അവളുടെ നോട്ടത്തിൽ അവർ ഒന്ന് പതറി. കാരണം അത്രയും രൂക്ഷമായ നോട്ടം ആയിരുന്നു അവളുടെത്.

രചന: അപ്പു

:::::::::::::::::::::::::::::

” ഡാ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ നേരത്തെ വരണമെന്ന്.. ഇതിപ്പോ എനിക്ക് വീട്ടിൽ എത്താൻ ലേറ്റ് ആവും.. അല്ലേൽ തന്നെ അവിടെ എന്നും ഈ പേരും പറഞ്ഞു പ്രശ്നം ആണ്.. നീ ആയിട്ട് അതിലേക്ക് പെട്രോൾ എടുത്ത് ഒഴിക്കരുത്.. “

ദേഷ്യത്തോടെ ദേവിക ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ആ പാർക്കിൽ അവളുടെ തൊട്ടടുത്തിരുന്ന ഒരു സ്ത്രീ അതൊക്കെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഇതുപോലെയായിരുന്നു തന്റെ മകൾ..! കാണാൻ ഈ പെൺകുട്ടിയെ പോലെ തന്നെ.. സ്വഭാവം.. അത് ഇങ്ങനെയായിരുന്നോ..?

അവർ ഒരു നിമിഷം ആലോചിച്ചു.

അവളെ തന്നെ അവർ ശ്രദ്ധിക്കുന്നു എന്ന് തോന്നിയതു കൊണ്ട് ആയിരിക്കണം ദേവിക പെട്ടെന്ന് അവരെ നോക്കിയത്.

അവളുടെ നോട്ടത്തിൽ അവർ ഒന്ന് പതറി. കാരണം അത്രയും രൂക്ഷമായ നോട്ടം ആയിരുന്നു അവളുടെത്.

” എന്താ എന്നെ തന്നെ നോക്കിയിരിക്കുന്നത്..? “

അവൾ ചോദിച്ചപ്പോൾ അവർ ഒന്നുമില്ല എന്ന് തലയനക്കി. പക്ഷേ അവരുടെ നോട്ടവും സാമീപ്യവും അവളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു.

“എന്നെ നിങ്ങൾക്ക് മുൻപ് പരിചയമുണ്ടോ..?”

പെട്ടെന്ന് അവൾ ചോദിച്ചപ്പോൾ അവർ പുഞ്ചിരിച്ചു.

” പരിചയം ഉണ്ടെങ്കിൽ മോളെ ഇവിടെ കണ്ട കാര്യം അച്ഛനോടോ അമ്മയോടോ പറയും എന്ന് പേടിച്ചിട്ടാണോ..? “

അവർ ചോദിച്ചപ്പോൾ അവൾ തലകുനിച്ചു.

” മോള് തെറ്റ് ചെയ്തെങ്കിൽ അല്ലേ തലകുനിക്കേണ്ട കാര്യമുള്ളൂ.. അപ്പോൾ മോള് ചെയ്യുന്നത് തെറ്റാണ് എന്നാണോ..? “

അവർ ചോദിച്ചപ്പോൾ അവൾ ഞെട്ടലോടെ തലയുയർത്തി അവരെ നോക്കി.

“ഞാൻ അത്..”

അവൾക്ക് വല്ലാത്ത പതർച്ച അനുഭവപ്പെടുന്നുണ്ടായിരുന്നു.അത് കണ്ട് അവർ ഒന്ന് ചിരിച്ചു.

” മോള് നേരത്തെ എന്നോട് ചോദിച്ചില്ലേ ഞാൻ എന്തിനാ മോളെ നോക്കിയിരുന്നത് എന്ന്..? “

അവർ ചോദിച്ചപ്പോൾ അവൾ തലയാട്ടി.

“മോളെ കണ്ടിട്ട് എനിക്ക് എന്റെ മോളെയാണ് ഓർമ്മ വന്നത്.”

അത് പറഞ്ഞപ്പോൾ അവരുടെ കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ അവൾ കാണാതിരിക്കാൻ അവർ നോട്ടം മാറ്റി.

