കുപ്പായത്തിന്റെ പേരിൽ..
രചന : ഭാഗ്യലക്ഷ്മി. കെ. സി
=====================
കുട്ടികൾ വരിവരിയായി സ്കൂൾമുറ്റത്ത് നിൽക്കുന്നു. അവരുടെ രക്ഷിതാക്കൾ ഓരോ മരത്തണലിൽ കൂട്ടംകൂടി നിൽക്കുന്നു. മന്ത്രി വരുന്നുണ്ട്. പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ്.
പ്രിൻസിപ്പൽ സമയം നോക്കിക്കൊണ്ട് അങ്ങോട്ടും ഇങ്ങോടും നടക്കുന്നു. സ്റ്റേജിൽ മൈക്ക് റെഡിയായി. പ്രാസംഗിക൪ അണിനിരന്നു. ഇനിയും വൈകിയാൽ കുട്ടികളെ വെയിലത്ത് ഏറെനേരം നി൪ത്തേണ്ടിവരും.
തുടങ്ങിയാലോ..?
ഒരു അദ്ധ്യാപകൻ ചെറിയ ശബ്ദത്തിൽ പ്രിൻസിപ്പലിന്റെ ചെവിയിൽ മന്ത്രിച്ചു.
വേണ്ട.. മന്ത്രി വരാതെ തുടങ്ങിയാൽ ഞാനാണ് ഉത്തരം പറയേണ്ടിവരുന്നത്..
ഇന്നലെ എവിടെയോ ചില വിവാദപരാമ൪ശങ്ങൾ നടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നല്ലോ. ഇനി അതിന്റെ പേരിൽ വല്ല വഴിതടയലോ മറ്റോ..
പ്രിൻസിപ്പൽ തന്റെ ആകുലത പ്രകടിപ്പിച്ചു.
പൊടുന്നനെ ഗേറ്റിനുപുറത്ത് റോഡിൽ ചില ശബ്ദങ്ങൾ..എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞു.
പ്രിൻസിപ്പലും മറ്റു അദ്ധ്യാപകരും അങ്ങോട്ട് ഓടി.
ആക്സിഡന്റാണോ..?
മന്ത്രി വന്നതാണോ..?
എന്താ എല്ലാവരും കൂടിനിൽക്കുന്നത്?
ആ൪ക്കുമൊന്നും കാണാൻ സാധിക്കുന്നില്ല. വാഹനങ്ങളുടെ ഹോണടിയും ബഹളവും, പോലീസ് തലങ്ങും വിലങ്ങും ഓടുന്നു. ആളുകൾ കൂടി.
ഈ സമയം സ്റ്റേജിൽ ഒരാൾ കയറിവന്നു. മുഷിഞ്ഞ കീറിയ വേഷം. മുടി പാറിപ്പറന്നുകിടക്കുന്നു. ആകെ പരിക്ഷീണിതൻ. അയാൾ വേച്ചുവേച്ച് നടന്നുവന്ന് വരിയായി നിൽക്കുന്ന കുട്ടികളെ നോക്കി. മൈക്ക് കൈയിലെടുത്തു.
എന്റെ പ്രിയപ്പെട്ട കുട്ടികളെ…
അയാൾ സംസാരിച്ചു തുടങ്ങി. ആദ്യമൊക്കെ ഇയാൾ എന്താണ് പറഞ്ഞുവരുന്നത് എന്ന് ആ൪ക്കും പിടികിട്ടിയില്ല..
ഭ്രാന്തനാണോ..
ചില൪ക്ക് സംശയം.
സ്റ്റേജിൽ കയറി മൈക്ക് പിടിച്ചുവാങ്ങി താഴെ ഇറക്കിയാൽ അക്രമാസക്തനാവുമോ..
രക്ഷിതാക്കളും ആശങ്കയിലായി.
അയാൾ വ്യക്തമായും സ്ഫുടമായും സംസാരിക്കുകയാണ്..
നിങ്ങൾക്കറിയാം നമ്മുടെ നാട്ടിൽ വ൪ദ്ധിച്ചുവരുന്ന അസഹിഷ്ണുത…പക്ഷേ എന്തിനാണ് അതെന്ന് നിങ്ങൾ കുട്ടികളെങ്കിലും ആലോചിക്കണം.. തൊട്ടടുത്ത ആൾ ധരിച്ചിരിക്കുന്ന കുപ്പായത്തിന്റെ നിറമെന്തായാലെന്താ, തുണി ഏതായാലെന്താ, എത്ര വിലയായാലെന്താ.. അത് ധരിച്ചിരിക്കുന്ന ആൾ നമ്മളെപ്പോലുള്ള സാധാരണ മനുഷ്യനാണെന്ന് നമുക്ക് ബോധ്യമുള്ളിടത്തോളം ആ വസ്ത്രം നമ്മെ അലോസരപ്പെടുത്തുകയില്ല അല്ലേ..?
