എന്റെ രാജീവന്റെ പ്രായമല്ലേ അവൾ, 38, അറത്തിൽ സ്കൂളിൽ അവർ ഒരുമിച്ച് പോയത് ഇന്നും ഓർക്കുന്നു

രചന : ഹരിത രാകേഷ്

::::::::::::::::::::::

“ലീന, മകം നക്ഷത്രം”

കുമാരൻ വഴിപാട് ചീട്ട്  നടയിലെ കൽപ്പടിയിൽ വെച്ചു… കണ്ണടച്ചു മുന്നിലെ കൃഷ്ണ ശിലയെ തൊഴുമ്പോൾ ഉള്ളു ഉരുകിയ വെള്ളം കൺപോളകളുടെ ഘനം കൂട്ടി…

” ഇന്നു ഒരു കൂട്ടർ വരുന്നുണ്ടല്ലേ?”…

ചുറ്റമ്പലത്തിന്റെ പുറകു വശത്തുള്ള ഊട്ടുപുരയിൽ നിന്നും ചന്ദനത്തിന്റെ താലവുമായി വന്ന  ഉണ്ണി നമ്പൂതിരി ആരാഞ്ഞു…

“ഉം, പയ്യനും അമ്മയും വന്നു കണ്ടു പോയതാ കഴിഞ്ഞാഴ്ച, ഇനി ചേട്ടനും മാറ്റാർക്കോ കാണണം പോലും”…

കുമാരൻ തുളുമ്പിയ മിഴികൾ ഒപ്പിക്കൊണ്ടു പറഞ്ഞു…

” ഇത്തവണ ഒക്കേ ശരിയാവും കുമാരാ, ആട്ടേ, അപ്പോൾ മൂത്തവളോ??”…

പടിക്കലെ വഴിപാടു ചീട്ടു കുനിഞ്ഞെടുത്തു കൊണ്ട്  ഉണ്ണി നമ്പൂതിരി ചോദിച്ചു…

” അവൾ  വീട്ടിലുണ്ട്!”…

അയാൾ കൂടുതൽ ഒന്നു പറയാതെ  കൃഷ്ണ ശിലയിലേക്ക് മിഴികൾ ഊന്നി…

” എന്റെ രാജീവന്റെ പ്രായമല്ലേ അവൾ, 38, അറത്തിൽ സ്കൂളിൽ അവർ ഒരുമിച്ച് പോയത് ഇന്നും ഓർക്കുന്നു”…

ഉണ്ണി നമ്പൂതിരി അകലേക്ക് മിഴികൾ  ഊന്നി ചോദിച്ചു…

” അല്ല 37 ആയേ ഉള്ളൂ” …കുമാരൻ പെട്ടെന്നു തിരുത്തി…

“ഉം, ഒരു വയസു കുറവ്,  ഞാനും ചില ബ്രോക്കർമാരോടു പറഞ്ഞിട്ടുണ്ട്!…പണി വല്ലതും ഉണ്ടോ അവൾക്ക്??”… ഉണ്ണി നമ്പൂതിരി വിടുന്ന ലക്ഷണമില്ല…

” വീട്ടിലെ എല്ലാ പണിയും അവളാ ചെയ്യണേ, കൂടാതെ  2 പശുവും ഉണ്ട്!”…

കുമാരനും വിട്ടു കൊടുത്തില്ല…

” അതൊക്കെ ഒരു പണിയാണോ കുമാരാ!.. ചെറിയ വല്ല വരുമാന മാർഗം കൂടി നോക്കാൻ  പറ, ഇപ്പോൾ വരുന്ന പയ്യൻമാർക്കൊക്കെ  പെണ്ണിനു ചെറുതാണെങ്കിലും ഒരു ജോലി വേണമെന്നുണ്ട്, കല്യാണ മാർക്കറ്റിൽ അതൊരു ഡിമാന്റ് ആണ്”…

” എന്തായാലും ഈ ടൗണിൽ ഇനി അവളെ ജോലിക്കു വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, എന്റെ മോളെ വില കുറച്ചു കാണിച്ച കുറച്ചെണ്ണം ഉണ്ടല്ലോ ഇവിടെ!”… കുമാരൻ അരിശം കൊണ്ടു …

“പലരും അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്, ചിലപ്പോൾ ഉയരം കുറവായതു കൊണ്ട് പറഞ്ഞു നടക്കുന്നതാവും, 4 അടി ഉണ്ടോ അവൾ”… ഉണ്ണി നമ്പൂതിരി ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു…

കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്ന അന്വേഷണങ്ങൾ ആണ്, മൂത്തമകളുടെ ഉയരക്കുറവിനെ പറ്റിയും വയസിനെ പറ്റിയും…

” ഉണ്ണി നമ്പൂരി, വേഗം വഴിപാടു ഇങ്ങു തന്നേ, ഇപ്പോൾ അവരിങ്ങു എത്തും”…

കുമാരൻ താൽപ്പര്യക്കുറവു മറച്ചു വെക്കാതെ പറഞ്ഞു…

“ഈ സഹതാപത്തിൽ പൊതിഞ്ഞ കുലാന്വേഷണം കേട്ട് മതിയായി… എന്നാൽ ഒരു കല്യാണമോ ജോലിക്കാര്യമോ വരുമ്പോൾ മുടക്കാൻ നൂറു പേരു മുന്നിൽ ഉണ്ടാകും.. ആരോടു പറയാൻ എന്റെ ഭഗവാനേ!”…

അയാൾ കൃഷ്ണ ശിലയിൽ നോക്കി പിറുപിറുത്തു …

***********

“ചെല്ലക്കുട്ടീ, ലീന എവിടെ, അവരിപ്പോൾ ഇങ്ങെത്തും!”…

കുമാരൻ അടുക്കള വാതിൽപ്പടിയിൽ നിന്നു കൊണ്ട് പറഞ്ഞു…

“ആഹാ എത്തിയോ, ചായ ഒഴികെ എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട്, അച്ഛൻ ഇന്നലെ പറഞ്ഞ പോലെ ചായ അവളെ കൊണ്ട് ഉണ്ടാക്കിക്കാം, ഇന്നലെ വൈകീട്ട് അവൾ ഉണ്ടാക്കിയത് കൊള്ളായിരുന്നല്ലേ?”…

കുമാരൻ അകത്തേ മുറിയിലേക്കു ഒന്നു ഒളിഞ്ഞു നോക്കി, ലീന അവിടെങ്ങും ഇല്ല  എന്നു ഉറപ്പു വരുത്തിയ ശേഷം പതുക്കെ അവളോടായി പറഞ്ഞു…

” എന്റെ ചെല്ലക്കുട്ടിന്റെ അത്ര കൈപ്പുണ്യം ആർക്കാ ഉണ്ടാവുക, എന്റെ ജാനുന്റെ എല്ലാ നന്മയും എന്റെ മോൾക്കേ കിട്ടീട്ടുള്ളൂ”…

അച്ഛൻ ഒളിഞ്ഞും തെളിഞ്ഞും ഇതു പറയുമെന്നു അവൾക്കറിയാരുന്നു…

“ഉവ്വ, ആ നിറവും പൊക്കവും ഒക്കെ ലീനയ്ക്കു, അടുക്കള പണിയും കൈപ്പുണ്യവും മാത്രം  എനിക്കും”…. അവൾ പെട്ടെന്നു മുഖം തിരിച്ചു കൊണ്ട് പറഞ്ഞു…

അവളുടെ ഇടക്കിടെ ഉള്ള ആ പറച്ചിൽ  അയാളിൽ ചെറിയ വിഷമം ഉണ്ടാക്കാറുണ്ട്… എന്നാൽ ഇന്നെന്തോ ആ പരിഭവത്തിനു  വല്ലാത്ത ഒരു നോവയാൾക്കനുഭവപ്പെട്ടു…

” ചെല്ലക്കുട്ടിക്ക് വിഷമം ഉണ്ടോ? പല തവണ ചിന്തിച്ചിട്ടാ അവരെ ഇങ്ങോട്ടു വരാൻ പറഞ്ഞത്”…

അയാളുടെ സംസാരം മുറിഞ്ഞു തുടങ്ങിയത് ശ്രദ്ധിച്ചെന്നോണം അവൾ തിരിഞ്ഞു നിന്നു… പതുക്കെ അയാളുടെ കൈകളെ കൂട്ടി പിടിച്ചു കൊണ്ട്  പറഞ്ഞു…

