എന്നാലും അവർ രണ്ടാളും എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ അനൂ.. അതോർക്കുമ്പോൾ

രചന: അപ്പു

:::::::::::::::::::::::

” എന്നാലും അവർ രണ്ടാളും എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ അനൂ.. അതോർക്കുമ്പോൾ.. “

അത്രയും പറഞ്ഞു കൊണ്ട് കുക്കു പൊട്ടി കരഞ്ഞു. അവളുടെ കണ്ണീരു കണ്ടു നിൽക്കാൻ അനുവിന് കഴിയുമായിരുന്നില്ല.

” എടീ. നീ ഈ കരച്ചിൽ ഒന്ന് മതിയാക്ക്.. ഇത് ഇപ്പോ തുടങ്ങിയതാ..? “

ദേഷ്യത്തോടെ അനു ചോദിച്ചപ്പോൾ കുക്കു ദയനീയമായി അവളെ നോക്കി.

“എന്റെ വിഷമം പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല. സങ്കടം മുഴുവൻ എന്റെ ആണല്ലോ.. അപ്പോൾ നിനക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ..”

കുക്കു വാശിയോടെ പറഞ്ഞപ്പോൾ അനു ദയനീയമായി അവളെ നോക്കി.

” അങ്ങനെയാണോ ഞാൻ ഇന്നുവരെ നിന്നോട് പറഞ്ഞിരുന്നത്..? നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ എന്റേത് കൂടിയല്ലേ.. എന്നിട്ടാണോ നീ ഇങ്ങനെ ഓരോ വർത്തമാനം പറയുന്നത്..? “

അനു ദേഷ്യപ്പെട്ടപ്പോൾ കുക്കുവിനും സങ്കടം വന്നു.

“എന്റെ സങ്കടം കൊണ്ട് പറയുന്നതല്ലേ ഞാൻ ഇതൊക്കെ..? എന്റെ വിഷമം നിനക്കല്ലാതെ മറ്റാർക്കും മനസ്സിലാകാനാണ്..?”

കുക്കു ചോദിച്ചപ്പോൾ അത് ശരിയാണെന്ന് അനുവിന് തോന്നി.

” കുക്കു നീ ഇത്രയും വിഷമിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നീ ഈ കാട്ടിക്കൂട്ടുന്ന ബഹളങ്ങൾ കണ്ടാൽ തോന്നും അവൻ നിന്നെ സ്നേഹിച്ചു പറ്റിച്ചിട്ട് പോയതാണെന്ന്.. പക്ഷേ യഥാർത്ഥത്തിൽ നീ നിന്റെ ഇഷ്ടം അവനെ അറിയിച്ചിട്ട് പോലുമില്ല എന്നുള്ള കാര്യം നീ മറക്കരുത്. “

അനു പറഞ്ഞപ്പോൾ കുക്കുവിന്റെ ചുണ്ടിൽ ആ സമയത്തും ഒരു ചിരി വിരിഞ്ഞു.

” ശരിയാ.. എന്റെ ഇഷ്ടം ഞാൻ അവനോട് പറഞ്ഞിട്ടില്ല. പക്ഷേ അവന് മനസ്സിലാകുന്ന രീതിയിൽ എത്രയോ തവണ ഞാൻ എന്റെ ഇഷ്ടം എക്സ്പ്രസ് ചെയ്തിട്ടുണ്ട്.. അപ്പോഴൊക്കെയും അവൻ അത് മനസ്സിലാക്കിയത് പോലെ തന്നെയാണ് എന്നോട് പെരുമാറിയിട്ടുള്ളത്. എന്നിട്ട് ഇപ്പോൾ.. “

സങ്കടം കൊണ്ട് അവൾ വിങ്ങിപ്പൊട്ടുകയായിരുന്നു.

അവളുടെ കരച്ചിൽ അടങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അനുവിന് അവളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലായിരുന്നു. അതുകൊണ്ടുതന്നെ അവളോട് കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അനു എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയി.

അത് അറിഞ്ഞപ്പോൾ കുക്കുവിന്റെ കരച്ചിൽ കുറച്ചു കൂടി കൂടിയതേയുള്ളൂ.

ആദ്യവർഷത്തെ ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ടാണ് ഞാൻ ക്ലാസ്സിൽ പോയി തുടങ്ങിയത്. ക്ലാസ് തുടങ്ങുന്ന സമയമായപ്പോഴേക്കും എനിക്ക് ഒരു വൈറൽ പനി വന്നിരുന്നു. അത് കാരണം ക്ലാസിൽ പോകാൻ പറ്റിയില്ല.

