രചന : അപ്പു
::::::::::::::::::::
” എനിക്കും.. എനിക്കും നിന്നെ ഇഷ്ടമാണ്… “
തല കുനിച്ചു കൊണ്ട് അവൾ പറയുമ്പോൾ ആ ശബ്ദത്തിൽ ഒരു വിറയൽ ഉണ്ടായിരുന്നു. പക്ഷെ താൻ സന്തോഷ കൊടുമുടിയിൽ ആയിരുന്നു.
തന്റെ ഒരു വർഷത്തെ കാത്തിരിപ്പ് ആണ് അവസാനിച്ചിരിക്കുന്നത്.. ആ നിമിഷം എന്ത് ചെയ്യണമെന്ന് അവനു അറിയാതെ ആയി.
ചുറ്റിനും ആളുകൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ അവളെ കെട്ടിപ്പിടിച്ചു പോയേനെ എന്നു വരെ തോന്നിപ്പോയി.
” താൻ തമാശ പറയുന്നതല്ലല്ലോ അല്ലേ..?”
വീണ്ടും ഒരിക്കൽ കൂടി ചോദിച്ചു.
അവൾ പെട്ടെന്ന് തന്നെ തലയുയർത്തി നോക്കി.
” എന്നെ കണ്ടിട്ട് ഞാൻ തമാശ പറയുന്നതാണ് എന്ന് ഏട്ടന് തോന്നുന്നുണ്ടോ..? കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു ഏട്ടൻ ഏട്ടന്റെ ഇഷ്ടം എന്നോട് തുറന്നു പറഞ്ഞത്. പക്ഷേ അന്ന് അനുകൂലമായി ഒരു മറുപടി തരാൻ എനിക്ക് കഴിയില്ലായിരുന്നു.കാരണം ഏട്ടനെ ഞാൻ അങ്ങനെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്ക് നന്നായി അറിയാം.കഴിഞ്ഞ ഒരു വർഷമായി എന്റെ കണ്ണും മനസ്സും ഏട്ടന് പിന്നാലെ മാത്രമായിരുന്നു.”
അവസാന വാചകം പറയുമ്പോൾ അവളുടെ മുഖം നാണത്താൽ ചുവക്കുന്നത് താൻ കണ്ടു.അത്ഭുതമായിരുന്നു ആ പെണ്ണ് തനിക്ക്..!!
” സത്യമായിട്ടും തന്നോട് എന്തുപറയണമെന്ന് അറിയാൻ വയ്യാത്ത ഒരു അവസ്ഥയിലാണ് ഞാൻ നിൽക്കുന്നത്. സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നുപോലും അറിയാൻ കഴിയുന്നില്ല. എന്തായാലും താങ്ക്സ്.. “
താൻ അത് പറയുമ്പോൾ അവളുടെ നെറ്റി ചുളിയുന്നതു കണ്ടു.
” അല്ല എന്റെ ജീവിതത്തിലേക്ക് വരാൻ താൻ തയ്യാറായല്ലോ.. അതിനുള്ള നന്ദി സൂചനയാണ് ഈ താങ്ക്സ്..'”
താൻ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അവൾ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. അത് തന്റെ ഹൃദയത്തിലേക്കാണ് വന്നു പതിച്ചത്. ആദ്യമായി കാണും പോലെ ആ പെണ്ണ് ഒരുവളെ താൻ നോക്കി നിന്നു..
“ഞാൻ പോട്ടെ.. ഫ്രണ്ട്സ് വെയിറ്റ് ചെയ്യുന്നുണ്ട്..”
നാണം കൊണ്ട് ചുവന്ന മുഖം തന്നിൽ നിന്നും മറച്ചു പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു അവൾ നടന്നു വരുമ്പോൾ ഇപ്പോഴും താനൊരു സ്വപ്നലോകത്തിലാണ് എന്ന് തനിക്ക് തോന്നി.
” ഡാ എന്തായി..? അവൾ എന്തു പറയാനാ നിന്നെയും കൂട്ടി ഇവിടേക്ക് വന്നത്..?”
കൂട്ടുകാരൻ മനു അടുത്തേക്ക് വന്നു തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചപ്പോഴാണ് സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നത്.
അന്തംവിട്ടത് പോലെയുള്ള എന്റെ നോട്ടം കണ്ടപ്പോൾ അവനും എന്തൊക്കെയോ വശപ്പിശക് തോന്നിയിട്ടുണ്ടാകണം. അതുകൊണ്ടു തന്നെ അവൻ സംശയദൃഷ്ടിയോടെയാണ് എന്നെ നോക്കിയത്.