“എത്രാന്നു വെച്ചാണു ലീനയെ നിർത്തുക?? അവൾക്കായില്ലേ 27,  നാട്ടുകാരു പറയണതൊന്നും നോക്കേണ്ട, എന്നെ കാണാൻ വന്ന എല്ലാരുടെ മുന്നിലും ഞാൻ നിന്നു കൊടുത്തിട്ട് ഉണ്ട്, ഒന്നും ശരി ആകാത്തതിൽ നമ്മൾക്കെന്തു ചെയ്യാൻ പറ്റും… പിന്നെ എന്നെ ഇഷ്ടപ്പെട്ടു വന്നയാളെ നിങ്ങൾക്കിഷ്ടപ്പെട്ടില്ല”…

വർഷങ്ങൾക്കു മുമ്പാണ്, മേലെ കാവിലെ പൂരത്തിനു ചന്തക്കാരുടെ കൂട്ടത്തിൽ ചുവന്നു  തുടുത്ത ഒരു വാല്യക്കാരൻ വന്നത്…അയാളുടെ  കുട്ട നിറയെ ചുവപ്പും കറുപ്പും നിറത്തിലുള്ള കുപ്പിവളകൾ ഉണ്ടായിരുന്നു…വൈകാതെ ചെല്ലക്കുട്ടിയുടെ കൈകളിൽ കിടന്നു ആ കുപ്പിവളകൾ  കലപില കൂട്ടി തുടങ്ങി….ഒടുവിൽ പൂരം കൊടിയിറങ്ങുന്ന ദിവസം അവൻ നേരെ ഇങ്ങോട്ടു കേറി വന്നു… അടുക്കളയിലുള്ള ആ  കുപ്പിവള കൈകളെ അവൻ ഒരുപാടു മോഹിച്ചു പോയി പോലും…

” കണ്ട വളക്കച്ചവടക്കാരനു ഒക്കെ നിന്നെ കൊടുക്കാൻ പറ്റുവോ?, അതും ഏതോ നാടോടി”….അയാൾ പെട്ടെന്നു ഓർമയിൽ നിന്നും ഉണർന്നു കൊണ്ട് പറഞ്ഞു…

” ഇനിയിപ്പോൾ പറഞ്ഞിട്ട് എന്തിനാ, എനിക്കെൻ്റെ അച്ഛൻ ഇല്ലേ!”… ചെല്ലക്കുട്ടി ആയാളോടു ചേർന്നു നിന്നു…

” ഞാൻ പോകുന്നു എന്നോർത്തു ഇപ്പോഴേ വിഷമം ആയോ രണ്ടാൾക്കും”… ലീന ഉടുത്തൊരുങ്ങി അങ്ങോട്ടു കേറി വന്നു…

കുമാരൻ  ഇന്നലെ കൊണ്ടു വന്ന ആകാശ നീല സാരിയാണവൾ ഉടുത്തത്… നീളം മുടിയിൽ ചെല്ലക്കുട്ടി കെട്ടിക്കൊടുത്ത കുടമുല്ല മാല  ചൂടിയിട്ടുണ്ട്… നെറ്റിയിൽ വട്ടപ്പൊട്ട്…

” അമ്മ വന്നു നിൽക്കണ പോലെ തോന്നുന്നച്ഛാ”

ചെല്ലക്കുട്ടിക്കു തോന്നിയ പോലെ തന്നെയാണ് അയാൾക്കും തോന്നിയത്…

*******************

എന്നാൽ അയാൾ വാക്കുകൾക്കു പരതുന്നതു കണ്ടപ്പോൾ ലീന വേഗം ചെല്ലക്കുട്ടിയുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു…

“എന്റെ അമ്മ ഈ ചെല്ലക്കുട്ടിയല്ലേ… അച്ഛൻ്റെ ജാനുവിനെ ഒന്നും എനിക്കോർമ്മയില്ല”…

ചെല്ലക്കുട്ടി സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു… എത്ര മനോഹരമായാണു ലീന ഒരുങ്ങിയിരിക്കുന്നത്… അവൾക്കായി അച്ഛൻ കരുതി വെച്ച എല്ലാ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്… എന്നാൽ  അമ്മ തന്റെ കല്യാണത്തിനായി എന്നു പറഞ്ഞു മാറ്റി വെച്ച പാലക്കാ മാല കൂടെ ലീനയുടെ കഴുത്തിൽ കണ്ടപ്പോൾ ആദ്യം ചെറിയ ഒരു അസൂയ തോന്നി …. എന്നാൽ ഏതു സങ്കടത്തിലും കണ്ണിൽ സന്തോഷം മാത്രം നിറച്ചു കാണിക്കുന്ന  തന്റെ ശീലമളെ രക്ഷിച്ചു…

ചെല്ലക്കുട്ടിയുടെ കണ്ണുകൾ മാലയിൽ  ഉടക്കി നിൽക്കുന്നതു കണ്ടപ്പോൾ കുമാരൻ പെട്ടെന്നു വിഷയം മാറ്റി….

