രചന: അപ്പു
:::::::::::::::::::::;:;;
” ഇവളെ ഒക്കെ എന്താ ചെയ്യേണ്ടത് എന്ന് അറിയാമോ..? ചാട്ടവാറിനു അടിക്കണം.. എത്ര വർഷം കാത്തിരുന്നു കിട്ടിയ കൊച്ചാ.. അതിനെയാണ് അവൾ കൊണ്ടോയി കൊന്നത്.. പിശാശ്.. “
ദേഷ്യം സഹിക്കാൻ വയ്യാതെ അയാൾ അലറി. അപ്പോഴും സത്യവും മിഥ്യയും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു അവൾ..!
“നിങ്ങൾ എന്തൊക്കെ വിവരക്കേടാണ് ചേട്ടാ ഈ വിളിച്ചു പറയുന്നത്..? ഏട്ടത്തി മനപ്പൂർവം അറിഞ്ഞു കൊണ്ട് കൊച്ചിനെ വല്ലതും ചെയ്തതാണ് എന്ന് ഏട്ടന് തോന്നുന്നുണ്ടോ..?”
അനിയൻ ചോദിക്കുന്നത് കേട്ടപ്പോൾ അയാൾ ദേഷ്യത്തോടെ അവനെ നോക്കി.
” അല്ലെങ്കിലും അവൾ വന്നു കയറിയ കാലം മുതലേ നീ അവൾക്ക് സപ്പോർട്ട് ആണ്. അവൾ എന്ത് ചെയ്താലും നീ അവളെ സപ്പോർട്ട് ചെയ്തു കൊണ്ട് വരുന്നത് കാണാം. ഈ കാര്യത്തിൽ നീ അവളെ അങ്ങനെ സപ്പോർട്ട് ചെയ്യരുത്. കാരണം നഷ്ടം എനിക്കാണ്. എന്റെ ചോരയിൽ പിറന്ന കുഞ്ഞിനെയാണ് അവൾ ഇല്ലാതാക്കി കളഞ്ഞത്.. “
അയാൾ പറയുന്നത് കേട്ട് അയാളുടെ അനിയനു ദേഷ്യമാണോ പുച്ഛമാണോ തോന്നിയത് എന്ന് അറിയില്ല.
” ഏട്ടൻ കുറേ നേരമായി പറയുന്നുണ്ടല്ലോ ഏട്ടത്തി കുഞ്ഞിനെ കൊന്നു കളഞ്ഞു എന്ന്..? ഏട്ടൻ തോന്നുന്നുണ്ടോ ഏട്ടത്തി മനപ്പൂർവ്വം കുഞ്ഞിനെ കൊല്ലാൻ വേണ്ടി എന്തെങ്കിലും ചെയ്തതാണ് എന്ന്..? കുഞ്ഞിനെ കട്ടിലിൽ ഉറക്കി കിടത്തിയിട്ട് തുണിയലക്കാൻ വേണ്ടി ഏട്ടത്തി പുറത്തേക്ക് ഇറങ്ങിയതല്ലേ..? ഇതിനിടയിൽ കുഞ്ഞ് കട്ടിലിൽ നിന്ന് വീഴുമെന്നോ തല പൊട്ടും എന്നോ ആരെങ്കിലും കരുതിയോ..? ആ വീഴ്ചയിൽ കുഞ്ഞിന്റെ തലച്ചോറിന് ക്ഷതം സംഭവിച്ച് അത് എന്നെന്നേക്കുമായി നമ്മളെ വിട്ടു പോകും എന്ന് ആരെങ്കിലും കരുതിയിരുന്നോ..? “
അനിയൻ അവൾക്കു വേണ്ടി വാദിക്കുന്നത് കേട്ടപ്പോൾ അയാൾക്ക് ദേഷ്യം വർദ്ധിച്ചു.
” നീ ഇങ്ങനെ അവൾ ചെയ്യുന്നതിന് എല്ലാത്തിനും കുട പിടിക്കാൻ നിൽക്കണ്ട. അവൾ കുഞ്ഞിനെ മനപ്പൂർവ്വം ചെയ്തതല്ല എന്ന് നീ പറയുന്നത് ഞാൻ വേണമെങ്കിൽ സമ്മതിച്ചു തരാം. പക്ഷേ കുഞ്ഞിനെ ഉറക്കി കിടത്തി പോകുമ്പോൾ അതിന്റെ വശങ്ങളിൽ തലയണ വയ്ക്കണമെന്ന് ഇവളോട് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട്..?അവൾ അത് ചെയ്യാതിരുന്നത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ..? “
അവൻ വാശിയോടെ അവളെയും അനിയനെയും മാറിമാറി നോക്കി.