പക്ഷേ ആ വാചകം കേട്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.

” എന്നിട്ട് അമ്മയുടെ മോൾ ഇപ്പോൾ എവിടെയാ..? “

ആകാംക്ഷയോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ സകല നിയന്ത്രണങ്ങളും വിട്ട് അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

” അവൾ.. അവൾ ഇപ്പോൾ ജീവനോടെ ഇല്ല മോളെ.. ഞങ്ങളെയൊക്കെ വിട്ട് അവൾ പോയിക്കഴിഞ്ഞു.. “

സങ്കടത്തോടെ അവർ പറയുന്നത് കേട്ടപ്പോൾ അവൾക്കും ആകെ ഒരു വല്ലായ്മ തോന്നി.

“എന്താ പറ്റിയത്..?”

കുറച്ചു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ അന്വേഷിച്ചു.

“നിന്നെപ്പോലെ തന്നെയായിരുന്നു അവളും. ഞങ്ങൾക്ക് ആകെ ഒരു മകളെ ഉണ്ടായിരുന്നുള്ളൂ. കാവ്യ. എന്റെയും അവളുടെ അച്ഛന്റെയും വിവാഹം കഴിഞ്ഞതിനു ശേഷം സ്വന്തമായി ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു ഞങ്ങൾ താമസിച്ചത്. അദ്ദേഹം എന്നെ വിവാഹം കഴിച്ചതിൽ അദ്ദേഹത്തിന്റെ വീട്ടുകാർക്ക് അതൃപ്തി ഉണ്ടായിരുന്നു. ഒരുപാട് ബന്ധു ബലമുള്ള ഒരുപാട് സ്ത്രീധനം കിട്ടുന്ന ഒരു വീട്ടിലെ പെൺകുട്ടിയെ വിവാഹം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ വീട്ടുകാരുടെ താൽപര്യം. ആ സമയത്താണ് ആരോരും ഇല്ലാത്ത അനാഥയായ എന്നെ അദ്ദേഹം താലി ചാർത്തുന്നത്. അതോടെ അദ്ദേഹം എല്ലാവർക്കും ശത്രുവായി മാറി..”

അതും പറഞ്ഞ് അവർ ഒന്നു നെടുവീർപ്പിട്ടു.

” എന്നെ എവിടെയോ വച്ച് കണ്ട് ഇഷ്ടപ്പെട്ടത് ആയിരുന്നു അദ്ദേഹം. എന്നോട് ഇഷ്ടം പറഞ്ഞു വന്നപ്പോൾ അത് നിരസിക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്. അല്ലെങ്കിലും ഒരു നേരത്തെ ആഹാരത്തിന് പോലും മറ്റൊരാളിനെ ആശ്രയിക്കുന്ന ഞാൻ എങ്ങനെയാണ് അദ്ദേഹത്തിന് മോഹം കൊടുക്കുന്നത്..? ഇഷ്ടമല്ല എന്ന് പറഞ്ഞ് നടന്നിട്ടും അദ്ദേഹം ഞാൻ താമസിക്കുന്ന അനാഥാലയത്തിലേക്ക് വന്ന് മദറിനെ കണ്ടു. മദറിനോട് ഇഷ്ടം പറഞ്ഞപ്പോൾ മദർ എതിർത്തില്ല. അനാഥയായ ഒരു പെൺകുട്ടിക്ക് ഒരു കുടുംബം കിട്ടുമല്ലോ എന്നോർത്ത് മദർ സന്തോഷിച്ചിരിക്കണം. എന്തായാലും അവരുടെയൊക്കെ സാന്നിധ്യത്തിൽ വിവാഹം നടന്നു. വിവാഹത്തിന് യാതൊരു താൽപര്യവും ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്റെ വീട്ടുകാർ പങ്കെടുത്തത്. സത്യം പറഞ്ഞാൽ വിവാഹം കഴിഞ്ഞ് എന്നെയും കൊണ്ട് ആ വീട്ടിലേക്ക് കയറി ചെന്നപ്പോൾ മുതൽ അദ്ദേഹത്തിന് അവഗണനകൾ മാത്രമായിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ അവിടെയുള്ള എന്റെ ജീവിതം സുഖകരമാവില്ല എന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. ഒടുവിൽ എന്നെ മനപ്പൂർവ്വം ദ്രോഹിക്കാൻ വേണ്ടി മാത്രം ചൂടുള്ള വെള്ളം അമ്മ എന്റെ തലയിലൂടെ ഒഴുകുന്നത് കണ്ടുകൊണ്ടാണ് അദ്ദേഹം ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വന്നത്. അതോടെ സംഗതി വഷളായി. ഇനിയും അവിടെ നിന്നാൽ എന്റെ ജീവനു പോലും ആപത്താണ് എന്ന് തോന്നിയത് കൊണ്ടായിരിക്കണം രാത്രിക്ക് രാത്രി അദ്ദേഹം എന്നെയും കൊണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഒരു വാടക വീട് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. അതുവരെ സഹായിച്ചത് അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരൻ ആയിരുന്നു. ആ കൂട്ടുകാരന്റെ വീട്ടിലായിരുന്നു ഞങ്ങൾ താമസം. പുതിയ വീട്ടിലേക്ക് താമസം മാറിയതിനു ശേഷം ആണ് ഞങ്ങൾ സമാധാനത്തോടെ ജീവിച്ചു തുടങ്ങിയത് എന്ന് വേണമെങ്കിൽ പറയാം.”