“വല്യ കൂട്ടരാ ലീനയുടെ ചെക്കൻ വീട്ടുകാരു, ഏട്ടൻ സർക്കാർ ഉദ്യോഗസ്ഥൻ, നമ്മളും ഒട്ടും മോശാക്കണ്ടല്ലോ! അമ്മയുടെ മാല ഒക്കെ എടുത്തിടാൻ ഞാൻ അങ്ങു പറഞ്ഞു”…

” അതു തന്നെയാ വേണ്ടത്” തന്റെ കയ്യിൽ കിടന്ന വള ഊരിയെടുത്തു കൊണ്ട് ചെല്ലക്കുട്ടി പറഞ്ഞു…

“നമ്മുടെ മുടന്തി പയ്യിന്റെ പാൽ വിറ്റു കിട്ടിയ സമ്പാദ്യമാണിത്, ഇതും എന്റെ മോളുടെ കയ്യിൽ കിടക്കട്ടെ”… ചെല്ലക്കുട്ടി ലീനയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

പെട്ടെന്നൊരു കൂട്ടച്ചിരി അവിടെ മുഴങ്ങി…

“ഈ  വള ഞാൻ എവിടെ ഇടാനാ, ഈ കുഞ്ഞിക്കൈ പോലെയാണോ എന്റേത്…” ലീന ചിരിയടക്കാൻ കഴിയാതെ പറഞ്ഞു…

ലീനയുടെ കൈ വണ്ണം ശ്രദ്ധിച്ചപ്പോഴാണ്  ചെല്ലക്കുട്ടിക്ക് തന്റെ അബദ്ധം മനസിലായത്… ചേച്ചി ആണെങ്കിലും അവളുടെ പകുതി വലിപ്പമേ തനിക്കുള്ളൂ…

” ഇടാൻ പറ്റിയില്ലെങ്കിലെന്താ, വാങ്ങി വെച്ചോ ലീന മോളെ, സ്ത്രീധനത്തിലേക്കായില്ലേ!”… അകത്തേക്കു കയറി വന്ന അമ്മാവന്റെ ശബ്ദം കേട്ടവർ തിരിഞ്ഞു നോക്കി…

ജാനുവിന്റെ മൂത്ത ആങ്ങളയാണ്‌ …വല്ല വിശേഷവും ഉണ്ടെങ്കിൽ അമ്മാവൻ നേരത്തെ തന്നെ എത്തും…. അയാളെ  കണ്ടപ്പോൾ തന്നെ ചെല്ലക്കുട്ടി പതുക്കെ അടുക്കളയിലേക്ക് വലിഞ്ഞു… ലീനയുടെ വിവാഹം ശരിയാകാത്തതിനുള്ള പ്രധാന കാരണം ചെല്ലക്കുട്ടിയാണെന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ഒന്നാമനാണയാൾ…

ലീനയെ കാണാൻ ആരെങ്കിലും വരുന്നുണ്ടെന്നറിഞ്ഞാൽ  എന്തെങ്കിലും കാരണമുണ്ടാക്കി ചെല്ലക്കുട്ടിയെ അവിടെ നിന്നും മാറ്റാൻ അയാൾ ശ്രദ്ധിച്ചിരുന്നു..

ആദ്യമൊന്നും ചെല്ലക്കുട്ടിക്കു അതു മനസിലായില്ല… എന്നാൽ ഒരു തവണ ഇടവപ്പാതി തുള്ളി മുറിയാതെ പെയ്യുന്ന ഒരു ഉച്ച നേരത്താണ് കിഴക്ക് നിന്നും ഒരു കൂട്ടർ വരുന്നുണ്ടെന്നറിയിച്ചത്… വിളിച്ചാൽ കേൾക്കുന്ന ദൂരത്തു ആയതിനാൽ അമ്മാവനെ ഉടനെ തന്നെ വിളിച്ചു വരുത്തി…

എന്നാൽ ഇതൊന്നു മറിയാതെ തൊഴുത്തു വൃത്തിയാക്കുകയായിരുന്നു ചെല്ലക്കുട്ടി… പണിയൊക്കെ തീർത്തു, പശുവിനു വെള്ളവും   കൊടുത്ത് വീട്ടിലെത്തിയപ്പോഴാണ് അകത്തു നിന്നു അമ്മാവന്റെ  ശബ്ദം കേട്ടത്….