“ഏട്ടൻ വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത്.. നമ്മളെല്ലാവരും റൂമിൽ ചെല്ലുമ്പോൾ കണ്ട കാഴ്ച കുഞ്ഞിന് കിടക്കാനുള്ള സ്പേസിൽ രണ്ടുവശത്തും തലയിണ വച്ചിരിക്കുന്നത് തന്നെയാണല്ലോ.. കുഞ്ഞാണെങ്കിൽ നിലത്ത് കിടപ്പുണ്ട്.. അതിന്റെ അർത്ഥം എന്താ..? ഏട്ടത്തി ആ നേരത്തിനിടയിൽ മുറിയിലേക്ക് കയറിയിട്ടില്ല എന്ന് നമുക്കൊക്കെ അറിയാവുന്ന കാര്യമല്ലേ..? എന്നിട്ടും വെറുതെ എന്തെങ്കിലും കാരണം കണ്ടുപിടിച്ച് ഏട്ടത്തിയെ എന്തിനാണ് പ്രതിയാക്കുന്നത്..? “
അനിയൻ അവൾക്കു വേണ്ടി വാദിക്കുകയായിരുന്നു. അപ്പോഴും അവളെ താലികെട്ടിയ ഭർത്താവ് അവൾ ചെയ്തത് തെറ്റാണ് എന്ന ഭാവത്തിൽ അവളെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.
“വെറുതെ ഒരാളിനെയും കുറ്റം പറയരുത്.നിങ്ങളുടെ വിവാഹം കഴിഞ്ഞ് ആറു വർഷം കഴിഞ്ഞിട്ട് നിങ്ങൾക്ക് കിട്ടിയ കുഞ്ഞാണ് നമ്മുടെ തനു. ആ കുഞ്ഞിന് വേണ്ടി ഏട്ടത്തി എന്തൊക്കെ സഹിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ ഈ വീട്ടിലുള്ള എല്ലാവർക്കും അറിയാവുന്നതാണ്. മൂന്നാം മാസത്തിൽ തന്നെ ഡോക്ടർ പറഞ്ഞതാണ് അബോഷനാണ് ഏറ്റവും നല്ലത് എന്ന്. പ്രസവത്തിന്റെ സമയത്ത് അമ്മ അല്ലെങ്കിൽ കുഞ്ഞ് എന്നൊരു തീരുമാനം എടുക്കേണ്ടിവരും എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഏട്ടത്തി കുഞ്ഞിനു വേണ്ടി വാശിപിടിച്ചു. തന്റെ ജീവനില്ലാതെ ആയാലും കുഞ്ഞ് ഉണ്ടാകണമെന്ന് ഏട്ടത്തി ആഗ്രഹിച്ചു. അത് എന്തുകൊണ്ടാണെന്ന് അറിയാമോ..? ഇക്കണ്ട കാലം മുഴുവൻ ഓരോരുത്തരുടെ ആട്ടം തുപ്പും മുഴുവൻ കേട്ടത് ഏട്ടത്തിയായിരുന്നു. കുഞ്ഞുണ്ടാകാൻ വൈകിയതിന്റെ പേരിൽ നാട്ടുകാർ മുഴുവൻ ഒളിഞ്ഞും തെളിഞ്ഞും മച്ചി എന്ന് പേരിട്ടു വിളിച്ചത് ഏട്ടത്തിയെ ആയിരുന്നു.അപ്പോഴൊന്നും ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ പേരിൽ ഏട്ടനെ ആരും കുറ്റം പറഞ്ഞിട്ടില്ല.മറിച്ച് എല്ലാവർക്കും ഏട്ടനോട് സഹതാപമായിരുന്നു.ഒരു മച്ചിയായ ഏട്ടത്തിയെ ചുമക്കുന്നതിന്റെ പേരിൽ.. പലപ്പോഴും ഒരു ഫംഗ്ഷനും പോകാതെ ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന ഏട്ടത്തിയെ ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെയും ഏട്ടൻ ഏട്ടന്റെ സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിക്കുകയായിരിക്കും. ഏട്ടത്തിയെ ആരെന്തു പറഞ്ഞാലും തനിക്ക് ഒന്നുമില്ല എന്നൊരു ഭാവമാണ് ഏട്ടന്. ഇവിടെ അമ്മ പോലും നാഴികയ്ക്ക് 40 വട്ടം ഏട്ടത്തിയെ കുറ്റം പറയുന്നത് ഏട്ടന്റെ ഇങ്ങനെയൊരു സ്വഭാവം കൊണ്ടാണ്. ഒടുവിൽ ഏട്ടത്തി പ്രഗ്നന്റ് ആയപ്പോൾ എല്ലാവരുടെയും വായടഞ്ഞു.