അവർ പറയുന്നതൊക്കെയും ഒരു കഥ കേൾക്കുന്നതു പോലെ അവൾ കേട്ടിരിക്കുന്നുണ്ടായിരുന്നു.

” ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് കാവ്യ കടന്നു വരുന്നത്.ആ സമയത്ത് ഞങ്ങൾക്ക് വലിയ സാമ്പത്തിക അടിത്തറ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾക്കിടയിലേക്ക് വരുന്ന കുഞ്ഞ് ഞങ്ങൾക്ക് പുതിയൊരു പ്രതീക്ഷ തന്നെയായിരുന്നു. അവളുടെ വരവ് അറിഞ്ഞതിനു ശേഷം ഓരോ മാസവും ഓരോ ദിവസവും പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ ദിവസങ്ങൾ തള്ളി നീക്കിയത്. അവൾ ജനിച്ചതിനു ശേഷം അവൾക്ക് വേണ്ടിയായിരുന്നു ഞങ്ങൾ ജീവിച്ചത് എന്ന് വേണമെങ്കിൽ പറയാം.അവളുടെ ആഗ്രഹങ്ങൾ ഓരോന്നും ചെറുതാണെങ്കിലും വലുതാണെങ്കിലും നടത്തിക്കൊടുക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അവൾക്ക് ഒരു മൂന്നു വയസ്സുള്ളപ്പോഴാണ് ഞാൻ രണ്ടാമത് വീണ്ടും പ്രഗ്നന്റ് ആകുന്നത്. പക്ഷേ കാവ്യ ഒരിക്കൽ മഴയത്തേക്ക് ഇറങ്ങി ഓടുന്നത് കണ്ട് അവളെ പിടിക്കാൻ വേണ്ടി അവളുടെ പിന്നാലെ ഓടിയത് ആയിരുന്നു ഞാൻ. വിധി എന്നല്ലാതെ എന്തു പറയാൻ.. ആ ഓട്ടത്തിനിടയിൽ ഞാൻ കാല് തെന്നി വീണു . ആ വീഴ്ചയിൽ കുഞ്ഞിനെ മാത്രമല്ല പിന്നീട് ഒരു കുഞ്ഞിനെ ചുമക്കാനുള്ള ഗർഭപാത്രം പോലും എനിക്ക് നഷ്ടമായി. പിന്നീട് കാവ്യ മാത്രമായിരുന്നു ഞങ്ങളുടെ ലോകം. അവളുടെ കളി ചിരികളിൽ ആയിരുന്നു ഞാൻ ആ സങ്കടം മറന്നിരുന്നത്. വർഷങ്ങൾ മുന്നോട്ടു പോയപ്പോൾ അവൾ പക്വതയുള്ള ഒരു പെൺകുട്ടിയായി. പത്താം ക്ലാസിൽ പഠിക്കുന്ന സമയം വരെയും അവളെ കൊണ്ട് ഞങ്ങൾക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടു ഉണ്ടായിട്ടില്ല. പക്ഷേ അതിനുശേഷം അവളുടെ ജീവിതവും സ്വഭാവവും ഒക്കെ മാറിപ്പോയി.. “