“വേലക്കാരി ആണെന്നു പറഞ്ഞാലോ?”….

” എന്താ ഈ പറയുന്നേ, നാട്ടുകാർക്കെല്ലാമറിയാം എനിക്ക്  രണ്ടു മക്കളാന്ന്!”….അച്ഛന്റെ ശബ്ദം തിരിച്ചറിഞ്ഞവൾ ശ്വാസം അടക്കിപ്പിടിച്ചു നിന്നു….താൻ കാരണമാണു എല്ലാ വിവാഹവും മുടങ്ങുന്നതെന്നുള്ള  അമ്മാവന്റെ വാദത്തെക്കാൾ അവളെ വേദനിപ്പിച്ചതും അതു കേട്ടു നിൽക്കുന്ന അച്ഛന്റെ മൗനമാണ്…തുടർന്നൊന്നും കേൾക്കാൻ ശക്തിയില്ലാതെ  അവൾ മഴയത്തേക്കിറങ്ങി നടന്നു…

അതിൽ പിന്നെ ആരു വന്നാലും ചെല്ലക്കുട്ടി ഉമ്മറത്തേക്കിറങ്ങാതായി…. ഒരുപാടു ആലോചനകൾ മുടങ്ങിയതിനാലാവാം ലീനയും അവളെ ഒരു വേദിയിലേക്കും വിളിക്കാതെയായി….

തന്റെ കാര്യങ്ങൾ എല്ലാമറിഞ്ഞൊരാൾ വേണം ലീനയ്ക്കു ഭർത്താവാകാൻ എന്ന തിരിച്ചറിവിൽ നിന്നാണ് ചെല്ലക്കുട്ടി,   നാണിയമ്മയുടെ ഇടവഴിയിൽ ഈ ചെറുക്കനെയും അമ്മയേയും  കാത്തിരുന്നത്…

“വീട്ടിൽ ഒരാൾ വരുമ്പോൾ അവിടെ വേണ്ടെ കുട്ടിയെ “

എന്നു പറഞ്ഞു ആയമ്മ അവളുടെ കവിളിൽ തലോടിയാണു പോയത്…  എന്തുകൊണ്ടോ ആ കൂടിക്കാഴ്ച അച്ഛനോടു പോലും പറയാൻ അവൾക്ക് തോന്നിയിരുന്നില്ല… തന്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടാലോ?  എല്ലാമറിയുന്ന മേലെക്കാവിലമ്മയ്ക്ക്  ആരുമറിയാതെ ഒരു വഴിപാട് മാത്രമങ്ങു നേർന്നു…അതുകൊണ്ട് തന്നെ  ഈ കൂട്ടർ  വീണ്ടും വരുന്നെന്നറിഞ്ഞപ്പോൾ മറ്റാരോക്കാളും ഉള്ളിൽ താൻ ആണു സന്തോഷിക്കുന്നത്…

ചെല്ലക്കുട്ടി നേരെ തൊഴുത്തിലേക്ക് നടന്നു… തൊഴുത്തിനപ്പുറം നീണ്ടു കിടക്കുന്ന വയലാണ്… വയലിന്റെ ഓരം ചേർന്നു ഒഴുകുന്ന തോട്ടിലെ വെള്ളത്തിൽ കാലിട്ടിരിക്കാൻ നല്ല രസമാണ്… തോട്ടിലേക്കു ചാഞ്ഞു നിൽക്കുന്ന ചാമ്പ മരത്തിൽ നിറയെ മഞ്ഞു തുള്ളികൾ പോലെ കായ്കൾ ഉണ്ടാകും…. തവളപ്പൊട്ടുകൾ ഊളിയിട്ടിറങ്ങുന്ന തെളിഞ്ഞ വെള്ളത്തിൽ മുഖം കുത്തുന്ന മുടന്തിപ്പയ്യിനെ നോക്കി അങ്ങനെ ഇരിക്കണം… പച്ചോല വളച്ചു കെട്ടിയ കുട്ടയിൽ നിറയെ പച്ചപ്പുല്ലു നിറയ്ക്കണം…