അതിനു ശേഷം എങ്കിലും അതിനു സമാധാനം കിട്ടും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഏട്ടത്തിക്ക് പൂർണമായ വിശ്രമം ഡോക്ടർ പറഞ്ഞിട്ട് പോലും അതിനൊരു അവസരം പോലും കൊടുക്കാതെ അമ്മ ഇവിടെയിട്ട് അതിനെ ഉപദ്രവിക്കുകയായിരുന്നു. എല്ലാം കണ്ടിട്ടും ഏട്ടൻ കണ്ടില്ലെന്ന് നടിച്ചു. ഓരോ ദിവസവും ഏട്ടത്തി ഓരോ വിഷമങ്ങൾ പറയുമ്പോൾ അത് ശ്രദ്ധിക്കാതെ കടന്നുപോകുന്ന ഏട്ടനെ ഞാൻ തന്നെ കണ്ടിട്ടുണ്ട്.”
അവൻ അതൊക്കെ പറയുമ്പോഴും അയാൾ അവനെ ശ്രദ്ധിക്കുന്നുണ്ട് എന്നല്ലാതെ അയാളിൽ വലിയ ഭാവമാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.
” പ്രസവത്തിന്റെ സമയത്ത് ഒരുപാട് കോംപ്ലിക്കേഷനുകൾ ഉണ്ട് അമ്മ അല്ലെങ്കിൽ കുഞ്ഞ് എന്നൊരു സിറ്റുവേഷൻ വന്നപ്പോൾ ഏട്ടൻ ആവശ്യപ്പെട്ടത് ഏട്ടന്റെ കുഞ്ഞിനു വേണ്ടിയായിരുന്നു. അപ്പോഴും സ്വന്തം വീട്ടുകാരെ വെറുപ്പിച്ച് ഏട്ടന് വേണ്ടി ഇത്രയും സഹിച്ച ആ പെണ്ണിനെ ഏട്ടൻ ഓർത്തില്ല. ഏട്ടന് വേണ്ടി നിരാഹാരം കിടന്നതും ഏട്ടന്റെ കൈപിടിച്ച് ഇവിടേക്ക് കയറി വന്നതും ഒന്നും ഏട്ടന്റെ ഓർമ്മയിലേക്ക് വന്നതേയില്ല. അവിടെ ഏട്ടൻ സ്വാർത്ഥനായ ഒരു അച്ഛൻ മാത്രമായി മാറി. ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലം കൊണ്ട് ഏട്ടത്തിയേയും നമുക്ക് തിരിച്ചു കിട്ടി.കുഞ്ഞു ജനിച്ചത് മുതൽ ഓരോ നിമിഷവും കുഞ്ഞിനു വേണ്ടി തന്നെയായിരുന്നു ഏട്ടത്തി ജീവിച്ചത്.കുഞ്ഞിനെ എത്രയൊക്കെ ഇഷ്ടമുണ്ട് എന്ന് പറഞ്ഞാലും രാത്രി മുഴുവൻ അലറി കരയുന്ന കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും ഏട്ടൻ തയ്യാറായിട്ടില്ല. ഏട്ടന്റെ ഉറക്കത്തിന് തടസ്സം വരും എന്ന് കരുതി ഏട്ടത്തി കുഞ്ഞിനെയും കൊണ്ട് ഹാളിൽ വന്നിരിക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ആരെയും ശല്യം ചെയ്യാതെ ആ കുഞ്ഞിനെ വളർത്താൻ ഏട്ടത്തി കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചേട്ടന്റെ മുന്നിൽ മാത്രം കുഞ്ഞിനോട് സ്നേഹം പ്രകടിപ്പിക്കുന്ന അമ്മയെയും അച്ഛനെയും പോലും ഞാൻ കണ്ടിട്ടുണ്ട്. കൈക്കുഞ്ഞായ അവളെയും നോക്കി ഈ വീട്ടിലെ പണികൾ മുഴുവൻ ചെയ്തു തീർക്കാൻ ഏട്ടത്തി പെടാപ്പാട് പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും നിങ്ങൾക്കാർക്കും ഏട്ടത്തിയോട് ഒരു മനസ്സലിവും തോന്നിയിട്ടില്ല.