ഫ്രഷർസ് ഡേ ഒക്കെ കഴിഞ്ഞതിനു ശേഷം ആണ് ഞാൻ കോളേജിൽ എത്തിയത്. ക്ലാസിലേക്ക് കയറി ചെല്ലുമ്പോൾ ഉള്ളിൽ ചെറിയൊരു ഭയം ഉണ്ടായിരുന്നു. കാരണം ഇപ്പോൾ തന്നെ ക്ലാസിൽ മിക്കവാറും കുട്ടികൾ പരസ്പരം സുഹൃത്തുക്കളായിട്ട് ഉണ്ടാകും. അവരെല്ലാവരും ഓരോ ഗ്യാങ്ങ് രൂപപ്പെടുത്തിയിട്ടുണ്ടായിരിക്കും.

ഇതിനിടയിലേക്ക് താൻ ചെന്നു കയറുമ്പോൾ താൻ അവിടെ വെറും ഒരു അധികപ്പറ്റായി മാറുമോ എന്നൊരു സംശയം.. ആരെയെങ്കിലും തനിക്ക് സുഹൃത്തായി കിട്ടുമോ എന്നുള്ള സംശയം..!

പേടിയോടെ തന്നെയാണ് ക്ലാസിൽ കയറി ചെന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ കണ്ടപ്പോൾ കുട്ടികളെല്ലാവരും എന്തോ ഒരു അത്ഭുത ജീവിയെ പോലെ നോക്കുന്നുണ്ടായിരുന്നു. ക്ലാസ് തുടങ്ങി ഏകദേശം രണ്ടാഴ്ചയോളം കഴിഞ്ഞതിനു ശേഷം ക്ലാസിലേക്ക് കയറിവരുന്ന പുതുമുഖത്തിനെ ആരായാലും അങ്ങനെയല്ലേ നോക്കൂ..

എല്ലാവരെയും ഒന്നു നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇരിക്കാനുള്ള സ്ഥലം തേടുകയായിരുന്നു താൻ.

” എടോ ഇങ്ങോട്ട് പോര്.. “

പെട്ടെന്ന് മൂന്നാമത്തെ ബെഞ്ചിൽ നിന്നും ഒരു ശബ്ദം കേട്ടു. എന്തോ ഒരാശ്വാസം കിട്ടിയത് പോലെ നേരെ ആ ബഞ്ചിലേക്ക് ചെന്നു.

” ഞാൻ അനു.. “

അവൾ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അല്പം നീങ്ങിയിരുന്നു. അവളുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് താനും തന്നെ പരിചയപ്പെടുത്തി.

അതായിരുന്നു തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം. ശരിക്കും പറഞ്ഞാൽ ആ ക്ലാസിലേക്ക് കയറിച്ചെന്നപ്പോൾ കിട്ടിയ ഒരേ ഒരു ആശ്വാസം അനു ആയിരുന്നു.

വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞു പെട്ടെന്ന് തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി.

പിന്നീട് തന്റെ എന്ത് കാര്യത്തിനും ഒപ്പം ഉണ്ടായിരുന്നത് അവൾ ആയിരുന്നു.

അതേ കോളേജിൽ തന്നെയായിരുന്നു സഞ്ജുവും പഠിച്ചിരുന്നത്. ഞങ്ങളുടെ നാട്ടുകാരൻ ആയിരുന്നു എങ്കിലും അവനെ നാട്ടിൽ വച്ച് കാണുന്നത് വളരെ ചുരുക്കം ആയിരുന്നു.

അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട എന്റെ ഓർമ്മകൾ എല്ലാം തന്നെ ആ കോളേജിലാണ്.

അതേ കോളേജിൽ മറ്റൊരു ബ്രാഞ്ചിൽ ആയിരുന്നു എന്റെ കളിക്കൂട്ടുകാരിയായ സുമി പഠിച്ചിരുന്നത്. സത്യം പറഞ്ഞാൽ അവരൊക്കെ ഈ കോളേജിൽ ഉള്ളതു കൊണ്ട് മാത്രമാണ് വീട്ടിൽ നിന്നും ഇത്രയും ദൂരത്തിൽ ആയിട്ടും ഈ കോളേജിൽ അഡ്മിഷൻ എടുത്തത്.

അന്ന് കോളേജിലെത്തിയതിനു ശേഷം സുമിയെ പോയി കണ്ടിരുന്നു. അവൾ ആണ് സഞ്ജുവിനെ കാണാൻ തന്നെയും കൂട്ടി പോയത്.

നാട്ടിൽ വച്ച് കാണുമ്പോഴും വല്ലപ്പോഴും പരസ്പരം നോക്കി ചിരിക്കും എന്നല്ലാതെ ഞങ്ങൾ തമ്മിൽ മറ്റൊരു തരത്തിലുള്ള സൗഹൃദവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവനെ അവിടെ കണ്ടപ്പോഴും പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

ഉള്ളിലുള്ള പ്രണയം അറിയാതെ തന്നെ പുറത്തേക്ക് വരുമോ എന്നൊരു ഭയം ഉണ്ടായിരുന്നെങ്കിലും ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിച്ചു.