“എന്താടാ എന്തുപറ്റി..? നീയെന്താ ഇങ്ങനെ അന്തംവിട്ട് കുന്തം വിഴുങ്ങിയത് പോലെ..? “
അവൻ ചോദിച്ചപ്പോൾ അവനെ നോക്കി താൻ ഒന്ന് പുഞ്ചിരിച്ചു.
ഇന്ന് വാലെൻടൈൻസ് ഡേ ആയതു കാരണം കോളേജിന്റെ മുന്നിൽ തന്നെ ഞങ്ങളെല്ലാവരും സ്ഥാനം പിടിച്ചിരുന്നു. ഇന്ന് കുറെയധികം പ്രണയ ജോഡികളെ കാണാം എന്നൊരു പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്.
പക്ഷേ എന്റെ കണ്ണും മനസ്സും തേടിയത് മുഴുവൻ അവളെയായിരുന്നു. എന്റെ പെണ്ണിനെ..!
കഴിഞ്ഞ വർഷം ഇതു പോലൊരു പ്രണയദിനത്തിൽ ആയിരുന്നു ആദ്യമായി താൻ തന്റെ ഇഷ്ടം അവളെ അറിയിക്കുന്നത്.
കോളേജിൽ അവൾ ഫസ്റ്റ് ഇയറിൽ ജോയിൻ ചെയ്തപ്പോൾ തന്നെ അവളോട് തനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷേ അതൊരു പ്രണയമായിരുന്നു എന്നുള്ള കാര്യത്തിൽ തനിക്ക് ഇപ്പോഴും സംശയമാണ്.
കാണാൻ സൗന്ദര്യമുള്ള എന്തിനെ കണ്ടാലും നമുക്ക് ഒരു ഇഷ്ടം തോന്നുന്നല്ലോ.. അങ്ങനെ ഒരു കൗതുകം മാത്രമാണ് ആദ്യ കാഴ്ചയിൽ തനിക്ക് അവളോട് തോന്നിയത്. കാണാനുള്ള സൗന്ദര്യം മാത്രമല്ല സ്വഭാവം കൊണ്ടും അവൾ നല്ലൊരു കുട്ടിയാണ് എന്ന് അധികം വൈകാതെ തന്നെ തനിക്ക് മനസ്സിലാക്കാൻ സാധിച്ചു.
എന്റെ കണ്ണുകൾ അവൾക്ക് പിന്നാലെ സഞ്ചരിക്കുന്നത് ആദ്യം കണ്ടെത്തിയത് മനുവായിരുന്നു.
” എന്താണ് മോനെ പ്രേമം ആണോ..? “
ഒരിക്കൽ തന്നെ പിടിച്ചു നിർത്തി അവൻ ചോദിക്കുമ്പോൾ മറുപടി പറയാതെ ചിരിച്ചു.
” എന്തെങ്കിലും ചോദിക്കുമ്പോൾ ഉള്ള നിന്റെ ഈ ചിരി ഉണ്ടല്ലോ.. ഇതാണ് മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്നത്.. “
മനു പറഞ്ഞപ്പോൾ താൻ പൊട്ടി ചിരിച്ചു.
” ചിരിക്കാതെ കാര്യം പറയടാ..”
മനുവിന് ദേഷ്യം വന്നു എന്ന് മനസ്സിലായപ്പോൾ താൻ ചിരി നിർത്തി.
” പ്രേമം ആണോ എന്ന് ചോദിച്ചാൽ അത് ആകാൻ ആണ് സാധ്യത. എനിക്കിപ്പോഴും വ്യക്തമായി ഒരു ധാരണ കിട്ടിയിട്ടില്ല. പക്ഷേ അവളെ കണ്ടില്ലെങ്കിൽ എനിക്ക് വേദനിക്കാറുണ്ട്. അവളോട് സംസാരിക്കണം എന്ന് എപ്പോഴും ആഗ്രഹം തോന്നാറുണ്ട്. ഇതൊക്കെ പ്രണയത്തിന്റെ ലക്ഷണങ്ങൾ ആണെങ്കിൽ എനിക്ക് അവളോട് പ്രണയം തന്നെയാണ്. അതിൽ യാതൊരു സംശയവുമില്ല.”
ഞാൻ പറഞ്ഞപ്പോൾ അവൻ തന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.