ഏട്ടത്തി പണികൾ ചെയ്യുന്ന സമയത്തെങ്കിലും കുഞ്ഞിനെ ഒന്ന് നോക്കാൻ ഇവിടെ ആർക്കും സമയം കിട്ടിയില്ല. അവസാനം ഒരു ആപത്ത് വന്നപ്പോൾ കുറ്റം മുഴുവൻ അവരുടേത് മാത്രമായി. എന്നാൽ ഈ കഴിഞ്ഞ ആറുവർഷം ആളുകളുടെ കുറ്റപ്പെടുത്തലുകൾ മുഴുവൻ കേട്ട് അവസാനം ഒരു കുഞ്ഞിനെ ഉദരത്തിൽ പേറി സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ച് പ്രസവിച്ച് ഈ ഒരു പ്രായം വരെ വളർത്തി വലുതാക്കിയ ആ സ്ത്രീയുടെ വേദനയും വിഷമവും നിങ്ങൾ ആരും ഓർക്കുന്നില്ല.നിങ്ങളുടെയൊക്കെ മനസ്സ് ഇത്രയും കട്ടിയുള്ളതാണ് എന്ന് ഞാൻ അറിഞ്ഞില്ല.. “
അവൻ അത് പറഞ്ഞുകൊണ്ട് അവളെ നോക്കുമ്പോഴും ഇതൊന്നുമറിയാതെ ഏതോ ഒരു ദിശയിലേക്ക് ദൃഷ്ടി പതിപ്പിച്ച് ഇരിക്കുകയായിരുന്നു അവൾ.
“കുഞ്ഞിന് അന്ന് അങ്ങനെ ഒരു അപകടം പറ്റിയതിനു ശേഷം സ്വബോധത്തോടെ ഏതെങ്കിലും ഒരാളുടെ നോക്കുകയും ചിരിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല ഏട്ടത്തി. അവരെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകാനോ ചികിത്സിക്കാനോ പോലും നിങ്ങൾക്ക് ആർക്കും വയ്യ. നഷ്ടപ്പെട്ടുപോയ കുഞ്ഞിനെ ഓർത്ത് ഇവിടെ ആർക്കും വേദനയില്ല എന്നല്ല പറയുന്നത്. ആ കുഞ്ഞിനെ ഓർത്ത് എനിക്കും സങ്കടമുണ്ട്. പക്ഷേ അതൊന്നും ആയിരിക്കുന്ന സ്ത്രീയുടെ അപ്പുറത്തേക്ക് അല്ല. ഏട്ടന് വേണ്ടിയാണ് ഏട്ടത്തി ഒക്കെയും സഹിച്ചത് എന്ന് മറന്നു പോകരുത്.”
അവൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ അയാളുടെ മനസ്സിലേക്ക് കടന്നു വന്നത് സ്വന്തം വീട്ടുകാരെ വിട്ടു അയാളോടൊപ്പം ജീവിക്കാൻ ഇറങ്ങി വരാൻ തയ്യാറായ ഒരു പെണ്ണിനെ ആയിരുന്നു.
അവളെ ജീവിതത്തിലേക്ക് കൂടെ കൂട്ടിയതിനു ശേഷം അവൾ തന്റേതാണ് എന്നൊരു സ്വാർത്ഥതയിൽ അവളെ ശ്രദ്ധിക്കാൻ മറന്നുപോയോ എന്നൊരു തോന്നൽ ആ നിമിഷം അയാളിൽ ഉണ്ടായി. അനിയൻ പറഞ്ഞതുപോലെ പ്രസവം അവളെ സംബന്ധിച്ച് ജീവൻ പറിഞ്ഞു പോകുന്നതാണ് എന്ന് അറിഞ്ഞിട്ടു പോലും കുഞ്ഞിനെ കിട്ടിയാൽ മതി എന്ന് ചിന്തിച്ചത് ഏതുനിമിഷത്തെ തോന്നൽ കൊണ്ടാണ് എന്ന് ഒരു ഊഹവും കിട്ടിയില്ല.
