ശിവനന്ദിനി…
രചന: രജിത ജയൻ
==========
“” അമ്മേ…..അമ്മേ….
എന്താടീ….രാവിലെ കിടന്നു അലറിവിളിക്കുന്നത്…???
“” അമ്മേ ഇതാ ആരാണ് വരുന്നതെന്ന് നോക്കിയേ. ….!!
ആരാടീ ഈ രാവിലെ തന്നെ…
ഓ ഇനിയിപ്പോ ൾ ആൾക്കാരുടെ വരവിനൊന്നും ഒരു കുറവും ഉണ്ടാവില്ല. നിന്റ്റേട്ടൻ ഗൾഫിൽ നിന്നെത്തിയത് അറിഞ്ഞിട്ടു വരുന്ന ആരെങ്കിലും ആണോടീ….നാശങ്ങൾ…!!
സാരിയിൽ നനഞ്ഞ കൈകൾ തുടച്ചു കൊണ്ട് സുമതി പിറുപിറുത്ത് കൊണ്ട് ഉമ്മറത്തേക്ക് വന്നു. ..
അപ്പോൾ കണ്ടു അവർ പടിപ്പുര കടന്നു വരുന്ന രണ്ടുപേരെ….
രമണിയും മകൾ ശിവ നന്ദിനിയും…..!!!
സുമതി വേഗം തന്നെ തിരിച്ചകത്തേക്ക് കയറി..
അവിടെ ഊണുമുറിയിലിരുന്ന് ചായക്കുടിക്കുകയായിരുന്ന അനൂപ് മുഖമുയർത്തി അമ്മയെ നോക്കി. .
“””ആരാണമ്മേ പൂമുഖത്ത് വന്നിരിക്കുന്നത്. .. ??
അനു വിളിച്ചു കൂവണത് കേട്ടല്ലോ… ആരാ അവിടെ. …??
ടാ. …മോനെ അതവരാണ്. ..ആ തളളയും മോളും..!!
“” നീ വന്നതറിഞ്ഞ് നിന്നെ കണ്ട് കാര്യങ്ങൾ പറഞ്ഞു കാലു പിടിച്ചിട്ടായാലും നിങ്ങളുടെ കല്യാണം നടത്താൻ പറയാനുള്ള വരവായിരിക്കും രണ്ടിന്റേയും. .. നാണമില്ലാത്ത ജന്തുക്കൾ. ..!!
ആരമ്മേ ശിവനന്ദിനിയോ….??
ചായ കുടിക്കുന്നത് നിർത്തി അനൂപ് വേഗം എഴുന്നേറ്റ് കൈകഴുകി. ..
ടാ. .നീയീതെങ്ങോട്ടാ ഇത്ര ധൃതിപിടിച്ച്. ..??
ഓ ….അവളുടെ പേര് കേട്ടപ്പോൾ നീ നമ്മുടെ തീരുമാനങ്ങൾ എല്ലാം മറന്നു അല്ലേ. ..???
കുന്നത്തെ വേണുവിനും മകൾക്കും കൊടുത്ത വാക്കും നീ മറന്നോടാ….??
അമ്മയുടെ ചോദ്യം കേട്ട അനൂപ് ഒരു ചമ്മലോടെ തിരികെ കസേരയിൽ വന്നിരുന്നു. …
ശരിയാണ് അമ്മ പറഞ്ഞത്… ശിവനന്ദിനി എന്ന പേര് കേട്ടപ്പോൾ താനെല്ലാം മറന്നു പോയി. ..പുതിയ തീരുമാനങ്ങളെയും കുന്നത്തെ വേണുവിനെയും മകൾ ദീപയെയും ഒക്കെ മറന്നു. ..
“”അമ്മേ ദേ ശിവേടത്തിയമ്മയും ,, അമ്മയും മുറ്റത്ത് അമ്മയെയും ഏട്ടനെയും കാണണം എന്നു പറഞ്ഞു നിൽക്കുന്നു.””….
ശിവേടത്തിയമ്മയോ. ..??
“”എടീ പെണ്ണേ നിന്നോടു പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഞാൻ ഇനിമേലാൽ അവളെ അങ്ങനെ വിളിക്കരുതെന്ന്….””
“”നിന്റ്റേട്ടൻ കെട്ടുന്ന പെണ്ണാ നിന്റ്റേടത്തിയമ്മ….അതൊരിക്കലും ശിവനന്ദിനിയല്ല….!!