” ഞാൻ നേരത്തെ തന്നെ കരുതിയതാണ് വിശ്വാമിത്രന്റെ തപസ്സിളകിയെന്ന്. പിന്നെ ഒന്നും ചോദിച്ചില്ല എന്ന് മാത്രം. ഇപ്പോൾ കൺഫേസ് ചെയ്ത സ്ഥിതിക്ക് ഇനിയെന്നാ നീ നിന്റെ ഇഷ്ടം അവളെ അറിയിക്കാൻ പോകുന്നത്.”
അവൻ അത് ചോദിച്ചപ്പോഴാണ് താനും അതിനെക്കുറിച്ച് ആലോചിച്ചത്. തന്റെ ആലോചന കണ്ടിട്ട് അവന് കാര്യം മനസ്സിലായിട്ടുണ്ടാകണം.
” എന്തായാലും ഇത്രയും നാളും നീ അവൾ അറിയാതെയല്ലേ സ്നേഹിച്ചത്.. ഇനി എന്തായാലും പ്രണയദിനം വരികയല്ലേ.. ഫെബ്രുവരി 14.. അന്ന് നീ നിന്റെ ഇഷ്ടം അവളോട് പറഞ്ഞാൽ മതി. പ്രണയിക്കുന്നവരുടെ ദിവസമല്ലേ അത്..? “
അവൻ അത് പറഞ്ഞപ്പോൾ അത് നല്ലൊരു ഐഡിയ ആണെന്ന് തനിക്കും തോന്നി. അതുകൊണ്ടായിരുന്നു അന്ന് അവളോട് ഇഷ്ടം പറയാനായി തിരഞ്ഞെടുത്തത്.
ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്ടം പറയാൻ പോകുന്നു എന്നുള്ളതു കൊണ്ട് തന്നെ നേരം പുലർന്നപ്പോൾ മുതൽ തനിക്ക് വല്ലാത്തൊരു ടെൻഷൻ ആയിരുന്നു. അവളുടെ മുന്നിലെത്തുമ്പോൾ ടെൻഷൻ കാരണം താൻ തലകറങ്ങി വീഴുമോ എന്ന് പോലും തനിക്ക് ഭയം ഉണ്ടായിരുന്നു.
ആ ഭയം കൊണ്ട് തന്നെ അവളുടെ മുന്നിലേക്ക് പോകുന്നില്ല എന്ന് താൻ തീരുമാനിച്ചതാണ്.പക്ഷേ എന്നെ ഉന്തി തള്ളി അവളുടെ മുന്നിലേക്ക് വിട്ടത് മനു ആയിരുന്നു.
അവൾ കോളേജിലേക്ക് കയറി വരുമ്പോൾ ആണ് ഞാൻ അവളെയും വിളിച്ച് വാക മരത്തിന്റെ ചുവട്ടിലേക്ക് മാറുന്നത്.
” ശ്രുതി എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. എനിക്ക് തന്നെ ഇഷ്ടമാണ്. കോളേജ് ടൈമിലുള്ള ഒരു പ്രണയമല്ല ഞാൻ ഉദ്ദേശിക്കുന്നത്. എനിക്ക് തന്നെ ജീവിതാവസാനം വരെ കൂടെ വേണം എന്നാണ്. തനിക്കും അതിനോട് താല്പര്യം ഉണ്ടെങ്കിൽ മാത്രം മറുപടി പറയണം. “
താൻ പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും പെട്ടെന്ന് ഒരാൾ വന്ന് ഇഷ്ടമാണ് എന്ന് പറയുമ്പോൾ ഏത് പെൺകുട്ടിയും അങ്ങനെ തന്നെ ആകുമല്ലോ പ്രതികരിക്കുക . തനിക്കുള്ള മറുപടി തരാതെ അന്ന് അവൾ നടന്നു.
അന്ന് തനിക്ക് വല്ലാത്ത സങ്കടം ആയിരുന്നു. മനുവിനോട് സങ്കടം പറഞ്ഞ് കരഞ്ഞപ്പോൾ അവൻ തന്നെ ആശ്വസിപ്പിച്ചു.