അവർ പറഞ്ഞപ്പോൾ അത് എന്താണെന്ന് അറിയാൻ ഒരു ആകാംക്ഷ അവളിൽ ഉണ്ടായി.

“പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾക്ക് ഒരു പ്രണയം ഉണ്ടാകുന്നത്. ആ പ്രായത്തിൽ അതൊക്കെ തോന്നാത്തവർ വളരെ കുറവാണല്ലോ. അതുകൊണ്ടുതന്നെ അവളുടെ പ്രണയത്തിനെ കുറിച്ച് അറിഞ്ഞപ്പോൾ അവളെ ഒന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തത്. പ്രായത്തിന്റെ തോന്നൽ ആണെന്നും അതൊക്കെ മാറ്റിവച്ച് പഠനത്തിൽ ശ്രദ്ധിക്കണം എന്നുമൊക്കെ പറഞ്ഞപ്പോൾ അവൾ സമ്മതിച്ചതും ആണ്. പിന്നീട് ആ പ്രണയ ബന്ധത്തെ കുറിച്ച് ഒന്നും പറയുന്നത് കേട്ടിട്ടില്ല. അങ്ങനെ ഒരു സംശയവും ഞങ്ങൾക്ക് തോന്നിയിട്ടുമില്ല. പിന്നീട് പ്ലസ് വൺ അവസാനം ആയപ്പോഴാണ് വീണ്ടും ആ പ്രണയത്തിനെ കുറിച്ച് കേൾക്കുന്നത്. പക്ഷേ അന്ന് ഞങ്ങൾക്ക് രണ്ടാൾക്കും നന്നായി ദേഷ്യവും സങ്കടവും ഒക്കെ വന്നു. കാരണം അവളോട് ഇതിനു മുൻപ് തന്നെ പറഞ്ഞതാണ് ആ ബന്ധം വേണ്ട എന്ന്. എന്നിട്ടും അവൾ ആ ബന്ധത്തിൽ നിന്ന് പിന്നോട്ട് പോകാതെ വീണ്ടും അതിൽ തന്നെ കടിച്ചു തൂങ്ങി നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത വേദന. അവളുടെ ജീവിതത്തിൽ ഞങ്ങൾക്ക് സ്ഥാനമില്ല എന്നതു പോലെ. അതുകൊണ്ടുതന്നെ അന്ന് ഇത്തിരി ക്രൂരമായ ഭാഷയിൽ തന്നെയാണ് അവളോട് സംസാരിച്ചത്.”

അതും പറഞ്ഞ് അവർ ഒന്നു നെടുവീർപ്പിട്ടു.

” പ്രണയിക്കുന്നത് ഒരു തെറ്റാണോ ആന്റി..? “

പെട്ടെന്ന് അവൾ ചോദിച്ചപ്പോൾ അവർ ഒന്ന് പുഞ്ചിരിച്ചു.