കുന്നത്തെ ദീപയാണ്..!!
മനസ്സിലായോടീ അസത്തേ…..?? അനുവിന്റ്റെ കവിളത്തൊരു കുത്തുകൊടുത്തുകൊണ്ട് സുമതി വീണ്ടും പൂമുഖത്തേക്ക് നടന്നു…
അമ്മയുടെ പോക്ക് നോക്കി നിന്ന അനു പുച്ഛ ഭാവത്തിൽ ഏട്ടനെ നോക്കി. .
”കഷ്ടം ഉണ്ടേട്ടാ….!!
അമ്മയുടെ പണത്തിനോടുളള ആർത്തി എനിക്ക് മനസ്സിലാക്കാൻ പറ്റും കാരണം ഞാനത് കുഞ്ഞുനാൾ തൊട്ട് കാണണതാണ്. …
പക്ഷേ എന്റ്റേട്ടനും ഇത്രയധികം അധ:പധിച്ചല്ലോ….??
പണത്തിന്റെ പേരിൽ സ്നേഹിച പെണ്ണിനെ വേണ്ടാന്നു വെക്കാൻ മാത്രം ദുഷ്ടനായ് തീർന്നല്ലോ…??
ശിവനന്ദിനിയേടത്തിയമ്മ എന്തു പാവാണേട്ടാ…??
ഇത്രയും ഭംഗിയും അച്ചടക്കവുമുള്ളൊരു പെണ്ണ് ഈ നാട്ടിൽ വേറെയുണ്ടോ…!!
ദീപചേച്ചിയെപ്പോലൊരു അഹങ്കാരിയായ രണ്ടാം കെട്ടുക്കാരിയെ സമ്പത്ത് മാത്രം മുന്നിൽ കണ്ടു കെട്ടണ ഏട്ടനു മനസ്സിലാവും ഒരുക്കാലത്ത് ഏട്ടന്റ്റെ തെറ്റ്
ടീ. ..നീയങ്ങനെ ചെറിയ വായിൽ വലിയ വർത്തമാനം ഒന്നും പറയണ്ട… !
ഇവിടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞങ്ങളൊക്കെയുണ്ട് കേട്ടോടീ…..??
അനുവിന് വേദനിക്കുന്ന തരത്തിലൊരു അടിയും നൽകി അനൂപ് വേഗം പൂമുഖത്തേക്ക് നടന്നു. …
അവിടെ അമ്മയോട് സംസാരിച്ചു നിൽക്കുന്ന രമണിയുടെ അടുത്തായ് മുഖവും താഴ്ത്തി നിൽക്കുന്ന ശിവനന്ദിനിയിലായിരുന്നു അവന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത്…
ശിവ … .ശിവനന്ദിനി….
ഒരു വർഷം മുമ്പുവരെ തന്റെ എല്ലാമായിരുന്നവൾ…..
മുകുന്ദേട്ടന്റ്റെയും രമണിയുടെയും രണ്ടു പെൺ മക്കളിൽ മൂത്തവൾ…..
കേളേജ്ജിലും നാട്ടിടവഴിയിലും എന്നും ശിവയെകാണാൻ,, അവളുടെ ഒരു നോട്ടം ലഭിക്കാൻ ചെറുപ്പക്കാർ കാത്തു നിൽക്കുമ്പോൾ അവളുടെ മിഴികൾ പതിഞ്ഞതും പ്രണയം വിരിഞ്ഞതും തന്നോടായിരുന്നു…!!
ഇഷ്ടം വീട്ടിൽ അറിഞ്ഞപ്പോൾ ഏറെ സന്തോഷം അമ്മയ്ക്കായിരുന്നു…കാരണം നാട്ടിലെ അറിയപ്പെടുന്ന പണക്കാരനും കോൺട്രാക്ട്റുമാണ് ശിവനന്ദിനിയുടെ അച്ഛൻ മുകുന്ദൻ. …
പണക്കാരത്തിയായ മരുമകളെ ഇരുംകയ്യും നീട്ടി സ്വീകരിക്കാൻ അമ്മ തയ്യാറെടുക്കുന്നതിനിടയിൽ ആണ് പെട്ടന്നൊരുദിവസം ശിവയുടെ അച്ഛന് കാർ അപകടത്തിൽ ഗുരുതരമായ പരുക്ക് പറ്റുന്നത്….
