പരമാവധി ഈ ജീവിതം ഞാൻ ആഘോഷിച്ചിട്ടുണ്ട് എന്നുള്ള തോന്നൽ കൊണ്ടാണ്.
മരണം എന്നെ കീഴടക്കിയാൽ ഞാൻ ഒരു വിഡ്ഢിയായി പോകും. പക്ഷേ മരണത്തെ തേടി ഞാൻ ചെല്ലുമ്പോൾ ഞാൻ ഒരു ജേതാവാണ്. എനിക്ക് ജയിച്ചാൽ മതി..
അതുകൊണ്ട് ഞാൻ പോകുന്നു..
എന്നും എപ്പോഴും നിങ്ങളുടെയൊക്കെ ഓർമ്മയിൽ ഞാൻ ഉണ്ടാകും എന്നുള്ള വിശ്വാസത്തോടെ…
അജയൻ “
ആ കത്ത് വായിച്ച് മുഴുവനാക്കിയതും ബിനു പൊട്ടിക്കരഞ്ഞു പോയി.
ഒരു രൂപ പോലും സമ്പാദ്യമില്ലാതെ ഇത്രയും അവൻ ചെലവഴിച്ചത് അവന്റെ പേര് ഈ ഭൂമിയിൽ അവശേഷിക്കാനായിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അവനെ കുറ്റപ്പെടുത്തില്ലായിരുന്നു.
അവൻ ആ കത്തിൽ എഴുതിവെച്ച ഓരോ വാചകവും ശരിയാണ് എന്ന് ബിനുവിന് തോന്നി. അവൻ സഹായിച്ച അവനെ ഇഷ്ടപ്പെടുന്ന കുറെയേറെ ആളുകൾ ഉണ്ടല്ലോ..!അവരുടെയൊക്കെ മനസ്സിൽ അജയൻ ജീവിച്ചിരിക്കും.
കണ്ണ് ചിമ്മി കൊണ്ടുള്ള അവന്റെ പുഞ്ചിരി എല്ലായിപ്പോഴും എല്ലാവരും ഓർത്തിരിക്കും. അതുമതി…!!!
ഒഴുകി വരുന്ന കണ്ണുനീർത്തുള്ളികളെ തുടച്ചുകൊണ്ട് ആ കത്തും നെഞ്ചോട് ചേർത്ത് പിടിച്ച് അജയന്റെ കട്ടിലിലേക്ക് ബിനു ഇരുന്നു. അപ്പോഴും അജയന്റെ സാമീപ്യം അവൻ അറിയുന്നുണ്ടായിരുന്നു.
✍️അപ്പു