“ഇനി നീ അവളുടെ പിന്നാലെ നടക്കരുത്. അവൾക്ക് നിന്നോട് ഇഷ്ടമുണ്ടെങ്കിൽ അവൾ നിന്നോട് വന്നു പറഞ്ഞോളും. ഇനി ഇഷ്ടമില്ലായ്മ കൊണ്ടാണ് അവൾ നിന്നെ മറികടന്ന് പോയതെങ്കിൽ, വീണ്ടും അവളുടെ മുന്നിലേക്ക് ചെല്ലുന്നത് അവളെ ശല്യം ചെയ്യാൻ മാത്രമേ ഉപകരിക്കൂ..”
അവൻ പറഞ്ഞത് ശരിയാണെന്ന് തോന്നിയതു കൊണ്ടാണ് പിന്നീട് അവളുടെ പിന്നാലെ നടക്കാതിരുന്നത്.
എങ്കിലും അവൾ ഉള്ള ഇടത്തൊക്കെ അവൾ കാണാതെ അവളെ കാണാൻ താൻ ശ്രമിച്ചിരുന്നു. ഇന്നും അത്തരത്തിൽ അവൾക്കു വേണ്ടി കാത്തിരുന്നതാണ്.
തീരെ പ്രതീക്ഷിക്കാതെയാണ് കൂട്ടുകാർക്കിടയിൽ നിന്ന് അവൾ തന്നെ വിളിച്ചു കൊണ്ട് മാറി നിന്നത്. അന്നത്തെ അതേ വാക മരത്തിന്റെ ചുവട്ടിൽ വച്ച് അവൾ തന്റെ ഇഷ്ടം തന്നെ അറിയിച്ചത്. ആ ഓർമയിൽ തന്റെ കവിളുകൾ ചുവന്നത് താൻ അറിയാതെ പോയി.
“അമ്പട കള്ളാ അപ്പോൾ കോൾ അടിച്ചു അല്ലേ..?”
മനുവിന്റെ ചോദ്യം കേട്ടപ്പോൾ താൻ ഒന്ന് ഞെട്ടിയെങ്കിലും ചിരിച്ചു.
” അപ്പോൾ എന്തായാലും ഇന്ന് ട്രീറ്റ് വേണം.. “
മനു നിർബന്ധം പിടിച്ചു. ഞങ്ങളുടെ ബഹളത്തിന് ഇടയ്ക്ക് മറ്റു കൂട്ടുകാർ കൂടി ചേർന്നതോടെ അവരും കാര്യം അന്വേഷിച്ചു. മനു തന്നെയാണ് അവരോടും കാര്യങ്ങൾ തുറന്നു പറഞ്ഞത്.
അതോടെ എല്ലാവർക്കും ട്രീറ്റ് കിട്ടണം എന്ന പേരിൽ ആയി ബഹളം. എന്നാൽ പിന്നെ വൈകുന്നേരം എല്ലാവർക്കും കൂടി ഒന്നിച്ച് ഏതെങ്കിലും കഫയിലേക്ക് പോകാം എന്ന് തീരുമാനമായി.
അന്ന് തനിക്ക് വല്ലാത്തൊരു ഉത്സാഹമായിരുന്നു. തന്റെ പെണ്ണ് തനിക്ക് സ്വന്തമായ ദിവസം..
വൈകുന്നേരം അവൾ പോയതിനുശേഷം ആണ് കൂട്ടുകാരോടൊപ്പം കഫയിലേക്ക് തിരിച്ചത്. അവളോട് യാത്ര പറഞ്ഞു കണ്ണ് ചിമ്മി കാട്ടിക്കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു.
ഒരുപക്ഷേ എന്റെ സന്തോഷങ്ങൾക്ക് ദൈവം അധികം ആയുസ്സ് കൽപ്പിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടാണ് ഹൈവേയിൽ വച്ച് നിയന്ത്രണം വിട്ടു വന്ന ഒരു ലോറി എന്റെ ബൈക്കിന് നേരെ പാഞ്ഞു കയറിയത്.
ബൈക്കിൽ നിന്ന് തെറിച്ച് ഒരു പോസ്റ്റിലേക്ക് ചെന്ന് തലയടിച്ച് റോഡിലേക്ക് വീഴുമ്പോഴേക്കും അവിടെ മുഴുവൻ രക്തം തളം കെട്ടിയിരുന്നു. അവസാനമായി കണ്ണുകൾ അടയ്ക്കുമ്പോഴും മുന്നിൽ തെളിഞ്ഞത് അവളുടെ മുഖമായിരുന്നു.
ഒരു ദിവസം പോലും ആയുസ്സ് തരാത്ത എന്റെ പ്രണയത്തിന്റെ മുഖം…!!!!
✍️ അപ്പു