വായനശാലയുടെ പരിപാടിയിൽ വച്ചാണ് അവനെ ആദ്യമായി കാണുന്നത്. വളരെ മനോഹരമായി കവിത ചൊല്ലുന്ന അവൻ അന്ന് തന്നെ അവളുടെ മനസ്സ് കീഴടക്കിയിരുന്നു.

അന്ന് ആദ്യമായിട്ട് ആയിരുന്നു സഞ്ജുവിനെ ആ പരിസരത്ത് താൻ കാണുന്നത്.അത് സുമിയോട് സൂചിപ്പിക്കുകയും ചെയ്തു.

“നിനക്ക് അതിന് ഈ നാട്ടിലെ ആരെയാണ് അറിയാവുന്നത്..? ഒരാളുടെയും മുഖത്ത് നോക്കാതെ ഭൂമിയിൽ എത്ര കല്ലുണ്ട് എന്ന് എണ്ണിക്കൊണ്ടു നടന്നാൽ ഇങ്ങനെ ഇരിക്കും..”

അവൾ കളിയാക്കി ചിരിച്ചപ്പോൾ ആകെ ഒരു വല്ലായ്മ തോന്നി. ചെറുപ്പം മുതൽക്കേ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത് എന്ന് മാത്രമാണ് അമ്മ പറയാറുള്ളത്. അതുകൊണ്ടു തന്നെ നാട്ടുകാരെ പേടിച്ച് ആരോടും സംസാരിക്കാറ് പോലും ഉണ്ടായിരുന്നില്ല.

” ആ ചേട്ടൻ സഞ്ജയ്. ഇവിടെ അടുത്തു തന്നെയാണ് വീട്.. നമ്മൾ ഇങ്ങോട്ട് വരുമ്പോൾ ആ വളവിലുള്ള ഒരുപാട് ചെടിയൊക്കെ ഉള്ള ആ വീടില്ലേ..? അതാണ് ആ ചേട്ടന്റെ വീട്.. “

അവൾ പറഞ്ഞപ്പോൾ തലയാട്ടി.

ഉള്ളിൽ അവന്റെ ശബ്ദം വേര് ഉറച്ചതു പോലെ ആയിരുന്നു അന്ന് തോന്നിയത്. പിന്നീട് പലയിടത്തും വച്ച് അയാളെ കണ്ടുമുട്ടി. പക്ഷേ മുഖത്ത് നോക്കാനുള്ള ധൈര്യം പോലും തനിക്ക് ഉണ്ടായിരുന്നില്ല. അഥവാ നോക്കിയാൽ തന്നെ ഒരു പുഞ്ചിരിയോടെ അയാളും താനും കടന്നു പോകാറുണ്ട്.

തന്റെയുള്ളിൽ അയാളോട് ഒരു ഇഷ്ടമുണ്ട് എന്ന് സുമി പോലും അറിഞ്ഞിരുന്നില്ല.ഞാനും സുമിയും കൂടി ഇടയ്ക്കൊക്കെ വായനശാലയിലേക്ക് പോകാറുണ്ട്. മിക്കപ്പോഴും സഞ്ജുവിനെ കാണാറുണ്ട്.

ആ സമയത്ത് തനിക്ക് തന്നെ അതിശയം തോന്നിയിട്ടുണ്ട് ഇത്രയും കാലം ഇവിടെ കയറിയിറങ്ങിയിട്ടും ഇയാളെ എന്തുകൊണ്ട് നേരത്തെ കണ്ടില്ല എന്ന് ഓർത്തിട്ട്..!

എന്തായാലും പ്ലസ് ടു ഒക്കെ കഴിഞ്ഞതോടെ സഞ്ജു എന്നത് മനസ്സിൽ നിന്നും മായ്ച്ചു കളയാൻ പറ്റാത്ത അത്രയും ആഴത്തിൽ പതിഞ്ഞു പോയിരുന്നു. അയാൾ പഠിക്കുന്ന കോളേജ് ആണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവിടെ അഡ്മിഷൻ എടുത്തത്.

കോളേജിൽ വച്ച് പലപ്പോഴും സഞ്ജുവിനെ കാണാറുണ്ട്.അവനെ കാണുമ്പോഴുള്ള എന്റെ വെപ്രാളവും പരവേശവും ഒക്കെ തിരിച്ചറിഞ്ഞിട്ട് അനു എന്നോട് ഒരിക്കൽ അതിനെക്കുറിച്ച് അന്വേഷിച്ചു.അവളോട് ഒന്നും മറച്ചു വയ്ക്കാൻ തോന്നിയില്ല.