” ഒരിക്കലുമല്ല പ്രണയം ഒരു തെറ്റാണെന്ന് ഒരിക്കലും ഞങ്ങൾ പറയില്ല. എന്റേത് ഒരു പ്രണയവിവാഹം അല്ലെങ്കിലും അവളുടെ അച്ഛൻ എന്നെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അങ്ങനെയുള്ളപ്പോൾ പ്രണയത്തെ ഞങ്ങൾ എതിർക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.? പ്രണയമല്ല പ്രശ്നം. ആരെ പ്രണയിക്കുന്നു എന്നതാണ് പ്രശ്നം. അവൾ പ്രണയിച്ചത് അവിടെ അടുത്ത് തന്നെയുള്ള ഒരു വർക്ക്ഷോപ്പിലെ ജീവനക്കാരനെ ആയിരുന്നു. പക്ഷേ അവന്റെ ജോലി ആയിരുന്നില്ല ഞങ്ങളുടെ പ്രശ്നം. അവൻ വല്ലപ്പോഴും മാത്രമാണ് ജോലിക്ക് പോകുന്നത്. കിട്ടുന്ന ശമ്പളം മുഴുവൻ കള്ളും കഞ്ചാവുമായി ആ വഴിക്ക് പോവുകയാണ് പതിവ്. നാട്ടിൽ ആർക്കും അവനെക്കുറിച്ച് നല്ല അഭിപ്രായം ഒന്നുമില്ല. അങ്ങനെയുള്ള സ്ഥിതിക്ക് എങ്ങനെ എന്റെ മകൾ അവന്റെ കൂടെ സുരക്ഷിതയായിരിക്കും എന്ന് ഞാൻ ആശ്വസിക്കും..? അവൻ അത്തരത്തിൽ ഒരു ചെറുപ്പക്കാരൻ ആയതുകൊണ്ട് മാത്രമാണ് ഞങ്ങൾ രണ്ടാളും ആ ബന്ധത്തെ എതിർത്തത്. ഞങ്ങൾ അന്ന് അവളോട് രൂക്ഷമായ സംസാരിച്ചതിനു ശേഷം ഞങ്ങളോട് രണ്ടാളോടും ഇനിയൊരിക്കലും അവനെ കാണുകയോ മിണ്ടുകയോ ഇല്ല എന്ന് അവൾ വാക്ക് തന്നു.ഞങ്ങൾ അത് വിശ്വസിക്കുകയും ചെയ്തു. അവൾ കോളേജിലെത്തിയപ്പോൾ അവൾക്ക് സ്വന്തമായി മൊബൈൽ ഫോൺ വേണമെന്ന് പറഞ്ഞു. ഞങ്ങൾ അത് വാങ്ങി കൊടുക്കുകയും ചെയ്തു. പക്ഷേ അതിനുശേഷം പലപ്പോഴും രാത്രികളിൽ പോലും അവളുടെ മുറിയിൽ നിന്ന് അടക്കിപ്പിടിച്ച സംഭാഷണങ്ങൾ കേട്ട് തുടങ്ങിയപ്പോൾ എനിക്ക് വല്ലാത്ത ആധിയായി. ഞാൻ അത് അദ്ദേഹത്തിനോട് തുറന്നു പറഞ്ഞപ്പോൾ എന്റെ വെറുതെയുള്ള തോന്നലാകും എന്നു പറഞ്ഞു അദ്ദേഹം അത് ലാഘവത്തോടെയാണ് എടുത്തത്. പക്ഷേ അവൾ വീണ്ടും അവനുമായുള്ള ബന്ധം തുടരുന്നു എന്നറിയാൻ ഒരു ദിവസം ക്ലാസ്സ് കട്ട് ചെയ്ത് അവൾ അവനോടൊപ്പം കറങ്ങുന്നത് കണ്ട ഞങ്ങളുടെ അയൽക്കാരന്റെ വാക്കുകൾ മാത്രം മതിയായിരുന്നു.അന്ന് ആദ്യമായി അവളുടെ അച്ഛൻ അവളെ തല്ലി. അതിന്റെ വാശിയിൽ അവൾ മുറിയിൽ കയറി വാതിലടച്ചു. ഞങ്ങൾ രണ്ടാളും മാറിമാറി വിളിച്ചെങ്കിലും അവൾ പുറത്തേക്ക് വരാൻ തയ്യാറായില്ല. പിന്നെ ഞങ്ങൾ ഓർത്തു വാശി കഴിയുമ്പോൾ അവൾ പുറത്തേക്ക് വന്നോളും എന്ന്. പിറ്റേന്ന് നേരം വെളുത്തിട്ടും അവൾ മുറിക്ക് പുറത്തേക്ക് വരാതെ ആയപ്പോൾ ഞങ്ങൾക്ക് സംശയമായി. വാതിൽ ചവിട്ടി പൊളിച്ചു നോക്കിയപ്പോൾ കാണുന്നത് ഒരു മുഴം കയറിന്റെ സഹായത്തോടെ ജീവൻ അവസാനിപ്പിച്ച അവളുടെ മുഖമായിരുന്നു. ആ കാഴ്ച കണ്ടു നിൽക്കാൻ ശേഷിയില്ലാതെ അവളുടെ അച്ഛൻ അവിടെ തന്നെ കുഴഞ്ഞു വീണു. പിന്നീട് അദ്ദേഹവും കണ്ണു തുറന്നിട്ടില്ല.. അവളോട് എന്തിനാണ് ഞങ്ങൾ അത്തരത്തിൽ പറഞ്ഞത് എന്ന് മനസ്സിലാക്കാതെ അവൾ സ്വന്തം ജീവിതം അവസാനിപ്പിച്ചപ്പോൾ എനിക്ക് ഭർത്താവിനെയും മകളെയും ഒരുമിച്ച് നഷ്ടമായി..”