കുഞ്ഞ് ഞങ്ങളിൽ നിന്ന് പോയിട്ട് ആറുമാസത്തോളം ആകുന്നു. കഴിഞ്ഞ ആറുമാസമായി അവൾ ഇങ്ങനെ തന്നെയാണ്. ആരെങ്കിലും ആഹാരം കൊടുത്താൽ കഴിക്കും ഇല്ലെങ്കിൽ കഴിക്കില്ല അങ്ങനെയൊക്കെ. സ്വന്തമായി കുളിക്കാനോ സ്വന്തം കാര്യങ്ങൾ എങ്കിലും വൃത്തിക്ക് ചെയ്യാനോ ഉള്ള ബോധം പോലും അവൾക്ക് ഇപ്പോൾ ഇല്ല.
എന്നിട്ടും അവളെ ഒരു ഡോക്ടറെ കാണിക്കാൻ പോലും കഴിയാത്ത വിധം താൻ അവളിൽ നിന്ന് അകന്നുപോയോ..? അത്രയും ക്രൂരമായിരുന്നോ തന്റെ മനസ്സ്..?
“ഏട്ടാ.. കുഞ്ഞുങ്ങൾ ഇനിയുമുണ്ടാകും. ഇല്ലെങ്കിൽ അച്ഛനും അമ്മയും ഇല്ലാത്ത എത്രയോ മക്കൾ നമുക്ക് ചുറ്റുമുണ്ട്. അവരിൽ ആർക്കെങ്കിലും അച്ഛനും അമ്മയും ആകാൻ ഏട്ടനും ഏട്ടത്തിക്കും കഴിയില്ലേ.? പക്ഷേ ഏട്ടത്തിയുടെ കാര്യം അങ്ങനെയാണോ..? പണ്ടത്തെപ്പോലെ ചിരിച്ചും കളിച്ചും നമുക്ക് ചുറ്റും നടന്ന ഏട്ടത്തിയെ നമുക്ക് തിരിച്ചു വേണ്ടേ..? ഏട്ടൻ കാണിക്കുന്ന അവഗണനകൾ ഏട്ടത്തിയെ എത്രത്തോളം തളർത്തി കളയുന്നുണ്ട് എന്ന് ഏട്ടന് അറിയാമോ..? കുഞ്ഞിന് അപകടം സംഭവിച്ച നിമിഷം മുതൽ ഈ നിമിഷം വരെയും ഏട്ടത്തിയെ കുറ്റപ്പെടുത്താൻ അല്ലാതെ ഏട്ടൻ മറ്റൊന്നിനും ശ്രമിച്ചിട്ടില്ല. അവരെ ഒന്ന് ചേർത്ത് പിടിച്ചാൽ ഒരുപക്ഷേ ഒന്ന് ആശ്വാസമാകും. ആ ഒരു പ്രവർത്തിയിലൂടെ ചിലപ്പോൾ ഏട്ടത്തി ജീവിതത്തിലേക്ക് മടങ്ങിവന്നു എന്നുപോലും ഉണ്ടാകും. ഏട്ടൻ ഒന്ന് ശ്രമിച്ചു നോക്കൂ.. ഏട്ടനെ പ്രാണനെ പോലെ സ്നേഹിക്കുന്ന പെണ്ണാണത്.. അത് മറക്കരുത്..”
അവന്റെ തോളിൽ തട്ടി പറഞ്ഞുകൊണ്ട് അനിയൻ അകത്തേക്ക് കയറി പോകുമ്പോൾ അവൻ ചിന്തിച്ചതും അതു തന്നെയായിരുന്നു. തന്റെ പ്രാണനാണ് അവൾ.. അവളെ ഇത്രയും കാലം അവഗണിച്ചത് താൻ ചെയ്ത മഹാപാപം.. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാകില്ല. “
ചുവരും ചാരി ഇരിക്കുന്ന അവളുടെ അടുത്തേക്ക് ചുവടെ വയ്ക്കുമ്പോൾ എത്രയും പെട്ടെന്ന് അവളെ ചികിത്സിച്ച് രോഗം മാറ്റണം എന്നൊരു തീരുമാനം അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.