മരുന്നിനും ചികിത്സകൾക്കുമായ് ധാരാളം പണം ചിലവാക്കിയെങ്കിലും ഒടുവിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി. …!!
അച്ഛന്റെ മരണശേഷമാണ് ശിവയുടെയും കുടുംബത്തിന്റെയും കഷ്ടക്കാലം തുടങ്ങണത്…എവിടെ നിന്നെല്ലാമോ പണം തിരിമറി നടത്തി ,, നടത്തികൊണ്ടിരുന്ന കൺസ്ട്രക്ഷൻ വർക്കുകൾ എല്ലാം നോക്കി നടത്താൻ ആളില്ലാതെ വന്നപ്പോൾ കടം കയറി നശിക്കാൻ തുടങ്ങി…
ഒടുവിൽ താമസിക്കുന്ന വീടടക്കം ജപ്തിയായപ്പോൾ മാത്രമാണ് ആ അമ്മയുടെയും രണ്ടു പെൺ മക്കളുടെയും ദയനീയസ്ഥിതി നാട്ടുകാർ അറിഞ്ഞത്
ശിവയുടെ കുടുംബത്തിലെ അവസ്ഥകൾ എല്ലാം അപ്പപ്പോൾ തന്നെ അവൾ തന്നെ അറിയിക്കാറുണ്ടായിരുന്നെങ്കിലും ആ കുടുംബത്തിന്റെ കാര്യത്തിൽ ഇടപ്പെട്ടാൽ അവരുടെ വൻ കടബാധ്യതകൾ തന്റ്റെ തലയിലാവുമെന്ന് അമ്മ പറഞ്ഞപ്പോൾ മനസ്സ് എത്ര പെട്ടന്നാണ് അവളിൽ നിന്നകന്നത്. …
അമ്മയെപോലെ താനും ഏറെ സ്നേഹിച്ചത് അവളെക്കാൾ അവളുടെ പണത്തെയായിരുന്നെന്ന് താനും ശിവയും തിരിച്ചറിഞ്ഞ നാളുകൾ. …
അവളിൽനിന്നകലാനെന്നവണ്ണം ആയിരുന്നു വിദേശ വാസം പോലും. .
ഒടുവിൽ നാട്ടിലെ പ്രമാണിയും സമ്പന്നനുമായ കുന്നത്ത് വേണുവിന്റ്റെ മകളായ ദീപയുമായ് തന്റ്റെ വിവാഹം നിശ്ചയിക്കുമ്പോളും താൻ മുന്നിൽ കണ്ടത് അവളുടെ പണം തന്നെയാണ്.
അല്ലെങ്കിൽ ഭർത്താവുമായി ബന്ധം പിരിഞ്ഞൊരു രണ്ടാം കെട്ടുക്കാരിയെ താനെന്തിന് വിവാഹം കഴിക്കണം….!!
.എല്ലാം പണത്തിനുവേണ്ടി…!!
ടാ മോനെ അനൂപെ…..
അമ്മയുടെ ഉറക്കെയുളള വിളി കേട്ട് അനൂപ് ചിന്തയിൽ നിന്നുണർന്ന് അമ്മയെ നോക്കി. …
ടാ. .മോനെ ഇവരീ നാട്ടിൽ നിന്നും പോവുകയാണത്രേ. ..
ഇവിടെ ഈ വാടക വീട്ടിലെത്തെത്ര കാലം ഈ രണ്ടു പെൺക്കുട്ടികളുമായ് കഴിയാൻ പറ്റും അല്ലേ രമണീ…??
അമ്മ സഹതാപരൂപത്തിൽ ചോദിക്കുന്നത് കേട്ട് അനൂപ് അമ്മയെ നോക്കി. ..
ശരിയാണ് അനൂപിന്റ്റെ അമ്മ പറഞ്ഞത്. ..
വെറുതെ എന്തിനാ ഇവിടെ ഇങ്ങനെ വാടക വീട്ടിൽ കഴിയണത്. .അതും നാട്ടിൽ സ്വന്തമായൊരു രണ്ടു നില വീടുളളപ്പോൾ…!!
രണ്ടു നില വീടോ …??
എന്താ രമണി പറയണത്….??
നിങ്ങളുടെ സർവ്വ സമ്പാദ്യങ്ങളും കടം കൊണ്ടു പോയില്ലേ. ..??