അതുകൊണ്ടു തന്നെ കാര്യങ്ങൾ വിശദമായി അവളോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ കുറെ കളിയാക്കി. എങ്കിലും തന്നെ അതൊന്നും ബാധിക്കുന്നുണ്ടായിരുന്നില്ല.

” നീ നിന്റെ ഇഷ്ടം മനസ്സിൽ വച്ചിരിക്കാതെ അയാളോട് പോയി തുറന്നു പറയാൻ നോക്ക്.. ഇങ്ങനെ മനസ്സിൽ വച്ചു കൊണ്ടിരുന്നു അവസാനം വേറെ ആരെങ്കിലും അയാളെ അടിച്ചു കൊണ്ടു പോയിട്ട് പിന്നെ കരഞ്ഞിട്ട് കാര്യമില്ലല്ലോ?”

അവൾ പറഞ്ഞപ്പോൾ വെള്ളിടി വെട്ടി.അവൾ പറഞ്ഞ ആ സാധ്യതയെക്കുറിച്ച് ഇതുവരെയും ആലോചിച്ചിരുന്നില്ല.

അവളുടെ നിർബന്ധത്തിനു വഴങ്ങി ഇഷ്ടം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു. അതിനു വേണ്ടിയാണ് ഉച്ചയ്ക്ക് അനുവിന്റെ കയ്യും പിടിച്ച് സഞ്ജുവിനെ തിരഞ്ഞിറങ്ങിയത്.

അവന്റെ കൂട്ടുകാരോടന്വേഷിച്ചപ്പോൾ ഓഡിറ്റോറിയത്തിന്റെ പിന്നിൽ ഉണ്ടാകും എന്ന് പറഞ്ഞു. ആ കൂട്ടത്തിൽ ഒരു കള്ള ചിരിയും ഉണ്ടായിരുന്നു. അതിന്റെ അർത്ഥം മനസ്സിലാവാതെ ഒരു പൊട്ടിയെ പോലെ ഞാൻ അവിടേക്ക് നടന്നു.

പക്ഷേ അവിടെ കണ്ട കാഴ്ചയിൽ ഞാൻ ആകെ തളർന്നു പോയി. പരസ്പരം പുണർന്നു നിൽക്കുന്ന സഞ്ജുവും സുമിയും.

എന്റെ അമ്പരന്നുള്ള നിൽപ്പ് കണ്ടിട്ട് ആകണം അനു വേഗം അടുത്തേക്ക് വന്നത്. ഞാൻ കണ്ട കാഴ്ച അവളും കണ്ടിരുന്നു.

എന്നെ ആശ്വസിപ്പിച്ചു മുറിയിലേക്ക് കൊണ്ട് വന്നത് ആളായിരുന്നു. കൺമുന്നിൽ കണ്ട ആ കാഴ്ച മനസ്സിൽ നിന്ന് മായ്ച്ചു കളയാൻ കഴിയുന്നുണ്ടായിരുന്നില്ല.

വീണ്ടും വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“എടീ നിന്നോട് ഞാനൊരു കാര്യം പറയാം.നീ ഇങ്ങനെ കരയാനും മാത്രം ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല.സത്യം പറഞ്ഞാൽ അവർക്ക് രണ്ടാൾക്കും നിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ഇഷ്ടമുണ്ട് എന്ന് പോലും അറിയില്ല. അപ്പോൾ പിന്നെ അവർ നിന്നോട് പറഞ്ഞില്ല നിന്നെ പറ്റിച്ചു എന്നൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം..? നിന്റെ ഉള്ളിലെ ഇഷ്ടം നീ അവരോടും പറഞ്ഞിട്ടില്ലല്ലോ..? ഒരിക്കലും സഞ്ജുവിനെ നിനക്ക് കിട്ടില്ല. അത് മനസ്സിൽ വച്ചുകൊണ്ട് നീ നിന്റെ ജീവിതത്തിൽ മുന്നോട്ടു പോകാൻ നോക്ക്..”

അനു പറഞ്ഞപ്പോൾ അത് ശരിയാണെന്ന് കുക്കുവിനും തോന്നുന്നുണ്ടായിരുന്നു.

മുഖം ഒന്ന് അമർത്തി തുടച്ചു കൊണ്ട് അവളെ നോക്കി വിളറി ചിരിക്കുമ്പോൾ അവൾ പറഞ്ഞതുപോലെ മുന്നോട്ടുപോകാൻ തന്നെയായിരുന്നു കുക്കുവിന്റെയും തീരുമാനം.

പക്ഷേ അത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം…!!!

✍️ അപ്പു