അവർ പറയുന്നത് കേട്ടപ്പോൾ അവൾ ഒന്ന് വിറങ്ങലിച്ചു പോയി. അവളുടെ കൺമുന്നിൽ അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെപ്പിറപ്പിന്റെയും ഒക്കെ മുഖം തെളിഞ്ഞു വന്നു.

” പ്രണയിക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല മോളെ. പക്ഷേ പ്രണയത്തിന്റെ പേരും പറഞ്ഞ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ വഞ്ചിക്കുമ്പോൾ ഇക്കണ്ട കാലം മുഴുവൻ നിങ്ങളെ നോക്കി വളർത്തിയ വീട്ടുകാർക്ക് എത്രത്തോളം ദുഃഖം ഉണ്ടാകും എന്ന് ഓർത്തിട്ടുണ്ടോ..? മോള് നേരത്തെ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു. എന്റെ വീട്ടിൽ ഉണ്ടായതുപോലെ ഒരു അനുഭവം ഇനി ഒരു വീട്ടിലും ഉണ്ടാകരുത്. അതുകൊണ്ടാണ് മോളോട് ഞാൻ ഈ കഥ പറഞ്ഞത്. ആലോചിച്ച് എന്താണെന്ന് വെച്ചാൽ തീരുമാനിക്ക്.. “

അത്രയും പറഞ്ഞുകൊണ്ട് അവർ അവിടെ നിന്ന് എഴുന്നേറ്റ് പോയി. ദേവിക അവർ പറഞ്ഞ കാര്യങ്ങൾ തന്നെ ആലോചിക്കുകയായിരുന്നു.

പെട്ടെന്ന് ഒരു തീരുമാനമെടുത്തത് പോലെ ഫോണെടുത്ത് അവനെ വിളിച്ചു.

” നിനക്ക് എന്നോട് ആത്മാർത്ഥമായി ഒരു ഇഷ്ടം ഉണ്ടെങ്കിൽ എത്രയും വേഗം ഒരു പ്രൊപ്പോസൽ ആയി എന്റെ വീട്ടിൽ അവതരിപ്പിക്കണം. അല്ലാതെ വെറുതെ കറങ്ങി നടക്കാൻ എനിക്ക് പറ്റില്ല. ഒരു ടൈം പാസ് അല്ല ഞാൻ ഉദ്ദേശിക്കുന്നത്.. ഇനി ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് മാത്രം തമ്മിൽ കാണുകയും മിണ്ടുകയുമൊക്കെ ചെയ്താൽ മതി. “

അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു കൊണ്ട് അവൾ തന്റെ വീട്ടിലേക്കുള്ള ബസ് പിടിക്കാൻ ഓടി…

✍️ അപ്പു