“നീ എങ്ങോട്ടാ, അവരു എത്താറായി”, അടുക്കളപ്പുറത്തേക്കിറങ്ങിയ കുമാരൻ  അവളോടു ചോദിച്ചു…

” ഞാൻ ഇവിടെ തൊഴുത്തിലുണ്ട്”…

അച്ഛനു മുഖം കൊടുക്കാതെ അവൾ വേഗത്തിൽ നടന്നു… തൊഴുത്തിന്റെ പുറകു വശത്തു നിന്നു നോക്കിയാൽ മുറ്റവും ലീനയുടെ മുറിയുടെ ജനാലയും നന്നായി കാണാം… പുല്ലെടുത്തു മുടന്തിപ്പയ്യിനു കൊടുക്കുന്നതിനിടയിൽ ജനാലയിലേക്ക് ഒന്നു പാളി നോക്കി… അവരു വന്നിട്ടുണ്ടാകണം, ആരൊക്കെയോ മുറിയിൽ ഇരിക്കുന്നുണ്ട്.. എങ്ങെനെയെങ്കിലും ഒന്നു രണ്ടു മണിക്കൂർ പോയിക്കിട്ടണം… ഇടയ്ക്കു എങ്ങാനും കയറി ചെന്നാൽ അമ്മാവൻ എങ്ങോട്ടെങ്കിലും തന്നെ ഓടിക്കും…. തന്റെ ഇഷ്ടക്കാരൻ എന്നാണാവോ വരിക??

ചെല്ലക്കുട്ടി തൊഴുത്തിന്റെ അരികിലെ കല്ലിൽ കയറി ലീനയുടെ ജനാലയിലേക്ക് നോക്കി നിന്നു… ജനാലയുടെ കർട്ടനിൽ പിടിച്ചു ലീനയും തൊട്ടടുത്തായി ആ പയ്യനും നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ കവിളുകൾ ചുവന്നു… ആ സ്ഥാനത്തു തന്നെയും പയ്യന്റെ സ്ഥാനത്ത് വളക്കച്ചവടക്കാരനെയും വെറുതെ ഒന്നു സങ്കൽപ്പിച്ചു നോക്കി… വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മായാതെ ഉള്ളിൽ കിടക്കുന്ന ഒരേ ഒരു മുഖം…

” ചെല്ലക്കുട്ടി, നീ ഇവിടെ നിൽക്കുവാണോ? പയ്യന്റെ അമ്മക്കു നിന്നെ ഒന്നു കാണണം പോലും, അമ്മാവൻ പറഞ്ഞതാ നീ ഇവിടെയില്ല എന്നു, കാത്തിരുന്നായാലും കണ്ടേ പോകു എന്നവർ തീർത്തു പറഞ്ഞു”…

*********************

കുമാരൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു… അവൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു… തൊഴുത്തിന്റെ മൂലയിൽ ഒഴിച്ചു വച്ച കാടി വെള്ളത്തിൽ കൈ കഴുകി നേരെ അടുക്കളയിലേക്കു നടന്നു…

“നിന്റെ പുതിയ ഉടുപ്പെവിടെ? ഈ കോലത്തിലാണോ അങ്ങോട്ടു ചെന്നു കേറുന്നത്?”… കുമാരൻ ശബ്ദം താഴ്ത്തി ചോദിച്ചു… അപ്പോഴേക്കും പയ്യന്റെ അമ്മ അടുക്കളയിലേക്കു കയറി വന്നിരുന്നു…

“മോളിങ്ങു വന്നേ!”

അവർ ചെല്ലക്കുട്ടിയുടെ കയ്യിൽ പിടിച്ചു ഉമ്മറത്തേക്ക് നീങ്ങി…

തന്നെ എല്ലാവരും ഒരു അത്ഭുത വസ്തുവിനെപ്പോലെ നോക്കുന്നതു കണ്ടപ്പോൾ അവൾ കുമാരനെ ദയനീയമായി നോക്കി…

” അവളു തൊഴുത്തിലായിരുന്നു, അവളുടെ ജീവനാ കറുമ്പി പശു, അതിനൊരു വയ്യായ്ക, അതാ അവൾ…” കുമാരൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു..