അയാൾ മേശമേൽ കിടന്നിരുന്ന വെള്ളക്കുപ്പി തുറന്ന് രണ്ടിറക്ക് വെള്ളം കുടിച്ചു. എന്നിട്ട് തുടർന്നു:
നമുക്ക് ചുറ്റുമുള്ളവ൪ കഴിക്കുന്ന ആഹാരത്തിലോ, പ്രകടിപ്പിക്കുന്ന അഭിപ്രായത്തിലോ, ആചരിക്കുന്ന വിശ്വാസത്തിലോ വൈവിധ്യമുണ്ടാകുന്നതും ഇങ്ങനെ പലവിധത്തിലുള്ള കുപ്പായങ്ങൾ അണിയുന്നതുപോലെതന്നെയല്ലേ..
അയാൾ ഇടയ്ക്ക് റോഡിലേക്ക് നോക്കുന്നുണ്ടായിരുന്നു. ക്ഷമയോടെ, തന്നെ കേട്ടിരിക്കുന്ന കുട്ടികളെ, നോക്കി പുഞ്ചിരിച്ചുകൊണ്ട് വീണ്ടും അയാൾ പറഞ്ഞു:
ഏതൊരു വ്യക്തിയും ഉള്ളിന്റെ ഉള്ളിൽ ആത്യന്തികമായി വെറും മനുഷ്യനാണ്. കുറച്ച് വ൪ഷങ്ങൾ മാത്രം ഈ ഭൂമിയിൽ ജീവിച്ച് മരിച്ചുപോകേണ്ടവൻ.. രോഗങ്ങൾ വന്നാൽ നിസ്സഹായനാവുന്നവൻ.. രക്തദാനമോ അവയവദാനമോ ആവശ്യമായി വന്നാൽ ജാതിയോ മതമോ പാ൪ട്ടിയോ നോക്കാതെ ഏതൊരാളിൽനിന്നും സ്വീകരിക്കാൻ മടിയില്ലാത്തവൻ..അതിനിടയിൽ പരസ്പരം കലഹിക്കാതെ ജീവിതം ആസ്വദിക്കുകയും ഒപ്പം അന്യ൪ക്ക് ഉപകാരവും ചെയ്ത്, തമ്മിൽത്തല്ലാതെ കടന്നുപോകാൻ കഴിയുക എന്നത് നിങ്ങൾ കുട്ടികൾ മനസ്സിലാക്കേണ്ട വലിയ കാര്യമാണ്..
അപ്പോഴേക്കും മന്ത്രിയുടെ കാ൪ ഗേറ്റ് കടന്നുവരുന്നുണ്ടായിരുന്നു.
അതുനോക്കിക്കൊണ്ട് അയാൾ ഇത്രയുംകൂടി പറഞ്ഞു:
നിങ്ങളുടെ മനസ്സ് ആരൊക്കെ വിഷലിപ്തമാക്കാൻ നോക്കിയാലും പുറമേയുള്ള കുപ്പായങ്ങൾ നോക്കി ഒരാളെയും വിലയിരുത്താതിരിക്കുക..മുന്നിലെത്തുന്ന ഏതൊരാളെയും വെറും മനുഷ്യനായി കാണുക…നിങ്ങളെപ്പോലെതന്നെയുള്ള സാധാരണ മനുഷ്യൻ..
മന്ത്രി കാറിൽനിന്നിറങ്ങുമ്പോഴേക്കും മൈക്ക് താഴെവെച്ച് അയാൾ സ്റ്റേജിൽനിന്നിറങ്ങി മറഞ്ഞു. പ്രിൻസിപ്പലും മന്ത്രിയും മറ്റുള്ളവരും വന്ന് സുദീ൪ഘമായി പ്രസംഗിച്ചിട്ടും ഉദ്ഘാടനം കഴിഞ്ഞിട്ടും ലഡുവിതരണം നടത്തിയിട്ടും കുട്ടികളുടെ മനസ്സിൽ അയാൾ പറഞ്ഞ വാക്കുകളായിരുന്നു.. മധുരമൂറുന്ന ഹൃദയത്തിന്റെ ഭാഷയിൽ പറഞ്ഞ തേൻകിനിയുന്ന വാക്കുകൾ…