*********************
“ഏട്ടാ.. ഞാനൊരു കാര്യം പറയട്ടെ..?”
അന്ന് ഉണ്ടായ തിരിച്ചറിവിന്റെ ഫലമായി അവളെ ചികിത്സിക്കാൻ അവൻ തന്നെയാണ് മുൻകൈയെടുത്തത്. ആറുമാസത്തോളം ഉള്ള ചികിത്സയും കൗൺസിലിംഗും ഒക്കെ കൊണ്ട് തനു ഈ ലോകത്തില്ല എന്ന് മനസ്സിലാക്കാൻ അവൾക്കു കഴിഞ്ഞു. എങ്കിലും താൻ കാരണമാണ് തന്റെ പൊന്നോമന ഈ ലോകം വിട്ടുപോയത് എന്നൊരു ചിന്ത അവളുടെ മനസ്സിൽ ഉണ്ടായിട്ടുണ്ട്.
അതു തുടച്ചു മാറ്റാൻ അവളെ സഹായിച്ചത് അവന്റെ സ്നേഹത്തോടെയുള്ള ഇടപെടലുകൾ തന്നെയായിരുന്നു. അവനോടൊപ്പം ആ കുടുംബവും നിന്നതോടെ അവളുടെ മനസ്സിൽ ഉണ്ടായിരുന്ന തോന്നലുകൾ ഒക്കെയും മാറിക്കിട്ടി എന്ന് തന്നെ പറയാം.
പതിയെ പതിയെ അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇന്നിപ്പോൾ ഒരു വർഷത്തോളം കഴിഞ്ഞിരിക്കുന്നു അവളുടെ ചികിത്സകൾ എല്ലാം പൂർത്തിയായിട്ട്. പഴയതിലും സന്തോഷത്തോടെ അവർ ജീവിക്കുന്നുണ്ടെങ്കിലും ഇടയ്ക്കൊക്കെ തനു അവർക്ക് ഒരു നൊമ്പരമായി കടന്നു വരാറുണ്ട്.
അങ്ങനെയിരിക്കെ ഒരു രാത്രിയിലാണ് അവന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നുകൊണ്ട് അവൾ അത് ചോദിക്കുന്നത്. അവൾക്ക് എന്താണ് പറയാനുള്ളത് എന്നറിയാൻ ഒരു ആകാംക്ഷയോടെ അവൻ അവളെ നോക്കി.
” നമ്മുടെ തനു വീണ്ടും നമ്മുടെ അടുത്തേക്ക് വരികയാണ് എന്നൊരു സംശയം.. “
അവനെ നോക്കാതെ അവൾ പറഞ്ഞപ്പോൾ അത്ഭുതമായിരുന്നു അവനിൽ ഉണ്ടായിരുന്നത്. അവളെ തന്നിൽ നിന്ന് ശ്രദ്ധയോടെ അടർത്തിമാറ്റിക്കൊണ്ട് അവളുടെ മുഖത്തേക്ക് അവൻ ആശ്ചര്യത്തോടെ നോക്കി.
“അങ്ങനെയൊരു സംശയം മാത്രമാണുള്ളത്.. ശരിയാണോ എന്നറിയില്ല.. ചിലപ്പോൾ എന്റെ പ്രതീക്ഷ കൊണ്ട് എനിക്ക് തോന്നുന്നത് ആയിരിക്കാം..”
അവൾ പറഞ്ഞപ്പോൾ അവൻ നിഷേധാർത്ഥത്തിൽ തലയാട്ടുന്നുണ്ടായിരുന്നു.
” അല്ല നമ്മുടെ തനു തന്നെയായിരിക്കും.. നാളെ എന്തായാലും നമുക്ക് ഒന്ന് ആശുപത്രിയിലേക്ക് പോകാം.. “
അവളെയും ചേർത്തുപിടിച്ചു കൊണ്ട് ബെഡിന്റെ ഹെഡ് ബോർഡിലേക്ക് ചാരിയിരിക്കുമ്പോൾ അവന്റെ മനസ്സിൽ ഒരു നൂറായിരം സ്വപ്നങ്ങൾ നേരിടാൻ തുടങ്ങിയിരുന്നു..
അപ്പോഴേക്കും ആ മാലാഖ കുഞ്ഞ് തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് തിരികെ വരാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു..
✍️ അപ്പു