പിന്നെയെവിടെ നിന്നാണ് ഇപ്പോൾ ഒരു രണ്ടു നില വീട്…??
അമ്പരപ്പ് കലർന്ന ശബ്ദത്തിൽ അമ്മയത് ചോദിക്കുമ്പോൾ അനൂപ് പകച്ച് നിൽക്കുകയായിരുന്നു. ..
ശരിയാണ് അനൂപിന്റ്റമ്മേ…
ഞങ്ങളുടെ ഈ നാട്ടിലെ സർവ്വ സമ്പാദ്യവും കടം കേറി പോയി. ..
പക്ഷേ മക്കളുടെ അച്ഛന് നാട്ടിൽ ഒരു പത്ത്പന്ത്രണ്ട് ഏക്കർ പറമ്പുണ്ടായിരുന്നു ഒരു രണ്ടു നില വീടും.!!
അനിയനുമായൊരു കേസിലായിരുന്നത് …ഇപ്പോൾ അത് വിധി വന്നിരിക്കുന്നു ഞങ്ങൾക്കനുകൂലമായ്…!!
മാത്രമല്ല ഇത്രയും കാലം അതിൽ നിന്നെടുത്ത വരുമാനയിനത്തിൽ വലിയൊരു തുക അനിയൻ ഞങ്ങൾക്കു തരാനും കോടതി വിധിയുണ്ടായിരിക്കുന്നു. …. !!
എല്ലാം ശരിയായിരിക്കുന്നു ഇപ്പോൾ. …അവരുടെ അച്ഛൻ പോയെങ്കിലും ആ അപകടത്തിന്റ്റെ നഷ്‌ടപരിഹാരവും ഇൻഷൂറൻസുംമായ് പിന്നെയും കുറെയേറെ പണം… …!!
ഞങ്ങളിന്ന് മടങ്ങുകയാണ് ഇവിടെ നിന്ന്. ..
പോവുന്നതിനു മുമ്പ് ഇവിടെ വന്നു നിങ്ങളെയെല്ലാവരെയും കണ്ടു യാത്ര പറയണമെന്ന് പറഞ്ഞത് ശിവയായിരുന്നു…!
ഒരുക്കാലത്ത് അവൾ വലംകാൽ വച്ചു കയറി വരാനൊരുങ്ങിയ വീടും വീട്ടുക്കാരുമല്ലേയിത്…!!
പറഞ്ഞിട്ടു പോണമെന്ന് തോന്നി. ..
പിന്നെ ഏത് പണം ഇല്ലാതായത്തിന്റ്റെ പേരിലാണോ നിങ്ങളെന്റ്റെ കുട്ടിയെ ഉപേക്ഷിച്ചത് അത് ഇന്ന് ഞങ്ങളുടെ കയ്യിൽ അന്നത്തതിനെക്കാളും കൂടുതൽ ഉണ്ടെന്ന് ഒന്നറിയിക്കുകയും വേണമെന്ന് തോന്നി. ..അതാണീ വരവ്…!!
ഇനി വരും ഒരിക്കൽ കൂടി എന്റെ മകൾ ഇങ്ങോട്ട് …!! പണം കണ്ടവളെ സ്നേഹിക്കാത്ത ആണൊരുത്തന്റ്റെ കൂടെ അവളുടെ കല്യാണം ക്ഷണിക്കാൻ. ..!! അന്നു വരണമെല്ലാവരും ഞങ്ങളുടെ ആ കൊട്ടാരത്തിലേക്ക്…!!
അപ്പോൾ ശരി പോട്ടെ എന്നാൽ. …
മകളുടെ കയ്യും പിടിച്ച് തലയുയർത്തിപിടിച്ച് രമണി അവിടെ നിന്ന് നടന്നകന്നപ്പോൾ തരിച്ചമ്പരന്ന് നിൽക്കുന്ന അനൂപിനെ പുച്ഛത്തിലൊന്ന് നോക്കിയിട് ശിവനന്ദിനി അമ്മയ്ക്കൊപ്പം നടന്നുമറഞ്ഞപ്പോൾ നഷ്ട സ്വർഗ്ഗത്തിന്റ്റെ കവാടത്തിൽ തലയും താഴ്ത്തി നിൽക്കുകയായിരുന്നു അനൂപും സുമതിയും..
എടുത്തുചാട്ടം കൊണ്ട് കൈമോശം വന്ന സൗഭാഗ്യങ്ങളോർത്ത്…..!!!