” എല്ലാരെയും കണ്ടില്ലെ, ഇനി എന്താ തീരുമാനങ്ങൾ” അമ്മാവൻ  ഇടയിൽ കയറി പറഞ്ഞു…

” ലീനയുടെ കാര്യത്തിനു മുമ്പേ ചെല്ലക്കുട്ടിയുടെ കാര്യത്തിൽ കൂടെ ഒരു തീരുമാനം വേണം” ചെക്കന്റെ അമ്മ അമ്മാവനെ നോക്കി…

“മനസിലായില്ല!” കുമാരൻ വിഷമത്തോടെ പറഞ്ഞു…

” ചേച്ചി നിൽക്കുമ്പോൾ അനിയത്തിയെ കെട്ടിക്കുന്നതു നാട്ടു നടപ്പല്ലല്ലോ, ഇവന്റെ ചേട്ടൻ, വിനോദ് …” ഉമ്മറത്തെ കൈവരിയിൽ മാറിയിരിക്കുന്ന ആളെ ചൂണ്ടിക്കൊണ്ട് അവരൊന്ന് പറഞ്ഞു നിർത്തി….

എല്ലാവരുടേയും കണ്ണുകൾ അയാളെ ചുറ്റി നിന്നു…

“വിനോദിനു 40 വയസുണ്ട്, നിങ്ങൾക്കറിയും പോലെ സർക്കാർ ജോലിയാണ്, എന്നാൽ ഒരു പെണ്ണിതുവരെ ശരിയായിട്ടില്ല… അവനും ഉയരക്കുറവ് തന്നെയാണ് പ്രശ്നം… ചെല്ലക്കുട്ടിയെ കുറിച്ചറിഞ്ഞപ്പോൾ എനിക്കിവനെയാണ് ഓർമ്മ വന്നത്.. ചെല്ലക്കുട്ടിയെ നമുക്കൊന്നാലോചിച്ചാലോ?”

ആയമ്മ വളച്ചു കെട്ടി ആണെങ്കിലും കാര്യം അറിയിച്ചു…

” ഇതിലെന്താലോചിക്കാൻ, ഈ പ്രായത്തിൽ,  അതും ജോലിക്കാരൻ, അവളുടെ ഭാഗ്യം അത്ര തന്നെ, അല്ലേ മോളെ?” അമ്മാവൻ ചെല്ലക്കുട്ടിയോടായി പറഞ്ഞു….

അവൾ എന്തു പറയണമെന്നറിയാതെ തല കുനിച്ചു നിന്നു…

“ആലോചന നല്ലതാണ്, പക്ഷേ ഇഷ്ടപ്പെടേണ്ടതും ജീവിക്കേണ്ടതും വിനോദും  എന്റെ മോളുമാണ്! ഒരു സഹതാപത്തിന്റെ പേരിലോ, ഒരു നിമിഷത്തെ ചിന്തയിലോ അല്ല ഒരു വിവാഹം നടത്തേണ്ടത്! ശാരീരികമായ കുറവുകൾ ഉണ്ടെന്നു വച്ച് അവർക്കും കാണാം കാഴ്ചപ്പാടുകളും സങ്കൽപ്പങ്ങളും…ചെല്ലക്കുട്ടി,  എന്റെ മോളു സംസാരിച്ചു തീരുമാനിക്ക്!” കുമാരൻ അവളുടെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു…

” ഒരുപാടു പെണ്ണ് കണ്ട് ഒന്നു ശരിയാകാതെ മടുത്തു ഇരിക്കുമ്പോഴാണ് അമ്മ ഈ കാര്യം പറഞ്ഞത്, ചെല്ലക്കുട്ടിക്ക് എന്നെ ഇഷ്ടമായാൽ മാത്രം നമുക്കു ബാക്കി ആലോചിക്കാം”….

വിനോദ് അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ പറഞ്ഞു…

അവർ രണ്ടു പേരും സംസാരിക്കാൻ എന്നോണം  പുറത്തേക്കിറങ്ങി…തോട്ടിൻ കരയിലെ ചാമ്പ  മരക്കൊമ്പിൽ നിന്നും ചാമ്പയ്ക്ക എത്തിച്ചു പിടിക്കാൻ ശ്രമിക്കുന്ന വിനോദിനെയും, അതിന്റെ തടിയിൽ ചാരി ചിരിച്ചു കൊണ്ടിരിക്കുന്ന ചെല്ലക്കുട്ടിയെയും കുമാരനും അമ്മാവനും  തൊഴുത്തിന്റെ ഓരം പറ്റി നോക്കിയിരുന്നു….